Powered By Blogger

2011, ജൂൺ 22, ബുധനാഴ്‌ച

ചില ഗെയിമുകള്‍ മാറ്റി കളിക്കാം!

 ഇന്ത്യയെ കണ്ടെത്തല്‍ ഒരു ഗെയിം...

ഒരുപാട് ഗെയിമുകളില്‍ പോയി കളിച്ചു കുളിച്ചു പക്ഷെ ഗപ്പൊക്കെ കുറച്ചേ കിട്ടിയുള്ളൂ.
അങ്ങനെ കുട്ടീം കോലും കളിയില്‍ എത്തി   നെല്ലി പലകയില്‍ നില്‍ക്ക വാറെ,
അതിനകത്തും  മായം തിരിപ്പ് .."കോഴ "...സുന്ദരമായ പദം!
ശരി അതൊക്കെ പിള്ളാര്‌ കളി എന്നും പറഞ്ഞു ഒരു മലയാളി കളിക്കാരന്റെ വേഗത്തില്‍ ചില വൈകൃത ചേഷ്ടകള്‍ കാട്ടാം..പൂര്‍വ്വികരെ പോലെ  പല്ല് ഇളിയ്ക്കാം..പക്ഷെ..

കളി അവിടം കൊണ്ടും തീരുന്നില്ല കളിയുടെ കളിയായി ഇയ്യിടെ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ഒരു ഗെയിം മാറ്റി കളി നടന്നപ്പോള്‍ മുതല്‍ കുളി തെറ്റി ആകെ , മാനം പോയ പോലെ ഒരു തോന്നല്‍..
വന്നത് എത്ര ? പോയത് എത്ര? ആരൊക്കെ കേറി? ആരൊക്കെ ഇറങ്ങി?

കുചേലന്മാരെ കോണകം പോലും ഉരിഞ്ഞു നാട് കടത്തി, അതന്നെ മിച്ചം.
അര്‍ദ്ധ നഗ്നനായ ഒരു  ഫക്കീര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നോ ആവോ?
എന്തായാലും വട്ട  കണ്ണാടി വഴീല്‍ കെടന്നത് ആരോ അടിച്ചു മാറ്റി (മലയാളി ആകാം)
പാവം ഇപ്പോള്‍ സത്യം അന്വേഷിച്ചു  ഇരുട്ടില്‍ തപ്പുകയാകാം,
അതോ ഉടു മുണ്ട് സ്പെക്ട്രത്തില്‍ കുരുങ്ങി നാണം കുണുങ്ങി നില്‍ക്കുന്നോ?
 സര്‍വ്വോദയ തൊപ്പി വച്ച അപരനെ കണ്ടു നടു വെട്ടി കിടന്നു പോയോ?
ആമാശയം അടി നാഭി കഴിഞ്ഞു കിഡ്നി  വരെ വളച്ചു നില്‍ക്കുന്ന അഭിനവ ഫകീര്‍മാരെ   ഓര്‍ത്ത് ഒരു വെടി ഉണ്ടയുടെ ശബ്ദത്തിനു കൂടി കാതോര്‍ക്കുന്നോ ?
ചര്‍ക്ക തിരിയുന്ന ശബ്ദം  'ജെനറല്‍ എ സിയുടെ"    മര്‍മരം ആയി കുളിരുമ്പോള്‍  ഒരിഞ്ചു മേല്‍ മുണ്ടിനു വേണ്ടി കൈ നീട്ടി നില്‍ക്കുന്നോ?
എന്റെ സത്യ ഗ്രഹ പരീക്ഷകള്‍ ...

ഉന്നതന്‍ ,  നീതി പീഠത്തില്‍  കണ്ണ് കെട്ടിയ പെണ്ണിനെ  അടി ശീല ഉരിഞ്ഞു വേണ്ടാ തീനം കാണിക്കുന്നതില്‍ ഈ പഴയ ബാരിസ്ടര്‍ ഇല്ലാ മുടി പറിച്ചു  പ്രാകുന്നോ?  
ഒന്നും അറിയാനേ കഴിയാത്ത വണ്ണം ഒച്ചകള്‍ പെരുകുന്നു.  ..         ഹേ  റാം...

ഒരു  ഇനിയ്ക്കും "   മൊഴി  കേള്‍ക്കാനോ ഒരു  കനി    കണി കാണാനോ കഴിയാതെ ഉരുള്‍ കസേരകളില്‍ എത്ര അച്ഛന്മാര്‍  കണ്ണ് പോലും കാണാതെ "കൊല  പണ്‍റാം കളാ' എന്ന് കേഴുന്നോ?  പൂര്‍വ്വ ജന്മം പുന പുന..

"നിനച്ചാല്‍ ലാദനെയും പുടിക്കിരേന്‍  ..ബട്ട്   ഉയിര് പോനാലും നിനക്കാത്.."
"ആനാല്‍ ആദര്‍ശ് ഫ്ലാറ്റ് മട്ടും അടിച്ചു  മാറ്റിടുവേന്‍" 
 ഇത്  ഗെയിമിന്റെ ഫ്രീ വേര്‍ഷന്‍!  കളികള്‍ അനവധി ....
ഇനിയത്തെത്തിനു വേണം  കോഴ  അല്ലെങ്കില്‍ കോഴി...

ആയതിനു കൊപ്പില്ല  ,
അത് കൊണ്ട് പരശു രാമന്‍ വടി വാള്‍ എറിയുന്ന  സ്വന്തം നാട്ടിലേയ്ക്ക്
അമ്മയ്ക്കും പെങ്ങള്‍ക്കും "വാടകയ്ക്ക് " എന്ന ബോര്‍ഡു വയ്ക്കുന്ന ..വാണിഭ  മേട്ടിലെയ്ക്ക് ..

ഇവിടെ ഗെയിം പൂട്ടി   കുറെ     കളിക്കാര്‍  പോയിരിക്കുന്നു..പൊട്ടാത്ത നനഞ്ഞ പടക്കങ്ങള്‍ ബാക്കി..
അടുത്ത ഊഴക്കാര്‍ വാം അപ്പ് ചെയ്യുന്നു..പുറമേ    ആകെ മൊത്തം വെള്ള നിറം..
വട്ട കണ്ണട പൊട്ടി പാളീസായി  ദാ കെടക്കുന്നു..       ഹോ റാം.

എന്നാലും ചില ഗെയിമുകള്‍ കോമണ്‍..(കേട്ട കഥ!)

ഒന്ന് സ്വാശ്രയ ഭൂതത്തെ കുടത്തില്‍ അടയ്ക്കുക..

ആരോ ആര്‍ക്കോ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരമായി ഈ കുടം എന്നോ തുറന്നു..
കേരളം ആയതു കൊണ്ടും അവസരം പോലെ ഉയരണ്ടത് കൊണ്ടും
("അങ്ങേലെ മുപ്പീന്നു ചത്തോടി.."   അതാണല്ലോ  കേരളത്തിന്റെ  ദേശീയ ഗാനം)
തുറവി കിട്ടിയ പാടെ   കള്ള്, പെണ്ണ് , ഇറച്ചി , പിന്നെ അസാരം വേദം ഒക്കെ വില്‍ക്കുന്നവന്റെ പുറം തിണ്ണ പൂകി
ഭൂതം..
ക്രാക്ക് ജാകിനു പകരം "ഫിഫ്ടി ഫിഫ്ടി " ബിസ്കറ്റും കയ്യില്‍..
നേരോ നെറിയോ ഇല്ലാത്തവര്‍ സംഘം ചേര്‍ന്ന് ഒരു വരം ചോദിച്ചു
"വിദ്യാ വിലാസിനിയെ ഒന്ന് വ്യഭിചരിക്കാന്‍ പറ്റുമോ, കുറെ കാലമായി കൊതിക്കുന്നു ?"
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഭൂതത്തിന് എന്ത് വിലാസിനി..എന്ത് വിദ്യ
അതിലുപരി   മാനം വിറ്റും നാണം മറയ്ക്കുന്ന ചോദ്യ കര്താക്കള്‍ക്ക്  വിലാസിനിയും വിശാലക്ഷിയും തമ്മില്‍ ഭേദം എന്ത്.. ...ഒന്നേ വിദ്യ അറിയും ...
ധനം സര്‍വ്വ ധനാല്‍ പ്രധാനം..

നിര്‍ബാധം നടത്തി കൊടുത്തു ഭൂതത്താന്‍ ആഗ്രഹം.
പക്ഷെ കണ്ണകിയുടെ ശാപം പോലെ പുരം കത്തുന്നതിന്‍ മുന്പ്  ഏറുമോ  ഈ ഭൂതം കുടത്തില്‍?
അതിനും മടുത്തു തുടങ്ങിയിരിക്കുന്നു ..
ഇടയന്മാരുടെ ചന്തി, അല്ലെങ്കില്‍ മരുന്ന്  പരസ്പരം  മാറി കുത്തി വച്ച് കൊല്ലുമോ സ്വന്തം കച്ചവടത്തിന്റെ സന്തതി പരമ്പരകള്‍?  അവിഹിത ഗര്ഭങ്ങളുടെ ബാക്കി പത്രങ്ങള്‍..
കല്ലിന്മേല്‍ കല്ല്‌  ശേഷിയ്ക്കുമോ ?

ഇനി തട്ടിപ്പുകള്‍ ഉണ്ടാക്കി കളിക്കാം..

വെള്ളായണി പരമുവും , പക്കിയും,ഒക്കെ വാണ നാട്ടില്‍
ഒരു രൂപയ്ക്ക് കാറും അതിന്റെ കൂടെ അലക്ക് യന്ത്രവും  ശീതീകരണിയും വാങ്ങി
ഇല്ലാ കടം പൊല്ലാ കടമാകുന്ന മലയാളി ..കൈ കൊണ്ട് മേയ് ചൊറിയാതെ
മണി ചെയിനില്‍ കൂടി സ്വര്‍ഗത്തില്‍ എത്താന്‍ നോക്കുമ്പോള്‍ ..കയറില്‍ കുരുക്ക് വീണു മാം കൊമ്പില്‍ ആടി കളിക്കുന്നു..ചാനലില്‍ മുഖം   കാണിയ്ക്കുന്നു..
ഇനിയത്തെ അക്ഷയ ത്രിതീയക്ക്‌  ഇല്ലല്ലോ എന്നൊരു പ്രയാസം മുഖത്ത് ഇല്ലാതില്ല..

ഇനി കള്ളനും പോലീസും തമ്മില്‍ തിരിച്ചറിയുന്ന കളി..

അടയാളങ്ങള്‍ ഒന്നുമില്ല
അത് കൊണ്ട് ക്ലൂവും .. കിട്ടുന്നില്ല.
ഈ കളി കടല്‍ കര ആയ കാലം തൊട്ടേ ഉണ്ട് പോലും
ഇപ്പോള്‍ അത് ഹൈ ടെക് ആയിരിക്കുന്നു.. രണ്ടു പേര്‍ക്കും ഒരേ മുഖ ആകൃതി..വിദ്യാഭ്യാസവും ഉയരെ..
കള്ളനു മോഷണം മടുക്കും എന്നൊരു വര്‍ഗ ഗുണം ഏറും..അത്ര മാത്രം.

ഇനിയാണ് ഒടുക്കത്തെ ഗയിം ..

മനുഷ്യര്‍ ഈ ഗെയിമില്‍ കുറവ്..
പകരം  ടിപ്പര്‍ ,ജെ സി ബി, എസ്കവേറ്റര്‍ , മണ്ണ് മാന്തി , മെഷിന്‍ വാള്‍ , എന്ടോ സള്‍ഫാന്‍ , മറ്റു വിഷങ്ങള്‍  നിര്‍ബന്ധ സിസേറിയന്‍ ഗൈഡുകള്‍ ....ആള്‍ ദൈവ രൂപങ്ങള്‍..എസ് പിച്ചാത്തി ..വടി വാള്‍ ,തോക്കുകള്‍,ബോംബുകള്‍ , പീഡന ഗ്രന്ഥങ്ങള്‍..
വഴി ഓരത്തെ പ്ലാസ്റിക് കവറുകളില്‍ നാറി പുഴുത്ത മാലിന്ന്യങ്ങള്‍ക്ക് ഒപ്പം മനസാക്ഷിയും പുണ്ണ്യ പുരാണ പുസ്തകങ്ങളും..


ഇതൊക്കെ പൊതിഞ്ഞ കടലാസില്‍ പണ്ടെങ്ങോ ഉരുള്‍ പൊട്ടി മല അലറി പതിയ്ക്കുന്നതിന്റെ കീഴെ ചിന്ന ഭിന്നമായി കിടക്കുന്ന ഒരു നര രൂപ  ചിത്രം  ബഹു വര്‍ണത്തില്‍..

ഫല ശ്രുതി.
ഇയ്യിടെ എവിടെയോ വച്ച് വായിച്ച   "ന്യുസ് വീക്ക് " വാരികയില്‍ എഴുതിയിരിക്കുന്നു..

"രണ്ടക്ക വളര്‍ച്ചയോ  ലോക മേധാവിത്വമോ ഒന്നും ഇന്ത്യക്ക് വിധി കല്പിതമല്ല..അതെല്ലാം പൊയ്.
അടിച്ചു മാറ്റാന്‍, ഊഹ കച്ചോട ചന്തയില്‍ ഉന്നത ശ്രെഷ്ടന്മാര്‍ പാവങ്ങളെ മക്കാര്‍ ആക്കാന്‍
കരുതി കൂട്ടി ഇളക്കുന്ന വീമ്പുകള്‍ . ശശി എന്നും ശശി തന്നെ" 
അല്ലെ തന്നെ  കാശ്മീര്‍, മാവോയിസ്റ്റ് പോലെയുള്ള ആഭ്യന്തര പ്രശ്നങ്ങളും പരിസര മലിനീകരണവും
നേരെ ചൊവ്വേ ഒരു രാജ്യത്തെ വളരാന്‍ അനുവദിക്കുമോ? ഇട നില കാരന്റെ അല്ലെങ്കില്‍ ബ്രോക്കറുടെ പോക്കറ്റ് വീര്‍ക്കും അത്ര തന്നെ."  "
ഏതോ സാമ്പത്തിക വിദഗ്ധന്‍ പണ്ട് പറഞ്ഞു പോലും ഇതൊരു "നിരന്തരം പ്രവര്‍ത്തിയ്ക്കുന്ന അരാജകത്വം ആണെന്ന്."

ഈ കളി, "ഒരു ജന്മി കൊമ്ബ്രഡോര്‍  ബൂര്‍ഷ്വാ പൈങ്കിളി വാരിക മന പൂര്‍വ്വം കരി തേച്ചു കാണിക്കാന്‍ എഴുതിയത് "     എന്ന് വേണമെങ്കില്‍ മാറ്റി കളിയ്ക്കാം!

2011, ജൂൺ 3, വെള്ളിയാഴ്‌ച

അച്ചന്റെ ആട് (മീശ ) ജീവിതം

തൂവെള്ള ളോഹ നിര്മയുടെ പരസ്യം പോലും തോല്‍ക്കും.അതിനുള്ളില്‍ ഒരു രഹസ്യോം ഒട്ടില്ല താനും ....ഒന്ന് രണ്ടു കള്ള പോക്കറ്റുകള്‍ അല്ലാതെ..
കറുത്ത ഒരു പാന്റും മുറി കയ്യന്‍ ബനിയനും..പുറകില്‍ തോളിലായി പാറി കളിയ്ക്കുന്ന വെള്ള കൊടി കൂറയും  ..കാലിലെ വള്ളി ചെരുപ്പ് അച്ചന്‍ ഒരു വശം ചരിഞ്ഞു നടക്കുമ്പോള്‍ നമ്മെ ശൂ " ശൂ " എന്ന് വിളിക്കുന്ന പോലെ തോന്നും..!

വെള്ളി വീശിയ തലയില്‍ അങ്ങിങ്ങായി മുടി പാറി പറക്കുന്നു..
നീണ്ട മൂക്കിനു താഴെ മൂന്നാം വാരം ഓടി തളര്‍ന്ന പടത്തിന്റെ സെക്കന്റ് ഷോയ്ക്ക് ആളിരിക്കും പോലെ..അങ്ങിങ്ങായി വെള്ള വരകള്‍ ..
നേര്‍ത്ത വെള്ള ചാട്ടം ഇരു കൈകളായി താഴേയ്ക്ക് മെലിഞ്ഞു ഒഴുകി ഇറങ്ങുംപോലെ താടി എന്ന് പറയാവുന്ന രണ്ടു മൂന്നു വെളുത്ത ചരടുകള്‍..

പതിഞ്ഞ ശബ്ദത്തില്‍ അച്ചന്റെ പ്രാര്‍ത്ഥന ക്രമങ്ങള്‍ പക്ഷെ ആരുടേയും കരള്‍ അലിയിക്കും.
മൈക്രോ ഫോണിന്റെ കഴുത്തില്‍ കുത്തി പിടിച്ചു  മേല്‍ മീശ നശിപ്പിച്ച (മെഴുകിയ മുറം പോലെ)വായ കീറി പല്ലും സ്റെപ്പിനി പല്ലും കാട്ടി ആരോഹണത്തില്‍ നിന്നും ഉച്ചത്തില്‍ കയറി ഇറങ്ങി   മുന്‍സിപാലിറ്റി ടാപ്പ്‌ തുറക്കുമ്പോള്‍ ഉള്ള "ഷ് " ശബ്ദത്തോടെ  അവസാനം ഒപ്പിക്കുന്ന ദൈവ വേലക്കാരുടെ  പ്രഘോഷണം എവിടെ ? അച്ചന്റെ സാന്ദ്രമായ പ്രഭാഷണങ്ങള്‍ എവിടെ.. ?

ഇനി ഏലി ചേടത്തി.
അച്ചനെ പോലെ വെള്ളി കെട്ടിയ തല പക്ഷെ മുടി അഴകായി കോതി കെട്ടി അറ്റത്ത്‌ ഒരു റിബ്ബണും.
വെള്ള ആറു മുഴം മുണ്ട് ജാപ്പനീസ് വിശറി പോലെ നിര നിരയായി പുറകോട്ടു ഞൊറിഞ്ഞു ഇട്ടിരിക്കുന്നത് കണ്ടാല്‍ കണ്ണ് കുളിരും..
വടി പോലെ തേച്ച മല്‍ മല്‍ ചട്ട അതിനു മുകളില്‍ ചുവന്ന റോസാ പൂ തുന്നി ചേര്‍ത്ത നേര്യതും , നേര്യതില്‍ കുത്തിയ കുരിശിന്റെ സ്വര്‍ണ പതക്കവും  ...
ചേടത്തിയുടെ സ്വര്‍ണ വര്‍ണമാര്‍ന്ന മുഖവും  മെലിഞ്ഞു കൊലുന്നനെയുള്ള രൂപവും  കന്യ മറിയത്തെ പോലെ...ശീലങ്ങളും അങ്ങനെ തന്നെ.

ഒറ്റ കുര്‍ബാനയും വിടില്ല. ആദ്യം തന്നെ അച്ചന്റെ അടുത്ത് എത്തുകയും ചെയ്യും...
പള്ളി കാര്യങ്ങളില്‍ , വനിതാ കൂട്ടായ്മകളില്‍ എല്ലാം നിശബ്ദ സാന്നിധ്യം.
ചേടത്തീടെ താറാവ് കറീം അപ്പോം അച്ചന് മാത്രം എത്തിച്ചു കൊടുക്കും ..അതൊരു നിഷ്ടയാ 
അതിന്റെ രുചിയില്‍ അച്ചന്‍ കുര്‍ബാന ചൊല്ലുകള്‍ പൂര്‍വാധികം ശക്തമാക്കും ..
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം.!!

ചേടത്തി ആട് വളര്‍ത്തലില്‍ ആഗ്ര ഗണ്യ ..എണ്ണം പറഞ്ഞ ആടുകള്‍ പല തരം 
ആദ്യ ഫലം പള്ളിയില്‍ കൊടുക്കുമ്പോള്‍ ചേടത്തീടെ മുട്ടന്‍ കുട്ടിയോ കന്നി പ്രസവത്തിലെ ആട്ടിന്‍ പാലോ ഷുവര്‍ ബെറ്റ്.

പീഡാനുഭ നാളുകളിലെ ഒരു  കുര്‍ബാന നാള്‍ പള്ളി നിറഞ്ഞും മുറ്റം നിറഞ്ഞും കുര്‍ബാന കൈകൊള്ളാന്‍ വിശ്വാസികളുടെ തെരക്ക്..
ചേടത്തി മുന്‍ നിരയില്‍ എന്നത്തെയും പോലെ കുമ്പിട്ടു പ്രാര്‍ത്ഥന..
അച്ചന്‍ അര്‍പിക്കുന്ന കുര്‍ബാന കൈ കൊണ്ട് അര്‍ത്ഥ നിമീലിതയായി നേര്യതു തല വഴി മൂടി..
അപ്പവും വീഞ്ഞും അച്ചന്‍ വാഴ്ത്തി കൊടുക്കുമ്പോള്‍ ..മുന്‍പെങ്ങുമില്ലാത്ത പോലെ ചേടത്തി അച്ചനെ നോക്കി പൊട്ടി കരഞ്ഞു പോയി..
നിശബ്ദമായിരുന്നു  പള്ളി ...
വയലാര്‍ എഴുതിയ പോലെ ആ നിശബ്ദതയും അപ്പോള്‍ നിശബ്ദമായി 
അച്ചന്‍ ആകെ കുഴഞ്ഞു..പ്രാര്‍ത്ഥന ഒന്നും തെറ്റിയില്ല..ഏലി യോട് ഒന്നും പറഞ്ഞുമില്ല...പിന്നെ ?
"ഇതിപ്പം പടിക്കല്‍ കൊണ്ട് വന്നു ഏലി കുടം ഉടച്ചോ കര്‍ത്താവേ..' അതോ 
"ഈ പീഡാനുഭവ നാളുകളില്‍ എന്റെ പ്രാര്‍ത്ഥന ഏലിയ്ക്ക് ഇത്രയ്ക്കും ഫീല്‍ ചെയ്തോ"
"ഈസ്ടരിനു ഏലി തരുന്ന താറാവ് കറീം അപ്പോം കൈപ്പു നീരകുമോ പിതാവേ.."

രണ്ടും കല്‍പ്പിച്ചു അച്ചന്‍ ഏലീ ചേടത്തീടെ മുഖം ഉയര്‍ത്തി ചോദിച്ചു
"എന്ത് പറ്റി ഏലീ ...ഇത് വരെ ഇല്ലാത്ത ഒരു വിഷമം കുര്‍ബാന കൊള്ളുമ്പോള്‍.."?
ഏലി ചേടത്തി അച്ചന്റെ മുഖത്തേയ്ക്കു നോക്കി പിന്നെയും വിതുമ്മി..

അച്ചനും എല്ലാവരും കുഴങ്ങി..ആകെ പിറ് പിറുപ്പായി ..
"കുര്‍ബാന മുടങ്ങുമോ ..കര്‍ത്താവേ ഇതെന്നാ പറ്റി ഈ ഏലി ചേടത്തിക്ക്" ..എല്ലാവരും കശ പിശ പറഞ്ഞു..

"ചേടത്തി എന്തെങ്കിലും ഒന്ന് പറ  ഇത് കുര്‍ബാന സമയമാ  "  പള്ളി കമ്മറ്റി എട പെട്ടു 
നിശബ്ദം. പള്ളി ചുമരിലെ നാഴിക മണിയുടെ 'ടിക്ക് ,ടിക്ക്" മുഴങ്ങി കേട്ടു..

ചേടത്തി നേര്യതു കൊണ്ട് കണ്ണ് തുടച്ചു..അച്ചന്റെ മുഖത്തേയ്ക്കു സങ്കടത്തോടെ നോക്കി..
എന്നിട്ട് മെല്ലെ വിതുമ്മിക്കൊണ്ടു പറഞ്ഞു..

"എന്റെ കുഞ്ഞുങ്ങളെ  എന്റെ പൊന്നായിരുന്ന തള്ളയാട്‌  "റോസമ്മ ഇന്നലെ വിഷം തീണ്ടി ചത്ത്‌ പോയി..ഓമന   മൂന്ന് കുഞ്ഞുങ്ങളെ എനിക്ക് തന്നേച്ചു പോയി.. എന്റെ കര്‍ത്താവ്‌ സഹിക്കാനുള്ള കഴിവ് തന്നു..എന്നാലും നമ്മുടെ അച്ചന്റെ താടി കാണുമ്പൊള്‍ എനിക്ക് പിന്നേം സഹിയ്ക്കാന്‍ വയ്യാ..എന്റെ റോസമ്മയ്ക്കും ഇത് പോലെ നീണ്ടു വെളുത്ത രണ്ടു മീശകള്‍ താടീന്നു താഴോട്ടു കിടപ്പുണ്ടായിരുന്നു....ഇത്ര നാളും അച്ചനെ കാണുമ്പോള്‍ ഒക്കെ അവള്‍ വീട്ടില്‍ ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്..ഇനി ഞാനെങ്ങനെ സഹിയ്ക്കും എന്റെ കര്‍ത്താവേ ..." ചേടത്തി പിന്നേം  അച്ചനെ നോക്കി  അല മുറ ഇട്ടു.
പള്ളിയും വിശ്വാസികളും പീഡാനുഭവം മറന്നു ചിരി ഒതുക്കി..
അച്ചന്‍ കപ്പിയാരെ നോക്കി  ഇടത്തേം  വലത്തേം   താടി  രോമങ്ങള്‍ കീഴോട്ടു  ഉഴിഞ്ഞു..
ഏലി ചേടത്തിയെ ഒളി കണ്ണാല്‍ നോക്കി..ആത്മഗതം .."അപ്പോള്‍ കണ്ണടച്ച് കുര്‍ബാന കൊള്ളും പോളും  ഇവര്‍ എന്റെ താടീം ആടിന്റെ താടീം കൂട്ടി കെട്ടുവാരുന്നല്ലോ കര്‍ത്താവേ.. കുരുട്ടു ബുദ്ധി.."
അടുത്ത കുര്‍ബാന ക്രമത്തിനായി അച്ഛന്‍ തിരിഞ്ഞു..പക്ഷെ ഒരു തീര്‍പ്പ് മനസ്സില്‍ ഉണ്ടാക്കി ഇനി മേലില്‍ ഈ താടി വച്ചോണ്ട് ഒരു ആരാധനയ്ക്കും ഇല്ല..വന്നത് വന്നു.

പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി..

കപ്യാര്‍ ധൂപ കുറ്റി ആഞ്ഞു വീശി..