Powered By Blogger
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, മേയ് 10, ഞായറാഴ്‌ച

പകരുന്ന കാൻസറുകൾ

"പിന്നെ, പിന്നെ , കാൻസർ പകരുമായിരിക്കും ?  അല്ലേ പിന്നെ ഇവരെന്നാ നമ്മള് ഇത്രേം കഷ്ടപ്പെട്ട് ഒരുങ്ങി വന്നിട്ട് ഒന്ന് കാണാൻ സമ്മതിയ്ക്കാഞ്ഞെ ?" ഗേറ്റ് പോലും തുറന്നില്ല "

വീടിനു മുന്നിലെ റോഡിൽ നിന്നും ഒരു മുദ്രാവാക്യം പോലെ ഒത്തിരി പേർ ഒരുമിച്ച്  വായുവിലേയ്ക്ക് എയ്ത  ചോദ്യ ശരം  പുരാണ സിനിമയിലെപ്പോലെ കറങ്ങി തിരിഞ്ഞ് ജന്നൽ വഴി മുറിയിലെത്തി .
അർദ്ധ മയക്കത്തിലായിരുന്ന ഞങ്ങൾ ആ  ശരമേൽക്കാതെ ഒഴിഞ്ഞു കിടന്നു.!

"എല്ലാവരും കേറ് ..ഓട്ടോ കൂലി പോയത് പോട്ടെ,  ഈ സാരീം ബ്ലൗസും വെറുതെ എടുത്ത് ഉടുത്തല്ലോ .. മൂത്ത മോനും മരുമോളും സിനിമയ്ക്ക് ചെല്ലാൻ പറഞ്ഞതാ ..അതുമില്ല ...ഇതുമില്ലാ "
വില്ലൻ ചുമയുള്ളവന്റെ ചുമ പോലെ നെഞ്ചിടിപ്പിച്ച് " ആപ്പ " എന്ന മുക്കാലി വളവു തിരിഞ്ഞ് കല പില ശബ്ദത്തോടെ അകലുമ്പോൾ  ഞാൻ  കട്ടിലിൽ  എഴുന്നേറ്റിരുന്നു .

കുത്തി വെപ്പുകളുടെ, തെറാപ്പികളുടെ ഒക്കെ  വേദന ച്യുഇങ്ങ് ഗം പോലെ വീണ്ടു ചവച്ചു കിടന്ന ഭാര്യയുടെ ചുണ്ടിൻ മൂലയിൽ ഒരു ചെറു ചിരി പൊട്ടി..
" അവർക്ക്  ചുരിദാർ ഇട്ടോണ്ട് വരാൻ പാടില്ലായിരുന്നോ ..അതാകുമ്പം ഉടയത്തില്ലായിരുന്നു " അവൾ ഞരങ്ങി.
 "കാൻസർ പകരുകില്ലെങ്കിലും      കാഴ്ചക്കാർ ഒരു പകർച്ച വ്യാധി തന്നെ.."

"ആശുപത്രിയിൽ കിടന്ന കാര്യങ്ങൾ ഓർത്താൽ ചിരിച്ചു തന്നെ മരിക്കും..ഈ നശിച്ച വേദന കാരണം ഒന്നു ചിരിക്കാനും വയ്യാ "  മെല്ലെ എഴുന്നെറ്റിരുന്നു കൊണ്ട് അവൾ പറഞ്ഞു..

"റ്റ്യുമർ  റിമൂവ് ചെയ്ത് കഴിഞ്ഞു ഞാൻ പോസ്റ്റ്‌ ഓപ്പറേറ്റിവ് ഐ സി യുവിൽ സമയ കാല ദേശ ബോധമില്ലാതെ മയങ്ങി മയങ്ങി കെടക്കുംപോൾ പച്ച കർട്ടനിടയിൽ കൂടി മങ്ങി തെളിഞ്ഞ ഒരു രൂപം  ചിരിച്ചോണ്ട് നിക്കുന്നു, നിങ്ങളെ കാണാൻ  നോക്കിയ  എന്റെ  ബുദ്ധിയിൽ തെളിഞ്ഞു വന്നു   ആ രൂപം  .... നമ്മുടെ അയൽ വാസി സജി !
"എന്റെ ചേച്ചീ കാലൊന്നു മുറിഞ്ഞു, വെച്ചു കെട്ടാൻ വന്നതാ അപ്പോളുണ്ട് എന്റെ ഒരു കൂട്ടുകാരാൻ നിക്കുന്നു  ..ഈ ആശുപത്രിയിലെ ജോലിക്കാരനാ ..അവനെ സോപ്പിട്ട് ഞാനീ  ഐസി  മുറീൽ   കേറി ..ചേച്ചി അറിഞ്ഞോ നമ്മുടെ അപ്പുറത്തെ തങ്കച്ചായൻ  ഇപ്പോൾ  അങ്ങോട്ട്‌ മരിച്ചതെയുള്ളൂ ..മോർചറീൽ വയ്ക്കാൻ കൊണ്ടു വന്നപ്പോൾ ഞാൻ കണ്ടു , നല്ല ജീവനുള്ളതുപോലെ കെടക്കുന്നു.." 
"എന്റെ കണ്ണടഞ്ഞു പോയി  ...കാതും ..ജീവനുള്ളതു പോലെ ഞാനും കെടന്നു ...പച്ച തുണി അടച്ച് അവൻ പോയി.."      "ഇപ്പോൾ ചിരി വരുന്നെങ്കിലും ..അന്നു  ഞാൻ പേടിച്ചു പോയി  ..നിങ്ങളും   കുഞ്ഞും..അതോർത്താ
ഓപ്പറേഷൻ കഴിഞ്ഞ് ബോധം വന്നപ്പോൾ എനിക്കാദ്യം കിട്ടിയ ആശംസാ പാരിതോഷികം  അതായിരുന്നു.."

"പിന്നെ  കോമഡികളുടെ  ഒരു പരേഡ് തന്നെയായിരുന്നു.."
തലയിണ വച്ച്  അവൾ ഒരു കോമഡി ഷോയ്ക്ക് തയ്യാറെടുത്തു ....
" നിനക്ക് നല്ല വേദനയില്ലേ കുറച്ചു നേരം മിണ്ടാതെ കെടക്ക്‌ "  എന്നിലെ ഭർത്താവിന്റെ ഉത്തരവാദിത്വം നുരഞ്ഞു പൊങ്ങി!
ഒരു മാസത്തോളമായി ഞാനീ സ്ക്രിപ്റ്റെല്ലാം  അടുക്കി പെറുക്കുകയായിരുന്നു . ഒന്ന് ചിരിക്കാൻ . ഒത്തിരി കരഞ്ഞില്ലേ നമ്മൾ....

അവിടുന്ന് മാറ്റി  മുറിയിലേയ്ക്ക് വീൽ ചെയറിൽ കൊണ്ടു വരും വഴി മുൻപിൽ നിക്കുന്നു  ചിറ്റപ്പൻ  ചിരിച്ചോണ്ട് ..
കൂടെ മുറീൽ കേറി പുള്ളി ആദ്യമേ ഇരുന്നു, കുട മേശപ്പുറത്ത് വച്ചു . എന്നിട്ടൊരു ചോദ്യം " നീയിതെന്താ നേരത്തെ പറയാഞ്ഞേ ...രോഗ വിവരമൊന്നും നേരത്തെ അറിഞ്ഞില്ല അല്ലെ.."
"എന്റെ ചിറ്റപ്പാ  രോഗം എന്നെയും എഴുത്തിട്ട് അറിയിച്ചില്ല അതുകൊണ്ട് എനിക്കും ആരെയും അറിയിക്കാൻ പറ്റിയുമില്ല ..കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ! ഞാനൊന്ന് ഉറങ്ങട്ടെ "
ചിറ്റപ്പൻ  ഇരുത്തി ഒന്നു മൂളി  , കുട കയ്യിൽ  എടുത്തു വാച്ചിൽ സമയം നോക്കി .."ഇപ്പ പോയാൽ ബസ്സുണ്ട് ..പൊയിട്ട് ലളിതാ മണിയേം കൂട്ടി പിന്നെ വരാം.."
കോടാലിയ്ക്ക് വാ കീറിയ കുഞ്ഞമ്മേടെ വരവോർത്ത് ..ഒരു ഞെട്ടലോടെ ഞാൻ മയക്കത്തിലേയ്ക്ക് വീണതും
കതകു കിരു കിരാ കരഞ്ഞു ..ഒന്നല്ല രണ്ടു തല ഒന്നിച്ച് .  അയൽക്കാർ . വന്നപ്പോഴേ എങ്ങലടിച്ചു കരച്ചിൽ തുടങ്ങി " എന്നാലും എന്റെ മോളെ നിനക്കിതു വച്ചിരുന്നല്ലോ ദൈവം .. എന്തോ പറയാനാ ഇങ്ങനാരുന്നു കെഴക്കേലെ കുഞ്ഞൂഞ്ഞമ്മ മൂന്നു മാസം കഷ്ടിച്ചു കെടന്നു കാണും..പാവം.."

എന്റെ ഞെട്ടൽ മാറി ശ്വാസം മുട്ടലായി .  ഞാൻ കണ്ണടച്ചു . അപ്പോൾ കൂട്ടത്തിൽ ഒരാൾ എന്നെ തൊട്ടു വിളിച്ചു എന്നിട്ട് പറഞ്ഞു "മോളു പേടിക്കണ്ടാ നിനക്ക് അങ്ങനെയൊന്നും വരില്ലാ! " എന്ന് .
ബോധാത്തിലെയ്ക്ക് ഒരു സൂചി കൂടി അടിച്ചു കയറ്റി അടുത്ത ആൾ .."മോളെ കല്ല്യാണം കഴിച്ച് വിട്ടിട്ടായിരുന്നെങ്കിലും വെണ്ടില്ലായിരുന്നു "  ...
അവർ പോകാനുള്ള മട്ടു കാണിക്കുന്നതേയില്ല ..എന്ന് ചിന്തിച്ചപ്പോൾ  ദൈവാനുഗ്രഹം പോലെ   വാതിൽ  തുറന്നു നീല കോട്ടിട്ട ഒരു നേഴ്സ് കയ്യിൽ ഒരു ട്രേയുമായി എത്തി ...
"അയ്യോ ചേച്ചീടെ മുറിവൊന്നും ഉണങ്ങീട്ടില്ല വിസിറ്റേഴ്സ് പാടില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് "
എന്ന്  പറഞ്ഞതും അവർ മുഖം കറുപ്പിച്ച് എന്നോടു പറഞ്ഞു.."പോട്ടെ മോളെ കടേൽ ബ്ലൌസ് തയ്ക്കാൻ കൊടുക്കാൻ വന്നതാ ..അവിടെ ചെന്നപ്പം കട വൈകിട്ടേ തുറക്കൂ എന്നാപിന്നെ നിന്നെ കാണാം എന്ന് വിചാരിച്ചു ..ഇനി മുറിവ് കരിഞ്ഞിട്ട് വരാം.."  എത്ര നിഷ്ക്കളങ്കർ ഉള്ള കാര്യം പറഞ്ഞതിന്റെ സന്തോഷത്തോടെ ഞാൻ അവരെ യാത്രയാക്കി.

"ചേച്ചീ ഒരു ഇൻജെക്ഷൻ എടുക്കട്ടെ ..കാനുല നോക്കട്ടെ " എന്ന് പറഞ്ഞു നേഴ്സ്  കയ്യിൽ മെല്ലെ പിടിച്ചു
ഒരു രസത്തിനു ഞാൻ ചോദിച്ചു " എന്തിനുള്ള ഇന്ജെക്ഷനാ കുഞ്ഞേ.."
"ഷുഗറിനുള്ളതാ "   എന്റെ ശരീരമാസകലം വെറകൊണ്ടു ...എനിക്കില്ലാത്ത ഒരസുഖം അതായിരുന്നു അതിപ്പോൾ എങ്ങനെ വന്നു..അതും കുത്തി വെപ്പെടുക്കാനും മാത്രം..
"എനിക്കിതു വരെ ഷുഗർ ഇല്ലായിരുന്നു..മരുന്നും ഇല്ലായിരുന്നു . ഇതിപ്പം..." ഞാൻ അർദ്ധോക്തിയിൽ നിർത്തി .
എന്റെ കണ്ണ് നിറഞ്ഞൊഴുകി .. "ഇനി ഇതിനും മരുന്ന് വേണമല്ലോ..എന്തിനീ ചതി ദൈവമേ.."

"അല്ലാ, ഡോക്ടർ എഴുതിയിട്ടില്ല എങ്കിലും പറഞ്ഞതു പോലെ ഞങ്ങൾക്ക് ഒരു തോന്നൽ..വേണ്ടെങ്കിൽ വേണ്ടാ "
എത്ര നിസ്സാരം ..എന്ന് നിസ്സഹായതയോടെ ഞാൻ ആ കുഞ്ഞിനെ നോക്കി മനസ്സിൽ പറഞ്ഞു. 
ചില ചോദ്യങ്ങൾ  സമയത്ത്  ചോദിയ്ക്കാതെ എത്രയോ പാവങ്ങൾ ആർക്കോ തോന്നിയ ഏതോ മരുന്നും കഴിച്ച് പോയിരിക്കാം.      മുൻപ് ചതിച്ച ദൈവം തന്നെ രക്ഷകനായി.   നന്ദി.
"സാരമില്ല ചേച്ചീ ..എന്നാ പോട്ടെ  എന്തെങ്കിലും ഉണ്ടെങ്കിൽ ബെൽ  അടിയ്ക്കണം  " നേഴ്സ് ഒന്നുമറിയാതെ കാറ്റുപൊലെ പോയി.

സമയം അറിയില്ല   കുളിക്കാനും നനയ്ക്കാനും വീട്ടിൽ പോയ നിങ്ങൾ അച്ഛനും മകളും വരുന്നുമില്ല.... 
ഞാനോന്നുറങ്ങി .
ഉണർന്നപ്പോൾ മുറി നിറയെ പഴങ്ങളുടെ മണം .  ചെങ്ങന്നൂന്നു  അപ്പച്ചീം പിള്ളാരും.
"നീ ഉറങ്ങുവല്ലിയോ വിളിക്കണ്ടാ എന്ന് കരുതി. ഇത് കൊറച്ച് ഫ്രൂട്സാ ..മാതള നാരങ്ങായും  ഓറഞ്ചും  പേരയ്ക്കയും ..ഇതൊക്കെയാത്രേ ഇപ്പോൾ റ്റ്യൂമർ നീക്കം ചെയ്തവർക്ക് കൊടുക്കുന്നത് എന്ന് പഴ കടക്കാരാൻ തമിഴൻ പറഞ്ഞു.."  ഞാനവനോട് ഞങ്ങടെ ഒരു കൊച്ചിന് കാൻസർ പോലെ എന്തോ ഒന്നാ എന്നേ പറഞ്ഞുള്ളൂ ..
ഈശ്വരാ  ഡയറ്റീഷൻ കോഴ്സ് പാസ്സായ തമിഴനാകാം അത് എന്ന് എനിക്ക് തോന്നി.  അല്ലെങ്കിൽ ഏതോ ആരോഗ്യ മാസിക വായിച്ചവൻ . ഞാൻ ചിരിക്കുന്നതു കണ്ട് അപ്പച്ചി ചോദിച്ചു " മാതള നാരങ്ങാ തരട്ടെ "
വേണ്ടാ എന്ന് ഞാൻ തലയാട്ടി. ഷുഗർ എന്നെ നോക്കി നില്ക്കുന്നത് പോലെ ഒരു തോന്നൽ .  
അവരുടെ മടക്ക യാത്രയ്ക്കിടയിലാണ് നിങ്ങൾ വന്നത്. അപ്പോഴാണ്‌ നേരം സന്ധ്യ ആയി എന്ന് ഞാൻ അറിഞ്ഞത്.
പിറ്റേന്ന് രാവിലെ നിങ്ങൾ വീട്ടിൽ പോയി . അപ്പോളാണ് നിങ്ങടെ ബന്ധുക്കാരനും കുടുംബവും എത്തിയത്
തലേന്നത്തെ ജന സഞ്ചാരം കാരണം മകൾ മുറി അടച്ച് കൊളുത്തിട്ട് എന്റെ കയ്യും തിരുമ്മി ഇരിക്കുമ്പോൾ ഇടി വെട്ടുപോലെ അവർ കതകിനു മൂന്നു നാല് തട്ടോ അതോ തൊഴിയോ..
കതകു തുറന്നു കുഞ്ഞു പറഞ്ഞു "അയ്യോ വിസിറ്റേഴ്സ് വേണ്ടാ എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് " എന്ന്
വന്ന പോലെ അവർ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് പോയി.

അപ്പോളാണ്,  എപ്പോഴും  ചിരിച്ചിരുന്ന ആ ബന്ധുക്കാരാൻ ഇപ്പോൾ കാണുമ്പോൾ മുഖം കടന്നൽ കുത്തേറ്റ മാതിരി കാണിച്ച് ഒഴിഞ്ഞു പോകുന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയത്!  ഒരു തല പുകച്ചിലിനു ഉത്തരം കിട്ടിയതിൽ എനിക്ക് സന്തോഷം തോന്നി. ആ വാശിയ്ക്ക് അവർ കൊണ്ടു വന്ന മാതള നാരങ്ങകൾ അടുത്ത നിലയിൽ കിടന്നിരുന്ന ഞങ്ങടെ അയൽ  വാസിയ്ക്ക് നല്കിയെന്ന് അറിഞ്ഞപ്പോൾ സന്തോഷം അതുക്കും മേലെ പോയി!! 
 മാതള നാരങ്ങകളുടെ നഷ്ടം തീർക്കാൻ ഞാൻ നീർമാതളം പൂത്ത കാലം വായിക്കാൻ എടുത്തു .

എന്നെ വായനയിൽ നിന്നും തിരികെ വിളിച്ച് അവൾ തുടർന്നു "നാളെ എനിക്കീ മൂഡ് കാണില്ല ..ഇന്ന് ഇത് കേട്ടിട്ടു മതി വായന."
"അന്ന് ഉച്ചയ്ക്ക് ഊണ് കഴിയ്ക്കാൻ മകൾ പോയപ്പോൾ നമ്മുടെ ഭാരതി ഇച്ചേയീടെ മകൾ വന്നു. കയ്യിൽ കുറെ പ്ലാസ്റ്റിക് സഞ്ചികൾ . വന്നപാടെ അതെല്ലാം മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു.
 "മോൾ ഇപ്പോൾ ഗൾഫിൽ ഉയർന്ന ശംബളത്തിലാ  അവൾ ഒരു കാറു വാങ്ങി വീട്ടിൽ ഇട്ടു. പക്ഷെ ഞാൻ പറഞ്ഞു എനിക്ക് കാറിലും ഇഷ്ടം സ്കൂട്ടർ ആണെന്ന് ഉടനെ അവൾ ഒരു സ്കൂട്ടർ വാങ്ങിച്ചു തന്നു  ഞാൻ അതിലാ വന്നത്. ..അവൾ വലിയ വീട് വക്കുവാ അതിന്റെ പണി നോക്കാൻ പോകാനൊക്കെ സ്കൂട്ടറാ നല്ലത്.  അത് കൊണ്ട് പഴയ സ്റ്റേഷനറി കടയും അങ്ങ് നിർത്തി.." 
ഞാൻ ചിരിച്ചു പ്രോത്സാഹിപ്പിച്ചു . ചുളു ചുളാ കുത്തുന്ന വേദനയ്ക്കിടയിൽ കാറും സ്കൂട്ടറും ഓടുന്ന ശബ്ദം ഞാൻ കേട്ടു .
"എന്നാ ഞാൻ പോവാ ..പണിക്കാർക്ക് വെള്ളം കൊടുക്കണം."  അവർ ചിരിച്ചോണ്ട് സ്കൂട്ടറിന്റെ കീ കറക്കി സ്ഥലം വിട്ടു.

"അന്ന് വൈകുന്നേരം ആങ്ങളേം മകനും വന്നല്ലോ .. വന്നപ്പോഴേ കൊച്ചു പയ്യൻ പറഞ്ഞു "അപ്പചീ  വെശക്കുന്നു" ..അവന്റെ പഴയ ഓർമ്മ ...
"ടാ മേശപ്പുറത്ത് എന്തൊക്കെയോ ഇരിപ്പുണ്ട് അവന് എടുത്ത് കൊടുക്ക് " ഞാൻ ആങ്ങളയോട് പറഞ്ഞതും പയ്യൻ  കവറിൽ നിന്നും ഒരു കേയ്ക്ക് വലിച്ചെടുത്തു .      ഭാരതി ഇച്ചേ യീടെ മോൾ രോഗ വിവരം അന്വേഷിചില്ലെങ്കിലും  ഒരു കുഞ്ഞിന്റെ വിശപ്പടക്കാനുള്ള വക കൊണ്ടുവന്നല്ലോ എന്ന് ഞാൻ നന്ദിയോടെ സ്മരിച്ചു.
"അയ്യോ എന്റെ ചേച്ചീ ഈ കേയ്ക്ക്  2012 ൽ ഉണ്ടാക്കിയതാ ...ഇത് കൊടുത്താൽ ഇവന്റെ ആശുപത്രി ബില്ലും അളിയൻ കൊടുക്കണ്ടതായി വരും.. ഇത് 2014 തന്നെയല്ലേ "
 അവൻ കലണ്ടറിൽ നോക്കി ഒന്നൂടെ ഉറപ്പിച്ചു എന്നിട്ട്  തലയറഞ്ഞു ചിരിച്ചു.  ചെറുക്കൻ ചിണുക്കവും .

അപ്പോൾ എനിക്ക് കത്തി, അവരുടെ സ്റ്റേഷനറി കട നിർത്തിയിട്ട് രണ്ടു വർഷം ആയല്ലോ എന്ന്..
ചിരിയും കരച്ചിലും വന്നു.  പയ്യനെയും കൊണ്ട് അവൻ കാന്റീനിലെയ്ക്ക് പോയപ്പോൾ ഞാൻ പൊട്ടി ചിരിച്ചു പോയി..പക്ഷെ വയറിലെ സ്റ്റിച്ചുകൾ കുത്തി വലിച്ചു കളഞ്ഞു.

ഡിസ്ചാർജ് ദിവസം ഭയങ്കര മഴ ആയിരുന്നല്ലോ  ..നിങ്ങൾ ബില്ല് തീർക്കാൻ പോയി..മോൾ മരുന്നു വാങ്ങാനും അപ്പോൾ മാത്രം ഒരു മുഖം ഞാൻ വാതിലിൽ കണ്ടു നമ്മുടെ ഏറ്റവും അടുത്ത ബന്ധു.  "പുള്ളി ഈ വിവരം ഒന്നും അറിഞ്ഞില്ല എന്നും ..മിനിയാന്ന് ആരെയോ വിളിച്ച് എന്നാ എന്നെ ഡിസ്ചാർജ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ മാത്രമാണ് അറിഞ്ഞത് എന്നും.."
വൈരുദ്ധ്യാത്മക  വാദം ഇതല്ലേ എന്ന് എനിക്ക് തോന്നി.  എഴുതിയ ആൾ ക്രാന്ത ദർശി തന്നെ !!

ഇനി ഒരു തമാശ കൂടി പറഞ്ഞു ഇന്നത്തെ എപ്പിസോഡ് അവസാനിപ്പിക്കാം  അവൾ പറഞ്ഞു.
'നമ്മുടെ  മീനാക്ഷി ഇച്ചേയീടെ മോൾക്ക് വയറ്റിൽ മുഴയായിരുന്നല്ലോ ..അവർ ആർ സി സിയിൽ പോയി കീമൊ തെറാപ്പി കഴിഞ്ഞ് തളർന്നു വന്ന് സന്ദർശകരുടെ  തെരക്ക് ഒഴിവാക്കാൻ ബന്ധു വീട്ടിൽ പോയി ആരും അറിയാതെ മുറി അടച്ച് കട്ടിലിൽ കെടക്കുകയായിരുന്നു ..അവരെ ഒരു നോക്കു കാണാൻ അഭ്യുദയ കാംഷികൾ നെട്ടോട്ടവും ...പാവം അവർ സന്ധ്യക്ക് ആരും കാണാതെ പുറത്തെ ബാത്ത് റൂമിൽ പോകാൻ ലൈറ്റ് പോലും ഇടാതെ ഇറങ്ങിയപ്പോൾ മുറ്റത്ത് നിക്കുന്നു ഒരു ഓട്ടോ നിറയെ ആൾക്കാർ ..അവരെ കാണാൻ.  ഉച്ചയ്ക്കേ വന്നതാ പോലും  ....ഇത്രേം ദൂരം ഓട്ടോ കൂലി കൊടുത്തു വന്നതല്ലേ രണ്ടിലൊന്ന് അറിഞ്ഞിട്ട് പോകാം എന്ന് കരുതീന്ന്.  "
പാവം അവർ പൊട്ടി കരഞ്ഞു പോയി എന്നു പറേന്നു "

"മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്ത കാൻസറുകൾ ..ഇതിനു ചികിത്സ ഇല്ല  ...വല്ലോന്റേം മരണം കണ്ടു ഫോട്ടോ എടുക്കുമ്പോൾ  എന്നെങ്കിലും സെൽഫി എടുക്കാൻ ഇട വരില്ല എന്ന് ഇവരൊക്കെ സ്വയം തീർപ്പ് കൽപ്പിയ്ക്കുന്നല്ലോ ..ഈശ്വരാ ...
ഭാര്യയുടെ ധാർമിക രോഷം എന്നെ മിണ്ടാൻ സമ്മതിച്ചില്ല.







2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

രാജ മുദ്ര

പൊന്നിന്‍  ചിങ്ങം എന്ന് പണ്ട് പറയുമായിരുന്ന,  ഇപ്പോള്‍    അത്രയ്ക്കങ്ങ്  പൊന്നും ചെമ്പുമല്ലാത്ത  ചിങ്ങം  പിറന്നാല്‍  പിന്നെ ഞങ്ങടെ    അയല്‍  ചുറ്റ് വട്ടങ്ങള്‍    അശ കൊശലെ  വള്ള സദ്യേം,  വഞ്ചിപ്പാട്ടും,  ഒരു  വള്ളപ്പാട് ദൂരം വരുന്ന ബിവറേജ് ക്യൂവും   ഒക്കെ കൊണ്ട് ചടുലവും, വായ്ത്താരികള്‍  കൊണ്ട് ശബ്ദ മുഖരിതവും,   എന്നുവേണ്ടാ  ആണായി പിറന്നു നടക്കാന്‍ പരുവമായത്  മുതല്‍  വാട്ടര്‍ ബെഡില്‍  വള്ളം തുഴയുന്നത്  വരെ  വെള്ള പാട്ടും പിന്നെ വള്ള പാട്ടുമാ !!

മറ്റെങ്ങുമില്ലാത്ത  ഒരു ഉശിര് ,  കരകള്‍ തമ്മിലുള്ള  സാഹോദര്യവും മത്സരവും, ഒരു പോലെ  മാറ്റ്   ഉരയ്ക്കുന്നത്  ചിങ്ങം പിറക്കുമ്പോള്‍ ആയതു കൊണ്ടാകാം ഓണത്തോടൊപ്പം വള്ളം കളീം പുറകെ വന്നത്  .

ആണ്‍ അഴക്‌   തലയെടുപ്പില്‍ ഈരെഴ തോര്‍ത്ത് ഒരെണ്ണം കെട്ടി,
ഉള്ള കസവ് കര മുണ്ടും മടി ഇട്ടങ്ങുടുത്ത്
വിരിഞ്ഞ മാറിലെ  രോമ കഞ്ചുകം ആകെ പമ്പയുടെ പനി നീരാല്‍ നനച്ചു കുതിര്‍ത്ത്
താളത്തില്‍ വീഴുന്ന തുഴയും കയ്യും,  ഈണത്തില്‍ വിരിയുന്ന നാതോന്നതയും
ഹാ ..  വാലിലെ കൊടിയും ഉച്ചിയിലെ സ്വര്‍ണ കൂമ്പും ഭഗവാന്റെ പള്ളി ഓടം
അങ്ങനെ തുപ്പ തുപ്പ വെള്ളത്തില്‍  കുതി കുതിയ്ക്കുമ്പോള്‍  പമ്പയ്ക്ക് ഒഴുകാന്‍ പോലും മടിയാണെന്ന് തോന്നും..

കരയിലെ വിശേഷം അതിലും മോഹനം ..
വരുമ്പോള്‍  കൈ കൊട്ടി  കുചേല വൃത്തത്തില്‍ തുടങ്ങി പോകുമ്പോള്‍  കൊടുങ്ങല്ലൂര്‍ ഭരണിയുടെ തനിയാവര്‍ത്തനം  .. നന്ദിയോടെ കേള്‍ക്കാന്‍ !

ഗതി കേടിനു അഭിനവ  മദ്യ സദാചാര സംസ്കാര  ആചാര്യ  പെരുമാക്കള്‍   വട്ടപ്പടയിലുള്ള  മദ്യ വില്പനയ്ക്കങ്ങു  നിരോധനവും വക്കുമ്പോള്‍ (അനിഷ്ടം ഒന്നും ആര്‍ക്കും സംഭവിക്കാതിരിക്കാന്‍ !) ഒന്നുകില്‍ നേരത്തെ വാങ്ങി കൂട്ടിയത് അല്ലെങ്കില്‍ അയല്‍ കൂട്ടങ്ങളില്‍ അറിയിച്ചതിന്‍ പ്രകാരം   അളിയനോ  ചേട്ടനോ അമ്മായി അപ്പനോ  കൂട "പെറപ്പുകള്‍ " ആരെങ്കിലുമോ  സ്നേഹാതിരേകത്താല്‍ കൊണ്ട് വന്ന നൂറു മുതല്‍ ആയിരം വരാവുന്ന  ഏതെങ്കിലും  പൊളപ്പന്‍ സാധനം വിട്ടു വിട്ടങ്ങനെ   വീണേടം    വിഷ്ണു ലോകമാക്കി  ..
അപൂര്‍വ്വം ചിലരൊക്കെ വിഷ്ണു പാദവും പൂകി..   ഉത്രുട്ടാതിയുടെ വിട വാങ്ങല്‍ പരേഡും കഴിയുമ്പോള്‍  ഓണമുണ്ട  വയറേ ചൂളം പാടൂ  എന്ന  പഴം ചൊല്‍   പതിരില്ലാതെ  തിരികെ വരും!!

നാട്ടില്‍ പിറന്ന പ്രവാസി സുഹൃത്തുക്കള്‍ ഏറിയ കൂറും വള്ളം കളിയ്ക്ക് ഉള്ളതും കൊണ്ട് കള്ളമില്ലാതെ  ദൂരം താണ്ടി വരും..അത് പതിവാ വരാന്‍ കഴിയാത്തവര്‍ അവരവരാല്‍ കഴിയുന്ന വഴിപാടുകള്‍ കൊടുത്തും വിടും..

അങ്ങനെ എല്ലാ മാസവും വെള്ളം കളിയ്ക്കാന്‍    മുന്തിയത് മാത്രം കൊണ്ട് വരുന്ന സുഹൃത്ത് , ഇത്തവണ  ഓണം , വള്ളം കളി ഒക്കെ കരുതി ഒരു വള്ളം "സാധനങ്ങളുമായി "   എത്തി, ഞങ്ങളും അവന്റെ വീട്ടില്‍  അവനേക്കാളും നേരത്തെ പൂര്‍വാധികം ഭംഗിയായി എത്തി.
പക്ഷെ  ഉതൃട്ടാതി പിറ്റെന്നായി  പോയി   അവന്റെ വരവ് എന്ന് മാത്രം .  
വൈകി വന്നതില്‍ കാരണവും ബോധിപ്പിച്ചു. 

"എന്റെ അണ്ണാ  ഓണത്തിന് മുന്പ് വന്നാല്‍ ഒരു വരവ് പോക്കിന്റെ എങ്കിലും ടിക്കറ്റ് ഫെയര്‍ ഞാന്‍ പിരിവായി നല്‍കണം ..ഇതല്ലേ ഭേദം..."

നിത്യ ചെലവിന്റെ ഫെയര്‍ ഹരിച്ചും ഗുണിച്ചും  കൂട്ടുന്ന ഞാന്‍    കൊടുത്ത പിരിവിന്റെ രസീതുകള്‍ എന്റെ തല ചോറില്‍ ഈയല് പോലെ പറന്നു നടക്കുന്നതായി അറിഞ്ഞു.....
 അവന്റെ ബുദ്ധിയില്‍ പൂമ്പാറ്റകളും !!

ഒരു  പോസ്റ്റ്‌  വള്ളം കളി  ചര്‍ച്ച സ്വോഭാവികമായും  ഊരി  തിരിഞ്ഞു  വന്നു.
കരകളിലെ കുഴപ്പങ്ങള്‍ , പുതിയ വള്ളങ്ങളുടെ  ചരിവും,   കോണിപ്പും, പാട്ടിന്റെ  പാളിച്ചകള്‍
ഒക്കെ മറ്റു    വള്ളംകളി ,  വെള്ളം കളി  വിശാരദന്മാര്‍   ഓരോ  ഹെന്നസിയ്ക്കും ഒപ്പം നതോന്നതയില്‍  കൂടുതല്‍ ഉയരത്തില്‍  തന്നെ പാടി..
എത്രയും പെട്ടന്ന് ഗ്ലാസുകള്‍ നിറയവേ
ഒരു തല കൂടി മുറിയുടെ കതകിന്റെ  വിടവില്‍ കൂടി നീണ്ടു വന്നു..
ഒരു നിമിഷം  , നിറഞ്ഞ ചിരിയോടെ ആ തലയും ഉടലോടെ അകത്തു വന്നു..

"അയ്യോ ഇത് നമ്മടെ പാര്‍ഥന്‍  കൊചാട്ടനല്ലിയോ ..ഇരുവഴികര വള്ളത്തിന്റെ  പോരാളി വീരന്‍ , ഹോ എന്തവാരുന്നു  കൊചാട്ടന്റെ ഇന്നലത്തെ തഹര്‍പ്പ്    കിടിലം "
ഒരുത്തന്‍ കൊചാട്ടനെ എല്ലാ ഓഫറും കൊടുത്ത് അങ്ങ് സുഹിപ്പിച്ചു!

കൊച്ചാട്ടന്‍ നാണം കൊണ്ട് കൂമ്പി , എളിമ  കൊണ്ട് കുനിഞ്ഞു   ഒഴിച്ച് വച്ച" മുക്കാ ക്ലാസ്"  ഹെന്നസി  ഒരു തുള്ളി ഞൊട്ടി തെറിപ്പിച്ചു,  കിഴക്കോട്ടു നീങ്ങി വെള്ളം തൊടാതെ ഒരു നയംപിന്റെ വേഗത്തില്‍ അകത്തേയ്ക്ക് എറിഞ്ഞു! ശേഷം തിരിഞ്ഞു  ഇരുന്നു  പറഞ്ഞു..

"മോനെ  രാജാവിന്റെ കയ്യീന്ന് മുദ്ര കിട്ടിയ വള്ളമാ  കളി  ഞങ്ങക്കറിയാം..ഞങ്ങള് തഹര്‍ക്കും "
രണ്ടാമത്തെ ഹെന്നസി ആരോഹണത്തില്‍ ഒഴിച്ചുകൊണ്ടു  സുഹൃത്ത് ചോദിച്ചു
"കൊച്ചാട്ടാ  ആ മുദ്ര കിട്ടിയത് എന്തായാലും അഭിമാനമാ ..അതൊന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍
എനിക്ക് സന്തോഷമായേനെ "
കൊച്ചാട്ടന്‍   ഇത്തവണ ഒരു തുള്ളീം  തെറിപ്പിച്ചില്ല  എന്ന് മാത്രമല്ല  വെള്ളം തൊടത്തില്ല എന്ന് ശപഥം ഉള്ളത് പോലെ ഒരു വീശും.

ഒന്ന് മുരടനക്കി   ഒരു  ഡേവിഡ്ഓഫ്  സിഗരറ്റ് എടുത്തു ഡിറ്റ്ക്ടിവ്  മാര്‍ക്സിനെ പോലെ തീപ്പിടിപ്പിച്ചു ..കൊച്ചാട്ടന്‍ ശകലം നാക്ക് കുഴച്ചു കണ്ണ് മുഴുവന്‍  തുറന്നു പറഞ്ഞു
"എന്റെ കുഞ്ഞേ അത് കിട്ടിയപ്പോഴേ വീട്ടിലെ പത്തായത്തില്‍ വച്ച് പൂട്ടി,  വല്യ  വെലയുള്ള സാമഗ്രി  അല്ലിയോ  നിനക്ക് കാണണേല്‍  ഞാന്‍ പോയി എടുത്തോണ്ട് വരാം അല്ലാതെ കണ്ട അണ്ടനും കുണ്ടനും എടുത്തിട്ട്  മേളാംകിയ്ക്കാന്‍ ഈ പാര്‍ഥന്‍ പിള്ള  കൊടുക്കുവേല്ല..അതിനു വച്ച വള്ളം അങ്ങ് കരയ്ക്കിരിക്കുകെ ഉള്ളൂ  ..ങ്ഹാ  ..."
ഹെന്നസി  പണി  നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു.

ഒന്നൂടെ ഒഴിച്ച് പിള്ളേച്ചന്‍  ഒരു സിഗരറ്റും കൊളുത്തി  കതക് വലിച്ചു തുറന്നു കാറ്റ്‌ പോലെ മുറ്റത്തിറങ്ങി   മുദ്ര രാക്ഷസനായി പോയി!!

ഞങ്ങള്‍ ആ പോക്കും നോക്കി ഫോട്ടോയിലെ പോലെ ഇരുന്നു.
"മണ്ണും ചാരി നിന്നവന്‍  പകുതി ഹെന്നസീം  അകത്താക്കി  സ്ഥലം വിട്ടു ..ഒടുക്കത്തെ ഒരു രാജ മുദ്ര "
ഒരുത്തന്റെ  ക്ഷോഭം രാജവിനോടായി ..
പാവം പ്രജകള്‍ എന്ത് പിഴച്ചു " കയ്യീന്ന് മൂവായിരമോ നാലായിരമോ ഇട്ടു ഇത് വാങ്ങാന്‍ ഒക്കുമോ അഥവാ ഒത്താല്‍ കിട്ടുമോ.." വേറൊരുത്തന്‍...
"ആ പോട്ടെ ഒന്ന് രണ്ടെണ്ണം കൂടി കൊണ്ടുവന്നിട്ടുണ്ട് " സുഹൃത്ത് പറഞ്ഞതും
"എന്നാ പിന്നെ ആ പാവത്തിന് ശകലം കൂടി കൊടുക്കാമായിരുന്നു "  വേറൊരുത്തന്‍ ശരാശരി മലയാളി ആയി!  എന്റേത് പോകത്തില്ലല്ലോ എന്നുറപ്പായി!!

മണിക്കൂര്‍ മിനിട്ടായി മാറി  രണ്ടാമത്തെ ഹെന്നസി  ഒഴിയാറായി  ..വരില്ല എന്ന് കരുതിയ പിള്ളേച്ചന്‍  കൊടും കാറ്റു പോലെ  മുറിയിലെത്തി ..
ഇന്നലെ തലയില്‍ കെട്ടിയ തോര്‍ത്ത്‌  ഇപ്പോള്‍  തല വഴി ഇട്ടു മുഖം മറച്ചിരിയ്ക്കുന്നു..വെയില്കൊള്ളണ്ടാ  എന്ന് കരുതി ആയിരിക്കാം
എല്ലാവരും രാജ   മുദ്ര കാണാന്‍ ഉത്സാഹിച്ചു ... ചരിത്ര മുഹൂര്‍ത്തം.

വന്ന പാടെ പിള്ളേച്ചന്‍ കുപ്പി കയ്യിലെടുത്തു  നേരെ  വായിലേക്ക്  ഒരു പിടി
 തടയാന്‍ ഒരുത്തന്‍ ആയും മുന്‍പേ പിള്ളേച്ചന്‍ ഉള്ളത്  തൊള്ള യില്‍  തള്ളി....
പലരുടേം മുഖം പിന്നേം ഇരുണ്ടു   വഴിയില്‍ കിടന്നത്, ആരോ എടുത്തു വേലിയേല്‍ വച്ചത്  കാലേല്‍ ചുറ്റി,  കടിക്കുകേം ചെയ്തു എന്ന് പറഞ്ഞ പോലെ ആയി..

"എന്റെ കുഞ്ഞേ പത്തായം തുറന്നു മുദ്രേം എടുത്തോണ്ട് തിരിയുകേം പുറകിലുണ്ട്  പെണ്ണുമ്പിള്ള ഭദ്രകാളി  കോലോം  കെട്ടി  നിക്കുന്നു.. " എന്തിനാ മുദ്ര എടുത്തത്‌  അത്  വിറ്റ്‌ മോന്തിയാല്‍  ഒള്ളതും മുടിഞ്ഞുപോകും  ആവശ്യത്തിനു  കേറ്റിയതല്ലേ"  എന്നും പറഞ്ഞു  ഒരു പിടി അതിനിട്ടു  പിടിച്ചു,  ഞാന്‍ വിട്ടില്ല "എന്റെ കുഞ്ഞിന്റെ പത്തു തൊള്ളി ഞാന്‍ കുടിചെങ്കില്‍  അതിനുള്ള സ്മരണ വേണം, അതാ എന്റെ  പോളിസി   ...
"ഇന്നാരെ കാണിക്കാന  ഇപ്പം തരിച്ചു കൊണ്ട് വക്കാം" എന്നും പറഞ്ഞു ഞാന്‍ ഒന്നൂടെ പിടിച്ചതും അവള്‍ ആ മുദ്ര കൊണ്ട് എന്റെ മുഖം അടച്ചു ഒരൊറ്റ അടിയാ  തെണ്ടേ ..

പിള്ളേച്ചന്‍ തോര്‍ത്ത് മാറ്റി   കാണിച്ചതും,  ഞങ്ങടെ  അകത്തെ  ഹെന്നസി  നേര്‍ത്ത മഞ്ഞു  പാളികള്‍ ആയി അന്തരീക്ഷത്തില്‍  അലിഞ്ഞു പോയി കൊണ്ടേ ഇരുന്നു..പകരം  ഏതോ ഒരു വിഷാദ രാഗം ഏതോ ഗന്ധര്‍വ്വന്‍ പാടുന്ന പോലെ..

"പിള്ളേച്ചന്റെ മുഖത്ത്  ഇടത്തെ കവിളില്‍  ചെന്നിയ്ക്ക് താഴെ  വലം പിരി ശംഖു പോലെ രാജ മുദ്ര!!"

 ഭാര്യക്ക്   വലതു കൈ ആണ് വശം എന്നും   അത് തെളയിക്കുന്നുണ്ടായിരുന്നു.

കുചേല വൃത്തം മാറി ഭാരത യുദ്ധം കഥ പാടി നാതോന്നതയും  ഞങ്ങളും , ഒഴിഞ്ഞ  ഹെന്നസി കുപ്പികളും,
പിന്നെ   ഫാനിന്റെ കാറ്റില്‍ ഇളകി പറക്കുന്ന  തോര്‍ത്തിന്റെ തുമ്പ് കൊണ്ട് കണ്ണീര്‍ ഒപ്പുന്ന പിള്ളേച്ചനും
ജല ഘോഷ യാത്രയിലെ ഒരു ഫ്ലോട്ട് പോലെ  പമ്പയിലൂടെ ഒഴുകി നീങ്ങി!





2012, മേയ് 13, ഞായറാഴ്‌ച

പകര്‍ച്ച വ്യാധി

സംഭവിച്ചത്  എന്ന് പലരും പറഞ്ഞിട്ടും എനിക്ക് വിശ്വാസം വരാത്തതിനാല്‍  അനുഭവസ്ഥര്‍ ഉണ്ടെങ്കില്‍ തീര്‍പ്പിന്  വിടുന്നു...

തനി നാട്ടിന്‍ പുറം എന്നൊക്കെ കേട്ടിട്ടുള്ളത് ഇപ്പോള്‍ സിനിമയില്‍ പോലും കാണാന്‍ കിട്ടുമെന്ന്  തോന്നുന്നില്ല.
ഇതൊരു നാട്ടിന്‍ പുറത്തു കാരന്‍ ഒത്തിരി  ഉറക്കം മറന്നു പഠിച്ചു  ടെസ്റ്റുകള്‍  എഴുതി എഴുതി  ജോലി കിട്ടീ  നഗരത്തില്‍  ജോലിയുള്ള   വധുവിനെയും  കെട്ടി  ..നഗര മധ്യത്തിലെ  അംബര ചുംബി ഫ്ലാറ്റില്‍  ചെന്ന്  രാപ്പാര്‍ക്കുമ്പോള്‍  ഉണ്ടായ ഒരിണ്ടല്‍.. സ്വയം കൃതാനര്ധം എന്ന് പറയാന്‍ പറ്റുമോ എന്നും അറിയില്ല

സുഹൃത്തിനെ  സുശീലന്‍ എന്നും ഭാര്യയെ സുശീല എന്നും വിളിക്കാം . ആധുനിക പേരുകള്‍  അല്ലാത്തതില്‍   എനിക്കും വിഷമം ഇല്ലാതില്ല..പക്ഷെ  ഇക്വേഷന്‍സ് ചേരുന്നില്ല .
ഇതിപ്പം ഒരു മാതിരി ജാതി ഇക്വേഷന്‍  ഉണ്ടെന്നു തോന്നുന്നു.

സുശീലന്‍ എന്നും രാവിലെ  കൃത്യം നാല് മുപ്പതിന്   ടാക്കിംഗ് അലാം  കേട്ട്  ഉണര്‍ന്നു , അന്തരീക്ഷത്തിലെ മലിനതകള്‍ അളന്നു, അന്ന്  രാവിലെ   ഏറ്റവും കുറഞ്ഞ മലിനതയുള്ള നഗര വീഥി കണ്ടു പിടിച്ചു  റീബോക്ക്  ട്രാക്ക് സ്യുടീട്ടു  രണ്ടു കൈയും വീശി എറിഞ്ഞു നടന്നു ,
നിശ്വാസവും  ഉച്ച്വാസവും  ഐ ഫോണ്‍  എം പി ത്രീ  ഈയര്‍  ഫോണിലെ  താളവുമായി സിംക്രോനൈസ്  ചെയ്തു  ഒരു വാക്കിംഗ്  യോഗാ വിത്ത്    ആര്‍ട്ട്‌ ഒഫ് ലിവിംഗ് പ്രാക്ടീസും  കഴിഞ്ഞു         ക്ഷീണിതനായി  ഫ്ലാറ്റിന്റെ കുത്തു പടികള്‍ ഇഴഞ്ഞു കയറി വരുമ്പോള്‍ സുശീല  അന്ന് വന്ന രണ്ടു വനിതകളില്‍  ഒന്നിലെ  "ആരോഗ്യ ക്ഷമതയ്ക്ക് പത്തു ജ്യൂസുകള്‍"  ഉള്ളതില്‍  ഒരു ജ്യൂസ് അടിച്ചു വച്ചത് കൊടുത്തു ...
 രാസല്‍ ഖൈമയില്‍ നിന്നും അനിയത്തി കൊടുത്തു വിട്ട വെള്ള  രൈസിന്‍സ്‌  രണ്ടെണ്ണം വെള്ളത്തില്‍ കുതിര്‍ത്തു അതിന്റെ  സത്തു കൊടുത്തു .. .
നെല്ലിക്കയും പാവയ്ക്കയും സമാസമം പിഴിഞ്ഞു  തേന്‍ ചേര്‍ത്ത് ചുണ്ടില്‍ ഇറ്റിച്ചു ,
അല്പം ഉള്ള ഷുഗര്‍   പ്രെഷര്‍  ഒക്കെ  ഗുഡ് ബൈ  പറയട്ടെ.

ഇനി ബ്രേക്ക് ഫാസ്ടിനു മുന്പ് സുശീല ട്രേഡ് മില്ലില്‍ കുറെ   മീറ്റര്‍   നടക്കും    അപ്പോള്‍ ഐ ഫോണും പാട്ടും  സുശീലയ്ക്ക്  ചെവിയില്‍ വച്ച് കൊടുക്കും  സുശീലന്‍     എന്നിട്ട്  എക്കണോമിക്  ടൈംസ്  എടുത്ത്  കാളയും  കരടിയും കളിയ്ക്കും.
  സുശീല കുളിച്ചു വന്നു  ലോ റിയല്‍  ക്രീമും ഒക്കെ എടുത്തു  ഒരുങ്ങല്‍  മേശയിലെ  നില കണ്ണാടിയ്ക്ക്  മുന്‍പില്‍ ഇരിക്കുമ്പോള്‍ മാത്രം  സുശീലന്‍  പത്രം താഴത്ത്  വച്ച് കുളിക്കായി പോകും.

എന്നിട്ട് ഒന്നിച്ചു  ബ്രെഡ്‌ ,ജാം, ബട്ടര്‍ , എന്നിവ   മുട്ടയുടെ വെള്ള മാത്രം സക്രാമ്പില്‍  ചെയ്ത്   വൈറ്റ്  പെപ്പര്‍     പൌഡര്‍ ചേര്‍ത്ത്  സ്പൂണില്‍ കോരി കഴിയ്ക്കും..
 ശേഷം  സുശീലന്‍ ഹോണ്ട ബ്രിയോയില്‍ " എനിഗ്മ സാഡ് നെസ്"  ഇട്ടു പാടിച്ചു  സുശീലയെ അവളുടെ ഓഫീസില്‍  ഡ്രോപ്പ് ചെയ്തിട്ട്  തന്റെ  ഓഫീസില്‍ പഞ്ചിംഗ്  ടൈം  തെറ്റാതെ എത്താന്‍ ട്രാഫിക് വലകള്‍  ഭേദിച്ച്  ഒരു ബാറ്റ് മാന്‍ സഞ്ചാരം!
ലഞ്ച്  മാത്രം അവരവരുടെ ഓഫീസിലെ  ഫുഡ് ജോയാന്റിലാ രണ്ടു പേര്‍ക്കും..
അതും സാന്റ് വിച്ചും  പെപ്സി മിനിയും ..

വൈകുന്നേരം തനി ആവര്‍ത്തനം യാത്ര  വഴികള്‍.  
ഒന്ന് ഫ്രഷ്‌ ആയി ഫ്ലാറ്റിനു താഴത്തെ പാര്‍ക്കില്‍ സമീപ ഫ്ളാറ്റ സ്ഥരുമായി  കൂടെ ഇല്ലാത്തവരുടെ ദുര്നടപ്പുകളുടെ  വഴി കണ്ടു പിടിക്കുന്ന കളികള്‍..ഇത്തിരി  സീരിയല്‍  ....
ഒന്‍പതു മണിയോടെ   ബോഡി മാസ്  ബോഡി ലെങ്ങ്ത്  ഇന്ടെക്സ് ഒക്കെ നോക്കി  ഒരു സ്പൂണ്‍ ചോറും ഇത്തിരി ബോയില്‍ഡ്  വെജിടബിള്സും  അത്താഴമാക്കി  .. നേരത്തെ ഓണ്‍ ചെയ്തിട്ട  വേള്‍ പൂള്‍  എസിയില്‍  നിതാന്ത നിദ്ര.

കാലം ഇങ്ങനെ പോക വാറെ ...കുഞ്ഞു കാല്‍ കാണുവാന്‍ രണ്ടു പേര്‍ക്കും മോഹം ഉണ്ടായി 
ജോണ്സന്‍  ആന്‍ഡ്‌  ജോന്സന്റെ  പരസ്യത്തിലെ കുഞ്ഞിനെ കണ്ടപ്പോള്‍  പെട്ടന്ന്  ഉണ്ടായ ഒരു തോന്നല്‍..
മൃദു ചര്‍മത്തില്‍ ബേബി  ഓയില്‍ പുരട്ടി കുളിപ്പിക്കാന്‍ സുശീല ചില്ലറ ആഗ്രഹം അല്ല വച്ചത്..
ആ മോഹ വള്ളി പൂത്തു..
പക്ഷെ   ഓഫീസ് യാത്രയും  വീട്ടിലെ സാന്റ് വിച്ചു ഉണ്ടാക്കലും  എല്ലാം കൂടി  കൊണ്ട് പോകാന്‍ സുശീലയ്ക്ക് വയ്യാ..തന്നെയുമല്ല സുശീലന്‍ സമ്മതിക്കുകയുമില്ല  എന്നായി..

എതിര്‍ ഫ്ലാറ്റിലെ  ഇന്ഷുറന്സ്  മാനേജര്‍ മാഡം  അവരുടെ ഫ്ലാറ്റിലും  അടുത്ത ഫ്ലാറ്റ് കളിലും  വരുന്ന ശീലാവതിയെ  സ്ട്രോങ്ങ്‌ ആയി റെക്ക മെന്റ്   ചെയ്തു  ..ഒന്നാമത്തെ കാര്യം പേര് പോലെ  സ്വഭാവം..
തന്റെ  ഹസ്   ടയര്‍ ഫാക്ടറിയിലെ  മാനേജര്‍  രാത്രി ഷിഫ്ടും  കഴിഞ്ഞു  വന്നു പകല്‍ മുഴുവനും ഉറങ്ങുമ്പോള്‍ പോലും ഒന്ന്  തിരിഞ്ഞു നോക്കാതെ വീട്ടിലെ പണി ഒതുക്കി മുന്‍ കതകു ചാരി ശീലാവതി അടുത്ത ഫ്ലാറ്റില്‍ പൊയ്ക്കോളും ..നമ ശിവാ മിണ്ടില്ല.  "അതല്ലേ നമുക്കും ആശ്വാസം "   മാഡത്തിന്റെ ചോദ്യത്തില്‍ സുശീലര്‍ വീണു.

അങ്ങനെ ശീലാവതി വന്നീട്ടു രണ്ടു പേരും ബ്രിയോയില്‍  ജോലിക്ക് പോകുക  പതിവായി..ആ യാത്രയിലെ ചേര്‍ച്ച ഒരു ജൂവലറി പരസ്യം കണ്ടപോലെ ശീലാവതി നോക്കി നില്‍ക്കും..

ഒരു നാള്‍ സുശീലയ്ക്ക്  ഓഫീസില്‍ വച്ച് അതി കഠിനം ചര്‍ദ്ദി ..നില്‍ക്കുന്നില്ല  അവിവാഹിതകള്‍ ആരോഗ്യ മാസികയിലെ  ചര്‍ദി യ്ക്കുള്ള  മരുന്ന് തപ്പി ..പിന്നെ നെറ്റിലും  ബ്രൌസ് ചെയ്തു..രണ്ടു പിള്ളേരുടെ തള്ളയായ ഒരു മാഡം പറഞ്ഞു  "ഇതിപ്പം കൊച്ചെ  അതിന്റെയാ  ഹാഫ് ഡേയ്  ലീവ് എടുത്തു വീട്ടില്‍ പോയി  കെടക്ക്‌"

അപ്പോഴാണ്  സുശീല ഓര്‍ത്തത്‌  സുശീലന്‍ ടൂറിലാ  ..മീറ്റിംഗ്  .  മൊബൈലും ഒഫ് ആയിരിക്കും.
 ഒരു ടാക്സി വിളിച്ചു പോകാം എന്ന്.
ഓട്ടോ വിളിച്ചാല്‍  പേറും  കഴിഞ്ഞേ അങ്ങ് ചെല്ലു  എന്നും.

വല്ല വിധത്തിലും ഫ്ലാറ്റില്‍ എത്തി  ദൈവാധീനം മുന്‍ കതകു ചാരിയിട്ടേ  ഉള്ളൂ   ശീലാവതി  അകത്തു  ബാത് റൂം കഴുകുന്ന ശബ്ദം കേള്‍ക്കാം..

സുശീല കട്ടിലില്‍ ഒന്നിരുന്നു . ഇരുന്നപ്പോള്‍ എന്തോ ആരോ പറയുമ്പോലെ ഒരു തോന്നല്‍ ..
എഴുന്നേറ്റ്  ബാത്ത് റൂമിന്റെ വാതിലില്‍ എത്തി ..അതും ചാരിയിട്ടേ ഉള്ളൂ..
സുശീല ഞെട്ടി  പുറകോട്ടു മാറിയില്ല  അതൊക്കെ പഴയ ഫാഷന്‍ . കതകു  മലര്‍ക്കെ തുറന്നു
 സുശീലനും  ശീലവതിയും  ഈറ്റ  സിനിമയിലെ പോലെ കുളിയോ .. കുളി..മലയാറ്റൂര്‍ മലം ചരുവിലെ പൊന്മാനെ എന്ന പാട്ടിന്റെ ഈണത്തില്‍   ഷവറില്‍  നിന്നും വെള്ളം വീഴുന്നു ..

"ങേ ...ഇതാര ഈ ബാത് റൂമില്‍ എന്നെ കൊണ്ട് വന്നത്? മീറ്റിംഗ് എപ്പം  കഴിഞ്ഞു? "
"ഞാന്‍ എങ്ങനെ ഇവിടെ വന്നു ?  "
"ദേ  മുന്‍പില്‍ നിക്കുന്നു സുശീല  അപ്പം പിന്നെ ഇതാരാ? " ശീലാവതിയെ ചൂണ്ടി സുശീലന്‍ ഞെട്ടി തരിച്ചു നിന്നു.
ശീലാവതി മെല്ലെ ഇറങ്ങി   മുടി ഒക്കെ കെട്ടി വാതിലും ചാരി അടുത്ത ഫ്ലാറ്റില്‍ പോയി.

സുശീലയ്ക്ക് അപ്പോള്‍  വലിയ ഒരു ഓക്കാനം വന്നു പുറകെ ചര്ദിയും  ..
പിന്നെ എന്നോ   ഇന്ഷുറന്സ്  മാനേജരുടെ ഫ്ലാറ്റിലും ചര്‍ദി ഉണ്ടായി..
"ഇപ്പോഴത്തെ    ഒരു തരം  പകര്‍ച്ച വ്യാധി  "    എന്ന് ഹെല്‍ത്ത് ഡയരക്ടര്‍  ടി വി ചാനലില്‍  നല്‍കുന്ന  അഭിമുഖം   ഏകനായി  സുശീലന്‍ സോഫയില്‍ ചാരി കെടന്നു കേട്ട് കൊണ്ടിരുന്നു ...

ഷവറില്‍ നിന്നും  വെള്ളം തുള്ളിയായി വീഴുന്ന ശബ്ദം ഇടയ്ക്കിടെ കേള്‍ക്കാം..





2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ക്വോവാലന്‍ അമ്മാവനും ഒരു ചാക്ക് മുലകളും.

കള്ള കര്‍ക്കിടകം എന്നൊക്കെ  പറഞ്ഞു  കേട്ടിട്ടേ ഉള്ളൂ  ഇതിപ്പം വാവ് ദിവസം കൂടി ആയപ്പോള്‍ എന്താ ഒരു പേമാരി!

വാവിന്റെ അട ഒക്കെ  പുണ്ണ്യ ആത്മാക്കള്‍ക്ക് ഉപചാര പൂര്‍വ്വം അര്പിച്ചു..വണങ്ങി.
മധുര മനോജ്ഞ കേരളത്തില്‍ മറ്റൊരു പ്രശ്നവും ഇല്ല എന്നിരിക്കെ, 
മദ്യം മാത്രം ഒരു തല വേദന ആയതു കൊണ്ട്  അതൊന്നു ഒഴിവാക്കിയാല്‍ ഇവിടം സ്വര്‍ഗം!! 
ആയതിനാല്‍ അതിനു ലേശം വിലക്കൂട്ടി എന്നും, അത് കൊണ്ട് "അളവില്‍ ശകലം കുറയും" എന്ന് പറഞ്ഞും കൊണ്ട് പിതാക്കന്മാര്‍ക്കു സ്വല്പം  മല്യയുടെ  രുദ്രനേം സമര്‍പ്പിച്ചു. 
എന്നാല്‍ ഇനി അസുഖമായിരിക്കുന്ന സുഹൃത്തിന്റെ അച്ഛനെ ഒന്ന് കാണാം എന്ന് കരുതി അവന്റെ വീട് വരെ ഒന്ന് പോയി.

അവിടെ ചെന്നപ്പോഴോ  അശ കൊശലെ മഴയത്ത്  അച്ഛന്‍ വരാന്തയില്‍  ഇരിക്കുന്നു..ശേഷം അസുഖ വിവരങ്ങള്‍  ആശ്വാസ വാക്കുകള്‍..അപ്പോള്‍ സുഹൃത്തും ഒന്ന് രണ്ടു പേരും അകത്തോട്ടു ക്ഷണിച്ചു..
"ഏതായാലും വാവാ,   എല്ലാരും ഇവിടൊക്കെ തന്നെ ഉണ്ട്..അവരുടെ സന്തോഷത്തിനു ഒരെണ്ണം നമുക്കും നേദിക്കാം.."  വെറും വാ ചവയ്ക്കുന്ന ഉമ്മ  അവല്     കണ്ടാല്‍ വിടുമോ എന്ന് പറഞ്ഞ പോലെയായി എന്റെ കാര്യം.
മാര്ട്ടല്‍" എന്ന സായിപ്പിന്‍ കുഞ്ഞ്  രണ്ടു മൂന്നെണ്ണം കഴിഞ്ഞപ്പോള്‍ അരുമ സുഹൃത്തിനു ഒരു പൂതി..
"നമുക്ക് എല്ലാവര്ക്കും കൂടി കുറത്തിയാട് വരെ ഒന്ന് പോയാലോ..അമേരിക്കയില്‍ നിന്നും വഹേല്‍ ഒരമ്മാവന്‍ ഒത്തിരി നാളിനു ശേഷം വന്നിട്ടുണ്ട്..ഞാനും കണ്ടിട്ട് ഒരു പാടായി..ഇന്നലേം വിളിച്ചു അങ്ങോട്ട്‌ ചെല്ലാന്‍ "

കട്ടിലേല്‍ കെടന്നാലും വണ്ടീടെ ആക്സിലേറ്ററില്‍ കാല് കൊടുത്തു പോകുന്ന , വെറുതെ ആണെങ്കിലും എവിടെങ്കിലും കറങ്ങി രാത്രി  മാത്രം വീടണയുന്ന അടുത്ത സുഹ്രത് സഹോദരന്‍ അപ്പോഴേ വണ്ടിയ്ക്കകത്തു ചാടി കയറി ഇരിപ്പായി., കൂടെ മറ്റുള്ളവരും...രഥം ഉരുണ്ടു സ്ഥിരം തമാശുകള്‍ ..രസ ..രസായനങ്ങള്‍..

അങ്ങനെ കുറത്തിയാടെത്തി എല്ലാവരും മുന്‍വശത്തെ തിണ്ണയില്‍ കസേരയില്‍ കിടക്കുന്ന ഒരു പട്ടിയ്ക്കു പല വശങ്ങളിലുമായി ആസനസ്ഥരായി..ഇടയ്ക്കിടെ പട്ടി കണ്ണ് തുറന്നു നോക്കും പിന്നേം പകല്‍ നിദ്ര..മഴയുടെ ആലസ്യം..ഏതോ വിദേശ കുഷ്യന്റെ മൃദുത്വം..ഞങ്ങള്‍ ചെന്നതില്‍ പരിഭവം ഒന്നുമില്ല എന്ന് തോന്നുന്നു..ആഥിത്യ  മര്യാദ കണ്ടു പഠിയ്ക്കണം.

അമ്മാവന്റെ വരവായി.  
ചൊട്ട ചാണ്‍ നീളം. കഷായ കലത്തിനു കണ്ണും മൂക്കും വരച്ചു അതില്‍  ഒരു ല കൊസ്ടെ" ബനിയനും ഇട്ടു കണ്ണില്‍ ഏതോ വില കൂടിയ കണ്ണാടി കമ്പനിയുടെ പരസ്യം പോലെ ഒരു കണ്ണാടീം.  ഊറിയ ബ്രൂട്ടിന്റെയോ എന്തോ ഒരു മണവും. മുഖം ഒരു എഴുപതും ശരീരം ഒരു അമ്പതു വയസും പറയും..    എല്ലാരും എഴുന്നേറ്റു വന്ദിച്ചു.

വന്ന പാടെ ഉടുത്തിരുന്ന ഫോറിന്‍ കൈലിയുടെ കോന്തല പൊക്കി ചിറിയും മുഖവും ഒന്ന് തുടച്ചു. മോശമല്ലാത്ത ഒരു ഏമ്പക്കം ഫിറ്റ് ചെയ്തു.."എല്ലാ കോവലന്മാരും ഇരുന്നാട്ടെ ..."കട്ടി കാക്കി തുണി വലിച്ചു കീറുന്ന ഒച്ചയില്‍ കണ്ണാടീടെ കീഴില്‍ കൂടി നോക്കി പറഞ്ഞു.

ആരേം പരിചയപ്പെടുന്നതിനും ഒന്നും മെനക്കെട്ടില്ല ..അകത്തേയ്ക്ക് നോക്കി ഉച്ച സ്ഥായിയില്‍ കീറി..
"മോളെ  ആ കുപ്പീം വെള്ളോം രണ്ടു മൂന്നു ഗ്ലാസും ഇങ്ങെടുത്തോ.." 
"ആരാ അമ്മാവാ മോളും വന്നിട്ടുണ്ടോ"  സുഹൃത്തിന്റെ ആകാംഷ..
"ഓ..അത് വകേല്‍ ഒരു മരു മോളാ അവളിവിടാ താമസം.."
മരുമോള്‍ വെള്ളം കൊണ്ട് വച്ച് തിരുവാതിര പോലെ ടീ പോയ്ക്ക് ചുറ്റും കറങ്ങി അകമേ വിലസി..
അമ്മാവന്‍ എന്തോ ഒരു  കുപ്പി കുടിച്ച് കൊണ്ടിരുന്നതിന്റെ ബാക്കി എല്ലാവര്ക്കും പകര്‍ന്നു..
"വേണ്ട കൊവലന്മാര്‍ എടുത്തു കുടിച്ചാട്ടെ" എന്നും പറഞ്ഞു സ്വന്തം ഗ്ലാസ് ബോട്ടംസ് അപ്പാക്കി.
ചര്‍ച്ചകള്‍ പലവിധം ..

അമ്മാവന്‍ അമേരിക്കന്‍ കാര്യങ്ങള്‍ ഒബാമയിലും സൂക്ഷ്മമായി പറഞ്ഞു..പക്ഷെ ബുഷും , ഒബാമയും , ഹില്ലരിയും എല്ലാം ക്വോവാലന്മാര്‍ " മാത്രം.! 
എന്തിന് ഭിത്തിയില്‍ കണ്ട   ഫോട്ടോ  ചൂണ്ടി ആരോ ചോദിച്ചു "അത്   അച്ഛന്‍ ആണോ " എന്ന് 
"ആ കോവാലന്‍ അച്ഛനാ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്"     അമ്മാവന്‍ .

അങ്ങനിരിക്കെ ഇടി വെട്ടുന്ന ഒച്ചയില്‍ എല്ലാവരോടുമായി അമ്മാവന്‍ ചോദിച്ചു 
" കോവാലന്മാരെ, നല്ല മുഴുത്ത മുലകള്‍ പത്തിരുപതെണ്ണം കിട്ടാന്‍ എന്താ വഴി"?
ഞങ്ങള്‍ ആകെ ഞെട്ടി ...ഇനി മുല എന്നുദ്ദേശിച്ചത് എന്തായിരിക്കും..ഏയ്‌  'മാമറി ഗ്ലാന്റ്റ് ' ആയിരിക്കില്ല. എല്ലാവരും മുല എന്ന് പറയുമെങ്കിലും ഇങ്ങനെ അലറി പറയില്ല ..
തന്നെയുമല്ല വീട്ടില്‍ പെണ്ണുങ്ങള്‍ ഒക്കെ ഉള്ള സ്ഥിതിയ്ക്ക്.  അതും മരു മകള്‍

"എന്താടാ കോവാലന്മാരെ ഒന്നും മിണ്ടാത്തത്..നിങ്ങള്‍ അങ്ങ് ന്യു ജെഴ്സിയിക്ക് വാ അല്ല ആഫ്രിക്കന്‍ മുലകള്‍ ഞാന്‍ തരാം.."  അമ്മാവന്‍ ചിരിച്ചോണ്ട് പറഞ്ഞു. ഗുട്ടന്‍സ് കിട്ടാതെ ഞങ്ങളും..

"അങ്ഗത്തില്‍ ഇരുത്തി എന്‍ കൊങ്ക തടങ്ങള്‍..എന്നൊക്കെ ഏതോ കോവാലന്‍ എഴുതിയിട്ടുണ്ടല്ലോ.."

അമ്മാവന്റെ സാഹിതീ കൌതുകം അറിഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് സാക്ഷാല്‍ മുല ' തന്നെ എന്ന് മനസ്സിലായി.
"അല്ല ഈ പത്തിരുപതു എണ്ണം.." ഒരുവന്റെ സംശയം..
"അതോ..ഡാ കോവാല അവിടെ കിട്ടുന്ന ഫിലിപ്പീനി ആഫ്രിക്കന്‍ ഒന്നും കൊള്ളില്ലടാ..എനിക്ക് നമ്മുടെ നാടിന്റെ മണമുള്ള ..മുഴു മുഴുത്ത ...വലിപ്പം എത്ര കൂടിയാലും കുറഞ്ഞത്‌ വേണ്ടാ..സാധനങ്ങള്‍ കിട്ടുമെങ്കില്‍ ഒപ്പിച്ചു താ  ചോദിക്കുന്ന കാശ്  കൊടുക്കാം.."

നാടിന്റെ മണമുള്ള മറ്റു പലതും കേട്ടിട്ടുണ്ട്..ഇതാദ്യം.  
"അല്ല ഇത് മാത്രമായി കിട്ടില്ലല്ലോ ഇതിന്റെ ഉടമസ്ഥരും കൂടെ കാണില്ലേ.."  കൂട്ട് കാരന്‍ വിടാന്‍ ഭാവമില്ല..
"ഓ അതിനൊന്നും എന്നെ കൊണ്ട് വയ്യാ..പിന്നെ ചുമ്മാ ഇങ്ങനെ തല ചായ്ച് ഉറങ്ങാനും ..ഉരുംമാനും.."

 എനിക്ക് അടി മുതല്‍ മുടി വരെ ഒരു വിറയല്‍, വയറ്റില്‍ കെടന്നു ഉരുട്ടുന്നപോലെ  ഓക്കാനം..
അച്ഛന്റെ പ്രായമുള്ള കെളവന്റെ ഒടുക്കത്തെ കഴപ്പ്..കയ്യില്‍ എവിടുന്നോ കുറെ കൂറ പൈസ ഉള്ളതിന്റെ നെഗളിപ്പും .. ദൈവമേ വന്നും പോയി..സ്നേഹിതന്റെ അമ്മാവന്‍ ..അവനെ കരുതണമല്ലോ..
ഞങ്ങള്‍ ദീര്‍ഖ നിശ്വാസത്തില്‍ മറുപടികള്‍ ഒതുക്കി..എന്നാല്‍ ഒരുത്തന് പിന്നേം അറിഞ്ഞേ പറ്റൂ..
"അതെ ഞാന്‍ ...ഒരു ചാക്ക് സാധനം.." അവന്‍ തുടങ്ങിയതും ഒരു മൂന്നു നാല് കൂട്ടം "നാടന്‍  മുഴുത്ത " പ്രയോഗം എല്ലാം മറന്നു ഞാനങ്ങു പറഞ്ഞു പോയി..അവന്‍ എന്നെ ക്രുദ്ധിച്ചു നോക്കിയപ്പോള്‍ നിന്നെയല്ല ഇയാള്ക്കിട്ടു പറഞ്ഞതാ..എന്ന് കണ്ണടച്ച് കാണിച്ചു.
എന്റെ (അല്ല ഞങ്ങടെ )ധര്‍മ സങ്കടം അവനു ബോധിച്ചു.
മുഴുത്ത നാടന്‍ പ്രയോഗം കേട്ടതും അമ്മാവന്‍ ചാടി എഴുന്നേറ്റു ..അനന്തിരവന്‍ സുഹൃത്തിനോടായി പറഞ്ഞു..
" ഈ മാതിരി വൃത്തി കെട്ട കോവാലന്മാരേം കൊണ്ട് മേലാല്‍ എന്റടുത്തു വന്നേക്കരുത് ..ഞങ്ങളൊക്കെ അന്തസ്സായി കഴിയുന്നവരാ ഇവിടേം, അവിടേം ..വീട്ടില്‍ ഇരുന്നു ഇങ്ങനൊന്നും ആരും  പറയുകേല്ല , ഇവനൊക്കെ വല്ലോം കൊടുത്ത് അങ്ങ് പറഞ്ഞു വിട്ടേക്കണം"

"അമ്മാവാ ക്ഷമിക്കണം.." എന്ന് മാത്രം ഞാന്‍ പറഞ്ഞു..പ്രായത്തെ മാനിക്കാന്‍ മറന്നു..

ദൈവമേ   ഇനി അന്തസ്സും കുടുംബ സ്ഥിതീം ഒക്കെ തിരിച്ചറിയാന്‍ ഏതു കോളജില്‍ പോയി പഠിയ്ക്കണം..
തനി നാടന്‍ ആയിട്ടുള്ളത്  എല്ലാം   ഫോറിന്‍ നാടന്മാര്‍ തല വച്ച്  മയങ്ങാനും ഉരുംമാനും    എടുക്കുന്ന കൂട്ടത്തില്‍ ഈ മെലിഞ്ഞ അന്തസ്സെങ്കിലും കാണാതെ പോകണേ..അവര്‍ക്ക് തല വയ്ക്കാന്‍ പോയിട്ട് ഒന്ന് മണക്കാന്‍ പോലും ഉള്ള കെല്‍പ്പ് ഇതിനില്ലേ ഇല്ല.....
ഈ വൈരുദ്ധ്യാത്മക പ്രാര്‍ത്ഥന തുടരവേ സുഹൃത്ത് തോളില്‍ തട്ടി..
മെല്ലെ പറഞ്ഞു
"സാരമില്ല ..ഇതും ഒരനുഭവം അല്ലെ.."
പക്ഷെ ഞാന്‍ അപ്പോഴേയ്ക്കും  ആ വീട്ടില്‍ അന്തി ഉറങ്ങുന്ന മരു മകളുടെ മുലകള്‍ മുഴുത്തു  എന്ന് കണ്ടു പിടിച്ചിരുന്നു..
അല്‍പ നേരത്തെ സഹവാസം ആകാം അല്ലെങ്കില്‍ വാസന ആകാം..
അന്തസുള്ള അവയവങ്ങള്‍.
ഏതു കുടുംബത്തില്‍ പെറന്ന കോവാലനും പറ്റിയത്..!!!


2011, ജൂലൈ 2, ശനിയാഴ്‌ച

വാസ്തു പുരുഷന്‍ വന്ന വഴി..

മേട മാസം . 
ഉത്തരായനം ഉച്ച സ്ഥായിയില്‍ . 
പത്താമുദയം എന്തിനും നല്ല നാള്‍.  കടമ്മനിട്ട പടയണി ഉറഞ്ഞു തുള്ളുന്നു..ഉള്ളിലും പുറത്തും.
അര്‍മ്മാദിക്കാന്‍   ഇതിലും നല്ല ഒരു ദിവസമില്ല.   
    
സൂര്യ ദേവന്‍ കീഴോട്ടു നോക്കി സുസ്മേര വദനനായി ഭൂമി ദേവിയെ വല്ലാതെ ക്ഷണിക്കുമ്പോള്‍ ഈ പാവം ഞാന്‍ ഒന്നുമറിയാതെ അയ്യായിരം രൂപ പോയതില്‍  കത്തുന്ന  സൂര്യനെ നോക്കി ഇരിക്കുകയായിരുന്നു... 
ഭൂമിയെ മറന്നും പോയി..
കാരണം ആകെ ഉണ്ടായിരുന്ന സേവിങ്ങ്സ് അക്കൌണ്ട് ബാലന്‍സ് , ഒരു വെടിക്കുള്ള മരുന്ന് ..അമ്പേ അടിച്ച് ഊറ്റി എടുത്തു കളഞ്ഞു ,തേയില സഞ്ചി തിരിച്ചിടും പോലെ.  
ആവ നാഴി ശൂന്യമായി ഒട്ടും പോരാളി അല്ലാത്ത ഞാന്‍ 
വയ്യാത്ത പട്ടി കയ്യാല കേറി എന്ന് പറയുമ്പോലെ..ഇഴഞ്ഞും വലിഞ്ഞും...മോങ്ങി പോയി..
ഒന്നുമല്ലെങ്കില്‍ എത്ര ഫുള്ളിന്റെ കാശാ  എന്റെ ദൈവേ..


ഇനി കഥയുടെ മര്‍മം .."അല്ലെങ്കില്‍ അവിടെ കിടക്കുന്നു അതിന്റെ മുന" (there lies the point) എന്ന് പണ്ട് എം കൃഷ്ണന്‍ നായര്‍ സര്‍ ആരെയോ കളിയാക്കി പറഞ്ഞത് പോലെ..

അടുത്ത സുഹൃത്ത് , കോടികള്‍ ഇട്ടു അമ്മാനം ആടുന്നവന്‍ , സുമനസ് , ഊര് ചുറ്റാന്‍ ഉലകം ചുറ്റും വാലിബന്റെ ഒക്കെ അച്ഛന്‍ ...കാണുന്നിടം ഒക്കെ വസ്തു വഹകള്‍...വണ്ടികള്‍ അനവധി..കുണ്ടാമണ്ടികളും..
അങ്ങനെ പുണ്യ നദി (ഇ കോളിയാല്‍ അനുഗ്രഹിക്കപ്പെട്ട ) പമ്പയുടെ നേര്യതിന്‍ കസവ് കരയില്‍  നിറയെ ജാതി മരങ്ങള്‍  പൂത്തു  നില്ല്കുന്ന   ഇത്തിരി സ്ഥലം വാങ്ങി ഒരു നാലുകെട്ട് നിര്‍മിക്കുവാന്‍ ആലോചന, യോഗങ്ങള്‍ പലതു കഴിഞ്ഞു..പലര്‍ , പലത്, പഴം കൂട്ടിയും അല്ലാതെയും..

ഒട്ടും മനസോടെ അല്ലെങ്കിലും   വെള്ളോം ഗ്ലാസും ചുമ്മി ചുമ്മി  വാരി കുന്നന്‍  കുടം വയറന്‍   വഴുക" കുമാറിന്റെ  'സ്മാര്‍ടെക് " ചപ്പല്‍ (മുപ്പതു വയസിലും അവിവാഹിതന്  കാവ്യയോടുള്ള കനത്ത ആരാധന!)  തേഞ്ഞു ഉപ്പൂറ്റി ഭുമിയെ സ്പര്‍ശിച്ചു..
എങ്കിലും ഒരു തീര്‍പ്പ് ഉണ്ടായി കണ്ടേ മാറു എന്ന് വാശി..കാരണം നാല് കെട്ടിന്റെ പൂ മുഖത്തിരുന്നു അങ്ങേ കടവില്‍ കുളിസീന്‍ ലോങ്ങ്‌ സൈറ്റില്‍ കാണാമല്ലോ .. അഞ്ചു പൈസ മുടക്കുമില്ല!    അത് തന്നെ ആശ്വാസം.  മുതലാളിയ്ക്കും മുഷിയാത്ത വിഷയം!

ചര്‍ച്ചകള്‍ക്ക് പരി സമാപ്തി ആയി..വെള്ള പുക ഉയര്‍ന്നു. "എത്ര രൂപ ആയാലും നാലു കെട്ടു തന്നെ പണിയും"  നല്ലവനായ സുഹ്രത്തിന്റെ കല്ലും പിളര്‍ക്കുന്ന നിശ്ചയ  പെരുമ്പറ ഉച്ചത്തില്‍ മുഴങ്ങി. 
എല്ലാവരും തല ആട്ടി സമ്മതം !

ഇനി വേണ്ടത് ഒരു വാസ്തുകാര്യ വിദഗ്ധന്‍ ..
'"ചുമ്മാ കണാ കുണാ ഒരുത്തനെ കൊണ്ട് വന്നീട്ടു കാര്യമില്ല ഏറ്റവും കൂടുതല്‍ ഇതിനെ പറ്റി അറിയാവുന്ന ആള് തന്നെ വേണം   അല്ലെങ്കില്‍ ഞങ്ങടെ അപ്പുറത്തെ വീട്ടില്‍ വാസ്തു കാരന്‍ വന്നു കുളിമുറിയില്‍ കിഴുത്ത ഇട്ടപോലെ ഇരിക്കും ...ഇപ്പം അയലത്തെ പിള്ളര്‍ അത് വഴി നോക്കിയാ കുളി സീന്‍ കാണുന്നെ..ഹ, ഹ.." 
ആഹാര നീഹരമാല്ലാതെ ഒന്നിനെയും പറ്റി ഒന്നും തന്നെ അറിയാത്ത അല്ലെങ്കില്‍ അറിയാന്‍ കൂട്ടാക്കാത്ത അജിയുടെ നിര്‍ദേശം!

കാര്യ ഗൌരവം പിടിച്ചു ..  ഒന്ന് നീട്ടി തുപ്പി ഉടയോന്‍ തല ആട്ടി .
അജി   നിറച്ചു വീണ്ടും ഗ്ലാസ്..
റെമി മാര്‍ട്ടിന്‍    തവിട്ടു കലര്‍ന്ന സ്വര്‍ണ നിറത്തില്‍ ഊറിയ മുന്തിരി മണവുമായി അങ്ങനെ കുണുങ്ങി കിടന്നു ഗ്ലാസില്‍..മദാലസ തന്നെ.!

"എന്റെ കൊച്ചാട്ട ഇവിടുത്തെ ഗുരുകുലത്തില്‍  ഇതെല്ലാം    ഇല്ലിയോ..?
"അവിടല്ലിയോ ഏതോ ഒരു ഷീല്‍ഡ് എന്ന് പറയുന്ന ഒരുത്തി ഉള്ളത്   ?
നേര്ച്ച മുട്ടന്‍ എന്ന് വിളിയ്ക്കുന്ന  ഒട്ടും പതുക്കെ പറയാന്‍ അറിയാത്ത   സന്തത സഹചാരി..സംശയം എടുത്തിട്ടു..

"ഓ അവിടെ അതിനും മാത്രമൊന്നും അറിയാവുന്ന ആളില്ല..പിന്നെ എങ്ങാണ്ട് കൊഴികൊട്ടുന്നോ മറ്റോ ഒരു നമ്പൂതിരി വരുന്നുണ്ട്..മുടിഞ്ഞ   ചാര്‍ജാ..ഞാന്‍ ഒന്ന് നോക്കിച്ചതാ ..നീലാണ്ടന്‍ ആശാരി പറഞ്ഞതിനപ്പുറം ഒന്നും പുള്ളികാരനും പറഞ്ഞില്ല..വസ്തു കെഴക്കോട്ട്  മാറ്റിയാല്‍ നല്ലതാന്ന്  !!!" മുന്നാമന്‍ മുക്കണ്ണന്‍ എന്ന് വിളി പേരുകാരന്‍   സംഘം ചേര്‍ന്നു. 

ഇനി എന്റെ ഊഴം.." ഇതൊക്കെ എന്നാ അല്ലെങ്കില്‍ ഉണ്ടായേ?  എല്ലാം കച്ചോടം അല്ലാതെന്താ.."
'പണ്ടൊക്കെ മൂത്താശാരിമാര്‍ പറഞ്ഞ കാര്യങ്ങള്‍ ,  താളിയോല ..ഗ്രന്ഥം എന്നൊക്കെ പറഞ്ഞു ഇപ്പൊ ചില പുത്തന്‍ ശാസ്ത്ര വിശാരദന്മാര്‍ പടച്ചു വിടുന്നു, അതിനു ഏണി  ചാരി കൊടുക്കാന്‍ കുറെ പുതു   കൂറു കാരും'..
സ്നോബെറി എന്നല്ലാതെ എന്ത് പറയും..നല്ല കാറ്റും വെളിച്ചവും കിട്ടുന്ന വീടെല്ലാം നല്ലത് തന്നെ  പഴയ വീടുകളില്‍ ഏതാ  മോശം.." ഞാനങ്ങു പണ്ഡിത വര്യനായി.

ഒന്ന് മൂരി നിവര്‍ന്നു ഉടയോന്‍ പറഞ്ഞു.."എന്റെ ഒരു സുഹൃത്തിന്റെ അടുത്ത കൂട്ടുകാരന്‍  ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നു എന്ന് പറഞ്ഞു..അങ്ങേരെ തന്നെ കൊണ്ട് വരാം" നോക്കിയ   എടുത്തു അന്നേരം തന്നെ വിളിച്ചു..നീണ്ട സംസാരം ..
ഒടുവില്‍     " ഏതായാലും ഇപ്പൊ വിളിച്ചത് കാര്യം ..ആ പുള്ളി കാരന്‍ അടുത്ത ആഴ്ച വാസ്തു ശാസ്ത്ര കൊണ്ഗ്രസില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ പോകുവാ..മറ്റന്നാള്‍ വരാന്‍ പറയാം എന്ന് പറഞ്ഞു."

'ലണ്ടനിലും മറ്റും പോകണമെങ്കില്‍ അയാള്‍ മോശക്കാരനല്ല"... ലണ്ടന്‍ എവിടെ എന്നറിയാതെ അജി.
'അവിടുത്തെ സര്‍കാര്‍ വിളിപ്പിച്ചതാകും ..ഇവിടല്ലേ ഇതിനൊന്നും വില ഇല്ലാത്തത്" 
ചര്‍ച്ച റോക്കറ്റ് പോലെ ഉയര്‍ന്നു.


ഒന്ന് രണ്ടു ഒഴിപ്പ് കൂടി കഴിഞ്ഞപ്പോള്‍ ഉടയോന്റെ നോക്കിയ പിന്നേം ചിലച്ചു..

" ആ, സാറേ വല്യ ഉപകാരം. അങ്ങേ പോലെ ഒരാള്‍ വെറും ഒരു ഫോണ്‍ കോളിന്റെ പേരില്‍ ഇങ്ങു വരാം എന്ന് പറഞ്ഞല്ലോ.. ഞാന്‍ വണ്ടി അങ്ങോട്ട്‌ വിടാമായിരുന്നു.." ഉടയോന്റെ ഭവ്യത ഈശ്വരനെ കണ്ട പോലെ..

"പുള്ളിക്കാരന്‍ മറ്റന്നാള്‍ വരും.." ഞങ്ങളെ നോക്കി ഉടയോന്‍ പല്ല് കാട്ടി ചിരിച്ചു..

"എന്തോ കൊടുക്കണ്ടി വരും" മുക്കണ്ണന്‍ സാമ്പത്തിക വിദഗ്ദ്ധനായി..

"ഓ, അയാള്‍ക്ക്‌ ഇതൊരു നേരം പോക്കാ ..വല്യ വല്യ മാളികകള്‍ അങ്ങ് ഗള്‍ഫില്‍ പോലും ഇയാളല്ലിയോ ഊവ്വേ അങ്ങോട്ട്‌ വാസ്തു നോക്കി കൊടുക്കുന്നത്  അതിനൊക്കെ ലക്ഷങ്ങള്‍ അല്ലിയോ കിട്ടുന്നെ..
ഇതിനു   പിന്നെ വണ്ടിക്കൂലിയോ വല്ലോം.."  
ഇത് വരെ അറിയാത്ത കാര്യം ഉടയോന്‍ എടുത്തു വെളമ്പി.
"എന്തായാലും എല്ലാവരും മറ്റന്നാള്‍ രാവിലെ തന്നെ ഇങ്ങു പോരണം , ഒത്താല്‍ അന്ന് കുറ്റീം അടിക്കാം"
ഉടയോന്‍ കൂട്ടി ചേര്‍ത്തു

സഭ നിര്‍ത്തി വച്ചു. താല്‍കാലികമായി പിരിഞ്ഞു.

അന്നേ ദിവസം കുളിച്ചു  കുറീം  ഇട്ടു  ഉത്സാഹത്തോടെ എല്ലാവരും ആറ്റിറമ്പിലെ ജാതി മര  ചോട്ടില്‍ എത്തി.
ഒരു മോഹന്‍ ലാലോ മമ്മൂട്ടിയോ മിനിമം സുരേഷ് ഗോപിയോ വരുന്ന "സംത്രാസം"!!!
അങ്ങനെ നിക്കുമ്പോള്‍ അതാ വരുന്നു ഒരു മാരുതി എണ്ണൂര്‍...അതിനു പുറകില്‍ ഒരു ഫോര്‍ഡും.
എല്ലാവരും മാരുതിയെ തഴഞ്ഞു ഫോര്‍ഡിനെ വരവേല്‍ക്കാന്‍ ചെന്നു..
അതില്‍ മുതലാളീടെ സുഹൃത്ത്‌ മാത്രം.

'അപ്പോള്‍ മറ്റേ സാര്‍ വന്നില്ലേ"   ഫോര്‍ഡ്  കാരനോട്   അജീടെ ചോദ്യം.
"ആ സാറാ  മാരുതിയില്‍" ഫോര്‍ഡ് കാരന്‍ പറഞ്ഞു.

"ഓ അതിനാത്താന്നോ" അജിയ്ക്ക് അത്ര പിടിച്ചില്ല.

എല്ലാരും സാറിനെ വരവേറ്റു. 
കുറ്റി അടികാരന്‍ , അച്ഛന്‍ അമ്മ അളിയന്‍ നെല്ലിക്ക ചാക്കിന്റെ വാ കീറിയപോലെ കുറെ പിള്ളാരും ആകെ ഭഗവാന്‍ എഴുന്നെള്ളിയ പോലെ..
വള്ളപ്പാട്ടിന്റെ മാത്രം ഒരു കുറവേ കണ്ടുള്ളൂ..

എന്റെ അഹന്തയും ശമിച്ചു തുടങ്ങി..വാസ്തു  എന്നും പറഞ്ഞു കളിയാക്കിയ ഈ മനുഷ്യനു കിട്ടുന്ന ആദരവേ..
മനുഷ്യനെ മരണത്തില്‍ നിന്നും കര കേറ്റി വിടുന്ന അതി വിദഗ്ധ ഭിഷഗ്വരനും  പരമാണു  ശാസ്ത്രജ്ഞനും കിട്ടാത്ത ആദരം.
ഞാന്‍ എത്രയോ ചെറിയവന്‍.  എല്ലാം കഴിഞ്ഞു അദ്ധേഹത്തെ ഒന്ന് പരിചയപ്പെടണം.

അളവൊക്കെ എടുത്തു ..യമ കോണും അഗ്നി കോണും എല്ലാ കോണും കോണോടു കോണ്‍ പിന്നേം തിരിച്ചു..
തകൃതിയില്‍ വിളക്ക് കൊളുത്തി കിഴക്കോട്ടു തിരിഞ്ഞു ദക്ഷിണയും വച്ചു കുറ്റി അടി കഴിഞ്ഞു.
അവലും പഴോം അപ്പളെ പിള്ളര്‍ മുക്കി!
ഇനി കാപ്പി കുടി.

സാറ്  സ്റ്റീല്‍ മൊന്തയില്‍ നിന്നും ശകലം ചായ എടുത്തു ..ഞാന്‍ കൈ കൂപ്പി അങ്ങോടു ചെന്നു.
"ദിവകരെന്ദ്വോ  സ്മരഗു കജര്‍ക്കജു ഗദ പ്രദു..."   "ഹോരയാ " എന്നെ നോക്കി ചിരിച്ചു കൊണ്ട് സാര്‍.
" ഹോ അപ്പോള്‍ ജ്യോതിഷീം ആണ് അല്ലെ ?" എന്റെ ചോദ്യം..
"അല്പം കവടി, ലക്ഷണം ഒക്കെയുണ്ട്..ജ്യോതിഷത്തില്‍ എം എ, ഫിലോസഫി എം എ ..ഇപ്പോള്‍ വാസ്തുവില്‍  ഗവേഷണം."  സാര്‍ പറഞ്ഞു..

"നിങ്ങളെ കണ്ടിട്ട് ആളൊരു വിദ്വാന്‍ എന്ന് തോന്നും" ..ലക്ഷണമാ ...അല്ലാതെ ശരി ആകണമെന്നില്ല.."
സാറ് പിന്നേം ഹോര എടുത്തു മൂളി..

"ഇല്ല സാര്‍ ഇങ്ങനെയൊക്കെ അങ്ങ് കഴിയുന്നു.. എന്റെ വീട്   ഇവിടെ അടുത്താ.. സമയം കിട്ടുമ്പം സാര്‍ ഒന്ന് വരണം , ഭാര്യക്ക് ജ്യോതിഷ പഠനം വളരെ താല്പര്യമാ "
"ഓഹോ..ആ മഹതിയെ ഇന്ന് തന്നെ കണ്ടു കളയാം'
ഇത്ര തെരക്കിനിടയിലും അദ്ദേഹം വരാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും ചുരുങ്ങി.!

താമസം വിനാ എല്ലാ പടകളും കൂട്ടി വീട്ടില്‍ എത്തി..
ഉപചാര പൂര്‍വ്വം സാറിനെ ഇരുത്തി ..ഭാര്യയോടു കുശലങ്ങള്‍ , ജ്യോതിഷ അന്ന്യോന്ന്യങ്ങള്‍..
"ഇവര്‍ മിടുക്കിയാ ..ഈ തൊഴിലില്‍ പ്രശസ്തയാകും ..പക്ഷെ ഈ വീടിന്റെ ഇപ്പോഴത്തെ കിടപ്പില്‍ അത് ബുദ്ധി മുട്ടാ.." സാറ് അര്ധോക്തിയില്‍ പ്രവചനം അവസാനിപ്പിച്ചു..

കേട്ട് നിന്ന ഞങ്ങള്‍ ഒന്നിച്ച്  " എന്ന് വച്ചാല്‍ എന്താ സാറേ"

ഇത് കുഴയുമല്ലോ ഈശ്വര എന്ന് ഞാന്‍ മനസ്സില്‍ കരുതി..

"ഇത് വരെ ഈ വീടിനു കുഴപ്പം ഒന്നും കണ്ടില്ല..ഇതിന്റെ ഈ കെടപ്പ് തുടങ്ങിയിട്ട് പത്തറുപതു കൊല്ലോം കഴിഞ്ഞു..പിന്നെ മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പുറത്തു പോകില്ല ..അത് ഓടിന്റെ കുഴപ്പം..ഇതിപ്പം...."

ഞാന്‍ തര്‍ക്കിച്ചു.
"അതല്ല മാഷേ , എനിക്ക് ഈ വീടും പറമ്പും എല്ലാം അളക്കണം ..അടുത്ത ആഴ്ച ലണ്ടന്‍ യാത്ര കഴിഞ്ഞു  ശനിയാഴ്ച  ഞാന്‍ ഇവിടെ   വരും . ഇത് ശരിയാക്കിയെ തീരു."

സാറ് യാത്ര പറഞ്ഞു ഇറങ്ങി.  മാരുതി ഇഴഞ്ഞും ഫോര്‍ഡ്  ഒഴുകീം പോയി മറഞ്ഞു.

"ഇപ്പം കണ്ടോ ..ചുമ്മാ ഇതിനെയൊന്നും അങ്ങനെ തള്ളി പറയരുത്.."
നാല് കെട്ടുകാരന്‍ സുഹൃത്തിന്റെ പരിഹാസം.

' അയ്യോ , അല്ലേലും ഇങ്ങേര്‍ക്ക് എല്ലാത്തിനേം പുച്ഛമാ ..ഇതൊന്നും ശാസ്ത്രം അല്ല പോലും"
കിട്ടിയ വടി കൊണ്ട് ഭാര്യേടേം  വഹ..

ഞാനാകെ ..കുഴപ്പത്തിലായി..മുന്നില്‍ കിടന്ന പത്രത്തില്‍ കണി മൊഴി   മൊഴി മുട്ടി തിഹാര്‍ ജയിലില്‍ കയറുന്ന ചിത്രം.

"എന്റെ അണ്ണാ  ചേച്ചി ജ്യോതിഷി ആയാല്‍ അണ്ണന്  അതൊരു സഹായമാവില്ലേ..ഒന്നുമല്ലെങ്കില്‍ ഈ തീ വിലയ്ക്ക് വീട്ടിലെ സാധനങ്ങള്‍ എങ്കിലും..."  അജി കൂടെ ഉണ്ടായിരുന്ന കാര്യം ഞാന്‍ മറന്നു..

"ഇത് നല്ല ചന്സാ അയാള്‍ക്ക് വലിയ ആര്തിയൊന്നും പൈസയോടു ഒട്ടില്ല താനും..പുള്ളി ആത്മാര്ധത കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്.."

നിമിഷം ദുര്‍ബ്ബലമായി..ഞാനും തല ആട്ടി. എല്ലാരും പിരിഞ്ഞു.

ശനിയാഴ്ച പെട്ടന്ന് വന്നു..
കാലത്തേ എന്നെ വിളിച്ചു സുഹൃത്ത്‌ പറഞ്ഞു "സാറ് രാവിലെ തന്നെ വീട്ടില്‍ വന്നു..കാപ്പി കുടി കഴിഞ്ഞു ഞങ്ങള്‍ അങ്ങോട്ട്‌ വരും"
ഞാനും ഭാര്യയും ഒരുങ്ങി..സാറ് വന്നു ..കൂടെ സുഹൃത്തുക്കളും അനുചരരും..
വലിയ അളവ്    ടേപ്പിന്റെ  ചാടുരുള്‍ അഴിച്ചു സാറിന്റെ ശിങ്കിടി..
അളവ് തുടങ്ങി ..പുരയ്ക്ക് ചുറ്റും പുരയ്ക്ക്  അകവും ..ആകമാനം തൂക്കി എടുത്തു..
ഞങ്ങള്‍ ശ്വാസം അടക്കി നിന്നു.
"ഈശ്വര കുഴപ്പം ഒന്നും കാണല്ലേ " 

ഭാര്യേടെ മുന്‍‌കൂര്‍ ജാമ്യ അപേക്ഷ കേട്ടിട്ട് എന്ന വണ്ണം

സാറ് ..അളവ് നിര്‍ത്തി പറഞ്ഞു..
"ഏതായാലും അളവില്‍ കുഴപ്പം ഒന്നുമില്ല..എന്നാല്‍ ഈ ഏച്ചു കെട്ടലുകള്‍ ഇളക്കി കളയണം. ....   വാസ്തു പുരുഷന്  ശ്വാസം വിടാന്‍ വയ്യ..
ഒപ്പം കിണറും മൂടണം, പിന്നെ ഫൌണ്ടേഷന്‍ നീട്ടി സ്ട്രെസ് വര്‍ക്ക് ചെയ്തു എല്ലാം ഒരേ പോലെ ആക്കണം..എല്ലാം കൂടി ഒരു മൂന്നു രൂപ ആകും.."

പത്തു നാല്‍പതു കൊല്ലം കുളീം കുടീം എല്ലാം നടക്കുമ്പോള്‍ ഒരിക്കലും തീരാത്ത ഇളനീര്‍ പോലെയുള്ള തെളിനീര്‍ തന്ന കിണര്‍..തലമുറകള്‍ ഈ വെള്ളത്തില്‍ തന്നെ കഞ്ഞി വച്ചതും..കുളിച്ചതും..എല്ലാം..അത് മൂടുക മരണ തുല്യം..
പിന്നെ ഉള്ള ബാങ്ക് ലോണിന്റെയും സ്കൂട്ടര്‍ ലോണിന്റെയും ഒക്കെ കൂടി ഇനിയും മൂന്നു ലക്ഷം..ഇതിലും ഭേദം വീട് വിറ്റു കാട് കയറുകയാ..     മനസ് പറഞ്ഞു.

" വേലിയേല്‍ ഇരുന്നതാ അത് തോണ്ടി ചീലേല്‍ ഇട്ടിട്ടു പിന്നെ കടിച്ചു എന്ന് പറയുന്നതില്‍ അര്‍ഥമില്ല"
എന്നെ സാകൂതം നോക്കി നിന്ന ഭാര്യയോട്‌ ഞാന്‍ പിറുപിറുത്തു..

"ഓ കിണറു മൂടത്തക്കവണ്ണം ഒരു പ്രശ്നമൊന്നും ഇവിടില്ല..തന്നെയുമല്ല ഒരു കിണറു മൂടി മറ്റൊന്ന് കുഴിക്കാന്‍ ചില്ലറ ചെലവൊന്നും അല്ല.." ഭാര്യയുടെ തീര്‍പ്പ് കേട്ടു സാറ് പറഞ്ഞു..

"അതിനും ഒഴിവുണ്ട് ..ഒരു മതില് കെട്ടി കിണര്‍ അങ്ങ് തിരിക്കണം.."

ഇത്രയുമേ മൂന്നാറിലും മറ്റും ഭൂമി കയ്യേറുന്നവര്‍ക്കു ചിലര്‍ ചെയ്തു കൊടുത്തുള്ളൂ , ചില്ലറ  ഒഴിവുകള്‍..!


 സാര്‍   എല്ലാം കുറിപ്പാക്കി ഹരി ശ്രീ എഴുതി കിഴക്കോട്ടു തിരിഞ്ഞു എന്റെ കയ്യില്‍ തന്നു
തലയില്‍ കൈ വക്കുമ്പോള്‍ ഞാന്‍ കുനിഞ്ഞു വണങ്ങി .ഉയര്‍ന്നു ..കുറിപ്പ് വാങ്ങി..
പോക്കറ്റില്‍ ഒരു ആയിരം രൂപ നോട്ടു മടക്കി ഇട്ടു...സാറ് കാണണ്ട ..പണത്തിനോട്  വലിയ താല്പര്യമില്ലാത്ത ആളാണ്..ആയിരവും മറ്റും കണ്ടാല്‍ ചിലപ്പോള്‍ ശാസിച്ചലോ..എന്റെ ബുദ്ധി  എന്നോട് ...

"എല്ലാം ശരിയാകും നിങ്ങള്‍ പണി തുടങ്ങുമ്പോള്‍ ഞാന്‍ വീണ്ടും വരാം'  യാത്ര പറഞ്ഞു സാറും കൂട്ടുകാരും പോയി.

"ആയിരം അപ്പുറത്തെ രവിയോട് വാങ്ങിയതാ ..ശമ്പളം കിട്ടുമ്പോള്‍ എന്നെ ഏല്പിചേക്കണം."
ഭാര്യ ഓര്മ പുതുക്കി വച്ചു. 
കടം കലണ്ടറില്‍ കുറിപ്പായി വീണു!


ഉച്ച മയക്കം കഴിഞ്ഞു അങ്ങനെ ഇരിക്കുമ്പോള്‍ ഫോണ്‍ നിര്‍ത്താതെ വിതുമ്മി..എടുത്തു..ഓ  വാസ്തുവിന്റെ സാറാണ്..

"ഹലോ..നിങ്ങള്‍ എനിക്ക് ആയിരമാ തന്നത്  അല്ലെ.."
ഞാന്‍ മിണ്ടാന്‍ മടിച്ചു..
അപ്പോഴേ അറിയാം ധൂര്‍ത്ത് നല്ലതല്ല എന്ന് പല തവണ അദ്ദേഹം സൂചിപ്പിച്ചിരുന്നു..
ചെറിയ ഒരു കാര്യത്തിനു ആയിരവും മറ്റും..എങ്ങനെ അദ്ധേഹത്തെ തണുപ്പിക്കും ..
എന്നൊക്കെ ചിന്തകള്‍ പരല്‍ മീന്‍ പോലെ തലച്ചോറില്‍ ഓടി കളിച്ചു...

"ഹലോ..എന്റെ റേറ്റ്  അയ്യായിരമാ..ഇത് ഡ്രൈവര്‍ കാശ് പോലും ഇല്ലായിരുന്നു..
അല്ലെ തന്നെ സ്ക്വയര്‍ ഫീറ്റിനാ  കണക്കു..കണ്സല്ട്ടന്സിയ്ക്ക് മിനിമം അയ്യായിരം.."
നിങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ അന്നേരം ചോദിച്ചോളൂ "

എനിക്ക് കണ്ണ് കാണാന്‍ വയ്യാതായി..
കാലു മുതല്‍ ഒരു വിറ..
മൂടിയ കിണറില്‍ കിടക്കുന്ന പോലെ ശ്വാസം കിട്ടാന്‍ വിമ്മിട്ടം..
എന്റെ ദൈവേ ഇതും ഞാന്‍ ശമ്പളത്തില്‍ നിന്നും കൊടുത്തു കഴിയുമ്പോള്‍ കൊച്ചിന്റെ സെമസ്ടര്‍ ഫീസ് എങ്ങനെ കൊടുക്കും...
ഉള്ളില്‍ ആരോ വാസ്തു പുരുഷന്റെ രൂപത്തില്‍ ശാസിച്ചു..
"കുഞ്ഞേ ഞാന്‍ പണ്ടേ ഇവിടൊക്കെ ഉണ്ട്..എനിക്ക് ശ്വസിക്കാനും വസിക്കാനും ഈ ഭൂമി മുഴുവനും ഉണ്ട്..
വാസ്തു വിദ്യക്കാരും ഒട്ടും കുറവല്ലാതെ ഇപ്പോള്‍ ഉണ്ട്  അവര്‍ക്കും യഥേഷ്ടം കളിക്കാന്‍ ഭൂമീം അതിനു തക്ക മേച്ചില്‍  പുറങ്ങളും       ഉണ്ട് "......
നിന്റെ കാര്യത്തിലാ എനിക്കിപ്പം സംകടം..നിന്റെ കടത്തെ ഓര്‍ത്ത്  ..
സാരമില്ല ഇതിലും വലുത് വല്ലോം വരാന്‍ ഇരുന്നതാ..ശമ്പളം കിട്ടുമ്പോള്‍ അക്കൌണ്ടില്‍ ഇട്ടേക്കാം എന്ന് ആ വാസ്തു വിദ്യക്കാരനോട് പറഞ്ഞേക്കുക..എന്നെ ബ്രാന്‍ഡ്‌ അമ്പാസടര്‍   ആക്കി പോയില്ലേ   അവര്‍ "

ശമ്പളം കിട്ടുമ്പോള്‍ അക്കൌണ്ടില്‍ ഇടാം എന്ന് പറഞ്ഞപ്പോഴേ സാര്‍ അക്കൌണ്ട് നമ്പര്‍ പറഞ്ഞു തന്നു. ഫോണും കട്ടാക്കി.
വിശ്വാസം അതല്ലേ എല്ലാം...!!

"അടുത്തതിന്റെ അടുത്ത മാസം ശമ്പളം കിട്ടുമ്പോള്‍ രവീടെ പൈസ കൊടുക്കാം എന്ന് പറയണം..കൊച്ചിന്റെ ഫീസ് കൊടുത്തെ തീരു.."  ഞാന്‍ ദയനീയമായി ഭാര്യയെ നോക്കി പറയുമ്പോള്‍ ...
അവളുടെ കണ്ണില്‍,  പ്രശസ്ത ആകാന്‍  വെമ്പുന്ന   ഒരു  ജ്യോതിഷിയുടെ  രൂപത്തിനും ഉപരി
നിസ്സഹായതയുടെ  ആര്‍ദ്രമായ        നനവ്‌ കണ്ടു....


"എന്നാലും ആ കൂട്ടത്തില്‍ കൂടി എന്റെ അയ്യായിരം മനസറിയാതെ പോയി..ഒരുത്തനേം കാണുന്നുമില്ല.."

എന്റെ രോഷം ഞാന്‍ ഉറക്കെ പറഞ്ഞു...

"അവനവന്റെ പൊന്നു പിച്ചള ആയതിനു തട്ടാനെ എന്തിനു പഴിയ്ക്കണം.."

ഭാര്യ ഒരു മുന്‍ഷിയായി!!!


2011, ജൂൺ 3, വെള്ളിയാഴ്‌ച

അച്ചന്റെ ആട് (മീശ ) ജീവിതം

തൂവെള്ള ളോഹ നിര്മയുടെ പരസ്യം പോലും തോല്‍ക്കും.അതിനുള്ളില്‍ ഒരു രഹസ്യോം ഒട്ടില്ല താനും ....ഒന്ന് രണ്ടു കള്ള പോക്കറ്റുകള്‍ അല്ലാതെ..
കറുത്ത ഒരു പാന്റും മുറി കയ്യന്‍ ബനിയനും..പുറകില്‍ തോളിലായി പാറി കളിയ്ക്കുന്ന വെള്ള കൊടി കൂറയും  ..കാലിലെ വള്ളി ചെരുപ്പ് അച്ചന്‍ ഒരു വശം ചരിഞ്ഞു നടക്കുമ്പോള്‍ നമ്മെ ശൂ " ശൂ " എന്ന് വിളിക്കുന്ന പോലെ തോന്നും..!

വെള്ളി വീശിയ തലയില്‍ അങ്ങിങ്ങായി മുടി പാറി പറക്കുന്നു..
നീണ്ട മൂക്കിനു താഴെ മൂന്നാം വാരം ഓടി തളര്‍ന്ന പടത്തിന്റെ സെക്കന്റ് ഷോയ്ക്ക് ആളിരിക്കും പോലെ..അങ്ങിങ്ങായി വെള്ള വരകള്‍ ..
നേര്‍ത്ത വെള്ള ചാട്ടം ഇരു കൈകളായി താഴേയ്ക്ക് മെലിഞ്ഞു ഒഴുകി ഇറങ്ങുംപോലെ താടി എന്ന് പറയാവുന്ന രണ്ടു മൂന്നു വെളുത്ത ചരടുകള്‍..

പതിഞ്ഞ ശബ്ദത്തില്‍ അച്ചന്റെ പ്രാര്‍ത്ഥന ക്രമങ്ങള്‍ പക്ഷെ ആരുടേയും കരള്‍ അലിയിക്കും.
മൈക്രോ ഫോണിന്റെ കഴുത്തില്‍ കുത്തി പിടിച്ചു  മേല്‍ മീശ നശിപ്പിച്ച (മെഴുകിയ മുറം പോലെ)വായ കീറി പല്ലും സ്റെപ്പിനി പല്ലും കാട്ടി ആരോഹണത്തില്‍ നിന്നും ഉച്ചത്തില്‍ കയറി ഇറങ്ങി   മുന്‍സിപാലിറ്റി ടാപ്പ്‌ തുറക്കുമ്പോള്‍ ഉള്ള "ഷ് " ശബ്ദത്തോടെ  അവസാനം ഒപ്പിക്കുന്ന ദൈവ വേലക്കാരുടെ  പ്രഘോഷണം എവിടെ ? അച്ചന്റെ സാന്ദ്രമായ പ്രഭാഷണങ്ങള്‍ എവിടെ.. ?

ഇനി ഏലി ചേടത്തി.
അച്ചനെ പോലെ വെള്ളി കെട്ടിയ തല പക്ഷെ മുടി അഴകായി കോതി കെട്ടി അറ്റത്ത്‌ ഒരു റിബ്ബണും.
വെള്ള ആറു മുഴം മുണ്ട് ജാപ്പനീസ് വിശറി പോലെ നിര നിരയായി പുറകോട്ടു ഞൊറിഞ്ഞു ഇട്ടിരിക്കുന്നത് കണ്ടാല്‍ കണ്ണ് കുളിരും..
വടി പോലെ തേച്ച മല്‍ മല്‍ ചട്ട അതിനു മുകളില്‍ ചുവന്ന റോസാ പൂ തുന്നി ചേര്‍ത്ത നേര്യതും , നേര്യതില്‍ കുത്തിയ കുരിശിന്റെ സ്വര്‍ണ പതക്കവും  ...
ചേടത്തിയുടെ സ്വര്‍ണ വര്‍ണമാര്‍ന്ന മുഖവും  മെലിഞ്ഞു കൊലുന്നനെയുള്ള രൂപവും  കന്യ മറിയത്തെ പോലെ...ശീലങ്ങളും അങ്ങനെ തന്നെ.

ഒറ്റ കുര്‍ബാനയും വിടില്ല. ആദ്യം തന്നെ അച്ചന്റെ അടുത്ത് എത്തുകയും ചെയ്യും...
പള്ളി കാര്യങ്ങളില്‍ , വനിതാ കൂട്ടായ്മകളില്‍ എല്ലാം നിശബ്ദ സാന്നിധ്യം.
ചേടത്തീടെ താറാവ് കറീം അപ്പോം അച്ചന് മാത്രം എത്തിച്ചു കൊടുക്കും ..അതൊരു നിഷ്ടയാ 
അതിന്റെ രുചിയില്‍ അച്ചന്‍ കുര്‍ബാന ചൊല്ലുകള്‍ പൂര്‍വാധികം ശക്തമാക്കും ..
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം.!!

ചേടത്തി ആട് വളര്‍ത്തലില്‍ ആഗ്ര ഗണ്യ ..എണ്ണം പറഞ്ഞ ആടുകള്‍ പല തരം 
ആദ്യ ഫലം പള്ളിയില്‍ കൊടുക്കുമ്പോള്‍ ചേടത്തീടെ മുട്ടന്‍ കുട്ടിയോ കന്നി പ്രസവത്തിലെ ആട്ടിന്‍ പാലോ ഷുവര്‍ ബെറ്റ്.

പീഡാനുഭ നാളുകളിലെ ഒരു  കുര്‍ബാന നാള്‍ പള്ളി നിറഞ്ഞും മുറ്റം നിറഞ്ഞും കുര്‍ബാന കൈകൊള്ളാന്‍ വിശ്വാസികളുടെ തെരക്ക്..
ചേടത്തി മുന്‍ നിരയില്‍ എന്നത്തെയും പോലെ കുമ്പിട്ടു പ്രാര്‍ത്ഥന..
അച്ചന്‍ അര്‍പിക്കുന്ന കുര്‍ബാന കൈ കൊണ്ട് അര്‍ത്ഥ നിമീലിതയായി നേര്യതു തല വഴി മൂടി..
അപ്പവും വീഞ്ഞും അച്ചന്‍ വാഴ്ത്തി കൊടുക്കുമ്പോള്‍ ..മുന്‍പെങ്ങുമില്ലാത്ത പോലെ ചേടത്തി അച്ചനെ നോക്കി പൊട്ടി കരഞ്ഞു പോയി..
നിശബ്ദമായിരുന്നു  പള്ളി ...
വയലാര്‍ എഴുതിയ പോലെ ആ നിശബ്ദതയും അപ്പോള്‍ നിശബ്ദമായി 
അച്ചന്‍ ആകെ കുഴഞ്ഞു..പ്രാര്‍ത്ഥന ഒന്നും തെറ്റിയില്ല..ഏലി യോട് ഒന്നും പറഞ്ഞുമില്ല...പിന്നെ ?
"ഇതിപ്പം പടിക്കല്‍ കൊണ്ട് വന്നു ഏലി കുടം ഉടച്ചോ കര്‍ത്താവേ..' അതോ 
"ഈ പീഡാനുഭവ നാളുകളില്‍ എന്റെ പ്രാര്‍ത്ഥന ഏലിയ്ക്ക് ഇത്രയ്ക്കും ഫീല്‍ ചെയ്തോ"
"ഈസ്ടരിനു ഏലി തരുന്ന താറാവ് കറീം അപ്പോം കൈപ്പു നീരകുമോ പിതാവേ.."

രണ്ടും കല്‍പ്പിച്ചു അച്ചന്‍ ഏലീ ചേടത്തീടെ മുഖം ഉയര്‍ത്തി ചോദിച്ചു
"എന്ത് പറ്റി ഏലീ ...ഇത് വരെ ഇല്ലാത്ത ഒരു വിഷമം കുര്‍ബാന കൊള്ളുമ്പോള്‍.."?
ഏലി ചേടത്തി അച്ചന്റെ മുഖത്തേയ്ക്കു നോക്കി പിന്നെയും വിതുമ്മി..

അച്ചനും എല്ലാവരും കുഴങ്ങി..ആകെ പിറ് പിറുപ്പായി ..
"കുര്‍ബാന മുടങ്ങുമോ ..കര്‍ത്താവേ ഇതെന്നാ പറ്റി ഈ ഏലി ചേടത്തിക്ക്" ..എല്ലാവരും കശ പിശ പറഞ്ഞു..

"ചേടത്തി എന്തെങ്കിലും ഒന്ന് പറ  ഇത് കുര്‍ബാന സമയമാ  "  പള്ളി കമ്മറ്റി എട പെട്ടു 
നിശബ്ദം. പള്ളി ചുമരിലെ നാഴിക മണിയുടെ 'ടിക്ക് ,ടിക്ക്" മുഴങ്ങി കേട്ടു..

ചേടത്തി നേര്യതു കൊണ്ട് കണ്ണ് തുടച്ചു..അച്ചന്റെ മുഖത്തേയ്ക്കു സങ്കടത്തോടെ നോക്കി..
എന്നിട്ട് മെല്ലെ വിതുമ്മിക്കൊണ്ടു പറഞ്ഞു..

"എന്റെ കുഞ്ഞുങ്ങളെ  എന്റെ പൊന്നായിരുന്ന തള്ളയാട്‌  "റോസമ്മ ഇന്നലെ വിഷം തീണ്ടി ചത്ത്‌ പോയി..ഓമന   മൂന്ന് കുഞ്ഞുങ്ങളെ എനിക്ക് തന്നേച്ചു പോയി.. എന്റെ കര്‍ത്താവ്‌ സഹിക്കാനുള്ള കഴിവ് തന്നു..എന്നാലും നമ്മുടെ അച്ചന്റെ താടി കാണുമ്പൊള്‍ എനിക്ക് പിന്നേം സഹിയ്ക്കാന്‍ വയ്യാ..എന്റെ റോസമ്മയ്ക്കും ഇത് പോലെ നീണ്ടു വെളുത്ത രണ്ടു മീശകള്‍ താടീന്നു താഴോട്ടു കിടപ്പുണ്ടായിരുന്നു....ഇത്ര നാളും അച്ചനെ കാണുമ്പോള്‍ ഒക്കെ അവള്‍ വീട്ടില്‍ ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്..ഇനി ഞാനെങ്ങനെ സഹിയ്ക്കും എന്റെ കര്‍ത്താവേ ..." ചേടത്തി പിന്നേം  അച്ചനെ നോക്കി  അല മുറ ഇട്ടു.
പള്ളിയും വിശ്വാസികളും പീഡാനുഭവം മറന്നു ചിരി ഒതുക്കി..
അച്ചന്‍ കപ്പിയാരെ നോക്കി  ഇടത്തേം  വലത്തേം   താടി  രോമങ്ങള്‍ കീഴോട്ടു  ഉഴിഞ്ഞു..
ഏലി ചേടത്തിയെ ഒളി കണ്ണാല്‍ നോക്കി..ആത്മഗതം .."അപ്പോള്‍ കണ്ണടച്ച് കുര്‍ബാന കൊള്ളും പോളും  ഇവര്‍ എന്റെ താടീം ആടിന്റെ താടീം കൂട്ടി കെട്ടുവാരുന്നല്ലോ കര്‍ത്താവേ.. കുരുട്ടു ബുദ്ധി.."
അടുത്ത കുര്‍ബാന ക്രമത്തിനായി അച്ഛന്‍ തിരിഞ്ഞു..പക്ഷെ ഒരു തീര്‍പ്പ് മനസ്സില്‍ ഉണ്ടാക്കി ഇനി മേലില്‍ ഈ താടി വച്ചോണ്ട് ഒരു ആരാധനയ്ക്കും ഇല്ല..വന്നത് വന്നു.

പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി..

കപ്യാര്‍ ധൂപ കുറ്റി ആഞ്ഞു വീശി..

2011, ഏപ്രിൽ 13, ബുധനാഴ്‌ച

ഈ കുട്ടി എന്റെ കാലേല്‍ മുള്ളി..ഈ കുട്ടി നുള്ളി..

"ഈ ഏഴര വെളുപ്പിന്  എഴുന്നേറ്റ് ഒള്ള ലൈറ്റ് എല്ലാം ഇട്ടു മനുഷ്യന്റെ ഒറക്കം  തൊലയ്ക്കുവാ..ഈ മനുഷ്യന് ഇത് എന്നാത്തിന്റെ കൊഴപ്പമോ എന്തോ.."  ഭാര്യയടെ ശ്രീ  വെങ്കിടേശ്വര  സുപ്രഭാതം ..കേട്ടതും ഞാന്‍ വിളക്കുകള്‍ അണച്ചു. കാരണം ഇനി വരിക ഉന്നം തെറ്റാത്ത മറ്റു ഭാഷകള്‍ ആകാം..
"എടീ ..ജനാധിപത്യത്തിന്റെ നെടും തൂണായ  വോട്ടവകാശം എന്ന പൌരാവകാശം വിനയോഗിക്കാന്‍ ഇത്തിരി പുലര്‍കാലെ എഴുന്നേറ്റു..ആ പ്രക്രിയ  നിവര്‍ഹിക്കുന്നത്  വരെ പിന്നോട്ടില്ല.."  ഞാന്‍ വച്ച് കീച്ചി..

"അമ്മ ചോദിച്ചു വാങ്ങിയതാ എന്നും പറഞ്ഞു മകള്‍ തല മുഴുവന്‍ പുതപ്പിട്ടു മൂടി..തിരിഞ്ഞു കെടന്നു"

പെണ്ണും പിള്ള സട കുടഞ്ഞു..പുതപ്പില്‍ നിന്നും കങ്കാരു മാതിരി തല വെളിയില്‍ ഇട്ടു..ആകമാനം ഒന്ന് നോക്കി..
എനിക്ക് മനസ്സിലായി..അവള്‍ ഒരു ഭാഗവത പാരായണത്തിന്  ഉള്ള പുറപ്പാടു തന്നെ..
" അതെ പിന്നേ  സാറോന്നിരുന്നെ..ഈ വിഷുവിനു കുത്തരിയോ  റേഷന്‍ കടയിലെ രണ്ടു രൂപ അരിയോ വയ്ക്കുന്നത്?"

കുഴയ്ക്കുന്ന ചോദ്യം ..സൂക്ഷിച്ചു നിന്നില്ലെങ്കില്‍ അവളുടെ മുന്‍പില്‍,അടിയറവ്.
"അത് പിന്നെ വിശേഷ ദിവസങ്ങളില്‍ കുത്തരിയല്ലിയോ പതിവ്?.."ഞാന്‍ എങ്ങും തൊട്ടില്ല.
"കുത്തരീടെ വെല വല്ലോം  അറിയാമോ..പോട്ടെ പച്ചക്കറിയുടെ ..വെലയോ?"
"അതിനല്ലേ ഈ തെരഞ്ഞെടുപ്പു..ഹ.. ഹ " എന്റെ വിഡ്ഢി ചിരി.."സാധനങ്ങള്‍ക്ക് വെല കുറയാന്‍ ഒരു വോട്ട് "

"ആരെങ്കുലും ഇത് പറഞ്ഞോ മനുഷ്യാ..ജനങ്ങള്‍ക്ക്‌ വേണ്ട എന്തെങ്കിലും ഇവന്മാര്‍ പറഞ്ഞോ..സ്ത്രീ പീഡനം, കൈയ്യാമം , അഴിമതി, ജയില്‍ , പിന്നെ ലോട്ടറി, 
വേറൊരാള്‍ അയ്യോ ഇവന്‍ ഉറങ്ങുന്നെ ..പൈശാചികം..എന്നിങ്ങനെ  അവന്റമ്മേടെ... പ്രൈമറി സ്കൂള്‍ പിള്ളര്‍ അങ്ങോട്ടും ഇങ്ങോട്ടും നുള്ളി പിച്ചി എന്ന് പറയും പോലെ "
എന്നെ കൊണ്ട് ഈ വെളുപ്പിനെ അതുമിതും പറയിപ്പിക്കാതെ പോയി ജനാധിപത്യം ഉണ്ടാക്കിയേച്ചു  വന്നാട്ടെ.."

"എന്റമ്മേ ..നീയാര് മാവോ വാദിയോ..'  എന്റെ ഭയം..അറിയിച്ചപ്പോള്‍ അവള്‍ പറയുന്നു തമ്മില്‍ ഭേദം അതാ എന്ന്. കൊറേ വോട്ടു ചയ്തു മെച്ചം ആര്കാ ..ആ "


"ഈ കേരളത്തില്‍ ആദ്യമായല്ല ഇതൊന്നും..കുറെ അവന്മാരും അവളുമാരും ഒരുമ്പെട്ടു നിന്നാല്‍ പിന്നെ എന്തോ ചെയ്യും..  ഐസ് ക്രിമും  അഴിമതിം  ഇന്നലെ തുടങ്ങിയ കാര്യമല്ല..വെറുതെ ഞാന്‍ ഞാന്‍ എന്ന് പറയാതെ മനുഷ്യന് വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാനെങ്കിലും ഒരു രസമുണ്ട്..പണ്ട് ഒരു മന്ത്രിടെ കാറില്‍  ഒരുത്തിയെ കണ്ടെന്നും പറഞ്ഞുണ്ടായ പുഹില്‍..അന്നൊന്നും അരീം സാമാനോം സ്ഫോടക വസ്തു അല്ലായിരുന്നു..ഇന്നിപ്പം..തന്നേമല്ല അമ്മേം പെങ്ങളേം കണ്ടാല്‍ തിരിച്ചും അറിയാമായിരുന്നു.."  അവള്‍ കത്തി തുടങ്ങി..
" എല്ലാ കാലത്തും ഇങ്ങനെ  ആയാലോ.." ഞാന്‍ ഒഴിയാന്‍ നോക്കി.
"എന്റെ മനുഷ്യാ  സ്ത്രീ പീടനമാണോ ..അല്ല  അഴിമാതിയാണോ നമ്മുടെ മുഖ്യ പ്രശ്നം..അഥവാ ആണെങ്കില്‍ തന്നെ എത്ര പെണ്ണുങ്ങള്‍ക്ക്‌ ഒരു രാത്രിയില്‍ ഇവിടെ ഇറങ്ങി നടക്കാം..ലോഡ്ജില്‍ കൊണ്ട് പോകുന്നതും പീഡിപ്പിക്കുന്നതും മാത്രമേ പീടനതിന്റെ ലിസ്റ്റില്‍ വരികയുള്ളോ..?" സാധാരണ സ്ത്രീകള്‍ക്ക് നേരെ ചൊവ്വേ ഒന്ന് മൂത്രം ഒഴിയ്ക്കാന്‍ എവിടാ ഈ ജനാധിപത്യത്തില്‍ ഇടം.."

"പിന്നെ അഴിമതി..നിങ്ങളെ കൊണ്ട് കൈകൂലിക്കും കൊള്ളില്ല എന്ന് കരുതി ഇന്നലേം കണ്ടില്ലേ വാര്‍ത്ത‍...ചെറുതും വലുതും എല്ലാം ..
സാധാരണക്കാരന് ജീവിക്കണം സ്വസ്ഥമായി ..സ്വച്ഛമായി..അവന്റെ പിച്ച ചട്ടീല്‍ കൈ ഇട്ടു വാരിയിട്ടു വെറുതെ ഒച്ച " ഉണ്ടാക്കിയിട്ട്  എന്ത് കാര്യം..ഒരു വണ്‍ മാന്‍ ഷോയും ഇനി വിലപ്പോകില്ല...ആരുടേയും 
മനുഷ്യന്‍ ആ തട്ടിപ്പൊക്കെ പഠിച്ചു കഴിഞ്ഞു..അത് കൊണ്ട് കുളിച്ചു കുറീം ഇട്ടു പോയാട്ടെ.."

ഞാന്‍ പിന്‍ വാങ്ങി..അവളോട്‌ തര്‍ക്കിച്ചിട്ടു കാര്യമില്ല കാരണം അവളുടെ വാദത്തില്‍ കഴമ്പേ ഉള്ളു..പക്ഷെ ആദര്‍ശ രാഷ്ട്രീയത്തില്‍ അതങ്ങ് സമ്മതിക്കാന്‍ പറ്റുമോ..എന്തായാലും കുളിച്ചു വൃത്തി ആയി റോഡില്‍ ഇറങ്ങി 
" അണ്ണാ  സ്ലിപ് വേണ്ടേ.." ഒരുത്തന്റെ ചോദ്യം.  
"ഏയ്‌ ..ഇത്തവണ സ്ലിപ് ബൂത്തില്‍ തരും കാര്‍ഡു മാത്രം മതി.."  ഞെളിഞ്ഞു  നടന്നു ബൂത്തില്‍ എത്തി.

 ഒരു സ്മശാന മൂകത..മാടക്കടയില്‍ ഒടിച്ചു കുത്തി തെക്കോട്ടും വടക്കോട്ടും നോക്കി മൂന്നാല് പേര്‍..
വരാന്തയില്‍ ഒരു നീര്‍ക്കോലി കാക്കി കാരനും  മോന്തായം നോക്കി നിക്കുന്നു....എന്തരോ എന്തോ..ഇനി ആരെങ്കിലും ചത്തോ ..ആ..വോട്ടുകള്‍ പിറക്കുന്നതിന്റെ വേദന ആകാം.
"വോട്ടു      ചെയ്യാനാണോ  .." ഒരു താടിക്കാരന്‍ വരാന്തയുടെ മൂലയില്‍ കാറ്റില്‍ ആടുന്ന പാന്റു  പോരാഞ്ഞിട്ട് പിന്നേം കാലുമാട്ടി അങ്ങനെ ഇരിക്കുന്നു..
"ഇവിടെ പിന്നെ നിന്റെ അടിയന്തിരത്തിന് വന്നതാണോ " എന്ന് മനസാ ചിന്തിച്ചു ..അടുത്ത് ചെന്നു..അപ്പോള്‍ വേറൊരു സ്ത്രീ കുനിഞ്ഞു മേശമേല്‍ കിടക്കുന്നു..സൂക്ഷിച്ചു നോക്കി , ഇനി വല്ല വശപ്പിശകും ഈ വെളുപ്പാന്‍ കാലത്തെ..ഓ ..മൊബൈല്‍ ഫോണില്‍ ആടി കുഴയുന്നു..വോട്ടര്‍ എന്ന തെണ്ടിയായ ഞാന്‍ (അല്ലേലും!)
നോക്കി നിന്നു  ഈ ആട്ടവും പാട്ടും..അത് ഇഷ്ടപ്പെടാത്ത വണ്ണം താടിക്കാരന്‍ പറഞ്ഞു..
"സ്ലിപ് ഇവിടുന്നു തരും അതും കൊണ്ട് അകത്തു ചെന്നു വോട്ടു ചെയ്യണം..ക്രമ നമ്പര്‍ അറിയാമോ?'
"അത് അറിയാമായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ലായിരുന്നു  ..വനിതാ രത്നതിനെ നോക്കി പറഞ്ഞു.."  സ്വര്‍ഗത്തിലെ ചോണന്‍ ഉറുമ്പ് !!
" ആ എന്നാല്‍ വഴീല്‍ പര്ടിക്കാരുടെ കയ്യില്‍ നിന്നും വാങ്ങിക്കൊണ്ടു വാ.."
ഞാന്‍ വാ പിളര്‍ന്നു നിന്നു..അവര്‍ അവരുടെതായ കളി ചിരി തുടര്‍ന്നു..
ഉത്തരത്തില്‍ ഒരു ഗൌളിയുടെ ചിരി ഭാര്യയടെ ചിരിയെ ഓര്‍മ്മിപ്പിച്ചു..
വല്ല വിധത്തിലും ക്രമ നമ്പര്‍ ഒപ്പിച്ചു ആ മഹനീയ പ്രക്രിയ നടത്തി..
ഈ വിവരം വഴിക്ക് വച്ച് ഒരു പത്ര സുഹൃത്തിനോട്‌ പറഞ്ഞപ്പോള്‍ അവന്‍ ചിരിയോടു ചിരി..
"എന്റെ പൊന്ന് അണ്ണാ ..ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെ സാധാരണം..എന്ത് കഷ്ടപ്പാട് സഹിച്ചും ഭരണം വന്നെ തീരു."
"സര്‍ക്കാരിന്റെ ഖജനാവ് ഒഴിയാന്‍ രണ്ടു പേരെക്കൂടെ  എന്തിനോ വേണ്ടി ..വീടുകളില്‍ സ്ലിപ് തരുമെന്നും പറഞ്ഞു കാത്തിരുന്നവര്‍ ഒടുക്കം ബൂത്തില്‍ എങ്കിലും അത് കിട്ടുമെന്ന് കരുതി വന്നപ്പോള്‍ ..അവിടെ കൃഷ്ണ ലീല പടം ഒടുകയാ.."  സത്യം ഏവ ജയതേ.
തിരികെ വീട്ടില്‍ വന്നു..ഭാര്യ ചായ തന്നു..ചോദിച്ചു.."എങ്ങനെയുണ്ടായിരുന്നു പ്രക്രിയ?"
അവളെ തന്നെ കുറെ നേരം നോക്കി..എന്നിട്ട് ഞാന്‍ പറഞ്ഞു "അരുതാത്തതൊന്നും പറ്റരുതേ..ഭഗവാനെ..അല്ലാത്ത പക്ഷം ഒന്‍പതു മാസം ഒന്‍പതു ദിവസം."
അവളും ഇതി കര്തവ്യ മൂഡ ആകട്ടെ.  
ഭരണം ആയാലും..പ്രസവം ആയാലും..!!


2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഹയ്യട !

 ഞങ്ങടെ വലിയകുളം  മുക്കിനു മിക്കവാറും വൈകുന്നേരങ്ങളില്‍ അല്ലറ ചില്ലറ പേച്ചും കൈയ്യാം കളിയും ഒരു സ്ഥിരം പരിപാടി  ആയിരുന്നു.
സൈക്കിള്‍ യജ്ഞം പോലെ..അല്ലെങ്കില്‍ ഭജന ചിട്ടി വാര്‍ഷികം പോലെ വല്ലപ്പോഴും  നോട്ടിസ്  അടിച്ചു     വരുന്ന പരിപാടി അല്ലായിരുന്നു.
കെടാമംഗലം ..ഓച്ചിറ രാമചന്ദ്രന്‍ ഒക്കെ വന്നു അരങ്ങു തകര്‍ത്തു പോയിട്ടുണ്ട് ..മെശിഹ ചരിത്രം നാടകം കളിച്ചപ്പോള്‍ വലിയ മഴ വന്നു എന്നും പാടാന്‍ വന്ന അനുഗ്രഹീത ഗായകന്‍ ശ്രീ  സെബാസ്റ്റ്യന്‍ ഭാഗവതര്‍ വീട്ടില്‍ കയറി ഇരുന്നു എന്നും ഒക്കെ അമ്മ പറഞ്ഞു കേട്ട കാലം  മുതലേ  "ഈ മുക്കിനെ മുടിഞ്ഞ വഴക്ക് എന്ന് തീരും ദൈവമേ "  എന്നും  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

നേരം സന്ധ്യ ആകാന്‍ മട്ടു കാണിക്കുംപോഴേ  മൂന്നു തവണ മിന്നി വഴി വിളക്ക്  കെടും .   ചായക്കടയിലെ  അടുപ്പിലെ തീയുടെ വെളിച്ചം  ബള്‍ബിന്റെ വെട്ടത്തിലും മെച്ചം..."ഈ കറന്റ് എല്ലാം കട്ട് വിറ്റ് മുട്ക്കുവല്ലിയോ പിന്നെങ്ങനാ വെട്ടം കാണുന്നത് " എന്ന്  കട ഉടമ ഗോപാല പൊള്ള ചേട്ടന്‍ പറയണ്ട താമസം.." ഓ പിന്നെ നിങ്ങടെ സര്‍ക്കാര്‍ ഇരിക്കുമ്പം ഇവിടങ്ങ്‌ രാത്രീലും പകലായിരുന്നു ..ഒന്ന് പോ എന്റെ കൊച്ചാട്ട.." തങ്കപ്പന്‍ പിള്ള ചേട്ടന്‍ ശകലം ഇടതു വാക്കാ..."
"എന്നാ പിന്നെ ഒരുങ്ങി ഇരുന്നോ ഇപ്പം കിട്ടും..."  ഗോപാലന്‍ ചേട്ടന്‍..
കളം മുറുകുവാ...രണ്ടു പേരും ഓരോ തെറുപ്പു  ബീഡി അടുപ്പില്‍ കാണിച്ചു കത്തിച്ചു..ഒരു  അന്ന്യോന്ന്യതിനുള്ള    പുറപ്പാടായി.. ഒന്ന് രണ്ടു പേര്‍ ബെഞ്ചില്‍ സ്ഥാനം പിടിച്ചു..കഴകം കുറുപ്പച്ചന്‍  അടുപ്പില്‍ ആഞ്ഞൊന്നു ഊതി..ചാരം  പറന്നു കടയാകെ..പുക കൊണ്ട് എല്ലാവരുടെയും കണ്ണ് കലങ്ങി..ചുമയും വന്നു  മേല്‍ക്     മേല്‍!

" അല്ലേലും ഈ തീട്ട കുറുപ്പിന് (കൂട കൂട പറമ്പില്‍ പോകും കുറുപ്പ്  വയര്‍ ഒഴിയാന്‍   അങ്ങനെ  പ്രോടക്റ്റ്  നെയിം വീണു)  നാലു പേര്‍ ഇരിക്കുംപോഴേ ഊത്ത് വരൂ..എരണം കെട്ടവന്‍..." ഗോപാലന്‍ ചേട്ടന്  ദേഷ്യം വന്നു..
കുറുപ്പച്ചന്‍ ഒരു കൈ വെള്ളം കോരി അടുപ്പില്‍ തളിച്ച്.."ദാ  കെടക്കുന്നു തന്റെ അടുപ്പും കുന്തോം..."ഇറങ്ങി ഒറ്റ പോക്കാ.. വാണം പോലെ.
പോയ സ്പീഡില്‍  തിരികെ കടയില്‍ വന്നു കയറി അടുപ്പിന്റെ അടുത്ത് തന്നെ മറ്റൊരു അടുപ്പ് കല്ലായി തീര്‍ന്നു..കുറുപ്പച്ചന്‍ .
"ആ എന്നാ പറ്റി  വല്ലോം കണ്ടു പേടിച്ചോ   പോയതിലും വേഗത്തില്‍ വന്നു മൂലയ്ക്ക് കേറാന്‍ "  ഗോപാലന്‍ ചേട്ടന്റെ അരിശം തീര്‍ന്നില്ലായിരുന്നു..
"ഹയ്യട.. " ഇത്തിരി അന്ധാളിപ്പോടെ   റോഡിലേയ്ക്ക്  കണ്ണ് കാണിച്ചു കുറുപ്പച്ചന്‍ ഒന്നൂടെ അടുപ്പിനോട് ചേര്‍ന്നു.

ഗോപാലന്‍ ചേട്ടന്‍ നോക്കി തരികെ ബെഞ്ചില്‍ ഇരിപ്പായി..തങ്കപ്പന്‍ പിള്ള  ആട്ടി കൊണ്ടിരുന്ന കാലിന്റെ അനക്കം നിര്‍ത്തി..പരസ്പരം നോക്കി ഇരിക്കുമ്പോള്‍ ...ശ്വാസം പോലും ഒച്ച ആയി തോന്നി..

കടയുടെ മുന്‍പില്‍ ദാ നില്‍ക്കുന്നു "ഹയ്യട.".  ഞങ്ങടെ നാട്ടിലെ  കീരിക്കാടന്‍..കയ്യില്‍ ഇരുട്ടിലും തിളങ്ങുന്ന ഒരു പിച്ചാത്തിയുമായി...എന്തിനും  ഏതിനും തുടക്കം കുറിക്കുന്നത്  "ഹയ്യട" എന്ന് പറഞ്ഞു കൊണ്ടാകും ..അങ്ങനെ ആ പേര്‍ വീണു..

ആറര അടിക്കു മേല്‍ പൊക്കം. ..തനി തങ്ക നിറം.. പാരമ്പര്യമായി   കള്ള്  ഷാപ്പ്‌  നടത്തുന്നവര്‍ ..കാലത്തേ ഇളം കള്ള് കുടിച്ചു കിട്ടിയ തങ്ക നിറമാണ്‌  പോല്‍..     മുടി നടുവേ കോതി ചീകി..നീണ്ട മൂക്ക് .. കാതില്‍ ചുവന്ന
കടുക്കന്‍..കാലുകള്‍ വേര് പടലം പിരിഞ്ഞു നില്‍ക്കുന്ന   വെന്‍ തേക്ക്  മരം പോലെ..
ഇടഞ്ഞു   ഉറഞ്ഞു  നില്കാത്തപ്പോള്‍ ഞങ്ങള്‍  കൊച്ചു പിള്ളര്‍ ആ കൈകളില്‍ ഊഞ്ഞാല്‍ ആടുമായിരുന്നു.."മതിയോട..കഴുവര്ട മോന്മാരെ  " എന്ന് അഭിനന്ദിച്ചു വിടും.
കൈയ്യിലെ രോമത്തിനു പോലും കള്ളിന്റെ ഗന്ധം..
തുടയിലെ  മസ്സിലുകള്‍ അനക്കി കാണിയ്ക്കുന്നത് മറ്റൊരു വിനോദമായിരുന്നു..കൂട്ടത്തില്‍ എപ്പോഴും  തിമ്മന്‍ " എന്ന്  വിളിയ്ക്കുന്ന  കിടിലന്‍  വെളുത്ത നായ രണ്ടടി മാറി നില ഉറപ്പിചിട്ടുണ്ടാകും..എന്തെങ്കിലും  ആക്ഷന്‍ വന്നാല്‍ ചാടി വീഴാന്‍.. അരയിലെ ബെല്‍റ്റില്‍ വാസന പുകയില അരിഞ്ഞു കൂട്ടിയ മുറുക്കാന്‍ സദാ തയ്യാര്‍..
പാല് കുടിക്കാത്ത പിള്ളേരെ.. പലഹാരം കഴിക്കാത്ത പിള്ളേരെ ഒക്കെ " ദേ  ഹയ്യട  വരുന്നു എന്ന് പറയുമ്പോള്‍ അവര്‍ അറിയാതെ തീറ്റയും കുടിയും ഒപ്പം ഒത്താല്‍ ശി മൂത്രം മുത്തലും നടക്കും..

ഒരു പാണന്റെ പാട്ടും പുത്തൂരം വീടും ഓര്‍മയില്‍ വന്നു...ഒപ്പം ആരോമല്‍  ചേവകരും..ഇതൊരു തെക്കന്‍ പാട്ട് ...



മുറുക്കാന്‍ വായില്‍ ഇട്ടുകൊണ്ട്   ആരാട  പൂ.."   ലക്ഷണം ഒത്ത തെറി വിളിച്ചു ..ധൂ " എന്ന്  നീട്ടി തുപ്പി
ഹയ്യട  ചായ പീടിക തിണ്ണയില്‍ കാലെടുത്തു വച്ചു...കുറുപ്പിന്  തൂറാന്‍ മുട്ടി..ഗോപാല പിള്ളേച്ചന്‍ പയ്യെ അടുപ്പില്‍ ഊതാന്‍ പോയി..തങ്കപ്പന്‍ പിള്ള എഴുന്നേറ്റു നിന്ന്..മറ്റുള്ളവര്‍ ബെഞ്ച്‌ ഒഴിഞ്ഞു..
എല്ലാവരെയും അടി മുടി ഉഴിഞ്ഞു ഹയ്യട വച്ച കാല്‍ തിരികെ എടുത്ത് റോഡിനു നടുവില്‍ മല പോലെ നിലകൊണ്ടു.
ഏഴിന്റെതും, വല്ലപ്പോഴും  ആകെ ഉള്ളതുമായ സി ടി എസ ബസ് പടിഞ്ഞാറു  നിന്നും 'പോം പോം "  ഹോണും മുഴക്കി വന്നു ബ്രേക്ക് ഇട്ടു നിന്നു...ബസില്‍ അടക്കം പറച്ചിലുകള്‍ ..കുഞ്ഞുങ്ങളുടെ നിലവിളി..

" അണയ്ക്കട    ലൈറ്റ് ..." എന്ന് ഹയ്യട പറഞ്ഞതും ഡ്രൈവര്‍ അറിയാതെ ലൈറ്റ് അണഞ്ഞു..
"എന്തിയേട ആ നാറി മറ്റവന്‍ ഇറക്കി വിടെട.."   എല്ലാവരും പരസ്പരം നോക്കി..ബസിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ മറ്റൊരു ആള്‍ രൂപം എഴുന്നേല്‍ക്കുന്നു..കാരി  കുറുപ്പ്..പലരും ദീര്‍ഖ നിശ്വാസം ഉതിര്‍ക്കുമ്പോള്‍ കാരി കുറുപ്പ് ബസിന്റെ പടിയിറങ്ങി റോഡില്‍ വന്നു...കിട്ടിയ തക്കം കിളി വിസില്‍ അടിയ്ക്കാതെ തന്നെ ബസ് പറന്നു..

വിമോചന സമര കാലം തുടങ്ങി ഈ "ഹയ്യട ,  കാരി " പോരും ഉണ്ടെന്നാ എല്ലാവരും പറയുന്നേ..ജാതി തെല്ലുമേ ഇല്ല എന്നും രാഷ്ട്രീയം അസ്ഥിക്ക് പിടിച്ചിട്ട്  ആണെന്നും..
എന്നാല്‍ ആര്‍ ശങ്കറിനെ എന്തോ പറഞ്ഞ ഒരു നായര്‍ മൂപ്പിലിനെ ഹയ്യട എടുത്തിട്ട് തല്ലി എന്നും അതിന്റെ പകരം എന്നെങ്കിലും ചോദിക്കും എന്ന് ഈ കാരി കുറുപ്പ്  പറഞ്ഞിട്ടുണ്ടെന്നും  ചില ഏടുകളില്‍ കാണുന്നു!
കുറുപ്പിന് ഗുസ്തിയും ഒപ്പം കൂടോത്രവും വശമത്രേ..
രണ്ടു പേരും മല്പിടിത്തം നടത്തുന്നത് കാണാന്‍ ഇരുട്ടിലും കണ്ണ് തുറന്നു കാത്തു നിക്കുന്നു വലിയകുളം മുക്ക് മുഴുവനും...

"എന്താടാ ബസില്‍ നിന്നും ഇറങ്ങി..നീ ഇനി എന്നെ എന്തോ..ഉളുത്താനാ.."കാരി 
ഹയ്യട അടുത്ത് വന്നു..തിമ്മന്‍ ഇരിപ്പിടം മാറ്റി..കുറുപ്പച്ചന്‍ ചായ പീടികയുടെ മറവില്‍ നിന്നും തല നീട്ടി..ഗോപാല പിള്ള നഖം ഉരസി..
"മുറുക്കാന്‍ ഉണ്ടെങ്കില്‍ ഒരെണ്ണം ഇങ്ങു താടാ കൂവേ..."  കാരി പറഞ്ഞു..
ഹയ്യട പിച്ചാത്തി എടുത്തു ..ബെല്‍റ്റില്‍ നിന്നും മുറുക്കാന്‍ പൊതി എടുത്തു തുറന്നു  വാസന പുകയില ശകലം അരിഞ്ഞു ..മുറുക്കാന്‍ കാരിയ്ക്ക്  നീട്ടി..ഒരെണ്ണം സ്വന്തം വായിലും ഇട്ടു..
രണ്ടു പേരും ചായക്കടയിലെയ്ക്ക് നോക്കി ചോദിച്ചു.."എന്നാ കോപ്പ്  കാണാനാട  പട്ടികളെ കണ്ണും തുറിച് ഇങ്ങനെ നില്‍ക്കുന്നത് ..പോയീനെടാ ..മനുഷ്യന്‍ തമ്മില്‍ തല്ലുന്നത്  കണ്ടു രസിക്കാന്‍ കുറെ അവന്മാര്‍ നില്‍ക്കുന്നു..ചട്ടംബികളെ ഉണ്ടാക്കി വിടുന്നവര്‍ ഇവരാ ..ഇവമ്മരെയാ തല്ലേണ്ടത് "
കാരി കുറുപ്  ഫിലോസഫി പ്രൊഫസര്‍ ആയപ്പോള്‍..

തങ്കപ്പന്‍ പിള്ളേച്ചനും ഗോപാല പിള്ള ചേട്ടനും വല്ലാത്ത ക്ഷീണം തോന്നി..ഓരോ കട്ടന്‍ കുടിച്ചു..
കുറുപ്പ് അച്ചനു  പിന്നേം വയറു നൊന്തു ...ബീഡിയും കത്തിച്ചു പറമ്പിലേക്ക് ഓടി..
വല്യകുളം പിന്നേം ഉറക്കം തൂങ്ങി..ഒരു രസോമില്ല എന്ന്  പറഞ്ഞ പോലെ..ഇന്നലെ അല്പം മുഴുത്ത തെറി എങ്കിലും കേള്‍ക്കാമായിരുന്നു..
തിമ്മന്‍ വാലാട്ടി   ഒരു സംഖര്‍ഷം ഒഴിഞ്ഞതിലെ ആശ്വാസം അറിയിച്ചു..

ഫയല്‍വാന്‍ മാര്‍ രണ്ടു പേരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും കഥകളായി കാതോടു കാത്  ഇന്നും ജീവിയ്ക്കുന്നു..
വലിയകുളം പോലെ..


2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

എത്ര വിസര്‍ജിയ്ക്കണം

ഇനി വരാവുന്ന ചില തീര്‍പ്പുകള്‍ ഇങ്ങനെയും ആകാം.
 അവനവന്‍റെ  കക്കൂസില്‍   മേലില്‍      അളന്നു വിസര്‍ജിയ്ക്കണം..
അളവില്‍ കൂടിയാല്‍ നിയമ പാലകര്‍ തൂറിയവനെ തുറുംകില്‍ അടയ്ക്കണം , അതിനുള്ള നിയമം ഉണ്ടാകണം..ഇല്ലായ്കില്‍  അവനെ തൂക്കും!!
കാരണം അമിത വിരേചനം അനാരോഗ്യ ലക്ഷണം ആകാം..നമ്മുടെ രാജ്യത്തെ ഓരോ പൌരന്‍റെയും ഈവക കാര്യങ്ങളെ ഇനി ഉത്തുന്ഗ നീതി അപ്പോസതലര്‍ക്ക് തീര്‍പ്പക്കാനുള്ളൂ..
മറ്റെല്ലാം ഒരു മാതിരി ഒതുക്കി!!

ഇന്ന് ഒരു പൌരനും ആയുസിന്‍റെയോ  ആരോഗ്യത്തിന്‍റെയോ കാര്യത്തില്‍ വേവലാതി വേണ്ടേ വേണ്ട..പട്ടിണി ഇല്ലാത്ത പോലെ , തൊഴില്‍ ഇല്ലായ്മ ഇല്ലാത്ത പോലെ , കുറ്റ കൃത്യങ്ങള്‍ പോയിട്ട് അതിന്റെ വാസനകള്‍ പോലും ഇല്ലാതായത് പോലെ ...ലോകം മുഴുവന്‍ മുങ്ങുന്ന അഴിമതിയുടെ കണിക പോലും ഇവിടെ കാണാന്‍ കഴിയാത്ത പോലെ..
ഈ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടിയേ ഉള്ളൂ..പിന്നെ ദേവലോകം താഴെ..മഹാബലി എന്നും ഓണ്‍ ലയിന്‍....കള്ളവുമില്ല ചതീമില്ല..വണ്ടി ഇടിച്ചുള്ള മരണോം ഇല്ലേ  ഇല്ല.


പുര വെന്തു തുടങ്ങി തീ പടര്‍ന്നു പുരം എന്നാണാവോ കത്തിപ്പടരുന്നത്?
ഇരിയ്ക്കുന്നത് ആനപ്പുറം ഏറി ,  താഴെ പോകുന്ന പട്ടിയെ ആന നോക്കിക്കോളും
അമ്മാവന്‍ ആനപ്പുറം ഏറിയിരുന്ന കാലത്തെ തഴംബൊന്നും ഇല്ല അതിനുള്ള വിധി ഇല്ലായിരുന്നു ..ആരുടെയൊക്കെയോ അടുക്കള പുറത്തു നിന്നും പെറുക്കി എടുത്ത ഒടിഞ്ഞ കസേരകള്‍ തല്ലി കൂട്ടി എടുത്തപ്പോള്‍ അതങ്ങ് മാന്ത്രിക കസേര ആയി..ഒന്നിനേം പേടിയ്ക്കണ്ടാ ..തിരു വാ തുറന്നാല്‍..ഉമ്മാക്കി ഉണ്ട് ..കയ്യില്‍ 
പിന്നെ ദന്ത ഗോപുരോം ..കൈ കാട്ടിയാല്‍ തങ്ക ഭസ്മവും ..മദിരയും  മദിരാക്ഷിയും..



ഞങ്ങളൊക്കെ കൊട്ടാര സദൃശം  നാല്‍ കാലിയില്‍ മലര്‍ന്നങ്ങനെ  ചരിയ്ക്കുംപോള്‍  അങ്ങു ദൂരെ കാണാകുന്നു ...
നിങ്ങള്‍ ഇരു കാലികളുടെ പുറമേറി  പുറകില്‍  വയസ്സായ  തന്തയോ,  തള്ളയോ , ഭാര്യയോ..ആ ..സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നിനു ക്യൂ നില്‍ക്കാന്‍ ആകാം ..ആ ആര്‍ക്കറിയാം..
കൊടും  വെയിലില്‍ ശിരോ കവചം ഇല്ലാതെ പോകുന്നു..കഷ്ടം

സംകടം തോന്നി ഇത്രയും സമ്പന്നമായ രാജ്യത്തു പൌരര്‍കള്‍  വെയില്‍ കൊള്ളുകയോ..ഡായ്  ..പാടില്ല.  തന്നെയുമല്ല രാജ തുല്യം  പരവതാനി  പാതകളില്‍ ഒരു ടിപ്പറോ , സുപ്പര്‍ ഫാസ്ടോ എന്തിനു  ഒരു ഓട്ടോ പോലും മാന്യമായി ഓടി പോകുമ്പോള്‍ നിങ്ങളുടെ തല വല്ലവരും എറിഞ്ഞ് തകര്‍ത്തു കളഞ്ഞാലോ..എന്ത് നഷ്ടമാ രാജ്യത്തിനും ഞങ്ങള്‍ക്കും..
സത്യത്തില്‍ ഈ എ സിയില്‍ ഇരുന്നിട്ടും ഉറക്കം വരുന്നില്ല..ഇതങ്ങനെ വിട്ടാല്‍ പറ്റില്ല..തീട്ടൂരം ഉടന്‍..


ഇനി അപ നിര്‍മാണം..

  മകന്‍ തല തല്ലി മരിച്ചു പോയ ഒരു പാവം അച്ഛന്റെ സാമൂഹ്യ ബാധ്യതയോ എന്നറിയില്ല ...പൊതു ജനം ചിന്താ ശേഷി ഇല്ലാത്തവര്‍ എന്ന് കരുതിയോ എന്നും അറിയില്ല..ഒരു കടന്നു കയറ്റം പോലെ ഈ ശിരോ കവച നിയമാവലി തൂങ്ങി കെടക്കുന്നു..
ഒരു പക്ഷെ കഥാവശേഷനായ ആ പാവത്തിനോട് പോലും.. നീതി ഇല്ലാതെ..

നല്ലതും തീയ്യതും തിരിയുന്ന ജനത ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യില്ലേ..? അവര്‍   ക്രോസ്     ബെല്‍റ്റും  കഴുത്തേല്‍ ബെല്‍റ്റും ഒക്കെ സ്വമേധയാ  വേണമെങ്കില്‍ ഇടട്ടെ ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തും അനുഭവിയ്ക്കട്ടെ..  അടിച്ചടത്തൂടെ പോയില്ലെങ്കില്‍ പോയടത്തൂടെ അടിയ്ക്കണം.. ഇതൊക്കെ ഇട്ടു നടക്കുന്നവനെ ആള് മാറി കൊല്ലുന്നു..അവന്റെ വീട്ടില്‍ കയറി കുടുംബത്തിനെ മൊത്തം തല തല്ലി കൊല്ലുന്നു..!!

അതും     അല്ലെങ്കില്‍ ആവശ്യക്കാര്‍ ബന്ധപെട്ടാല്‍ ഈ കവചം ഫ്രീ  ആയി നല്‍കാം
ഒരു ജീവ കാരുണ്യ പ്രവര്‍ത്തനം ആയി..  മോക്ഷ വഴി..

അല്ലാതെ ഈ കവച കച്ചോടക്കാരന്‍ പൊട്ടി പാളീസ്‌ ആകുമ്പോള്‍ ..വിളിച്ചു കൂവി  സിബി ചക്രവര്‍ത്തി കോഴ വാങ്ങുന്ന   സി ഡി യും കൊണ്ട് ചാനല്‍ തിണ്ണ നെരങ്ങുന്നത് ഞങ്ങള്‍
  കാണാനും ആരൊക്കെയോ  അതിനു ഇട നില നിന്നു എന്ന് ഒളി ക്യാമറയെ കൊണ്ട്    പറയിക്കാനും   ആണോ..?   പിന്നെ നീ തങ്കപ്പന്‍ അല്ല പോന്നപ്പനാട ..എന്നു വെറുതെ പറയാനോ?

കൂട്ട ബാലാല്കാരങ്ങളും , കൊള്ളയും കൊള്ളി വയ്പ്പും  എന്ന് വേണ്ടാ സമസ്ത കാളി കൂളികളും തിമിര്‍ത് ആടുമ്പോള്‍ ..   ഈ     ഇത്തിരി തല തെറിച്ചു പോകുന്നത് തന്നെയാ നല്ലത് എന്റെ പിതാവേ..

മരിച്ചു   ജീവിയ്ക്കുന്ന    എന്ടോ സള്‍ഫാന്‍ ദുരന്തങ്ങള്‍ ഈ കേരളത്തില്‍ ഉള്ളപ്പോള്‍  അത് വില്‍ക്കാനും  വിതയ്ക്കാനും ശേവുകം ചെയ്തവര്‍ ഉള്ളപ്പോള്‍...
പട്ടിണി മരണം ഒന്നെങ്കിലും ഉള്ളപ്പോള്‍    
ഒരു ശിരോ കവചം, ഒരു ക്രോസ്  ബെല്‍റ്റ്‌  എത്രയോ ചെറുതാണ്..ഉറുമ്പിനോളം....

മുന്‍ഷി പറയുമ്പോലെ " എള്ളു ചോരുന്നതറിയും  എണ്ണ ചോരുന്നത് അറിയില്ല"