Powered By Blogger

2014, ഡിസംബർ 29, തിങ്കളാഴ്‌ച

നിലാ കുളിർ പോലെ സാന്ത്വനം - ഒരു കാൻസർ രോഗിയുടെ അനുഭവങ്ങൾ

ഒന്നും എഴുതുവാൻ പോയിട്ട്,  ഒന്നിനെയും പറ്റി ചിന്തിക്കുവാൻ പോലും ആകാതിരുന്ന  കാലം

കൊടും  വറുതിയുടെ തീക്കാറ്റിൽ  നിൽക്കുമിടം പോലും വെന്തുരുകിയ ദിന സരികൾ ...

ഓർമ്മകൾ  നേർത്ത്‌ .   അല്പ മാത്രം  ഉണ്ടായിരുന്ന സ്വപ്നങ്ങളുടെ  എരിയും  ചിതയിലേയ്ക്ക് ഇടറി വീണ ഏതോ ഒരു നിമിഷം കേട്ട  പിൻ വിളിയാകുന്നു  ഈ കുറിപ്പ് ..ഓർക്കാൻ  ഒത്തിരി നിർബന്ധിയ്ക്കുന്ന,  സ്വപ്നം മെനയാൻ ഉത്തേജിപ്പിയ്ക്കുന്ന  സിദ്ധ ഔഷധമായി .......ഒരു പിൻ  വിളി .

മറ്റാരുടെയുമല്ല,  നീണ്ട മുപ്പതു കൊല്ലം  ഇരുളിലും വെളിവിലും  വർഷത്തിലും   വേനലിലും  ഒരു നിഴൽ പോലെ കൂടെയുള്ള പ്രണയിനിയുടെ, ഭാര്യയുടെ   വിളി . 
വീണ്ടും പ്രണയ മഴ നനയാൻ, കരിഞ്ഞ  സ്വപ്നങ്ങളുടെ വിത്തുകൾ ഇനിയും മുള പൊട്ടുമോ എന്ന് പരീക്ഷിയ്ക്കാൻ   നേർത്ത ഓർമ്മകൾക്ക് വീണ്ടും തിടം വയ്ക്കുമോ എന്നറിയാൻ....മന്ദ്രം ഒരു പിൻ  വിളി.

ഏതു ലോകത്തായാലും    അത്തം മുതൽ തിരുവോണം വരെ   ചരൽ മുറ്റത്ത് അത്തപ്പൂവിടാൻ    പ്രായമായെങ്കിലും  ഒരു     പട്ടു പാവാടക്കാരിയായി ഓടി എത്തുന്ന ഒരേയൊരു മകൾ,  അമ്മയുടെ പൂക്കൂടയിൽ നിന്നും പൂ പെറുക്കി പൂക്കളം മെനയുന്ന നിഷ്ക്കളങ്ക   അമ്മ മകൾ  കൂട്ടായ്മ  ഞാനെന്ന അച്ഛൻ പ്രാർഥനാ പൂർവ്വം നോക്കി നില്ക്കും.   ഈ വർഷവും ഓണ പൂ കളം ഗംഭീരമായി .  ദൂരെ  രാജ്യത്ത്  ഗവേഷണം നടത്തുന്ന മകൾ ഓണം കഴിഞ്ഞ് മനസ്സില്ലാ  മനസോടെ  മടങ്ങി   ...
ഓണ തിരക്കിനിടയിലും  അമ്മയുടെ വേദന ഡോക്ടറെ കാണിയ്ക്കാൻ കൊണ്ടു പോയതിനു ശേഷമുള്ള   "തുടർ ചികിത്സ  മുടക്കരുത്" എന്നുള്ള  ശക്തമായ  വാണിംഗ് എനിക്കു നല്കാനും മറന്നില്ല.

അങ്ങനെ  വീണ്ടും  ഭാര്യയുമായി  ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ ..അനവരതം തുടരുന്ന പേരറിയാ   സ്കാനുകൾ..പരിശോധനകൾ ...
നീണ്ടുപോകുന്ന കാത്തിരിപ്പുകൾ ...തുല്യ ദുഖിതരുടെ രോഗാന്വേഷണങ്ങൾ  ..
തളർന്നു വീടണയുമ്പോൾ വെള്ളം പോലും കുടിക്കാതെ കൂട്ടിൽ കിടക്കുന്ന പാവം വളർത്തു നായുടെ മൗന സങ്കടം.

ഒരുനാൾ ഡോക്ടർ പറയുന്നു  "വലത്തെ വൃക്കയിൽ ഒരു അനധികൃത  താമസക്കാരനായി റ്റ്യുമർ വളരുന്നു  എത്രയും വേഗം നീക്കം ചെയ്യണം "    ഞെട്ടിയില്ല    സങ്കടപ്പെട്ടുമില്ല   കാരണം  പരിശോധനകൾ നീണ്ടപ്പോൾ എവിടെയോ ഞങ്ങൾക്ക് ഒരുൾ വിളി തോന്നിയിരുന്നു.   പക്ഷെ ആശങ്ക  ആധിയായി ...  രണ്ടു പക്ഷികളിൽ ഒന്നിന് അമ്പേറ്റ് മുറിഞ്ഞപ്പോൾ   മറു പക്ഷിയുടെ  സങ്കടം,  പിന്നെ   ഉണ്ടായ മുനി വാക്യം ഒക്കെ ഓർത്തു 
പക്ഷെ കാലമെന്ന അഭ്യാസി  നിയതി എന്ന അസ്ത്രം   എന്നേ  എയ്തിരുന്നു  ..കുറിക്കു കൊള്ളുകയും ചെയ്തു.

വൃക്ക  നീക്കം ചെയ്തു ഒപ്പം റ്റ്യുമറും .  വേദനയുടെ  മിഴിനീരും   ഓടി  തളർന്നവളുടെ മനോ രോദനവും ഞാൻ അറിഞ്ഞു...അറിയുന്നു .
 ഓപ്പറേഷന് മാത്രമായി ദൂരങ്ങൾ താണ്ടി വീണ്ടും ഓടി കിതച്ചു വന്ന മകൾ  സാന്ത്വനമായി
സ്വതേയുള്ള  രസികത്വത്തിൽ പറഞ്ഞു..   "ഇത്രയും നല്ലവളായ അമ്മയെ തിരുവാറൻമുള അപ്പൻ സ്വന്തം പേഴ്സണൽ സ്റ്റാഫിലെയ്ക്ക് റെക്കമന്റ്  ചെയ്തു കാണും, പക്ഷെ ഞാൻ ,ശക്തമായി ഇപ്പോഴും പറഞ്ഞു അദ്ദേഹത്തോട്    ഭഗവാനെ  അമ്മയുടെ സർവീസ് ഒരു പത്തു കൊല്ലത്തെയ്ക്കെങ്കിലും ഞങ്ങൾക്ക് ഇവിടെ കിട്ടിയേ തീരൂ , കേന്ദ്ര സർക്കാർ പെൻഷൻ പ്രായം അതാ " എന്ന്.  "പുള്ളി തല കുലുക്കി സമ്മതിച്ചിട്ടുമുണ്ട്"

ലീവ് തീർന്നു മകൾ പോയി,   നിറ കണ്ണുകളോടെ . 

വീണ്ടും അവിശ്രമം തുടരുന്ന  ഞങ്ങളുടെ അലച്ചിലുകൾ ... ഒരു തുണിക്കടയുടെ   ഷോപ്പിംഗ്‌ ബാഗിൽ നിറയെ  പലതരം പരിശോധനാ  ഫലങ്ങളും    ഫിലിമുകളും  ഇടം കയ്യിൽ തൂക്കി  വലം കൈ കൊണ്ട് "വേദന വേദന"  എന്നുരുവിടുന്ന അവളുടെ കൈയ്യും   താങ്ങി നടന്നും ഇരുന്നും ആശുപത്രികൾ തോറും.
ഒത്തിരി നല്ലവരായ നാട്ടുകാരും ,അയൽവാസികളും  ആത്മ സുഹൃത്തുക്കളും എന്തിനും തയ്യാറായി..

വിദഗ്ദ്ധ പരിശോധനയ്ക്കായി  മേഖലാ കാൻസർ പരിശോധന കേന്ദ്രത്തിലും എത്തി  .
ഞെട്ടിപ്പിയ്ക്കുന്ന  കാഴ്ചകളിൽ  കണ്ണല്ല , ജീവിതം തന്നെ പിൻ  വാങ്ങി പോയ ഒരു ദിവസം.
 ഈ ഭൂമിയിൽ  ഒന്നിനും സൗന്ദര്യമില്ല  എല്ലാം കറുപ്പാണ്  മരണം പോലെ  എന്ന്  ഉറപ്പിച്ചു  പോയ  ദിവസം.    ആശുപത്രിയുടെ   ഏതോ ഇടുങ്ങിയ   വായൂ സഞ്ചാരമില്ലാത്ത ഇട നാഴിയിൽ ഇരു വശവും   മനുഷ്യർ  മരണവുമായി മുഖാമുഖത്തിന് തയ്യാറെടുത്തു നില്ക്കുന്ന കാഴ്ച , അല്ലെങ്കിൽ  നിസ്സഹായത  മുഖാവരണം  അണിഞ്ഞു നില്ക്കുന്ന കറുത്ത  വെളിച്ചമുള്ള  കഴുമര ചുവട് .
വൈദ്യന്റെ മരുന്നിലും ഉപരി  സ്നേഹത്തിന്റെ , സാന്ത്വനത്തിന്റെ  ഒരിറക്ക് തീർഥം കുടിക്കുവാൻ സാകൂതം നോക്കുന്നവർ    പരസ്പരം മങ്ങിയ  ചിരിയോടെ  ആശ്വാസമാകുന്ന  കരൾ പറിയ്ക്കുന്ന കാഴ്ച.
അവർക്കിടയിലേക്ക്  ആക്രോശങ്ങളുമായി  ഇടയ്ക്കിടെ എത്തുന്ന നിത്യ തൊഴിൽ അഭ്യാസികളായ ഡോക്ടർമാർ, ജീവനക്കാർ.
ഒരിടത്തും കണ്ടില്ല സാന്ത്വനം  എന്തിന്,   ഒരു ചെറു പുഞ്ചിരിപോലും !.
ചുമന്നു നടക്കുന്നത് ഇതിലും വലിയ മഹാമാരിയൊന്നുമല്ല എന്നോ,  അതോ മരണ സാഗരം കടക്കാൻ ഞങ്ങൾക്ക് തുഴ വഞ്ചി വേറെ ഉണ്ടെന്നോ  ..അതോ നിങ്ങളുടെ വധ ശിക്ഷയ്ക് ഇളവ് ഇവിടെനിന്നു മാത്രമേ ഉള്ളു എന്ന ഭാവമോ, എന്തോ  ആരിലും  സാന്ത്വനമില്ലാത്ത   ഒരിടം.
ആരോടോ ചോദിച്ചപ്പോൾ പറഞ്ഞു "അനുഭവം അവരെ അങ്ങനാക്കി" എന്ന്..!
"അപ്പോൾ  ഇറച്ചി വെട്ടുന്നവർക്ക് കുടുംബ ജീവിതം ഇല്ലേ ...ആരാച്ചാർമാർക്ക്  സ്നേഹം എന്ന വികാരം ഇല്ലേ.."
ഭാര്യയുടെ കാർക്കശ്യമേറിയ  മറുപടി,  ഒപ്പം "ഇനി മേലിൽ എനിക്കിവിടുത്തെ ചികിത്സ വേണ്ടാ..അത് കൊണ്ടു വരാവുന്ന എന്തും ഞാൻ സഹിച്ചോളാം ..മനുഷ്യപ്പറ്റില്ലാതെ കിട്ടുന്ന അമൃതും അമിതമാകാതെ തന്നെ വിഷമാ.."
സ്നേഹ ചോദ്യങ്ങൾ  ചോദിച്ചിട്ട് , ആദ്യം ഉത്തരം എന്നോടും മകളോടും ഞങ്ങൾക്ക് മുൻപേ പറയുന്നവളോട് ഉത്തരം മാറ്റി ഞാൻ ഒരു ചോദ്യമിട്ടു
"നീ പറഞ്ഞതെല്ലാം അപ്പാടെ ശരി , അപ്പോൾ ഇനി എങ്ങോട്ടാ ...?"
"എങ്ങോട്ടെങ്കിലും ..."  മുറുകെ പിടിച്ച കൈയും  പിന്നെ ധാരയായി ഒഴുകി വന്ന കണ്ണീരും ..നിസ്സഹായത അവളെകാട്ടിൽ  കൂടുതൽ എന്നെ ബാധിച്ചുവോ  ആവോ....?
"ജീവനും  മരണത്തിനും ഇടയിലുള്ള   തിരശീല മാറ്റാൻ  എത്ര ചരടുകൾ ഇനി വലിയ്ക്കണം ..ആരുടെയൊക്കെ  മോന്തായം വികൃതമായി കാണണം ?"
അവളുടെ  ആത്മ ഗതം.

"കോഴഞ്ചേരി  സർക്കാർ  ആശുപത്രിയിൽ പോയി  ഡോക്ടറെ കാണും ...ഒന്നുമല്ലെങ്കിൽ നമുക്ക് പരിചയമുള്ള സ്ഥലമല്ലേ "  വീണ്ടും അവൾ തന്നെ ...

പറഞ്ഞത് പോലെ പിറ്റേന്ന് അവിടെ....നിറ  പുഞ്ചിരിയുമായി ഡോക്ടർ  ബിനു . പരിശോധനകൾ  കഴിഞ്ഞ് ഡോക്ടർ പറഞ്ഞു   "ഈ വേദനയ്ക് നമുക്കൊരു എക്സ്  റേ  എടുക്കാം..  മാത്രമല്ല   ജില്ല ആശുപത്രിയിലെ  റേഡിയോളജി  വിദഗ്ദ്ധയെ ഒന്ന് കാണുകയും ചെയ്യാം "   ഞങ്ങൾ പരസ്പരം നോക്കി ...ഇവിടെയും അറുതിയില്ലാത്ത  പരീക്ഷണം! ..
 പക്ഷെ വീണ്ടും ഡോക്ടറുടെ സ്നേഹാർദ്രമായ ഇടപെടൽ "നാളെ ആ ഡോക്ടർ ഇവിടെ വരും ഞാനും കൂടെ വരാം ..എന്താണ് ഈ വേദന എന്ന് അറിയണമല്ലോ .."
ആരോ ഒരാൾ,  ആരുമല്ലാത്ത  രണ്ടു പേരെയും കൊണ്ട് പിറ്റേന്ന്  റേഡിയോളജി ഡോക്ടർ  ഗീതയെ കാണുന്നു.
"എനിക്കൊരു സംശയം  നാളെ  പത്തനംതിട്ട  ജില്ലാ ആശുപത്രിയിൽ ഒന്നു  വരണം"  ഇത്ര മാത്രം അവർ പറഞ്ഞു.

പിറ്റേന്ന്  ജില്ലാ ആശുപത്രിയിൽ .  പകർച്ച പനിയുടെ അലർച്ച ദൂരെ നിന്ന് കേൾക്കാം   ഒരായിരം പേർ നിശ്ശബ്ദരായി ഊഴം നോക്കി നിക്കുന്ന ഡോക്ടർമാരുടെ മുറികൾ കടന്ന് ഞങ്ങൾ ഗീത ഡോക്ടറെ കാണുന്ന മുറിക്കു മമുന്നിൽ ...നീണ്ട  ക്യൂ....ഒരിടം നോക്കി നിന്നു .

മങ്ങിയ ചിരിയോടെ ഭാര്യ എന്നെ നോക്കി പറഞ്ഞു " എത്ര നാളായി നിങ്ങൾ ജോലിക്ക് പോയിട്ട് ..എന്നേം കൊണ്ട് നടന്നാൽ ഒട്ടു ഫലോമില്ല ഞാനൊട്ടു ഇരിക്കാൻ സമ്മതിക്കുകേമില്ല ...എന്തായാലും നിങ്ങടെ നല്ലവരായ  സഹപ്രവർത്തകരും, സംഘടനാ പ്രവർത്തകരും പ്രതേകിച്ച്‌  ഷെരഫ് സർ ..രജിസ്ട്രാർ സാറും..  മേൽ ഉദ്യോഗസ്ഥരും  ഒക്കെ കാണിക്കുന്ന നന്മകൾക്ക്  എന്റെ പ്രാർത്ഥന അറിയിക്കണം."   എനിക്ക്  വല്ലാതെ  സങ്കടം തോന്നി.  അല്പം വിതുമ്മി പോയീ . അവളുടെ കൈ പിടിച്ചു ഞെരിച്ചു ഞാൻ ചോദിച്ചു
"അതിനു നീ ഇനി അവരെ ഒന്നും കാണാതെ പോവുകയാണോ?"
"അല്ല മനുഷ്യാ   ...എത്ര നാളായി നമ്മൾ ഒരിറ്റു ജീവിതം  മിന്നായം പോലെ എങ്കിലും വീണ്ടു കിട്ടുമോ എന്നറിയാൻ അലഞ്ഞു നടക്കുന്നു..ഒരു മറുപടിയും..കിട്ടുന്നില്ലാ...അത് കൊണ്ടു പറഞ്ഞു പോയതാ.. നിങ്ങൾ വിഷമിക്കണ്ടാ ..ഞാനെങ്ങും പോകുവേല്ലാ .."  കൈയ്യിൽ അമർത്തി അവൾ പൊട്ടിച്ചിരിച്ചു..

"അയ്യോ ..ഒരുപാട് പേഷ്യന്റ്സ് ആയിരുന്നു..വാ..ഞാനൊന്നു നോക്കട്ടെ " ഡോക്ടർ ഗീതയുടെ ക്ഷമാപണം .
അവളുടെ കൈ പിടിച്ച്  അവർ അകത്തേയ്ക്ക് പോയി.  ഒരു പഴയ കൂട്ടുകാരിയെപ്പോലെ !
കുറെ കഴിഞ്ഞു വന്ന് എന്നോടു പറഞ്ഞു " ഇത് ഒരു പക്ഷെ കിഡ്നിയിലെ റ്റ്യൂമറുമായി ബന്ധപ്പെട്ട വേദന ആകാം..ആ ഭാഗത്ത് ഒരു റേഡിയേഷൻ കൊടുത്താൽ  ശമനം കിട്ടാം."
അവളും ഞാനും  തോറ്റ കളത്തിൽ  മിഴി നട്ടു നിന്നു . കളം മായുന്നുവോ ..അതോ കണ്ണു നിറയുന്നുവോ..
പത്തു പടി കയറി കഴിയുമ്പോൾ  ഒന്നാം പടിയിലേക്ക് വീഴുന്ന കോണീം  പാമ്പും.

"ഒന്നും പേടിയ്ക്കണ്ടാ  ..ഇതിപ്പം സർവ്വത്രയാ ..എനിക്കിപ്പം എന്താ എന്ന് ആർക്കറിയാം ..എന്റെ അടുത്ത സുഹൃത്തുക്കൾ എത്രയോ പേർ  ഇങ്ങനെ റേഡിയേഷൻ കഴിഞ്ഞ് വേദന മാറി സുഖമായി കഴിയുന്നു...."
ഡോക്ടർ  ഗീതയുടെ തൂവൽ സ്പർശം.!!
യാത്ര പറഞ്ഞു ഞങ്ങൾ മടങ്ങി.  ഇത്തിരി വെട്ടത്തിൽ നിന്നും ഘോരാന്ധകാരത്തിലേയ്ക്ക് .
വീട്ടിൽ വന്നു . ഭാണ്ഡം ഇറക്കി . വെള്ളം കുറെ കുടിച്ചു.
" ഓ ..ഇനി എവിടെപ്പോയി  ഇതൊക്കെ ചെയ്യാനാ ..അതിനൊക്കെ ഒത്തിരി പൈസയും വേണം..ഞാൻ ഈ വേദന തീ പോലെ വിഴുങ്ങി വേഴാമ്പൽ പോലെ ഇവിടെങ്ങാനും കെടക്കാം..നിങ്ങൾ എന്റടുത്തുണ്ടല്ലോ ... നമുക്ക് മദനോത്സവം സിനിമയിലെ  സന്ധ്യേ എന്നുള്ള പാട്ടിടാം "  അവൾ ചിരിച്ചു ..വിളറിയ ചിരി.
 ഒഫീസിൽ പോകാൻ എന്നെ നിർബ്ബന്ധിച്ചവൾ ...കാത്തിരിപ്പിന് കൂട്ട് തേടുന്നു.  "ദൈവമേ"  അറിയാതെ വിളിച്ചു

വിളി കേട്ടെന്നു തോന്നും വണ്ണം  പിറ്റേന്ന് രാവിലെ  ...ഞങ്ങളുടെ പ്രണയ (പ്രളയ) കാലത്തെ  വിഭജനത്തിൽ കൂടെ നിന്ന ഒരാങ്ങളയും ,  മറ്റൊരു സഹോദരനും ,  വീട്ടിലെ  പഴയ സന്ദർശകനുമായ പ്രശസ്ത നടൻ സുരേഷ് കൃഷ്ണയും   ചേച്ചിയുടെ രോഗ അവസ്ഥ തെരക്കി വന്നു.
റേഡിയേഷൻ വേണമെന്നുള്ള  വാർത്തയിൽ സുരേഷ് പറഞ്ഞു "അളിയാ  നമുക്ക് ഗംഗാധരൻ ഡോക്ടറെ ഒന്നു കാണാം ..അദ്ദേഹത്തിന്റെ വാക്ക് കൂടി കേൾക്കാം "
"ഞങ്ങൾക്ക് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു പണ്ടേ ..പക്ഷെ അദ്ദേഹത്തെ കാണാൻ ഒരുപാട് നാൾ ബുക്കിംഗ് വേണം അത് വരെ എനിക്കീ വേദന താങ്ങാൻ വയ്യാ ..." ഭാര്യ നിസ്സഹായയായി .
"ചേച്ചി അതെനിക്ക് വിടൂ" . സുരേഷും അളിയനും പോയി.

രണ്ടാം ദിവസം സുരേഷ് വിളിച്ചു പറഞ്ഞു " അളിയാ  നാളെ രാവിലെ ത്രിപ്പൂണിത്തുറ എത്തണം.  ഗംഗാധരൻ ഡോക്ടറെ കാണണം.. "  അവൻ ഫോണ്‍ വച്ചു .
കേട്ടത് ശരിയോ എന്നറിയാൻ അവനെ തിരിച്ചു വിളിച്ചു.  "ഉറപ്പായും വരണം " അവൻ.
"ഞങ്ങളെപ്പോലെ ഇരുട്ടിൽ തപ്പുന്നവർക്ക് വെളിച്ചം കണ്ടാലും അറിയാതായി അളിയാ "  ഞാൻ പറഞ്ഞു.
"അദ്ദേഹത്തെ കാണാൻ കഴിയുന്നത്‌ ,  അതും  ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വിശ്വാസം വരുന്നില്ല "

പാവം ഭാര്യ രാത്രിയിലെ ഒരുങ്ങി ഇരിപ്പായി.  കുഞ്ഞും നാളിൽ ഉത്സവത്തിന്‌ പോകാൻ ഇരിക്കുംപോലെ.!

രാവിലെ ഡോക്ടറുടെ വീട്ടിലെത്തി.  പുരുഷാരം നിറഞ്ഞു കവിയുന്നു.  ഇതിനിടയിൽ എപ്പോൾ ...ആവോ..
കാത്തിരിപ്പ് ശീലമായിപ്പോയതുകൊണ്ട് മുഷിവു തോന്നിയില്ല.
ഒട്ടും വൈകാതെ സുരേഷെത്തി  ഞങ്ങളെയും കൂട്ടി ..ഡോക്ടറുടെ വീട്ടിലേയ്ക്ക്.

വാതിൽ  തുറന്നു വരുന്നത് ഡോക്ടറോ അതോ പിന്നിൽ കണ്ട ഗുരുവായൂരപ്പ വിഗ്രഹമോ !  ...
ഉമി നീർ കിട്ടാതെ ഒരു നിമിഷം.    അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തെ ശാന്തത!!
" പ്രസന്ന വദനം ധ്യായേദ്  സർവ്വ വിഘ്നോപ ശാന്തയെ "  അറിയാതെ മനസു പറഞ്ഞു.
ഭാര്യ കയ്യിൽ  മുറുകെ പിടിച്ചു പറഞ്ഞു .. "എനിക്ക് വേദന പകുതിയായി  "
"വരൂ "  ഡോക്ടർ അകത്തേയ്ക്ക് വിളിച്ചു.
വിശദമായി പരിശോധിച്ചു , മറ്റെങ്ങും കാണതെവണ്ണം ശാന്തനായി  .
"റേഡിയേഷൻ   വേണം  , പത്തെണ്ണം കഴിയുമ്പോഴേയ്ക്കും വേദന കുറയും.. ബാക്കിയൊക്കെ നമുക്ക് കണ്ട്രോൾ ചെയ്യാം.. അത്യാവശ്യം വരുമ്പോൾ വന്നോളൂ ഒന്നും പേടിക്കണ്ടാ "
ഒരു മന്ദസ്മിതത്തോടെ അവളുടെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു.
ഞങ്ങൾ  വാക്കുകൾ മുറിഞ്ഞവരായി .. തൊണ്ട വരണ്ടു ... ഈശ്വരനെ നേരിൽ കണ്ട പ്രതീതി !!
നിശ്ശബ്ദരായി ഡോക്ടറെ തൊഴുതു മടങ്ങി. ചിരിച്ചു ഡോക്ടറും വിട വാങ്ങി.

വീട്ടിൽ വന്നു .  പിറ്റേന്ന്  അവൾ പറഞ്ഞു  "എനിക്കിപ്പോൾ വേദനയൊക്കെ ഉണ്ട്   പക്ഷെ അതിനും മുകളിൽ ദൈവ തുല്യനായ ഡോക്ടറുടെ മൗന മന്ദഹാസം,  സ്നേഹ സാന്ത്വനം  ഒരു റേഡിയേഷനായി വീഴുന്നു ,ഒരു നിലാ കുളിർ പോലെ ....തണുപ്പ് ..
ഇന്നലെ ഒത്തിരി നാളൂടെ ഞാൻ നമ്മുടെ കോളജ് കാലങ്ങൾ സ്വപ്നം കണ്ടു...വേദനയില്ലാതെ ഉറങ്ങി "


ഇടത്തെ തോളിൽ ചാഞ്ഞ അവളോട്‌ ഞാൻ പറഞ്ഞു..  "ഈ നിലാ കുളിർ എനിക്ക് ഒരു പിൻ  വിളിയായി ... വിശ്വനാഥോ അമര പ്രഭോ..ഗംഗാധരോ മര പ്രഭോ..."
2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

ശിവന്‍ ശിവൻ    പകർന്നാടിയ   ഒരു  രൂപാന്തരം   അര്‍ദ്ധ നാരീശ്വരന്‍.   
 പ്രേയസിയെ ഉടല്‍ പാതിയാക്കി  അകവും പുറവും ഒരു മെയ്യാക്കി  നടന്ന പുരുഷൻ
 ഇമ്പം ദാമ്പത്യത്തിൽ വേണം  എന്ന  വൃതം പുരാണ കാലത്ത് പോലും   ചര്യയാക്കി  തീർത്ത  മഹാൻ
 പുരാവൃത്തത്തിൽ   കാണായ സദ്‌  കഥാ ചരിതങ്ങളിൽ ഒരിക്കലും പിഴയ്ക്കാതിരുന്ന പരസ്പര ബഹുമാനം  സ്നേഹം   ഒക്കെ അവിടെ കാണാം..         ഇന്നെവിടെ എന്ന് ചോദിക്കാവുന്ന ഐതീഹ്യ മാഹാത്മ്യം !

ഇവിടെ കഥ  ഒരു പകർന്നാട്ടത്തിന്റെ  കദന രൂപം  മറ്റൊരു  ശിവനാടിയത് .

ബാല്യകാല സുഹൃത്ത് .
പിഞ്ഞി കീറിയ  കാക്കി  നിക്കറിന്റെ പോക്കറ്റിൽ എനിക്കായി മാത്രം കരുതി വച്ചിരുന്ന കശു മാങ്ങ അണ്ടികൾ  കല്ലിൽ വച്ച് തല്ലി  പൊട്ടിച്ച്  ആരും കാണാതെ  സ്കൂൾ മുറ്റത്തിന് പുറകിൽ  കൊണ്ടുപോയി
കൈയ്യിൽ  തന്നിട്ട്   "ആർക്കും കൊടുക്കണ്ട ..മോൻ തിന്നോ" എന്ന്    അച്ഛന്റെ വാൽസല്ല്യത്തോടെ പറഞ്ഞ സമ പ്രായക്കാരാൻ അല്ലെങ്കിൽ ഒന്നോ രണ്ടോ കൊല്ലത്തിനു മുൻപൻ    ശിവൻ .
പേരിലെ സാമ്യം  ആകാം മായാത്ത ഒരു ചന്ദന ഗോപി   മുക്കണ്ണ്‍   പോലെ ശിവന്റെ തിരു നെറ്റിയിൽ  ഇപ്പോഴും കാണും.
ഇല്ലായ്മയുടെ  ആഘോഷങ്ങളിൽ അവർക്ക് എന്റെ അച്ഛൻ മനസ്സറിഞ്ഞു നല്കിയിരുന്ന  അരിയും  സാമഗ്രികളുമാകാം  ഒരു പക്ഷെ ആ 'മോനേ " വിളിയ്ക്കു പിന്നിലെ ചേതോ വികാരം.
ശിവനെ കാണാതിരുന്നാൽ  കാശാവും   കമ്മ്യൂണിസ്റ്റ് പച്ചയും    മുള്ളൻ   അനച്ചക   ചെടിയും  നിറഞ്ഞ വെട്ടു വഴി കേറി കുന്നിൻ  മുകളിലെ   അവന്റെ വീട്ടിൽ എത്തുമ്പോൾ  അവന്റെ അമ്മയും  മോനേ" എന്ന വിളിയോടെ ഓടി വന്നിരുന്നു.

ഓല മെടഞ്ഞു കോർത്തിട്ട ഭിത്തിയിൽ  ആറന്മുള ഉത്സവത്തിന്‌ വാങ്ങിയ ഗജേന്ദ്ര മോക്ഷം  പടം തൂക്കിയിട്ടിരിക്കുന്നത്  മല മുകളിലെ ഇളം കാറ്റിൽ ആടുമ്പോൾ  മഹാവിഷ്ണു ഗരുഡ വാഹനത്തിൽ പറന്നു വരും പോലെ തോന്നും.   വൃത്തിയായി ചാണകം മെഴുകിയ തറയിൽ ഉച്ചവെയിൽ  എത്തി നോക്കി സൂര്യ മുട്ടകൾ വരച്ചു വച്ചിരിക്കുന്നതും കണ്ട് ഞാനിരിക്കുമ്പോൾ  ശിവൻ ഓടി അണച്ചു  വരും.  
നിക്കർ അഴിച്ചു കുത്തുമ്പോൾ പോക്കറ്റിൽ നിന്നും അപ്പോഴും കശുവണ്ടികൾ  താഴെ വീഴും.

'അമ്മയ്ക്ക് പനിയാ ..ഞാൻ താഴേന്നു വെള്ളം കോരിക്കൊണ്ട് വക്കുവാരുന്നു "   ശിവൻ പറഞ്ഞ താഴെ ഒരാഴമായി എനിക്ക് തോന്നി.     അവൻ  പലപ്പോഴും ക്ലാസ്സിൽ വരാതിരിക്കുന്ന കാര്യവും  പിടി കിട്ടി.
അടി കിട്ടുമ്പോൾ ഒച്ചയില്ലാതെ കരയുമായിരുന്ന ശിവൻ  ഒരിക്കലും അടി വാങ്ങുന്നതിന് മടിയും കാണിച്ചിട്ടില്ല.
അകത്തു അമ്മയുടെ ഞരക്കം കേൾക്കാമായിരുന്നു .
"വാ നമുക്ക്  മൂവാണ്ടൻ   മാങ്ങാ  എറിഞ്ഞിടാം " എന്ന് പറഞ്ഞു ശിവനും ഞാനും ഓടും.
വീടിനു പുറകിലെ പറമ്പിൽ ആരുടെയോ  മൂവാണ്ടൻ മാവ്    ഭൂമിയോളം  തണൽ . അവിടിരുന്നാൽ കോഴഞ്ചേരി പള്ളി കാണാം. 
വെയിൽ താഴുമ്പോൾ   കൈ നിറയെ മാങ്ങയുമായി മലയിറക്കം.

വർഷങ്ങൾ  ഏറെ പോയി.  കുഞ്ഞു പള്ളിക്കൂടം   വിട്ടു  ഹൈ സ്കൂൾ പഠനം    ശിവൻ  ആ ഓട്ടത്തിന് കൂടെ വന്നില്ല  അവൻ തിരികെ ഓടി . ജീവിതത്തിന്റെ  ഉപരി പഠനത്തിന് ! 
എന്നും കാണുന്ന കൂട്ട് മെല്ലെ തളർന്നു തുടങ്ങി അവനും ഞാനും   പുതിയ കളികൾ  പഠിച്ചു ...അല്ലങ്കിൽ കാലം പഠിപ്പിച്ചു ...
ഹൈ  സ്കൂൾ കഴിഞ്ഞു  കൊച്ചിയിലെ  കോളജിൽ  ചേർന്നു , നാട്ടിൽ  വരുന്നത് തന്നെ  ഓണത്തിനോ  ക്രിസ്തുമസ്സിനൊ  എന്നായി... മോർണിംഗ്   ഷോ  ലിറ്റിൽ ഷേനായ്സ്   നൂണ്‍  ഷോ  ഷേനായ്സ്   മാറ്റിനി   കവിത    ഫസ്റ്റ് ഷോ  പദ്മ   സെക്കണ്ട് ഷോ  ശ്രീധർ എന്ന  ദിനചര്യകളും     മെസ്സ് ഫീ കിട്ടുമ്പോൾ വോൾഗ  ബാറിന്റെ  സുഖ ശീതളിമയും  ഒരു ശീലമായി ...   ശിവനൊക്കെ   ഓർമ  ചെപ്പിൽ അടയ്ക്കപ്പെട്ടു.

എന്നോ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ  നക്ഷത്രം പോലെ ശിവൻ മുന്നിൽ !
"മോനെ " എന്ന വിളി എന്നെ കുഴപ്പിച്ചു കളഞ്ഞു.  എത്രയോ നാളായി  ഈ വിളി ഞാൻ മറന്നു പോയി എന്നുള്ള കുറ്റബോധം എന്നെ  ചൂഴുമ്പോൾ   ശിവൻ അടുത്ത് വന്നു കൈ പിടിച്ചു.
"മക്കളെ നിന്നെ കണ്ടിട്ട്  എത്ര നാളായെടാ ....." അവന്റെ കണ്ണ് നിറഞ്ഞു.  എന്റെയും.
"അമ്മ  രണ്ടു വർഷം  മുൻപ് മരിച്ചു പോയി ..ഇപ്പം കണ്ടത്തിൽ കാളെ  പൂട്ടാ പണി..അതും കുറവാ ..കണ്ടമൊക്കെ കൃഷി ചെയ്യാതെ ഇടാൻ തുടങ്ങി.."   ശിവൻ കൈലി പൊക്കി പഴയ കാക്കി നിക്കറിന്റെ പോക്കറ്റിൽ നിന്നും ഇപ്പോൾ എടുത്തത്  ദിനേശ് ബീഡിയും തീപ്പെട്ടിയും.   ഒരെണ്ണം എനിക്ക് നീട്ടി     ഞാനത് വാങ്ങി 
പഴയ കശുവണ്ടി   ബീഡിയായി  . ഒന്നിച്ചു കത്തിച്ചു.

"നമ്മുടെ മൂവാണ്ടൻ മാവ് ..."  ഞാൻ പറഞ്ഞു തീർക്കും മുൻപേ അവൻ പറഞ്ഞു
"അയ്യോ , അതെല്ലാം വെട്ടി വെളുപ്പിച്ചു   അവിടെ റബ്ബർ വച്ചിരിക്കുവാ  ..ഒരു തണലും ഇല്ലാ ..മുടിഞ്ഞ ചൂടാ ..ഞാൻ  സന്ധ്യ ആയിട്ട് രണ്ടു പൊടീം അടിച്ചു  താഴേന്നു കുളീം കഴിഞ്ഞു കേറി പോകും.  പകൽ  അവിടെ ഇരിക്കാൻ പറ്റില്ല"

ഭൂമിയോളം  തണൽ പകർന്ന തേന്മാവ്    എന്റെ   ഓർമ്മയിൽ  കട പുഴകി വീഴുന്ന ഒച്ച ഞാൻ കേട്ടു .
നിഴലില്ലാ മരങ്ങൾ    മനുഷ്യപ്പറ്റില്ലാ   മനുഷ്യരായി  എഴുന്നേറ്റ് നില്ക്കുന്ന കാഴ്ച  ദൂരത്തിൽ കണ്ടു.

"അടുത്ത വരവിനു നമുക്കൊന്ന് കൂടണം"     ശിവൻ യാത്ര പറഞ്ഞു .  കൈലി വീശിയുടുത്ത്  ബീഡി പുകയൂതി ...

പിന്നെ എന്നോ അറിഞ്ഞു ശിവൻ കല്യാണം കഴിച്ചു  എന്നും , രണ്ടു കുട്ടികൾ ഉണ്ട് എന്നും  അതിൽ ആണ്‍കുട്ടിയ്ക്ക്  ബുദ്ധി സ്ഥിരത  ഇല്ലെന്നും.    
കാലം അവന്റെ തോളിൽ എന്നും നുകം വച്ച് പൂട്ടുന്നു ...സങ്കടം തോന്നി.

പ്രാരാബ്ധ  പാച്ചിലുകൾക്കിടയിൽ  ശിവൻ   ഞാൻ എന്നൊന്നും   ഇല്ലാതെയായി .
ജീവിതം  റഫറിയായി  എല്ലാം നീയന്ത്രിക്കുമ്പോൾ   ഓർമ്മകൾക്കും   ഓടാതെ വയ്യാ!!

ഒരു നാൾ  ജോലി കഴിഞ്ഞു മടങ്ങി  ടൌണിൽ എത്തിയപ്പോൾ ആരോ പറഞ്ഞു
"അറിഞ്ഞോ നിങ്ങടെ മുക്കിനു ശിവൻ എന്ന് പറഞ്ഞ  കാളേ  പൂട്ടുകാരൻ പെണ്ണും പിള്ളേ  കല്ലിന് ഇടിച്ചു കൊന്നു...പൊലീസ് വന്ന് അപ്പോഴേ കൊണ്ടു പോയീ "

എനിക്കൊന്നും മനസ്സിലായില്ല . ശിവൻ  എന്ന് പറയുന്ന പാടത്ത് പണിയെടുക്കുന്ന വേറൊരാൾ ഇല്ല.
എന്റെ മനസ്സിൽ ഗജേന്ദ്ര മോക്ഷത്തിലെ  ചിത്രവും  കശുവണ്ടിയുടെ  മണവും ഒക്കെ കേറി ഇറങ്ങി
കട പുഴകിയ മൂവാണ്ടൻ മാവിന്റെ കരച്ചിൽ ഹൂംകാരമായി .... ഇലകളും  ശിഖരങ്ങളും  ആർത്ത നാദത്തോടെ ...

ശിവൻ ആയിരിക്കില്ല " എന്ന് സമാധാനിച്ചു വീട്ടിൽ എത്തി .     ഭാര്യയും  കൂടി പറഞ്ഞപ്പോൾ   എനിക്ക്  വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"മകൻ  രോഗം മൂത്ത്  നിരന്തരം  ചികിത്സയിൽ  ആയിരുന്നെന്നും ..മകളുടെ കല്യാണം  വേർ പിരിഞ്ഞെന്നും
ശിവൻ  നിരന്തരം  മദ്യപാനം ആയിരുന്നെന്നും .."

പിറ്റേന്നത്തെ പത്രത്തിൽ എല്ലാം ചിത്രം സഹിതം  വായിച്ചു..
ഭാര്യയുമായി നിരന്തരം  വഴക്കടിക്കുമായിരുന്നു എന്നും പലപ്പോഴും ആത്മഹത്യക്കും ചിലപ്പോൾ കൊലപാതകത്തിനും ശ്രമിച്ചിരുന്നു എന്നും.  
കറങ്ങി വന്നത് കൊലപാതകം ആയിരുന്നു.  സ്വയം ഓടുങ്ങിയിരുന്നെങ്കിൽ ഒരു ജീവൻ ബാക്കി കിട്ടിയേനെ.
എന്നാലോചിക്കുമ്പോൾ ,   ഒരു നിമിഷം  മിന്നൽ  പോലെ ചിന്തിച്ചു ... "അറിയാ  വഴികൾ  ഇനിയുമെത്രയോ  താണ്ടാൻ കിടക്കുന്നു  ..ഒരു കല്ലിൽ കാലു തട്ടിയാൽ ഇതിലും വലുതായ വീഴ്ചകൾ  കാണാമറയത്ത്  കാത്തിരിക്കുന്നു..." പാവം മനുഷ്യൻ എന്നിട്ടും  നിദ്രാടനം  തുടരുന്നു..... അവിടെ  ശിവനും  വിഷ്ണുവും  ബ്രഹ്മനും സമം!

കുറെ നാളുകൾ കഴിഞ്ഞ്  വെറുതെ വഴിയിൽ നിക്കുമ്പോൾ    ശിവൻ  എതിരേ വരുന്നു!
ഞാനാകെ പരിഭ്രമിച്ചു   .. എന്തു  പറയും ചങ്ങാതിയോട്‌ ...ഈശ്വരാ,
 തിരികെ കേറി പോകുന്നത് അർഹമല്ല .
എന്നെ കരുതിയവൻ ...പക്ഷെ നീതിയ്ക്കു നിരക്കാത്തത് ചെയ്തിരിക്കുന്നു...എന്ന് മനസ്സു പറയുമ്പോൾ .....

ശിവൻ എന്നെ സാകൂതം നോക്കി   നേരെ നടന്നു പോയി.  ഒരു പരിചയവും കാണിച്ചില്ല.
എന്നിലും എത്രയോ  മുന്നേ ചിന്തിച്ചവൻ .  പക്വമതി .
ഒന്നും പറയാനില്ലാതെ വെറുതെ  പഴം പുരാണം ഇറക്കി വക്കാതെ, ഞാൻ   ഇതൊന്നും ചെയ്തില്ല എന്ന്
പറയാതെ  ...അല്ലെങ്കിൽ ഞാൻ പാപിയാ എന്നും പറയാതെ ..
അപരിചിതനായ   പരിചയക്കരനായി ഞാൻ മാറുമ്പോൾ അവന്റെ അമ്മയുടെ "മോനെ" എന്നുള്ള വിളി ഒരു പിൻ  വിളിയായി.

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കൂടി പക

നാട്ടു നടപ്പിലെ  കുടിപ്പക അല്ല.    ഈ     "കൂടി   പക"

ശേഷിയും  ശേമുഷിയും  ഇല്ലാത്ത  മനുഷ്യന്മാർ തമ്മിൽ ചേർന്ന്  അതികായനെ  ഉന്മൂലനം ചെയ്യുന്ന അതി പുരാതന യുദ്ധ തന്ത്രം,  ഇവിടെ ഒരു തരത്തില്‍  വ്യാഖാനിച്ചാല്‍  ഒരു വിദൂര ഗറില്ലാ പോരാട്ട  മുറ !
ഒരിക്കലും നടന്നിട്ടില്ലാത്തതോ നടക്കാൻ പാടുള്ളതോ അല്ലാത്ത  വെറുമൊരു നാടൻ പാട്ട്  ...

  
" ഉവ്വേ ഭൈരവന്റെ തല ആരാണ്ട് കൊയ്തെടാ  ദാണ്ടേ  അങ്ങേലെ തോട്ടിൽ ചത്ത്‌ കെടക്കുന്നു
ആരാണ്ട് വെട്ടി കൊന്നതാ "

രാമന്‍ ചേട്ടന്റെ  ചായ കടയിലെ പ്രഭാത ഭേരി അന്നതായിരുന്നു.
കുഞ്ഞ് നാട്ടുവട്ടത്തെ ഞെട്ടിച്ച  തലേന്നത്തെ  ഇരുള്‍ കൊല!
കാലത്തെ ഒന്നും ഉണ്ടാക്കാൻ വയ്യാതിരുന്ന അമ്മ തന്ന ചില്ലറയുമായി  പുട്ടോ ദോശയോ വാങ്ങാൻ
രാമൻ ചേട്ടന്റെ  കടയിലെത്തിയ ഞാൻ  ആ വാർത്തയ്ക്ക് പുറകെ ഓടിയവരുടെ കൂടെ ഓടി.
എനിക്ക് പേടീം വിറയലും ഒന്നും അന്നേരം തോന്നീല്ല  "എല്ലാരും ഓടി, ഞാനും ഓടി"  എന്ന നാടൻ സൈക്കോളജി മാത്രമേ  വർക്ക്  ചെയ്തുള്ളൂ .
ഇട്ടിരുന്ന നിക്കർ വലിച്ചു മുറുക്കി കെട്ടി  എല്ലാ ഹർഡിൽസും കടന്നു ഞാൻ ഫിനിഷും ചെയ്തു.


പാടത്തിന്റെ  ഹസ്ത രേഖ പോലെ ചെറു ചാലായി  ഒഴുകുന്ന  കൈത്തോടിന്റെ നടുവില്‍  പരലും  മാനത്താന്‍ കണ്ണിയും  വിരണ്ടോടി എങ്ങോ പോയി ഒളിച്ച  ഒഴുക്ക് വെള്ളത്തില്‍  കരിഞ്ഞ കൈതോലയില്‍ മുഖം അമര്‍ന്നു കമഴ്ന്നു കിടക്കുന്ന  ഭൈരവന്‍ കുഞ്ഞച്ചന്റെ  കരിവീട്ടി  ഫയല്‍വാന്‍  ശരീരം .


ആറടിക്ക് മുകളില്‍ നീളം . കറു  കറെ  കറുത്ത് കുറുകിയ തോള്‍ മസ്സിലുകളില്‍ നിന്നും അല്പം വേര്‍പെട്ടു കിടക്കുന്ന കുറ്റി താടി മുഖം  ആരെയോ വാശിയോടെ നോക്കുന്ന പോലെ ...
കാലുകൾ  രണ്ടു കരയിലുമായി ട്രപ്പീസ് കളിക്കാരെ പോലെ വരമ്പിൽ കൊളുത്തി ഇട്ടിരിക്കുന്നു.   കീറിയ നീല നിക്കറിന്റെ ഇടയിലൂടെ കറുത്ത ചന്തി കാണാമായിരുന്നു.    എനിക്ക് നാണം തോന്നി.   ഒപ്പം പേടീം തോന്നി
ഒന്നുമറിയാതെ ഒഴുകുന്ന വെള്ളത്തിലേയ്ക്ക്  കട്ട ചോരയുടെ ചെറു തോണികൾ തനിയെ ഉണ്ടായി തുഴഞ്ഞു പോകുന്ന കാഴ്ച !

ആശാൻ കളരിയിൽ ഒക്കെ പോകുമ്പോൾ ഭൈരവനെ കാണുന്ന നേരം അറിയാതെ മൂത്രമൊഴിക്കാൻ തോന്നുമായിരുന്നു. നില്ക്കുന്ന ദിക്കിലേയ്ക്ക് നോക്കാറും കൂടിയില്ലായിരുന്നു .
കാൽ  പത്തിയിലെയ്ക്ക്  നോക്കിയാൽ  പോലും കരി മൂർഖന്റെ പത്തി പോലെ വരയും പുള്ളിയും ഒക്കെയായി എന്തോ പേടിപ്പിക്കുന്ന ഒരു തോന്നൽ .... വിരലുകളിലെ നഖങ്ങൾ നിവർത്തി വച്ച  പേനാ കത്തി പോലെ

സദാ  നീല വരയൻ നിക്കർ കാണ്‍കെ കൈലി ഉയർത്തി കെട്ടി ഒരു നില്പാ ..തലയിൽ  ഉടുപ്പ് പോലെ എന്തോ കൊണ്ട് മറ്റൊരു കെട്ട് .. എപ്പോഴും  ബീഡി വലി തന്നെ ..ആരെയോ കൊന്നിട്ട് ജയിലിൽ നിന്നും വന്നതേ ഉള്ളത്രെ .  ജയിലിൽ പിന്നേം ആരെയോ കൊല്ലാൻ തുടങ്ങിയെന്നും..
കറുത്ത മുഖം  വെളുത്ത പല്ല് എല്ലാം സിനിമാ പോസ്റ്ററിലെ  ഏതോ വില്ലനെ   ഓർമ്മയിൽ വരുത്തി.

'വല്യ കളികാർ ഒക്കെ  ഒടുക്കം വെള്ളമിറങ്ങാതെ തൊലഞ്ഞു പോകും "
ഒരാളുടെ  ക്രോധമോ  വിഷമമോ എന്നറിയാത്ത പിറ് പിറുപ്പ്
"വെള്ളത്തിൽ കെടന്നതല്ലേ  വെള്ളമിറങ്ങി കാണും" മറ്റൊരാൾ തമാശ പറഞ്ഞു.

എനിക്ക് പാവം ഭൈരവനോട്  ഒത്തിരി സങ്കടം തോന്നി. കാരണം അച്ഛന്റെ കൈയ്യിൽ തൂങ്ങി നടന്നപ്പോഴൊക്കെ  ഭൈരവൻ വന്നെടുക്കുമായിരുന്നു  എന്നെ ... പേടിച്ചു ഞാൻ സമ്മതിയ്ക്കും.

ഒഴുകുന്ന ചോര കണ്ടപ്പോൾ അമ്മയുടെ നിറം പോകുന്ന ഏതോ തുണി കഴുകി ഒഴിക്കും പോലെ..

"എന്നാലും  ഇന്നലെ രാത്രി ഒരു മിന്നാമിനുങ്ങിന്റെ ശബ്ദം പോലുമില്ലായിരുന്നു"
തവള പിടിയ്ക്കുന്ന രാഘവന് ഒരു പക്ഷെ മിന്നാമിനുങ്ങിന്റെ വെളിച്ചം ശബ്ദമായി തോന്നിയോ, തവളയുടെ ശബ്ദം വെളിച്ചമായോ ..ആവോ..
അന്നത്തെ എന്റെ കുഞ്ഞു ബുദ്ധിയിൽ ചത്ത്‌ കിടക്കുന്ന ഒരു മിന്നാമിനുങ്ങായിരുന്നു ഭൈരവൻ   കഴുത്തിൽ നിന്നും ചുവന്ന മിന്നുന്ന പ്രകാശം  കത്തിയും കെട്ടും...

"പോലീസ് ഏമ്മാന്മാർ വരുന്നെടാ " ആരാണ്ട് പറഞ്ഞതും  കളം  കാലിയായി.
ഞാനും അല്പം മാറി തൈ തെങ്ങിന്റെ മറ പറ്റി നിന്നു .
കൂർമ്പൻ  മീശക്കാർ  രണ്ടു പേർ   . കുടവയർ  പാട  വരമ്പിൽ നിഴൽ വീഴ്ത്തുന്നത് കാണാൻ രസമായിരുന്നു.
ഒപ്പം പള്ളീൽ മഞ്ചൽ വലിയ്ക്കുന്ന  ജോയീം.
ജോയിയെ  എനിക്ക് ഭൈരവനെക്കാൾ  പേടിയായിരുന്നു    വെള്ള പുതപ്പിച്ചു   കറുത്ത പെട്ടിയിൽ ശവവുമായി റോഡിൽ കൂടി മഞ്ചൽ വലിച്ചു പോകുന്ന ജോയിയെയും  "ഇന്ന് ഞാൻ നാളെ നീ " എന്ന് കറുപ്പിൽ വെളുപ്പ്‌ കൊണ്ടെഴുതിയ മഞ്ചലിനെയും കാണുമ്പോൾ ഞാൻ കണ്ണു പൊത്തി ഓടി മാറുമായിരുന്നു.

ഏമ്മാൻ മാരുടെ  കാക്കി നിക്കർ കാറ്റത്ത്‌ ആടുന്നുണ്ടായിരുന്നു . വരമ്പിൽ വള്ളി  ചെരുപ്പ് ഊരി  വച്ച് ഓല കാലിൽ   ലെഫ്റ്റ് പറഞ്ഞ് പട്ടീസ് പൊക്കി വച്ച്,  കൂർത്ത തൊപ്പി താഴ്ത്തി  തലയിൽ  തലോടി  ഒരാൾ  തുണി അളക്കുന്ന ടേപ്പ്  എടുത്ത്  ഭൈരവനെ അളക്കുമ്പോൾ മറ്റെയാൾ കടലാസിൽ എന്തോ കുറിക്കുന്നു.
എല്ലാം കഴിഞ്ഞു  രണ്ടു പേരും കൂടി കൈ കോർത്ത്‌ ഭൈരവനെ എടുത്ത് ചക്കര പായിൽ പൊതിഞ്ഞ്  ജോയീടെ തോളിൽ വച്ച് കൊടുത്തു.
പാടം താണ്ടി  കിതച്ചു ജോയി റോഡിൽ കിടന്ന കൈ വണ്ടിയിൽ ഭൈരവന്റെ കാട്ടു പോത്തിനോളം പോന്ന ശവ ശരീരം കിടത്തി, അല്ല കൊണ്ടെറിഞ്ഞു.

വണ്ടി വലിച്ചു ജോയി നടന്നു. ഏമ്മാന്മാർ  പാപ്പന്റെ അഥിതികളായി പട്ട കടയിലേയ്ക്ക് ഊളിയിട്ടു.
വെളുത്ത താറാവിൻ മുട്ടകൾ ഞെരിയുന്ന ശബ്ദം കേട്ട് ഞാനും വീട്ടിലേയ്ക്ക് ഓടി.

ഭൈരവന്റെ ശരീരം ഗവർന്മെന്റ് പുറമ്പോക്കിൽ അന്ന് തന്നെ കുഴി കുത്തി മറവു ചെയ്തു പോലും.
പിറ്റേന്ന് ഭൈരവൻ ഇല്ലാത്ത റോഡിലൂടെ ഞാൻ എഴുത്തോലയുമായി പോയപ്പോൾ അറിയാതെ മൂത്രമൊഴിക്കാൻ മുട്ടി.

വൈകിട്ട്  മുക്കിനു പറച്ചിലായി   ചെത്തുകാരൻ കിട്ടനേയും    ഒണക്ക മീൻ  കച്ചോടക്കാരൻ പാപ്പിയെയും പോലീസ് പിടിച്ചു എന്ന്..അതല്ലാ അവർ  നേരിട്ട് പിടി കൊടുത്തു എന്നും.
രണ്ടു പേരേം എനിക്ക് കണ്ടു പരിചയം മാത്രം  ഉണ്ട്. മുക്കിനെ അത്ര പ്രാധാന്യമില്ലാത്ത സപ്പോർട്ടിങ്ങ്   അക്റ്റെഴ്സ്  ആയിരുന്നു. അവരിലും പരിചയം ഭൈരവൻ തന്നെ.

രാത്രി കണ്ട പേടി സ്വപ്നമാകാം , ഞാൻ പിറ്റേന്ന് രാവിലെ നേരം വെളുത്തിട്ടും കട്ടിലിൽ മൂടി പുതച്ചു കെടക്കുംപോൾ അടുക്കളയിൽ  അമ്മയും അടിച്ചു തളിക്കാൻ വരുന്ന അമ്മയുടെ   വലം കൈ കാർത്ത്യാനി ഇച്ചേയീം കൂടി കുശു കുശുക്കുന്നത് കേട്ടപ്പോൾ  ആ അപസർപ്പക കഥയുടെ  ചുരുളു നിവർന്നു !

ചെത്തുകാരൻ കിട്ടൻ ജന്മനാ കാസ രോഗി ആണെന്നും   ഒരു തെങ്ങിൽ കേറിയാൽ പിറ്റേന്ന് ആശുപത്രി തന്നെ ശരണം എന്നും . മുക്കാൽ ചാണ്‍ നീളോം  വില്ല് പോലത്തെ നെഞ്ചും പറച്ചിലിൽ  വിക്കും എല്ലാം ഉണ്ടെന്നും എല്ലാം , കാർത്ത്യാനി ഇച്ചേയീടെ വർണ്ണനയിൽ   ഞാൻ കിട്ടനെ ഒരു ന്യൂസ്‌ റീൽ പോലെ കണ്ടു .
അയാൾ കഷ്ടപ്പെട്ട് ചെത്തി ഒരുക്കി വയ്ക്കുന്ന കള്ള്  ഭൈരവൻ കേറി കട്ട് കുടിക്കുമാരുന്നത്രേ ...പല നാൾ പേടിച്ചു കണ്ണടച്ചു, ഒരു നാൾ ചോദിച്ചപ്പോൾ കിട്ടനെ പൊക്കിയെടുത്ത് നിലത്തിട്ടു ചവിട്ടി എന്നും കിട്ടൻ ഒരു പാട് നാൾ സർക്കാർ ആശുപത്രിയിൽ ശ്വാസം മുട്ടലായി കെടന്നു എന്നും ഒക്കെ... പാവം എന്നെനിക്കും തോന്നി.

അടുത്ത കഥ പാപ്പിയെ കുറിച്ചായിരുന്നു . ഒരു കടും കാപ്പീടെ  വിശ്രമത്തിന് ശേഷം  ഇച്ചേയി തുടർന്നു ..

"പാപ്പി മീൻ കച്ചോടത്തിനു അതിരാവിലെ അങ്ങു ചന്തേൽ പോകത്തില്ലിയോ ..ഒണക്ക നെല്ലിനു വാ പൊളിക്കാൻ പോലും കെപ്പില്ലാത്തൊനാ   ..അവന്റെ പെണ്ണുമ്പിള്ള അങ്ങ് കെഴക്കത്തിയാ , കൊച്ചു പെണ്ണാ   കാണാനും ചേലാ .ഈ    മുടിഞ്ഞ ഭൈരവൻ  ഇന്നാള് അവളെ കേറി പിടിച്ചു   അതിനു പാപ്പി ചന്തേന്നു രണ്ടു മൂന്ന് പേരുമായി വന്നു ഭൈരവനോട് ചോദിച്ചു . അയ്യോ,  ആ പാവം പാപ്പിയെ  ഇവൻ അടിച്ചു തൂറിച്ചു കളഞ്ഞു.
പെണ്ണ് പേടിച്ചു പോയി  അവളെ വീട്ടുകാർ വന്നു കൊണ്ടും പോയീ."

"അത് പാപ്പിയ്ക്ക് വല്യസങ്കടമായിപ്പോയി . അന്നേ അവൻ തക്കം പാർത്തതാ  പാവമല്ലിയൊ  പെണ്ണും പോയി .    അങ്ങനിരിക്കുംപഴാ   ചെത്തുകാരൻ കിട്ടനും   പാപ്പീം കൂടി  കേരാമണ്ണ് ഷാപ്പി വച്ച് കാണുന്നെ .  പാപ്പി അവിടേം മീൻ കൊടുക്കുന്നുണ്ട്  കിട്ടനവിടാ ചെത്തുന്നെ  .   കിട്ടൻ പറഞ്ഞു പോലും  അടിച്ചിട്ടു കൊടുത്താൽ തേറു കൊണ്ട് കഴുത്ത്കാച്ചി കൊടുക്കാം എന്ന് . പാപ്പി സമ്മതിച്ചു . രാത്രി ഭൈരവന് കാഴ്ചയ്ക്ക് ശകലം കുറവും ഉണ്ട് തന്നേമല്ല നമ്മുടെ  ഒരുപ്പൂ  പാടം കടന്നു വേണം വാറ്റുകാരി  മീനാക്ഷീടെ  പൊരേൽ ചെല്ലാനും  അവിടല്ലിയോ  അവന്റെ അന്തി പൊറുതി  . എവമ്മാര് പാത്തിരുന്നു  ചെയ്തു കാണും.   എന്തായാലും അടിച്ചിട്ട പാപ്പീടെ  ഒരു കൈ ഭൈരവന്റെ കൈപ്പിടിയിൽ നിന്നും കൈ വെട്ടി മാറ്റിയാത്രേ  എടുത്തത്  ....ഞങ്ങടങ്ങെ  അങ്ങേരുടെ  വഹേലൊരു അളിയനാ ആ വന്ന ഒരു പോലീസേമ്മാൻ  ..പുള്ളി പറഞ്ഞു."
"കഴകം കെട്ടോന്മാർ  അവരുടെ കഴിവു പോലെ  ഒരാളെ കൊന്നു !     "ഒന്നിച്ചു കൂടി പക തീർത്തു ..... " അല്ലാതിപ്പം ഞാനവമ്മാരെ കുറ്റംപറയത്തില്ല എന്റിച്ചെയീ" ....
കാർത്ത്യാനിച്ചേയി   പിന്നേം കട്ടൻ കാപ്പി കുടിച്ചപോലെ തോന്നി...
ഒരാളെ കൊല്ലാനുള്ള കഴകം എന്താണ് എന്ന് ഇച്ചേയി പറഞ്ഞുമില്ല.

എനിക്കു മൂത്രം മുട്ടി..ഞാൻ പൊതപ്പും വലിച്ചു കളഞ്ഞു  ഓടിയത്  റോഡും കടന്നു   പാട വരമ്പിലേയ്ക്ക് ..
വെയിലു നന്നേ    മഞ്ഞ നിറത്തിൽ തിളങ്ങുമ്പോൾ     പാട പച്ചയ്ക്ക്   സ്വർണം കൊണ്ട്  ഗിൽറ്റ് ഇട്ട കല്യാണ കുറിയിലെ പച്ച അക്ഷരം പോലെ എന്തൊരു ഭംഗി.....
കൈത്തോട്ടിൻ കരയിലെത്തി  നോക്കി.  പരലും കയ്പ്പും  മാനത്താൻ കണ്ണിയും എല്ലാം പകൽ മയക്കത്തിലോ  എന്നറിയില്ല  ആരേം കണ്ടില്ല.....ഒന്ന് കണ്ടു      തോട്ടിൻ വരമ്പിലെ കരിഞ്ഞ കൈതോലയിൽ  കറുത്ത് കട്ട പിടിച്ചിരിയ്ക്കുന്ന  ചോര  ഉറുമ്പ് അരിയ്ക്കുന്നു, ചോണൻ ഉറുമ്പ് .

കള്ളിനും  പെണ്ണിനും  ഭൈരവൻ കൊടുത്ത സ്വയം  ഗുരുതി  .           (എന്നിപ്പോൾ തോന്നുന്നു.)
ഒരു ചെറു കാറ്റ് വീശി  കൈത കൈകൾ   എന്തോ പറഞ്ഞു  ...  പേടിച്ചു പോയി..   തിരികെ ഓടി . 

ഇളം കാറ്റിൽ  പച്ചച്ച പാടം  അരുതാത്തത് എന്തോ കണ്ടു മനം മടുത്തപോലെ മൂകമായി ചലനമില്ലാതെ കെടന്നിരുന്നു  എന്നത് ഞാൻ ഓർക്കുന്നു .     വഴിയും വിജനമായിരുന്നു     മരണം കഴിഞ്ഞ വീട് പോലെ.