Powered By Blogger

2021, ഫെബ്രുവരി 27, ശനിയാഴ്‌ച

സാക്ഷാ വീണപ്പോൾ റവയ്ക്കെന്തു പറ്റി ?

സാക്ഷാ  വീണപ്പോൾ  റവയ്ക്കെന്തു പറ്റി ?

കടലും കടലാടിയും അല്ലെങ്കിൽ മോരും മുതിരയും തമ്മിൽ പോലും    ഈ അഞ്ചാം ജെൻ  ഇന്റർനെറ്റ് (  അന്തർ ജ്ഞാന അതിവേഗ വല  എന്നൊക്കെ  ഭാഷ്യം ചമയ്ക്കാം ) ആറാം  ഇന്ദ്രിയകാലത്ത് എന്തും  ചേരും പടി  മോർഫ് ചെയ്യാമെന്നിരിക്കേ ,   എത്ര  എത്ര വാനിഷിംഗ്‌  അല്ലെങ്കിൽ എസ്കേപ് മാജിക്കുകൾ നമ്മൾ ഗർദ്ദഭോത്തമന്മാർ ഇന്നും കണ്ടു കൊണ്ടിരിക്കെ    ഇതെന്തൊരു   പൊല്ലാപ്പ് !! 

"ഈ സാക്ഷായും അത്  വീഴുമ്പോഴത്തെ  റവയും ദൈവേ ഇതെന്നതാന്നെ "  എന്ന് ഒരു പിടിയും കിട്ടുന്നില്ല. "ഇനി വല്ല പുത്തൻ   സിനിമാ പേരുമായിരിക്കും, "     കുരുമുളക്    കടുകിനൊപ്പം കരിയാപ്പ് ഇലയുടെ തണലിൽ  ഒളിഞ്ഞും തെളിഞ്ഞും എണ്ണയിൽ പൊന്തി കിടക്കുന്ന  പിഞ്ഞാണ പാത്രത്തിലെ താറാവ്  ചാറിൽ സർഫ്  ചെയ്തു കൊണ്ട്   പുളിങ്കുന്ന് ഷാപ്പിന്റെ തകിട് മേഞ്ഞ മറപ്പുരയുടെ ഉള്ളിൽ ബെയറിങ്  ബെയറിങ്  എന്നു കരയുന്ന ഫാനിന്റെ അടിയിൽ കസേര മേൽ കാലു വച്ച് കുഞ്ഞുമോൻ സംശയാലുവായി “അണ്ണാ  എന്തുവാന്നു വച്ചാൽ പറ എനിക്കീ സസ്പെൻസും ഒന്നുമറിയത്തില്ലേ  ..."

അവന്റെ മുണ്ടിന്റെ കോന്തല കാറ്റിൽ കൊടി പോലെ വിട്ടു വിട്ടു പാറുമ്പോൾ സാമൂഹിക അകലത്തിനിടയിൽ പഴയ ഫ്രഞ്ചി നെടുവീർപ്പിടുന്നത്  കാണാമായിരുന്നു  

നെടു നീളൻ തേങ്ങാ കൊത്ത് ഒരെണ്ണം കറിയിൽ നിന്നു ചാറാടെ കോരി അണ്ണാക്കിന്റെ സി ഡി  റോമിൽ  നേരിട്ട്  ഫീഡ് ചെയ്ത് അവൻ പിന്നെയും അക്ഷമനായി ഒരു കുടം വരുത്താന്‍ മേശ മേല്‍ ക്യൂ " ഇട്ടു 

കമ്പ്യൂട്ടര്‍ മാത്ര  (ത്രുടി എന്ന് പണ്ട് മുനിമാർ പറഞ്ഞ സമയ നിമിഷാർത്ഥം !) പോലും എടുക്കാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ ചടുലതയിൽ വീണ്ടും എത്തുന്നു കളം  കളം കൈലിയും  അതിലും വല്യ  കളമുള്ള  ഉടുപ്പിന്റെ കൈമടക്കിൽ തിരുകിയ ചോക്ക് മുറിയുമായി  ഷാപ്പിലെ എല്ലാമെല്ലാമായ സെൻട്രൽ പ്രോസസ്സർ എന്ന് വിളിക്കാവുന്ന ചുരുണ്ട മുടി അലസമായി മാടിയ വെളുത്ത ചേട്ടൻ,  പേര് എല്ലാ ഷാപ്പിലേയും പോലെ ബ്രാൻഡഡ്   "സാജി". എന്ന് .  ചെറു പുഞ്ചിരിയിൽ കള്ളിലെ നുര പോലും അലിയും .   "എന്നാ വേണം " ചോദ്യം വരും വഴിയേ എറിഞ്ഞു ...

മറു ചോദ്യം എൻ്റെ  വഹ  " ചേട്ടാ ചോക്കു മുറി ചെവിയിൽ തിരുകി തലേൽ ഒരു കെട്ടും കെട്ടി  ദാ  വന്നു ദാ പോയി എന്നുള്ള രീതിയായിരുന്നല്ലോ മുൻപൊക്കെ ..ഇപ്പോൾ  ഉടുപ്പിൻറെ കൈമടക്കിൽ ചോക്കും തിരുകി .....ആ പഴയ ഗും ഒന്നും   ഇതിനില്ല ..." 

"അയ്യോ സാറേ  വെറുതെ ഒരോർമ്മയ്ക്ക് വച്ചിരിക്കുന്നതാ ഇത്   കണക്കും മറ്റും മനസ്സിലാ  എഴുത്ത്   പഴയ പോലെ എഴുതി കൂട്ടാൻ തടിയുടെ പലക മെട ഇല്ലാ  ..എല്ലാം ജി ഐ ഷീറ്റാ  അതിൽ എഴുതിയാൽ മൊതലാളി തെറി വിളിക്കും ...."

വെളുത്ത തടി പലക ഇടവിട്ട് തറച്ച,   ഓലയുടെ മേച്ചിലിനു മുകളിലൂടെ തീവണ്ടിയിലെ പോലെ പുക വരുന്ന , വയൽ വരമ്പിലെ  തെങ്ങിൻ തണലിൽ എഴുതിയ  ചിത്രം പോലെ  നിന്നിരുന്ന ഷാപ്പും  കാറ്റിലൂടെ  ഒഴുകി വന്നിരുന്ന കായാമ്പൂ കണ്ണിൽ വിടരും എന്ന്  ആരോ പാടുന്ന ഈണവും ... ഒരു നിമിഷം എന്നെ  വള്ളി  നിക്കറിട്ട് അച്ഛനൊപ്പം നടത്തി ...

"അപ്പം എന്നതാ വേണ്ടേ " സാജിയുടെ ചോദ്യം എന്നെ സ്ലീപ്പ് മോഡിൽ നിന്നും ഉണർത്തി 

"ഒരു കുടം  കൂടി എടുത്തോ " കുഞ്ഞു മോൻ ഉണങ്ങിയ വിരലുകൾക്ക് നനവ് പകരാൻ ചാറിൽ ഒന്ന് മുക്കി .. നടു  വിരൽ  കൊണ്ട് തയ്യാറായി 

വൈകിയാൽ എന്റെ പോക്കറ്റിൽ കരിപടരും എന്ന് ഞെട്ടലോടെ ഞാനറിഞ്ഞു  ഒരിറ്റു ചാറിൽ താറാവിന്റെ കഷണം മുക്കി പിഴിഞ്ഞു   വേവിച്ച കപ്പയുടെ മഞ്ഞ മുഖത്തു തേച്ചു ഞാനും നാക്കിനെ ഉശാറാക്കി . കൊണ്ട് വന്നു വച്ച  കുടത്തിലെ    ഒരിറക്ക് കള്ളിൽ   കള്ളിലെ ഒടി വിദ്യ അറിഞ്ഞു !  പാലക്കാടൻ കാറ്റിൻറെ ചൂര് . 

കുഞ്ഞു മോൻ കുടമടുപ്പിച്ചു  കള്ളിത്തിരി ഇറക്കി  താറാവിൻറെ ഒരു ചെറിയ കഷണം വടക്കൻ പുകയില പോലെ വലത്തേ അണയിൽ തിരുകി 

"അണ്ണാ  എന്നതാ ഈ റവേം സാഷായും "   കള്ളിന്റെ കടുപ്പമാകാം കുഞ്ഞുമോൻറെ  സാക്ഷയയുടെ ക്ഷ  വലിച്ചു ഷായാക്കി  ... ഇനി അത് ഴ ആകും മുൻപ് പോകണം .

" ഡാ  നീ ലോക്ക് ഡൗൺ  ഓർക്കുന്നുണ്ടോ " ഞാൻ കാര്യത്തിലേക്കു കടന്നു 

"എൻ്റെ  അണ്ണാ  എങ്ങനെ മറക്കും  ..അവൻ അറിയാതെ ഒരു പച്ച മുളകങ്ങു കടിച്ചുപോയി   എരി കേറിയപ്പം പിന്നേം കുടമെടുത്തു ..ഒള്ളത് ഊറ്റി ഗ്ലാസ്സിൽ പകർന്നു .. എനിക്ക് വേണോ എന്നുള്ള സാമൂഹിക അടുപ്പമൊന്നും  ഈ സമയത്തു  പാടില്ല  എന്നവനറിയാം ..

"ഡാ  സാക്ഷാ വീഴുക എന്നു പറഞ്ഞാൽ വാതിലിൻറെ  കുറ്റി ഇടുക അത്രേയുള്ളൂ  അതിനെയാ  ലോക്ക് ഡൗൺ എന്നൊക്കെ പറഞ്ഞു കടു കട്ടിയാക്കിയത്,   ലോക്കപ്പുപോലെ പറഞ്ഞിനി  ഇതും പഴകണം  " ഞാൻ വിശദീകരണം നൽകി 

"എൻ്റെ  അണ്ണാ  ആ സമയത്തല്ലിയോ നമ്മുടെ മുക്കിനത്തെ ഓട്ടോ പിള്ളാരും എല്ലാംകൂടെ സമയം കളയാൻ നായും പുലീം കളിച്ചതിന് ലവമ്മാര് വന്നു ചൂരലുകൊണ്ട് പൊറം മെഴുകിയത്  ഇരുന്നൂറു വച്ചു പെറ്റീം കൊടുത്തു. മുള്ളു മുരിക്കത്തെ കല്യാണി ഇച്ചേയിയോട് മാസ്ക് ചോദിച്ചതും എൻ്റെ മക്കളെ അതിൻ്റെ കെട്ടു പറിഞ്ഞു പോയി എന്നും പറഞ്ഞു റൗക്ക പൊക്കി കാണിച്ചതും ...ഇതൊക്കെ എങ്ങനെ മറക്കാൻ ..അണ്ണൻ പറ ..ഇപ്പം അമ്മേ കൊടുത്ത് പ്രാന്തിയെ വാങ്ങിയപോലായി" എന്തൊരു പുഹിലായിരുന്നു ..ശിവനേ ... കുഞ്ഞുമോൻ കവടി പിഞ്ഞാണത്തിൻ്റെ സൈഡ്  വടിച്ചു പുതിയ ഒരു വഴി തീർത്തു അവനു മാത്രം പ്രവേശിക്കാൻ !

"ഡാ  എനിക്കും എന്നെത്തെയും പോലെ അന്നും പറ്റി ഒരബദ്ധം ..ഞാൻ രാവിലെ നോക്കിയപ്പം കഴിക്കാനൊന്നുമില്ല  തലേന്നത്തെ ചോറും ഇല്ല വിശപ്പു കൊണ്ട് തല കറങ്ങി    ആകെ വാ തൊട്ട് താഴോട്ടുള്ള യൂ  ട്യൂബ് മുഴുവനും  വൈറലായി , ഈ സാക്ഷ വീണ കാലത്ത് കടയൊന്നും  തുറന്നിട്ടില്ല താനും ... അപ്പോൾ അറിയുന്നു സോമൻറെ കട തുറന്നെന്ന്, സ്‌കൂട്ടർ എടുത്തു മാസ്ക് വലിച്ചു കെട്ടി നൂറു കിലോ സ്പീഡിൽ അവിടെയെത്തി ... ബണ്ണും ബ്രെഡ്ഡും എല്ലാം തീർന്നു ..റവ മാത്രം ഉണ്ട് ..കട അടയ്ക്കാൻ ലോക്കുകൾ സോമൻ ഓരോന്നായി ഡൗണാക്കി തുടങ്ങി ..പോലീസ്  ഏതു നേരവും വരാം ..റവ എങ്കിൽ റവ കഞ്ഞി വച്ച് കുടിക്കാം ..വിശപ്പ് ഒന്നടങ്ങുമല്ലോ എന്ന് കരുതി ഒരു കവർ റവ വാങ്ങി സ്‌കൂട്ടർ എടുക്കാൻ വന്നതും അയൽവാസി കറങ്ങി തിരിഞ്ഞു മുൻപിൽ നിക്കുന്നു...വെശപ്പല്ല  പുള്ളിക്കാരൻറെ ഇഷ്യു  വേറെന്തോ ആണ് ... അയാളേം കേറ്റി സ്‌കൂട്ടർ വന്നതിലും വേഗത്തിൽ തിരിച്ചു    വിട്ടു പടിക്കൽ അയാളിറങ്ങി            നന്ദി ചൂടോടെ ചുട്ടു തന്നതും  ... ദാ മുൻപിൽ കുലുക്കി കൊണ്ട്  വന്നു നിക്കുന്നു വെള്ള സുമോയിൽ ഏമാന്മാർ .

"എവിടാരുന്നു ..യാത്രാ കുറിപ്പ് കയ്യിലുണ്ടോ .." (ടൂർ ഡയറി) മുൻപിൽ ഇരുന്ന വല്യേമ്മാൻ ചോദിച്ചതും പുറകിലുള്ളവർ മെയിൽ ഫി മെയിൽ കോറസിട്ടു . കാണാവുന്ന ദൂരത്തെ കട ചൂണ്ടി കാട്ടി പഞ്ച പുശ്ചം അടക്കി ഞാൻ പറഞ്ഞു "ഇത്തിരി റവ വാങ്ങാൻ പോയതാ ഇത്ര ദൂരമേ ഉള്ളു എന്നത് കൊണ്ട് പ്രോഗ്രാം ചാർട്ട് തയാറാക്കിയില്ല  ക്ഷമിക്കണം " 

ഏമ്മാൻ റവ പൊതിയിൽ സാകൂതം ഉഴിഞ്ഞു ഒപ്പം സ്വന്തം മാസ്കിനകത്തൂടെ താടിയിലും ..ചിന്തകനായി പിന്നെ പണ്ഡിതനായി ... ഒരു പൊതി റവയിൽ ഒരു ലോകത്തിൻറെ വിശപ്പ് കലപില കൂട്ടുന്നത് എനിക്ക്  കേൾക്കാമായിരുന്നു ...ആലോചനാ നിമഗ്നനായി ഇരുന്നു ഏമ്മാൻ,   അപ്പോൾ കാന്തന് കാന്തി കുറഞ്ഞത് കാണുമ്പൊൾ കാന്തമാർ ...എന്ന് പണ്ടാരോ പാടിയപോലെ മറ്റുള്ളവരും ധ്യാനത്തിലായി ...മുൻപോട്ട് ആഞ്ഞു വയറൊന്നു കുലുക്കി അദ്യം പറഞ്ഞു " റവ ഒന്നും അത്ര ആവശ്യമുള്ള സാധനമൊന്നുമല്ല ..റവ ഇല്ലാതേം ഒരു ദിവസമോ മാസമോ ഒക്കെ  കഴിയാം "  ....!!!

 അപ്പോൾ അരിയോ  അല്ലെങ്കിൽ ഗോതമ്പോ , അല്ലെങ്കിൽ ഈ ജീവിതം തന്നെയോ .. ഇതൊക്കെ എന്നും വേണോ ആ ...എൻ്റെ വെശപ്പെന്നോട് ചോദിച്ചുകൊണ്ട് പല്ലിളിച്ചു ..

"ഏതായാലും ഈ അവസ്ഥയിൽ വീട്ടു പടിക്കലായതു കൊണ്ട് നടപടി ഒന്നും തൽക്കാലമില്ല ..പക്ഷെ ഇനി റവ വാങ്ങാൻ ചുമ്മാ പൊറത്തിറങ്ങരുത്" രൂക്ഷമായി നോക്കി അദ്ദേഹം പറഞ്ഞു  മറ്റുള്ളവർ അതെ അർത്ഥത്തിൽ കണ്ണുകൊണ്ടും . വല വീശിയപ്പം അതിൽ കേറിയ പൂളോൻ  എന്ന ഒന്നും കൊള്ളാത്ത മീനിനെ പോലെ എന്നെ വലിച്ചെറിഞ്ഞപോലെ തുള്ളി തുള്ളി നിന്ന്  സുമോ അവസാനം  കുതിച്ചു പാഞ്ഞു .

വല്ലാത്ത ഒരു ഇതിൽ ഞാൻ കൈ നഖം കടിച്ചു നിന്നു പോയി  ..അല്ലാ തിന്നു പോയി  എന്നു വേണേൽ പറയാം  

എന്തായാലും റവ കഞ്ഞിയാക്കി ഒരു പാത്രം കുടിച്ചു കഴിഞ്ഞപ്പം ഉറക്കം ചെവിയിൽ താരാട്ടു പാടി ..മലർ കോടി പോലെ .....ഫോൺ കുറുകുന്നത് കേട്ടാണ് ഉണർന്നത് ,  വളരെ പഴയ പോലീസ് സുഹൃത്ത് ഇപ്പോൾ വല്യ ആപ്പീസർ വെറുതെ ലോക്ക് ഡൗൺ  ലോഹ്യങ്ങൾ പറയാൻ വിളിച്ചതാ ..തനിയെ താമസിക്കുന്നവനോടുള്ള അനുകമ്പ ആഹാര നിഹാരാദികൾ ഈ സാക്ഷാ വീഴും കാലത്ത് എങ്ങനെ എന്നറിയാനുള്ള സ്നേഹാതുരത ...

കാലത്തെ റവ വിശേഷം അദ്ദേഹത്തോട് സൊറയായി പറഞ്ഞു  അദ്ദേഹം ചിരിക്കാൻ വേണ്ടി ഫോൺ നിർത്തി ..കുറെ കഴിഞ്ഞു  വീണ്ടും വിളിച്ചു ചിരിയോടെ തന്നെ തുടങ്ങി .." ഡോ  ഞാനാ ഏമാനെ കുറിച്ചു തെരക്കി ..റവ എന്ന് കേട്ടാൽ കാള ചുവപ്പു കണ്ടപോലാ പുള്ളിയത്രെ ..പുള്ളിക്ക് റവ കഴിച്ചാൽ പിന്നെ ഒരാഴ്ച എരണ്ട കെട്ടാ   ..ക്യാമ്പിൽ ഉപ്പുമാവുള്ള ദിവസം പുള്ളി ഉപവാസമാ ..സ്റ്റേഷൻ ക്യാന്റീനിൽ പുള്ളി വന്ന സമയം ഉപ്പുമാവുണ്ടാക്കിയവനെ  വൊക്കാബുലറിയിൽ ഇല്ലാത്ത തെറി വിളിച്ചുവത്രെ ഏതോ സ്‌പെഷ്യൽ ഡ്യൂട്ടിക്കിടയിൽ റവ ഉപ്പുമാവ് കഴിച്ച് ആശുപത്രീലും ആയി  ...   അതും പോരാഞ്ഞു  കല്യാണം  കഴിച്ച സമയത്ത്  ഭാര്യയുമായി  ആദ്യം പിണങ്ങിയതും  റവ  ഉപ്പു  മാവിനെ ചൊല്ലി ആയിരുന്നത്രേ ..   അയാളാ റവ എടുത്ത് തനിക്കൊരെണ്ണം തന്നില്ലല്ലോ ....ചിരി അടക്കാൻ വയ്യാതെ ഞാനും സാറും ശ്വാസത്തിന് മുട്ടി...

എങ്കിലും എൻ്റെ വിശപ്പിലും എത്രയോ വലുതാണ് ആ നല്ല  മനുഷ്യൻറെ മനോവ്യഥ എന്നോർത്തപ്പോൾ എനിക്ക് റവയോട് അരിശം തോന്നി .    ഈശ്വരാ ഈ സാക്ഷാ വീഴും കാലത്ത് റവയുടെ ഒരു കാര്യമേ ..അല്ലെങ്കിൽ ഇത്ര ഭീകരമായ ഒരു മുഖം റവയ്ക്ക് ഉണ്ടെന്നുള്ള കാര്യം ആരറിയുന്നു ആര്യാസിലും  മറ്റും വച്ചു  കണ്ടാൽ എന്ത് പാവം ഉപ്പുമാവ് ..ഒരു കള്ളനെ കറക്കിയാൽ പോട്ടെ ..ഇതൊരു നിയമ പരിപാലകനോടാ എന്നോർക്കുമ്പം റവ അത്ര ചെറിയ മീനൊന്നുമല്ല എന്നറിയുന്നത് ......  വിശപ്പിനു നന്ദി ..തിരിച്ചറിവുകൾ തന്നതിന്.!! ഒപ്പം ആ സാറിന് ഒരു "റവ ദുരിതവും" വരാതിരിക്കട്ടെ ..പ്രാർത്ഥന .

ഇത്രേം പറഞ്ഞു ഞാൻ കുഞ്ഞുമോനെ നോക്കി  അവൻ്റെ മൂളൽ കുർക്കമായി മാറിയിരുന്നു   വിശപ്പടങ്ങിയാൽ ആരായാലും ഉറങ്ങിപ്പോകും അതും വായും തുറന്ന്    ഇത് ലോക തത്വം.!! കയ്യിലെ തേങ്ങാ കൊത്ത് വിളറി ഒരു മാതിരി ടൈഫോയിഡ് വന്നവരുടെ മുഖം പോലെ ആയിരിക്കുന്നു.

"ഡാ   പോണ്ടായോ " അവനെ ഉണർത്തി ..ഉണർന്ന പാടെ കൈയ്യിലിരുന്ന തേങ്ങാ കൊത്തിലും വരണ്ട പാടം  പോലെ കിടക്കുന്ന പിഞ്ഞാണിലും കള്ളിൻ കുടത്തിലുമെല്ലാം അവൻ ഒരു മാതിരി സന്നി വന്നപോലെ പതറി നോക്കി ...എഴുന്നേറ്റു 

ആഘോഷത്തോടെ സാജി ചേട്ടൻ വന്നു  കണക്കു പുസ്തകം നീട്ടി  "മൊത്തം നാനൂറ്റി മുപ്പത് സാറേ .." അഞ്ഞൂറു കൊടുത്തു ബാക്കി വച്ചോളാനും പറഞ്ഞു കൈകഴുകാൻ എഴുന്നേറ്റപ്പോൾ  സാജി ചേട്ടൻ പറയുന്നു "സാറേ നല്ല ചൂട് ഉപ്പുമാവും പോത്തു കറീം ഉണ്ട് ഒരു പാഴ്‌സൽ എടുക്കട്ടേ " എന്ന് ...

പല ചിത്രങ്ങൾ ഉള്ളിലെ മോണിട്ടറിൽ  മിന്നി മാഞ്ഞു ..മെമ്മറി റിഫ്രഷ് ആകുമ്പോൾ .. വീണ്ടും ചിരിയും കരച്ചിലും ഒന്നിച്ചു വന്നു...അതും പല നിറങ്ങളിൽ ...സാക്ഷാ വീഴും കാലത്തിൽ  റവയോട് ഒരു റവറൻസ് ഉണ്ടായി. 

"വേണ്ടാ ചേട്ടാ ഇനി വരുമ്പോൾ ആകാം " ഞാൻ തോളിൽ പിടിച്ചു സാജി ചേട്ടനിൽ നിന്നും ജാമ്യം എടുത്തു .  

മെല്ലെ ഷാപ്പിൽ നിന്നുമിറങ്ങി പുളിങ്കുന്ന് ആറിൻറെ വിശ്രാന്തിയിൽ നിഴനക്കമില്ലാതെ ഇളം കാറ്റിൽ ഉറങ്ങി  നിൽക്കുന്ന തെങ്ങോലകൾക്കപ്പുറം തലയുയർത്തി നിൽക്കുന്ന പള്ളി കുരിശിനെ നോക്കി ..ഓളങ്ങളിൽ അലിഞ്ഞു ചേരുകയും പിന്നെയും തിരിഞ്ഞു വരികയും ചെയ്യുന്ന ..പള്ളി മേലാപ്പിനു നന്ദി . ഒപ്പം ഒരു കഥയായി മാറിയ റവയ്ക്കും.