Powered By Blogger

2011, മേയ് 20, വെള്ളിയാഴ്‌ച

സൂര്യയുടെ സി. വി.

ഇത്  സൂര്യയുടെ  "കരിക്കലം ' വൈറ്റ് "
പേര്  സൂര്യ,  അച്ഛന്‍ കാതില്‍ വിളിച്ചതും അമ്മ വിളിക്കുന്നതും
പക്ഷെ മഴക്കാര്‍ മൂടിയ സൂര്യന്‍ എന്ന് എല്ലാവര്ക്കും അറിയാം.
സ്വന്തം ചിത്രം ഒട്ടിക്കാന്‍ ചതുര കോളങ്ങള്‍ തികയില്ല  തന്നെയുമല്ല പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് പടം ഇപ്പോള്‍ ആരും വയ്ക്കാറില്ല.
അതുകൊണ്ട് ചിത്രം എഴുതുന്നു.


വയസ് -
പതിനെട്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ പതിനെട്ടു കൊല്ലം മുന്പ് ജനനം
അഞ്ചടി രണ്ടിഞ്ചു കഷ്ടി.     വണ്ണം കൂട്ടാനുള്ള മരുന്ന് കഴിക്കണം എന്ന് അപ്പുറത്തെ അമ്മാമ്മ എപ്പോഴും പറയും.
നാളോ - മകം അല്ലെങ്കില്‍ മകം പിറന്ന മങ്ക.
പക്ഷെ നീചത്തില്‍ അംശിച്ചു എന്ന് കണിയാന്‍ പറഞ്ഞു.  ജാതകം എഴുതിയതിന്റെ കടം ഇന്നും ബാക്കി.

വിദ്യാഭ്യാസം -
പന്ത്രണ്ടില്‍ രണ്ടു തവണ കാര്‍ക്കോടകന്‍ ദംശിച്ചു..
ഒരു തവണ പരീക്ഷ ഹാളില്‍ ഉറങ്ങിപ്പോയി രണ്ടാം തവണ നേരത്തെ ഇറങ്ങി മറ്റൊരു അത്യാവശ്യം..
സയന്‍സും കണക്കും തിരിഞ്ഞില്ല..
സാമൂഹിക പാഠം ഹുമാനിറ്റീസ്  ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നത് കുഞ്ഞിലെ അറിഞ്ഞിരുന്നു. 
അച്ഛന്റെ മദ്യപാനവും അമ്മയുടെ തീരാ വ്യാധിയും ആ പാഠങ്ങള്‍ നന്നേ ഗ്രഹിപ്പിച്ചു.

മുന്‍ പരിചയം -
അലക്ക് കല്ലും ബക്കറ്റും വെള്ളവും സോപ്പ് പൊടിയും ബ്രഷും ചേരുമ്പോള്‍ തുണികള്‍ വെളുക്കുമെന്നും  വലിയ വീടുകളിലെ തറകള്‍ ലൈസോള്‍ ഒഴിചു തുടച്ചാല്‍ പുറമേ   മിനുങ്ങുമെന്നും 
കര്ട്ടന് പുറകില്‍ കാമ കണ്ണുകളുമായി ആരോ നില്‍പ്പുണ്ടെന്നും സെന്റും മൊബൈലും ഓഫര്‍ ഉണ്ടെന്നും
അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലെന്നും
അവരെപ്പറ്റി പരാതി പറഞ്ഞാല്‍ വീട്ടിലെ അമ്മാമ്മയോ  ചേച്ചിയോ "നിന്റെ കുഴപ്പമാ" എന്നുള്ള ചാപ്പ കുത്തി ഉള്ള തൊഴില്‍ ഇല്ലാതാകുമെന്നും  അവിടെ ലൈസോള്‍ പറ്റില്ലെന്നും ..
ചെകുത്താനും കടലിനുമിടയിലുള്ള ദൂരം നന്നേ ചെറുതെന്നും..

സ്വന്തമായി രണ്ടു വാക്ക്  -
 രണ്ടു മൂന്ന് വീട്ടിലെ അടിച്ചു തളി കഴിഞ്ഞു സ്വന്തം കൂരയില്‍ എത്തി ശയ്യാവലംപയായ  അമ്മയെ തുണച്ചു  നാലു പറ്റും വാരി കഴിച്ച്  മെഴുക്കു മണക്കുന്ന പായ നിവര്‍ത്തി അമ്മയുടെ കട്ടിലിന്റെ താഴെ വിരിച്ചു പിഞ്ഞിയ പുതപ്പു ചൂടി കിടക്കുമ്പോള്‍  അയല്‍പക്കത്തെ വീട്ടിലെ ക്ലോക്കില്‍ പതിനൊന്നെങ്കിലും അടിക്കും.
അച്ഛന്റെ കൂര്‍ക്കം താരാട്ടാകും..  സുഖ നിദ്ര.

അമ്പീഷന്‍ - 
ഒരിക്കലും    നിറമുള്ള സ്വപ്‌നങ്ങള്‍ ഉണ്ടെന്നു അറിയരുതേ .  ഒരു പൂവിനും മണം ഉണ്ടെന്നു തോന്നരുതേ .  ഒരു പാട്ടിന്റെയും  ഈണം എന്തെന്ന്   കേള്‍ക്കരുതെ ..വീശുന്ന കാറ്റില്‍ കുളിരരുതെ....മഴയില്‍കുതിരരുതെ..

ഇത് സൂര്യ
മഷി പടര്‍ന്ന കയ്യൊപ്പോടെ..

2011, മേയ് 8, ഞായറാഴ്‌ച

അക്ഷയ ചതുര്‍ഥിയ ...

ഒരിക്കലും ക്ഷയിക്കാത്ത ചതുര്‍ഥി 
ത്രിതീയയില്‍ തുടങ്ങി ഉത്തരത്തിലോ, കഴുക്കൊലിലോ , പുഴയിലോ, തീവണ്ടി പാളത്തിലോ  എന്ടോ സള്ഫാനിലോ , പിച്ചാത്തി പിടിയിലോ ...
അല്ലെങ്കില്‍ കുടുംബ കോടതിയിലോ അവസാനിക്കുന്നു!

കഴിഞ്ഞ ദിവസം ഒരു ചാനലില്‍ കണ്ട വാര്‍ത്ത‍ 
(ആഘോഷങ്ങള്‍ക്ക് മങ്ങല്‍ എല്ക്കുന്നത് കൊണ്ടാകാം മറ്റു ചാനലില്‍ ഒന്നും കേറി വന്നു കണ്ടില്ല   ആഘോഷങ്ങള്‍ ഇല്ലാതെ എന്ത് ചാനല്‍ പരസ്യങ്ങള്‍ ..)
"കേരളത്തില്‍ അമ്പേ വിവാഹ മോചന പരാതികളും പരിഹാരങ്ങളും വിഷ പനിപോലെ വ്യാപിയ്ക്കുന്നു.."
കോടതികളിലെ വരാന്തകളില്‍ ഒഴിയാതെ ആള്‍പെരുമാറ്റം..ഉഷ്ണ മേഖലകള്‍ തീര്‍ക്കുന്നു..
ഒപ്പം  ത്രിതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പീടിക തിണ്ണകളില്‍ പോലും ജനം കുത്തി ഇരിക്കുന്നു...
ശീതീകരണി യന്ത്രത്തിന്റെ അടുത്ത് അല്‍പ നേരം...പുറം ഒന്ന് തണുക്കട്ടെ..  പിന്നെ ?

മലയാളീടെ  പൊങ്ങച്ചങ്ങള്‍ വെറും ചൈനാ പടക്കമായി തീരുന്ന കട തിണ്ണ കള്‍   സദ്യാലയങ്ങള്‍ ..വാഹന ചന്തകള്‍ .. വീടകങ്ങള്‍..

ലക്ഷങ്ങള്‍ കടം വാങ്ങി വിഡിയോ പിടിച്ചു പെട്ടിയില്‍ വയ്ക്കുന്ന  "ഷോവനിസം"  ഒരു പക്ഷെ ഒരു ഭാരതിയോ   വള്ളുവരോ ഒന്നും ഇല്ലാതെ പോയതിന്റെ പിതൃ ശൂന്യത ആകാം...
"ഓടി വിളയാട് പാപ്പാ.."എന്ന് പറഞ്ഞു ലാളിയ്ക്കാന്‍ മറന്നു പോയ മാതാ പിതാക്കളുടെ മക്കള്‍ കുശ പുല്ലു പറിച്ചു കുത്തി ചത്തില്ലെന്കിലെ  അത്ഭുതം സംഭവിയ്ക്കൂ...

അഞ്ഞുറ്റൊന്നു     പവന്റെ മേല്‍ ഒന്നും പറക്കില്ല ..  ഷെര്‍വാണി ഇടാതെ  ടര്‍ബന്‍ കെട്ടാതെ   എന്ത്  "കല്യാണം" ഏതായാലും സ്വര്‍ണവും രത്നങ്ങളും  പോച്ചംപള്ളി പട്ടും  രാജസ്ഥാനി ഉടയാടകളും എല്ലാം ഒരേ കട കീഴില്‍ നിന്നും കിട്ടി.
ശരിക്കും  വെളിയിലത്തെ പോലെയുള്ള അതി ഭയങ്കരന്‍ മാളുകള്‍ ..എത്ര പേരാ സ്വീകരിക്കാന്‍ ..
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലെ..
മുഖം മിനുക്കാന്‍ ഏറ്റവും നല്ല പെയിന്റ് ടെക് നീഷന്‍..പുട്ടി ഒക്കെ യഥേഷ്ടം ഇട്ടു..പൂപ്പലെ വിട  പായലിനും വിട..
ആനയും അമ്പാരിയും ആകാശ വിവാഹവും ..അശ കൊശലെ..അത് കഴിഞ്ഞോ..
എന്താ കഥാ ..നൂറ്റൊന്നു കൂട്ടം കൂട്ടി മൃഷ്ട്ടാന്നം. .  പായസം പതിനൊന്നു തരം..അവസാനം അമ്പലപ്പുഴ ഫെയിമും..
ആയിരം പേര്‍ക്ക്  മുട്ടാതെ ഉരുംമാതെ  ഇരിക്കാന്‍ കഴിയുന്ന  ഏ. സി   സദ്യാലയത്തില്‍ കയറി കൂടാനുള്ള തിരക്കില്‍ പരിക്ക് പറ്റിയാല്‍ ആശുപത്രിയില്‍ എത്തിയ്ക്കാനുള്ള  ആമ്പുലന്‍സ്   തയ്യാര്‍! 
കാരണം രണ്ടായിരം പേര്‍ക്കാ  പത്തു പേജുള്ള ക്ഷണക്കത്ത്  മുംബൈലെ ഡിസൈനര്‍ പ്രസില്‍ അടിച്ചു വിതരണം ചെയ്തത്.. 
സദ്യാലയ മുറ്റത്ത്‌    കെടക്കുന്നു  മെഴ്സിടസ്  ബെന്‍സ്  മിനിമം ഗാരന്റി.    നാല് പേര്‍ കാണട്ടെ...
വാസ്തു വിദ്യ പ്രകാരം പണിഞ്ഞ പതിനെട്ടു കെട്ടിന്റെ താക്കോല്‍ ചെറുക്കനെ ഏല്പിക്കുന്നത് മന്ത്രി പ്രമുഖര്‍..

ഇവന്റ് മാനെജ്മെന്റ്!!   യാത്രാ മംഗളങ്ങള്‍ . 
വന്നവനും തിന്നവനും മൂട്ടിലെ പൊടീം തട്ടി പാട്ടിനു പോയി...ചന്തി പാടു പോലും അവശേഷിപ്പിച്ചില്ല.!

കാറും താക്കോലും ചെക്കന്‍ കൈപ്പറ്റി പെണ്ണ് മുന്‍പില്‍ കയറി  അഞ്ഞൂറ് വണ്ടി അകമ്പടി ... അവരും പോയി.
ജുവലറി കാരന്‍, സദ്യക്കാരന്‍ , ഇവന്റ് മനെജ്മെന്റുകാരന്‍ , വിഡിയോ  ഓഡിയോ  എന്ന് വേണ്ടാ ..കാറും വീടും എല്ലാം കൂടി ഏകദേശം രണ്ടു കോടി..ആകമാനം ഒരു മങ്ങല്‍ ..ആ പിള്ളാര്‍ക്ക് വേണ്ടി അല്ലെ..
ഭാര്യയും   കൈ സഹായത്തിനു നിന്നവരും മുങ്ങി..തനിക്കു താനും പുരയ്ക്ക് തൂണും.

വൈകുന്നേരം  ചെക്കന്റെ വീട്ടിലേയ്ക്ക് നൂറു കാറും അതിന്റെ ആള്‍ക്കാരും ..പന്തലിലെ സൈക്കടലിക്ക്  ലൈറ്റുകളില്‍ മെഗാ ഷോ  തകര്‍ന്നാടുമ്പോള്‍ ..മകള്‍ മെല്ലെ  അച്ഛന്റെ അരികില്‍ വന്നു ..തോളില്‍ ചാഞ്ഞു..
വിതുമ്മി കൊണ്ട് പറഞ്ഞു..
"അച്ഛാ ..എനിക്ക് ഈ കല്യാണം വേണ്ട..ഇവിടെ പണം പൊന്ന്  എന്നൊക്കെ പറഞ്ഞെ കേള്‍ക്കാനുള്ളൂ..എന്നെ ആരും ഇത് വരെ മയിന്റ്റ്  പോലും ചെയ്തില്ല..തന്നെയുമല്ല ചെക്കന്‍ ഇപ്പോഴും ഒരുക്കമാ എന്നിട്ട് കുറെ പെണ്ണുങ്ങളുമായി മുട്ടീം ഉരുംമീം ..ഐ റ്റി  ഹബ്ബിലെ  ആള്‍ക്കരാത്രേ..അങ്ങനെ പറഞ്ഞാല്‍ എനിക്കും ഇല്ലേ ജോലി..ഇത് വെറും ഷോ ..."

അച്ഛന്‍ ആകെ വിയര്‍ത്തു..അമ്മയെ വിളിച്ചു. "ഡേയ് , ഇതൊന്നു കേള്‍ക്കൂ.."
"എല്ലാം ഞാന്‍ കേട്ടു   ഇവള്‍ക്ക് അഹംകാരമാ  സ്വന്തമായി ജോലി ഉണ്ടെങ്കിലും ഇത് പോലെ വെളുത്ത ഒരു സുന്ദരനെ കിട്ടുമോ...അതും അമേരിക്കയില്‍ ..  
എത്ര രൂപ മുടക്കി എന്റെ ദൈവമേ..ഒരു മാസം എങ്കിലും ഒന്ന് പിടിച്ചു നിന്ന് കൂടെ? ഇനി വേണ്ടാന്നു വച്ചാലും ഇതെല്ലം തിരിച്ചു കിട്ടുമോ.."

"അമ്മെ ഇത്തിരി സ്നേഹം കിട്ടുമെങ്കില്‍ .." മകള്‍
' ഓ  പിന്നെ സ്നേഹം കൊണ്ട് ബാങ്കില്‍ ഇട്ടാല്‍ കുറെ എടുത്തു പുഴുങ്ങി തിന്നാം.." അമ്മ പിന്നെ നിന്നില്ല..
പോയി സ്കോട കാറില്‍ കയറി.

ഇത് നടന്നതും നടക്കുന്നതും നടക്കാന്‍ പോകുന്നതുമായ ഒരു നിത്യ സംഭവത്തിന്റെ വിദൂര ചിത്രം മാത്രം.

ആ  വിവാഹത്തില്‍ പങ്കെടുത്തവര്‍ എത്ര പേര്‍ അറിയുന്നു അതിന്റെ ബാക്കി പത്രം..?
അറിഞ്ഞവര്‍ തന്നെ എത്ര പേര്‍ അതിനു പരിഹാരം തേടുന്നു..അടുത്ത ബന്ധുക്കള്‍ പോലും..
സ്വര്‍ണവും  ദാവണിയും കാറും സദ്യയും ഒക്കെ തന്നവരോ  തിന്നവരോ  ഈ പിന്നാമ്പുറങ്ങളില്‍ വന്നു നോക്കാന്‍ മെനക്കെടാറില്ല.. അവരുടെ കര്‍മം വേറെ..

അക്ഷയ ത്രിതീയയില്‍  പൊട്ടിയ   മാങ്ങല്യങ്ങള്‍  വിളക്കി ചേര്‍ക്കാന്‍ ഏതെങ്കിലും ജുവലരിക്കാരന്‍ മുന്‍കൈ എടുക്കുമോ.. ?
അല്ലെങ്കില്‍ കടം വാങ്ങി,  കോടികളുടെ സ്വര്‍ണവും  തുണി കൂറകളും    വാങ്ങി വിവാഹം ധൂര്‍ത്ത് ആക്കരുത്  എന്ന് ഏതെങ്കിലും മാളുകാരന്‍ ബോര്‍ഡ് വയ്ക്കുമോ? (സിഗരട്ട് വലി , മദ്യപാനമൊക്കെ  ആരോഗ്യത്തിനു ഹാനി കരം എന്ന് എഴുതി വയ്ക്കുംപോലെ.)
രണ്ടായിരം പേര്‍ക്ക് കുറി അടിക്കില്ല എന്നും സദ്യ ഒരുക്കി തരില്ല എന്നും ആരെങ്കിലും പറയുമോ..?

ഈ പിതാവിന്റെ ,മാതാവിന്റെ, മകളുടെ , ചെക്കന്റെ ഒക്കെ അവസ്ഥയില്‍ കോടതി മുറികള്‍ ചിരിക്കുന്നോ അതോ കരയുന്നോ..ഒരു പക്ഷെ ഈ പ്രകടന പരതയും ധൂര്‍ത്തും ഇതിനൊക്കെ ഒരു കാരണം അല്ലേ?

എന്തായാലും വിവാഹ ധൂര്‍ത്തിന്  കടിഞ്ഞാണിടാന്‍ എന്ടോ സള്‍ഫാന്‍  കൊല കൊല്ലിയ്ക്കെതിരെ എന്ന പോലുള്ള ജന മുന്നേറ്റം  ഉണ്ടായേ തീരു..
അല്ലെങ്കില്‍ ഇത്തരം ഷോകളില്‍ ക്ഷണിച്ചാലും പങ്കെടുക്കില്ല എന്നൊരു തീരുമാനം എങ്കിലും..
പോയി  മൂക്ക് മുട്ടെ തിന്നിട്ട്  ഈ കദനങ്ങള്‍ കണ്ടില്ല എന്ന് നടിക്കുക എങ്കിലും ചെയ്യാതിരിക്കാമല്ലോ..


ഇനി ഉപ സംഹാരം  ചില  നേര്‍ കാഴ്ചകള്‍.

മകള്‍ക്ക്  സ്വര്‍ണം   സ്ത്രീധനം ഇവ   കൂടാതെ ഒരു ബെന്‍സ് കാറും വാങ്ങി..കല്യാണ തലേന്ന് ചെക്കന്‍ മുങ്ങി..(ഒരു പക്ഷെ അന്തസ് എന്നും പറയാം.) 
ബെന്‍സും തലയില്‍ താങ്ങി പാവം പെണ്ണിന്റെ അപ്പന്‍ ഒരു മാസം നടന്നു കിട്ടിയ വിലയ്ക്ക് വിറ്റു കടം വീട്ടി.

മകളുടെ ഓരോ പിറന്നാളിനും രണ്ടു പവന്‍ വീതം വാങ്ങുന്ന അച്ഛനും അമ്മയും അത് കാണിച്ചു മകളോട് പറയുന്നു "ഇതൊന്നും കളഞ്ഞു ആരുടേയും കൂടി ഇറങ്ങി പോയേക്കരുത്‌.."  മിന്നുന്നതെല്ലാം പൊന്നല്ല.!!!!