ഇതിപ്പം ഓണം കഴിഞ്ഞു വിഷു ആകാറായി..
എന്നാലും ഉത്രാട പാച്ചിലിനിടയില്‍ അങ്ങ് കൊച്ചീന്ന് ഓണം ഘോഷിയ്ക്കാന്‍ അലറി പാഞ്ഞു വന്ന ഒന്ന് രണ്ടു സുഹൃത്തുക്കളെ സ്മരിക്കാതെ വയ്യ, ഒപ്പം ഇഷ്ട സംവിധായകന്‍ ശ്രീ ബ്ലസ്സിയെയും !
സ്മരണ അവിടെ നിക്കട്ടെ.
സംഗതിയിലെയ്ക്ക് കടക്കാം. (ഇപ്പോള്‍ എന്തിനും സംഗതീം ഭാവോം വേണമല്ലോ, ഷഡ്ജം വേണമെന്നേയില്ല ! ഒരു പീഡനം ആണെങ്കില്‍ കൂടി..ഇല്ലെങ്കില്‍ എസ് എം എസ് കിട്ടില്ല അത്ര തന്നെ!!!)
ഉത്തമ സുഹൃത്ത്, സഹായി, സഹൃദയന്‍, അമ്പോറ്റി ഏറെ നാളുകള്‍ക്കു മുന്‍പേ തന്റെ കൊച്ചീലുള്ള ആത്മ മിത്രങ്ങളെ മൊബൈലില്‍ വിളിച്ചു പറയുന്നു
"സഹോദരങ്ങളെ ഈ ഉത്രാടം എന്നോടൊപ്പം ..നിങ്ങളില്ലാതെ എനിക്കെന്തു ഓണോം സംക്രാന്തീം..അതുകൊണ്ട് ഈ വിളി കഴിഞ്ഞാല്‍ ഉടന്‍ പുറപ്പെടണം ഉത്രാട നിലാവത്ത് നമുക്ക് പാട വരമ്പില്‍ ഇരുന്നു ഗത കാലങ്ങളെ ഉറക്കെ ഓര്‍ക്കാം വയലാര്‍ ദേവരാജന്‍ പാട്ടുകള്‍ പാടാം ..ഒരുക്കങ്ങള്‍ എല്ലാം എന്റെ വക..നിങ്ങളുടെ ശരീരം ഇങ്ങു കിട്ടിയാല്‍ മതി "
കേട്ട പാതി കേള്‍ക്കാത്ത പാതി ..കൊച്ചീടെ കുണ്ടിലും കുഴിയിലും ഇറങ്ങി കയറി മനം മടുത്ത് ..
കൊതുകിന്റെ കാലങ്ങളായുള്ള ചോര ചീന്തലില്‍ പുറം നൊന്ത്...ചീട്ടു കൊട്ടാരങ്ങളുടെ ജിഗ് സൊ പസ്സിലുകളിലെ കളി മടുത്ത് ...പാവം ചങ്ങാതിമാര്‍ "നാട്ടിന്‍പുറം നന്മയാല്‍ സമൃദ്ധം" എന്ന് മുന്നേ കണ്ട് ഉത്രാട രാവിനു വേണ്ടി രാവുകള്‍ പകലുകള്‍ എണ്ണി ഒതുക്കി! കൊതുക് കടി പോലും മറന്നു!!
അങ്ങനെ ഉത്രാടം വന്നു.
വല്ലചാതീം ഓഫീസ് പണി ഒരു കോണില്‍ ചാരി.. വീട്ടിലെ സൊല്ല കള്‍ ഒരു വിധം തീര്‍ത്തു ...
കിട്ടിയ ഉടുപ്പും നിക്കറും എല്ലാം വാരി കെട്ടി.. ഉടുത്തോ ഉടുത്തില്ലിയോ എന്നൊന്നും ശ്രദ്ധിയ്ക്കാന്‍ പോലും മെനക്കെട്ടില്ല ...പെണ്ണുമ്പിള്ള മാരുടെ വീര്‍ത്ത മോന്തകളും പുല്ലാക്കി കാറില്‍ കയറി..
ആലപ്പുഴ ..തിരുവല്ല ..അങ്ങനെ അതിവേഗം ബഹുദൂരം രാത്രി ഇത്തിരി ആയെങ്കിലും പാട വരമ്പില്‍ പാഞ്ഞെത്തി...." ഇശ്വരാ നമ്മള്‍ താമസിച്ചതിനു അവന്‍ പെണങ്ങി കാണും ..അതാ വെട്ടോം വെളിച്ചോം ഒന്നുമില്ലാത്തത് ...പുറപ്പെട്ടപ്പോള്‍ ഒന്ന് വിളിച്ചു പറയണ്ടാതായിരുന്നു " ഒരുവന്‍.
"അവമ്മാര്‍ക്കൊക്കെ നാട്ടില്‍ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കാം നമ്മുക്കറിയാം നമ്മള്‍ എങ്ങനാ അവടെ നിന്നും ഒന്ന് ഊരി വന്നതെന്ന് " അപരന്‍.
വിശപ്പിന്റെയും ദാഹത്തിന്റെയും ചെറിയ തമ്പുരാനായ മുന്നാമന്‍ അക്ഷമനായി.."മുടിഞ്ഞ മോനെ എല്ലാം തിന്നും കുടിച്ചും തീര്‍ത്തു കാണും ..ഇവിടുത്തെ കാര്യം മനസ്സില്‍ കെടന്നത് കൊണ്ട് വീട്ടില്‍ നിന്നും കിട്ടിയ ഇലയപ്പം പോലും വേണ്ടാന്നു വച്ചാ വന്നത്.."
"പിന്നെ ഇലയപ്പം എന്ന് പറയുമ്പം ഒരാനെടെ വിശപ്പ് മാറും.." ഒരുത്തന്‍ ഒന്ന് താങ്ങി..
"ഇല കൂടി തിന്നണം ..." അടുത്തവനും ഒന്ന് തോണ്ടി..
"തീറ്റീടെ തമ്പുരാന് കോപം വന്നു പാടത്തിലെയ്ക്ക് നോക്കി ഇരുട്ടില്‍ യക്ഷി കരയുന്നപോലെ ഒന്ന് കൂവി നോക്കി.(രക്ത രക്ഷസിനോട് കടപ്പാട്)
ഇനി ക്ഷണിതാവു സുഹൃത്ത് അടിച്ചു ഫ്യുസ് പോയി കെടന്നു പോയാലോ...
മറു കൂവും വന്നില്ല. ആകെ ടെന്‍ഷന്‍ ആയി..ഇത്ര ദൂരം വന്നിട്ട് ..അതും തൃശൂര്‍ പൂരം കാണാന്‍ പോകുന്ന ആവേശത്തോടെ ..മുന്നും പിന്നും നോക്കാതെ ..ഇപ്പം ദേ ആവീം അനക്കോം ഒന്നുമില്ല..ഉത്രാട നിലാവില്‍ പാടം വെള്ള പുതച്ചു കെടക്കുന്നു ..പെയ്ത മഴയൊക്കെ തോര്‍ന്നു ..തെളിഞ്ഞ മാനം.
"ഇവിടെ നല്ല എല്ല് ഇറച്ചീം വാട്ട് കപ്പ വേവിച്ചതും ..പഴം ഇട്ടു വാറ്റിയ നാടനും ഒക്കെ ഉണ്ടന്നല്ലേ അവന്‍ അന്ന് പറഞ്ഞത്.." തീറ്റിയുടെ തമ്പുരാന് വായില്‍ കൊച്ചീ കായല്‍ ...അതിനു മുകളില്‍ കൊതിയുടെ കേവ് വള്ളങ്ങളും!
"ഇത് നല്ല കോപ്പിലെ..." ഒരുത്തന് ദേഷ്യം വന്നു..
"വിളിച്ച് ഉണര്ത്തിയെച്ചു ചോറില്ല എന്ന് പറഞ്ഞപോലെ.."
മറ്റവന്‍ മൊബൈല്‍ അരയില്‍ നിന്നും ഊരി എടുത്തു ..ക്ഷണിച്ചവനെ കൊല്ലാന്‍ തന്നെ ഉന്നം.
" വിളിച്ചിട്ടും ആ മൈ ...എടുക്കുന്നില്ല ..റിംഗ് ഉണ്ട് ..മിക്കവാറും പാമ്പായി കാണും .."
മനസ് മടുത്ത് മൂവരും ഒരു ഞരക്കത്തോടെ പാട വരമ്പില്‍ ഇരുട്ട് സാക്ഷി കുത്തി ഇരുന്നു!
"എന്റെ ദൈവമേ ഇനിയിപ്പം എന്നാ ചെയ്യും..മണി പത്തു പത്തര ആയി..ഹോട്ടലും ബാറും ഒക്കെ അടച്ചു പൂട്ടി "
"കിടക്കുന്നത് കാറില്‍ ആകാം..പക്ഷെ വെശപ്പിനു കാറ് തിന്നാന്‍ പറ്റത്തില്ലല്ലോ.." ഒരുവന്റെ സ്വരം കരച്ചിലോളം എത്തി.
"വെശപ്പിനു സീറ്റിന്റെ അപ്പോള്‍സറി നല്ലതാ എന്ന് ഏതോ പാചക പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.." ക്ഷമ നശിച്ച ഒരുത്തന്‍ പറഞ്ഞു...
അതിന്റെ കൂടെ മനുഷ്യ ശരീരത്തിലെ ഒന്ന് രണ്ട് അവയവങ്ങളുടെ പേരും നൂറ്റൊന്നു ആവര്‍ത്തിച്ചു.
അതിന്റെ കൂടെ മനുഷ്യ ശരീരത്തിലെ ഒന്ന് രണ്ട് അവയവങ്ങളുടെ പേരും നൂറ്റൊന്നു ആവര്‍ത്തിച്ചു.
രാത്രിയുടെ നിശബ്ദതയില്‍ ചീവീടും തവളയും ജൂഗല്‍ ബന്ദി അവതരിപ്പിക്കുമ്പോള്‍ നക്ഷത്രങ്ങള്‍ മിന്നി ചിരിച്ചു..
ഉത്രാട നിലാവിനും ഉറക്കം കണ്ണില്‍ കേറി..
മൂന്നു പേര്‍ അവാര്‍ഡു സിനിമയിലെ പോലെ മെല്ലെ മുഖം പല വശത്തേയ്ക്കും തിരിച്ചു..
ആകാംഷ നശിച്ച ..തൂക്കാന്‍ വിധിയ്ക്കപ്പെട്ടവന്റെ നിസ്സംഗത.
ആകാംഷ നശിച്ച ..തൂക്കാന്‍ വിധിയ്ക്കപ്പെട്ടവന്റെ നിസ്സംഗത.
ഒരുവന്റെ ഫോണിന്റെ സ്ക്രീന്‍ കത്തി തെളിഞ്ഞു..ഒപ്പം മുസാഫിര്‍ " എന്ന ഹിന്ദി പാട്ടിന്റെ ട്യൂണും..
"ഡാ...ല്ലവന്‍ വിളിക്കുന്നു..." പറഞ്ഞത് ഒത്തിരി ഉറക്കെ ആയിപ്പോയി..ഉറക്കം തൂങ്ങി ഇരുന്ന മറ്റു രണ്ടു പേര്‍ ഞെട്ടി ചാടി എഴുന്നേറ്റു..ഫോണിനു കാതോര്‍ത്തു..
മറു തലക്കല്‍ നിന്നും പറയുന്നത് കേള്‍ക്കാം..."എന്റെ സഹോദരങ്ങളെ ഞാന്‍ നമ്മുടെ പരിപാടി അങ്ങ് വിട്ടുപോയി..നിങ്ങള്‍ ഒന്ന് വിളിച്ച് ഓര്‍മ്മിപ്പിച്ചുമില്ല..ഇപ്പം ഫോണില്‍ മിസ് കോള്‍ കെടക്കുന്നത് കണ്ടപോഴാ ഓര്‍ത്തത്..കാലു പിടിച്ചു ക്ഷമ ചോദിക്കുന്നു..നിങ്ങള്‍ അവിടെ തന്നെ ഇരി..ഞാനിപ്പം എല്ലാ സന്നാഹങ്ങളുമായി വരാം..പ്ലീസ്..."
അക്ഷമനായ ഇങ്ങേ തലക്കാരന്‍ കയര്‍ത്തു "ഇനിയിപ്പം എപ്പം ഉണ്ടാക്കാനാ...ഒരു മാതിരി..ഊഒം.."
മറുതല മൊഴി.." വെറും അര മണിയ്ക്കൂര്‍..ഞാന്‍ ചങ്ങനാശ്ശേരിയില്‍ പ്രണയം സിനിമ കണ്ടു ഇറങ്ങിയതെ ഉള്ളൂ.. ഫോണ്‍ സൈലന്റ് വാലിയില്‍ ആയിരുന്നു.. പിള്ളാരും ഭാര്യയും കൂടി എന്നെ പിച്ചാത്തി മുനയില്‍ നിര്‍ത്തി കൊണ്ട് വന്നതാ..അങ്ങ് വരുമ്പോള്‍ എന്നെ അങ്ങ് തല്ലിയ്ക്കോ"
"ആ ബ്ലസ്സി ഒപ്പിച്ച ഒരു പണി..ഓണം കഴിഞ്ഞു ഈ പടം റിലീസ് ചെയ്‌താല്‍ ആരെങ്കിലും കൊല്ലുമായിരുന്നോ.. എന്റെ വീട്ടില്‍ ഇതറിഞ്ഞാല്‍ പ്രണയം കാണിക്കാഞ്ഞതിനു പെണ്ണുമ്പിള്ള പ്രാണന്‍ എടുക്കും..ഇന്നലേം പറഞ്ഞു..ഈ മുടിഞ്ഞ വരവ് വന്നില്ലായിരുന്നെങ്കില്‍ ..അതെങ്കിലും നടന്നേനെ ..ഒന്നുമല്ലെങ്കില്‍ അവരുടെ ദുര്‍ മുഖം കാണാതെ ഈ ഓണം എങ്കിലും കഴിച്ചു കൂട്ടാമായിരുന്നു.."
"എന്റെ എലയപ്പോം പോയി..അത്താഴോം പോയി..ഉത്രാടത്തിന് ഉപവസോം ആയി.." തീറ്റിയുടെ തമ്പുരാന്‍ അതും പറഞ്ഞു ഒരു ദീര്‍ഖ നിശ്വാസം എടുത്തു വീശി.
"നേരം വെളുത്താല്‍ ഓണമായി.. അവന്‍ ഇങ്ങു വരുമ്പോഴേയ്ക്കും ഓണോം കഴീം ...നമുക്ക് ഉറങ്ങാം.." മനസ് ഉരുകി ഒരുവന്‍ പറഞ്ഞു..
"മുടിയാന്‍ നേരം മുട്ടിട്ടാല്‍ നിക്കുമോ? തൂറാന്‍ ഓടുന്നവനേം മുടിയാന്‍ പോകുന്നവനേം വിളിച്ചാല്‍ നില്‍ക്കില്ല..ഇത് നമ്മടെ വിധി" വേറൊരുത്തന്‍ പല്ല് കടിച്ചു..
ചീവീടുകള്‍ ആ ദുഃഖം ഏറ്റു പിടിച്ചു ..ഉറക്കെ കരഞ്ഞു..
ഉത്രാട പൂ നിലാവും പടിഞ്ഞാറേ ചരുവിലെയ്ക്ക് ചാഞ്ഞു..
വീണ്ടും കൂട്ടുകാരന്റെ മൊബൈല്‍ ചിലച്ചു..മുസാഫിര്‍ ഹും യാരോ"....
മറു തല പറഞ്ഞു " പോകരുതേ.. ഉറങ്ങരുതെ.. എല്ലാം ഞാന്‍ വാങ്ങി ..ചിക്കനും ചപ്പാത്തീം രണ്ടു ഫുള്ളും ..ബാറ് തുറപ്പിച്ചു സംഖടിപ്പിച്ചു..ദാ ..എത്തി..ഇപ്പം സമയം പന്ത്രണ്ടു മണി അല്ലെ ആയുള്ളൂ.."
ഇതൊന്നുമറിയാതെ പ്രണയം ഒരുക്കി ബ്ലസ്സിയും എവിടെയോ സുഖ നിദ്രയിലാകും!
13 അഭിപ്രായങ്ങൾ:
ഡാ പഹയാ കലക്കി . ഈ അമളി പറ്റാത്ത ഒരു തെണ്ടിയും ഭുലോകത്തു ഉണ്ടാകില്ല . ഗുണപാഠം : കല്യാണം കഴിച്ച ഒരു തെണ്ടിയേം വിശ്വസിച്ചു കൂടും കുടുക്കേം എടുത്തു ചാടി പുറപ്പെടരുത് .
Oro onavum kure veenduvicharam tharum vattukappayum ellirichiyum koduthu thazhambicha kamukanu, eniyum uthrada ravukal vannukondeyirikkum.
നൊന്ട്രി..വോണക്കോം
Ullasusarinte santhoshom kandapore.kooduthalenthuparayan....chathiyude ithupolathe ethra neenda nirakal....Uthradasanthyayil kallumonthan kothicha kudiyanmarkkumumbil....pranamangal
hahaha...oru utrada pachillllllllllllllll
Kshamaapanathode, Adutha Uthraadam vare onnu kaakku.
ഹ ഹ അങ്ങനെ തന്നെ വേണം.
‘പ്രണയം’ വരുത്തിവെച്ച ഒരൊ വിനകളേ...
കള്ളുകുടിയന്മാര്‍! നന്നായി. അങ്ങിനെത്തന്നെ വേണം
ഉത്രാടത്തിന്റെ ഊഷ്മള സായാഹ്നം നശിപ്പിച്ചു കളഞ്ഞ 'പഹയനെ' ഹിംസിക്കണം. അല്ലെങ്കില്‍
ആരെങ്കിലും ആ ദിവസം സിനിമയ്ക്ക് പോകുമോ.,?
ഭാഷയുടെ അനായാസത വായിക്കാനുള്ള പ്രേരണ തരുന്നു. ശൈലിയുടെ flexibility വാക്കുകള്‍ക്കു മുമ്പില്‍ സഞ്ചരിക്കുന്നു . അഭിനന്ദനങ്ങള്‍.
പ്രേരണകള്‍ക്ക് നന്ദി.
നന്നായിട്ടുണ്ട് ....!
Nice and Humorous.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ