Powered By Blogger

2023, സെപ്റ്റംബർ 30, ശനിയാഴ്‌ച

പേമാരി പെയ്യാനെന്തേ

പേമാരി പെയ്യാനെന്തേ

പേയും പനിയും വരുവാനാന്നോ..


ഇത് താളി വല്യമ്മേടെ ഈണത്തിലുള്ള ശങ്കരാഭരണം പാട്ട്.. മഴ കനക്കുമ്പോൾ തറയിലെ തീ അടുപ്പിന്റെ അരികെയിരുന്നു ചൂട് കാഞ്ഞ് തിളയ്ക്കുന്ന കപ്പ  കലത്തിന്റെ മൂടി പൊക്കി മുളം കമ്പ് കൊണ്ട് കപ്പയുടെ വേവ് നോക്കി .. പല്ലില്ലാ മോണ കാട്ടി .. ഈറ കുഴലെടുത്ത് റ പോലെ വളഞ്ഞ് അടുപ്പിലെ തീ ഊതും വലിയമ്മ    അപ്പോൾ തോളോളം തൂങ്ങിയ കാതിലെ പിത്തള കടുക്കൻ തീ വെട്ടത്തിൽ സൂര്യനെ പോലെ ജ്വലിച്ച് നിൽക്കും.

ഈ മാരി കാറും പുകിലും തുമ്പിക്കൈ വണ്ണം മഴയും പത്തായത്തിൽ പറ ഉരുട്ടും പോലുള്ള ഇടി മുഴക്കവും

പിറകോട്ട് ഒത്തിരി ഓർമ്മ ചാലുകൾ കോറി വിട്ടു…

താളി വല്യമ്മയുടെ ഓല മേഞ്ഞ, ചാണകം കൊണ്ട് തറ മെഴുകി വെടിപ്പാക്കിയ ഒറ്റ മുറി കൊട്ടാര മുറ്റത്ത് എത്തിച്ചു ആ ഓർമ്മ ചാലുകൾ എന്നെ. സന്തത സഹചാരിയായി വാരിയെല്ലും വാലും ഒരുപോലെ വളഞ്ഞ വെള്ള പട്ടിയും കുളിപ്പിച്ച് ഒരുക്കിയ അതിന്റെ നെറ്റിയിലെ ചുവന്ന പൊട്ടും. 

കാശാവും പുല്ലാഞ്ഞിയും ഒരു മെയ്യായി കെട്ടി മറിഞ്ഞു നിക്കുന്ന കുന്നിൻ മുകളിലേക്കുള്ള ഊട് വഴിയേ വല്യമ്മേടെ കൊട്ടാര വീഥിയിലൂടെ തൊട്ടാവാടിയുടെ മൊട്ടിൽ കുരുങ്ങിയ വെള്ളതുള്ളി കണ്ണിലൊഴിച്ച് ആവണക്കിന്റെ തണ്ടൊടിച്ച് ഊതി മാറ്റുമ്പോൾ മഴവിൽ വർണ്ണത്തിൽ വിരിഞ്ഞു പറക്കുന്ന കുമിളകളെ കയ്യാൽ തട്ടി പൊട്ടിച്ച് ഞങ്ങൾ കൂട്ടുകാർ കല്ലും കുഴിയും താണ്ടി ഓടി കയറും .. എന്തിനെന്നോ?

ചൂടു കപ്പ ഓരോന്നായി തറയിൽ വച്ച തേക്കിലയിലേക്ക് കുടഞ്ഞിട്ടു തരും വല്യമ്മ. ഉണക്ക മുളക് ചുട്ട് ചിരട്ട കൊണ്ട് അടപ്പ് ചട്ടിയിൽ വച്ചുടച്ച് ഉപ്പ് കല്ല് പൊടിച്ചിട്ട് ചക്കിലാട്ടിയ വെളിച്ചെണ്ണ അടുക്കളയുടെ കഴുക്കോലിൽ തൂക്കിയിരിക്കുന്ന വാട്ടർ ബെറീസ് കൊമ്പൗണ്ട് കുപ്പിയിൽ നിന്നും ഇറ്റിച്ച് ചാലിച്ച് അതെടുത്ത് മുൻപോട്ട് നീക്കി വച്ചിട്ടു പറയും “ കഴിക്കീന് മക്കളെ” എന്നിട്ട് ശബ്ദമില്ലാത്ത ഒരു പൊട്ടിച്ചിരി   വാ പൊത്തി പിടിച്ച് 

അടുപ്പിൽ ചൂടാൻ ഇട്ടിരുന്ന കപ്പ ഈറ കുഴലാൽ തോണ്ടിഎടുത്ത് വല്യമ്മ ചിരിച്ചോണ്ട് പറയും ഇത് പിള്ളേർക്കില്ല വല്യമ്മയ്ക്കാ

എന്നിട്ടത് മെല്ലെ പൊടിച്ച് പല്ലില്ലാത്ത മോണയിലിട്ട് ചവച്ചോണ്ട് ഈണത്തിൽ പാടും “രാധ പെണ്ണേ വാടി കിണ്ണൻ ചെറുക്കൻ തേനട പൊട്ടിച്ചു തരുമേ …മൂളിപാട്ടൊന്ന് ഈറ കുഴലിൽ മൂളി തരുമേ.,”

മഴയുടെ ഡി ജെ പാട്ടിനിടയിൽ മുങ്ങി പൊങ്ങുന്ന വല്യമ്മേടെ പതിഞ്ഞ ഹിന്ദോള കീർത്തനം

ഞങ്ങൾ ആർത്തിയോടെ കപ്പയും മുളക് ചമ്മന്തീം എപ്പ തീർത്തു എന്ന് പറഞ്ഞാമതി

ഓല മെടയിൽ കാറ്റ് വന്നു തട്ടി കലപില പറയുമ്പോൾ ആകാശത്തെ കറുപ്പിലേക്ക് നോക്കിയിരുന്ന് വല്യമ്മ പറയും “ കറുത്തമ്മേം മക്കളുമിറങ്ങിയെ ഇനി തുള്ളിക്ക് ഒരു കുടം വച്ചാട്ടേ” 

കൂനികൂടി ആരോ കൊടുത്ത നേര്യതിനാൽ ആകെ മൂടി പുതച്ചിരിക്കുന്നു വല്യമ്മ

കാച്ചിയ എണ്ണയുടെ മണം. ചെമ്പരത്തി താളിയുടെ മണം. 

വല്യമ്മ ഉച്ച ഉറക്കത്തിലേക്ക് തൂണും ചാരിയിരിപ്പായി

ഞങ്ങൾ ഒന്നും ചെയ്യാനില്ലാതെ മഴ നോക്കി ഇരുന്നപ്പോൾ ഉറക്കം വന്നുവോ…

ഉണർന്നപ്പോൾ വല്യമ്മ ഇല്ല 

കാച്ചെണ്ണ തേച്ച് കുളിപ്പിച്ച് 

നേര്യത് പുതപ്പിച്ച് എന്നോ ആരൊക്കെയോ ആരുമില്ലാത്ത വല്യമ്മയെ കിണ്ണൻ ചെറുക്കന്റെ ഈറ കുഴലിൽ ചേർത്തു വച്ചിരുന്നു

കാശാവും തൊട്ടാവാടിയും പുല്ലാഞ്ഞിയും നെടുവീർപ്പിട്ടു മഴ നനഞ്ഞു നിൽക്കുന്നു ഒന്നും മിണ്ടാതെ..

ഞങ്ങൾ ഉറക്കത്തിൽ സ്വപ്നം കണ്ടുവോ?

ഇല്ല കുളിപ്പിച്ചൊരുക്കിയ വല്യമ്മേടെ ഞാറുവാലി പട്ടി ദാ അടുപ്പിന് അരികിൽ ആരെയോ കാത്ത് കിടക്കുന്നു. നെറ്റിയിൽ പൊട്ടില്ലാതെ!!

2021, ഫെബ്രുവരി 27, ശനിയാഴ്‌ച

സാക്ഷാ വീണപ്പോൾ റവയ്ക്കെന്തു പറ്റി ?

സാക്ഷാ  വീണപ്പോൾ  റവയ്ക്കെന്തു പറ്റി ?

കടലും കടലാടിയും അല്ലെങ്കിൽ മോരും മുതിരയും തമ്മിൽ പോലും    ഈ അഞ്ചാം ജെൻ  ഇന്റർനെറ്റ് (  അന്തർ ജ്ഞാന അതിവേഗ വല  എന്നൊക്കെ  ഭാഷ്യം ചമയ്ക്കാം ) ആറാം  ഇന്ദ്രിയകാലത്ത് എന്തും  ചേരും പടി  മോർഫ് ചെയ്യാമെന്നിരിക്കേ ,   എത്ര  എത്ര വാനിഷിംഗ്‌  അല്ലെങ്കിൽ എസ്കേപ് മാജിക്കുകൾ നമ്മൾ ഗർദ്ദഭോത്തമന്മാർ ഇന്നും കണ്ടു കൊണ്ടിരിക്കെ    ഇതെന്തൊരു   പൊല്ലാപ്പ് !! 

"ഈ സാക്ഷായും അത്  വീഴുമ്പോഴത്തെ  റവയും ദൈവേ ഇതെന്നതാന്നെ "  എന്ന് ഒരു പിടിയും കിട്ടുന്നില്ല. "ഇനി വല്ല പുത്തൻ   സിനിമാ പേരുമായിരിക്കും, "     കുരുമുളക്    കടുകിനൊപ്പം കരിയാപ്പ് ഇലയുടെ തണലിൽ  ഒളിഞ്ഞും തെളിഞ്ഞും എണ്ണയിൽ പൊന്തി കിടക്കുന്ന  പിഞ്ഞാണ പാത്രത്തിലെ താറാവ്  ചാറിൽ സർഫ്  ചെയ്തു കൊണ്ട്   പുളിങ്കുന്ന് ഷാപ്പിന്റെ തകിട് മേഞ്ഞ മറപ്പുരയുടെ ഉള്ളിൽ ബെയറിങ്  ബെയറിങ്  എന്നു കരയുന്ന ഫാനിന്റെ അടിയിൽ കസേര മേൽ കാലു വച്ച് കുഞ്ഞുമോൻ സംശയാലുവായി “അണ്ണാ  എന്തുവാന്നു വച്ചാൽ പറ എനിക്കീ സസ്പെൻസും ഒന്നുമറിയത്തില്ലേ  ..."

അവന്റെ മുണ്ടിന്റെ കോന്തല കാറ്റിൽ കൊടി പോലെ വിട്ടു വിട്ടു പാറുമ്പോൾ സാമൂഹിക അകലത്തിനിടയിൽ പഴയ ഫ്രഞ്ചി നെടുവീർപ്പിടുന്നത്  കാണാമായിരുന്നു  

നെടു നീളൻ തേങ്ങാ കൊത്ത് ഒരെണ്ണം കറിയിൽ നിന്നു ചാറാടെ കോരി അണ്ണാക്കിന്റെ സി ഡി  റോമിൽ  നേരിട്ട്  ഫീഡ് ചെയ്ത് അവൻ പിന്നെയും അക്ഷമനായി ഒരു കുടം വരുത്താന്‍ മേശ മേല്‍ ക്യൂ " ഇട്ടു 

കമ്പ്യൂട്ടര്‍ മാത്ര  (ത്രുടി എന്ന് പണ്ട് മുനിമാർ പറഞ്ഞ സമയ നിമിഷാർത്ഥം !) പോലും എടുക്കാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ ചടുലതയിൽ വീണ്ടും എത്തുന്നു കളം  കളം കൈലിയും  അതിലും വല്യ  കളമുള്ള  ഉടുപ്പിന്റെ കൈമടക്കിൽ തിരുകിയ ചോക്ക് മുറിയുമായി  ഷാപ്പിലെ എല്ലാമെല്ലാമായ സെൻട്രൽ പ്രോസസ്സർ എന്ന് വിളിക്കാവുന്ന ചുരുണ്ട മുടി അലസമായി മാടിയ വെളുത്ത ചേട്ടൻ,  പേര് എല്ലാ ഷാപ്പിലേയും പോലെ ബ്രാൻഡഡ്   "സാജി". എന്ന് .  ചെറു പുഞ്ചിരിയിൽ കള്ളിലെ നുര പോലും അലിയും .   "എന്നാ വേണം " ചോദ്യം വരും വഴിയേ എറിഞ്ഞു ...

മറു ചോദ്യം എൻ്റെ  വഹ  " ചേട്ടാ ചോക്കു മുറി ചെവിയിൽ തിരുകി തലേൽ ഒരു കെട്ടും കെട്ടി  ദാ  വന്നു ദാ പോയി എന്നുള്ള രീതിയായിരുന്നല്ലോ മുൻപൊക്കെ ..ഇപ്പോൾ  ഉടുപ്പിൻറെ കൈമടക്കിൽ ചോക്കും തിരുകി .....ആ പഴയ ഗും ഒന്നും   ഇതിനില്ല ..." 

"അയ്യോ സാറേ  വെറുതെ ഒരോർമ്മയ്ക്ക് വച്ചിരിക്കുന്നതാ ഇത്   കണക്കും മറ്റും മനസ്സിലാ  എഴുത്ത്   പഴയ പോലെ എഴുതി കൂട്ടാൻ തടിയുടെ പലക മെട ഇല്ലാ  ..എല്ലാം ജി ഐ ഷീറ്റാ  അതിൽ എഴുതിയാൽ മൊതലാളി തെറി വിളിക്കും ...."

വെളുത്ത തടി പലക ഇടവിട്ട് തറച്ച,   ഓലയുടെ മേച്ചിലിനു മുകളിലൂടെ തീവണ്ടിയിലെ പോലെ പുക വരുന്ന , വയൽ വരമ്പിലെ  തെങ്ങിൻ തണലിൽ എഴുതിയ  ചിത്രം പോലെ  നിന്നിരുന്ന ഷാപ്പും  കാറ്റിലൂടെ  ഒഴുകി വന്നിരുന്ന കായാമ്പൂ കണ്ണിൽ വിടരും എന്ന്  ആരോ പാടുന്ന ഈണവും ... ഒരു നിമിഷം എന്നെ  വള്ളി  നിക്കറിട്ട് അച്ഛനൊപ്പം നടത്തി ...

"അപ്പം എന്നതാ വേണ്ടേ " സാജിയുടെ ചോദ്യം എന്നെ സ്ലീപ്പ് മോഡിൽ നിന്നും ഉണർത്തി 

"ഒരു കുടം  കൂടി എടുത്തോ " കുഞ്ഞു മോൻ ഉണങ്ങിയ വിരലുകൾക്ക് നനവ് പകരാൻ ചാറിൽ ഒന്ന് മുക്കി .. നടു  വിരൽ  കൊണ്ട് തയ്യാറായി 

വൈകിയാൽ എന്റെ പോക്കറ്റിൽ കരിപടരും എന്ന് ഞെട്ടലോടെ ഞാനറിഞ്ഞു  ഒരിറ്റു ചാറിൽ താറാവിന്റെ കഷണം മുക്കി പിഴിഞ്ഞു   വേവിച്ച കപ്പയുടെ മഞ്ഞ മുഖത്തു തേച്ചു ഞാനും നാക്കിനെ ഉശാറാക്കി . കൊണ്ട് വന്നു വച്ച  കുടത്തിലെ    ഒരിറക്ക് കള്ളിൽ   കള്ളിലെ ഒടി വിദ്യ അറിഞ്ഞു !  പാലക്കാടൻ കാറ്റിൻറെ ചൂര് . 

കുഞ്ഞു മോൻ കുടമടുപ്പിച്ചു  കള്ളിത്തിരി ഇറക്കി  താറാവിൻറെ ഒരു ചെറിയ കഷണം വടക്കൻ പുകയില പോലെ വലത്തേ അണയിൽ തിരുകി 

"അണ്ണാ  എന്നതാ ഈ റവേം സാഷായും "   കള്ളിന്റെ കടുപ്പമാകാം കുഞ്ഞുമോൻറെ  സാക്ഷയയുടെ ക്ഷ  വലിച്ചു ഷായാക്കി  ... ഇനി അത് ഴ ആകും മുൻപ് പോകണം .

" ഡാ  നീ ലോക്ക് ഡൗൺ  ഓർക്കുന്നുണ്ടോ " ഞാൻ കാര്യത്തിലേക്കു കടന്നു 

"എൻ്റെ  അണ്ണാ  എങ്ങനെ മറക്കും  ..അവൻ അറിയാതെ ഒരു പച്ച മുളകങ്ങു കടിച്ചുപോയി   എരി കേറിയപ്പം പിന്നേം കുടമെടുത്തു ..ഒള്ളത് ഊറ്റി ഗ്ലാസ്സിൽ പകർന്നു .. എനിക്ക് വേണോ എന്നുള്ള സാമൂഹിക അടുപ്പമൊന്നും  ഈ സമയത്തു  പാടില്ല  എന്നവനറിയാം ..

"ഡാ  സാക്ഷാ വീഴുക എന്നു പറഞ്ഞാൽ വാതിലിൻറെ  കുറ്റി ഇടുക അത്രേയുള്ളൂ  അതിനെയാ  ലോക്ക് ഡൗൺ എന്നൊക്കെ പറഞ്ഞു കടു കട്ടിയാക്കിയത്,   ലോക്കപ്പുപോലെ പറഞ്ഞിനി  ഇതും പഴകണം  " ഞാൻ വിശദീകരണം നൽകി 

"എൻ്റെ  അണ്ണാ  ആ സമയത്തല്ലിയോ നമ്മുടെ മുക്കിനത്തെ ഓട്ടോ പിള്ളാരും എല്ലാംകൂടെ സമയം കളയാൻ നായും പുലീം കളിച്ചതിന് ലവമ്മാര് വന്നു ചൂരലുകൊണ്ട് പൊറം മെഴുകിയത്  ഇരുന്നൂറു വച്ചു പെറ്റീം കൊടുത്തു. മുള്ളു മുരിക്കത്തെ കല്യാണി ഇച്ചേയിയോട് മാസ്ക് ചോദിച്ചതും എൻ്റെ മക്കളെ അതിൻ്റെ കെട്ടു പറിഞ്ഞു പോയി എന്നും പറഞ്ഞു റൗക്ക പൊക്കി കാണിച്ചതും ...ഇതൊക്കെ എങ്ങനെ മറക്കാൻ ..അണ്ണൻ പറ ..ഇപ്പം അമ്മേ കൊടുത്ത് പ്രാന്തിയെ വാങ്ങിയപോലായി" എന്തൊരു പുഹിലായിരുന്നു ..ശിവനേ ... കുഞ്ഞുമോൻ കവടി പിഞ്ഞാണത്തിൻ്റെ സൈഡ്  വടിച്ചു പുതിയ ഒരു വഴി തീർത്തു അവനു മാത്രം പ്രവേശിക്കാൻ !

"ഡാ  എനിക്കും എന്നെത്തെയും പോലെ അന്നും പറ്റി ഒരബദ്ധം ..ഞാൻ രാവിലെ നോക്കിയപ്പം കഴിക്കാനൊന്നുമില്ല  തലേന്നത്തെ ചോറും ഇല്ല വിശപ്പു കൊണ്ട് തല കറങ്ങി    ആകെ വാ തൊട്ട് താഴോട്ടുള്ള യൂ  ട്യൂബ് മുഴുവനും  വൈറലായി , ഈ സാക്ഷ വീണ കാലത്ത് കടയൊന്നും  തുറന്നിട്ടില്ല താനും ... അപ്പോൾ അറിയുന്നു സോമൻറെ കട തുറന്നെന്ന്, സ്‌കൂട്ടർ എടുത്തു മാസ്ക് വലിച്ചു കെട്ടി നൂറു കിലോ സ്പീഡിൽ അവിടെയെത്തി ... ബണ്ണും ബ്രെഡ്ഡും എല്ലാം തീർന്നു ..റവ മാത്രം ഉണ്ട് ..കട അടയ്ക്കാൻ ലോക്കുകൾ സോമൻ ഓരോന്നായി ഡൗണാക്കി തുടങ്ങി ..പോലീസ്  ഏതു നേരവും വരാം ..റവ എങ്കിൽ റവ കഞ്ഞി വച്ച് കുടിക്കാം ..വിശപ്പ് ഒന്നടങ്ങുമല്ലോ എന്ന് കരുതി ഒരു കവർ റവ വാങ്ങി സ്‌കൂട്ടർ എടുക്കാൻ വന്നതും അയൽവാസി കറങ്ങി തിരിഞ്ഞു മുൻപിൽ നിക്കുന്നു...വെശപ്പല്ല  പുള്ളിക്കാരൻറെ ഇഷ്യു  വേറെന്തോ ആണ് ... അയാളേം കേറ്റി സ്‌കൂട്ടർ വന്നതിലും വേഗത്തിൽ തിരിച്ചു    വിട്ടു പടിക്കൽ അയാളിറങ്ങി            നന്ദി ചൂടോടെ ചുട്ടു തന്നതും  ... ദാ മുൻപിൽ കുലുക്കി കൊണ്ട്  വന്നു നിക്കുന്നു വെള്ള സുമോയിൽ ഏമാന്മാർ .

"എവിടാരുന്നു ..യാത്രാ കുറിപ്പ് കയ്യിലുണ്ടോ .." (ടൂർ ഡയറി) മുൻപിൽ ഇരുന്ന വല്യേമ്മാൻ ചോദിച്ചതും പുറകിലുള്ളവർ മെയിൽ ഫി മെയിൽ കോറസിട്ടു . കാണാവുന്ന ദൂരത്തെ കട ചൂണ്ടി കാട്ടി പഞ്ച പുശ്ചം അടക്കി ഞാൻ പറഞ്ഞു "ഇത്തിരി റവ വാങ്ങാൻ പോയതാ ഇത്ര ദൂരമേ ഉള്ളു എന്നത് കൊണ്ട് പ്രോഗ്രാം ചാർട്ട് തയാറാക്കിയില്ല  ക്ഷമിക്കണം " 

ഏമ്മാൻ റവ പൊതിയിൽ സാകൂതം ഉഴിഞ്ഞു ഒപ്പം സ്വന്തം മാസ്കിനകത്തൂടെ താടിയിലും ..ചിന്തകനായി പിന്നെ പണ്ഡിതനായി ... ഒരു പൊതി റവയിൽ ഒരു ലോകത്തിൻറെ വിശപ്പ് കലപില കൂട്ടുന്നത് എനിക്ക്  കേൾക്കാമായിരുന്നു ...ആലോചനാ നിമഗ്നനായി ഇരുന്നു ഏമ്മാൻ,   അപ്പോൾ കാന്തന് കാന്തി കുറഞ്ഞത് കാണുമ്പൊൾ കാന്തമാർ ...എന്ന് പണ്ടാരോ പാടിയപോലെ മറ്റുള്ളവരും ധ്യാനത്തിലായി ...മുൻപോട്ട് ആഞ്ഞു വയറൊന്നു കുലുക്കി അദ്യം പറഞ്ഞു " റവ ഒന്നും അത്ര ആവശ്യമുള്ള സാധനമൊന്നുമല്ല ..റവ ഇല്ലാതേം ഒരു ദിവസമോ മാസമോ ഒക്കെ  കഴിയാം "  ....!!!

 അപ്പോൾ അരിയോ  അല്ലെങ്കിൽ ഗോതമ്പോ , അല്ലെങ്കിൽ ഈ ജീവിതം തന്നെയോ .. ഇതൊക്കെ എന്നും വേണോ ആ ...എൻ്റെ വെശപ്പെന്നോട് ചോദിച്ചുകൊണ്ട് പല്ലിളിച്ചു ..

"ഏതായാലും ഈ അവസ്ഥയിൽ വീട്ടു പടിക്കലായതു കൊണ്ട് നടപടി ഒന്നും തൽക്കാലമില്ല ..പക്ഷെ ഇനി റവ വാങ്ങാൻ ചുമ്മാ പൊറത്തിറങ്ങരുത്" രൂക്ഷമായി നോക്കി അദ്ദേഹം പറഞ്ഞു  മറ്റുള്ളവർ അതെ അർത്ഥത്തിൽ കണ്ണുകൊണ്ടും . വല വീശിയപ്പം അതിൽ കേറിയ പൂളോൻ  എന്ന ഒന്നും കൊള്ളാത്ത മീനിനെ പോലെ എന്നെ വലിച്ചെറിഞ്ഞപോലെ തുള്ളി തുള്ളി നിന്ന്  സുമോ അവസാനം  കുതിച്ചു പാഞ്ഞു .

വല്ലാത്ത ഒരു ഇതിൽ ഞാൻ കൈ നഖം കടിച്ചു നിന്നു പോയി  ..അല്ലാ തിന്നു പോയി  എന്നു വേണേൽ പറയാം  

എന്തായാലും റവ കഞ്ഞിയാക്കി ഒരു പാത്രം കുടിച്ചു കഴിഞ്ഞപ്പം ഉറക്കം ചെവിയിൽ താരാട്ടു പാടി ..മലർ കോടി പോലെ .....ഫോൺ കുറുകുന്നത് കേട്ടാണ് ഉണർന്നത് ,  വളരെ പഴയ പോലീസ് സുഹൃത്ത് ഇപ്പോൾ വല്യ ആപ്പീസർ വെറുതെ ലോക്ക് ഡൗൺ  ലോഹ്യങ്ങൾ പറയാൻ വിളിച്ചതാ ..തനിയെ താമസിക്കുന്നവനോടുള്ള അനുകമ്പ ആഹാര നിഹാരാദികൾ ഈ സാക്ഷാ വീഴും കാലത്ത് എങ്ങനെ എന്നറിയാനുള്ള സ്നേഹാതുരത ...

കാലത്തെ റവ വിശേഷം അദ്ദേഹത്തോട് സൊറയായി പറഞ്ഞു  അദ്ദേഹം ചിരിക്കാൻ വേണ്ടി ഫോൺ നിർത്തി ..കുറെ കഴിഞ്ഞു  വീണ്ടും വിളിച്ചു ചിരിയോടെ തന്നെ തുടങ്ങി .." ഡോ  ഞാനാ ഏമാനെ കുറിച്ചു തെരക്കി ..റവ എന്ന് കേട്ടാൽ കാള ചുവപ്പു കണ്ടപോലാ പുള്ളിയത്രെ ..പുള്ളിക്ക് റവ കഴിച്ചാൽ പിന്നെ ഒരാഴ്ച എരണ്ട കെട്ടാ   ..ക്യാമ്പിൽ ഉപ്പുമാവുള്ള ദിവസം പുള്ളി ഉപവാസമാ ..സ്റ്റേഷൻ ക്യാന്റീനിൽ പുള്ളി വന്ന സമയം ഉപ്പുമാവുണ്ടാക്കിയവനെ  വൊക്കാബുലറിയിൽ ഇല്ലാത്ത തെറി വിളിച്ചുവത്രെ ഏതോ സ്‌പെഷ്യൽ ഡ്യൂട്ടിക്കിടയിൽ റവ ഉപ്പുമാവ് കഴിച്ച് ആശുപത്രീലും ആയി  ...   അതും പോരാഞ്ഞു  കല്യാണം  കഴിച്ച സമയത്ത്  ഭാര്യയുമായി  ആദ്യം പിണങ്ങിയതും  റവ  ഉപ്പു  മാവിനെ ചൊല്ലി ആയിരുന്നത്രേ ..   അയാളാ റവ എടുത്ത് തനിക്കൊരെണ്ണം തന്നില്ലല്ലോ ....ചിരി അടക്കാൻ വയ്യാതെ ഞാനും സാറും ശ്വാസത്തിന് മുട്ടി...

എങ്കിലും എൻ്റെ വിശപ്പിലും എത്രയോ വലുതാണ് ആ നല്ല  മനുഷ്യൻറെ മനോവ്യഥ എന്നോർത്തപ്പോൾ എനിക്ക് റവയോട് അരിശം തോന്നി .    ഈശ്വരാ ഈ സാക്ഷാ വീഴും കാലത്ത് റവയുടെ ഒരു കാര്യമേ ..അല്ലെങ്കിൽ ഇത്ര ഭീകരമായ ഒരു മുഖം റവയ്ക്ക് ഉണ്ടെന്നുള്ള കാര്യം ആരറിയുന്നു ആര്യാസിലും  മറ്റും വച്ചു  കണ്ടാൽ എന്ത് പാവം ഉപ്പുമാവ് ..ഒരു കള്ളനെ കറക്കിയാൽ പോട്ടെ ..ഇതൊരു നിയമ പരിപാലകനോടാ എന്നോർക്കുമ്പം റവ അത്ര ചെറിയ മീനൊന്നുമല്ല എന്നറിയുന്നത് ......  വിശപ്പിനു നന്ദി ..തിരിച്ചറിവുകൾ തന്നതിന്.!! ഒപ്പം ആ സാറിന് ഒരു "റവ ദുരിതവും" വരാതിരിക്കട്ടെ ..പ്രാർത്ഥന .

ഇത്രേം പറഞ്ഞു ഞാൻ കുഞ്ഞുമോനെ നോക്കി  അവൻ്റെ മൂളൽ കുർക്കമായി മാറിയിരുന്നു   വിശപ്പടങ്ങിയാൽ ആരായാലും ഉറങ്ങിപ്പോകും അതും വായും തുറന്ന്    ഇത് ലോക തത്വം.!! കയ്യിലെ തേങ്ങാ കൊത്ത് വിളറി ഒരു മാതിരി ടൈഫോയിഡ് വന്നവരുടെ മുഖം പോലെ ആയിരിക്കുന്നു.

"ഡാ   പോണ്ടായോ " അവനെ ഉണർത്തി ..ഉണർന്ന പാടെ കൈയ്യിലിരുന്ന തേങ്ങാ കൊത്തിലും വരണ്ട പാടം  പോലെ കിടക്കുന്ന പിഞ്ഞാണിലും കള്ളിൻ കുടത്തിലുമെല്ലാം അവൻ ഒരു മാതിരി സന്നി വന്നപോലെ പതറി നോക്കി ...എഴുന്നേറ്റു 

ആഘോഷത്തോടെ സാജി ചേട്ടൻ വന്നു  കണക്കു പുസ്തകം നീട്ടി  "മൊത്തം നാനൂറ്റി മുപ്പത് സാറേ .." അഞ്ഞൂറു കൊടുത്തു ബാക്കി വച്ചോളാനും പറഞ്ഞു കൈകഴുകാൻ എഴുന്നേറ്റപ്പോൾ  സാജി ചേട്ടൻ പറയുന്നു "സാറേ നല്ല ചൂട് ഉപ്പുമാവും പോത്തു കറീം ഉണ്ട് ഒരു പാഴ്‌സൽ എടുക്കട്ടേ " എന്ന് ...

പല ചിത്രങ്ങൾ ഉള്ളിലെ മോണിട്ടറിൽ  മിന്നി മാഞ്ഞു ..മെമ്മറി റിഫ്രഷ് ആകുമ്പോൾ .. വീണ്ടും ചിരിയും കരച്ചിലും ഒന്നിച്ചു വന്നു...അതും പല നിറങ്ങളിൽ ...സാക്ഷാ വീഴും കാലത്തിൽ  റവയോട് ഒരു റവറൻസ് ഉണ്ടായി. 

"വേണ്ടാ ചേട്ടാ ഇനി വരുമ്പോൾ ആകാം " ഞാൻ തോളിൽ പിടിച്ചു സാജി ചേട്ടനിൽ നിന്നും ജാമ്യം എടുത്തു .  

മെല്ലെ ഷാപ്പിൽ നിന്നുമിറങ്ങി പുളിങ്കുന്ന് ആറിൻറെ വിശ്രാന്തിയിൽ നിഴനക്കമില്ലാതെ ഇളം കാറ്റിൽ ഉറങ്ങി  നിൽക്കുന്ന തെങ്ങോലകൾക്കപ്പുറം തലയുയർത്തി നിൽക്കുന്ന പള്ളി കുരിശിനെ നോക്കി ..ഓളങ്ങളിൽ അലിഞ്ഞു ചേരുകയും പിന്നെയും തിരിഞ്ഞു വരികയും ചെയ്യുന്ന ..പള്ളി മേലാപ്പിനു നന്ദി . ഒപ്പം ഒരു കഥയായി മാറിയ റവയ്ക്കും.













2015, മേയ് 10, ഞായറാഴ്‌ച

പകരുന്ന കാൻസറുകൾ

"പിന്നെ, പിന്നെ , കാൻസർ പകരുമായിരിക്കും ?  അല്ലേ പിന്നെ ഇവരെന്നാ നമ്മള് ഇത്രേം കഷ്ടപ്പെട്ട് ഒരുങ്ങി വന്നിട്ട് ഒന്ന് കാണാൻ സമ്മതിയ്ക്കാഞ്ഞെ ?" ഗേറ്റ് പോലും തുറന്നില്ല "

വീടിനു മുന്നിലെ റോഡിൽ നിന്നും ഒരു മുദ്രാവാക്യം പോലെ ഒത്തിരി പേർ ഒരുമിച്ച്  വായുവിലേയ്ക്ക് എയ്ത  ചോദ്യ ശരം  പുരാണ സിനിമയിലെപ്പോലെ കറങ്ങി തിരിഞ്ഞ് ജന്നൽ വഴി മുറിയിലെത്തി .
അർദ്ധ മയക്കത്തിലായിരുന്ന ഞങ്ങൾ ആ  ശരമേൽക്കാതെ ഒഴിഞ്ഞു കിടന്നു.!

"എല്ലാവരും കേറ് ..ഓട്ടോ കൂലി പോയത് പോട്ടെ,  ഈ സാരീം ബ്ലൗസും വെറുതെ എടുത്ത് ഉടുത്തല്ലോ .. മൂത്ത മോനും മരുമോളും സിനിമയ്ക്ക് ചെല്ലാൻ പറഞ്ഞതാ ..അതുമില്ല ...ഇതുമില്ലാ "
വില്ലൻ ചുമയുള്ളവന്റെ ചുമ പോലെ നെഞ്ചിടിപ്പിച്ച് " ആപ്പ " എന്ന മുക്കാലി വളവു തിരിഞ്ഞ് കല പില ശബ്ദത്തോടെ അകലുമ്പോൾ  ഞാൻ  കട്ടിലിൽ  എഴുന്നേറ്റിരുന്നു .

കുത്തി വെപ്പുകളുടെ, തെറാപ്പികളുടെ ഒക്കെ  വേദന ച്യുഇങ്ങ് ഗം പോലെ വീണ്ടു ചവച്ചു കിടന്ന ഭാര്യയുടെ ചുണ്ടിൻ മൂലയിൽ ഒരു ചെറു ചിരി പൊട്ടി..
" അവർക്ക്  ചുരിദാർ ഇട്ടോണ്ട് വരാൻ പാടില്ലായിരുന്നോ ..അതാകുമ്പം ഉടയത്തില്ലായിരുന്നു " അവൾ ഞരങ്ങി.
 "കാൻസർ പകരുകില്ലെങ്കിലും      കാഴ്ചക്കാർ ഒരു പകർച്ച വ്യാധി തന്നെ.."

"ആശുപത്രിയിൽ കിടന്ന കാര്യങ്ങൾ ഓർത്താൽ ചിരിച്ചു തന്നെ മരിക്കും..ഈ നശിച്ച വേദന കാരണം ഒന്നു ചിരിക്കാനും വയ്യാ "  മെല്ലെ എഴുന്നെറ്റിരുന്നു കൊണ്ട് അവൾ പറഞ്ഞു..

"റ്റ്യുമർ  റിമൂവ് ചെയ്ത് കഴിഞ്ഞു ഞാൻ പോസ്റ്റ്‌ ഓപ്പറേറ്റിവ് ഐ സി യുവിൽ സമയ കാല ദേശ ബോധമില്ലാതെ മയങ്ങി മയങ്ങി കെടക്കുംപോൾ പച്ച കർട്ടനിടയിൽ കൂടി മങ്ങി തെളിഞ്ഞ ഒരു രൂപം  ചിരിച്ചോണ്ട് നിക്കുന്നു, നിങ്ങളെ കാണാൻ  നോക്കിയ  എന്റെ  ബുദ്ധിയിൽ തെളിഞ്ഞു വന്നു   ആ രൂപം  .... നമ്മുടെ അയൽ വാസി സജി !
"എന്റെ ചേച്ചീ കാലൊന്നു മുറിഞ്ഞു, വെച്ചു കെട്ടാൻ വന്നതാ അപ്പോളുണ്ട് എന്റെ ഒരു കൂട്ടുകാരാൻ നിക്കുന്നു  ..ഈ ആശുപത്രിയിലെ ജോലിക്കാരനാ ..അവനെ സോപ്പിട്ട് ഞാനീ  ഐസി  മുറീൽ   കേറി ..ചേച്ചി അറിഞ്ഞോ നമ്മുടെ അപ്പുറത്തെ തങ്കച്ചായൻ  ഇപ്പോൾ  അങ്ങോട്ട്‌ മരിച്ചതെയുള്ളൂ ..മോർചറീൽ വയ്ക്കാൻ കൊണ്ടു വന്നപ്പോൾ ഞാൻ കണ്ടു , നല്ല ജീവനുള്ളതുപോലെ കെടക്കുന്നു.." 
"എന്റെ കണ്ണടഞ്ഞു പോയി  ...കാതും ..ജീവനുള്ളതു പോലെ ഞാനും കെടന്നു ...പച്ച തുണി അടച്ച് അവൻ പോയി.."      "ഇപ്പോൾ ചിരി വരുന്നെങ്കിലും ..അന്നു  ഞാൻ പേടിച്ചു പോയി  ..നിങ്ങളും   കുഞ്ഞും..അതോർത്താ
ഓപ്പറേഷൻ കഴിഞ്ഞ് ബോധം വന്നപ്പോൾ എനിക്കാദ്യം കിട്ടിയ ആശംസാ പാരിതോഷികം  അതായിരുന്നു.."

"പിന്നെ  കോമഡികളുടെ  ഒരു പരേഡ് തന്നെയായിരുന്നു.."
തലയിണ വച്ച്  അവൾ ഒരു കോമഡി ഷോയ്ക്ക് തയ്യാറെടുത്തു ....
" നിനക്ക് നല്ല വേദനയില്ലേ കുറച്ചു നേരം മിണ്ടാതെ കെടക്ക്‌ "  എന്നിലെ ഭർത്താവിന്റെ ഉത്തരവാദിത്വം നുരഞ്ഞു പൊങ്ങി!
ഒരു മാസത്തോളമായി ഞാനീ സ്ക്രിപ്റ്റെല്ലാം  അടുക്കി പെറുക്കുകയായിരുന്നു . ഒന്ന് ചിരിക്കാൻ . ഒത്തിരി കരഞ്ഞില്ലേ നമ്മൾ....

അവിടുന്ന് മാറ്റി  മുറിയിലേയ്ക്ക് വീൽ ചെയറിൽ കൊണ്ടു വരും വഴി മുൻപിൽ നിക്കുന്നു  ചിറ്റപ്പൻ  ചിരിച്ചോണ്ട് ..
കൂടെ മുറീൽ കേറി പുള്ളി ആദ്യമേ ഇരുന്നു, കുട മേശപ്പുറത്ത് വച്ചു . എന്നിട്ടൊരു ചോദ്യം " നീയിതെന്താ നേരത്തെ പറയാഞ്ഞേ ...രോഗ വിവരമൊന്നും നേരത്തെ അറിഞ്ഞില്ല അല്ലെ.."
"എന്റെ ചിറ്റപ്പാ  രോഗം എന്നെയും എഴുത്തിട്ട് അറിയിച്ചില്ല അതുകൊണ്ട് എനിക്കും ആരെയും അറിയിക്കാൻ പറ്റിയുമില്ല ..കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ! ഞാനൊന്ന് ഉറങ്ങട്ടെ "
ചിറ്റപ്പൻ  ഇരുത്തി ഒന്നു മൂളി  , കുട കയ്യിൽ  എടുത്തു വാച്ചിൽ സമയം നോക്കി .."ഇപ്പ പോയാൽ ബസ്സുണ്ട് ..പൊയിട്ട് ലളിതാ മണിയേം കൂട്ടി പിന്നെ വരാം.."
കോടാലിയ്ക്ക് വാ കീറിയ കുഞ്ഞമ്മേടെ വരവോർത്ത് ..ഒരു ഞെട്ടലോടെ ഞാൻ മയക്കത്തിലേയ്ക്ക് വീണതും
കതകു കിരു കിരാ കരഞ്ഞു ..ഒന്നല്ല രണ്ടു തല ഒന്നിച്ച് .  അയൽക്കാർ . വന്നപ്പോഴേ എങ്ങലടിച്ചു കരച്ചിൽ തുടങ്ങി " എന്നാലും എന്റെ മോളെ നിനക്കിതു വച്ചിരുന്നല്ലോ ദൈവം .. എന്തോ പറയാനാ ഇങ്ങനാരുന്നു കെഴക്കേലെ കുഞ്ഞൂഞ്ഞമ്മ മൂന്നു മാസം കഷ്ടിച്ചു കെടന്നു കാണും..പാവം.."

എന്റെ ഞെട്ടൽ മാറി ശ്വാസം മുട്ടലായി .  ഞാൻ കണ്ണടച്ചു . അപ്പോൾ കൂട്ടത്തിൽ ഒരാൾ എന്നെ തൊട്ടു വിളിച്ചു എന്നിട്ട് പറഞ്ഞു "മോളു പേടിക്കണ്ടാ നിനക്ക് അങ്ങനെയൊന്നും വരില്ലാ! " എന്ന് .
ബോധാത്തിലെയ്ക്ക് ഒരു സൂചി കൂടി അടിച്ചു കയറ്റി അടുത്ത ആൾ .."മോളെ കല്ല്യാണം കഴിച്ച് വിട്ടിട്ടായിരുന്നെങ്കിലും വെണ്ടില്ലായിരുന്നു "  ...
അവർ പോകാനുള്ള മട്ടു കാണിക്കുന്നതേയില്ല ..എന്ന് ചിന്തിച്ചപ്പോൾ  ദൈവാനുഗ്രഹം പോലെ   വാതിൽ  തുറന്നു നീല കോട്ടിട്ട ഒരു നേഴ്സ് കയ്യിൽ ഒരു ട്രേയുമായി എത്തി ...
"അയ്യോ ചേച്ചീടെ മുറിവൊന്നും ഉണങ്ങീട്ടില്ല വിസിറ്റേഴ്സ് പാടില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് "
എന്ന്  പറഞ്ഞതും അവർ മുഖം കറുപ്പിച്ച് എന്നോടു പറഞ്ഞു.."പോട്ടെ മോളെ കടേൽ ബ്ലൌസ് തയ്ക്കാൻ കൊടുക്കാൻ വന്നതാ ..അവിടെ ചെന്നപ്പം കട വൈകിട്ടേ തുറക്കൂ എന്നാപിന്നെ നിന്നെ കാണാം എന്ന് വിചാരിച്ചു ..ഇനി മുറിവ് കരിഞ്ഞിട്ട് വരാം.."  എത്ര നിഷ്ക്കളങ്കർ ഉള്ള കാര്യം പറഞ്ഞതിന്റെ സന്തോഷത്തോടെ ഞാൻ അവരെ യാത്രയാക്കി.

"ചേച്ചീ ഒരു ഇൻജെക്ഷൻ എടുക്കട്ടെ ..കാനുല നോക്കട്ടെ " എന്ന് പറഞ്ഞു നേഴ്സ്  കയ്യിൽ മെല്ലെ പിടിച്ചു
ഒരു രസത്തിനു ഞാൻ ചോദിച്ചു " എന്തിനുള്ള ഇന്ജെക്ഷനാ കുഞ്ഞേ.."
"ഷുഗറിനുള്ളതാ "   എന്റെ ശരീരമാസകലം വെറകൊണ്ടു ...എനിക്കില്ലാത്ത ഒരസുഖം അതായിരുന്നു അതിപ്പോൾ എങ്ങനെ വന്നു..അതും കുത്തി വെപ്പെടുക്കാനും മാത്രം..
"എനിക്കിതു വരെ ഷുഗർ ഇല്ലായിരുന്നു..മരുന്നും ഇല്ലായിരുന്നു . ഇതിപ്പം..." ഞാൻ അർദ്ധോക്തിയിൽ നിർത്തി .
എന്റെ കണ്ണ് നിറഞ്ഞൊഴുകി .. "ഇനി ഇതിനും മരുന്ന് വേണമല്ലോ..എന്തിനീ ചതി ദൈവമേ.."

"അല്ലാ, ഡോക്ടർ എഴുതിയിട്ടില്ല എങ്കിലും പറഞ്ഞതു പോലെ ഞങ്ങൾക്ക് ഒരു തോന്നൽ..വേണ്ടെങ്കിൽ വേണ്ടാ "
എത്ര നിസ്സാരം ..എന്ന് നിസ്സഹായതയോടെ ഞാൻ ആ കുഞ്ഞിനെ നോക്കി മനസ്സിൽ പറഞ്ഞു. 
ചില ചോദ്യങ്ങൾ  സമയത്ത്  ചോദിയ്ക്കാതെ എത്രയോ പാവങ്ങൾ ആർക്കോ തോന്നിയ ഏതോ മരുന്നും കഴിച്ച് പോയിരിക്കാം.      മുൻപ് ചതിച്ച ദൈവം തന്നെ രക്ഷകനായി.   നന്ദി.
"സാരമില്ല ചേച്ചീ ..എന്നാ പോട്ടെ  എന്തെങ്കിലും ഉണ്ടെങ്കിൽ ബെൽ  അടിയ്ക്കണം  " നേഴ്സ് ഒന്നുമറിയാതെ കാറ്റുപൊലെ പോയി.

സമയം അറിയില്ല   കുളിക്കാനും നനയ്ക്കാനും വീട്ടിൽ പോയ നിങ്ങൾ അച്ഛനും മകളും വരുന്നുമില്ല.... 
ഞാനോന്നുറങ്ങി .
ഉണർന്നപ്പോൾ മുറി നിറയെ പഴങ്ങളുടെ മണം .  ചെങ്ങന്നൂന്നു  അപ്പച്ചീം പിള്ളാരും.
"നീ ഉറങ്ങുവല്ലിയോ വിളിക്കണ്ടാ എന്ന് കരുതി. ഇത് കൊറച്ച് ഫ്രൂട്സാ ..മാതള നാരങ്ങായും  ഓറഞ്ചും  പേരയ്ക്കയും ..ഇതൊക്കെയാത്രേ ഇപ്പോൾ റ്റ്യൂമർ നീക്കം ചെയ്തവർക്ക് കൊടുക്കുന്നത് എന്ന് പഴ കടക്കാരാൻ തമിഴൻ പറഞ്ഞു.."  ഞാനവനോട് ഞങ്ങടെ ഒരു കൊച്ചിന് കാൻസർ പോലെ എന്തോ ഒന്നാ എന്നേ പറഞ്ഞുള്ളൂ ..
ഈശ്വരാ  ഡയറ്റീഷൻ കോഴ്സ് പാസ്സായ തമിഴനാകാം അത് എന്ന് എനിക്ക് തോന്നി.  അല്ലെങ്കിൽ ഏതോ ആരോഗ്യ മാസിക വായിച്ചവൻ . ഞാൻ ചിരിക്കുന്നതു കണ്ട് അപ്പച്ചി ചോദിച്ചു " മാതള നാരങ്ങാ തരട്ടെ "
വേണ്ടാ എന്ന് ഞാൻ തലയാട്ടി. ഷുഗർ എന്നെ നോക്കി നില്ക്കുന്നത് പോലെ ഒരു തോന്നൽ .  
അവരുടെ മടക്ക യാത്രയ്ക്കിടയിലാണ് നിങ്ങൾ വന്നത്. അപ്പോഴാണ്‌ നേരം സന്ധ്യ ആയി എന്ന് ഞാൻ അറിഞ്ഞത്.
പിറ്റേന്ന് രാവിലെ നിങ്ങൾ വീട്ടിൽ പോയി . അപ്പോളാണ് നിങ്ങടെ ബന്ധുക്കാരനും കുടുംബവും എത്തിയത്
തലേന്നത്തെ ജന സഞ്ചാരം കാരണം മകൾ മുറി അടച്ച് കൊളുത്തിട്ട് എന്റെ കയ്യും തിരുമ്മി ഇരിക്കുമ്പോൾ ഇടി വെട്ടുപോലെ അവർ കതകിനു മൂന്നു നാല് തട്ടോ അതോ തൊഴിയോ..
കതകു തുറന്നു കുഞ്ഞു പറഞ്ഞു "അയ്യോ വിസിറ്റേഴ്സ് വേണ്ടാ എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് " എന്ന്
വന്ന പോലെ അവർ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് പോയി.

അപ്പോളാണ്,  എപ്പോഴും  ചിരിച്ചിരുന്ന ആ ബന്ധുക്കാരാൻ ഇപ്പോൾ കാണുമ്പോൾ മുഖം കടന്നൽ കുത്തേറ്റ മാതിരി കാണിച്ച് ഒഴിഞ്ഞു പോകുന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയത്!  ഒരു തല പുകച്ചിലിനു ഉത്തരം കിട്ടിയതിൽ എനിക്ക് സന്തോഷം തോന്നി. ആ വാശിയ്ക്ക് അവർ കൊണ്ടു വന്ന മാതള നാരങ്ങകൾ അടുത്ത നിലയിൽ കിടന്നിരുന്ന ഞങ്ങടെ അയൽ  വാസിയ്ക്ക് നല്കിയെന്ന് അറിഞ്ഞപ്പോൾ സന്തോഷം അതുക്കും മേലെ പോയി!! 
 മാതള നാരങ്ങകളുടെ നഷ്ടം തീർക്കാൻ ഞാൻ നീർമാതളം പൂത്ത കാലം വായിക്കാൻ എടുത്തു .

എന്നെ വായനയിൽ നിന്നും തിരികെ വിളിച്ച് അവൾ തുടർന്നു "നാളെ എനിക്കീ മൂഡ് കാണില്ല ..ഇന്ന് ഇത് കേട്ടിട്ടു മതി വായന."
"അന്ന് ഉച്ചയ്ക്ക് ഊണ് കഴിയ്ക്കാൻ മകൾ പോയപ്പോൾ നമ്മുടെ ഭാരതി ഇച്ചേയീടെ മകൾ വന്നു. കയ്യിൽ കുറെ പ്ലാസ്റ്റിക് സഞ്ചികൾ . വന്നപാടെ അതെല്ലാം മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു.
 "മോൾ ഇപ്പോൾ ഗൾഫിൽ ഉയർന്ന ശംബളത്തിലാ  അവൾ ഒരു കാറു വാങ്ങി വീട്ടിൽ ഇട്ടു. പക്ഷെ ഞാൻ പറഞ്ഞു എനിക്ക് കാറിലും ഇഷ്ടം സ്കൂട്ടർ ആണെന്ന് ഉടനെ അവൾ ഒരു സ്കൂട്ടർ വാങ്ങിച്ചു തന്നു  ഞാൻ അതിലാ വന്നത്. ..അവൾ വലിയ വീട് വക്കുവാ അതിന്റെ പണി നോക്കാൻ പോകാനൊക്കെ സ്കൂട്ടറാ നല്ലത്.  അത് കൊണ്ട് പഴയ സ്റ്റേഷനറി കടയും അങ്ങ് നിർത്തി.." 
ഞാൻ ചിരിച്ചു പ്രോത്സാഹിപ്പിച്ചു . ചുളു ചുളാ കുത്തുന്ന വേദനയ്ക്കിടയിൽ കാറും സ്കൂട്ടറും ഓടുന്ന ശബ്ദം ഞാൻ കേട്ടു .
"എന്നാ ഞാൻ പോവാ ..പണിക്കാർക്ക് വെള്ളം കൊടുക്കണം."  അവർ ചിരിച്ചോണ്ട് സ്കൂട്ടറിന്റെ കീ കറക്കി സ്ഥലം വിട്ടു.

"അന്ന് വൈകുന്നേരം ആങ്ങളേം മകനും വന്നല്ലോ .. വന്നപ്പോഴേ കൊച്ചു പയ്യൻ പറഞ്ഞു "അപ്പചീ  വെശക്കുന്നു" ..അവന്റെ പഴയ ഓർമ്മ ...
"ടാ മേശപ്പുറത്ത് എന്തൊക്കെയോ ഇരിപ്പുണ്ട് അവന് എടുത്ത് കൊടുക്ക് " ഞാൻ ആങ്ങളയോട് പറഞ്ഞതും പയ്യൻ  കവറിൽ നിന്നും ഒരു കേയ്ക്ക് വലിച്ചെടുത്തു .      ഭാരതി ഇച്ചേ യീടെ മോൾ രോഗ വിവരം അന്വേഷിചില്ലെങ്കിലും  ഒരു കുഞ്ഞിന്റെ വിശപ്പടക്കാനുള്ള വക കൊണ്ടുവന്നല്ലോ എന്ന് ഞാൻ നന്ദിയോടെ സ്മരിച്ചു.
"അയ്യോ എന്റെ ചേച്ചീ ഈ കേയ്ക്ക്  2012 ൽ ഉണ്ടാക്കിയതാ ...ഇത് കൊടുത്താൽ ഇവന്റെ ആശുപത്രി ബില്ലും അളിയൻ കൊടുക്കണ്ടതായി വരും.. ഇത് 2014 തന്നെയല്ലേ "
 അവൻ കലണ്ടറിൽ നോക്കി ഒന്നൂടെ ഉറപ്പിച്ചു എന്നിട്ട്  തലയറഞ്ഞു ചിരിച്ചു.  ചെറുക്കൻ ചിണുക്കവും .

അപ്പോൾ എനിക്ക് കത്തി, അവരുടെ സ്റ്റേഷനറി കട നിർത്തിയിട്ട് രണ്ടു വർഷം ആയല്ലോ എന്ന്..
ചിരിയും കരച്ചിലും വന്നു.  പയ്യനെയും കൊണ്ട് അവൻ കാന്റീനിലെയ്ക്ക് പോയപ്പോൾ ഞാൻ പൊട്ടി ചിരിച്ചു പോയി..പക്ഷെ വയറിലെ സ്റ്റിച്ചുകൾ കുത്തി വലിച്ചു കളഞ്ഞു.

ഡിസ്ചാർജ് ദിവസം ഭയങ്കര മഴ ആയിരുന്നല്ലോ  ..നിങ്ങൾ ബില്ല് തീർക്കാൻ പോയി..മോൾ മരുന്നു വാങ്ങാനും അപ്പോൾ മാത്രം ഒരു മുഖം ഞാൻ വാതിലിൽ കണ്ടു നമ്മുടെ ഏറ്റവും അടുത്ത ബന്ധു.  "പുള്ളി ഈ വിവരം ഒന്നും അറിഞ്ഞില്ല എന്നും ..മിനിയാന്ന് ആരെയോ വിളിച്ച് എന്നാ എന്നെ ഡിസ്ചാർജ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ മാത്രമാണ് അറിഞ്ഞത് എന്നും.."
വൈരുദ്ധ്യാത്മക  വാദം ഇതല്ലേ എന്ന് എനിക്ക് തോന്നി.  എഴുതിയ ആൾ ക്രാന്ത ദർശി തന്നെ !!

ഇനി ഒരു തമാശ കൂടി പറഞ്ഞു ഇന്നത്തെ എപ്പിസോഡ് അവസാനിപ്പിക്കാം  അവൾ പറഞ്ഞു.
'നമ്മുടെ  മീനാക്ഷി ഇച്ചേയീടെ മോൾക്ക് വയറ്റിൽ മുഴയായിരുന്നല്ലോ ..അവർ ആർ സി സിയിൽ പോയി കീമൊ തെറാപ്പി കഴിഞ്ഞ് തളർന്നു വന്ന് സന്ദർശകരുടെ  തെരക്ക് ഒഴിവാക്കാൻ ബന്ധു വീട്ടിൽ പോയി ആരും അറിയാതെ മുറി അടച്ച് കട്ടിലിൽ കെടക്കുകയായിരുന്നു ..അവരെ ഒരു നോക്കു കാണാൻ അഭ്യുദയ കാംഷികൾ നെട്ടോട്ടവും ...പാവം അവർ സന്ധ്യക്ക് ആരും കാണാതെ പുറത്തെ ബാത്ത് റൂമിൽ പോകാൻ ലൈറ്റ് പോലും ഇടാതെ ഇറങ്ങിയപ്പോൾ മുറ്റത്ത് നിക്കുന്നു ഒരു ഓട്ടോ നിറയെ ആൾക്കാർ ..അവരെ കാണാൻ.  ഉച്ചയ്ക്കേ വന്നതാ പോലും  ....ഇത്രേം ദൂരം ഓട്ടോ കൂലി കൊടുത്തു വന്നതല്ലേ രണ്ടിലൊന്ന് അറിഞ്ഞിട്ട് പോകാം എന്ന് കരുതീന്ന്.  "
പാവം അവർ പൊട്ടി കരഞ്ഞു പോയി എന്നു പറേന്നു "

"മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്ത കാൻസറുകൾ ..ഇതിനു ചികിത്സ ഇല്ല  ...വല്ലോന്റേം മരണം കണ്ടു ഫോട്ടോ എടുക്കുമ്പോൾ  എന്നെങ്കിലും സെൽഫി എടുക്കാൻ ഇട വരില്ല എന്ന് ഇവരൊക്കെ സ്വയം തീർപ്പ് കൽപ്പിയ്ക്കുന്നല്ലോ ..ഈശ്വരാ ...
ഭാര്യയുടെ ധാർമിക രോഷം എന്നെ മിണ്ടാൻ സമ്മതിച്ചില്ല.







2015, ജനുവരി 27, ചൊവ്വാഴ്ച

എവോഡ്‌ നൈറ്റും കുറെ തുടകളും - ഒരോര്‍മ്മ പുതുക്കല്‍ !

ഓ ഈ കഴിഞ്ഞ രാത്രികളില്‍ ഒന്നുമേ ഉറങ്ങാന്‍   കഴിഞ്ഞില്ല .

ഉറക്കം തഴുകി ഒഴുകി വരുംബോളെയ്ക്കും  പള പള തിളങ്ങുന്ന  നിക്കറിന്റെ പകുതിയില്‍ നിന്നും ചാടി കളിയ്ക്കുന്ന ഫ്രില്‍ " എന്ന് വിളിയ്ക്കുന്ന ഞൊറികളുടെ കൈയ്യാട്ടി വിളി..സഹിയ്ക്ക വയ്യ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു..വല്ലാത്ത പരവേശം  അടുത്തിരുന്ന കൂജയില്‍ നിന്നും കുറെ വെള്ളം മട  മടാന്നു കുടിച്ചു..എന്നിട്ടും പിന്നേം ദാഹം..

അര്‍ജുന പത്തു ജപിച്ചു കൊണ്ട് വീണ്ടും കെടന്നു.. പനി, ജ്വരം ഒക്കെ വന്നു കെടന്നാലും ഉറക്കം പെണങ്ങി നിന്നിട്ടെയില്ല...

ഇതിപ്പം ജ്വരത്തിലും കൂടിയ എന്തോ..അറിയാതെ കണ്ണ് പിന്നേം അടഞ്ഞു..
ദാ വരുന്നു ..പണ്ടൊക്കെ കുരുമുളക് , കോലിഞ്ചി ഒക്കെ തൂക്കിയിരുന്ന "ചേളാവ് " എന്ന് ഞങ്ങടെ നാട്ടില്‍ പറയുന്ന തുണി കഷണം ഒരു വശം കീറി കെടക്കുന്ന മാതിരി   ചിറികള്‍ (ലിപ്സ്!)       ഉള്ള ഒരു നീര്‍കോലി സുന്ദരി ..കാലുകള്‍ പൂച്ച നടത്തോമല്ല ഏറു കൊണ്ട പട്ടീടെ ഒട്ടോമല്ല..കക്ഷം ഒന്ന് രണ്ടു വള്ളികള്‍ കോര്‍ത്ത്‌ ചേര്‍ത്ത് കെട്ടിയിരിക്കുന്നു..വന്നപാടെ കീറിയ ചേ ളാവ് ഒന്നൂടെ കീറി  ഒറ്റ കീച്ചാ ..
"ഗിടീവ്നിംഗ് എവ്ഴ്ബാടി "  ഒന്നും പിടി കിട്ടിയില്ല ഏത് ഭാഷ  അപ്പനെ ..വന്നത് മദാമ്മേമല്ല  മന്ഗൂസുമല്ല   എന്‍റെ ദൈവേ ഈ രാത്രി കാള രാത്രി തന്നെ..
 "വേള്‍കം ഓള്‍ ഒഫ് ..ടു .....തീജ്വാല എവോഡ് നെയ്റ്റ്  ട്യൂ തെവ്സ്ന്റ്റ് ളെവാന്‍ "
ഈശ്വരാ കുറെ പിടി കിട്ടി ഈ ളെവാന്‍ " എന്താ,
അങ്ങനെ ഒരാളെ കേള്‍ക്കുന്നത് ആദ്യം.
" നമുടെ  മുഗ്യ അടിടി ..ഔഴ്ഹ  ചീഫ് ഗേഷ് ..ഈണ്ട്യന്‍ ഷേന്മാ വെട്യിലെ നേത്യ വെഷ്മയം ..ഷീ ..അമ്ടവ്ബാഷന്‍..ഗീവ് ഹിം എ ബീഗ് ക്ലാ.."

അവസാന ഭാഗം  പിടി കിട്ടി ..പണ്ടൊക്കെ സൈക്കിള്‍ യന്ജ പരിപാടികള്‍ക്കിടയില്‍ അയിറ്റം മാറുമ്പോള്‍ " കൈ അടിച്ചു പ്രോത്സാഹിപ്പിയ്ക്കൂ സഹോദരങ്ങളെ എന്ന് പറയുമ്പോലെ.."
ആദ്യം പറഞ്ഞത് എന്താണാവോ..എത്തും പിടീം കിട്ടുന്നില്ല..

കൂര്‍കം ഇനി വലിയ്ക്കാനില്ല ,അത് പോലെ അടുത്ത് കെടന്നുറങ്ങുന്ന         ഭാര്യയെ തോണ്ടി വിളിച്ചാല്‍ ഇതിലും മനസിലാകാത്ത ഭാഷ കേള്‍ക്കണ്ടാതായി വരും..കണ്ണ് ഇറുക്കി അടച്ചു കെടന്നു ..എന്തെങ്കിലും ആകട്ടെ ഉറങ്ങാന്‍ നോക്കാം..ഒന്ന് മയങ്ങിയോ..ആ..  ദേ പിന്നേം ..
"  നീങ്ങ്ലെ ന്രീത ച്വാട് കെണ്ട് ആരാടിക്കാന്‍ നമ്ല്ടെ മലായാല്‍ സിന്മാ ...."
ഓഹോ..സമ്മതിക്കുകെല്ല...ഉണര്‍ന്നും ഉറങ്ങീം ഈ രാത്രി ..സമയം നോക്കിയാല്‍ ഇനി പിന്നേം ടെന്‍ഷന്‍ ..

ഹെന്റമ്മേ ...വരുന്ന വരവ് കണ്ടോ..അഞ്ചെട്ടെണ്ണം  അടി കൊണ്ട പൂച്ച  പോലെ  മേല് കീഴ്‌ ചാടി .. കാലുകള്‍ ക്യാമറ കണ്ണ് കളിലെയ്ക്ക്‌  വീശി വീശി  പാവംക്യാമറ നാണിച്ചുവോ..ചിത്രം മാറി..അരയില്‍ ആരോ നിര്‍ബന്ധിച്ചു ഇട്ടു കൊടുത്ത ഒരു അര മുറി നിക്കര്‍ അതിനു ചുറ്റും തൊങ്ങല്‍ പിടിപ്പിച്ച അങ്ങോട്ടും ഇങ്ങോട്ടും കാണാവുന്ന ഒരു തുണി കഷണം...ഹൈ..ചടുല പാദങ്ങള്‍ അല്ല ..ദ്രുത ചടുലം ഇടുപ്പും നിതംബവും ..ആട്ടു കല്ലില്‍ തിരിയുന്ന കുഴവി പോലെ..ഉറക്കം വരാഞ്ഞത് നന്നായി..പിന്നെ മഞ്ഞ നിറം പൂശിയ ഫിമുര്‍  മസ്സിലുകളും ...അതാണല്ലോ ഇതിന്‍റെ ഒരിത്!

നൃത്തം കണ്ടു രസിച്ച് അറിയാതെ കൈ ഭാര്യേടെ മേല്‍ തട്ടി..നല്ല സ്ഫുടതയോടെ അവള്‍ പറയുന്നു,        "വയസ്സായവര്‍ക്ക് കാണാന്‍ പറ്റുന്നത് വല്ലോം കാണണമായിരുന്നു  ടി വിയില്‍ ന്യുസ് പോലും കാണാത്ത   മനുഷ്യന്റെ ഒരസുഖമേ..  നിങ്ങള്‍ അപ്പുറത്ത് എങ്ങാനും പോയി സ്വപ്നം ആവശ്യത്തിനു കാണ്...  രണ്ടു ദിവസത്തെ പരിപാടി അല്ലായിരുന്നോ.. കൊറേ കാണാം .. എനിക്കുറങ്ങണം..  "

എന്‍റെ സംശയം ഏറി.." നീ എന്‍റെ സ്വപ്നം കോപ്പി അടിച്ചോ.." ഞാനവളെ തോണ്ടി..
" എനിക്കും ഉറക്കം വന്നില്ല ..ഞാനും കണ്ടത്  വാക്ക വാക്ക എന്നും പറഞ്ഞുള്ള തുള്ളലാ ..പിന്നെ മറു ഭാഷയില്‍ഒരു പെണ്ണ് വാ കീറുന്നതും  ..അമിതാബ് ബച്ചനെ പോലെ വല്യ മനുഷ്യര്‍ക്ക് മുന്‍പില്‍ മലയാളീടെ മാനം കെടുത്തുന്ന ഭാഷ പ്രയോഗവും.. കോക്രി കുത്തലും "

"ശരിയാ ഭാര്യെ ..ശുദ്ധ  മലയാളത്തില്‍, പാട്ടിലൂടെ  നമ്മുടെ മനസിനു പറക്കാന്‍  ചിറകുകള്‍ തരുന്ന മലയാളത്തിന്‍റെ വാനമ്പാടിയും സദസ്സില്‍ ഇരിക്കുമ്പോള്‍ എന്തിനു ഈ ഭാഷാ വ്യഭിചാരം എന്ന് ഞാനും നാണിച്ചു പോയി.."

"ഓ, നിങ്ങള്‍ക്ക് അതൊന്നുമല്ല   ഈ വയസ്സാം കാലത്ത് തുണി  ഇല്ലാ ചാട്ടം ശരിക്ക് കാണാന്‍ കഴിയാഞ്ഞതില്‍ ഉള്ള സങ്കടമാ ..
ഓരോ സംസ്കാരം ഓരോരുത്തര്‍ക്കും ഉണ്ട് ..അവര്‍ക്ക് വേണ്ടത് അവരുടെ സംസ്കാരം അനുവദിക്കുന്നുമുണ്ട്.. വേഷോം..അനുകരണോം ..എന്തും സഹിയ്ക്കാം പക്ഷെ ഭാഷയും സംസ്കൃതിയും.. അതിന്മേല്‍ ആരും തൊട്ടു കളിയ്ക്കാറില്ല എന്ന് തോന്നുന്നു..
പാവം മലയാളിയ്ക്ക്  മാത്രം അപ്പ കാണുന്നവന്‍ അപ്പന്‍..അവനു ഭാഷേം ഇല്ല  നൃത്തോം  ഇല്ല   പാട്ടും ഇല്ല അവസാനം വടക്കൂന്നു വന്നതുമില്ല ഒറ്റാലില്‍ കെടന്നതുമില്ല.."

" അതെന്നാ നീ പറയുന്നേ ..ഇപ്പോഴും ഒന്നരേം മുണ്ടും ഉടുത്ത്  രാമായണോം വായിച്ചു നടക്കണോ.."

  "വേണ്ട.." ഭാര്യ എഴുന്നേറ്റ് ഇരിയ്ക്കുന്നു  ദൈവമേ.
" ഓണത്തിന് പ്ലാസ്ടിക് ഇലയില്‍ ഓണം ഫീസ്റ്റ് കഴിയ്ക്കാം ..ബോബ് ചെയ്ത മുടി അഴിച്ച് ഇട്ട് ചുണ്ടില്‍ ലിപ്സ്ടികും തേച്ചു  സി ഡി പാട്ട് വച്ച്  ..തിര്‍വതിര..ഡാന്‍സ് കളിയ്ക്കാം.. വാങ്ങിയ പൂ കൊണ്ട് അത്ത പൂവിടാം ..."

"കാലം മാറുമ്പോള്‍ നമ്മളും മാറണ്ടേ ..മാറ്റം ഇല്ലാത്തതു മാറ്റം മാത്രം എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്.."  ഞാനും ഒന്നുണര്‍ന്നു .

"അത് ശരിയാ മൂലധനോം മാറ്റി ഇപ്പം സ്വിസ്സ് ബാങ്കില്‍ അല്ലിയോ ഇടുന്നത്...അല്ലെങ്കില്‍ റിയല്‍ എസ്റെറ്റ്‌ ...  നമ്മള് കൊയ്തത് വല്ലോരുടെം ആയില്ലേ   എന്‍റെ പൈമ്കിളിയെ..മൂലോമില്ല ധനോമില്ല.."  അവള്‍ എന്നെ കൊഞ്ഞനം കാട്ടി കാണും ഇരുട്ടില്‍ ഒന്നും കാണാനും വയ്യ.

"എന്ന് പറഞ്ഞാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം   വിദേശ പഠനം, തൊഴില്‍,  വരുമാനം മലയാളി അടി മുടി മാറിക്കഴിഞ്ഞു..വനിതാ വിമോചനം ..പെണ്ണെഴുത്ത്‌..' ഞാന്‍ വിട്ടില്ല..വരട്ടെ കാര്യങ്ങള്‍ ഏതായാലും നേരം വെളുക്കാന്‍ അധികമില്ല..

"പണം മുഴുവനും തമിഴ് മേശരിമാരും  കാറ് കമ്പനിക്കാരും ജൂവലറി കാരും ഒക്കെ  കൊണ്ട് പോയെന്നാ തോന്നുന്നേ ..ഇരുപതുനായിരം സ്ക്വയര്‍ ഫീറ്റ് വീടും മൂവായിരം സ്ക്വയര്‍ ഫീറ്റ് സിമന്‍റ് കല്ലുകള്‍ പാകിയ മുറ്റോം..പോര്‍ച്ചില്‍ ആളാം പ്രതി കാറുകളും..തന്തേം തള്ളേം അസ്തമയ കേന്ദ്രങ്ങളിലും!

പിന്നെ , പെണ്ണ് എഴുതണം പക്ഷെ അതിനെ ഒരു പേരിട്ടു വിളിയ്ക്കണ്ട കാര്യമില്ല..പണ്ടും പെണ്ണുങ്ങള്‍ ഒന്നാം തരമായി എഴുതിയിട്ടുമുണ്ട് ..."

രംഗം രാത്രി തണുപ്പത്ത് ചൂടാക്കി ..ഒരു ഷോയും സ്വപ്നവും  വരുത്തി വച്ച വിന...അതും മുടങ്ങി..

"പിന്നെ വനിതാ വിമോചനമോ എന്തോ.. എന്തായാലും ഈ ഷോകള്‍ ഒക്കെ ആണുങ്ങളെ കാണിയ്ക്കാനാ"എന്ന് എന്‍റെ അറിവില്ലാത്ത മനസ് പറയുന്നു....അതില്‍ നിന്നൊന്നും ആര്‍കും മോചനമില്ല..
"ഏറെ പറഞ്ഞാല്‍ പറയും അത് തൊഴിലാണ് അല്ലാതെ സ്വത്വം അല്ല എന്നൊക്കെ.. എന്തായാലും അമ്മേം അപ്പനും മക്കളും കൂടിയാ ഇപ്പം മറ്റേ തൊഴിലിനു ആളെ കൂട്ടുന്നത്‌ ..ആദ്യം പണക്കാര്‍ ആകണം പിന്നെ ജീവിയ്ക്കാം." അവള്‍ ഒരു കോട്ടുവാ ദേഷ്യത്തില്‍ വിട്ടു.

  "പുതു തലമുറ അതൊക്കെയാ ഇഷ്ടപ്പെടുന്നെ ..വയലാറും ദേവരാജനും എന്തിനു യേശുദാസ് പോലും കട്ട പൊഹയാ.."  ഞാന്‍ ചിരിച്ചു..

എന്‍റെ മനുഷ്യാ ഇവിടെ ഇപ്പോള്‍ പ്രി മാര്യേജ്  കൌണ്‍സിലിങ്ങ് കളുടെ  കാലമല്ലിയോ...എന്നാല്‍ അതും കഴിഞ്ഞു കല്യാണോം കഴിച്ചു പോകുന്ന കുഞ്ഞുങ്ങളുടെ കാര്യം ആറു മാസം കഴിഞ്ഞു ആരെങ്കിലും തെരക്കാര്‍ ഉണ്ടോ..വീട്ടുകാര്‍ ഒഴിച്ച്  ?    പലതും പല വഴി പിരിഞ്ഞു പോകുകയാ . പുതിയ തലമുറ പോകണ്ട വഴി ആരും കാണിയ്ക്കുന്നില്ല..എല്ലാരും തെരക്കിലാ..വിദ്യാഭ്യാസവും തൊഴിലും കൂടുന്ന പോലെ മനസും കൂടണം..അതിനു വീട്ടില്‍ നിന്നും തുടങ്ങണം.
ഒരു പോസ്റ്റ്‌ മാര്യേജ് കൊണ്ഫ്ളിക്റ്റ്‌  ക്ലിയറിംഗ് ക്ലിനിക്കും ഇനി ആകാം...പിന്നെ ഡ്യൂപ്പ് അല്ലാതെ എങ്ങനെ ജീവിക്കാം എന്നൊരു പഠനവും.   "


അവള്‍ ഈ ഏഴര വെളുപ്പിന് കത്തി കയറുകയാണ്.. യുദ്ധത്തില്‍ ഞാന്‍കീഴടങ്ങി ആവ നാഴി കാലി!!

  അടുക്കള കാരിയായ ഒരു ഭാര്യക്ക് ഇത്ര നിരീക്ഷണ പാടവമോ..പണ്ഡിത മനസോ....വിമോചന   സിദ്ധാംതങ്ങളോ ...!!        നീയാര്‍   കണ്ണകിയാ  കള്ളിയങ്കാട്ടു  നീലിയാ..?

എഴുന്നേറ്റ് കുടിച്ചു ഒരു കൂജ  വെള്ളം കൂടി..

 നേരം   വെള്ള കീറി..എഴുത്തച്ഛന്റെ പനം കിളി പാടുന്നു .."ഷമിനാമിനാ  വാക്ക വാക്ക ..ദിസ്‌ ടൈം ഫോര്‍ അഫ്രികാ.."

ഒന്നുറങ്ങി എന്ന് തോന്നുന്നു ..അപ്പോള്‍ കണ്ട സ്വപനത്തില്‍ മലയാള സിനിമ, ചാനല്‍  ഷോകള്‍  പോലെ മലയാള സംസ്കാരവും നാല്‍ കവലയില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ  നില്‍ക്കുന്നു" ..
ഞെട്ടിപ്പോയി  ...നിസ്സഹായതയില്‍ ആകാം ഉറക്കം  അറിയാതെ തഴുകി....

"ഗെഡ് മേണിംഗ്     ളേഡീസ്  എന്‍ ജെന്റി ള്‍  മെന്‍ ....ഒറ് ശുപ്രബാതം കുടി ...."
 അടുത്ത ഷോ  എപ്പോള്‍ തുടങ്ങും?

2014, ഡിസംബർ 29, തിങ്കളാഴ്‌ച

നിലാ കുളിർ പോലെ സാന്ത്വനം - ഒരു കാൻസർ രോഗിയുടെ അനുഭവങ്ങൾ

ഒന്നും എഴുതുവാൻ പോയിട്ട്,  ഒന്നിനെയും പറ്റി ചിന്തിക്കുവാൻ പോലും ആകാതിരുന്ന  കാലം

കൊടും  വറുതിയുടെ തീക്കാറ്റിൽ  നിൽക്കുമിടം പോലും വെന്തുരുകിയ ദിന സരികൾ ...

ഓർമ്മകൾ  നേർത്ത്‌ .   അല്പ മാത്രം  ഉണ്ടായിരുന്ന സ്വപ്നങ്ങളുടെ  എരിയും  ചിതയിലേയ്ക്ക് ഇടറി വീണ ഏതോ ഒരു നിമിഷം കേട്ട  പിൻ വിളിയാകുന്നു  ഈ കുറിപ്പ് ..ഓർക്കാൻ  ഒത്തിരി നിർബന്ധിയ്ക്കുന്ന,  സ്വപ്നം മെനയാൻ ഉത്തേജിപ്പിയ്ക്കുന്ന  സിദ്ധ ഔഷധമായി .......ഒരു പിൻ  വിളി .

മറ്റാരുടെയുമല്ല,  നീണ്ട മുപ്പതു കൊല്ലം  ഇരുളിലും വെളിവിലും  വർഷത്തിലും   വേനലിലും  ഒരു നിഴൽ പോലെ കൂടെയുള്ള പ്രണയിനിയുടെ, ഭാര്യയുടെ   വിളി . 
വീണ്ടും പ്രണയ മഴ നനയാൻ, കരിഞ്ഞ  സ്വപ്നങ്ങളുടെ വിത്തുകൾ ഇനിയും മുള പൊട്ടുമോ എന്ന് പരീക്ഷിയ്ക്കാൻ   നേർത്ത ഓർമ്മകൾക്ക് വീണ്ടും തിടം വയ്ക്കുമോ എന്നറിയാൻ....മന്ദ്രം ഒരു പിൻ  വിളി.

ഏതു ലോകത്തായാലും    അത്തം മുതൽ തിരുവോണം വരെ   ചരൽ മുറ്റത്ത് അത്തപ്പൂവിടാൻ    പ്രായമായെങ്കിലും  ഒരു     പട്ടു പാവാടക്കാരിയായി ഓടി എത്തുന്ന ഒരേയൊരു മകൾ,  അമ്മയുടെ പൂക്കൂടയിൽ നിന്നും പൂ പെറുക്കി പൂക്കളം മെനയുന്ന നിഷ്ക്കളങ്ക   അമ്മ മകൾ  കൂട്ടായ്മ  ഞാനെന്ന അച്ഛൻ പ്രാർഥനാ പൂർവ്വം നോക്കി നില്ക്കും.   ഈ വർഷവും ഓണ പൂ കളം ഗംഭീരമായി .  ദൂരെ  രാജ്യത്ത്  ഗവേഷണം നടത്തുന്ന മകൾ ഓണം കഴിഞ്ഞ് മനസ്സില്ലാ  മനസോടെ  മടങ്ങി   ...
ഓണ തിരക്കിനിടയിലും  അമ്മയുടെ വേദന ഡോക്ടറെ കാണിയ്ക്കാൻ കൊണ്ടു പോയതിനു ശേഷമുള്ള   "തുടർ ചികിത്സ  മുടക്കരുത്" എന്നുള്ള  ശക്തമായ  വാണിംഗ് എനിക്കു നല്കാനും മറന്നില്ല.

അങ്ങനെ  വീണ്ടും  ഭാര്യയുമായി  ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ ..അനവരതം തുടരുന്ന പേരറിയാ   സ്കാനുകൾ..പരിശോധനകൾ ...
നീണ്ടുപോകുന്ന കാത്തിരിപ്പുകൾ ...തുല്യ ദുഖിതരുടെ രോഗാന്വേഷണങ്ങൾ  ..
തളർന്നു വീടണയുമ്പോൾ വെള്ളം പോലും കുടിക്കാതെ കൂട്ടിൽ കിടക്കുന്ന പാവം വളർത്തു നായുടെ മൗന സങ്കടം.

ഒരുനാൾ ഡോക്ടർ പറയുന്നു  "വലത്തെ വൃക്കയിൽ ഒരു അനധികൃത  താമസക്കാരനായി റ്റ്യുമർ വളരുന്നു  എത്രയും വേഗം നീക്കം ചെയ്യണം "    ഞെട്ടിയില്ല    സങ്കടപ്പെട്ടുമില്ല   കാരണം  പരിശോധനകൾ നീണ്ടപ്പോൾ എവിടെയോ ഞങ്ങൾക്ക് ഒരുൾ വിളി തോന്നിയിരുന്നു.   പക്ഷെ ആശങ്ക  ആധിയായി ...  രണ്ടു പക്ഷികളിൽ ഒന്നിന് അമ്പേറ്റ് മുറിഞ്ഞപ്പോൾ   മറു പക്ഷിയുടെ  സങ്കടം,  പിന്നെ   ഉണ്ടായ മുനി വാക്യം ഒക്കെ ഓർത്തു 
പക്ഷെ കാലമെന്ന അഭ്യാസി  നിയതി എന്ന അസ്ത്രം   എന്നേ  എയ്തിരുന്നു  ..കുറിക്കു കൊള്ളുകയും ചെയ്തു.

വൃക്ക  നീക്കം ചെയ്തു ഒപ്പം റ്റ്യുമറും .  വേദനയുടെ  മിഴിനീരും   ഓടി  തളർന്നവളുടെ മനോ രോദനവും ഞാൻ അറിഞ്ഞു...അറിയുന്നു .
 ഓപ്പറേഷന് മാത്രമായി ദൂരങ്ങൾ താണ്ടി വീണ്ടും ഓടി കിതച്ചു വന്ന മകൾ  സാന്ത്വനമായി
സ്വതേയുള്ള  രസികത്വത്തിൽ പറഞ്ഞു..   "ഇത്രയും നല്ലവളായ അമ്മയെ തിരുവാറൻമുള അപ്പൻ സ്വന്തം പേഴ്സണൽ സ്റ്റാഫിലെയ്ക്ക് റെക്കമന്റ്  ചെയ്തു കാണും, പക്ഷെ ഞാൻ ,ശക്തമായി ഇപ്പോഴും പറഞ്ഞു അദ്ദേഹത്തോട്    ഭഗവാനെ  അമ്മയുടെ സർവീസ് ഒരു പത്തു കൊല്ലത്തെയ്ക്കെങ്കിലും ഞങ്ങൾക്ക് ഇവിടെ കിട്ടിയേ തീരൂ , കേന്ദ്ര സർക്കാർ പെൻഷൻ പ്രായം അതാ " എന്ന്.  "പുള്ളി തല കുലുക്കി സമ്മതിച്ചിട്ടുമുണ്ട്"

ലീവ് തീർന്നു മകൾ പോയി,   നിറ കണ്ണുകളോടെ . 

വീണ്ടും അവിശ്രമം തുടരുന്ന  ഞങ്ങളുടെ അലച്ചിലുകൾ ... ഒരു തുണിക്കടയുടെ   ഷോപ്പിംഗ്‌ ബാഗിൽ നിറയെ  പലതരം പരിശോധനാ  ഫലങ്ങളും    ഫിലിമുകളും  ഇടം കയ്യിൽ തൂക്കി  വലം കൈ കൊണ്ട് "വേദന വേദന"  എന്നുരുവിടുന്ന അവളുടെ കൈയ്യും   താങ്ങി നടന്നും ഇരുന്നും ആശുപത്രികൾ തോറും.
ഒത്തിരി നല്ലവരായ നാട്ടുകാരും ,അയൽവാസികളും  ആത്മ സുഹൃത്തുക്കളും എന്തിനും തയ്യാറായി..

വിദഗ്ദ്ധ പരിശോധനയ്ക്കായി  മേഖലാ കാൻസർ പരിശോധന കേന്ദ്രത്തിലും എത്തി  .
ഞെട്ടിപ്പിയ്ക്കുന്ന  കാഴ്ചകളിൽ  കണ്ണല്ല , ജീവിതം തന്നെ പിൻ  വാങ്ങി പോയ ഒരു ദിവസം.
 ഈ ഭൂമിയിൽ  ഒന്നിനും സൗന്ദര്യമില്ല  എല്ലാം കറുപ്പാണ്  മരണം പോലെ  എന്ന്  ഉറപ്പിച്ചു  പോയ  ദിവസം.    ആശുപത്രിയുടെ   ഏതോ ഇടുങ്ങിയ   വായൂ സഞ്ചാരമില്ലാത്ത ഇട നാഴിയിൽ ഇരു വശവും   മനുഷ്യർ  മരണവുമായി മുഖാമുഖത്തിന് തയ്യാറെടുത്തു നില്ക്കുന്ന കാഴ്ച , അല്ലെങ്കിൽ  നിസ്സഹായത  മുഖാവരണം  അണിഞ്ഞു നില്ക്കുന്ന കറുത്ത  വെളിച്ചമുള്ള  കഴുമര ചുവട് .
വൈദ്യന്റെ മരുന്നിലും ഉപരി  സ്നേഹത്തിന്റെ , സാന്ത്വനത്തിന്റെ  ഒരിറക്ക് തീർഥം കുടിക്കുവാൻ സാകൂതം നോക്കുന്നവർ    പരസ്പരം മങ്ങിയ  ചിരിയോടെ  ആശ്വാസമാകുന്ന  കരൾ പറിയ്ക്കുന്ന കാഴ്ച.
അവർക്കിടയിലേക്ക്  ആക്രോശങ്ങളുമായി  ഇടയ്ക്കിടെ എത്തുന്ന നിത്യ തൊഴിൽ അഭ്യാസികളായ ഡോക്ടർമാർ, ജീവനക്കാർ.
ഒരിടത്തും കണ്ടില്ല സാന്ത്വനം  എന്തിന്,   ഒരു ചെറു പുഞ്ചിരിപോലും !.
ചുമന്നു നടക്കുന്നത് ഇതിലും വലിയ മഹാമാരിയൊന്നുമല്ല എന്നോ,  അതോ മരണ സാഗരം കടക്കാൻ ഞങ്ങൾക്ക് തുഴ വഞ്ചി വേറെ ഉണ്ടെന്നോ  ..അതോ നിങ്ങളുടെ വധ ശിക്ഷയ്ക് ഇളവ് ഇവിടെനിന്നു മാത്രമേ ഉള്ളു എന്ന ഭാവമോ, എന്തോ  ആരിലും  സാന്ത്വനമില്ലാത്ത   ഒരിടം.
ആരോടോ ചോദിച്ചപ്പോൾ പറഞ്ഞു "അനുഭവം അവരെ അങ്ങനാക്കി" എന്ന്..!
"അപ്പോൾ  ഇറച്ചി വെട്ടുന്നവർക്ക് കുടുംബ ജീവിതം ഇല്ലേ ...ആരാച്ചാർമാർക്ക്  സ്നേഹം എന്ന വികാരം ഇല്ലേ.."
ഭാര്യയുടെ കാർക്കശ്യമേറിയ  മറുപടി,  ഒപ്പം "ഇനി മേലിൽ എനിക്കിവിടുത്തെ ചികിത്സ വേണ്ടാ..അത് കൊണ്ടു വരാവുന്ന എന്തും ഞാൻ സഹിച്ചോളാം ..മനുഷ്യപ്പറ്റില്ലാതെ കിട്ടുന്ന അമൃതും അമിതമാകാതെ തന്നെ വിഷമാ.."
സ്നേഹ ചോദ്യങ്ങൾ  ചോദിച്ചിട്ട് , ആദ്യം ഉത്തരം എന്നോടും മകളോടും ഞങ്ങൾക്ക് മുൻപേ പറയുന്നവളോട് ഉത്തരം മാറ്റി ഞാൻ ഒരു ചോദ്യമിട്ടു
"നീ പറഞ്ഞതെല്ലാം അപ്പാടെ ശരി , അപ്പോൾ ഇനി എങ്ങോട്ടാ ...?"
"എങ്ങോട്ടെങ്കിലും ..."  മുറുകെ പിടിച്ച കൈയും  പിന്നെ ധാരയായി ഒഴുകി വന്ന കണ്ണീരും ..നിസ്സഹായത അവളെകാട്ടിൽ  കൂടുതൽ എന്നെ ബാധിച്ചുവോ  ആവോ....?
"ജീവനും  മരണത്തിനും ഇടയിലുള്ള   തിരശീല മാറ്റാൻ  എത്ര ചരടുകൾ ഇനി വലിയ്ക്കണം ..ആരുടെയൊക്കെ  മോന്തായം വികൃതമായി കാണണം ?"
അവളുടെ  ആത്മ ഗതം.

"കോഴഞ്ചേരി  സർക്കാർ  ആശുപത്രിയിൽ പോയി  ഡോക്ടറെ കാണും ...ഒന്നുമല്ലെങ്കിൽ നമുക്ക് പരിചയമുള്ള സ്ഥലമല്ലേ "  വീണ്ടും അവൾ തന്നെ ...

പറഞ്ഞത് പോലെ പിറ്റേന്ന് അവിടെ....നിറ  പുഞ്ചിരിയുമായി ഡോക്ടർ  ബിനു . പരിശോധനകൾ  കഴിഞ്ഞ് ഡോക്ടർ പറഞ്ഞു   "ഈ വേദനയ്ക് നമുക്കൊരു എക്സ്  റേ  എടുക്കാം..  മാത്രമല്ല   ജില്ല ആശുപത്രിയിലെ  റേഡിയോളജി  വിദഗ്ദ്ധയെ ഒന്ന് കാണുകയും ചെയ്യാം "   ഞങ്ങൾ പരസ്പരം നോക്കി ...ഇവിടെയും അറുതിയില്ലാത്ത  പരീക്ഷണം! ..
 പക്ഷെ വീണ്ടും ഡോക്ടറുടെ സ്നേഹാർദ്രമായ ഇടപെടൽ "നാളെ ആ ഡോക്ടർ ഇവിടെ വരും ഞാനും കൂടെ വരാം ..എന്താണ് ഈ വേദന എന്ന് അറിയണമല്ലോ .."
ആരോ ഒരാൾ,  ആരുമല്ലാത്ത  രണ്ടു പേരെയും കൊണ്ട് പിറ്റേന്ന്  റേഡിയോളജി ഡോക്ടർ  ഗീതയെ കാണുന്നു.
"എനിക്കൊരു സംശയം  നാളെ  പത്തനംതിട്ട  ജില്ലാ ആശുപത്രിയിൽ ഒന്നു  വരണം"  ഇത്ര മാത്രം അവർ പറഞ്ഞു.

പിറ്റേന്ന്  ജില്ലാ ആശുപത്രിയിൽ .  പകർച്ച പനിയുടെ അലർച്ച ദൂരെ നിന്ന് കേൾക്കാം   ഒരായിരം പേർ നിശ്ശബ്ദരായി ഊഴം നോക്കി നിക്കുന്ന ഡോക്ടർമാരുടെ മുറികൾ കടന്ന് ഞങ്ങൾ ഗീത ഡോക്ടറെ കാണുന്ന മുറിക്കു മമുന്നിൽ ...നീണ്ട  ക്യൂ....ഒരിടം നോക്കി നിന്നു .

മങ്ങിയ ചിരിയോടെ ഭാര്യ എന്നെ നോക്കി പറഞ്ഞു " എത്ര നാളായി നിങ്ങൾ ജോലിക്ക് പോയിട്ട് ..എന്നേം കൊണ്ട് നടന്നാൽ ഒട്ടു ഫലോമില്ല ഞാനൊട്ടു ഇരിക്കാൻ സമ്മതിക്കുകേമില്ല ...എന്തായാലും നിങ്ങടെ നല്ലവരായ  സഹപ്രവർത്തകരും, സംഘടനാ പ്രവർത്തകരും പ്രതേകിച്ച്‌  ഷെരഫ് സർ ..രജിസ്ട്രാർ സാറും..  മേൽ ഉദ്യോഗസ്ഥരും  ഒക്കെ കാണിക്കുന്ന നന്മകൾക്ക്  എന്റെ പ്രാർത്ഥന അറിയിക്കണം."   എനിക്ക്  വല്ലാതെ  സങ്കടം തോന്നി.  അല്പം വിതുമ്മി പോയീ . അവളുടെ കൈ പിടിച്ചു ഞെരിച്ചു ഞാൻ ചോദിച്ചു
"അതിനു നീ ഇനി അവരെ ഒന്നും കാണാതെ പോവുകയാണോ?"
"അല്ല മനുഷ്യാ   ...എത്ര നാളായി നമ്മൾ ഒരിറ്റു ജീവിതം  മിന്നായം പോലെ എങ്കിലും വീണ്ടു കിട്ടുമോ എന്നറിയാൻ അലഞ്ഞു നടക്കുന്നു..ഒരു മറുപടിയും..കിട്ടുന്നില്ലാ...അത് കൊണ്ടു പറഞ്ഞു പോയതാ.. നിങ്ങൾ വിഷമിക്കണ്ടാ ..ഞാനെങ്ങും പോകുവേല്ലാ .."  കൈയ്യിൽ അമർത്തി അവൾ പൊട്ടിച്ചിരിച്ചു..

"അയ്യോ ..ഒരുപാട് പേഷ്യന്റ്സ് ആയിരുന്നു..വാ..ഞാനൊന്നു നോക്കട്ടെ " ഡോക്ടർ ഗീതയുടെ ക്ഷമാപണം .
അവളുടെ കൈ പിടിച്ച്  അവർ അകത്തേയ്ക്ക് പോയി.  ഒരു പഴയ കൂട്ടുകാരിയെപ്പോലെ !
കുറെ കഴിഞ്ഞു വന്ന് എന്നോടു പറഞ്ഞു " ഇത് ഒരു പക്ഷെ കിഡ്നിയിലെ റ്റ്യൂമറുമായി ബന്ധപ്പെട്ട വേദന ആകാം..ആ ഭാഗത്ത് ഒരു റേഡിയേഷൻ കൊടുത്താൽ  ശമനം കിട്ടാം."
അവളും ഞാനും  തോറ്റ കളത്തിൽ  മിഴി നട്ടു നിന്നു . കളം മായുന്നുവോ ..അതോ കണ്ണു നിറയുന്നുവോ..
പത്തു പടി കയറി കഴിയുമ്പോൾ  ഒന്നാം പടിയിലേക്ക് വീഴുന്ന കോണീം  പാമ്പും.

"ഒന്നും പേടിയ്ക്കണ്ടാ  ..ഇതിപ്പം സർവ്വത്രയാ ..എനിക്കിപ്പം എന്താ എന്ന് ആർക്കറിയാം ..എന്റെ അടുത്ത സുഹൃത്തുക്കൾ എത്രയോ പേർ  ഇങ്ങനെ റേഡിയേഷൻ കഴിഞ്ഞ് വേദന മാറി സുഖമായി കഴിയുന്നു...."
ഡോക്ടർ  ഗീതയുടെ തൂവൽ സ്പർശം.!!
യാത്ര പറഞ്ഞു ഞങ്ങൾ മടങ്ങി.  ഇത്തിരി വെട്ടത്തിൽ നിന്നും ഘോരാന്ധകാരത്തിലേയ്ക്ക് .
വീട്ടിൽ വന്നു . ഭാണ്ഡം ഇറക്കി . വെള്ളം കുറെ കുടിച്ചു.
" ഓ ..ഇനി എവിടെപ്പോയി  ഇതൊക്കെ ചെയ്യാനാ ..അതിനൊക്കെ ഒത്തിരി പൈസയും വേണം..ഞാൻ ഈ വേദന തീ പോലെ വിഴുങ്ങി വേഴാമ്പൽ പോലെ ഇവിടെങ്ങാനും കെടക്കാം..നിങ്ങൾ എന്റടുത്തുണ്ടല്ലോ ... നമുക്ക് മദനോത്സവം സിനിമയിലെ  സന്ധ്യേ എന്നുള്ള പാട്ടിടാം "  അവൾ ചിരിച്ചു ..വിളറിയ ചിരി.
 ഒഫീസിൽ പോകാൻ എന്നെ നിർബ്ബന്ധിച്ചവൾ ...കാത്തിരിപ്പിന് കൂട്ട് തേടുന്നു.  "ദൈവമേ"  അറിയാതെ വിളിച്ചു

വിളി കേട്ടെന്നു തോന്നും വണ്ണം  പിറ്റേന്ന് രാവിലെ  ...ഞങ്ങളുടെ പ്രണയ (പ്രളയ) കാലത്തെ  വിഭജനത്തിൽ കൂടെ നിന്ന ഒരാങ്ങളയും ,  മറ്റൊരു സഹോദരനും ,  വീട്ടിലെ  പഴയ സന്ദർശകനുമായ പ്രശസ്ത നടൻ സുരേഷ് കൃഷ്ണയും   ചേച്ചിയുടെ രോഗ അവസ്ഥ തെരക്കി വന്നു.
റേഡിയേഷൻ വേണമെന്നുള്ള  വാർത്തയിൽ സുരേഷ് പറഞ്ഞു "അളിയാ  നമുക്ക് ഗംഗാധരൻ ഡോക്ടറെ ഒന്നു കാണാം ..അദ്ദേഹത്തിന്റെ വാക്ക് കൂടി കേൾക്കാം "
"ഞങ്ങൾക്ക് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു പണ്ടേ ..പക്ഷെ അദ്ദേഹത്തെ കാണാൻ ഒരുപാട് നാൾ ബുക്കിംഗ് വേണം അത് വരെ എനിക്കീ വേദന താങ്ങാൻ വയ്യാ ..." ഭാര്യ നിസ്സഹായയായി .
"ചേച്ചി അതെനിക്ക് വിടൂ" . സുരേഷും അളിയനും പോയി.

രണ്ടാം ദിവസം സുരേഷ് വിളിച്ചു പറഞ്ഞു " അളിയാ  നാളെ രാവിലെ ത്രിപ്പൂണിത്തുറ എത്തണം.  ഗംഗാധരൻ ഡോക്ടറെ കാണണം.. "  അവൻ ഫോണ്‍ വച്ചു .
കേട്ടത് ശരിയോ എന്നറിയാൻ അവനെ തിരിച്ചു വിളിച്ചു.  "ഉറപ്പായും വരണം " അവൻ.
"ഞങ്ങളെപ്പോലെ ഇരുട്ടിൽ തപ്പുന്നവർക്ക് വെളിച്ചം കണ്ടാലും അറിയാതായി അളിയാ "  ഞാൻ പറഞ്ഞു.
"അദ്ദേഹത്തെ കാണാൻ കഴിയുന്നത്‌ ,  അതും  ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വിശ്വാസം വരുന്നില്ല "

പാവം ഭാര്യ രാത്രിയിലെ ഒരുങ്ങി ഇരിപ്പായി.  കുഞ്ഞും നാളിൽ ഉത്സവത്തിന്‌ പോകാൻ ഇരിക്കുംപോലെ.!

രാവിലെ ഡോക്ടറുടെ വീട്ടിലെത്തി.  പുരുഷാരം നിറഞ്ഞു കവിയുന്നു.  ഇതിനിടയിൽ എപ്പോൾ ...ആവോ..
കാത്തിരിപ്പ് ശീലമായിപ്പോയതുകൊണ്ട് മുഷിവു തോന്നിയില്ല.
ഒട്ടും വൈകാതെ സുരേഷെത്തി  ഞങ്ങളെയും കൂട്ടി ..ഡോക്ടറുടെ വീട്ടിലേയ്ക്ക്.

വാതിൽ  തുറന്നു വരുന്നത് ഡോക്ടറോ അതോ പിന്നിൽ കണ്ട ഗുരുവായൂരപ്പ വിഗ്രഹമോ !  ...
ഉമി നീർ കിട്ടാതെ ഒരു നിമിഷം.    അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തെ ശാന്തത!!
" പ്രസന്ന വദനം ധ്യായേദ്  സർവ്വ വിഘ്നോപ ശാന്തയെ "  അറിയാതെ മനസു പറഞ്ഞു.
ഭാര്യ കയ്യിൽ  മുറുകെ പിടിച്ചു പറഞ്ഞു .. "എനിക്ക് വേദന പകുതിയായി  "
"വരൂ "  ഡോക്ടർ അകത്തേയ്ക്ക് വിളിച്ചു.
വിശദമായി പരിശോധിച്ചു , മറ്റെങ്ങും കാണതെവണ്ണം ശാന്തനായി  .
"റേഡിയേഷൻ   വേണം  , പത്തെണ്ണം കഴിയുമ്പോഴേയ്ക്കും വേദന കുറയും.. ബാക്കിയൊക്കെ നമുക്ക് കണ്ട്രോൾ ചെയ്യാം.. അത്യാവശ്യം വരുമ്പോൾ വന്നോളൂ ഒന്നും പേടിക്കണ്ടാ "
ഒരു മന്ദസ്മിതത്തോടെ അവളുടെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു.
ഞങ്ങൾ  വാക്കുകൾ മുറിഞ്ഞവരായി .. തൊണ്ട വരണ്ടു ... ഈശ്വരനെ നേരിൽ കണ്ട പ്രതീതി !!
നിശ്ശബ്ദരായി ഡോക്ടറെ തൊഴുതു മടങ്ങി. ചിരിച്ചു ഡോക്ടറും വിട വാങ്ങി.

വീട്ടിൽ വന്നു .  പിറ്റേന്ന്  അവൾ പറഞ്ഞു  "എനിക്കിപ്പോൾ വേദനയൊക്കെ ഉണ്ട്   പക്ഷെ അതിനും മുകളിൽ ദൈവ തുല്യനായ ഡോക്ടറുടെ മൗന മന്ദഹാസം,  സ്നേഹ സാന്ത്വനം  ഒരു റേഡിയേഷനായി വീഴുന്നു ,ഒരു നിലാ കുളിർ പോലെ ....തണുപ്പ് ..
ഇന്നലെ ഒത്തിരി നാളൂടെ ഞാൻ നമ്മുടെ കോളജ് കാലങ്ങൾ സ്വപ്നം കണ്ടു...വേദനയില്ലാതെ ഉറങ്ങി "


ഇടത്തെ തോളിൽ ചാഞ്ഞ അവളോട്‌ ഞാൻ പറഞ്ഞു..  "ഈ നിലാ കുളിർ എനിക്ക് ഒരു പിൻ  വിളിയായി ... വിശ്വനാഥോ അമര പ്രഭോ..ഗംഗാധരോ മര പ്രഭോ..."








2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

ശിവന്‍



 ശിവൻ    പകർന്നാടിയ   ഒരു  രൂപാന്തരം   അര്‍ദ്ധ നാരീശ്വരന്‍.   
 പ്രേയസിയെ ഉടല്‍ പാതിയാക്കി  അകവും പുറവും ഒരു മെയ്യാക്കി  നടന്ന പുരുഷൻ
 ഇമ്പം ദാമ്പത്യത്തിൽ വേണം  എന്ന  വൃതം പുരാണ കാലത്ത് പോലും   ചര്യയാക്കി  തീർത്ത  മഹാൻ
 പുരാവൃത്തത്തിൽ   കാണായ സദ്‌  കഥാ ചരിതങ്ങളിൽ ഒരിക്കലും പിഴയ്ക്കാതിരുന്ന പരസ്പര ബഹുമാനം  സ്നേഹം   ഒക്കെ അവിടെ കാണാം..         ഇന്നെവിടെ എന്ന് ചോദിക്കാവുന്ന ഐതീഹ്യ മാഹാത്മ്യം !

ഇവിടെ കഥ  ഒരു പകർന്നാട്ടത്തിന്റെ  കദന രൂപം  മറ്റൊരു  ശിവനാടിയത് .

ബാല്യകാല സുഹൃത്ത് .
പിഞ്ഞി കീറിയ  കാക്കി  നിക്കറിന്റെ പോക്കറ്റിൽ എനിക്കായി മാത്രം കരുതി വച്ചിരുന്ന കശു മാങ്ങ അണ്ടികൾ  കല്ലിൽ വച്ച് തല്ലി  പൊട്ടിച്ച്  ആരും കാണാതെ  സ്കൂൾ മുറ്റത്തിന് പുറകിൽ  കൊണ്ടുപോയി
കൈയ്യിൽ  തന്നിട്ട്   "ആർക്കും കൊടുക്കണ്ട ..മോൻ തിന്നോ" എന്ന്    അച്ഛന്റെ വാൽസല്ല്യത്തോടെ പറഞ്ഞ സമ പ്രായക്കാരാൻ അല്ലെങ്കിൽ ഒന്നോ രണ്ടോ കൊല്ലത്തിനു മുൻപൻ    ശിവൻ .
പേരിലെ സാമ്യം  ആകാം മായാത്ത ഒരു ചന്ദന ഗോപി   മുക്കണ്ണ്‍   പോലെ ശിവന്റെ തിരു നെറ്റിയിൽ  ഇപ്പോഴും കാണും.
ഇല്ലായ്മയുടെ  ആഘോഷങ്ങളിൽ അവർക്ക് എന്റെ അച്ഛൻ മനസ്സറിഞ്ഞു നല്കിയിരുന്ന  അരിയും  സാമഗ്രികളുമാകാം  ഒരു പക്ഷെ ആ 'മോനേ " വിളിയ്ക്കു പിന്നിലെ ചേതോ വികാരം.
ശിവനെ കാണാതിരുന്നാൽ  കാശാവും   കമ്മ്യൂണിസ്റ്റ് പച്ചയും    മുള്ളൻ   അനച്ചക   ചെടിയും  നിറഞ്ഞ വെട്ടു വഴി കേറി കുന്നിൻ  മുകളിലെ   അവന്റെ വീട്ടിൽ എത്തുമ്പോൾ  അവന്റെ അമ്മയും  മോനേ" എന്ന വിളിയോടെ ഓടി വന്നിരുന്നു.

ഓല മെടഞ്ഞു കോർത്തിട്ട ഭിത്തിയിൽ  ആറന്മുള ഉത്സവത്തിന്‌ വാങ്ങിയ ഗജേന്ദ്ര മോക്ഷം  പടം തൂക്കിയിട്ടിരിക്കുന്നത്  മല മുകളിലെ ഇളം കാറ്റിൽ ആടുമ്പോൾ  മഹാവിഷ്ണു ഗരുഡ വാഹനത്തിൽ പറന്നു വരും പോലെ തോന്നും.   വൃത്തിയായി ചാണകം മെഴുകിയ തറയിൽ ഉച്ചവെയിൽ  എത്തി നോക്കി സൂര്യ മുട്ടകൾ വരച്ചു വച്ചിരിക്കുന്നതും കണ്ട് ഞാനിരിക്കുമ്പോൾ  ശിവൻ ഓടി അണച്ചു  വരും.  
നിക്കർ അഴിച്ചു കുത്തുമ്പോൾ പോക്കറ്റിൽ നിന്നും അപ്പോഴും കശുവണ്ടികൾ  താഴെ വീഴും.

'അമ്മയ്ക്ക് പനിയാ ..ഞാൻ താഴേന്നു വെള്ളം കോരിക്കൊണ്ട് വക്കുവാരുന്നു "   ശിവൻ പറഞ്ഞ താഴെ ഒരാഴമായി എനിക്ക് തോന്നി.     അവൻ  പലപ്പോഴും ക്ലാസ്സിൽ വരാതിരിക്കുന്ന കാര്യവും  പിടി കിട്ടി.
അടി കിട്ടുമ്പോൾ ഒച്ചയില്ലാതെ കരയുമായിരുന്ന ശിവൻ  ഒരിക്കലും അടി വാങ്ങുന്നതിന് മടിയും കാണിച്ചിട്ടില്ല.
അകത്തു അമ്മയുടെ ഞരക്കം കേൾക്കാമായിരുന്നു .
"വാ നമുക്ക്  മൂവാണ്ടൻ   മാങ്ങാ  എറിഞ്ഞിടാം " എന്ന് പറഞ്ഞു ശിവനും ഞാനും ഓടും.
വീടിനു പുറകിലെ പറമ്പിൽ ആരുടെയോ  മൂവാണ്ടൻ മാവ്    ഭൂമിയോളം  തണൽ . അവിടിരുന്നാൽ കോഴഞ്ചേരി പള്ളി കാണാം. 
വെയിൽ താഴുമ്പോൾ   കൈ നിറയെ മാങ്ങയുമായി മലയിറക്കം.

വർഷങ്ങൾ  ഏറെ പോയി.  കുഞ്ഞു പള്ളിക്കൂടം   വിട്ടു  ഹൈ സ്കൂൾ പഠനം    ശിവൻ  ആ ഓട്ടത്തിന് കൂടെ വന്നില്ല  അവൻ തിരികെ ഓടി . ജീവിതത്തിന്റെ  ഉപരി പഠനത്തിന് ! 
എന്നും കാണുന്ന കൂട്ട് മെല്ലെ തളർന്നു തുടങ്ങി അവനും ഞാനും   പുതിയ കളികൾ  പഠിച്ചു ...അല്ലങ്കിൽ കാലം പഠിപ്പിച്ചു ...
ഹൈ  സ്കൂൾ കഴിഞ്ഞു  കൊച്ചിയിലെ  കോളജിൽ  ചേർന്നു , നാട്ടിൽ  വരുന്നത് തന്നെ  ഓണത്തിനോ  ക്രിസ്തുമസ്സിനൊ  എന്നായി... മോർണിംഗ്   ഷോ  ലിറ്റിൽ ഷേനായ്സ്   നൂണ്‍  ഷോ  ഷേനായ്സ്   മാറ്റിനി   കവിത    ഫസ്റ്റ് ഷോ  പദ്മ   സെക്കണ്ട് ഷോ  ശ്രീധർ എന്ന  ദിനചര്യകളും     മെസ്സ് ഫീ കിട്ടുമ്പോൾ വോൾഗ  ബാറിന്റെ  സുഖ ശീതളിമയും  ഒരു ശീലമായി ...   ശിവനൊക്കെ   ഓർമ  ചെപ്പിൽ അടയ്ക്കപ്പെട്ടു.

എന്നോ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ  നക്ഷത്രം പോലെ ശിവൻ മുന്നിൽ !
"മോനെ " എന്ന വിളി എന്നെ കുഴപ്പിച്ചു കളഞ്ഞു.  എത്രയോ നാളായി  ഈ വിളി ഞാൻ മറന്നു പോയി എന്നുള്ള കുറ്റബോധം എന്നെ  ചൂഴുമ്പോൾ   ശിവൻ അടുത്ത് വന്നു കൈ പിടിച്ചു.
"മക്കളെ നിന്നെ കണ്ടിട്ട്  എത്ര നാളായെടാ ....." അവന്റെ കണ്ണ് നിറഞ്ഞു.  എന്റെയും.
"അമ്മ  രണ്ടു വർഷം  മുൻപ് മരിച്ചു പോയി ..ഇപ്പം കണ്ടത്തിൽ കാളെ  പൂട്ടാ പണി..അതും കുറവാ ..കണ്ടമൊക്കെ കൃഷി ചെയ്യാതെ ഇടാൻ തുടങ്ങി.."   ശിവൻ കൈലി പൊക്കി പഴയ കാക്കി നിക്കറിന്റെ പോക്കറ്റിൽ നിന്നും ഇപ്പോൾ എടുത്തത്  ദിനേശ് ബീഡിയും തീപ്പെട്ടിയും.   ഒരെണ്ണം എനിക്ക് നീട്ടി     ഞാനത് വാങ്ങി 
പഴയ കശുവണ്ടി   ബീഡിയായി  . ഒന്നിച്ചു കത്തിച്ചു.

"നമ്മുടെ മൂവാണ്ടൻ മാവ് ..."  ഞാൻ പറഞ്ഞു തീർക്കും മുൻപേ അവൻ പറഞ്ഞു
"അയ്യോ , അതെല്ലാം വെട്ടി വെളുപ്പിച്ചു   അവിടെ റബ്ബർ വച്ചിരിക്കുവാ  ..ഒരു തണലും ഇല്ലാ ..മുടിഞ്ഞ ചൂടാ ..ഞാൻ  സന്ധ്യ ആയിട്ട് രണ്ടു പൊടീം അടിച്ചു  താഴേന്നു കുളീം കഴിഞ്ഞു കേറി പോകും.  പകൽ  അവിടെ ഇരിക്കാൻ പറ്റില്ല"

ഭൂമിയോളം  തണൽ പകർന്ന തേന്മാവ്    എന്റെ   ഓർമ്മയിൽ  കട പുഴകി വീഴുന്ന ഒച്ച ഞാൻ കേട്ടു .
നിഴലില്ലാ മരങ്ങൾ    മനുഷ്യപ്പറ്റില്ലാ   മനുഷ്യരായി  എഴുന്നേറ്റ് നില്ക്കുന്ന കാഴ്ച  ദൂരത്തിൽ കണ്ടു.

"അടുത്ത വരവിനു നമുക്കൊന്ന് കൂടണം"     ശിവൻ യാത്ര പറഞ്ഞു .  കൈലി വീശിയുടുത്ത്  ബീഡി പുകയൂതി ...

പിന്നെ എന്നോ അറിഞ്ഞു ശിവൻ കല്യാണം കഴിച്ചു  എന്നും , രണ്ടു കുട്ടികൾ ഉണ്ട് എന്നും  അതിൽ ആണ്‍കുട്ടിയ്ക്ക്  ബുദ്ധി സ്ഥിരത  ഇല്ലെന്നും.    
കാലം അവന്റെ തോളിൽ എന്നും നുകം വച്ച് പൂട്ടുന്നു ...സങ്കടം തോന്നി.

പ്രാരാബ്ധ  പാച്ചിലുകൾക്കിടയിൽ  ശിവൻ   ഞാൻ എന്നൊന്നും   ഇല്ലാതെയായി .
ജീവിതം  റഫറിയായി  എല്ലാം നീയന്ത്രിക്കുമ്പോൾ   ഓർമ്മകൾക്കും   ഓടാതെ വയ്യാ!!

ഒരു നാൾ  ജോലി കഴിഞ്ഞു മടങ്ങി  ടൌണിൽ എത്തിയപ്പോൾ ആരോ പറഞ്ഞു
"അറിഞ്ഞോ നിങ്ങടെ മുക്കിനു ശിവൻ എന്ന് പറഞ്ഞ  കാളേ  പൂട്ടുകാരൻ പെണ്ണും പിള്ളേ  കല്ലിന് ഇടിച്ചു കൊന്നു...പൊലീസ് വന്ന് അപ്പോഴേ കൊണ്ടു പോയീ "

എനിക്കൊന്നും മനസ്സിലായില്ല . ശിവൻ  എന്ന് പറയുന്ന പാടത്ത് പണിയെടുക്കുന്ന വേറൊരാൾ ഇല്ല.
എന്റെ മനസ്സിൽ ഗജേന്ദ്ര മോക്ഷത്തിലെ  ചിത്രവും  കശുവണ്ടിയുടെ  മണവും ഒക്കെ കേറി ഇറങ്ങി
കട പുഴകിയ മൂവാണ്ടൻ മാവിന്റെ കരച്ചിൽ ഹൂംകാരമായി .... ഇലകളും  ശിഖരങ്ങളും  ആർത്ത നാദത്തോടെ ...

ശിവൻ ആയിരിക്കില്ല " എന്ന് സമാധാനിച്ചു വീട്ടിൽ എത്തി .     ഭാര്യയും  കൂടി പറഞ്ഞപ്പോൾ   എനിക്ക്  വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"മകൻ  രോഗം മൂത്ത്  നിരന്തരം  ചികിത്സയിൽ  ആയിരുന്നെന്നും ..മകളുടെ കല്യാണം  വേർ പിരിഞ്ഞെന്നും
ശിവൻ  നിരന്തരം  മദ്യപാനം ആയിരുന്നെന്നും .."

പിറ്റേന്നത്തെ പത്രത്തിൽ എല്ലാം ചിത്രം സഹിതം  വായിച്ചു..
ഭാര്യയുമായി നിരന്തരം  വഴക്കടിക്കുമായിരുന്നു എന്നും പലപ്പോഴും ആത്മഹത്യക്കും ചിലപ്പോൾ കൊലപാതകത്തിനും ശ്രമിച്ചിരുന്നു എന്നും.  
കറങ്ങി വന്നത് കൊലപാതകം ആയിരുന്നു.  സ്വയം ഓടുങ്ങിയിരുന്നെങ്കിൽ ഒരു ജീവൻ ബാക്കി കിട്ടിയേനെ.
എന്നാലോചിക്കുമ്പോൾ ,   ഒരു നിമിഷം  മിന്നൽ  പോലെ ചിന്തിച്ചു ... "അറിയാ  വഴികൾ  ഇനിയുമെത്രയോ  താണ്ടാൻ കിടക്കുന്നു  ..ഒരു കല്ലിൽ കാലു തട്ടിയാൽ ഇതിലും വലുതായ വീഴ്ചകൾ  കാണാമറയത്ത്  കാത്തിരിക്കുന്നു..." പാവം മനുഷ്യൻ എന്നിട്ടും  നിദ്രാടനം  തുടരുന്നു..... അവിടെ  ശിവനും  വിഷ്ണുവും  ബ്രഹ്മനും സമം!

കുറെ നാളുകൾ കഴിഞ്ഞ്  വെറുതെ വഴിയിൽ നിക്കുമ്പോൾ    ശിവൻ  എതിരേ വരുന്നു!
ഞാനാകെ പരിഭ്രമിച്ചു   .. എന്തു  പറയും ചങ്ങാതിയോട്‌ ...ഈശ്വരാ,
 തിരികെ കേറി പോകുന്നത് അർഹമല്ല .
എന്നെ കരുതിയവൻ ...പക്ഷെ നീതിയ്ക്കു നിരക്കാത്തത് ചെയ്തിരിക്കുന്നു...എന്ന് മനസ്സു പറയുമ്പോൾ .....

ശിവൻ എന്നെ സാകൂതം നോക്കി   നേരെ നടന്നു പോയി.  ഒരു പരിചയവും കാണിച്ചില്ല.
എന്നിലും എത്രയോ  മുന്നേ ചിന്തിച്ചവൻ .  പക്വമതി .
ഒന്നും പറയാനില്ലാതെ വെറുതെ  പഴം പുരാണം ഇറക്കി വക്കാതെ, ഞാൻ   ഇതൊന്നും ചെയ്തില്ല എന്ന്
പറയാതെ  ...അല്ലെങ്കിൽ ഞാൻ പാപിയാ എന്നും പറയാതെ ..
അപരിചിതനായ   പരിചയക്കരനായി ഞാൻ മാറുമ്പോൾ അവന്റെ അമ്മയുടെ "മോനെ" എന്നുള്ള വിളി ഒരു പിൻ  വിളിയായി.

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കൂടി പക

നാട്ടു നടപ്പിലെ  കുടിപ്പക അല്ല.    ഈ     "കൂടി   പക"

ശേഷിയും  ശേമുഷിയും  ഇല്ലാത്ത  മനുഷ്യന്മാർ തമ്മിൽ ചേർന്ന്  അതികായനെ  ഉന്മൂലനം ചെയ്യുന്ന അതി പുരാതന യുദ്ധ തന്ത്രം,  ഇവിടെ ഒരു തരത്തില്‍  വ്യാഖാനിച്ചാല്‍  ഒരു വിദൂര ഗറില്ലാ പോരാട്ട  മുറ !
ഒരിക്കലും നടന്നിട്ടില്ലാത്തതോ നടക്കാൻ പാടുള്ളതോ അല്ലാത്ത  വെറുമൊരു നാടൻ പാട്ട്  ...

  
" ഉവ്വേ ഭൈരവന്റെ തല ആരാണ്ട് കൊയ്തെടാ  ദാണ്ടേ  അങ്ങേലെ തോട്ടിൽ ചത്ത്‌ കെടക്കുന്നു
ആരാണ്ട് വെട്ടി കൊന്നതാ "

രാമന്‍ ചേട്ടന്റെ  ചായ കടയിലെ പ്രഭാത ഭേരി അന്നതായിരുന്നു.
കുഞ്ഞ് നാട്ടുവട്ടത്തെ ഞെട്ടിച്ച  തലേന്നത്തെ  ഇരുള്‍ കൊല!
കാലത്തെ ഒന്നും ഉണ്ടാക്കാൻ വയ്യാതിരുന്ന അമ്മ തന്ന ചില്ലറയുമായി  പുട്ടോ ദോശയോ വാങ്ങാൻ
രാമൻ ചേട്ടന്റെ  കടയിലെത്തിയ ഞാൻ  ആ വാർത്തയ്ക്ക് പുറകെ ഓടിയവരുടെ കൂടെ ഓടി.
എനിക്ക് പേടീം വിറയലും ഒന്നും അന്നേരം തോന്നീല്ല  "എല്ലാരും ഓടി, ഞാനും ഓടി"  എന്ന നാടൻ സൈക്കോളജി മാത്രമേ  വർക്ക്  ചെയ്തുള്ളൂ .
ഇട്ടിരുന്ന നിക്കർ വലിച്ചു മുറുക്കി കെട്ടി  എല്ലാ ഹർഡിൽസും കടന്നു ഞാൻ ഫിനിഷും ചെയ്തു.


പാടത്തിന്റെ  ഹസ്ത രേഖ പോലെ ചെറു ചാലായി  ഒഴുകുന്ന  കൈത്തോടിന്റെ നടുവില്‍  പരലും  മാനത്താന്‍ കണ്ണിയും  വിരണ്ടോടി എങ്ങോ പോയി ഒളിച്ച  ഒഴുക്ക് വെള്ളത്തില്‍  കരിഞ്ഞ കൈതോലയില്‍ മുഖം അമര്‍ന്നു കമഴ്ന്നു കിടക്കുന്ന  ഭൈരവന്‍ കുഞ്ഞച്ചന്റെ  കരിവീട്ടി  ഫയല്‍വാന്‍  ശരീരം .


ആറടിക്ക് മുകളില്‍ നീളം . കറു  കറെ  കറുത്ത് കുറുകിയ തോള്‍ മസ്സിലുകളില്‍ നിന്നും അല്പം വേര്‍പെട്ടു കിടക്കുന്ന കുറ്റി താടി മുഖം  ആരെയോ വാശിയോടെ നോക്കുന്ന പോലെ ...
കാലുകൾ  രണ്ടു കരയിലുമായി ട്രപ്പീസ് കളിക്കാരെ പോലെ വരമ്പിൽ കൊളുത്തി ഇട്ടിരിക്കുന്നു.   കീറിയ നീല നിക്കറിന്റെ ഇടയിലൂടെ കറുത്ത ചന്തി കാണാമായിരുന്നു.    എനിക്ക് നാണം തോന്നി.   ഒപ്പം പേടീം തോന്നി
ഒന്നുമറിയാതെ ഒഴുകുന്ന വെള്ളത്തിലേയ്ക്ക്  കട്ട ചോരയുടെ ചെറു തോണികൾ തനിയെ ഉണ്ടായി തുഴഞ്ഞു പോകുന്ന കാഴ്ച !

ആശാൻ കളരിയിൽ ഒക്കെ പോകുമ്പോൾ ഭൈരവനെ കാണുന്ന നേരം അറിയാതെ മൂത്രമൊഴിക്കാൻ തോന്നുമായിരുന്നു. നില്ക്കുന്ന ദിക്കിലേയ്ക്ക് നോക്കാറും കൂടിയില്ലായിരുന്നു .
കാൽ  പത്തിയിലെയ്ക്ക്  നോക്കിയാൽ  പോലും കരി മൂർഖന്റെ പത്തി പോലെ വരയും പുള്ളിയും ഒക്കെയായി എന്തോ പേടിപ്പിക്കുന്ന ഒരു തോന്നൽ .... വിരലുകളിലെ നഖങ്ങൾ നിവർത്തി വച്ച  പേനാ കത്തി പോലെ

സദാ  നീല വരയൻ നിക്കർ കാണ്‍കെ കൈലി ഉയർത്തി കെട്ടി ഒരു നില്പാ ..തലയിൽ  ഉടുപ്പ് പോലെ എന്തോ കൊണ്ട് മറ്റൊരു കെട്ട് .. എപ്പോഴും  ബീഡി വലി തന്നെ ..ആരെയോ കൊന്നിട്ട് ജയിലിൽ നിന്നും വന്നതേ ഉള്ളത്രെ .  ജയിലിൽ പിന്നേം ആരെയോ കൊല്ലാൻ തുടങ്ങിയെന്നും..
കറുത്ത മുഖം  വെളുത്ത പല്ല് എല്ലാം സിനിമാ പോസ്റ്ററിലെ  ഏതോ വില്ലനെ   ഓർമ്മയിൽ വരുത്തി.

'വല്യ കളികാർ ഒക്കെ  ഒടുക്കം വെള്ളമിറങ്ങാതെ തൊലഞ്ഞു പോകും "
ഒരാളുടെ  ക്രോധമോ  വിഷമമോ എന്നറിയാത്ത പിറ് പിറുപ്പ്
"വെള്ളത്തിൽ കെടന്നതല്ലേ  വെള്ളമിറങ്ങി കാണും" മറ്റൊരാൾ തമാശ പറഞ്ഞു.

എനിക്ക് പാവം ഭൈരവനോട്  ഒത്തിരി സങ്കടം തോന്നി. കാരണം അച്ഛന്റെ കൈയ്യിൽ തൂങ്ങി നടന്നപ്പോഴൊക്കെ  ഭൈരവൻ വന്നെടുക്കുമായിരുന്നു  എന്നെ ... പേടിച്ചു ഞാൻ സമ്മതിയ്ക്കും.

ഒഴുകുന്ന ചോര കണ്ടപ്പോൾ അമ്മയുടെ നിറം പോകുന്ന ഏതോ തുണി കഴുകി ഒഴിക്കും പോലെ..

"എന്നാലും  ഇന്നലെ രാത്രി ഒരു മിന്നാമിനുങ്ങിന്റെ ശബ്ദം പോലുമില്ലായിരുന്നു"
തവള പിടിയ്ക്കുന്ന രാഘവന് ഒരു പക്ഷെ മിന്നാമിനുങ്ങിന്റെ വെളിച്ചം ശബ്ദമായി തോന്നിയോ, തവളയുടെ ശബ്ദം വെളിച്ചമായോ ..ആവോ..
അന്നത്തെ എന്റെ കുഞ്ഞു ബുദ്ധിയിൽ ചത്ത്‌ കിടക്കുന്ന ഒരു മിന്നാമിനുങ്ങായിരുന്നു ഭൈരവൻ   കഴുത്തിൽ നിന്നും ചുവന്ന മിന്നുന്ന പ്രകാശം  കത്തിയും കെട്ടും...

"പോലീസ് ഏമ്മാന്മാർ വരുന്നെടാ " ആരാണ്ട് പറഞ്ഞതും  കളം  കാലിയായി.
ഞാനും അല്പം മാറി തൈ തെങ്ങിന്റെ മറ പറ്റി നിന്നു .
കൂർമ്പൻ  മീശക്കാർ  രണ്ടു പേർ   . കുടവയർ  പാട  വരമ്പിൽ നിഴൽ വീഴ്ത്തുന്നത് കാണാൻ രസമായിരുന്നു.
ഒപ്പം പള്ളീൽ മഞ്ചൽ വലിയ്ക്കുന്ന  ജോയീം.
ജോയിയെ  എനിക്ക് ഭൈരവനെക്കാൾ  പേടിയായിരുന്നു    വെള്ള പുതപ്പിച്ചു   കറുത്ത പെട്ടിയിൽ ശവവുമായി റോഡിൽ കൂടി മഞ്ചൽ വലിച്ചു പോകുന്ന ജോയിയെയും  "ഇന്ന് ഞാൻ നാളെ നീ " എന്ന് കറുപ്പിൽ വെളുപ്പ്‌ കൊണ്ടെഴുതിയ മഞ്ചലിനെയും കാണുമ്പോൾ ഞാൻ കണ്ണു പൊത്തി ഓടി മാറുമായിരുന്നു.

ഏമ്മാൻ മാരുടെ  കാക്കി നിക്കർ കാറ്റത്ത്‌ ആടുന്നുണ്ടായിരുന്നു . വരമ്പിൽ വള്ളി  ചെരുപ്പ് ഊരി  വച്ച് ഓല കാലിൽ   ലെഫ്റ്റ് പറഞ്ഞ് പട്ടീസ് പൊക്കി വച്ച്,  കൂർത്ത തൊപ്പി താഴ്ത്തി  തലയിൽ  തലോടി  ഒരാൾ  തുണി അളക്കുന്ന ടേപ്പ്  എടുത്ത്  ഭൈരവനെ അളക്കുമ്പോൾ മറ്റെയാൾ കടലാസിൽ എന്തോ കുറിക്കുന്നു.
എല്ലാം കഴിഞ്ഞു  രണ്ടു പേരും കൂടി കൈ കോർത്ത്‌ ഭൈരവനെ എടുത്ത് ചക്കര പായിൽ പൊതിഞ്ഞ്  ജോയീടെ തോളിൽ വച്ച് കൊടുത്തു.
പാടം താണ്ടി  കിതച്ചു ജോയി റോഡിൽ കിടന്ന കൈ വണ്ടിയിൽ ഭൈരവന്റെ കാട്ടു പോത്തിനോളം പോന്ന ശവ ശരീരം കിടത്തി, അല്ല കൊണ്ടെറിഞ്ഞു.

വണ്ടി വലിച്ചു ജോയി നടന്നു. ഏമ്മാന്മാർ  പാപ്പന്റെ അഥിതികളായി പട്ട കടയിലേയ്ക്ക് ഊളിയിട്ടു.
വെളുത്ത താറാവിൻ മുട്ടകൾ ഞെരിയുന്ന ശബ്ദം കേട്ട് ഞാനും വീട്ടിലേയ്ക്ക് ഓടി.

ഭൈരവന്റെ ശരീരം ഗവർന്മെന്റ് പുറമ്പോക്കിൽ അന്ന് തന്നെ കുഴി കുത്തി മറവു ചെയ്തു പോലും.
പിറ്റേന്ന് ഭൈരവൻ ഇല്ലാത്ത റോഡിലൂടെ ഞാൻ എഴുത്തോലയുമായി പോയപ്പോൾ അറിയാതെ മൂത്രമൊഴിക്കാൻ മുട്ടി.

വൈകിട്ട്  മുക്കിനു പറച്ചിലായി   ചെത്തുകാരൻ കിട്ടനേയും    ഒണക്ക മീൻ  കച്ചോടക്കാരൻ പാപ്പിയെയും പോലീസ് പിടിച്ചു എന്ന്..അതല്ലാ അവർ  നേരിട്ട് പിടി കൊടുത്തു എന്നും.
രണ്ടു പേരേം എനിക്ക് കണ്ടു പരിചയം മാത്രം  ഉണ്ട്. മുക്കിനെ അത്ര പ്രാധാന്യമില്ലാത്ത സപ്പോർട്ടിങ്ങ്   അക്റ്റെഴ്സ്  ആയിരുന്നു. അവരിലും പരിചയം ഭൈരവൻ തന്നെ.

രാത്രി കണ്ട പേടി സ്വപ്നമാകാം , ഞാൻ പിറ്റേന്ന് രാവിലെ നേരം വെളുത്തിട്ടും കട്ടിലിൽ മൂടി പുതച്ചു കെടക്കുംപോൾ അടുക്കളയിൽ  അമ്മയും അടിച്ചു തളിക്കാൻ വരുന്ന അമ്മയുടെ   വലം കൈ കാർത്ത്യാനി ഇച്ചേയീം കൂടി കുശു കുശുക്കുന്നത് കേട്ടപ്പോൾ  ആ അപസർപ്പക കഥയുടെ  ചുരുളു നിവർന്നു !

ചെത്തുകാരൻ കിട്ടൻ ജന്മനാ കാസ രോഗി ആണെന്നും   ഒരു തെങ്ങിൽ കേറിയാൽ പിറ്റേന്ന് ആശുപത്രി തന്നെ ശരണം എന്നും . മുക്കാൽ ചാണ്‍ നീളോം  വില്ല് പോലത്തെ നെഞ്ചും പറച്ചിലിൽ  വിക്കും എല്ലാം ഉണ്ടെന്നും എല്ലാം , കാർത്ത്യാനി ഇച്ചേയീടെ വർണ്ണനയിൽ   ഞാൻ കിട്ടനെ ഒരു ന്യൂസ്‌ റീൽ പോലെ കണ്ടു .
അയാൾ കഷ്ടപ്പെട്ട് ചെത്തി ഒരുക്കി വയ്ക്കുന്ന കള്ള്  ഭൈരവൻ കേറി കട്ട് കുടിക്കുമാരുന്നത്രേ ...പല നാൾ പേടിച്ചു കണ്ണടച്ചു, ഒരു നാൾ ചോദിച്ചപ്പോൾ കിട്ടനെ പൊക്കിയെടുത്ത് നിലത്തിട്ടു ചവിട്ടി എന്നും കിട്ടൻ ഒരു പാട് നാൾ സർക്കാർ ആശുപത്രിയിൽ ശ്വാസം മുട്ടലായി കെടന്നു എന്നും ഒക്കെ... പാവം എന്നെനിക്കും തോന്നി.

അടുത്ത കഥ പാപ്പിയെ കുറിച്ചായിരുന്നു . ഒരു കടും കാപ്പീടെ  വിശ്രമത്തിന് ശേഷം  ഇച്ചേയി തുടർന്നു ..

"പാപ്പി മീൻ കച്ചോടത്തിനു അതിരാവിലെ അങ്ങു ചന്തേൽ പോകത്തില്ലിയോ ..ഒണക്ക നെല്ലിനു വാ പൊളിക്കാൻ പോലും കെപ്പില്ലാത്തൊനാ   ..അവന്റെ പെണ്ണുമ്പിള്ള അങ്ങ് കെഴക്കത്തിയാ , കൊച്ചു പെണ്ണാ   കാണാനും ചേലാ .ഈ    മുടിഞ്ഞ ഭൈരവൻ  ഇന്നാള് അവളെ കേറി പിടിച്ചു   അതിനു പാപ്പി ചന്തേന്നു രണ്ടു മൂന്ന് പേരുമായി വന്നു ഭൈരവനോട് ചോദിച്ചു . അയ്യോ,  ആ പാവം പാപ്പിയെ  ഇവൻ അടിച്ചു തൂറിച്ചു കളഞ്ഞു.
പെണ്ണ് പേടിച്ചു പോയി  അവളെ വീട്ടുകാർ വന്നു കൊണ്ടും പോയീ."

"അത് പാപ്പിയ്ക്ക് വല്യസങ്കടമായിപ്പോയി . അന്നേ അവൻ തക്കം പാർത്തതാ  പാവമല്ലിയൊ  പെണ്ണും പോയി .    അങ്ങനിരിക്കുംപഴാ   ചെത്തുകാരൻ കിട്ടനും   പാപ്പീം കൂടി  കേരാമണ്ണ് ഷാപ്പി വച്ച് കാണുന്നെ .  പാപ്പി അവിടേം മീൻ കൊടുക്കുന്നുണ്ട്  കിട്ടനവിടാ ചെത്തുന്നെ  .   കിട്ടൻ പറഞ്ഞു പോലും  അടിച്ചിട്ടു കൊടുത്താൽ തേറു കൊണ്ട് കഴുത്ത്കാച്ചി കൊടുക്കാം എന്ന് . പാപ്പി സമ്മതിച്ചു . രാത്രി ഭൈരവന് കാഴ്ചയ്ക്ക് ശകലം കുറവും ഉണ്ട് തന്നേമല്ല നമ്മുടെ  ഒരുപ്പൂ  പാടം കടന്നു വേണം വാറ്റുകാരി  മീനാക്ഷീടെ  പൊരേൽ ചെല്ലാനും  അവിടല്ലിയോ  അവന്റെ അന്തി പൊറുതി  . എവമ്മാര് പാത്തിരുന്നു  ചെയ്തു കാണും.   എന്തായാലും അടിച്ചിട്ട പാപ്പീടെ  ഒരു കൈ ഭൈരവന്റെ കൈപ്പിടിയിൽ നിന്നും കൈ വെട്ടി മാറ്റിയാത്രേ  എടുത്തത്  ....ഞങ്ങടങ്ങെ  അങ്ങേരുടെ  വഹേലൊരു അളിയനാ ആ വന്ന ഒരു പോലീസേമ്മാൻ  ..പുള്ളി പറഞ്ഞു."
"കഴകം കെട്ടോന്മാർ  അവരുടെ കഴിവു പോലെ  ഒരാളെ കൊന്നു !     "ഒന്നിച്ചു കൂടി പക തീർത്തു ..... " അല്ലാതിപ്പം ഞാനവമ്മാരെ കുറ്റംപറയത്തില്ല എന്റിച്ചെയീ" ....
കാർത്ത്യാനിച്ചേയി   പിന്നേം കട്ടൻ കാപ്പി കുടിച്ചപോലെ തോന്നി...
ഒരാളെ കൊല്ലാനുള്ള കഴകം എന്താണ് എന്ന് ഇച്ചേയി പറഞ്ഞുമില്ല.

എനിക്കു മൂത്രം മുട്ടി..ഞാൻ പൊതപ്പും വലിച്ചു കളഞ്ഞു  ഓടിയത്  റോഡും കടന്നു   പാട വരമ്പിലേയ്ക്ക് ..
വെയിലു നന്നേ    മഞ്ഞ നിറത്തിൽ തിളങ്ങുമ്പോൾ     പാട പച്ചയ്ക്ക്   സ്വർണം കൊണ്ട്  ഗിൽറ്റ് ഇട്ട കല്യാണ കുറിയിലെ പച്ച അക്ഷരം പോലെ എന്തൊരു ഭംഗി.....
കൈത്തോട്ടിൻ കരയിലെത്തി  നോക്കി.  പരലും കയ്പ്പും  മാനത്താൻ കണ്ണിയും എല്ലാം പകൽ മയക്കത്തിലോ  എന്നറിയില്ല  ആരേം കണ്ടില്ല.....ഒന്ന് കണ്ടു      തോട്ടിൻ വരമ്പിലെ കരിഞ്ഞ കൈതോലയിൽ  കറുത്ത് കട്ട പിടിച്ചിരിയ്ക്കുന്ന  ചോര  ഉറുമ്പ് അരിയ്ക്കുന്നു, ചോണൻ ഉറുമ്പ് .

കള്ളിനും  പെണ്ണിനും  ഭൈരവൻ കൊടുത്ത സ്വയം  ഗുരുതി  .           (എന്നിപ്പോൾ തോന്നുന്നു.)
ഒരു ചെറു കാറ്റ് വീശി  കൈത കൈകൾ   എന്തോ പറഞ്ഞു  ...  പേടിച്ചു പോയി..   തിരികെ ഓടി . 

ഇളം കാറ്റിൽ  പച്ചച്ച പാടം  അരുതാത്തത് എന്തോ കണ്ടു മനം മടുത്തപോലെ മൂകമായി ചലനമില്ലാതെ കെടന്നിരുന്നു  എന്നത് ഞാൻ ഓർക്കുന്നു .     വഴിയും വിജനമായിരുന്നു     മരണം കഴിഞ്ഞ വീട് പോലെ.

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

വിഭൂതി



മുടി ജടാ ശകലം മാടി ഒതുക്കി,  തുറിച്ചു നില്‍ക്കുന്ന ഉണ്ട കണ്ണുകളിലെ  മാസ്മര ഭാവ പ്രകടനം കൊണ്ട് ഭക്തരെ അടി മുടി കോരിത്തരിപ്പിച്ച്   വിരല്‍ ഞൊടി മാത്രയില്‍  വായുവില്‍ നിന്നും ഊതി എടുക്കുന്ന മാന്ത്രിക ഭസ്മമല്ല ഇവിടെ വിഭൂതി  …ഒരു ഗമനാഗമന  ആകര്‍ഷണ  യന്ത്രവും ഇതില്‍ ഘടിപ്പിച്ചിട്ടുമില്ല !

 ഒരു പാവം നാട്ടു വൈദ്യന്‍  ധന്ന്വന്തരം കുഴമ്പും  ഇഞ്ചയുമിട്ട്  അസ്സലൊരു തേച്ചു കുളി കഴിഞ്ഞ് ഉപാസനാ മൂര്‍ത്തിയെ മനസ്സാ ധ്യാനിച്ച്  വിധിയാം വണ്ണം  ജലത്തില്‍ ചാലിച്ചു തൊടുന്ന കുറിയ്ക്കും,  മൂലമന്ത്രം ഉരുവിട്ട് നാക്കില്‍ തേച്ച്  ഇറക്കുന്ന ഭസ്മത്തിനും  അദ്ദേഹം  പേരെടുത്തു വിളിക്കുന്നത്‌ " വിഭൂതി " എന്ന ഭക്തിരസ പ്രധാനമായ നാമം.     കാലത്ത് കുളി കഴിഞ്ഞാല്‍ ഉടന്‍ വിഭൂതി  കഴിച്ചിട്ടേ ജലപാനം  പോലും ഉള്ളു . ആ എളുപ്പത്തിനു  കുളിമുറിയില്‍ തന്നെ വിഭൂതി കുടുക്ക പവിത്രമായി സൂക്ഷിച്ചിരിക്കുന്നു !

   വൈദ്യന്‍ ഒരു ആറടി പൊക്കത്തില്‍  നീണ്ടു കിടക്കുന്ന കൈകളും അതിനൊത്ത കാലുകളും ഉള്ള  വെളുത്ത് തുടുത്ത ആജാന ബാഹു,  കാലുകളില്‍  ഹൈ ടെന്‍ഷന്‍ വയറുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന  പോലെ  വേരിക്കോസ് വയറുകള്‍   .    നെറ്റിയില്‍ ഒന്നൊന്നര അംഗുലം വീതിയില്‍  അരച്ച ചന്ദന കുറി , അതിനു നടുവില്‍ വിഭൂതി കൊണ്ട്    കൈയ്യടക്കത്തില്‍ വരച്ച ഒരു കുറി , അതിനും നടുവില്‍ മൂന്നാം കണ്ണ് പോലെ ഒരു ചെമ്പരത്തി കുറി ...സാക്ഷാല്‍  രക്ത പുഷ്പാഞ്ജലി പ്രസാദം.         മുഴുവനും കഷണ്ടി തലയിലെ  മിനുത്ത വെളുപ്പില്‍  ഉത്തരത്തില്‍ തൂങ്ങി കറങ്ങുന്ന പഴയ  ഉഷാ ഫാന്‍ കാണാം!  ഒരു സാറ്റലൈറ്റ് ചിത്രം പോലെ. !!

     കഴുത്തിന്‌ താഴെ ഒരു വശം കീറിയ  വെള്ള  ഓയില്‍ ജുബ്ബയുടെ  കുടുക്കുകള്‍ സ്വര്‍ണം ആണെന്നും അല്ലെന്നും രോഗികള്‍ തമ്മില്‍ തര്‍ക്കമുണ്ട് , അതിനു വൈദ്യന്‍ മരുന്നു പറയാറുമില്ല. . എന്നാല്‍ ഒടിവിനും ,ചതവിനും , ഉളുക്കിനും  വൈദ്യന്‍ ഒന്ന് തലോടിയാല്‍ മതി  ഏത് അഷ്ടാ വക്രനും  ഇലക്ട്രിക് പോസ്റ്റ്‌  പോലെ ആകും.

   എല്ലാം നാടന്‍ പ്രയോഗങ്ങള്‍,  ചൂണ്ടു മര്‍മ്മം  തോണ്ട് മര്‍മ്മം   തുടങ്ങി  കളരി പരമ്പര അഭ്യാസ വൈവിദ്ധ്യങ്ങള്‍ മാത്രം , എന്നാല്‍  കര്‍ണ്ണാ കര്‍ണ്ണി പറഞ്ഞ ,  പരന്ന,  പരസ്യമല്ലാതെ ഒരു പരസ്യവും വൈദ്യര്‍ക്കില്ല .  ഒരു ഓഫറും ഇല്ല.  സോമാലിയന്‍ പ്രസിഡന്റിന്റെ കൂടെ ഇളിച്ചോണ്ട്‌  നിന്നെടുത്ത ഫോട്ടോയോ   ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജില്ലാ സെക്രട്ടറി  കൊടുത്ത താമ്ര പത്രമോ ഇല്ല.

  നവതി കഴിഞ്ഞ സിനിമാനടി  പൊക്കി പിടിച്ചു നിക്കുന്ന ഉത്തേജന മരുന്ന് കൂട്ടിന്റെ പരസ്യത്തിനുമപ്പുറം  അല്പം കഴമ്പുള്ള  കുഴമ്പുകള്‍  വൈദ്യര്‍ ഉണ്ടാക്കി നല്‍കുന്നുമുണ്ട്! അത് വാങ്ങി  സെഞ്ചുറി അടിക്കാന്‍ പോന്നോരും വിക്കറ്റൊന്നും നഷ്ടപ്പെടാതെ , എന്നാല്‍ റണ്‍ എടുക്കാതെ ക്രീസില്‍ നിക്കുന്നുമുണ്ട് !
വൈദ്യന്‍ സ്വജീവിതം പോലും ഈ മരുന്നിനു പരസ്യമാക്കിയിരിക്കുന്നു  എന്ന് കാണാം .
കാരണം  മക്കള്‍ പതിനൊന്നു പേര്‍.     പിന്നേം പെറാന്‍  വൈദ്യന്റെ ഭാര്യ  സമ്മതിക്കായ്ക  ആകാം,  അല്ലാതെ  മരുന്നിന്റെ കുഴപ്പമാകില്ല.!

 മക്കള്‍ എല്ലാവരും നന്നായി അടുത്ത ചുറ്റ് വട്ടങ്ങളില്‍ കഴിയുന്നു.   ഒന്ന് രണ്ടു പേര്‍  വൈദ്യം തന്നെ തൊഴിലാക്കി.     ചെലരൊക്കെ  വൈദ്യ ശാസ്ത്രം  ആയുര്‍വേദത്തില്‍ പഠിച്ചു അപ്പോത്തികീരിമാരായി .

  എന്നാലും  കുറെ ദൂരെ താമസിക്കുന്ന ഇളയ മകനോടാ വൈദ്യന് കൂടുതല്‍ മമത.  അല്‍പ സ്വല്പം നാട്ടു വൈദ്യവും   പാരമ്പര്യ   ചികിത്സകളും ഒക്കെയായി അവനും കുടുംബവും കഴിയുന്നു.  സമയം കിട്ടിയാല്‍ വൈദ്യന്‍ ഒരു ടാക്സി വിളിച്ചു അവിടെയെത്തും .   കൂടെ ശിങ്കിടി രാമനും  , കൈയ്യില്‍    അത്യാവശ്യ   സാധനങ്ങള്‍ അടങ്ങിയ ആമാട പെട്ടിയും തൂക്കി.     അതില്‍ ഒന്നാം സ്ഥാനത്ത്  വിഭൂതിയാണെന്ന്  പ്രത്യേകം പറയണ്ടാ.

   അങ്ങനെ   മകന്‍  ഒരു ചെറിയ  വീട് വച്ചു   ഗൃഹ പ്രവേശത്തിന്  അച്ഛനും അമ്മയുമെല്ലാം കാലേ കൂട്ടി എത്തി.
ശിങ്കിടി രാമന്റെ കയ്യില്‍ പെട്ടിയുമുണ്ടായിരുന്നു, എന്നാല്‍  വിഭൂതിഅടങ്ങിയ കുടുക്ക എടുത്തു വക്കാന്‍ ധൃതിക്കിടയില്‍ രാമനും വൈദ്യനും മറന്നു.   ഇനിയിപ്പം ഒരു ദിവസം  അതില്ലാതെ കഴിക്കാം എന്ന് വൈദ്യന്‍ ഉറപ്പിച്ചു.  രാമനോട് അല്പം നീരസം തോന്നിയെങ്കിലും വിഭൂതി പോലെ അതങ്ങിറക്കി. 
 
     പുതിയ വീടിന്റെ ഗൃഹ പ്രവേശം  രംഗം ആകെ  ജക പൊക  വിരുന്നുകാര്‍ വീട്ടുകാര്‍  കൂട്ടുകാര്‍ .  എല്ലാവരെയും കണ്ട് ചിരിച്ച് "ഇപ്പോള്‍ വരാം  "എന്ന് പറഞ്ഞു  വൈദ്യന്‍ തന്റെ പ്രഭാത  സ്നാനത്തിനായി  കുളി മുറിയിലേക്ക്  നടന്നു  ,  കുഴമ്പും എണ്ണയും ഒക്കെയായി  രാമന്‍ പുറകെയും.
   
      വൈദ്യന്‍   പുത്തന്‍ പുതിയ  സോളാര്‍  വാട്ടര്‍ ഹീറ്ററിലെ  വെള്ളത്തില്‍ ഒന്നു കുളിച്ചു.   ചൂട്ടും കൊതുമ്പും വച്ച്  ചെമ്പു  ചരുവത്തില്‍ രാമന്‍   തെളപ്പിച്ചു  തരുന്ന വെള്ളത്തിനോളം  വരില്ല എങ്കിലും  ഒരു വിധം ഒപ്പിക്കാം .  പുക മണം  ഇല്ലാത്തത് കൊണ്ട്  ഒരു സുഖ കുറവുണ്ട് എങ്കിലും.    നന്നായി തല തുവര്‍ത്തി  രാസ്നാദി ചൂര്‍ണ്ണം  ഉച്ചിയില്‍ പിടിപ്പിച്ചു    ഇഷ്ട ദേവതാ മന്ത്രം ഉരുക്കഴിച്ചു.   കണ്ണ് തുറന്നു നോക്കിയപ്പോള്‍  കുളിമുറിയുടെ ജന്നല്‍ പടിയില്‍ ഇരിക്കുന്നു വിഭൂതി കുടുക്ക.!  ഭഗവാന്റെ ഒരു വിളയാട്ടം  !!  വൈദ്യന്‍  മെല്ലെ കുടുക്ക എടുത്തു , കുറേക്കൂടി  നീറ്റിയ ഭസ്മത്തിന്റെ മണം,  പ്ലാസ്ടിക്  കുടുക്ക ആയതു കൊണ്ടാകാം .    വെള്ളത്തില്‍ ചാലിച്ച്  മൂലമന്ത്രം ഉരുവിട്ട്  ഒരു നെല്ലിക്കയോളം ഉരുട്ടി നാക്കില്‍ വച്ച് അലിച്ച് ഇറക്കി.   ഭഗവല്‍  കാരുണ്യത്താല്‍  ഇന്നും വിഭൂതി മുടങ്ങിയില്ല  എന്ന് അത്ഭുതപ്പെട്ടു.   ശേഷം കുറെ വിഭൂതി കൈയ്യില്‍ എടുത്തു കുറി തോടുവാനായി  കുളിമുറിയില്‍ നിന്നും പുറത്തു വന്നു.    മകനും മരുമകളും  എല്ലാം ചേര്‍ന്ന്‍ അച്ഛന്  കാച്ചിയ പാലില്‍ ഒരു ഗ്ലാസ് നല്‍കി, മനസ്സില്ലാ  മനസ്സോടെ  വൈദ്യന്‍ ഒരിറക്ക് കുടിച്ചു ഗ്ലാസ് തിരികെ നല്‍കി.
    
     ഒരു വല്ലായ്മ പോലെ തോന്നുന്നു   മുഖം വിളറിയിരിക്കുന്നു ,  വൈദ്യന്റെ ഭാര്യ ഓടി വന്നു ചോദിച്ചു "എന്നതാ നിങ്ങക്ക് ആകപ്പാടെ ഒരേനക്കേട്‌ പോലെ" ?   വൈദ്യന്‍ ചിരിക്കാന്‍  ബദ്ധപ്പെട്ടു  .  വയറ്റില്‍ ആകെ ഒരു തെരയിളക്കം   സുനാമി വരാന്‍ പോകുമ്പോലെ   വായില്‍ ഉമി നീര്‍ വറ്റുന്നു .
     കക്കൂസിലേയ്ക്ക്  ചൂണ്ടിയ വിരലില്‍ പിടിച്ചു രാമനും ഭാര്യയും വൈദ്യനെ നടത്തി   അല്ല , കൂടെ ഓടി .  മകനും മകളും  പിള്ളാരും കൂടെ ഓടി .
      ഒരു പ്രളയകാലം കഴിഞ്ഞു കരയ്ക്കടിഞ്ഞ  കുതിര്‍ന്ന,   കീറിയ  വാഴയില പോലെ വൈദ്യര്‍ ഭാര്യയുടെ  തോളില്‍ വീണു    മെല്ലെ അവരോടു പറഞ്ഞു   " എന്റെ സമയം ആയീന്നാ തോന്നുന്നേ  ...വയറ്റില്‍ നിന്നും പോകുന്നതിനു പോലും വിഭൂതീടെ മണമാ .... അല്ലെ    പിന്നെ  വിഭൂതി കുടുക്ക എടുക്കാന്‍ മറന്നിട്ടും   അത്ഭുതം പോലെ ഇവിടെ അവന്‍ എനിക്ക് വിഭൂതി കരുതിയത് എങ്ങനാ ....എനിക്ക് തീരെ വയ്യാ    ..കുറച്ചു വെള്ളം "
 
   ഒരു വിധം  വെള്ളം കൊടുത്തു വൈദ്യനെ കിടത്തി .   ശേഷം ഭാര്യ രാമനോട് ചോദിച്ചു "അല്ല രാമാ ഭസ്മം എടുത്തില്ല എന്നല്ലേ  പറഞ്ഞത്  ...മോന്‍ ഇതെങ്ങനെ അറിഞ്ഞു  , അവന്‍ ഭസ്മം വച്ചിരുന്നു എന്ന്അച്ഛന്‍ പറഞ്ഞു "  
രാമനും ആശ്വാസമായി  തന്റെ കുറ്റം കൊണ്ട് മറന്ന ഭസ്മം സമയത്ത് കിട്ടിയല്ലോ .  "അല്ലേലും ഇവിടുത്തെ കുഞ്ഞ് അച്ചന്റെ മനസ്സ് അറിയുന്നവനാ എന്ന്  വൈദ്യന്‍ ഇപ്പോഴും പറയും"
തന്റെ കാര്യം എന്തോ കേട്ട് കൊണ്ട് മകന്‍  അച്ഛന്റെ  അടുത്ത് നിന്നും  ഓടി അമ്മേടെ അടുത്ത് വന്നു...
"എന്താമ്മേ  പറഞ്ഞത്  "  എന്ന ചോദ്യം 
"അല്ല മക്കളേ , അച്ഛന്‍ രാവിലെ കഴിക്കുന്ന ഭസ്മം എടുക്കാന്‍ മറന്നാ  ഇങ്ങോട്ട് പോന്നത് , പക്ഷെ നീ ഇവിടെ അത് വച്ചിരുന്നു എന്നച്ചന്‍ പറഞ്ഞു   നീ നേരത്തെ വന്നപ്പോഴെങ്ങാനും വീട്ടീന്ന് കൊണ്ട് വന്നോ "

അമ്മയുടെ ചോദ്യത്തില്‍ മകന്‍  ഉത്തരം ഇല്ലാതെ കുഴങ്ങി   "ഇതെന്തൊരു  വിഭൂതി ..ഇനി  അച്ഛനെങ്ങാനും  മന്ത്ര ശക്തിയില്‍  വരുത്തിയതോ..." മകന്‍ ആകെ കുഴങ്ങി.  
" അച്ഛാ   ആ ഭസ്മം എവിടെ "   എന്ന്  വാഴയില  പോലെ കിടന്ന വൈദ്യനെ  കുലുക്കി ചോദിച്ചു
"കുളിമുറിയുടെ ജന്നല്‍ പടിയില്‍ ശകലം ഇരിപ്പുണ്ട് "  വൈദ്യന്‍  വയറു തിരുമ്മിക്കൊണ്ട്   അശരീരി പോലെ പറഞ്ഞു.. 
"  അത്ഭുതം  തന്നെ "   മകന്‍ പറഞ്ഞു , എന്നിട്ട്  കുളിമുറിയിലേക്ക്  ഓടി  

"അയ്യോ   ഇത്  വിമ്മിന്റെ പൊടിയാ "  അലറി വിളിച്ചും കൊണ്ട് മകന്‍ പോയതിലും  വേഗത്തില്‍ തിരികെ വന്നു
"ഇന്നലെ ധൃതിയില്‍ എല്ലാം തേച്ചു കഴുകിയതിന്റെ ബാക്കി അവിടെ ഇരുന്നതാ ....എന്റെ ദൈവമേ ഇനി അച്ഛനെ  ആശുപത്രീല്‍ കൊണ്ട് പോയി  എനിമാ വക്കണ്ടി  വരും.... ഈ നല്ലോരു  ദിവസോമായിട്ട്"
മകന്റെ  അലറി കരച്ചിലില്‍ അമ്മയും ഭാര്യയും  കണ്ടു നിന്നവരില്‍ കുറെ പേരും പങ്കു  കൊണ്ടു  . 
രാമന്‍  കണ്ണ് നീര്‍ ആറ്റുവാന്‍  തോര്‍ത്തിന്റെ തുമ്പില്‍ കണ്ണുകള്‍ കോര്‍ത്തിട്ടു ! എല്ലാം ഞാന്‍ കാരണം.

വൈദ്യന്റെ ഞരക്കം കൂടി കൂടി വന്നു  ..ഒപ്പം കക്കൂസിലേയ്ക്ക്  ചൂണ്ടിയ വിരലും നീണ്ടു നീണ്ടു വന്നു..അതില്‍ പിടിക്കാന്‍ വൈദ്യന്റെ ഭാര്യേടെ കൈയ്യും....



2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ആധാറും കല്യാണി ഇച്ചേയീം സ്വര്‍ണ പണിയും പിന്നെ ബീഡി തെറുപ്പും

ആധാറും   കല്യാണി ഇച്ചേയീം   സ്വര്‍ണ പണിയും    പിന്നെ ബീഡി   തെറുപ്പും
കടലും കടലാടീം  എന്നോ  മോരും മുതിരേമെന്നോ ഒക്കെ പറയുന്ന പോലയെ തോന്നൂ
എന്നാല്‍  കാലം മാറിയപ്പോള്‍  മോരും മുതിരേം നല്ലതെന്നും  മോരില്‍ മുതിര അലിയുമെന്നും   കടലില്‍ കടലാടി ഉണ്ടാകുമെന്നും  അത് കടലിലെ പച്ചമരുന്നായി ഉപയോഗിക്കാമെന്നും ഒക്കെ അങ്ങ് കണ്ടു പിടിച്ചാലോ ?  !!.

ഇതും, അതുപോലെ ഒന്നുമല്ലെങ്കിലും,    ഒരു വെറും പാവം നാട്ടിന്‍ പുറത്തുകാരി  വൃദ്ധയുടെ ധര്‍മ സങ്കടത്തില്‍ കുതിര്‍ന്ന സമസ്യാ പൂരണം എന്ന് വേണമെങ്കില്‍ പറയാം! 
പൊറുതി മുട്ടുമ്പോള്‍  മുണ്ട് പൊക്കി കാണിക്കാന്‍ മടിയൊന്നും   കല്യാണി ഇച്ചെയിയ്ക്ക് പണ്ടേ ഇല്ല . പക്ഷെ ഒരു  ഷോ നടത്തിയാല്‍ ആരെങ്കിലും നാല് പേര്‍ കാണണ്ടേ ? ഇവിടെ അതിനുള്ള സ്കോപ് ഇല്ല   കാരണം  ശത്രു  അങ്ങ് കേന്ദ്രത്തിലോ  മറ്റോ ആണെന്ന് ഇച്ചേയി   പണ്ടേ അറിഞ്ഞു.    ഇല്ലെങ്കില്‍    ഒരു ഒന്നൊന്നര  റിയാല്‍റ്റി  ഷോയ്ക്ക്‌  ഇത് തന്നെ ധാരാളം!

ഈ കഴിഞ്ഞ മഴക്കാലം    ഉള്ളിയുടെ വില ഉള്ളു പറിച്ചു മുളക് തേയ്ക്കുന്ന സമയം.  
അടുക്കളയില്‍ നിന്നും ഉഗ്ര ശാസനം  " വല്ലോം കൊണ്ട് പോയി പണയം   വച്ചിട്ടെങ്കിലും   അര കിലോ ഉള്ളി വാങ്ങിച്ചോണ്ട്  വാ , ഇല്ലാത്ത വെല കൊടുത്തു വാങ്ങിയ  കോഴിയാ , ഈ വെല കയറുമ്പോഴേ ഓരോരുത്തര്‍ക്ക് വിരുന്നു വരാന്‍ സമയമുള്ളൂ.എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങ് ഫോണ്‍ വിളിച്ചാല്‍ പോരെ..ഇപ്പോള്‍ വെല കൊറവ്  അതിനെയുള്ളൂ "....
പെണ്ണുമ്പിള്ള  അശ കൊശലെ  ഉള്ളി തെയ്യം കെട്ടിയാടുന്നു.!  ഒന്നേ നോക്കിയുള്ളൂ  ഉള്ള ചില്ലറ തപ്പി പെറുക്കി കുടയും എടുത്തു റോഡില്‍ ചാടി.  മഴ  എല്ലാവിധ ഗരിമയോടും കൂടി  കച്ചേരി തകര്‍ക്കുന്നു .
റോഡില്‍ കൂടി ഒഴുകി വരുന്ന  മുട്ടറ്റം കലക്ക വെള്ളത്തില്‍  എടുത്തു ചാടാന്‍ ഒരു പള്ളിക്കൂട കാല  ഉള്‍  വിളി വന്നു മുട്ടി ,   പക്ഷെ ഉള്ളിയും   ഭാര്യയും  ഉള്ളാലെ വിലക്കി. 

 ഒഴുകുന്ന വെള്ളത്തിലൂടെ  നടക്കുമ്പോള്‍  വള്ളി നിക്കറും  ബനിയനും,   അരിച്ചു കയറുന്ന ഇടവപ്പാതി തണുപ്പും   വെള്ളത്തില്‍ കളിച്ചു ചെല്ലുമ്പോള്‍ അമ്മ തരുന്ന ചൂട് ചൂരല്‍ കാപ്പിയും  ഒരു  ടി വി സ്ക്രോള്‍  ആയി മനസിലൂടെ ഒഴുകി...ഓള്‍ഡ്‌ ആന്‍ഡ്‌ ന്യു ജെനറേഷന്‍  ജുഗല്‍ ബന്ദി പോലെ.
 "എന്തിനാ കുഞ്ഞേ ഈ മുടിഞ്ഞ മഴയത്ത്  ഇറങ്ങിയത് ? "    ജംക്ഷനിലെ  മൂന്നു മുറി കടയുടെ  ഓരത്ത്
സ്വര്‍ണം പണിയുന്ന രാമകൃഷ്ണനും,   ബീഡി തെറുപ്പ്  കുട്ടപ്പനും  ചേര്‍ന്നുള്ള പങ്കു മുറി.  അതിന്റെ തിണ്ണയില്‍  ഉയരുന്ന ബീഡി പുകയുടെ ഇടയില്‍ കുത്തി ഇരുന്നു കൊണ്ട് കല്യാണി ഇച്ചേയി എന്നെ കണ്ടതും  ഈ ചോദ്യം ഉറക്കെ,   മഴയുടെ  ഭേരിയ്ക്കും മുകളിലൂടെ എറിഞ്ഞു.  "സ്വല്പം ഉള്ളി വാങ്ങാനാ ഇചേയീ  ..." അതും പറഞ്ഞോണ്ട് ഞാനും കുട മടക്കി  കട തിണ്ണയില്‍ കേറി.
ഒന്നും രണ്ടും പറഞ്ഞിരുന്നതിനു  ഭംഗം വന്നിട്ടോ  അതോ തണുത്ത മഴയത്ത്  ഇച്ചേയീടെ ചൂടാക്കല്‍ തടസ്സപ്പെട്ടിട്ടോ   ഒന്ന് രണ്ടു പേര്‍ എഴുന്നേറ്റ് മാറി.

"ഉള്ളിയ്ക്ക് പകരം ഒരു ഗ്രാം സ്വര്‍ണം തരാം "  രാമകൃഷ്ണന്റെ കമന്റ്.
"കോഴിക്കറീല്‍  ഇടാന്‍ പറ്റില്ലല്ലോ " എന്റെ മറു കമന്റ് ..ഒരു ഫേസ് ബുക്ക് സ്റ്റൈലില്‍ .

"ഉള്ളി അവിടെ നിക്കട്ടെ  മോനെ..ഈ ആധാരം എന്ന് പറയുന്ന  കാര്‍ഡ് എന്നാത്തിനാ  ..? "
ഇച്ചേയി  മുറുക്കാന്‍ മഴ വെള്ളത്തിലേയ്ക്ക് തുപ്പി ഉഷാറായി..കയ്യിലിരുന്ന  പൊതിയില്‍ നിന്നും ഒരു ചുവന്ന കാര്‍ഡ് എടുത്തു വീശി  ..ഒരു റഫറിയേപ്പോലെ
"എന്റിച്ചെയീ  ഇനി എല്ലാത്തിനും  അത് നിര്‍ബന്ധമാ  ...മൊഴത്തിനു  മൂവായിരം സബ്സിഡി അല്ലിയോ തരുന്നത് ..അത് ഇട നിലക്കാര്‍ അടിച്ചു മാറ്റാതെ നമ്മടെ  കയ്യില്‍ തന്നെ എത്താനാ  ഈ ആധാര്‍ .."
കുട്ടപ്പന്‍ പച്ച നൂല്‍ ബീഡിയുടെ അരയില്‍ കെട്ടിക്കൊണ്ട് പറഞ്ഞു.

"ഇത് മുതു മുടിഞ്ഞ ഏര്‍പ്പാടാ  ഇപ്പം തന്നെ   ആശുപത്രി  കാര്‍ഡ് , റേഷന്‍ കാര്‍ഡ്‌ ,  വോട്ടു ചെയ്യാന്‍  കാര്‍ഡ്
പിന്നെ തൂറാന്‍ വരെ   സകലതിനും കാര്‍ഡാ , ഇതെല്ലാം കൂടി സൂക്ഷിയ്ക്കാന്‍  അര   പണവട സ്വര്‍ണത്തില്‍ പണിഞ്ഞ ഈ താലീടെ കൂടെ കോര്‍ത്ത്‌ കഴുത്തേല്‍ ഇടാന്‍ ഒരു  കരി മണി മാല പണിയാന്‍ എന്താകും എന്നറിയാന്‍ കൂടിയാ ഞാന്‍ രാമണ്ണ്‍ന്റെ അടുത്ത് വന്നതും... അല്ലാതെ മടീല്‍ വച്ചാല്‍ ഇതെല്ലാം കൂടി  വഴീല്‍ പോകും "  കല്യാണി ഇച്ചേയി  കാര്യത്തിലേക്ക് കടന്നു.

ഒന്നും മിണ്ടാതെ ഇരുന്ന സഖാവ്  തോര്‍ത്ത് അരിവാളു പോലെ കഴുത്തേല്‍ ഇട്ടുകൊണ്ട്  ഒരു ബീഡി യ്ക്കായി
കുട്ടപ്പന്റെ നേരെ കൈ നീട്ടി  ...ഇതതിലും വല്ലിയ കാര്‍ഡാ എന്നുള്ള ഭാവത്തില്‍ ബുദ്ധി മുട്ടി കുട്ടപ്പന്‍ ബീഡിം തീപ്പെട്ടീം  ഇട്ടു കൊടുത്തു.  ബീഡി കത്തിച്ചു  ഒന്നാം പുക അകത്തേയ്ക്ക് എടുത്തു  രണ്ടാം പുക പുറത്തേയ്ക്ക് ഊതി സഖാവ്  പറഞ്ഞു...
"എന്റിചെയീ  ഇത് കേന്ദ്രം ഭരിക്കുന്ന അഴിമതി കൂട്ട് മുന്നണിയുടെ ദല്ലാള്‍മാര്‍ക്ക്  ചുമ്മാ പൈസ ഉണ്ടാക്കാന്‍ ഇട്ടു കൊടുത്തിരിക്കുന്ന  ഒരു വഴി മരുന്നാ ...കാര്‍ഡ് ഒന്നിന് നൂറു രൂപയോളം  അവന്മാര്‍ക്ക്  കിട്ടും   ജനം  സബ്സിഡി സൊപ്നം  കണ്ട്  ഉറങ്ങുമ്പോള്‍  അവമ്മാരുടെ  വട്ടീല്‍ കാശു കുമീവാ... അല്ലെ പിന്നെ ഈ അടിച്ചു മാറ്റുന്ന പൈസയുടെ നാലിലൊന്ന് ചുമ്മാ കൊടുത്താല്‍ പോരെ  പാവം ജനം  ഒരു വിധം സുഖമായി ഈ പട്ടിണി രാജ്യത്ത് കഴിയില്ലേ..പിന്നെ നമ്മുടെ കേരളത്തില്‍ ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാന്‍  ആള് റെഡിയായി  നിപ്പല്ലേ..."  അഞ്ചാമത്തെ പുകയില്‍ ബീഡി കെട്ടു.....സഖാവ് അത് ചെവിപ്പുറകില്‍ തിരുകി..അരിശം കടിച്ചമര്‍ത്തി .
"നനഞ്ഞ ബീഡി പോലെ ഒരു വ്യവസ്ഥ ! വലിക്കുന്നവന്റെ കവിള്‍ ഒട്ടും!!" മനസാ പറഞ്ഞു കാണും.

"ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വെലക്കൂട്ടിയിട്ടു  അതേന്നു കിട്ടുന്ന ലാഭം കൊണ്ട്  സബ്സിഡിയായി  നക്കാപിച്ച  ജനത്തിന് നല്‍കുന്ന ഈ പണി  ഇവിടേ നടക്കൂ, സ്വര്‍ണത്തിന് എന്താ വില..ചെറുകിട പണിക്കാരന്‍ തൊഴില് നിര്‍ത്തി കൂലി പണിയ്ക്ക് പോയിത്തുടങ്ങി "  രാമകൃഷ്ണന്റെ  ദുഃഖം .

" പെട്രോളിന് വില കേറുവാ  ഞങ്ങള്‍ കൂലി കൂട്ടാന്‍ തീരുമാനിച്ചു "  വരാന്തേല്‍ നിന്നിരുന്ന ഓട്ടോക്കാരന്‍ ഒരു പൊതു പ്രസ്താവനയും നടത്തി.
"എല്ലാരും അവരവരുടെ വെല ഇട്ടാ സാധനങ്ങള്‍ വിക്കുന്നത്..വാങ്ങുന്നവനു ഒരു വെലേം ഇല്ല..ഇതൊക്കെ ആരോട് പറയാന്‍.. "  മൈക്കാട് പണിക്കു പോകുന്ന കുഞ്ഞൂട്ടി ആരോടെന്നില്ലാതെ പറഞ്ഞു.

"മക്കളെ എന്റെ ആകുന്ന കാലത്ത്നാലും കൂട്ടി ഒന്ന് മുറുക്കി നല്ല കൊഴു കൊഴെ മുറുക്കാന്‍ തുപ്പല്‍  ..അടിപ്പാവാട പൊക്കി അങ്ങോട്ട്‌ കാണിച്ചു കൊടുത്തോണ്ട്  ഇവന്റെയൊക്കെ മുഖത്തോട്ട്  ഭൂ" എന്നൊരു ആട്ടോടെ അങ്ങോട്ട്‌ തുപ്പി കൊടുക്കാമായിരുന്നു ....ഇന്നിപ്പം വയ്യാതായി " കല്യാണി ഇച്ചേയിയില്‍ രോഷാഗ്നി പടര്‍ന്നു.

"അതിനിപ്പം എല്ലാരും അങ്ങ് തലസ്താനത്തല്ലിയോ   ഇചേയീ പിന്നെ ആരെ കാണിക്കാനാ "
ആരാണ്ട് ചോദിച്ചതു കേട്ട്  ഇച്ചേയി പറഞ്ഞു  " ഇതെല്ലാം മുടിയാനുള്ള പോക്കാ  ..ഒടുവില്‍ തല   സ്ഥാനത്ത് കാണാതെ വരും കുഞ്ഞേ.."

മഴ ഇത് കേട്ട് ഞെട്ടിയോ എന്നറിയില്ല ഒന്ന് തുള്ളി വിട്ടു.  ഓരോരുത്തരായി  റോഡില്‍ ഇറങ്ങി.
കല്യാണി ഇച്ചേയി കാര്‍ഡുകള്‍ അടുക്കി പെറുക്കി മുറുക്കാന്‍ പൊതിയുടെ കൂടെ വച്ചു. കാലു നീട്ടി ഒന്നിരുന്നു.
അടുത്ത മഴയ്ക്ക്‌ മുന്പ് വീട്ടിലെത്താന്‍ ഉള്ളീം വാങ്ങി ഞാനും യാത്ര പറഞ്ഞു തിരികെ നടന്നു.

പോരുമ്പോള്‍  ഇച്ചേയി സഖാവുമായി തീവ്രമായ ഏതോ  വിഷയ ചര്‍ച്ചയില്‍ വീണിരുന്നു..കുട്ടപ്പന്റെ ഒരു ബീഡി കൂടി മറിഞ്ഞു കാണും...!
നിരവധി കാര്‍ഡുകള്‍  പോലെ    വിഷയ" ദാരിദ്ര്യം ഈ മണ്ണില്‍  ഒരിക്കലുമില്ലല്ലോ,  സാക്ഷാല്‍ ദാരിദ്ര്യം പല വട്ടം ഉണ്ടായാലും   !!


2013, ജൂൺ 23, ഞായറാഴ്‌ച

ട്രങ്ക് കോള്‍

ട്രങ്ക്  കോള്‍ . 

പള്ളിക്കൂട  കാലത്ത്  കേള്‍ക്കാന്‍ കൊതിച്ച  മുഖമില്ലാ  സ്വന ധാര , ഒരിക്കല്‍പോലും  ശ്രവിയ്ക്കാന്‍ കഴിയാത്തതില്‍  ഇന്നും ദുഖമുണ്ട്.
ആകാശ വാണി  പുറപ്പെടുവിച്ച  രഞ്ജിനി,  രാത്രി ആര്‍ക്കും ശല്യമാവാതെ  പോക്കറ്റ് ട്രാന്‍സിസ്ടരില്‍  ചെവി ചേര്‍ത്ത്  കേട്ട നേര്‍ത്ത നാദ ധാര..  സന്യാസിനിയും   കയാമ്പൂവും  ഒക്കെ  കരണ ഞരമ്പിലൂടെ  വിഷാദവും  പ്രണയവുമായി തലച്ചോറിലും മനസിലും പെയ്ത് ഇറങ്ങിയിരുന്ന  യൌവ്വന കാലത്തും  ട്രങ്ക് കോളുകള്‍ നേരില്‍  മാത്രം കേള്‍ക്കാന്‍ കഴിഞ്ഞില്ല . 
കാരണം  നാട് വിട്ടു പോയ  അടുത്തറിയാവുന്ന ആരും ഇല്ലായിരുന്നു എന്നതാകാം  .ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ തന്നെയും  ചിറി വഴി നാക്കു കൊണ്ട് നക്കി ഒട്ടിച്ച നീല ഇന്‍ലന്റില്‍ വരുന്ന ക്ഷേമ അന്വേഷണങ്ങള്‍  വല്ലപ്പോഴും ഒരെണ്ണം മാത്രം.

കൂടുകാരുടെ  അച്ഛനോ  അമ്മാവനോ ഒക്കെ പാട്ടാളത്തിലോ    റെയില്‍ വേയിലോ  ഉണ്ടായിരുന്നവര്‍  വരുമെന്നും  പോകുന്ന കാര്യം അറിയിച്ചുവെന്നും   അതിനു  കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസില്‍ പോയി ട്രങ്ക് ബുക്ക് ചെയ്തു എന്നും ഒക്കെ കേട്ടിരുന്നപ്പോള്‍   അത്ഭുതം  കൂറി  നോക്കി നിന്നിരുന്നത്    ബാല്യ കൌതുകമായി ഇന്നും മനസ്സില്‍  ഉണ്ട്.    

 ഒന്നോ രണ്ടോ തവണ മാത്രം  പോസ്റ്റ്‌ ഓഫീസിന്റെ നടയില്‍ ചുവന്ന  മേലങ്കി പുതച്ച  ചതുര  കൂട് കണ്ടിട്ടുണ്ട്   "ട്രങ്ക് വിളിക്കുന്ന സ്ഥലമാ" എന്ന് അയല്‍ക്കാരന്‍ വാസു ദേവന്‍ പറഞ്ഞു കേട്ടിട്ടുണ്ട് . അവന്‍റെ അച്ഛനെ ബര്‍മയില്‍  വരെ വിളിച്ചു അമ്മാവന്‍ എന്ന്  പൊളി പറയുന്നതും ഓര്‍ക്കുന്നു.  പക്ഷെ അവനും ഒരിക്കല്‍ ട്രങ്ക് വഴി സംസാരിച്ചുവത്രേ ! എന്റെ ഒരു ട്രങ്കില്ലാ  വിധി. !!

മറ്റൊന്ന് കമ്പി "
കമ്പിയ്ക്ക്ഒരുപാട് പര്യായങ്ങള്‍   പിന്നെ  ശ്രേഷ്ഠ ഭാഷയില്‍  ആരൊക്കെയോ കണ്ടെത്തി, ആ കമ്പി കാരണം  പല കമ്പനികള്‍ പൂട്ടുകേം ചെയ്തു!  .  പല പാനലുകളും വിടരും മുന്‍പേ കൂമ്പി പോവുകയും ചെയ്തു!!

കമ്പിക്കാരനെ   ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ അലമുറയിടുന്ന കുട്ടിയമ്മ ഇന്നും  ചിരി ഉണര്‍ത്തുന്ന ഒരു കഥാ പാത്രമാണ് . പാവം കുട്ടിയമ്മേടെ മോന്‍ നാഗാലാന്റില്‍  പോലീസിലായിരുന്നു  കമ്പിക്കാരന്‍ എന്നാല്‍ ദുഃഖ ദൂതന്‍ എന്ന നാട്ടു നടപ്പാവാം കുട്ടിയമ്മയെ കരയിപ്പിച്ചിരുന്നത്.
നീളന്‍ കാലന്‍ കുടയും  സൈക്കളിന്റെ  ഹാന്റിലില്‍ തൂക്കി   പുറകിലത്തെ കാര്യറില്‍ പ്ലാസ്ടിക് കടലാസ്സില്‍ ചുവന്ന കമ്പി എഴുത്തുമായി  ഒരു പടയാളിയെ പോലെ സൈക്കിളില്‍ നിന്നും ചാടി ഇറങ്ങുന്ന കമ്പിക്കാരനെ കാണുന്നത്  പോത്തും കയറുമായി വരുന്ന കാലനെ  കാണുന്ന ഭയ ഭക്തി  ബഹുമാനത്തോടെ  ആയിരുന്നു.  അത് ട്രാന്‍സിലേറ്റ്  ചെയ്യുന്ന സാര്‍ അതിലും വലിയ പദവിയിലും. 

ഇതൊരു ട്രങ്ക് കോള്‍ ബുക്കിംഗ് കഥ . 

സ്ഥലത്തെ പ്രധാന മേല്‍ വിലാസ പട്ടികകളില്‍ പെട്ട വീട്ടുകാര്‍ . ഒരുപാട് പേര്‍  പേര്‍ഷ്യയിലും  അമേരിക്കയിലും ഒക്കെയുള്ള വീട് .  ബന്ധു ബലം കൌരവപ്പടയോളം,   ആരും തന്നെ  ഊരില്‍ ഇല്ലാ എന്ന് പറയാം,  ഒരു പാവം പാതിരി അല്ലാതെ  . സൌമ്യനും ശാന്തനുമായ ആ നല്ല ഇടയന്റെ  അനുജന്മാരില്‍ ഒരാള്‍  ഓര്‍ക്കാപ്പുറത്ത്  കാലയവനികയ്ക്കുള്ളില്‍  മറയുന്നു.   മോര്‍ച്ചറി (സഞ്ചരിക്കുന്നതും  അല്ലാത്തതും )   ശവ  പാട്ടു  (കരച്ചില്‍?) പാടി  വഴിയേ " ആഘോഷ യാത്ര" ഒന്നും അന്നില്ലായിരുന്നു  .
പാവം അച്ചന്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാന്‍ സന്തത സഹചാരി കുട്ടപ്പനെ   ഏര്‍പ്പാടാക്കി .  
കുട്ടപ്പനോ  കമ്പി വിലാസങ്ങള്‍ വേറെ   ട്രങ്ക് നമ്പരുകള്‍ വേറെ എന്നിങ്ങനെ  നൂറ്റൊന്ന് ആവര്‍ത്തിച്ചു അച്ചനോട്  ഉറപ്പിച്ചു    വിശ്വാസം   വരുത്തി.  
'നിനക്ക് ട്രങ്ക് ഒക്കെ വിളിക്കാന്‍ അറിയാമല്ലോ " എന്ന അച്ചന്റെ ചോദ്യത്തിന്  "പിന്നേ  ഞാനല്ലിയോ  വല്യ തിരുമേനി  കാലം ചെയ്ത  വിവരം ഇവിടുത്തെ കുഞ്ഞിനെ  അങ്ങ്  മട്രാസില്‍ ട്രങ്ക്  വിളിച്ചു പറഞ്ഞത് ...പക്ഷെ അന്നത്തെ തെരക്ക് കാരണം കുഞ്ഞിനു വരാന്‍ കഴിഞ്ഞില്ല " " അതിപ്പം കൊല്ലം കൊറെയായി  എന്നാലും ട്രങ്ക് പഴേത് തന്നെ."
"എന്നാല്‍ വേഗം ചെന്നോളൂ" എന്ന് അച്ഛന്‍ കുട്ടപ്പനെ യാത്രാമൊഴി ചൊല്ലി.
 
കുട്ടപ്പന്‍ ആരോടും ഉരിയാടാതെ  സൈക്കിളില്‍ വലതു കാല്‍ വീശി   കേറി നേരെ  കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസില്‍ എത്തിയെ ശ്വാസം പോലുംവിട്ടുള്ളൂ
പോസ്റ്റ്‌ അപ്പീസിന്റെ ഉള്ളിലേയ്ക്ക് നോക്കിയതും കുട്ടപ്പന്റെ സിരകള്‍ മുഴുവന്‍ ആശ്വാസ വാതകം നിറഞ്ഞു  ഓക്സിജന്‍  കിട്ടാതെ കിടന്ന ആളിന് അത് കിട്ടിയത് പോലെ.  
മേലേലെ  ഗോപാല പിള്ള  "പോഷ് മാഷാ" പക്ഷെ  കോഴഞ്ചേരി  അപ്പീസിലാ  എന്നറിയില്ലായിരുന്നു.
ദൈവാധീനം   .  വിവരം കേറി പിള്ള സാറിനോട് പറഞ്ഞു. "അതിനെന്നാ കുട്ടപ്പാ  ആ ചുവന്ന കതകു തുറന്നു കേറി വിളിച്ചോണ്ടാട്ടെ   ഞാനിത്തിരി തെരക്കിലാ   "  എന്നും പറഞ്ഞു പിള്ള സാര്‍ തടി പിടിയുള്ള  ഇരുമ്പ് സീല്‍ കറുത്ത മഷി പെട്ടിയില്‍ മുക്കി ഇല്ലന്റുകളുടെ മുഖം നോക്കി അടിച്ചു കൊണ്ടിരുന്നു .

കുട്ടപ്പന്‍ എന്തോ അപരാധം കാണിക്കാന്‍ പോകുന്ന മാതിരി ചുക ചുകെ ചുവന്ന  ഇരുമ്പു കൂടിന്റെ കതകു തുറന്നു ഇടം വലം നോക്കി  വലതു കാല്‍ വച്ച്  അകത്തു കേറി   കതക്  അടച്ചു.
എല്ലാം കഴിഞ്ഞു യുദ്ധം ജയിച്ച പ്രഭാവത്തോടെ തിരികെ ഇറങ്ങി  മുഖത്തെ വിയര്‍പ്പൊക്കെ  കൈലി തുമ്പാല്‍ തുടച്ചു.
ഗോപാല പിള്ള സാര്‍ അടി തുടരുന്നു  നേരെ നോക്കുന്നത് പോലുമില്ല ,   കമ്പി  അടിക്കുന്ന " കട കട  " മാത്രം നിശബ്ദ ഭംഗം വരുത്തുന്നു.
ട്രന്കിന്റെ പൈസ ചോദിച്ചില്ല  ഒട്ടു കൊടുത്തുമില്ല  , തിരികെ അതെ കാല്‍ വീശി  സൈക്കളില്‍ കേറി  ദാ" എന്ന് പറഞ്ഞപ്പോഴേയ്ക്കും  അച്ചന്റെ  കാല്‍ക്കല്‍ റെഡി  .

അച്ചനും  ഒരുമാതിരി അവിശ്വാസം  തോന്നി  " ഇത്ര പെട്ടന്ന് മൂന്നു നാല് ട്രങ്ക് വിളിച്ചു കഴിഞ്ഞോ കുട്ടപ്പാ "
എന്നൊരു ആക്കി ചോദ്യം  കുട്ടപ്പന് അത്ര പിടിച്ചില്ല .  കുറിപ്പും   പൈസയും അച്ചന്റെ കയ്യില്‍ കൊടുത്തു എന്നിട്ട് പറഞ്ഞു
" അച്ചോ നമ്മുടെ  മേലേലെ ഗോപാല പിള്ള ഇപ്പം കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസിലെ മാഷാ
എന്നെ കണ്ടതും  ഞാന്‍ എല്ലാ വിവരവും പറഞ്ഞു  ...അതിനെന്നാ കുട്ടപ്പാ  ചൊവന്ന പെട്ടീടെ കതകു തൊറന്നു
അങ്ങ് വിളിച്ചോണ്ടാട്ടെ  എന്ന്  പറഞ്ഞതും  ഞാന്‍ അങ്ങോട്ട്‌ കേറി കതകും അങ്ങടച്ചു  എന്നിട്ട്  അച്ചന്‍ തന്ന നമ്പരും  പേരും ഒറക്കെ അങ്ങോട്ടു വിളിച്ചു  എന്നിട്ട് മരണ വിവരം ഓരോരുത്തരോടായി  പറഞ്ഞു   എന്റെ തൊണ്ട  പൊട്ടാറായി  അച്ചോ  ....."  കുട്ടപ്പന്‍ തളര്‍ന്ന് പോയി.

അച്ചന്റെ  തലച്ചോറിന്റെ വെള്ളി തിരയില്‍  പടം തെളിഞ്ഞു.  "അപ്പോള്‍ കുട്ടപ്പാ നീ ആ കറുത്ത ഫോണ്‍ കയ്യില്‍ എടുത്തില്ലേ "
"എന്റച്ചോ  ഗോപാല പിള്ള പറഞ്ഞാല്‍ അതില്‍ കൂടുതല്‍  എന്തവാ , കേറി അങ്ങോട്ട്‌ വിളിക്കാന്‍ പറഞ്ഞു  ഫോണും ഒന്നുമെടുക്കണ്ട കാര്യമില്ല പുള്ളി പറഞ്ഞാല്‍  ...പണ്ട് ഞാന്‍ മട്രാസിനു വിളിച്ചതും ഇങ്ങനെ തന്നെയായിരുന്നു " 
അച്ചന്‍  ചെകുത്താനെ കണ്ടപോലെ ഞെട്ടിപ്പോയി  .  വല്യ തിരുമേനീടെ  അന്ത്യ കര്‍മ്മങ്ങള്‍ക്ക് അനിയന്‍ വരാതിരുന്നതിനെ ചൊല്ലി ഇന്നും പിണക്കം മാറിയില്ല  . അവനെ അറിയിച്ചില്ല എന്ന് അവനും  കൃത്യമായി ട്രങ്ക് വിളിച്ച വിവരം ഞാനും ഇപ്പോഴും വാദിക്കുന്നു.  പെട്ടന്ന് അച്ചനു ബോധം വന്നു
"ആട്ടെ  കുട്ടപ്പാ   വിളിച്ചതിന്റെ രസീത്  കാണട്ടെ  "
"അച്ചോ കൊച്ചിലെ തൊട്ടേ ഞാനിവിടുത്തെ കാര്യക്കാരനാ   എനിക്കാരുടേം പൈസാ വേണ്ടാ.   അറിയാവുന്നത് കൊണ്ട് ഗോപാല പിള്ള പൈസ ചോദിച്ചില്ല  ഞാനൊട്ടു കൊടുത്തുമില്ല ..ഞാന്‍ പോകുവാ  കൂലി പണി ചെയ്താ ഞാന്‍ കഴീന്നെ ...വിശ്വാസ കേടു തോന്നിയാല്‍ പിന്നെ അവിടെ നിക്കരുത്‌..."
കുട്ടപ്പന്‍ സൈക്കിള്‍ ഉന്തി മാറ്റി വച്ച്  നടന്നു നീങ്ങി.

അച്ചനു  മൊത്തത്തില്‍  ലോകാവസാനമായ പോലെ ഒരു തോന്നല്‍  വന്നു.
എല്ലാം തല തിരിഞ്ഞു  കറങ്ങുന്നത് പോലെ. 
ഇനി  നിന്നിട്ട് കാര്യം ഇല്ല  താനേറെ പോകുന്നതാ നല്ലത് . ഇല്ലെങ്കില്‍ എന്റെ മരണം പോലും അറിയിച്ചില്ല  എന്ന പരിഭവത്തിന്മേല്‍ ബന്ധുക്കള്‍ ശത്രുക്കള്‍ ആകും .
അച്ചന്‍  കുപ്പായമിട്ടു .  കുപ്പായ വര്‍ണത്തിലുള്ള  പ്രിമിയര്‍ പദ്മിനി  സ്റ്റാര്‍ട്ട്‌ ചെയ്തു .
കോഴഞ്ചേരിക്കു പോകും വഴി കുട്ടപ്പന്‍ ഓരം  ചേര്‍ന്ന് പോകുന്നു ...വണ്ടി നിര്‍ത്തി ..
"കുട്ടപ്പാ  സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നും ജനിച്ചവനാകുന്നു ...വണ്ടിയില്‍ കേറ് "
കുട്ടപ്പന്‍ ഒന്ന് പരുങ്ങി   എന്നിട്ട്ഡോര്‍ തുറന്നു അച്ചനെ നോക്കി  ഒരു പൂച്ച കുഞ്ഞിനെ പോലെ മുന്‍ സീറ്റില്‍ കയറി ഇരുന്നു കുറുകി.
അച്ഛന്‍ പ്രിമിയര്‍ പദ്മിനി പായിച്ചു!