Powered By Blogger

2013, ജനുവരി 10, വ്യാഴാഴ്‌ച

മുതു പരിണയം

ഒരിക്കലും നടന്നതോ നടക്കാന്‍ സാധ്യത ഉള്ളതോ ആയ ഒരു സംഭവമായി ഇതിനെ കാണരുതേ
കഥാപാത്രങ്ങളും  സാഹചര്യങ്ങളും ഒക്കെ ഭാവനയുടെ പരിമിതികള്‍ക്ക് അകത്തും,  പരിമിതി ഇല്ലാത്തത് പുറത്തും!

അയല്‍ വീട്ടില്‍ ഒരു കല്യാണ നിശ്ചയം  പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്നു കൂടി. 

ഇന്നേയ്ക്ക് പതിനഞ്ചു വര്‍ഷം മുന്‍പ് കഥയിലെ  അമ്മാവന് വയസ്  എഴുപതും  ചില്ലറ  ബാലന്‍സും
ചിങ്ങത്തിലെ തിരുവോണം  നക്ഷത്ര ജാതന്‍   .
തന്‍ കൈ മുന്‍ കൈയ്യായി എടുത്ത കല്യാണ ആലോചന ഉന്നം തെറ്റാതെ ലക്ഷ്യത്തില്‍ തറച്ചതിന്റെ ആവേശം
അമ്മാവനെ  യൌവ്വന യുക്തനാക്കി..
 

മരുമകന്റെ  ഏറ്റവും ഇളയ  അനിയന്റെ ,  മധ്യ വയസ്സിലാണോ  അതോ വൃദ്ധ വയസ്സിലാണോ എന്ന് ഒരു നടയ്ക്കു തീര്‍പ്പാക്കാന്‍ പറ്റാത്ത വയസ്സറിവില്‍ ,  ഒത്തിരി തേടി  തപ്പി   പിടിച്ചെടുത്ത   ഒരു മഹാ ഭാഗ്യത്തിന്റെ , അല്ലെങ്കില്‍  കേരള സംസ്ഥാന  ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചപോലെ,
ഇതി കര്‍ത്തവ്യ മൂഡരായി എല്ലാവരും  പെട്ടിയില്‍ വീണ മൂഷിക സോദരനെ പോലെ എരി പൊരി സഞ്ചാരത്തില്‍ ......

കാരണം ചെറുതല്ല , പയ്യന്‍ ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയിട്ട് കൊല്ലം പതിനഞ്ചു  കഴിഞ്ഞു. അന്നേ വയസ്സ് മുന്‍പില്‍ കേറി പോയി എന്ന് പല ബ്രോക്കര്‍മാരും പറഞ്ഞിരുന്നു
പോയി കണ്ട പെമ്പിള്ളേര്‍  കൂട്ട്കാരോട് പറഞ്ഞെന്നും അറിഞ്ഞു  "ഒരു മുതുക്കന്‍ ചെറുക്കന്‍  പെണ്ണ് കാണാന്‍ വന്നിരുന്നു എന്ന്"    സങ്കടം തോന്നാതെ ഇരുന്നുമില്ല.

എങ്കിലും ജില്ലയില്‍ ആണിന് മൂന്നു പെണ്ണ് വച്ച് ഉണ്ടെന്ന്,  പത്തില്‍ മുന്നാം സെപ്റ്റംബര്‍ പരീക്ഷയ്ക്ക് ട്യുടോറിയല്‍
കോച്ചിംഗ് എടുത്ത സാര്‍ പറഞ്ഞത് കൊണ്ടും , സ്വയം തൊഴില്‍ ചെയ്യുവാന്‍ അഭിമാനം സമ്മതിയ്ക്കാത്തത് കൊണ്ടും, അഷ്ടിയ്ക്കു വക സ്വന്തമായി  ഇല്ലെങ്കിലും വേണ്ട  "പെരുമാറാന്‍" സ്വന്തം എന്ന് പറയാന്‍ ഒരു മുറി പോലും ഇല്ലാത്തത് കൊണ്ടും   വയസ് അറിയിച്ചിട്ടും മിണ്ടാതെ നടന്നു അനിയന്‍.
അങ്ങനെ ഒരു വിഭാര്യ ദുഃഖം ആരും കാണാതെ പുര നിറഞ്ഞു വളര്‍ന്നു. 
വിളിപ്പുറത്ത് വരുന്ന ഒരേ ഒരു ഭാര്യ "ഓ. സി . ആര്‍ " ആയിരുന്നു, ഒപ്പം അതും കൊണ്ട്  അമ്മയും ചേട്ടത്തിയും ഒന്നും കാണാതെ സന്ധ്യക്ക്‌ പമ്മി പമ്മി വരുന്ന നല്ലവനായ അയല്‍വാസി ഓട്ടോ കാരനും.

പക്ഷെ രണ്ടെണ്ണം വിടുമ്പോള്‍ വിരഹം കനക്കും  അപ്പോള്‍ നേരെ അമ്മയോടൊരു ചോദ്യം
"എന്തിനീ ദുഃഖ കടലിലെറിഞ്ഞു ..."
അമ്മയും കുഴഞ്ഞു. അടുത്ത വരി ഓര്‍ത്തു.."ചെകുത്താനോടൊരു ചോദ്യം..." ഉത്തരം കിട്ടിയ പോലെ
ഒരു നാള്‍ ആണ്‍ മാലാഖയെപ്പോലെ ചിറകു വീശി എത്തി  ചേട്ടത്തിയുടെ അച്ഛന്‍ അഥവാ  നമ്മുടെ അമ്മാവന്‍   "ഡാ  അങ്ങ്  കോട്ടൂര്‍  ഭാഗത്ത്‌ ഒരു നല്ല പെണ്ണ്‍ ഉണ്ടെന്ന്  ഐരൂരെ കേശവപിള്ള അളിയന്‍ പറഞ്ഞു ..അയാടെ  പേരപ്പന്റെ ബന്ധുക്കാരീടെ  വഹേല്‍ ഒള്ള ഒരുത്തീടെ മോളാ ..തന്ത കൊച്ചിലെ കെട്ടി ഞാന്നു ചത്തതോ  മറ്റോ ആണെന്ന് പറേന്നു...എന്തായാലും ഈ രാവിലെ തന്നെ  പോയി നോക്കാം.."

കേട്ടത് പാതി  ഇട്ടു അനിയന്‍ കളം കളം ഷര്‍ട്ട്‌ ,  ഉടുത്തു  അമ്മയുടെ സെറ്റ് മുണ്ടിന്റെ കസവു ഡബിള്‍..
ചേട്ടത്തി നല്‍കിയ   യാട്ളി  പൌഡര്‍ ആകെ പൂശി .
വലതു വച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി , ഇടതു വച്ച് ചെട്ടത്തീടെ ആശിസുകള്‍  വാങ്ങി
മനസാ  പ്രവാസി ചേട്ടനെ നിരൂപിച്ചു,     ഭിത്തിയില്‍ കത്തുന്ന ബള്‍ബ് ഇട്ട അച്ഛന്റെ ഫോട്ടോയെ വണങ്ങി ....
അമ്മാവനൊപ്പം  സുഹൃത്തിന്റെ ഓട്ടോയില്‍ കയറി..
"പെണ്ണിന് ഈ കുംഭത്തില്‍ മുപ്പത്തെട്ടു തെഹേം എന്നാ പറഞ്ഞേ  ..നേരത്തെ ഒരുത്തന്‍ കെട്ടി ഒഴിഞ്ഞതാ അവന്‍ മഹാ വെള്ളമാരുന്നു..ഇതൊന്നും ഇപ്പം ആരറിയാനാ .."  അമ്മാവന്‍ ചരിത്രത്തില്‍ ഗവേഷണം തുടങ്ങി.
"എന്തായാലും കാണാന്‍ കൊള്ളാമേ  അമ്മാവാ  " ചെറുക്കന്റെ ജിജ്ഞാസ  അവിടെ തീര്‍ന്നു.

"പൂവന്‍പഴമാ എന്നാ അളിയന്‍ പറഞ്ഞേ '  അമ്മാവന്‍ കാണാതെ വര്‍ണിച്ചു ..
"കാര്‍ബൈഡ് ഇട്ടു പഴുപ്പിച്ചതാന്നോ  ആ " ഓട്ടോക്കാരനും വിട്ടില്ല.
അങ്ങനെ കോട്ടൂര്‍ കരയോഗം പടി കഴിഞ്ഞു പോകവുന്നിടത്തോളം ഓട്ടോ പോയി. ബാക്കി കാല്‍ നട.
പെണ്ണിന്റെ വീടെത്തി ..പുറത്തു ആരേം കാണുന്നില്ല  ചതി പറ്റിയോ?  അവരവര്‍ മനസാ നിരൂപിച്ചതും
അടക്കിയ ഒരു തേങ്ങല്‍ മുറിയ്ക്കകത്ത് കേട്ടു ..അത് പിന്നെ ഒരു കൂട്ട കരച്ചില്‍ ആയി.
ഇത്ര രാവിലെ...വല്ല അബദ്ധോം..
അമ്മാവനും  പയ്യനും എല്ലാം ഓടി  മുറിയില്‍ കേറി...
ചട പാടാ അഞ്ചാറു പെണ്ണുങ്ങള്‍ ചാടി എഴുന്നേറ്റു ചീറി " എവിടുന്നു വരുവാ ..ഇങ്ങനാന്നോ ഒരു വീട്ടില്‍ കേറി വരുന്നത് ..?"
അമ്മാവന്‍ വിഷയം അവതരിപ്പിച്ചു .. പെണ്ണുങ്ങള്‍ പരുങ്ങി പറഞ്ഞു...
"ഞങ്ങള്‍ ആകാശ ദൂത് കണ്ടങ്ങ്‌ കരഞ്ഞു പോയി..നിങ്ങള്‍ വരുന്ന കാര്യം ഓര്‍ത്തില്ല ..ഇരുന്നാട്ടെ എല്ലാവരും "
ചെറുക്കന്‍ ഇതൊന്നും കണ്ടുമില്ല കേട്ടുമില്ല  കാണാതെ പോയ പൊന്നു തപ്പുംപോലെ  പുള്ളി ഒരേ നോട്ടം പെണ്ണിനെ കാണാന്‍ ...വിവരം പിടി കിട്ടിയ ഒരുത്തി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു
"ആ മൂലയ്ക്കത്തെ കസേരയില്‍ മുഖം പൊത്തി ഇരിക്കുന്നതാ  സരസിജ നയന ..അവള്‍  വല്ലാതെ കരഞ്ഞു പോയി ഇന്നത്തെ  എപ്പിസോഡ കണ്ട്..ആരായാലും കരേം..    എടീ  സരസേ എഴുന്നെക്കെടീ "
അപ്പോഴാ ചെറുക്കന്‍ മൂലയ്ക്ക് വീണ്ടും ഒരാള്‍ കൂടി ഉണ്ടെന്ന് കണ്ടത് . ആകെ ഒരു മരണ വീട് പോലെ കരച്ചിലും പിഴിച്ചിലും. 
സരസ, ദൂത് മുടങ്ങിയതിലെ സങ്കടം കൊണ്ടാകാം പിന്നേം കരഞ്ഞു കൊണ്ട് എഴുന്നേറ്റു..    ചിരിച്ചു !
മനസ്സില്ല മനസ്സോടെ ടി വി  സ്റ്റാന്റ്  ബൈ മാത്രം ആക്കി!!
ഒന്ന് രണ്ട്    ആണുങ്ങള്‍ എവിടെ നിന്നോ വന്നു ചിറ്റപ്പന്‍  അമ്മാവന്‍ എന്നൊക്കെ പറഞ്ഞു  പരിചയപ്പെട്ടു
എല്ലാരും ജോറായി.    വെറും വയറ്റില്‍   കാപ്പി  ഊതി   കുടിച്ചു,    ലഡ്ഡു , ഉണ്ണിയപ്പം,  സറ ലീ ബിസ്കറ്റ്  കണ്ണന്‍ പഴം ഇവയൊക്കെ ആവോളം  കഴിച്ചു  . ചെറുക്കന്റെ മനസ്സ് നിറഞ്ഞു .    കരഞ്ഞ സരസേം,  ചിരിച്ച സരസേം ഒരു പോലെ മനസ്സില്‍ പിടിച്ചു .  ഉറപ്പിനുള്ള  തീയ്യതി തീരുമാനിക്കുക മാത്രം ഇനി ബാക്കിയാക്കി.

മടക്ക യാത്ര . അമ്മാവന്‍ കഥകളി നാട്യത്തില്‍  ഒന്നിളകി ചോദിച്ചു "എങ്ങനെ.."
അതേ  ഇളക്കത്തില്‍  ചെറുക്കന്‍ പറഞ്ഞു  "എങ്ങനേം  ഒന്നുറച്ചു കിട്ടിയാല്‍ മതിയായിരുന്നു .."
വരും വഴി ടൌണിലെ തുറന്നു കൊണ്ടിരിക്കുന്ന  ബീവരെജസില്‍  വണ്ടി അടുത്തു. 
ഓ സി ആര്‍ അല്ല വാങ്ങിയത്  സെലിബ്രേഷന്‍ ഒരു ലിറ്റര്‍ തന്നെ.  കിട്ടിയ പോലെ പൊതി ഇല്ലാതെ അമ്മാവന്റെ കയ്യില്‍ കൊടുത്തു , അമ്മാവന്‍ ആകെ ഒന്ന് തുടുത്തു.
"മല്ല്യ ആയിരുന്നെങ്കില്‍ കമ്പനി തന്നെ കൊടുത്താലും അമ്മാവനോട് ഈ കടപ്പാട് തീരില്ല..."ചെറുക്കന്‍ മനസ്സില്‍ കരുതി.
വീടെത്തി.  തിണ്ണയില്‍ തന്നെ എല്ലാവരും എന്തോ അത്യാഹിതം കാണാന്‍ ഇരിക്കുംപോലെ ഉണ്ട്.
"എന്തായെടാ.." അമ്മയുടെ  വിളറിയ ചോദ്യം മുന്‍ പരിചയം കൊണ്ട് തന്നെ ..
ഇറങ്ങി ചെന്ന് അമ്മയ്ക്കൊരുമ്മ കൊടുത്തിട്ട് പറഞ്ഞു.."ഉറപ്പിക്കണം ..അത്ര തന്നെ..ഇന്നെങ്കില്‍ ഇന്ന് "
"ഇന്നിനി സമയമുണ്ടോ ...അമ്മാവാ " അമ്മ  അല്പം കാര്യമായി ചോദിച്ചു.
അമ്മാവന്‍ പഴയ സീക്കോ ഫൈവ് വാച്ചിലെ തീയ്യതി  സമയം ഒക്കെ ഒന്ന് ഹരിച്ചു ഗുണിച്ചു.
"ഇപ്പോള്‍ സമയം പതിനൊന്നു മണി , രാഹൂം ഒക്കെ കഴിഞ്ഞു ..അവരെ ഒന്ന് വിളിച്ചു ചോദിക്കാം ,,വല്യ ചടങ്ങുകള്‍ ഒന്നും വേണ്ടാ ഒന്നോ രണ്ടോ പേര് വന്നു കുറി കൈ മാറുക അത്ര തന്നെ ..അല്ലെ പിന്നെ   കന്നി  മാസം കഴിഞ്ഞേ എല്ലാത്തിനും കൂടി സമയം കിട്ടൂ.."
ചെറുക്കന് അത് കേട്ടപ്പം ബോധം മറയുന്ന പോലെ തോന്നി..അത് വരെ കാത്താല്‍ ആ കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയാലോ..
അമ്മയും മനസാ പറഞ്ഞു "മനശാന്തി അതല്ലേ എല്ലാം..ഇന്നെങ്കില്‍ ഇന്ന്.."
"മകള്‍ കൊടുത്ത മൊബൈലില്‍ അമ്മാവന്‍ പെണ്ണ് വീട്ടുകാരെ വിളിച്ചു..
സംസാരത്തിനൊടുവില്‍ കിട്ടിയ ഒരു നമ്പരില്‍ വീണ്ടും ഏതോ ഒരു അമ്മാവനെ വിളിച്ചു.. അയാള്‍ കൊടുത്ത നമ്പരില്‍ ചിറ്റപ്പനെ വിളിച്ചു ..ശേഷം കരയോഗം , മറ്റു ബന്ധുക്കള്‍, കാപ്പീം കടീം തങ്കപ്പന്‍ പിള്ളയോട് പറഞ്ഞു.. എന്ന് വേണ്ടാ അശ കൊശലെ  മൂന്നു മണിയ്ക്ക് കല്യാണം ഉറപ്പായി.!!
ഈ ചിങ്ങം മുപ്പതിന്, പതിനൊന്നു മുപ്പത്തി രണ്ടിനും , നാല്‍പ്പത്തി എട്ടിനും മദ്ധ്യേ അഭിജിത് ,  പുതിയകാവ് ക്ഷേത്രത്തില്‍ വച്ച്. 
എല്ലാരും കൈ കൊടുത്തു പിരിയും മുന്‍പ് കൊടുക്കല്‍ വാങ്ങലും ഉറപ്പിച്ചു.  മുപ്പതു പവനും ,വീതവും, പിന്നെ കല്യാണ ചെലവിനു ഒരു ലക്ഷവും. 

എല്ലാരും പോയപ്പോള്‍ സന്ധ്യയായി . ചെറുക്കനും  അമ്മാവനും  ഓട്ടോ സുഹൃത്തും കൂടി "എന്നാല്‍ ആറ്റില്‍ ഒന്ന് മുങ്ങി വരാം " എന്ന് പറഞ്ഞു  എണ്ണയും  സോപ്പും ഒക്കെ എടുത്തു.
"അച്ഛന്  കഴിഞ്ഞ ആഴ്ചയല്ലിയോ ന്യുമോണിയയുടെ മരുന്ന് തീര്‍ന്നെ "  ചേട്ടത്തി അച്ഛനോട് ചോദിച്ചപ്പോഴാ ചെറുക്കനും ഓര്‍ത്തത്‌ ..കഴിഞ്ഞ മാസം അമ്മാവനെ ചുവപ്പും നീലേം  വെട്ടം മിന്നുന്ന ആമ്പുലന്‍സില്‍  മൂക്കില്‍ ഓക്സിജന്‍ കുഴല്‍ ഒക്കെ ഇട്ടു മെഡിക്കല്‍ കോളജില്‍ കൊണ്ട് പോയ കാര്യം..
ആറ്റില്‍ കുളിച്ചു പനി കൂടി   പണി കിട്ടിയാല്‍ ഈശ്വരാ കല്യാണത്തിന് ഇനി പതിനഞ്ചു ദിവസം കഷ്ടി.
"അമ്മാവന്‍ കരയ്ക്ക് ഇരുന്നാല്‍ മതി' ചെറുക്കനും കൂട്ട് കാരനും നിബന്ധന വച്ചു. അമ്മാവന്‍ തലയാട്ടി.
കുളി ഗംഭീരമായി നടക്കുമ്പോള്‍ , ഇടയ്ക്കിടെ രാവിലെ വാങ്ങിച്ച സെലിബ്രേഷനും കൂടി കുളിയ്ക്കാന്‍ ഇറങ്ങി ..
ഒന്ന് , രണ്ട്, മൂന്ന്, നാല്  ,  നാലാമത്തെ  സെലിബ്രെഷനോപ്പം  നിനച്ചിരിയ്ക്കാതെ  അമ്മാവനും ചാടി  ആറ്റില്‍
മുങ്ങാം കുഴിയിട്ട് ആറിന്റെ മധ്യത്തില്‍ പൊങ്ങിയിട്ടു  പറഞ്ഞു
"മക്കളെ  ഈ കര്‍ക്കിടകത്തില്‍  എണ്പത്തഞ്ചു കഴിഞ്ഞു ..  ഇത് പഴയ മണ്ണാ ഇതേല്‍ ചുമ്മാ നൂമോണിയായും ഒന്നും കേറി ചൊറീകേല്ല..അതിനൊട്ടു സമ്മതിക്കുകെം ഇല്ല.. അന്നേരം പിന്നെ ഞാനൊന്നും പറഞ്ഞില്ല...ആശാന്‍ കളരീല്‍ പഠിയ്ക്കുംപം  നീന്താന്‍ പഠിച്ചതാ ...അണ്ണാനെ  മരംകേറ്റം പഠിപ്പിക്കരുതെ...മോനെ"
എല്ലാരും കുളി മതിയാക്കി. മിച്ചം വന്ന സെലിബ്രേഷന്‍ മൂന്നായി കൊടുവിച്ചു.!

ഓട്ടോ സുഹൃത്ത്‌  വിട പറഞ്ഞു.. ചെറുക്കനും അമ്മാവനും ഇരുട്ട് വാക്കിനു വീട്ടില്‍ കയറി .   അത്താഴത്തിനൊക്കെ  നിന്നാല്‍ പൊല്ലാപ്പാകും  അമ്മാവന്‍ കൊളമാക്കും . 
നേരെ  അമ്മാവനേം കൂട്ടി കട്ടിലില്‍ സ്ഥാനം പിടിച്ചു....ദൈവാധീനം  സ്വിച്ച് ഇട്ടപോലെ അമ്മാവന്‍  വായും തുറന്നു ഉറക്കമായി.. ലൈറ്റ് ഓഫാക്കി
എപ്പോഴോ ചെറുക്കനും ഒന്ന് മയങ്ങി...യക്ഷി പകരും പോലെ ഒരൊച്ച കേട്ടു ..എന്തോ അലറി പറക്കും പോലെ
ഞെട്ടി ഉണര്‍ന്നു ചെറുക്കന്‍ ലൈറ്റ് ഇട്ടു ...അമ്മാവന്റെ കെടപ്പുകണ്ട്   ഭയന്ന് പോയി 
കണ്ണ് രണ്ടും വെളിയിലേയ്ക്കു തുറിച്ചു,  പെട്ടി ഓട്ടോ സ്റ്റാര്‍ട്ട്‌ ആക്കും പോലെ ഓരോ ഒച്ചയില്‍  ഓരോരോ ട്യൂണില്‍ ശ്വാസത്തിനായി  ഞെളി പിരി കൊള്ളുന്നു.
"ഈശ്വരന്മാരെ എന്റെ കല്യാണം ...ഈ മുടിഞ്ഞ കാലനോട്‌ പറഞ്ഞതാ വെള്ളത്തില്‍ ഇറങ്ങരുതെന്ന് ഇപ്പോള്‍  ദേ  അണ്ണാന്‍ മരത്തേല്‍ കേറുവാ..." പിറ് പിറുത്തു കൊണ്ട് ചെറുക്കന്‍ ചൂട് വയ്ക്കുന്ന ഹോട്ട് വാട്ടര്‍ ബാഗിനായി ഓടി. 
ശബ്ദം കേട്ടു  എല്ലാവരും ഉണര്‍ന്നു. .. ചേട്ടത്തി കരച്ചിലും അലര്‍ച്ചയുമായി..
"ഈ കെളവനെ വീട്ടില്‍ കൊണ്ട് വിടാന്‍ ഞാന്‍ പറഞ്ഞതാ,  അല്ലേലും വയസന്മാരുടെ കൂടെ കുടിച്ചു കൂത്താടന്‍ നിക്കരുതെ എന്ന് എപ്പോഴും ഞാന്‍ പറയും.."
എഴുപതു കഴിഞ്ഞ അമ്മയുടെ ചെറുപ്പം ഓരോ തവണയും മുഴച്ചു നിന്നു.
രക്ഷയില്ല.  ചൂട് വെപ്പൊന്നും ഏക്കുന്നില്ല..അമ്മാവന്‍ അന്ത്യ ശാസ്വത്തിലെയ്ക്ക് കൂപ്പു കുത്തി തുടങ്ങി..
ഇപ്പോള്‍ ഒരു മരം മുറിയ്ക്കുന്ന യന്ത്ര കൈ വാളിന്റെ   ഒച്ച പോലെ ശ്വാസം  കേള്‍ക്കാം..

ഓട്ടോ വന്നു..അമ്മാവനെ  ചുമ്മി ഒരു മാതിരി  ഒടിച്ചു മടക്കി ഉള്ളിലാക്കി  കറങ്ങുന്ന ലൈറ്റും  അലറുന്ന സൈറനും ഇല്ലാതെ  തൊണ്ണൂറു മൈല്‍ സ്പീഡില്‍  നേരെ ഗവന്മേന്റ്റ്  ആശുപത്രിയിലേയ്ക്ക്..അപ്പോഴും അമ്മാവന്റെ ശ്വാസം വലിവ് ഓട്ടോയുടെ ശബ്ദവും കടന്നു ഉച്ച സ്ഥായിയില്‍ ..ശരീര വളവ് ഓട്ടോയുടെ പടുതായെക്കാളും വളഞ്ഞു..
"എന്റെ ദൈവങ്ങളെ ചിങ്ങം മുപ്പതു വരെ ഈ നിലവിളി ഇല്ലാതാക്കരുതെ.." എന്ന പ്രാര്‍ഥനയോടെ  ചെറുക്കന്‍ ഒരു ശിലാ ഫലകം പോലെ നിര്‍വ്വികാരനായി അമ്മാവനെയം  താങ്ങി  ഓട്ടോയില്‍ ചാരി ഇരുന്നു...
മനസ്സില്‍  നാദസ്വരം  തവില്‍  കച്ചേരി മന്ദ സ്ഥായിയിലും .....