Powered By Blogger

2009, ഫെബ്രുവരി 14, ശനിയാഴ്‌ച

അത്താഴ കുറുപ്പ്

കുറുപ്പന്‍മാര്‍ പലവിധമാ..

പടയ്ക്ക് നല്ല പട കുറുപ്പ് ..ആനവളര്‍ത്തിയ ആന കുറുപ്പ്..കാപ്പി കടയുള്ള കാപ്പി കുറുപ്പ് ...സദ്യക്ക് ദേഹണ്ണം ..ഊട്ടു കുറുപ്പ് ...ചെരുപ്പ് കടയുള്ള ചെരുപ്പ് കുറുപ്പ്..

ഇതൊക്കെ വെറും കുറുപ്പന്മാര്‍..പേരിനു മാത്രം, കാമ്പും കഴമ്പും വേറെ വേണം! ചേമ്പും കുഴമ്പും ആവശ്യത്തില്‍ കൂടുതലും!!

എന്നാല്‍ ഇത് അത്താഴത്തിനും മേമ്പോടിക്കും മാത്രം കാണുന്ന "അത്താഴ കുറുപ്പിന്റെ" കഥ.

സുന്ദരനൊന്നുമല്ല എന്നാല്‍ സുന്ദരനാ ചിലര്‍ക്കൊക്കെ. കാതില്‍ വില്ല് കടുക്കന്‍ ..ശരീരവും വില്ലുപോലെ ..ഇടക്കിടെ ചുമയും വില്ലനായി വരും...അരക്കൈയ്യന്‍ മല്‍ മല്‍ ജുബ അതിനൊരു പോകെറ്റ് അതിലൊരു ഫ്രെയിം മാത്രമുള്ള കണ്ണാടിയില്ലാ കണ്ണാടി. കാവി മുണ്ട് , തോളില്‍ ചുട്ടി തോര്‍ത്ത്തോരെണ്ണം ശിവന്റെ പാമ്പ് പോലെ!

രുദ്രാക്ഷമാല ..കണംകൈയ്യില്‍ പഴനി ആണ്ടവന്റെ വെള്ളി വള..നെറ്റിയില്‍ തിരുപ്പതി ചെട്ടിയാരുടെ പാളകുറി ഒരെണ്ണം. മൂളിപ്പാട്ടും കുനിഞ്ഞുള്ള നടപ്പും നോട്ടവും..

രാത്രി മാത്രം കാണുന്ന ജീവി! പകല്‍ വെളിച്ചത്തില്‍ ആരും കണ്ടിട്ടില്ല...ചിലരൊക്കെ അല്ലാതെ. അവരൊട്ടു പറയുകയുമില്ലല്ലോ! ഏത് ദിക്കില്‍ നിന്നു വരുന്നെന്നും എങ്ങോട്ട് പോകുന്നെന്നും ഒന്നിനും ഒരു രൂപവുമില്ല.

മണ്ണെണ്ണ വിളക്കിന്റെ ഉജ്ജ്വല പ്രഭയില്‍ വടക്കേ വീടിന്റെ വരാന്തയില്‍ ..ജുബ ഊരി അയയില്‍ തൂക്കി തോര്‍ത്ത്‌ മാത്രം ഉടുത്ത് അസാരം ധ്ന്ന്വന്തരം കുഴംബ് മേലാകെ പൂശി ഒരു ചെറിയ കസര്‍ത്തും കാട്ടായങ്ങളും കഴിഞ്ഞു നേരെ ഓല മറ കെട്ടിയ ബാത്ത് റൂമിലേക്ക് ..ചൂട്ടും കൊതുമ്പും വച്ച് ഊതിക്കാച്ചിയ ചെമ്പ് ചരുവത്തിലെ വാട്ടര്‍ ഹീറ്റര്‍ വെള്ളത്തില്‍ ഒരു ലൈഫ് ബോയ് ബാത്ത്!

അപ്പോഴും "അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പം " എന്ന മൂളിപ്പാട്ടും.

കുളി കഴിഞ്ഞാല്‍ നേരെ വരാന്തയിലെ ഭസ്മ കുടുക്കയില്‍ നിന്നും മുരുകാ എന്ന ശീല്‍ക്കാരത്തോടെ ഒരു കുറി . എന്നിട്ട് നാല്‍കാലി കൊരണ്ടിമേല്‍ ആസനസ്തന്‍. കിണ്ണം ഒരുക്കി കാത്തിരിക്കുന്നു ...അവര്‍..ആരെന്നു ചോദ്യം കഥയില്‍ വേണ്ട. കുറുപ്പ് ചേട്ടന്റെ സാന്യാ മിര്‍സ എന്ന് വേണമെന്കില്‍ പറഞ്ഞോളു....ടെന്നിസിലെ ജോഡി.!

ആവി പറന്നുയരുന്ന കഞ്ഞി കിണ്ണം നിറഞ്ഞു കവിഞ്ഞ പരുവത്തില്‍ ...ഉപ്പുകുടുക്ക ..ചുവന്ന പ്ലാവില ..പച്ച ഈര്കിലില്‍ കുത്തി ..തോണി പോലെയാക്കി വച്ചിരിക്കുന്നു! ഒരു തുടം നെയ്യും. കുറുപ്പിന്റെ അമ്രുതെത്ത്!

മിണ്ടാട്ടമില്ല ഒരു മാതിരി അവാര്‍ഡ് പടം. കഞ്ഞി കോരുന്ന ശബ്ദം..ഗള് ഗള് ഇറക്കുന്ന ശബ്ദം..അവസാനം
കിണ്ണം മറിച്ചിട്ടു നോക്കിയാല്‍ ഒരു വറ്റും കാണില്ല!
കൈ കഴുകാന്‍ ഓട്ടു മൊന്തയില്‍ വെള്ളം..വായില്‍ കുലുക്കൊഴിന്ജ് നീട്ടി തുപ്പി ..പരിസരമൊക്കെ ഒന്നുഴിന്ജ് ..തോര്‍ത്തെടുത്ത് മുഖമൊക്കെ ഒന്നു മിനുക്കി ...മണ്ണെണ്ണ വിളക്കും കൈയ്യില്‍ എടുത്ത് നേരെ തിരിഞ്ഞ അകത്തേക്ക്.

നമുക്ക് കാണാന്‍ കഴിയുന്നത് ഇത്ര മാത്രം. ഇതിനപ്പുറം ആകാംഷയുണ്ടായിരുന്നവര്‍ അതിര് കടന്നപ്പോള്‍ "ഏതാവനാട ..തന്തയില്ലാ കഴുവര്ടാ മോനേ " എന്നുള്ള ഓമന വിളി കേട്ടിട്ടുമുണ്ട്.

അപ്പോഴും കുറുപ്പല്ല വിളിക്കുക..പിന്നെയോ..അറിയാമല്ലോ ..അവര്‍!

സൂര്യന്‍ ഉദി തെളിയുന്നത്‌ വരെയൊന്നും ഞങ്ങളും ഉറക്കം ഇളച്ചിട്ടില്ല. ഒന്നും കാണാന്‍ പറ്റാതെ എന്തിന് വെറുതെ....

ആകാംഷ മാത്രം ഇന്നും മിച്ചം. ഈ വയസു കാലത്തും!

കുറുപ്പ് തിരികെ പോകുന്നതും ഞങ്ങള്‍ കാണാറില്ല എന്നാല്‍ കേള്‍ക്കാറുണ്ടായിരുന്നു..കാലിന്റെ തള്ള വിരലില്‍ "ഞൊട്ട" വീഴുന്ന ശബ്ദം , തണുത്ത വെളുപ്പാന്‍ കാലത്ത് ഉടുതുണി പറിച്ച് പുതച്ച് , മൂത്രം മുട്ടി ചുരുണ്ടു കൂടി കട്ടിലില്‍ കിടക്കുമ്പോള്‍ ..വീടിനരികിലെ വെള്ളമില്ലാ കൈത്തോട്ടിലൂടെ അകന്ന് അകന്ന് പോകുന്നത് കേള്‍ക്കാം.

വീണ്ടും വൈകുന്നേരം വരാന്‍..കുളിക്കാന്‍ എന്നിട്ട് ..അത്താഴ കഞ്ഞി കോരി കോരി കുടിക്കാന്‍...എന്നിട്ട്...

4 അഭിപ്രായങ്ങൾ:

ullas പറഞ്ഞു...

കലക്കി മോനേ . ഈയിടെയായി നിന്റെ ഒളിഞ്ഞു നോട്ടം കുറച്ചു കൂടുന്നു . അവര്‍ ചൂടുവെള്ളം മോന്തക്ക് ഒഴിക്കാതെ സൂക്ഷിച്ചോണം . പറഞ്ഞേക്കാം .

Vijayan പറഞ്ഞു...

ഉറക്കമിളച്ചിരിക്കൂ. മറ്റാരുണ്ട് നാളെ ഇത് പറഞ്ഞ്തരാൻ?

siva // ശിവ പറഞ്ഞു...

ഈ വര്‍ത്തമാനം ഏറെ നന്നായി.....ഒരു ചിത്രം വരയ്ക്കുന്നതുപോലെ സുന്ദരം ഈ വിവരണം....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കുറുപ്പ് പിന്നേം കഞ്ഞി കുടിച്ചു കൊണ്ടേയിരുന്നു.. അല്ലെ... ഹഹ...