Powered By Blogger

2010, നവംബർ 20, ശനിയാഴ്‌ച

എന്റെ പഴവങ്ങാടി ഭഗവതിയെ...

കഥ മണ്ഡല കാലത്ത് ഇപ്പോഴും ആകാം.
കല്ലേ പിളര്‍ക്കുന്ന ഉഗ്ര ശാസനകളും ശിക്ഷാ നടപടികളുമായി കാമ്പസ്സിനെ കിടു കിടാ വിറപ്പിച്ച പ്രിന്‍സിപ്പാളും നിഴല് പോലെ പുറകില്‍ പ്ലഗ്ഗായി നടന്നിരുന്ന സാക്ഷാല്‍ പ്യുണും.
ഒന്‍പതു മണീടെ ഒന്നാം മണി മുഴങ്ങിയാല്‍ അലഞ്ഞു തിരിയുന്ന ആത്മാക്കളെ കണ്ടെത്തി ആണ്‍ പെണ്‍ തരം തിരിവില്ലാതെ മുഖ്യ ശിക്ഷകന്റെ അടുത്തേയ്ക്ക് ആട്ടി തെളിയ്ക്കാന്‍ ഇമ്മിണി സാമര്‍ത്ഥ്യം കൂടുതലായിരുന്നു ശിന്കിടിയ്ക്ക്.
എല്ലാ വാദ്യാര്‍ വാദ്യായനികളും ക്ലാസില്‍ എത്തിയോ ...പിള്ളാരുടെ ഹാജര്‍ പുസ്തകം നോക്കി നമ്പര്‍ കുറിയ്ക്കുന്നോ ഇതൊക്കെ ചാര പണിയിലൂടെ പ്യുണ്‍ അപ്പോഴപ്പോള്‍ എസ എം എസ് ആയി എത്തിച്ചു കൊടുക്കും.
അതിനു പ്രതിഫലം മുറുക്കാന്റെ ഇത്തിരി പൊതിയോ...പ്രിന്‍സിപ്പലിന്റെ ഉച്ച ഊണിന്റെ ബാക്കിയോ ഒക്കെ ...എന്തായാലും ഈ പരസ്പര സഹായ ജീവനം രണ്ടു പേര്‍ക്കും ഇഷ്ടമായിരുന്നു.
"ഫോര്‍ത്ത് ഗ്രൂപ്പില്‍  എ ബാച്ചില്‍ ഏതു   റാസ്കലാ  ക്ലാസ് എടുക്കുന്നത്" ? എന്ന ചോദ്യം പ്രിന്‍സിപ്പല്‍ ഇടുമ്പോള്‍ തന്നെ ...
" അത് നമ്മുടെ മുടന്തുള്ള മറിയാമ്മ ടീച്ചറാ"  എന്നുള്ള അടയാള സഹിത മറുപടി വന്നിരിയ്ക്കും. (കോം കണ്ണുള്ള ഒരു മറിയാമ്മ ടീച്ചര്‍ വേറെ ഉണ്ട്.!)
"ഇന്ന് ഏതു പാര്‍ടിയില്‍ പെട്ട റാസ്കലുകളുടെ സമരമാ" എന്നുള്ള ചോദ്യം വരണ്ട താമസം..."അയ്യോ..അരിവാളിന്‍ കുഞ്ഞുങ്ങളാ " എന്ന് ആങ്ങ്യ ഭാഷയില്‍ പ്യുണ്‍ കുഴഞ്ഞാടും.
" ഡേയ്  താഴെ ആ റാസ് കലിന്റെ  കടയില്‍ പോയി മുറുക്കാനും പഴവും വാങ്ങി വാ" എന്ന് പറയണ്ട താമസം ശിങ്കിടി പോയി വന്നു കഴിയും.
അങ്ങനെ എന്തിനും ഏതിനും റാസ്കല്‍" ഒഴിച്ച് കൂടാനാവാത്ത ഒരു അവശ്യ സാധനമായിരുന്നു.
മണ്ഡല കാലം വന്നു. പ്രിന്‍സിപ്പല്‍ മലയ്ക്ക് പോകാന്‍ തീര്‍ച്ചയാക്കി  മാല ഇട്ടു വൃതവും തുടങ്ങി.
അതിനും മുന്‍പേ പ്യുണ്‍ മാല ഇട്ടു വൃതം ആരംഭിച്ചു.
നാല്പത്തൊന്നു ദിവസം കഠിന വൃതം രണ്ടു പേരും..റാസ്കല്‍ മാത്രം മാറ്റിയില്ല...കെട്ടു നിറയ്ക്കാന്‍ ലിസ്റ്റ് പ്യുണ്‍ വശം കൊടുത്തു എന്നിട്ട് പറഞ്ഞു..."രണ്ടു കെട്ടിനുള്ള സാമാനങ്ങള്‍ വാങ്ങണം കേട്ടോടെ റാസ്കല്‍.."
"സ്വാമി ശരണം "  മറുപടിയും.
അങ്ങനെ ഒരു ശുഭ ദിനത്തില്‍ പ്രിന്‍സിപ്പലിന്റെ  ശാസ്ത  മംഗലത്തെ ഭവനത്തില്‍ പെരിയ സ്വാമി വന്നു കെട്ടു
നിറച്ചു രണ്ടു പേരെയും അനുഗ്രഹിച്ചു യാത്രയാക്കി.  അടുത്തുള്ള ഒന്ന് രണ്ട് വീട്ടുകാര്‍ ജനലില്‍ കൂടി കണ്ടു നിന്നു ..കാരണം അത്രയ്ക്കും നല്ല സഹാവാസമാ പ്രിന്സിപ്പലിന്റെത് !
മുന്‍പില്‍ എമ്മാനും പിന്നില്‍ ശിങ്കിടിയും ..കെട്ടു രണ്ടും ശിന്കിടിയുടെ തോളില്‍. നടന്നു വന്ന്   പഴവങ്ങാടി സാക്ഷാല്‍ ഗണപതിയുടെ മുന്‍പിലെത്തി.
രജനി സ്റ്റൈലില്‍ തിരിഞ്ഞു പ്രിന്‍സിപ്പല്‍ കൈ കാട്ടിയപ്പോഴേ രണ്ടു തേങ്ങ എടുത്തു കൊടുത്തു കഴിഞ്ഞു പ്യുണ്‍...
തേങ്ങ രണ്ടും നെഞ്ചോട്‌  ചേര്‍ത്ത് വച്ച്  പ്രിന്‍സിപ്പല്‍ എന്തൊക്കെയോ പിറ് പിറെ പറഞ്ഞും കൊണ്ട് ഒറ്റ വിളി അങ്ങ് വിളിച്ചു..." എന്റെ പഴവങ്ങാടി ഭഗവതിയെ..." ഞെട്ടി പോയ പ്യുണ്‍ പറഞ്ഞു "സര്‍ ഭഗവതിയല്ല ..ഗണപതിയാണ്    സര്‍ "...
ഉടയ്ക്കാനെടുത്ത തേങ്ങ നെഞ്ചില്‍ വച്ചുകൊണ്ട് അതിലും ഉറക്കെ തിരിഞ്ഞു ശിങ്കിടിയെ നോക്കി പറഞ്ഞു.."ഏതു റാസ്കല്‍ എങ്കിലും ആകട്ടെടാ...അടി തേങ്ങ.."
തേങ്ങ വാങ്ങി   സര്‍വ്വ ശക്തിയും എടുത്ത് പ്യുണ്‍  വിളിച്ചു "എന്റെ പഴവങ്ങാടി ഭഗവതിയേ..ശരണം അയ്യപ്പ..."
ഒന്ന് രണ്ടു മൂന്നു ...അടിച്ച തേങ്ങ ചിതറി കിടക്കുന്ന കാഴ്ച്ചയില്‍ ഭക്തി ലഹരി കൊണ്ട് പ്രിന്‍സിപ്പല്‍ അര്‍ത്ഥ നിമീലിത മിഴികളുമായി നില്‍ക്കുന്നത് കണ്ട പ്യുണ്‍...മനസ്സില്‍ സംശയം തീര്‍ത്തു...പഴവങ്ങാടി ഭഗവതി തന്നെ. 

3 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ തേങ്ങയടി കലക്കി...

വീകെ പറഞ്ഞു...

സംഗതി നുണക്കഥയാണെങ്കിലും വായിക്കാൻ രസമുണ്ടായിരുന്നു....!!

ആശംസകൾ....
(പാരഗ്രാഫ് തിരിക്കുകയാണെങ്കിൽ കുറച്ചു കൂടി എളുപ്പത്തിൽ വായിക്കുവാൻ കഴിയുമെന്നു തോന്നുന്നു.)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare rasakaramayi vayikkan kazhinju... abhinandanangal....