Powered By Blogger

2009, ഫെബ്രുവരി 28, ശനിയാഴ്‌ച

മാഷ് അഥവാ പോസ്റ്റ് മാഷ്‌

ഇത്തിരി ചെ താടി ..ചിന്ത വട്ടവും അത് തന്നെ.
വിടര്‍ന്ന കണ്ണുകള്‍, മലര്‍ന്ന ചുണ്ടുകള്‍ ഒരു തുറന്ന ലക്കൊട്ട് പോലെ.
അല്പം പശ ചുണ്ടിന്റെ കോണുകളില്‍ എപ്പോളും,
ഒരിക്കലും ഒട്ടിക്കാത്ത ഒരു ലക്കൊട്ടിനുള്ള ഒട്ടിപോം പശയായി.

ഒത്തിരി കാര്യങ്ങള്‍ ...മാര്‍ക്സിസം ..മാന്ത്രികം...ആള്‍ദൈവങ്ങള്‍...ആണവ കരാര്‍...
നീണ്ടുപോകുന്ന ചര്‍ച്ചാ പാരസ്പര്യങ്ങളില്‍ ഉയര്ന്നു കേള്‍ക്കുന്ന മദ്യ മീമാംസകള്‍!

മകടോവേല്‍ വിസ്കി കളം കളം രൂപമുള്ള കുപ്പി..ഒരു ഫോറിന്‍ മെയില് പോലെ...
പണ്ടൊക്കെ നല്ലതായിരുന്നു..ഇപ്പോളോ വെറും പട്ട..മല്ല്യാ ഇത്ര കള്ളനോ?
ബാറ്റ ചെരുപ്പോ അതിലും കഷ്ടം..ദേ ഒരെണ്ണം നാല് മാസം ..തീര്ന്നു കഥ.

രാഷ്ട്രീയത്തിലോ ..എന്താ കഥാ..ഇവന്മാര്‍ ഭരിക്കുന്നോ അതോ..ഭരണി പാടുന്നോ..ആകമാനം നമ്മള്‍
ജനമെന്നു പറയുന്ന കഴുതകള്‍ ...താങ്ങുന്നു നാണമില്ലാതെ...

ക്രിസ്ത്ത്യാനിയുടെ പുത്തന്‍ നാട്യങ്ങ്ലോ ...എന്റെ കൂട്ട് കാരാ..മൊബൈല് മോര്‍ച്ചറി ..ശവപാട്ട് കച്ചേരി..ഫുഡ് പാക്കെറ്റ്..ഇടിത്തീ വീഴും ഇവന്മാര്‍ ഇങ്ങനെ പോയാല്‍..

പാവം പാവം മാഷ്‌.

അറിഞ്ഞു, ഇന്നലെ പെട്ടന്നുമരിച്ചു.
ഒത്തിരി നാള്‍ ഷുഗര്‍..ഇത്തിരി നാള്‍ പ്രെഷര്‍ ....ഹാര്‍ട്ട് അറ്റാക്കും.

ഒരു മൊബൈല് മോര്‍ച്ചറിയില്‍ തണുത്ത് ..ഡെഡ് ലെറ്റര്‍ ഓഫിസിന്റെ കാര്യസ്ഥനായി ..
ശകലം പോലും മകടോവേല്‍ കളം കളം ..വിസ്കി ഇല്ലാതെ..മാര്‍ക്സിസമില്ലാതെ..ബാറ്റ ചെരുപ്പ് പോലും ഇല്ലാതെ..

ഒരു ശവ പാട്ടു കച്ചേരിക്ക്‌ കാതോര്‍ത്ത് ...

ഏകാന്തതയില്‍ ..മാതൃഭൂമി , മലയാളം..വാരികകള്‍ ഇല്ലാതെ..
മുകുന്ദനും..വിജയനും ..സകറിയായുമില്ലാതെ..കൈ രണ്ടും നെന്ചില്‍ വച്ച്..ഒരു കാര്യത്തിലും..പണ്ടെന്നപോലെ
നിഷ്കാമനായി..നിര്‍ഗുണ പരബ്രമ്മമായി..ഇനി വരാനുള്ള കത്തുകള്‍ വന്നിട്ട് വേണം...മണി ഓര്‍ഡര്‍ വന്നിട്ട് വേണം.."ടാക് ഖര്‍ "പൂട്ടാന്‍.

മേല്‍വിലാസമില്ലാത്ത ലോകത്തെ ഡെഡ് ലെറ്റരായി മാഷും പോകുന്നു.

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

പിന്നേം ഒരു കുറുപ്പച്ചന്‍

അത്താഴ കുറുപ്പിന്റെ പോലെ ഒളിസേവയോ, സവിസ്തരം കുഴമ്പിട്ടു കുളിയോ , നെയ്യൊഴിച്ച് കഞ്ഞി കുടിയോ ഒന്നുമില്ലാത്ത അറും പാവം ഒരപ്പുക്കിളി കുറുപ്പച്ചന്‍!

കണ്ണുകളില്‍ ഒടുങ്ങാത്ത ആകാംഷയുടെ ജ്വലനം ..ലേശം വടക്കു നോക്കി കണ്ണും!! ആരുടെയും കുറവ് കാണാന്‍ ആരെക്കാളും സമര്‍ഥന്‍ . ചെവി ഗുരുവായൂര്‍ കേശവനും തോല്‍ക്കുന്ന ചന്തത്തില്‍. മൂക്കും മീശയും തമ്മില്‍ തമ്മില്‍ രാമച്ച വിശറി ചൂടി..അങ്ങനെ. തലമുടി പറ്റെ വെട്ടി.(ബാര്‍ബര്‍ ഷോപ്പിലേക്ക് വെള്ളം ചുമ്മുന്ന വഹയില്‍ ഫ്രീ!) ഉള്ള പല്ലുകള്‍ മൂവാണ്ടന്‍ മാവിന്റെ മുഴുവന്‍ ഇലയും ഇട്ട് വേള് വെളുങ്ങനെ..താടിയൊക്കെ ആണ്ടോട് ആണ്ട് കിളച്ചു മറിച്ച് ആകാശത്തിലെ അപ്പൂപ്പന്‍ താടി പോലെ ...

നീണ്ട കഴുത്തില്‍ ഒതലങ്ങയോളം വലുപ്പത്തില്‍ ആദാമിന്റെ ആപ്പിള്‍ അല്ലെങ്കില്‍ കാളകൂടം നിറച്ച വിഷ പാത്രം!

നെഞ്ചിന്റെ കുഴി ഒരു എണ്ണ ചെരാതുപോലെ ...രോമത്തിനായി കാത്തു കിടക്കുന്നു! കൈ കാലുകള്‍ വിറകു കീറി കീറി പറങ്കി മാം കൊമ്പ് പോലെ ശിഖരങ്ങള്‍ പൊട്ടി...
വാരി എല്ലുകള്‍ പുറമെ ആണോ ഫിറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നി പോകും ...ലേശം ആസ്ത്മ കൂടിയാല്‍ പറയുകയും വേണ്ട!

പിള്ള ചേട്ടന്റെ കാപ്പി കടയുടെ ജീവ നാടി. വെള്ളം കോരല്‍ വിറകു കീറല്‍ (രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഈ സില്ലബസ് മതി!) അത്യാവശ്യം ചന്തയില്‍ പോകല്‍ , ചായ അടിക്കാന്‍ ആളില്ലാതെ വന്നാല്‍ ആ റോളും ആക്ട്‌ ചെയ്യാനുള്ള സംഭാഷണവും വശം. ആരോ കൊടുത്ത ഫോറിന്‍ കൈലി അരയില്‍ ചുറ്റി അതിന്റെ മേല്‍ ഒരു ചാക്ക് ചണം "ലകൊസ്ടെ"ബെല്‍റ്റ്‌ ആയി രൂപാന്തരപ്പെടുത്തി...കൈലി മാടി കുത്തി, മടിയില്‍ വലിച്ചതും വലിക്കാത്തതുമായ കാജാ ബീഡിയും..തീ എപ്പോഴും അടുപ്പില്‍ ഉള്ള കാരണം താന്‍ തന്നെ കീറിയ ഒരു വിറകിന്‍ തുംബെടുത്ത് ചുമ്മാ തീപ്പിടിപ്പിക്കും (ഡിട്ടക്ടിവ് മാര്‍ക്സ് ചെയ്യും പോലെ!) കുറുപ്പച്ചന്‍. പുക ഊതുന്നത് സിനിമയിലെ വില്ലന്‍ റോളില്‍.

നാണയമിട്ട് തിളയ്ക്കുന്ന സമോവറില്‍ നിന്നും ലേശം ചൂടു വെള്ളമെടുത്ത് അസാരം തേയില ഇട്ട് ഇടക്കിടക്ക് കുടിക്കണം, അത് നിര്‍ബന്ധമാ .. അത് കാരണം സമോവറിനെ വിട്ട് അധിക ദൂരമൊന്നും കുറുപ്പച്ചന്‍ പോകില്ല. ഏറിയാല്‍ അന്തി ചന്ത വരെ. സിനിമ ഓഫറുകള്‍ വല്ലതും കിട്ടിയാല്‍ കട പൂട്ടി സമോവര്‍ തീ അണച്ച് മാത്രം രണ്ടാം കളിക്കൊന്നു പോകും. അതും വിജയശ്രീ ,ഉണ്ണി മേരി , കനക ദുര്‍ഗ ഒക്കെ ആവോളം ഉണ്ടെങ്കില്‍ !!
അടി പിടി ഒന്നും തീരെ താല്പര്യമില്ല ..പച്ചയായ ജീവിതം സിനിമയില്‍ കാണണം ..അപ്പോള്‍ കുളി സീനിലും പച്ചയായി ജീവിക്കുമല്ലോ! പിന്നെ മറ്റു പലതും....
ജീവിതത്തില്‍ കുളി സീനുകള്‍ കുറുപ്പച്ചന്‍ സ്വപ്നം കാണാറ് പോലുമില്ല..ദാമ്ബത്യമൊക്കെ ഒരു പൊല്ലാപ്പ് തന്നെ.
ഈ കിട്ടുന്ന ബീഡി കാശ് നേരെ ചൊവ്വേ ബീടിക്കു പോലും തെകയില്ല. പിന്നാ "ല്ലവരെ" കൊണ്ടു വന്നു നോക്കുന്നത്. തന്നെയുമല്ല സമോവര്‍ ഉണ്ടല്ലോ! അതിന്റെ ചൂടിനോളം വരുമോ ഒരുത്തിയുടെ ചൂട്. !! ഇല്ല തന്നെ.

വിവാഹ ജീവിതത്തെ കുറിച്ച് കുരുപ്പച്ചന്റെ തിസിസ് ഇതാണ്.

ഒരു നാള്‍ പിള്ള ചേട്ടന്‍ പഴനിക്കു കാവടി എടുക്കാന്‍ പോയപ്പോള്‍ കടയുടെ ചുമതല കുറുപ്പച്ചന്റെ തലയില്‍ വന്നു. മനസ്സില്ലാ മനസ്സോടെ അത് ഏറ്റെടുക്കുകയും ചെയ്തു. പറ്റു പടി കുറിക്കുന്ന സ്ലേറ്റും കല്ല്‌ പെന്‍സിലും മുന്‍ പറ്റൊടെ ഹാന്‍ഡ് ഓവര്‍ ചെയ്തു വാങ്ങി. ആശാരി പരമു, മേശരി ദാസന്‍ , മൈക്കാട് സരസു, സോഡാ പൊടിയന്‍.... നീണ്ടു പോകുന്നു പറ്റു കാരുടെ ലിസ്റ്റ്.

നാലു നാള്‍ കഴിഞ്ഞ് കാവടി ചിന്തും പാടി ..ഹര ഹരോ ഹര ഹര ..പിള്ളച്ചേട്ടന്‍ വന്നു. കൊടുത്തു കുറുപ്പച്ചന്‍ കടുപ്പത്തില്‍ ഒരു ചായ അത് കഴിഞ്ഞു സ്വന്തം മടിക്കുത്തില്‍ നിന്നും ഒരു കാജ ..സ്വന്തം വിറകു കൊള്ളിയില്‍ നിന്നും തീയും!

പിള്ളച്ചേട്ടന്‍ പറ്റു സ്ലേറ്റ്‌ പരിശോധന തുടങ്ങി...ദാസന്‍, മുന്‍ പറ്റും കൂട്ടി നൂറോളം രൂപ...സോടക്കാരന്‍ അറുപതു രൂപ ...സരസുവിന്റെ പറ്റ് ? അടുത്ത് നിന്ന കുറുപ്പച്ചന്‍ അകലങ്ങളിലേക്ക് വടക്കു നോക്കി കണ്ണ് പായിച്ച് ഒന്നുമറിയാ പൈതലായി നില്ക്കുന്നത് കണ്ടപ്പോള്‍ പിള്ള ചേട്ടന് ചൊറിച്ചില്‍ വന്നു.."എടൊ കുറുപ്പേ സരസുവിന്റെ മുന്‍ പറ്റും കാണനില്ലല്ലോടോ "
"അത് , അതെന്റെ ശമ്പളതിലങ്ങു പിടിച്ചോ " കുറ്പച്ചന്റെ മറുപടി കേട്ട പിള്ള ചേട്ടന്‍ ഞെട്ടി അറിയാതെ ഹര ഹരോ പറഞ്ഞു പോയി.!! "നിന്റെ ശമ്പളമോ , ഈ കണ്ടതെല്ലാം തിന്നു തൂറുന്നതിന്റെ പൈസ എത്ര ഇങ്ങോട്ട് വരും?" അത് പോട്ടെ മുന്‍ പറ്റോ ഇല്ല ,പിന്‍ പ്റ്റെന്തിയെടോ?" പിള്ള ചേട്ടന്‍ കലി ദ്വാപരനായി...

"മൂന്നു ദിവസം സരസു വന്നു ..മൂന്നു നേരം പലഹാരങ്ങള്‍ കഴിച്ചു..എന്റെ മനസ്സലിഞ്ഞു പോയി ഞാന്‍ പറ്റു കുറിക്കാന്‍ മറന്നു പോയി."കുറുപ്പച്ചന്റെ കണ്ഫഷന്‍!!

മിണ്ടാ പൂച്ച കുറുപ്പച്ചന്‍ കലമുടയ്ക്കുന്ന കാര്യം പിള്ള ചേട്ടന്‍ സ്വപനത്തില്‍ പോയിട്ട് പഴനിയില്‍ പോലും കരുതിയില്ല. " നീ ഇനി ഈപ്പണി തുടരണമെന്നില്ല.." പിള്ളേച്ചന്‍ അലറി.
"കൊടുത്ത ബീടിക്കോ തീകൊള്ളിക്കോ നന്ദിയില്ലത്തവന്‍" കുറുപ്പച്ചന്‍ മനസ്സില്‍ കുറിച്ചു. അഭിമാനം പണയപ്പെടുത്തി ഇനി ഇവിടെ നില്കണോ..അതോ ..കുറുപ്പച്ചന്‍ കുഴങ്ങി...

സരസു കുളിസീന്‍ കാണാന്‍ വിളിച്ചപ്പം പോകാതിരുന്നെന്കില്‍ ഈ പോല്ലാപ്പോന്നും വരില്ലായിരുന്നു.

സ്വയം കൃതാ അനര്ധത്ത്തിനു പാവം പിള്ളച്ചേട്ടന്‍ എന്ത് പിഴച്ചു? അയാള്‍ പറഞ്ഞതു ശരിയല്ലേ?

ഒരു മുനിയുടെ മൌനത്തോടെ കുറുപച്ചന്‍" നാരീ സ്തനഭര നാഭീ ദേശം"...ശങ്കരാചാര്യരരായി സമോവറില്‍ നിന്നും ലേശം ചൂടു വെള്ളം എടുത്ത് ചായ പൊടി കലക്കി. ..മെല്ലെ ഊതി ഊതി...വടക്ക് നോക്കി കണ്ണ് കൊണ്ട് പിള്ളചെട്ടനെ ഒളികണ്ണാല്‍ നോക്കി....

2009, ഫെബ്രുവരി 14, ശനിയാഴ്‌ച

അത്താഴ കുറുപ്പ്

കുറുപ്പന്‍മാര്‍ പലവിധമാ..

പടയ്ക്ക് നല്ല പട കുറുപ്പ് ..ആനവളര്‍ത്തിയ ആന കുറുപ്പ്..കാപ്പി കടയുള്ള കാപ്പി കുറുപ്പ് ...സദ്യക്ക് ദേഹണ്ണം ..ഊട്ടു കുറുപ്പ് ...ചെരുപ്പ് കടയുള്ള ചെരുപ്പ് കുറുപ്പ്..

ഇതൊക്കെ വെറും കുറുപ്പന്മാര്‍..പേരിനു മാത്രം, കാമ്പും കഴമ്പും വേറെ വേണം! ചേമ്പും കുഴമ്പും ആവശ്യത്തില്‍ കൂടുതലും!!

എന്നാല്‍ ഇത് അത്താഴത്തിനും മേമ്പോടിക്കും മാത്രം കാണുന്ന "അത്താഴ കുറുപ്പിന്റെ" കഥ.

സുന്ദരനൊന്നുമല്ല എന്നാല്‍ സുന്ദരനാ ചിലര്‍ക്കൊക്കെ. കാതില്‍ വില്ല് കടുക്കന്‍ ..ശരീരവും വില്ലുപോലെ ..ഇടക്കിടെ ചുമയും വില്ലനായി വരും...അരക്കൈയ്യന്‍ മല്‍ മല്‍ ജുബ അതിനൊരു പോകെറ്റ് അതിലൊരു ഫ്രെയിം മാത്രമുള്ള കണ്ണാടിയില്ലാ കണ്ണാടി. കാവി മുണ്ട് , തോളില്‍ ചുട്ടി തോര്‍ത്ത്തോരെണ്ണം ശിവന്റെ പാമ്പ് പോലെ!

രുദ്രാക്ഷമാല ..കണംകൈയ്യില്‍ പഴനി ആണ്ടവന്റെ വെള്ളി വള..നെറ്റിയില്‍ തിരുപ്പതി ചെട്ടിയാരുടെ പാളകുറി ഒരെണ്ണം. മൂളിപ്പാട്ടും കുനിഞ്ഞുള്ള നടപ്പും നോട്ടവും..

രാത്രി മാത്രം കാണുന്ന ജീവി! പകല്‍ വെളിച്ചത്തില്‍ ആരും കണ്ടിട്ടില്ല...ചിലരൊക്കെ അല്ലാതെ. അവരൊട്ടു പറയുകയുമില്ലല്ലോ! ഏത് ദിക്കില്‍ നിന്നു വരുന്നെന്നും എങ്ങോട്ട് പോകുന്നെന്നും ഒന്നിനും ഒരു രൂപവുമില്ല.

മണ്ണെണ്ണ വിളക്കിന്റെ ഉജ്ജ്വല പ്രഭയില്‍ വടക്കേ വീടിന്റെ വരാന്തയില്‍ ..ജുബ ഊരി അയയില്‍ തൂക്കി തോര്‍ത്ത്‌ മാത്രം ഉടുത്ത് അസാരം ധ്ന്ന്വന്തരം കുഴംബ് മേലാകെ പൂശി ഒരു ചെറിയ കസര്‍ത്തും കാട്ടായങ്ങളും കഴിഞ്ഞു നേരെ ഓല മറ കെട്ടിയ ബാത്ത് റൂമിലേക്ക് ..ചൂട്ടും കൊതുമ്പും വച്ച് ഊതിക്കാച്ചിയ ചെമ്പ് ചരുവത്തിലെ വാട്ടര്‍ ഹീറ്റര്‍ വെള്ളത്തില്‍ ഒരു ലൈഫ് ബോയ് ബാത്ത്!

അപ്പോഴും "അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പം " എന്ന മൂളിപ്പാട്ടും.

കുളി കഴിഞ്ഞാല്‍ നേരെ വരാന്തയിലെ ഭസ്മ കുടുക്കയില്‍ നിന്നും മുരുകാ എന്ന ശീല്‍ക്കാരത്തോടെ ഒരു കുറി . എന്നിട്ട് നാല്‍കാലി കൊരണ്ടിമേല്‍ ആസനസ്തന്‍. കിണ്ണം ഒരുക്കി കാത്തിരിക്കുന്നു ...അവര്‍..ആരെന്നു ചോദ്യം കഥയില്‍ വേണ്ട. കുറുപ്പ് ചേട്ടന്റെ സാന്യാ മിര്‍സ എന്ന് വേണമെന്കില്‍ പറഞ്ഞോളു....ടെന്നിസിലെ ജോഡി.!

ആവി പറന്നുയരുന്ന കഞ്ഞി കിണ്ണം നിറഞ്ഞു കവിഞ്ഞ പരുവത്തില്‍ ...ഉപ്പുകുടുക്ക ..ചുവന്ന പ്ലാവില ..പച്ച ഈര്കിലില്‍ കുത്തി ..തോണി പോലെയാക്കി വച്ചിരിക്കുന്നു! ഒരു തുടം നെയ്യും. കുറുപ്പിന്റെ അമ്രുതെത്ത്!

മിണ്ടാട്ടമില്ല ഒരു മാതിരി അവാര്‍ഡ് പടം. കഞ്ഞി കോരുന്ന ശബ്ദം..ഗള് ഗള് ഇറക്കുന്ന ശബ്ദം..അവസാനം
കിണ്ണം മറിച്ചിട്ടു നോക്കിയാല്‍ ഒരു വറ്റും കാണില്ല!
കൈ കഴുകാന്‍ ഓട്ടു മൊന്തയില്‍ വെള്ളം..വായില്‍ കുലുക്കൊഴിന്ജ് നീട്ടി തുപ്പി ..പരിസരമൊക്കെ ഒന്നുഴിന്ജ് ..തോര്‍ത്തെടുത്ത് മുഖമൊക്കെ ഒന്നു മിനുക്കി ...മണ്ണെണ്ണ വിളക്കും കൈയ്യില്‍ എടുത്ത് നേരെ തിരിഞ്ഞ അകത്തേക്ക്.

നമുക്ക് കാണാന്‍ കഴിയുന്നത് ഇത്ര മാത്രം. ഇതിനപ്പുറം ആകാംഷയുണ്ടായിരുന്നവര്‍ അതിര് കടന്നപ്പോള്‍ "ഏതാവനാട ..തന്തയില്ലാ കഴുവര്ടാ മോനേ " എന്നുള്ള ഓമന വിളി കേട്ടിട്ടുമുണ്ട്.

അപ്പോഴും കുറുപ്പല്ല വിളിക്കുക..പിന്നെയോ..അറിയാമല്ലോ ..അവര്‍!

സൂര്യന്‍ ഉദി തെളിയുന്നത്‌ വരെയൊന്നും ഞങ്ങളും ഉറക്കം ഇളച്ചിട്ടില്ല. ഒന്നും കാണാന്‍ പറ്റാതെ എന്തിന് വെറുതെ....

ആകാംഷ മാത്രം ഇന്നും മിച്ചം. ഈ വയസു കാലത്തും!

കുറുപ്പ് തിരികെ പോകുന്നതും ഞങ്ങള്‍ കാണാറില്ല എന്നാല്‍ കേള്‍ക്കാറുണ്ടായിരുന്നു..കാലിന്റെ തള്ള വിരലില്‍ "ഞൊട്ട" വീഴുന്ന ശബ്ദം , തണുത്ത വെളുപ്പാന്‍ കാലത്ത് ഉടുതുണി പറിച്ച് പുതച്ച് , മൂത്രം മുട്ടി ചുരുണ്ടു കൂടി കട്ടിലില്‍ കിടക്കുമ്പോള്‍ ..വീടിനരികിലെ വെള്ളമില്ലാ കൈത്തോട്ടിലൂടെ അകന്ന് അകന്ന് പോകുന്നത് കേള്‍ക്കാം.

വീണ്ടും വൈകുന്നേരം വരാന്‍..കുളിക്കാന്‍ എന്നിട്ട് ..അത്താഴ കഞ്ഞി കോരി കോരി കുടിക്കാന്‍...എന്നിട്ട്...

2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

എട്ടു പെറ്റ വയറ്റില്‍ ഒരു ചക്കക്കുരു.

ഇയിടെ ഒരു മദാമ എട്ടു പെറ്റു. അതും പോരാഞ്ഞ് ആരോ പറയുന്നു മുന്‍പും പെറ്റിട്ട് ഉണ്ടെന്നും.

ഇതൊക്കെ പേറിന്റെ മഹാത്മ്യത്ത്തിനു വേണ്ടിയായിരുന്നു എന്നും..കുഞ്ഞിക്കാലുകള്‍ പിച്ച പിച്ച നടന്നു കാണണമെന്നും. ഒരു പട്ടാളം സ്റ്റൈല്‍ ജീവിത ക്യാമ്പ്!!

"അമേരികയിലും..മറ്റും ഒത്തിരി പെറ്റു കൂട്ടുന്നവരെ ആദരിചിട്ടുന്ടെന്നും വാര്‍ത്താ മാധയ്മങ്ങള്‍ അവരുടെയൊക്കെ മുഖാമുഖം ലൈവ് റ്റെലിക്കാസ്റ്റ് നടത്തിയിട്ടുണ്ടെന്നും" .."ഇതിലിപ്പം എന്നതാ കൊച്ചെ ഇത്രക്കങ്ങു പറഞ്ഞു നടക്കാനെന്നും" ആയമ്മ പരിഭവം പറയുന്നു. ഗര്‍ഭ നിരോധനമൊക്കെ അറു പഴഞ്ചന്‍ പരിപാടിയാണെന്നും...പിള്ളാരുടെ അച്ചന്‍ എന്നുള്ളതൊക്കെ ഒരുതരം ചൊറിയന്‍ ഏര്‍പ്പാടാണെന്നും.

ഭഗവാനെ ഇവിടുത്തെ മോഡി അണ്ണനും , ബിഷപ്പും, മുക്രിയുമെല്ലാം ഇങ്ങനെ ഒരു ചാന്‍സ് ..മനോ നഗര ചത്വരത്തില്‍ കൊണ്ടു നടക്കുന്ന കാര്യം അവരറിഞ്ഞോ ആവോ!

എട്ടായാലും പത്തായാലും അവരുടെ മടിശീല താങ്ങും. നമ്മുടെ മടിക്ക് ഇതു ശീലവുമില്ല. അതായിരിക്കാം ആരും അവരെ ആള്‍ ദൈവമാക്കാഞ്ഞത്.

അല്ലെന്കി പിന്നെ ഇത്രയും വാശിയുള്ളവര്‍ ആ മരത്തിന്റെ പത്ത് വിത്തെന്കിലും വേണമെന്നു പറയാത്തത് എന്താ?

(വിവരമുള്ളവര്‍ ഇതിന്റെയൊക്കെ ജൈവ രഹസ്യം ചിന്തിക്കട്ടെ. നമുക്ക് പഠിച്ചത് പാടി പാടി നടക്കാം!)

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

മാര്‍ക്സ് മെലിഞ്ഞാല്‍.

മാര്‍ക്സ് മെലിഞ്ഞാല്‍ പണ്ടൊക്കെ പരമാവധി ഒരു എന്ഗല്സ് അല്ലെങ്കില്‍ ഒരു ലെനിന്‍..രൂപാന്തര പ്രാപ്തിയായാലും..ഒന്നോ രണ്ടോ ഇ .എം.എസ്..അതിനപ്പുറമൊന്നും ഒരു പരിണാമ സിധാന്തകാരനും ഒന്നും ചിന്തിച്ചു കാണില്ല!

ഇവിടിപ്പം ദേ കെടക്കുന്നു .. താടി..മുടി ഒരു വശത്തേക്ക് ..മീശ വായിലേക്ക്..നര..ഭാവഹാവാദികള്‍ ..ഇങ്ങനെയും ഒത്തു ചേരുമോ..ആരോ പറയുന്നു പരിണാമ സിധ്ധാന്തത്തിലെ ആദ്യത്തെ കണ്ണിയാണെന്ന്..ഹോമോ സാപ്പിയന്റെ തലതൊട്ടപ്പന്‍ ..കുരങ്ങന്‍ ആണെന്നും..കുരങ്ങന് താടി ..മുടി..കണ്ണാടി..ഒക്കെയുണ്ടായിരുന്നു എന്നും!

ശിവനെ ..ചുമ്മാതല്ല ഏതൊക്കെയോ കണ്ണാടി കടക്കാര്‍ കുരങ്ങിനെ കണ്ണാടി വച്ചു പരസ്യബോര്‍ഡുകള്‍ വഴി നീളെ സ്ഥാപിച്ചത്. വരാന്‍പോകുന്ന കാര്യം അവര്‍ മുന്പേ കണ്ടു. ഓടുന്ന പട്ടിക്ക് ഒന്നേകാല്‍ അടി മുന്പിലെന്നാ..

വേറൊരാള്‍ പറയുന്നു.. സാഹിത്ത്യ നഭോ മണ്ഡലത്തിലെ വെള്ളി നക്ഷത്രമാ..അക്ഷരങ്ങളുടെ അവസാനമില്ലാത്ത ആശയ കൂട്ടായ്മയില്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്ന ബൌധിക സംത്രാസങ്ങളുടെ അപാരമായ അപനിര്‍മിതിയുടെ പുനരഖ്യായകന്‍..

ഇനിയും ഒരാള്‍ പറയുന്നു ...ആഗോള വല്‍ക്കരണ കാലത്തെ ച്യുതികള്‍ അപ്പാടെ മാറ്റാന്‍ ധര്മാസംസ്ഥാപനാത്മായ..

ചക്കാളത്ത്തി പോരാട്ടത്തില്‍ പുരം കത്തുന്നു....പുരയിലുള്ളവര്‍ വെന്തു ചാകുന്നു..വൃദ്ധ ശാപം..കുലം മുടിക്കുന്നു ...അഭയമില്ലാത്ത്ത ആത്മാവിനെ അടക്കിയിരുത്താന്‍ മന്ത്രവാദങ്ങള്‍ ഒന്നും ഫലിക്കാതെയാകുന്നു..

താന്ത്രികം..മാന്ത്രികം..മാട്ട്..മാരണം..ആകെ മന്ത്രവാദപ്പുരയിലെത്തിയ പ്രതീതി..എല്ലാ യാഗങ്ങളും ഒടുങ്ങുംപോള്‍..യാഗപ്പന്തലും കത്തും...പ്രേതങ്ങള്‍ ഇനിയും..അവശേഷിക്കും...

പിന്നെയും രൂപാന്തര പ്രാപ്തരായി..ഒടിയന്റെ വേഷം മാറല്‍ പോലെ..

ഗതിയില്ലാത്ത നമ്മുടെ ആത്മാവുകള്‍ ഒന്നിലും രൂപം മാറാന്‍ കഴിയാതെ അവസാനം ഈ പൂര്‍വികന്മാരോടെ പറയും..

വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ ..വാലും പൊക്കി കൊണ്ടോടും..

2009, ഫെബ്രുവരി 4, ബുധനാഴ്‌ച

പനി മനസ്സ്.

പിതാമഹന്മാരുടെ താവഴി സ്വത്ത്...അച്ഛന് കിട്ടിയത് കാല് നീട്ടി വളഞ്ഞു പുളഞ്ഞു കിടക്കാന്‍ ഒരു ചാര് കസേര.

നരച്ച കാലും കൈയും ..കാപ്പി കമ്പില്‍ കോര്‍ത്ത പിഞ്ഞിയ കാന്‍വാസ് തുണി..ആകമാനം ഒരു പഴന്ച്ചന്‍ മട്ടും മണവും .. മാതിരിയും..എന്നാലോ അതിലിരിക്കാന്‍ അടിപിടി കയ്യാംകളി...അലസന്മാരെ വാര്‍ത്തെടുക്കുന്ന ഒന്നാംതരം മൂശ!

ചൊട്ടയിലെ എന്റെ സിംഹാസനം ..വളര്‍ന്നപ്പോഴും..മുതിര്‍ന്നു എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും..
കുഞ്ഞും നാളിലെ അടിപിടി അതിലിരിക്കാന്‍ ..ബാലരമ വായിക്കാന്‍ പെങ്ങളുമായി..പിന്നെ ക്യു നില്ക്കുന്ന അച്ചനും അളിയനും ഒക്കെയായി..

വരാന്തയുടെ ഓരം ചാരി ഈ മൂപ്പിലാന്‍ വിശ്രമിക്കുമ്പോള്‍, ഇതിലിരുന്നു വിശ്രമിക്കാത്തവര്‍ ആരുമില്ല! വരുന്നവരും പോകുന്നവരും സ്വന്തം ഭാരം ഇളയ്ക്കുന്ന ഒരു ചുമടു താങ്ങി..ആ റോള്‍ എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല .

താങ്ങിയെടുത്ത് ചാവടി മൂലയില്‍ കുടി വച്ചു..ഹാവൂ ..മൂപിലാനും സന്തോഷം..കാലം പോകവേ പെങ്ങള്‍ ..അമ്മയായി...അമ്മൂമ്മയായി...അച്ഛന്‍ ഈ സ്വത്ത് എനിക്ക് തന്നിട്ട് കാണാ മറ, ഓര്‍കാ മറ കൂട് വിട്ടു പോയി...ഏതോ ചാര് കസേരയില്‍ അലസ നിദ്രയിലാകാം..

ആരും ഇരിക്കാനില്ലാതായപ്പോള്‍ മൂപിലാനും സങ്കടം...ഒരു നാള്‍ നോക്കിയപ്പോള്‍ എലിവാലന്‍ പൂച്ച ..കുടച്ചക്രം പോലെ ചുരുണ്ട് ..മഹാസമാധിയില്‍ ! നേരിയ കൂര്‍കം വലി..മെല്ലെ പമ്മി പതുങ്ങി ചെന്നു ചെവിയില്‍ പിടിച്ചതും..ഞെട്ടി അലമുറയിട്ടു അടുക്കളയിലേക്ക് ...പോയ വഴിയും കിടന്ന വഴിയും എല്ലാം ..മത്തിയുടെ മണം! രാവിലെ മീന്‍ വെട്ടുന്നിടത്ത് കണ്ടിരുന്നു, വയറു നിറഞ്ഞപ്പോള്‍ അതിനും വിശ്രമിക്കാന്‍ ഈ പാവം ചാര് ശീലന്‍.
ഞാനീ പ്രായമെത്തിയതും.........
പനി ..ജലദോഷം ..ഇടവപാതി പോലെ ഇട മുറിയാതെ മുതല കണ്ണ് നീര്‍ വീഴ്ത്തി...മൂക്കിലൂടെ അരുവി ഒഴുകിയൊഴുകി..ആരും അടുക്കാത്ത ..ഒന്നിന്റേയും മണം ..രുചി ഒന്നുമില്ലാതെ..ചുമ്മാ ഒരു ജീവനുള്ള മനുഷ്യക്കോലമായി..ഇടക്കിടെ തുമ്മി തുമ്മി..ഈ ചാര് കസേരയില്‍..പൂര്‍വ ജന്മങ്ങളിലെക് ഊളിയിട്ട് ..ഈ കസേരയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍ മനസാ നിരൂപിച്ച് ...ഇങ്ങനെ കിടക്കുമ്പോള്‍ ...നെറ്റിയില്‍ വെള്ള പഞ്ഞി പൊതിഞ്ഞു അതിന്മേല്‍ തണുത്ത വെള്ളം നനച്ച് തൂവെള്ള ചിറകുവീശി പനിയുടെ മാലാഖമാര്‍ എനിക്ക് ചുറ്റും പറന്ന് നടക്കുന്നു.

പണ്ടേ ഭാര്യ പറയും അവളെക്കാള്‍ എനികിഷ്ടം ഈ കസേരയാണെന്നും.".ഇതില്‍ കിടന്നു ഈ മനുഷ്യന്‍ കൈ കൊണ്ട് മേയ് തൊടാതായെന്നും"..."അച്ഛന്‍ ജനിച്ചപ്പോഴേ കൂടെ കൂടിയതാ ഈ കസേരയെന്നു " ഇതില്‍ കിടന്നു കൊണ്ട് മകളുടെ വഹ മറ്റൊരു കമന്റ് ..

ഈ പനി മനസ്സ് എന്നും ഉണ്ടായിരുന്നെന്കില്‍ ..ഈ കസേരയില്‍ കിടന്നിങ്ങനെ കിനാവ് കാണാമായിരുന്നു. എന്ത് രസം..കൈത്തോടിന്‍ കരയില്‍ കാട്ടുചേമ്പും പൂ കൈതയും..കഥ പറഞ്ഞു പറഞ്ഞു ഒഴുകുന്ന തോട്ടില്‍, നെറ്റിയില്‍ കുറിയുമായി ഇടക്കിടെ എന്നെ നോക്കുന്ന മാനത്താന്‍ കണ്ണി മീന്‍ ...മറു കര തേടുന്ന പുളവന്‍ ..വെള്ളത്തില്‍ വന്ചി തുഴയുന്ന ആശാന്‍..നീലാകാശം പോലെ പരന്നുകിടക്കുന്ന പച്ച പാടം...വരമ്പില്‍ ചാടി കളിക്കുന്ന തവള കുട്ടന്മാര്‍..

തോള്‍ സന്ചിയും തൂക്കി വള്ളി നിക്കറും പുള്ളി ഉടുപ്പും ..കാലില്‍ വെള്ള ചെരുപ്പും..കയ്യില്‍ കാക്ക തണ്ടും..ഒരു കയ്യില്‍ അച്ചന്റെ ചൂണ്ടു വിരലിന്റെ അറ്റവും....പൊടി മൂടി കിടക്കുന്ന ഓര്‍മയുടെ വഴിത്താരകള്‍ എന്റെയോ..പനിയുടെയോ..അതോ ഈ കസേരയുടെയോ...

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

കുട്ടന്‍ പിള്ള അദ്യം

മീശ കൊമ്ബനൊ, പിടിയോ, മോഴയോ എന്നൊന്നും നമുക്ക് തരം തിരിക്കാന്‍ പറ്റില്ല. അതങ്ങനെയാ , താഴേക്ക് തൂങ്ങി ചറ പറ മഴ പോലെ ഇട മുറിഞ്ഞു ഇടക്ക് കനത്ത്.. കൊള്ളിയാന്‍ പോലെ ഇടക്കിടെ നരയും..അതിന് താഴെ വെറ്റില കറ പുരണ്ട അട്ടഹാസ ചിരിയും ..ടാറ് വീപ്പയില്‍ കല്ലിട്ട പോലെ ഒച്ചയും!

കൈയും മെയും റോഡു നന്നാക്കുന്ന അമ്മാവന്‍ വണ്ടിയുടെ പോലെ ..എന്തിനേയും തറയില്‍ ഉറപ്പിക്കാന്‍ പോന്ന ഭാരോദ്വഹന ശേഷിയോടെ..കാലുകള്‍ മുല്ല വള്ളി പടര്‍ന്ന തേന്മാവിന്‍ തടി പോലെ..വെരിക്കോസ് വയറിങ്ങുകള്‍ ചുറ്റി പിണഞ്ഞു.. നഖങ്ങള്‍ പോലും കണ്ടാല്‍ കുഞ്ഞുങ്ങള്‍ താനേ മരുന്ന് കുടിക്കുമായിരുനു!!

ഇതാണ് കുട്ടന്‍ പിള്ള അദ്യം. കണ്ണുകളെ വര്‍ണിക്കാന്‍ ചുമപ്പു പോരാ ..ശരീരത്തെ പൊതിയുന്ന രോമാന്ച്ച കഞ്ചുകം കാശ്മീരി ഷാള് പോലെ....എന്നാലോ സഹൃദയനും സര്‍വോപരി വിശാലമനസ്കനും. എന്ത് കൊടുത്താലും വാങ്ങും..വലിപ്പ ചെറുപ്പമില്ല..അമ്പലത്തിലെ ഉത്സവമായാല്‍ ..ലൈബ്രറി വാര്ഷികമായാല്‍..അദ്യം ആദ്യമെത്തും..പിരിവിന്റെ കുറ്റി കൈപ്പറ്റും. പിന്നെ പോലീസ് മുറയില്‍ ഒന്നു നോക്കി മെല്ലെ തിരിഞ്ഞു നേരെ ഒരു പോക്കാണ്..പട്ടകട ..കാപ്പിക്കട..പെട്ടിക്കട അങ്ങനെ കടയായ കടയെല്ലാം തനിക്ക് സ്വന്തമാക്കി കുറ്റിയും തീര്‍ത്ത് , കുറ്റി ചുവടും മാന്തി..മിച്ചമുള്ളത് കൊണ്ടു പറ്റും തീര്‍ത്ത്..

അങ്ങനെയിരിക്കെ അദ്യത്തിനു പ്രമോഷന്‍ കിട്ടി."ഹേട്‌" വച്ചു. തോളില്‍ മൂന്നു വെള്ള പ്രാവുകള്‍..

ഉള്ളകാലം എമ്മാന്‍ മാരുടെ..അവരുടെ കുഞ്ഞു കുട്ടി പരാധീനങ്ങളുടെയൊക്കെ വെല്‍ഫയര്‍ ആപ്പീസര്‍ മാത്രം ആയിരുന്നത് കാരണം വകുപ്പും വക്കാണവും എഴുതിപ്പിടിപ്പിക്കുന്ന വിദ്യ ഒന്നുമേ തരപ്പെട്ടില്ല. തന്നെയുമല്ല കുഞ്ഞിലെ ഈ കൂര്‍മ്പന്‍ നിക്കറിന്റെയും ..കാക്കി ഉടുപ്പിന്റെയും ..കാലില്‍ കെട്ടുന്ന വാഴക്കച്ചിയുടെയും രക്ഷാ കവചം ഉണ്ടായിരുന്നത് കാരണം ..മാതൃ ഭാഷ ..പോലീസ് ഭാഷ മാത്രമായി മാറി. പോലീസ് സാഹിത്ത്യത്ത്തിലോ ..ഉലകുട പെരുമാളും! ഒരു വിളി വിളിച്ചാല്‍ ഒന്നേമുക്കാല്‍ മേനി!!

പ്രമോഷന്‍ തന്നെ വല്ലാതെ കുഴക്കുമെന്നൊന്നും ആദ്യത്തിനു തോന്നിയുമില്ല. എന്നാല്‍ ചാര്‍ജ് ആയപ്പോള്‍ സംഗതി കുടുക്കായി..പിന്നെ പണി പഠിയ്ക്കാന്‍ കൂട്ടത്തില്‍ അറിവുള്ളവനെ, തന്റെ താഴെ ഉദ്യോഗം ഭരിക്കുന്നവനെ നമ്പി ..അന്പിനായി കേണു. പണി പഠിപ്പിക്കുന്നത് കാരണം എന്നും വൈകുന്നേരത്തെ തിരുവത്താഴം രണ്ടു പേരും ഒന്നിച്ചായി. എന്തും ..അമ്പിളി മാമനെപ്പോലും..ചോദിച്ചെ വാങ്ങൂ എന്നുള്ള നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്ന കാരണം ..അടുത്തുള്ള ചാരായ ഷാപ്പിലാക്കി പഠനവും. നേരെ കേറി ഇരുന്നൊന്നു മൂരി നിവര്‍ന്നു .കൂനി കൂടി നില്ക്കുന്ന " സപ്പ്ളെ " പൈയ്യനോട് കണ്ണുരുട്ടി ..താഴെ പണിയുന്ന എന്നാലിപ്പോള്‍ ഗുരുവായ , തന്റെ വഴികാട്ടിയെ ചൂണ്ടി.."ഇദ്ദേഹത്തിനു ഒരു ഗ്ലാസും മൂന്നു താറാം മുട്ട പുഴുങ്ങിയതും..എനിക്ക് അരഗ്ലാസും ഒരു മുട്ടയും." സാമഗ്രികള്‍ വന്നു...മറഞ്ഞു..അടുത്ത ഓര്‍ഡര്‍ "ഇദ്ദേഹത്തിനു ഇനി ഒരു ഗ്ലാസും രണ്ടു മുട്ടയും..എനിക്ക് കാല്‍ ഗ്ലാസും ..മുട്ട വേണ്ട!"

..ഗുരുവിലും കുറഞ്ഞിരിക്കണം ശിഷ്യന്‍..പോലീസിന്‍റെ ഗുണപാഠം "എല്ലാക്കാര്യത്തിലും" അതാണല്ലോ!
അത്താഴം കഴിഞ്ഞു ഷാപ്പ്‌ കാരന്റെ ബീഡി പൊതിയില്‍ നിന്നും രണ്ടു ബീഡി അറസ്റ്റു ചെയ്തെടുത്ത് , ഒന്നു ഗുരുവിന്റെ ചുണ്ടില്‍ പിടിപ്പിച്ച് തീപ്പെട്ടി ഉരച്ച് കത്തിച്ചതിനു ശേഷം മാത്രം അദ്യം ....
പണത്തിന്റെ അല്ലെങ്കില്‍ അതിന്റെ പര്യായം പോലും ഉരിയാടരുതെന്നു ഷാപ്പുകാരനും നന്നേ അറിവുള്ളതാണല്ലോ.

കഠിനമായ ജോലി ..ജോലി തന്നെ..അടി പിടി..കത്തികുത്ത്..വീട്ടില്‍ പോയിട്ട് , ചിന്ന വീട്ടില്‍ പോലും ഒന്നു പോകാന്‍ പറ്റിയില്ല.
അങ്ങനെയിരിക്കെ സ്വന്തം അളിയന്‍ തെരക്കിയിറങ്ങി..തമ്മില്‍ കണ്ടു മുട്ടി.."എന്നതാ അളിയാ വീടും കൂടുമോന്നും വേണ്ടയോ?" ചോദ്യം കേട്ടിട്ട് അദ്യം "ഞെട്ടില്ലാ വട്ടെലയാ അളിയാ..ഈ പണി. " എമ്മാന്മാര്‍ക്ക് ഇതു വല്ലോം അറിയണോ..അവര്‍ക്കെപ്പോഴും വീട്ടിലും കാട്ടിലും ഒക്കെ പോകാം..നമ്മള്‍ ഒരുമാതിരി..കാള കെടക്കും കയറോടും എന്ന മാതിരിയാ.." ഒന്നും രണ്ടും പറഞ്ഞു അളിയന്‍ ആകാംഷ മറച്ചു വച്ചില്ല "ല്ലതു വല്ലോം ഉണ്ടോ അളിയാ ച്ചിരി, ഗുന്മാനാന്നാ തോന്നുന്നേ"..അളിയന്റെ സങ്കടം ആദ്യത്ത്തിനും മനസ്സിലായി..പക്ഷെ എങ്ങനെ ഡ്യൂടി മറന്നു കുടിക്കും..കയ്യില്‍ ഒന്നും ഇരിപ്പുമില്ല.. ഒഴിവു കഴിവ് പറഞ്ഞു വിടാനും വയ്യ.."എന്നാ പറയാനാ അളിയാ ഇന്നലെ ഒരു സെന്റ് ഓഫ് പാര്‍ടി, നോക്കണേ എമ്മാന്‍ മാരെല്ലാം നിരന്നിരിക്കുന്നു..നമുക്കൊരെണ്ണം വിടണമെങ്കില്‍ അവരോന്നൊഴിയണം അതിന് കാത്തിരുന്ന് കാത്തിരുന്നു ..സാധനം തീര്‍ന്നു..കൊക്കിരിക്കും കുളം പറ്റും" കടം കഥയോ..പഴമോഴിയോ ..പര്യായ പദ പ്രയോഗമോ ..ആദ്യത്ത്തിനതൊന്നും പിടിയില്ല..എന്തായാലും സംഗതി കുറിക്കു കൊണ്ടു..അളിയന്‍ വന്ന വഴിയേ തിരുമ്പി പോയാന്‍..

ചിന്ന വീടരും മറ്റേതോ എമ്പോക്കിയുമായി എന്തോ ശകലം ..പരേഡും പരിപാടീം തുടങ്ങി എന്നരിന്ജ് കോപാക്രാന്തനായി ഇല്ലാത്ത ലീവ് ഉണ്ടാക്കി അവിടെയെത്തി അദ്യം. ചോദ്യം ചെയ്യല്‍ തുടങ്ങി ..പ്രതി ഒന്നും ഏല്‍ക്കുന്നില്ല .."ലാത്തി കുത്തി കയറ്റി കളയും ഞാന്‍ " അദ്യം സഹി കെട്ട് പറഞ്ഞു.."അയ്യോ..ഇതിലും ഭേദം അതാ" എവിടെയോ ചൂണ്ടിക്കൊണ്ട് പ്രതി അത് പറഞ്ഞതും ..അദ്യത്തിനു കണ്ണില്‍ ഇരുട്ട് കയറി..രണ്ടു ഗസ്സും..ആറ് താറാം മുട്ടയും ..മിന്നി മറഞ്ഞു..

പഠിച്ച പാഠം എല്ലാം മറന്നു..എല്ലാം ഈ മുടിഞ്ഞ പ്രമോഷന്‍ കാരണം..അല്ലെങ്കില്‍ എന്നും രാത്രി ബീറ്റെന്നും പറഞ്ഞ ഇവളുടെ കൂടെ ഒന്നുറങ്ങി എഴുന്നെല്‍ക്കുമായിരുന്നു..അന്നൊന്നും ഈ പരാതിയും കേട്ടിട്ടില്ല..

തോളിലെ മൂന്നു വെള്ള പ്രാവുകള്‍ കുറുകി..അപ്പോള്‍ അദ്യം മനസ്സില്‍ കരുതി.."കാക്ക തേടി , കുംബളത്ത്തി കൊണ്ടുപോയി!"