Powered By Blogger

2010, ജൂലൈ 25, ഞായറാഴ്‌ച

വണ്ടികൂലീം ബാക്കീം പിന്നെ എന്റെ പോയ പണീം.

വണ്ടികൂലീം ബാക്കീം പിന്നെ എന്റെ പോയ പണീം.  ഇപ്പോഴത്തെ സിനിമാ പേരുപോലെ കഥ മുഴുവന്‍ മനസിലാക്കാവുന്ന ടൈറ്റില്‍.
തിര നാടകം തുടങ്ങുന്നു.
സീന്‍ ഒന്ന്.  
നാല് കൊല്ലം വിദ്യാഭ്യാസ വായ്പ കൊണ്ട് കഷ്ട്ട പെട്ട് പഠിച്ച ഒരു പെണ്‍കുട്ടി. പഠനം കഴിഞ്ഞ മട്ടില്‍ ഇനി എന്ത് എന്നുള്ള ചോദ്യവുമായി പട്ടാളക്കാരുടെ ബാഗ് മാതിരി ഉള്ള നീളന്‍ ബാഗുമായി ബസിറങ്ങി "അമ്മേ..." എന്നുള്ള വിളിയോടെ വീടിന്റെ തിണ്ണയില്‍ എത്തി നില്കുന്നു.
"ങ്ങ്ഹാ...നീ വന്നോ കുഞ്ഞേ " എന്നുള്ള ആമോദത്തോടെ അമ്മ പാഞ്ഞു വന്നു മോളുടെ ബാഗും മറ്റും വാങ്ങുന്നു...ശേഷം ചൂട് ദോശ സാമ്പാര്‍ കഥകള്‍ ..അതിസാദരം...
സീന്‍ രണ്ട്.
 നേരം വെളുത്തു വരുമ്പോള്‍ ...പഴയ പുതപ്പിനുള്ളില്‍ റ" മട്ടില്‍ കുട്ടി കിടന്നുറങ്ങുന്നു.  പെട്ടന്ന് നോകിയ ഫോണില്‍ ഒരു തമിഴ് പാട്ട് അലറുന്നു...കുട്ടി ഉണര്‍ന്നു തിക്കും പക്കും വക്രിച്ചു നോക്കി ഫോണ്‍ എടുക്കുന്നു..."ങാ ഞാന്‍ പോകാം മിസ്സേ"എന്നും പറഞ്ഞു ചാടി എഴുന്നേറ്റ് ആക്രി കച്ചവടക്കാരുടെ ഗോ ഡൌണ്‍ പോലുള്ള തന്റെ മുറിയില്‍ നിന്നും ഉറക്കെ..."അമ്മേ അച്ഛാ ...കൊച്ചീല്‍ ഒരു കമ്പനിയില്‍ ആര്‍ ആന്‍ഡ്‌ ഡി എഞ്ചിനീയറെ വേണം...നാളെ രാവിലെ ചെല്ലാന്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു..."
അച്ഛന്‍ സ്വതവേ ഉള്ള ടെന്‍ഷന്‍ ഒന്ന് കൂടി കൂട്ടി..."ഇപ്പോഴേ പോകുന്നതാ നല്ലത്"
അമ്മ "ഏതായാലും ആദ്യത്തെ ഇന്റര്‍വ്യു അല്ലെ അമ്പലങ്ങളില്‍ ഒക്കെ ഒന്ന് പോയിട്ട് വെളുപ്പിന് പോകാം..."
അമ്മ ഒരുങ്ങി മോളും ഒരുങ്ങി തീര്‍ഥ യാത്ര.
സീന്‍ മൂന്ന്.
 രാത്രീടെ രണ്ടാം യാമത്തിലെ കുളി തേവാരം ..അച്ഛന്‍ നേരത്തെ കുളിച്ച് ഉഷാര്‍ ആയി...മകളും കുളിച്ചു വെളുപ്പിന് നാല് മണിക്ക് തന്നെ നാല് ദോശ അഹത്താക്കി! ഒന്നുടെ എന്ന് പറഞ്ഞ അമ്മയെ വിലക്കി.
അച്ഛന്റെ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ...മകള്‍ പുറകില്‍..നേരെ ടൌണ്‍...ആദ്യത്തെ ഷട്ടില്‍ ബസ് ഡ്രാക്കുള മാതിരി പടുതായും പറത്തി വന്നു നിന്നു..".ഇതേല്‍ കേറി കോട്ടയം ചെന്നാല്‍ കൊച്ചീക് എപ്പോഴും ബസ്സാ..."   "ശരി അച്ഛാ "മകള്‍ അനുസരണയോടെ കേറി ബസ് നീങ്ങി..."ശരണം വിളിയോടെ അച്ഛന്‍ തിരികെ

സീന്‍ നാല്.
  മണി പതിനൊന്നര , പോയ മകളുടെ വിവരം വിവരാവകാശ നിയമ പ്രകാരം ചോദിക്കണോ വേണ്ടയോ എന്ന് അച്ഛനും അമ്മയും...മൊബൈല്‍ ഫോണില്‍ എത്ര വിളിച്ചിട്ടും പരിധി കഴിയുന്നു എന്നുള്ള താക്കീത് മാത്രം.
"ഇന്റര്‍വ്യു അല്ലെ ധാരാളം പേര്‍ കാണും..." അമ്മ.
"എന്നാലും അങ്ങെത്തിയോ എന്നൊന്ന് പറയാമായിരുന്നു..." അച്ഛന്‍.
സമയം നീങ്ങുന്നില്ല..
ലാന്റ് ഫോണില്‍ നീട്ടിയ ഒരു കൂവല്‍ കേട്ട് അമ്മയും അച്ഛനും ഞെട്ടറ്റു!
"അതേ...അച്ഛാ ഞാനിപ്പോള്‍ ആണ് ഇവിടെ എത്തിയത്..സ്വപ്നയെ അവര്‍ എടുത്തു...ഞാന്‍ വന്നപ്പോള്‍ അവള്‍ തിരികെ  പോകുന്നു.."
"ഈശ്വരാ ...മുതു വെളുപ്പാന്‍ കാലത്ത് പോയ നീ നട്ടുച്ച കഴിഞ്ഞപ്പോഴാണോ അവിടെ എത്തിയത്..." അച്ഛന് ദേഷ്യം സംകടം ആക്രമണ ആസക്തി ഒക്കെ ഉണ്ടായി..."എന്നതാ " എന്ന് ചോദിച്ച തള്ളയോട്" കുന്തം"  എന്ന് പല്ല് കടിച്ചു.

സീന്‍ അഞ്ച്.
സന്ധ്യ തിരി വച്ച് അമ്മ തിരിയുമ്പോള്‍ 'അമ്മേ " എന്നുള്ള പഴയ ഇളിയുമായി മകള്‍ പുറകില്‍.
"എന്തോന്നിനാ നീ പോയത് " അച്ഛന് ആകെ ടെന്‍ഷന്‍..
"അച്ഛാ അച്ഛന്‍ പറഞ്ഞിട്ടില്ലേ സിവിക് റൈറ്റ് പോലെ തന്നെ സിവിക് സെന്‍സും വേണമെന്ന്..."
"അതും ഇതും തമ്മില്‍...അച്ഛന്റെ അറ്ധോക്തി...
"ഞാന്‍ കേറിയ ബസില്‍ കോട്ടയത്തിനു വണ്ടികൂലി ആയി നൂറു രൂപ കൊടുത്തു. ചില്ലറ ഇല്ലാ എന്നും പറഞ്ഞു രാവിലെ തന്നെ അയാള്‍ ചൂടായി എന്തൊക്കെയോ പറഞ്ഞു...ശരി ഇറങ്ങുമ്പോള്‍ മതി എന്ന് ഞാനും"
ഒരു സീറ്റില്‍ ഇരുന്ന് ഉറങ്ങിപ്പോയി..കോട്ടയത്ത് എത്തി എല്ലാരും ഇറങ്ങി കണ്ടകടര്‍ ആദ്യമേ പോയിരുന്നു...
ഞാന്‍ ഓടി വിജിലന്‍സ് അപ്പീസില്‍ കയറി എന്റെ ബാക്കി കാര്യം പറഞ്ഞു...ടിക്കറ്റും വണ്ടി നമ്പരും വച്ചു പരാതി എഴുതി കൊടുക്കാന്‍ അവര്‍ പറഞ്ഞു...
എന്റെ അച്ഛാ ഞാന്‍ ഉറങ്ങിയ വഴിയില്‍ ടിക്കറ്റ് പോയ കാര്യം അപ്പോഴാ അറിയുന്നെ...
അപ്പോഴേയ്ക്കും ഒന്നൊന്നര മണിക്കൂര്‍ പോയി...രണ്ടു മൂന്ന് ഏറണാകുളം ബസും...
നോക്കിയപ്പോള്‍ ഞാന്‍ വന്ന ബസും കണ്ടക്ടറും തിരികെ പോകുന്നു..."
എന്റെ സിവിക് സെന്സുണര്‍ന്നു...ഞാന്‍ അടുത്ത എറണാകുളം ബസില്‍ ചാടി കേറി..
കളമശ്ശേരിയില്‍ എത്തുമ്പോള്‍ സമയം ഒത്തിരി ആയി...ആദ്യം വന്ന സ്വപ്ന മാത്രമേ അപ്പോഴും ഉണ്ടായിരുന്നുള്ളൂ...
അവള്‍ക്കാണെങ്കില്‍ എന്നെക്കാട്ടിലും മാര്‍ക്ക് കുറവും...നേരത്തെ ചെന്നിരുന്നെങ്കില്‍..."
പത്തെഴുപത്തഞ്ചു രൂപ ആ മുടിഞ്ഞ കണ്ടക്ടറും കൊണ്ട് പോയി".....
" നീ പോയത് ബാക്കി വാങ്ങാനോ അതോ ജോലിയ്ക്കോ?" അമ്മയുടെ ധാര്‍മിക രോഷം ഉഗ്ര സ്ഫോടനമായി..".അതിനു ബാക്കി  തരാത്തവന്‍ അവന്റെ അമ്മേടെ പതിനാറിന് എടുത്തോട്ടേ എന്ന് കരുതിയാല്‍ പോരായിരുന്നോ...അല്ലെത്തന്നേം എത്ര രൂപ വെറുതെ പോകുന്നു...".
"അതെങ്ങനാ ഒരു അനങ്ങാ പാറ അച്ഛനും ഒന്നിനും കൊള്ളാത്ത ഒരു മോളും...ആ ജോലി  കിട്ടിയിരുന്നെങ്കില്‍ എഡ്യുക്കേഷന്‍ ലോണ്‍ എങ്കിലും അടയുമായിരുന്നു."

"എന്റെ ഭാര്യെ വിധിച്ചതെ നടക്കു....നീ ആ കൊച്ചിന് വല്ലതും കഴിക്കാന്‍ കൊടുക്ക് ..." അച്ഛന്റെ അനു നയിപ്പിക്കല്‍  ഒന്നും അമ്മയോട് ക്ലച്ചു പിടിച്ചില്ല...
"പിന്നെ ജോലി കിട്ടാന്‍ ഓരോരുത്തര്‍ നെട്ടോട്ടം ഓടുമ്പോള്‍ ഇവിടെ ഒരാള്‍ നക്കാ പീച്ചി ബാക്കി വാങ്ങാന്‍ ഒന്നര മണിക്കൂര്‍ വായി നോക്കി നില്പാ...ഇനി ആരെങ്കിലും വിളിച്ചു ജോലി തരും.....ഞാനും ആശിച്ചായിരുന്നു ഒരു കുപ്പി അരിഷ്ടമെങ്കിലും എന്റെ കൊച്ചിന്റെ കാശേല്‍ വാങ്ങണമെന്ന്..."
പാവം കരഞ്ഞു പോയി...
"സാരമില്ല..ഇനിയും എത്രയോ ഇന്റെര്‍വ്യുകള്‍..."അച്ഛന്‍...


(രണ്ടാഴ്ച മുന്പ് സ്വന്തം വീട്ടില്‍ നിന്നു കിട്ടിയ ഈ ത്രെഡ് ഇത്രയുമൊക്കെ എഴുതി പിടിപ്പിയ്ക്കാന്‍ വൈകിയതില്‍ എല്ലാവരും ക്ഷമിക്കണം.!)

2010, ജൂലൈ 16, വെള്ളിയാഴ്‌ച

ഒളി നോട്ടം.

ഒളിഞ്ഞു നോക്കി നിന്ന ഒറ്റു കാരന്‍ വെള്ളിക്കാശു വാങ്ങി പറങ്കി മരത്തില്‍ തൂങ്ങി
 അവന്‍ വാങ്ങിയ റിയല്‍ എസ്റ്റേറ്റ്‌" അക്കല്‍ ദാമ" കണ്‍സ്ട്രക്ഷന്‍ കമ്പനിയായി..
ഉടയോന്‍ പോയെങ്കിലും താവഴികള്‍ ഉണര്‍ന്നു പെരുമാറി..അവര്‍ ജീവന വൈരുധ്യ പ്രത്യുല്പാദന കേന്ദ്രങ്ങള്‍ തുടങ്ങി....ക്ലോണിംഗ് പോലെ..അല്ലെങ്കില്‍ ഒരുതരം കോശം വെച്ച് പെരുക്കല്‍..വിറ്റു പോയത് വിദ്യ എന്ന അഭ്യാസ കല...പിന്നെ ആരോഗ്യ നികേതനങ്ങള്‍...അക്ഷര അച്ചു കൂടങ്ങള്‍..കാനായിലെ വീഞ്ഞിന്റെ പേരില്‍ ചില മറിമായങ്ങള്‍...
ഏറിയ കാലം കേറി പോക വാറെ മാനം വിറ്റും കാണം മീളാന്‍ അമ്പേ ചില ..കു തന്ത്രങ്ങള്‍...
അങ്ങനെ വീണു കിട്ടി സ്വാശ്രയ സര്‍ക്കസ് ട്രപീസും...അതിനു വഴങ്ങുന്ന കോഴ്സുകളും...ബാര്‍ എന്ന് മറു  പേര്‍ ചൊല്ലുന്ന മാണിക്യ കൂടാരങ്ങള്‍...സുപര്‍ സ്പെഷിയല്‍ രോഗ നിവാരണ ക്ലബ്ബുകള്‍...അച്ചു നിരത്തി ഏഴാം പക്കം പെറ്റു വിടുന്ന ആലെഖങ്ങള്‍...ഇടയന്‍ അറിയാത്ത ചതി കുറിപ്പുകള്‍...
ഇങ്ങനെ കാലം കഴിഞ്ഞ വാറെ അക്കല്‍ ദാമ കൊമ്പ്ലെക്സുകളില്‍ ഒളി കണ്‍ ക്യാമറ വന്നു...ഇനിയും ഒരു ഒറ്റു കാരന്‍ വന്നാല്‍ അറിഞ്ഞേ തീരു...പോയവന് ഒന്നും നഷ്ട പ്പെടുവാന്‍ ഇല്ലായിരുന്നു...ഇവിടെ പത്തായം...പറ ...നിലവറ എല്ലാം നിറ നിറ..
ആരോഗ്യ നികെതനങ്ങളില്‍ ഗുരുകുല അഭ്യാസം നടത്തിയവര്‍ ഓലയില്‍ എഴുതി..."പെണ്ണുങ്ങള്‍ക്ക് കിഡ്നി ഇല്ലാ"!
പാഠം ഉധരിച്ചവന്‍ പറഞ്ഞു അത് സാരമില്ല "അവര്‍ക്ക് വൃക്ഷണങ്ങള്‍ ഉണ്ടല്ലോ" മാര്‍കിട്ടവന്‍ പറഞ്ഞു രണ്ടായാലും വേണ്ടില്ല
കള്ള് വില്‍കുന്നവനെ ഒളിവില്‍ വിളിച്ചു പറഞ്ഞു...കുഞ്ഞാടെ ..നീ മദ്യം വിറ്റോളൂ..കുടിയ്ക്കരുത്..വല്ലവന്റേം പോക്കറ്റ് കാലി ആക്കുന്നത് കൊള്ളാം നീ കാലി ആകരുത്...
സ്വാശ്രയ വില്പന മാളില്‍  വന്ന കൊച്ചമ്മ ഉവാച....കോളേജ് ബസ് എത്ര? ക്ലാസ് റും എ സി യോ? മൊബയില്‍ എത്ര എണ്ണം" വച്ചുപയോഗിക്കാം"..  ഒളി ക്യാമറ എത്ര? എവിടൊക്കെ? അതിന്റെ മുമ്പില്‍ ബികിനി മതിയോ അതോ ബെര്‍ത്ത്‌ ഡേയ് സ്യുടോ? സാനിട്ടറി പാട് എടുക്കാന്‍ പിയൂണ്‍ ഉണ്ടോ അതോ പ്രിന്സിപ്പാലോ?
പണം ഒരു ഇഷ്യു അല്ല ...വിപ്ലവം പറയുന്നവര്‍ ഇവിടുന്ടെങ്കില്‍ നോ!
കാര്യം കറ്റ മെതിച്ചു കഷ്ടപെട്ടപ്പോള്‍ കരുതി ഇനി വിപ്ലവം വേണ്ടാ...മേല്‍ ഗതി വന്നപ്പോള്‍ കരുതി ഇനി ഒളി ക്യാമറ മതി...
പാത്തിരുന്നു പലതും കാണാം ...പണ്ടേ പഠിച്ച പാഠം ...


ഇനി ഒരു മറു കഥ...മധ്യ തിരുവിതാംകൂറിലെ ഒരു നല്ല ഇടയന്‍ കോളജില്‍ ആസനത്തില്‍ വരെ ഒളി ക്യാമറ വച്ചു...
പിള്ളാരുടെ കളി ചിരി കലോത്സവം വന്നു ...പങ്കാളികള്‍ക്ക് താമസം ക്ലാസ് മുറികളില്‍ ..പാവം പെമ്പിള്ളേര്‍ ഒന്നും അറിയാതെ തുണി മാറി...
രാവിലെ ഏതോ ഒരു സദാചാര രാക്ഷസന്‍" കലാലയ കാവലന്‍" കാണുന്നു സ്വന്തം മകള്‍ സ്റ്റേ ഫ്രീ മാറി ഉടുക്കുന്നു...
അലറി പോയി പാവം..."എവിടെ ഞാനുള്‍ പെട്ട തന്ത ഇല്ലാ സന്തതികള്‍...ഉടയ്ക്കുക ഈ ഒളി ക്യാമറകള്‍..അല്ലെങ്കില്‍ കാലം അതുടച്ചു വാര്‍ക്കും...
പാവം എവിടെയോ മാനസിക രോഗ ശാന്തി ശുശ്രുഷയില്‍ ഉറഞ്ഞു തുള്ളുമ്പോള്‍...പറഞ്ഞത് അറം പറ്റിയോ..

2010, ജൂലൈ 11, ഞായറാഴ്‌ച

ഓര്‍ക്കാന്‍ മറക്കുന്നവ

ഉണ്ട ചോറിനു നന്ദി ഇല്ലെങ്കിലും ഉണ്ട പാത്രം കണ്ടില്ലെങ്കിലും
ഇട്ട കൈക്ക് കടിക്കരുതെന്ന് പണ്ടു പറഞ്ഞത്..
മാനം വിറ്റും നാണം മറയ്ക്കരുതെന്നും നാണം ഇല്ലാത്തവന്റെ പുറകിലെ
ആലിനു തണല്‍ ഇല്ലെന്നും...
പാലം കടന്നു കഴിഞ്ഞാല്‍ അത് വലിച്ച് കരയില്‍ ഇടരുതെന്നും.
നാടോടുമ്പോള്‍ വല്ലവന്റേം നടുവേല്‍ കേറി ഓടരുതെന്നും
തനിക്കു താനും പുരക്കു തൂണും മാത്രമെന്നും
അമ്മയും പെങ്ങളും രക്തവും ശ്വാസവുമെന്നും..
മിന്നുതെല്ലാം പൊന്നല്ല എന്നും  മിന്നാമിനുങ്ങിനും തന്നാലായതെന്നും
കാക്ക കൂട്ടില്‍ മുട്ട ഇടരുതെന്നും ..കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നും...
വാള്‍ എടുക്കുന്നവന്‍ വാളാലേ എന്നും...കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്നും ...
പുര വേകുമ്പോള്‍ വാഴ വെട്ടരുതെന്നും...
എല്ലാം ഓര്‍ക്കാന്‍ മറന്നു പോകുന്നു!
ഓര്‍ക്കുന്നതോ...കാണാം വിറ്റും ഓണം ഉണ്ണാന്‍...
കണ്ടാല്‍ കളി കണ്ടില്ലേല്‍ കാര്യം..ഒളിഞ്ഞിരുന്നു പണി പറ്റിച്ചു
ഒളിവിലേക് മടങ്ങാന്‍..കൂടപ്പിറപ്പിനെ ഇക്കരെ നിര്‍ത്തി അക്കര നീന്തി രക്ഷപെടാന്‍..
കൊള്ള പലിശയ്ക്കു കടമെടുത്ത് ഹമ്മര്‍ കാറ് വാങ്ങി വഴിയെ പോകുന്ന അന്ത പാവിയുടെ നെഞ്ചത്ത്‌ കേറ്റാന്‍..
പിച്ചാത്തി പിടിയോളം വല്ലവന്റേം പള്ളയ്ക്കു കുത്താന്‍...
മകള്‍ ഉറങ്ങുമ്പോള്‍ മാറി നിന്ന് നാണം കാണാന്‍...
അമ്മ കുളിയ്ക്കുന്നത് മൊബയിലില്‍ പകര്‍ത്തി എം എം എസ് അയക്കാന്‍...
കുടിച്ചു കുന്തം തിരിഞ്ഞു വല്ലവന്റേം തന്തയ്ക്കു പറഞ്ഞു തല്ലു കൊള്ളാന്‍..
വയോജന കേന്ദ്രത്തിലെ അച്ഛനെ കള്ള ആധാരത്തില്‍ തള്ള വിരല്‍ തുല്യം ചാര്‍ത്തി തെരുവില്‍ ഇറക്കാന്‍..
കള്ബ്ബുകളില്‍ ഔട്ടിംഗ് നടത്തി...ചിക്കനും ചില്ലീം തിന്നു തിരികെ വരുമ്പോള്‍ വീട്ടിലെ വയസ  കോലങ്ങള്‍ക്ക്‌
കോക്കും കുബ്ബൂസും പിന്നെ തന്തൂരി ചിക്കനും പാര്‍സല്‍ കൊണ്ട് കൊടുക്കാന്‍
എന്നിട് ദഹന കേടിനു ടൈജീന്‍ വാങ്ങി കൊടുക്കാന്‍...
ചുമ്മാ വഴി ഇറമ്ബിലെ തിരുമ്മു ശാലയില്‍ കിടന്ന് വസ്തി...ധാര സുഖ ചികിത്സ നടത്താന്‍...
അയല്‍ വാസിയുടെ അതിര് മാന്താന്‍...വിഷം വച്ചു അവന്റെ പട്ടിയെ കൊല്ലാന്‍...
എന്തിനു...ഒരു ശരാശരി മലയാളി ആകാന്‍ എന്നും ഓര്‍ക്കും.