Powered By Blogger

2011, മേയ് 20, വെള്ളിയാഴ്‌ച

സൂര്യയുടെ സി. വി.

ഇത്  സൂര്യയുടെ  "കരിക്കലം ' വൈറ്റ് "
പേര്  സൂര്യ,  അച്ഛന്‍ കാതില്‍ വിളിച്ചതും അമ്മ വിളിക്കുന്നതും
പക്ഷെ മഴക്കാര്‍ മൂടിയ സൂര്യന്‍ എന്ന് എല്ലാവര്ക്കും അറിയാം.
സ്വന്തം ചിത്രം ഒട്ടിക്കാന്‍ ചതുര കോളങ്ങള്‍ തികയില്ല  തന്നെയുമല്ല പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് പടം ഇപ്പോള്‍ ആരും വയ്ക്കാറില്ല.
അതുകൊണ്ട് ചിത്രം എഴുതുന്നു.


വയസ് -
പതിനെട്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ പതിനെട്ടു കൊല്ലം മുന്പ് ജനനം
അഞ്ചടി രണ്ടിഞ്ചു കഷ്ടി.     വണ്ണം കൂട്ടാനുള്ള മരുന്ന് കഴിക്കണം എന്ന് അപ്പുറത്തെ അമ്മാമ്മ എപ്പോഴും പറയും.
നാളോ - മകം അല്ലെങ്കില്‍ മകം പിറന്ന മങ്ക.
പക്ഷെ നീചത്തില്‍ അംശിച്ചു എന്ന് കണിയാന്‍ പറഞ്ഞു.  ജാതകം എഴുതിയതിന്റെ കടം ഇന്നും ബാക്കി.

വിദ്യാഭ്യാസം -
പന്ത്രണ്ടില്‍ രണ്ടു തവണ കാര്‍ക്കോടകന്‍ ദംശിച്ചു..
ഒരു തവണ പരീക്ഷ ഹാളില്‍ ഉറങ്ങിപ്പോയി രണ്ടാം തവണ നേരത്തെ ഇറങ്ങി മറ്റൊരു അത്യാവശ്യം..
സയന്‍സും കണക്കും തിരിഞ്ഞില്ല..
സാമൂഹിക പാഠം ഹുമാനിറ്റീസ്  ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നത് കുഞ്ഞിലെ അറിഞ്ഞിരുന്നു. 
അച്ഛന്റെ മദ്യപാനവും അമ്മയുടെ തീരാ വ്യാധിയും ആ പാഠങ്ങള്‍ നന്നേ ഗ്രഹിപ്പിച്ചു.

മുന്‍ പരിചയം -
അലക്ക് കല്ലും ബക്കറ്റും വെള്ളവും സോപ്പ് പൊടിയും ബ്രഷും ചേരുമ്പോള്‍ തുണികള്‍ വെളുക്കുമെന്നും  വലിയ വീടുകളിലെ തറകള്‍ ലൈസോള്‍ ഒഴിചു തുടച്ചാല്‍ പുറമേ   മിനുങ്ങുമെന്നും 
കര്ട്ടന് പുറകില്‍ കാമ കണ്ണുകളുമായി ആരോ നില്‍പ്പുണ്ടെന്നും സെന്റും മൊബൈലും ഓഫര്‍ ഉണ്ടെന്നും
അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലെന്നും
അവരെപ്പറ്റി പരാതി പറഞ്ഞാല്‍ വീട്ടിലെ അമ്മാമ്മയോ  ചേച്ചിയോ "നിന്റെ കുഴപ്പമാ" എന്നുള്ള ചാപ്പ കുത്തി ഉള്ള തൊഴില്‍ ഇല്ലാതാകുമെന്നും  അവിടെ ലൈസോള്‍ പറ്റില്ലെന്നും ..
ചെകുത്താനും കടലിനുമിടയിലുള്ള ദൂരം നന്നേ ചെറുതെന്നും..

സ്വന്തമായി രണ്ടു വാക്ക്  -
 രണ്ടു മൂന്ന് വീട്ടിലെ അടിച്ചു തളി കഴിഞ്ഞു സ്വന്തം കൂരയില്‍ എത്തി ശയ്യാവലംപയായ  അമ്മയെ തുണച്ചു  നാലു പറ്റും വാരി കഴിച്ച്  മെഴുക്കു മണക്കുന്ന പായ നിവര്‍ത്തി അമ്മയുടെ കട്ടിലിന്റെ താഴെ വിരിച്ചു പിഞ്ഞിയ പുതപ്പു ചൂടി കിടക്കുമ്പോള്‍  അയല്‍പക്കത്തെ വീട്ടിലെ ക്ലോക്കില്‍ പതിനൊന്നെങ്കിലും അടിക്കും.
അച്ഛന്റെ കൂര്‍ക്കം താരാട്ടാകും..  സുഖ നിദ്ര.

അമ്പീഷന്‍ - 
ഒരിക്കലും    നിറമുള്ള സ്വപ്‌നങ്ങള്‍ ഉണ്ടെന്നു അറിയരുതേ .  ഒരു പൂവിനും മണം ഉണ്ടെന്നു തോന്നരുതേ .  ഒരു പാട്ടിന്റെയും  ഈണം എന്തെന്ന്   കേള്‍ക്കരുതെ ..വീശുന്ന കാറ്റില്‍ കുളിരരുതെ....മഴയില്‍കുതിരരുതെ..

ഇത് സൂര്യ
മഷി പടര്‍ന്ന കയ്യൊപ്പോടെ..

6 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരിക്കലും നിറമുള്ള സ്വപ്‌നങ്ങള്‍ ഉണ്ടെന്നു അറിയരുതേ . ഒരു പൂവിനും മണം ഉണ്ടെന്നു തോന്നരുതേ . ഒരു പാട്ടിന്റെയും ഈണം എന്തെന്ന് കേള്‍ക്കരുതെ ..വീശുന്ന കാറ്റില്‍ കുളിരരുതെ....മഴയില്‍കുതിരരുതെ..


പാവം സൂര്യമാർ...!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

mukundansir paranjathu pole njanum prarthikkunnu.....

anitha പറഞ്ഞു...

soorya ente class mate ayirunnu niram magiya uduppittu vilaria kannumai nilkunna sooryaude mukhathe bhavam niramulla swapnangal undannu ariyaruthe poovinu manam udannu thonnaruthe.............................. ennayirunnu soorya jnan veedum kandu thankyou

shajkumar പറഞ്ഞു...

എല്ലാ എഴുത്തിനും എന്തെങ്കിലും പ്രോത്സാഹനം തരുന്ന മുരളി സാറിനും ജയരാജിനും അനിതയ്ക്കും നന്ദി .

കല്യാണിക്കുട്ടി പറഞ്ഞു...

really touching.................
nice.........

പാവപ്പെട്ടവൻ പറഞ്ഞു...

പക്ഷെ നീചത്തില്‍ അംശിച്ചു എന്ന് കണിയാന്‍ പറഞ്ഞു. ജാതകം എഴുതിയതിന്റെ കടം ഇന്നും ബാക്കി.

ഷാജിയുടെ പോസ്റ്റിൽ എപ്പോഴും ചിലസത്യസന്ധമായ അടയാളപെടുത്തലുകൾ കാണും ഇതിലും അതുണ്ട്