2012, ഡിസംബർ 1, ശനിയാഴ്‌ച
പ്രഗ്നന്‍സി ആന്‍ഡ് വേള്‍ഡ് വാര്‍
എണ്‍പത് കളിലെ കാമ്പസിന്റെ വര്‍ണ മേള ഘോഷങ്ങളില്‍ ഓണ തുമ്പികളായി പാറി നടന്ന കാലം !
നൂല് പൊട്ടിയ പട്ടമായി...ബ്രേക്ക് പോയ സൈക്കിളായി..
മഫത് ലാല്‍ കോട്ടന്‍ മുണ്ടും ചെക്ക് അല്ലെങ്കില്‍ പ്രിന്റെഡ് ഷര്‍ട്ടും ഇട്ട്, ഓള്‍ഡ് സ്പയിസ് ലെമണ്‍ മുഖം ആസകലം പുരട്ടി, പൊടി മീശ അരിഞ്ഞ് ഒതുക്കി, കലാ കൌമുദിയും സംക്രമണം മാസിക ഒക്കെയുമായി പൂത്തുലഞ്ഞ ഗുല്‍മോഹറിന്റെ ചുവട്ടില്‍ അന്നന്നത്തെ രാഷ്ട്രീയ അജണ്ടകള്‍ ചര്‍വ്വിത ചര്‍വ്വണം ചെയ്യുമ്പോള്‍ , കല പില കൂട്ടി ചിറകടിച്ചു നടക്കുന്ന കുഞ്ഞാറ്റ കൂട്ടങ്ങള്‍ നിശബ്ദരായി അല്പം വെരുണ്ട്, ചര്‍ച്ചാ വേദി കടന്നു പിന്നെയും ചിലച്ചു പറക്കുമ്പോള്‍
ഒരു അശരീരി വാക മരങ്ങള്‍ക്കിടയിലൂടെ
"അളിയാ രക്ഷിയ്ക്കണം ആ മുടിഞ്ഞ കാലന്‍ ലാബില്‍ റെക്കോഡ് സബ്മിറ്റ് ചെയ്യാന്‍ സമ്മതിക്കുന്നില്ല ...'
ഒരു ശിഷ്യന്‍ ഗുരുവിനെ ഇതില്‍ കൂടുതല്‍ എന്ത് വിളിക്കാന്‍ എന്ന് അന്ന് തോന്നി..
ഇന്നും ചിലപ്പോള്‍ തോന്നുമ്പോള്‍ ഒരു മുടിവിനും ഈ ഈ യുഗത്തില്‍ സ്കോപ്പില്ല എന്ന് മനസ് പറയുന്നു, ഷെയര്‍ മാര്‍ക്കറ്റിലും ആം വെയിലും ഗുരു ശിഷ്യന് കീഴ്പെടുന്നു, അസാരം കൂട്ടി കൊടുപ്പിനുമോ? !!
"എന്താടാ കാര്യം" എന്ന് ചോദിച്ചു
ഒന്നും ആലോചിയ്ക്കാതെ അങ്ങ് എടുത്തു ചാടി ചെന്നാല്‍ എന്റെ റെക്കോഡും അങ്ങേരുടെ ദയാ വായ്പും കാത്തിരിക്കുന്നുണ്ട് എഴുതി ഒപ്പിച്ച കാര്യം എനിക്കും റെക്കോ ഡിനും മാത്രം അറിയാം.! ആദ്യം കാര്യ വിചാരം ആയി..അവന്‍ പറഞ്ഞു..
' ഓ അതെന്റെ അളിയാ, ഉച്ചയ്ക്ക് നൂണ്‍ പടം കാണാന്‍ ഒരു ചാന്‍സ് കിട്ടി മൂന്നര രൂപ ഒത്തു (ഫസ്റ്റ് ക്ലാസിനു മൂന്നു രൂപ ) നമ്മുടെ ഉദയായില്‍ പ്രഗ്നന്സി ആന്‍ഡ് വേള്‍ഡ് വാര്‍ ആണെന്നുള്ള വാള്‍ പോസ്റ്റ് നീ കണ്ടില്ലേ ? അവന്‍ ചൂണ്ടി ...
ദൂരെ താഴെ കുഞ്ഞൂഞ്ഞു ചേട്ടന്റെ ചായ കടയിലെ വെള്ള തടി മടയില്‍ A എന്ന അക്ഷരത്തിനു നടുവില്‍ ഒരുത്തി രണ്ടു കാലും മലര്‍ത്തി പ്രസവിക്കാന്‍ കെടക്കുന്ന പടം ഞാന്‍ സത്യത്തില്‍ അപ്പോഴേ കണ്ടുള്ളൂ ..
ഇന്ന് വെള്ളി ആഴ്ച ആണെന്നും പടം മാറുമെന്നും അറിഞ്ഞതും അപ്പോള്‍
യുണിറ്റ് മീറ്റിങ്ങും , മുദ്രാ വാക്യം എഴുത്തും കഴിഞ്ഞു ഒരു പ്രഗ്നന്‍സിയ്ക്കും സമയം കിട്ടാറില്ല..
റെക്കോട് തന്നെ കഷ്ടി .
പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോള്‍ സിനിമാ പേരില്‍ ഒരു പന്തികേട്
"എന്തവാടാ പടത്തിന്റെ പേരെന്നാ നീ പറഞ്ഞെ" ....ഞാന്‍ ചോദ്യം ഏറി ഞ്ഞു കൊടുത്തപ്പോഴാ
സത്യത്തില്‍ അവനും പേര് ഒന്ന് കൂടെ വായിച്ചത് ...അലറി ചിരിച്ചു കൊണ്ട് അവന്‍ തിരുത്തി
"പ്രഗ്നന്‍സി ആന്‍ഡ് ചൈല്‍ഡ ബെര്‍ത്ത് " ആന്നെടാ കൂവേ സംഗതി വല്ല്യ വ്യത്യാസം ഒന്നുമില്ലാ, അല്ലിയോ " അവന്റെ ചോദ്യം ഇന്നും പ്രസക്തം!
"എന്റെ അളിയാ എനിക്ക് മനസ്സിലായില്ല കൂടുതലും ഹിന്ദി ആയിരുന്നു ...
പിന്നെ നമുക്ക് പഠിയ്ക്കാന്‍ ഉള്ളതല്ലിയോ എന്ന് കരുതി പോയതാ "
അവനിലെ വിദ്യാര്‍ഥിയുടെ ആത്മാര്‍ഥത, സത്യ സന്ധത ഒക്കെ ഞങ്ങള്‍ മനസ്സിലാക്കി!
"നീ ഈ വിവരം നമ്മുടെ ചാമ്പയ്ക്കയോടു പറഞ്ഞോ " അത്ര പാവമല്ലാത്ത സുവോളജി കോര്‍ഡേററ നൂറ്റൊന്നു ആവര്‍ത്തിയ്ക്കുന്ന സാറിന്റെ മൂക്കിന്റെ തുമ്പ് എപ്പൊഴും ചാമ്പയ്ക്ക നിറമാ..പിങ്ക് കലര്‍ന്ന ചുവപ്പ് പനി നീര്‍ ചാമ്പ കാ പോലെ തുടുത്ത് .
"പറഞ്ഞു , പഠിയ്ക്കാന്‍ ഉള്ളതാന്നും പറഞ്ഞു. , അപ്പോള്‍ ആ കോപ്പന്‍ ചോദിക്കുവാ പ്രഗ്നന്‍സി മാമ്മല്‍സിന്റെ ഒരു വിശേഷതയാ പക്ഷെ വേള്‍ഡ് വാര്‍ ഹിസ്ടറി ആണെന്നും അതെവിടുത്തെ സുവോളോജി ആണെന്നും , അല്ലെങ്കിലും ചൊവ്വേ നേരെ അമീബെടെ പ്രസവം അറിയാന്‍ വയ്യാത്തവന്‍ മനുഷ്യന്റെ പ്രസവം എങ്ങനെ പഠിയ്ക്കുമെന്നും , കൊണ്ട് പോടാ റെക്കോട് എന്നും , നീ വല്യ A കണ്ടോണ്ടു പോയതാന്നും "
സംഗതി ഏതാണ്ടല്ല മൊത്തം പിടി കിട്ടി. അവന്റെ അജണ്ട എന്തായിരുന്നെന്നും .
നേരെ സുവോളോജി ബ്ലോക്കില്‍ എത്തി, മുറിയില്‍ ചാമ്പയ്ക്ക സാറും ശാന്തമ്മ സാറും തമ്മില്‍ ഒരു ജീവ ശാസ്ത്ര സംവാദം നടക്കുന്നു ...
"ഈ സിനിമയൊക്കെ സയന്‍സ് ആണെന്നും പറഞ്ഞു പിള്ളേരെ പറ്റിയ്ക്കുന്ന ഇവന്മാരെ മുക്കാലിയില്‍ കെട്ടിയിട്ടു തല്ലണം ..കാണാന്‍ പോയവനെയും " ശാന്തമ്മ ടീച്ചര്‍ ഉറഞ്ഞു തുള്ളുന്നു..
"ഹെന്ത് രസമാ പെണ്ണുങ്ങടെ പ്രസവം കാണാന്‍ ചുമ്മാ നാണമില്ലാതെ ..
എന്റെ ആദ്യത്തേതിന് ഞാന്‍ ഹസിനെ പോലും വിളിക്കരുതേ എന്ന് പറഞ്ഞിരുന്നു ഡോക്ടറോട് ..
ഒരു പട്ടി പ്രസവിയ്ക്കുന്നത് കാണാന്‍ പോലും അറപ്പാണ് ..കാര്യം ബയോളജി ഒക്കെ തന്നെ എന്നാലും എല്ലാത്തിനും എല്ലാത്തിനും ഇല്ലിയോ ഒരു മറ, ഒരു പ്രൈവസി "
ചാമ്പയ്ക്ക സാര്‍ എന്തോ അപരാധം പറ്റിയ പോലെ ഞങ്ങളെ സാകൂതം നോക്കി എന്നിട്ട എന്നോട് " എന്താടാ നീയും പോയോ വേള്‍ഡ് വാര്‍ കാണാന്‍ ..എടാ പോയത് പോട്ടെ അതിന്റെ പേരെങ്കിലും നേരെ ചൊവ്വേ പറയാമായിരുന്നു ഇവന് ..അതെങ്ങനാ ഇന്ഗ്ലീഷിനു നാലാ മാര്‍ക്ക് "
"ഓ ഇവമ്മാരന്നോ കഥാ പാത്രങ്ങള്‍ ..പോയില്ലെങ്കിലെ അത്ഭുതമുള്ളൂ .." ശാന്തമ്മ ടീച്ചറിന്റെ കണ്ണിലെ കരടായ ഞാനും ആ കമന്റില്‍ പെട്ടു...
"പോട്ടെ സാറേ ഒരു തവണ ക്ഷമിയ്ക്കണം ..അവന്റെ റെകോഡ് .."എന്റെ അര്‍ധോക്തി അറിഞ്ഞു സാര്‍ രണ്ടു പേരുടെയും റെകോഡ് എടുത്തു മുന്നിലേയ്ക്കിട്ടു തന്നു. "കൊണ്ട് പോയി ബോനഫൈ ചെയ്യിനെടാ "
മെല്ലെ അതെടുത്തു അന്നത്തെ ചമ്മല്‍ മുഴുവനാക്കി ഞങ്ങള്‍ സ്ഥലം കാലിയാക്കി.
"ഡാ പുല്ലേ ഏതെങ്കിലും പോസ്ടറില്‍ A കണ്ടാല്‍ കാശും കടം വാങ്ങി അങ്ങ് പോയെക്കണം ..മണ്ണും പിണ്ണാക്കും അറിയാതെ കൂത്ത് കാണാന്‍ .."
എന്റെ അരിശം അവനോട് തീരുന്നില്ല , വേള്‍ഡ് വാര്‍ കണ്ട ലിസ്റ്റില്‍ എന്നെയും ആ ടീച്ചര്‍ പെടുത്തി കളഞ്ഞു..കണ്ടിരുന്നെങ്കിലും വേണ്ടില്ല.
ഈ പഴയ സംഭവം ഇപ്പോള്‍ പുതിയ വെള്ളിത്തിര പ്രസവവും വേള്‍ഡ് വാറുമായി ഒത്തിരി സാദൃശ്യപ്പെടുന്നു.
ഇതെങ്കിലും ഒന്ന് കാണുക തന്നെ.
ഭാര്യയുടെ പ്രസവത്തിനു ലേബര്‍ റൂമിന്റെ വാതുക്കല്‍ നിന്ന് എത്തി നോക്കിയാ എന്നെ "ആണുങ്ങള്‍ക്ക് ഇവിടെ എന്താ കാര്യം "എന്ന് ചോദിച്ചു വെരുട്ടിയ ലേഡി ഡോക്ടരോടുള്ള മധുര പ്രതികാരവും ആകും!
"ഞാന്‍ അകത്തു കെടക്കുന്ന ഇന്നാരുടെ ഭര്‍ത്താവ്"
എന്ന് പറഞ്ഞപ്പോഴും അവര്‍ പറഞ്ഞു "എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാം" ..
ഒരു ബെഞ്ച് ചൂണ്ടിക്കാട്ടി "അവിടെ പോയി ഇരിക്കൂ "എന്ന് ഒരു ഹെഡ് മാസ്ടര്‍ പരുവത്തില്‍ പറഞ്ഞു കളഞ്ഞു!.. ചൂരല്‍ കയ്യില്‍ ഇല്ലായിരുന്നു എന്ന് മാത്രം!!
അന്നേ വിചാരിച്ചതാ ഇതിനകത്ത് എങ്ങനെയെങ്കിലും ഒന്ന് കടന്നു കൂടണം എന്ന്.
ഇന്നുവരെ അതിനു കഴിഞ്ഞില്ല സിനിമയില്‍ എങ്കിലും "വെവരം " അറിയാമല്ലോ.
ദൈവമേ "സെന്‍സര്‍ ബോര്‍ഡു" വയ്ക്കാതെ തള്ളേം പിള്ളേം ഇങ്ങു വന്നാല്‍ മതിയായിരുന്നു.
വീട്ടില്‍ ഒരു വേള്‍ഡ് വാര്‍ ഉണ്ടാകാം ..കാരണം പെണ്ണുമ്പിള്ള പറയുന്നത് കേട്ടു
"വന്ന് വന്ന് ഇനി പേറിനും വീഡിയോകാരന്മാര്‍ ചന്തീം തിരിഞ്ഞു നിന്ന് പടം പിടിക്കുന്ന കാലം വരും അങ്ങ് ദൂരെ ഇരിക്കുന്ന കെഴങ്ങനു കാണാന്‍ എന്നും പറഞ്ഞ്...
പതിച്ചീം മിഡ് വൈഫും പോയി..എല്ലാം സിസേറിയനും ആയി..
ഇനിയിപ്പം ഇതിനും ആശുപത്രിയില്‍ കാശ് നേരത്തെ കെട്ടി വയ്ക്കണ്ടി വരുമോ കൃഷ്ണാ ...
അതെല്ലാം പോട്ടെ ഏതെങ്കിലും പെണ്‍ താരം പൈല്‍സിനും മറ്റും നടത്തുന്ന ഓപ്പറേഷനും പിടിച്ചു നമ്മളെ കാണിക്കുമോ .. ഒരു വിരഹ ചിത്രം എന്നും പറഞ്ഞ്..
അതൊക്കെ പോട്ടെ ആ മുറിച്ച കഷണവും പൊക്കി പിടിച്ചു ഏതെങ്കിലും അവാര്‍ഡു വാങ്ങാന്‍ മന്ത്രി മുഖ്യനുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമോ... "
ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിയ്ക്കും അത് ഭാര്യ ആയാലും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)