Powered By Blogger

2013, മേയ് 1, ബുധനാഴ്‌ച

ദാനിയേല്‍




ബാബിലോണ്‍ നദിക്കരയില്‍ നിന്നുമുയര്‍ന്ന യഹൂദ പ്രവചനങ്ങളില്‍  ദാനിയേലിന്റെ
പുസ്തകവും  ഘോഷിക്ക പെട്ടിരുന്നു . 

ഇവിടെ പമ്പാ നദിക്കരയില്‍  ഞങ്ങളും അറിയുന്നു   നന്മയുടെ പുസ്തക താളുകളിലെ ഉണ്മയുടെ കൊച്ചു കൊച്ചു പച്ചപ്പുകൾ . 
കോളജു കാലത്തെ ഏറ്റവും വലിയ വിനോദം ദാനിയേലു ചേട്ടന്റെ ഈ പുണ്ണ്യ ഭൂമിയിലേക്കുള്ള തീര്‍ ഥാടനമായിരുന്നു!

നദി  അമ്പേ വരണ്ടു വിണ്ടു കീറി പിഞ്ഞി  പോയ ഒരു കൈലേസുപോലെ കണ്ണീർ തടാകമായി തന്നോട് ചെയ്ത പിഴവുകൾ  അത് ചെയ്തവരോട്‌ പൊറുക്കേണമേ എന്ന് മാപ്പിരക്കും പോലെ ആകാശം നോക്കി കിടക്കുമ്പോൾ  ആ നെടുവീർപ്പിനിടയിൽ  അല്പം സാന്ത്വനമായി  മരു പച്ചപോലെ ദാനിയേലിന്റെ കുഞ്ഞു പീടിക.

മഞ്ഞ മുളം കാലുകള്‍  കോതി ഒതുക്കി അതിന്മേല്‍  ഇഴ അടുപ്പിച്ചു കെട്ടിയ തെങ്ങോല പന്തല്‍  പൂഴി മണലില്‍ തണുത്ത തറയിലേയ്ക്ക് ഉദയ സൂര്യന്റെ ഒളി നോട്ടം എത്തുമ്പോള്‍ കാപ്പി പീടികയ്ക്കു ആകെ ഒരു നാണം !

പമ്പാ നദിയിലെ  കുഞ്ഞോളങ്ങളിൽ കിഴക്കുണരുന്ന  ഉദയ  വെളിച്ചം വീണു പ്രതിഫിലിക്കുമ്പോൾ  ഓല മേഞ്ഞ  ചായ പീടികയിലും  അടുപ്പിലെ കുഞ്ഞു വെളിച്ചം അരണ്ട് മിന്നി ചുവന്ന വെളിച്ചം നദിയിലും പടർത്തുന്നു .

 ചെമ്പ്   കലത്തിലെ  തിളച്ചു തുടങ്ങുന്ന  വെള്ളത്തിൽ  ഇട്ട ചെമ്പ്  തുട്ട്     മേല്‍  കീഴ് മറിയുമ്പോൾ   ചൂട്ടിൽ നിന്നും തീ പിടിപ്പിച്ച്  ഒരു തെറുപ്പ്  ബീഡിയുമായി  ദാനിയേലിന്റെ ജീവിതവും  തിളക്കം വച്ച് തുടങ്ങുന്നു...കണ്ണാടി അലമാരയില്‍  ചൂടു പുട്ടിന്റെ ആവി നിറഞ്ഞു നില്ക്കുന്നു, നെല്ലു കുത്തരിയുടെ വെന്ത മണം .  ആറ്റരികത്തു മേഞ്ഞു വളരുന്ന താറാം കൂട്ടം ഇട്ട നാടന്‍ മുട്ട, കടുകു പൊട്ടിച്ചു താളിയ്ക്കുന്നതിന്റെ മാസ്മര ഗന്ധം ...
ആകെപ്പാടെ ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയ്ക്കു മേല്‍ ദാനിയേലിന്റെ പീടിക ഒരു വര്‍ ണ്ണ  കുടയായി നില്ക്കുന്നു , ആറ്റില്‍ നിന്നും വരുന്ന ഇളം കാറ്റിന്റെ നിര്‍ മ്മലതയില്‍   കൈതപ്പൂവിന്റെ ഗന്ധം ...


"പൂഹൂയ്‌ ...  പൂവോയ് "  കോഴഞ്ചേരി  ചന്തയിലേക്കുള്ള  സാമാനങ്ങളും  കേറ്റി വരുന്ന കേവ്  വള്ളക്കാരന്റെ  ആഹ്ളാദാരവം     ആരോഹണാ  അവരോഹണത്തില്‍   ... 
 നനുത്ത തണുപ്പിൽ  മുളം കഴുക്കോൽ ഊന്നി  പൊക്കി   വെള്ളം ചുഴറ്റി തെറുപ്പിച്ച്  ചുറ്റും പറക്കുന്ന നീർ കാക്കകളുടെ  കല പിലകൾക്കിടയിൽ   ദാനിയേലിന്റെ പീടികയിലെ നിത്യവും കൃത്യമായി ഉദിക്കുന്ന ചുവന്ന വെട്ടം കണ്ടതിന്റെ ആനന്ദം! 
മെല്ലെ വള്ളം  ബ്രേക്ക് ഇട്ടു തിരിച്ചു  കഴുക്കോൽ ഊന്നി  കരയിലേക്ക് അടുപ്പിച്ചു നിർത്തി  "ബ്ളൂം " എന്ന്  വെള്ളത്തിലേക്ക്‌  ഒരു ചാട്ടം ചാടി, അടുത്ത ചാട്ടം ദാനിയേലിന്റെ പീടിക തിണ്ണയിൽ കയറാനുള്ള കുത്തു  കല്ലിൽ . വള്ളക്കാരന്റെ ബലിഷ്ടമായ കാല്‍ പാദത്തിനടിയില്‍  കുത്തു കല്ലും ഒന്നു ഞരങ്ങി .

വറുതി കാലത്ത്   വഴിയോടു  തിരിഞ്ഞും  വര്‍ ഷ  കാലത്ത്  ഉറഞ്ഞു തുള്ളുന്ന പമ്പയെ നോക്കിയും ആയിരിക്കും  പീടികയുടെ മുഖപ്പു .  കുത്തു കല്ല്‌ കയറാതെ നേരെ വള്ളത്തില്‍ നിന്നും കടയിലേക്കു ലാന്റ് ചെയ്യുവാനുള്ള ഞൊടി വിദ്യ ആണു ഈ വര്‍ ഷ കാലത്തെ മുഖം മാറ്റം !! വറുതിയില്‍ വഴിയോടു തിരിയുന്നതും  വേറൊരു ലാന്റിങ് ലാഡര്‍ വിദ്യ!
മുഖപ്പുകളുടെ ഒരു പകര്‍ന്നാട്ടം .  

 മണ്ണ് മുഴുവനും വാരി  പുഴയെ ആവര്‍ത്തിച്ചു  ബലാല്‍സംഗം ചെയ്തു പണം ഉണ്ടാക്കിയ ഒരു വിരുതന്‍ , സ്ഥിരമായി ദാനിയേലിന്റെ  ആട്ടിയ വെളിച്ചെണ്ണയില്‍ അന്നത്തേയ്ക്കു മാത്രം ഉണ്ടാക്കുന്ന  വടയും ബോളിയുമൊക്കെ കഴിച്ച സമൃദ്ധിയില്‍ ഒരിക്കല്‍ അല്പം  കാശ് കടം വരുത്തിയപ്പോള്‍  ദാനിയേല്‍  ചുങ്കകാരന്റെ  മുതുകത്തു ചാട്ട വാര്‍ അടിച്ച കര്‍ത്താവായി ചോദിച്ചു  " ഈക്കണ്ട മണ്ണ് മുഴുവനും വാരി  നെറികേട് കാണിച്ചു നീ ഉണ്ടാക്കിയ കാശെല്ലാം എവിടെ പോയി.. വെള്ളമടിച്ചു കളഞ്ഞു അല്ലെ...ഇവിടെ നിനക്ക് തരാന്‍ കടം ഇല്ല...ഇനി നീ വരികേം വേണ്ടാ."  
മണല്‍ വാരുകാരന്‍ ആ പണിയും വെള്ളമടിയും നിര്‍ത്തി നല്ലവനായി ഒരിക്കല്‍ വന്നു എന്നും  ആവശ്യത്തിനു പലഹാരോം ചായേം ദാനിയേല്‍ ഫ്രീ ആയി കൊടുത്തുവെന്നും ആരോ പറഞ്ഞു.

ഇങ്ങനെ നന്മയുടെ വെളിച്ചെണ്ണ പലഹാരങ്ങളും  ദാനിയേല്‍ ചേട്ടന്റെ പീടികയില്‍ ചുട്ടു കൂട്ടുന്നുണ്ടായിരുന്നു.. ആറന്മുള ഉതൃട്ടാതി വള്ളം കളി കഴിഞ്ഞു   തളര്‍ന്ന് അവശരായി വരുന്ന തുഴചില്‍കാര്‍ക്ക്  ആകെ ഒരു വേ സൈഡ് മോട്ടലും  ദാനിയേല്‍ ചേട്ടന്റെ പീടികയും ആ സ്നേഹവുമായിരുന്നു  ..എത്ര വൈകിയാലും  കാപ്പീം കടീം  വച്ച് കാത്തിരിക്കുമായിരുന്നു  പാവം  ദാനിയേല്‍ ചേട്ടന്‍ ...

മദ്ധ്യാന്ന സൂര്യന്‍  പമ്പയെ  തപിപ്പിക്കുംപോള്‍  പീടിക തിണ്ണയില്‍ ഇരുന്നു  മുകുന്ദന്റെ വെള്ളാരം കല്ലുകളെ സങ്കല്പിച്ചു  നദി മദ്ധ്യത്തിലെ കുഞ്ഞോള പരപ്പിലെ നക്ഷത്രം വിരിയിക്കുന്ന  വെളിച്ച മാജിക് കാണാന്‍ എന്തായിരുന്നു സുഖം.  അപ്പോള്‍ കച്ചവടം ഒതുക്കി ഉച്ച മയക്കത്തിലായിരിക്കും  ദാനിയേല്‍ ചേട്ടന്‍ ..കൈത്തറി  ചുട്ടി തോര്‍ത്ത്  എടുത്തൊന്നു കുടഞ്ഞു നിവര്‍ത്തി ഡിസ്കില്‍ വിരിച്ചു  നെടു നീളന്‍ കാലുകള്‍  വളച്ചു വച്ച്  ഏതോ പകല്‍ സ്വപ്നാടനത്തില്‍ .... ഞങ്ങള്‍ ഏകാന്തതയില്‍  വെള്ളാരം കല്ലുകളെ നോക്കി മിഴി പൂട്ടാതെ വെറുതെ അലസമായി വരുന്ന കുളിര്‍ കാറ്റിന്റെ  സൊറയും കേട്ട് അങ്ങനെ ഇരിക്കും..

ഞങ്ങടെ യൌവ്വനം  അപരാഹ്നത്തിലായത്  അറിയുമ്പോഴും, വാര്‍ദ്ധക്യം  പടി കടന്നു വരുമ്പോഴും വല്ലപ്പോഴും ഓര്‍മ പുതുക്കാന്‍ സന്നാഹങ്ങളുമായി  പോകുമായിരുന്നു  ദാനിയേല്‍ ചേട്ടന്റെ പീടികയിലേക്ക് ... സംവത്സരങ്ങള്‍  ഉഴുതു മറിച്ച ഓര്‍മ പാടം അപ്പോഴൊക്കെ കതിരിടുമായിരുന്നു .. ചെറിയ തമാശുകള്‍  ചിരികള്‍   ചില്ലറ  കാര്യങ്ങള്‍ ..
ഓരോരോ  പ്രാരാബ്ധങ്ങള്‍  പരസ്പരം ഇറക്കി വക്കുമ്പോള്‍   എന്നത്തേയും പോലെ ദാനിയേല്‍ ചേട്ടന്‍  ചുട്ടി തോര്‍ത്തില്‍ ഉച്ച മയക്കത്തില്‍ ആയിരിക്കും..പക്ഷെ ഇപ്പോള്‍ ദിവാ സ്വപ്ന സഞ്ചാരമില്ല  കൂര്‍ക്കം വലി തന്നെ ...
ആയുസ്സിന്റെ  ലാസ്റ്റ്   സ്റ്റോപ്പില്‍  ആളിറക്കി പോകാന്‍ പോകുന്ന വണ്ടി പോലെ.
യാത്ര പറഞ്ഞു പിരിയുമ്പോഴും അലസമായ ഒരു മന്ദഹാസം  ഇങ്ങോട്ടിടും   അത്ര തന്നെ .


അങ്ങോട്ട്‌  പോകാതെയായിട്ടും ഒരുപാട് നാളുകള്‍ ആയി. 
ദാനിയേല്‍ ചേട്ടന്റെ  മുളം കൂടാരം കോണ്ക്രീറ്റ്  എടുപ്പായി മാറി എന്നറിഞ്ഞു .

പഴയ  സുഖവം സാന്ത്വനവും  തിരികെ തരാന്‍ പമ്പാ  നദിയും വെമ്പുന്ന പോലെ ..
ഒരു ഭയം പോലെ ,  ഒരു പക്ഷെ  നദിയും അതിന്റെ മരണ കാലത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടാകാം  കൈതപ്പൂ മണവും  വെള്ളാരം കല്ലുമൊക്കെ  സ്വപ്നത്തില്‍ ബാക്കി..
വാലില്‍ മറുകുള്ള  പരല്‍ മീന്‍ പുളച്ചിരുന്ന  നദി മാറില്‍ ഇപ്പോള്‍  ന്യു ജനറേഷന്‍ മീനുകളുടെ  റിയാലിറ്റി ഷോകള്‍ !
പഞ്ചാര മണല്‍ കസവ് കര നേര്‍ത്തു നേര്‍ത്ത്‌  ഒരു  നാട പോലെ ...അഴിഞ്ഞും അഴിയാതെയും നദിയെ ചുറ്റി  ഇണ പിരിയാന്‍ വയ്യാത്തപോലെ
വെറുതെ കുളിച്ചു കേറി പോരാറുണ്ട്  എന്നല്ലാതെ പുഴയോന്നും പറയാറില്ല.  മൂകയായി അങ്ങനെ കെടക്കും .  കരയെ  വാരി പുണരാന്‍  ഇനി കഴിയില്ലല്ലോ  എന്നോര്‍ക്കയാവാം..


ഇയ്യിടെ  പുലര്‍ച്ചെ  മൊബൈല്‍ വിളിയില്‍ ചങ്ങാതി പറഞ്ഞു  "ഡാ , നമ്മുടെ ദാനിയേല്‍ ചേട്ടന്‍ രണ്ടാഴ്ച  മുന്‍പ് മരിച്ചു പോയി  അടക്കവും കഴിഞ്ഞു..ഞാന്‍ ഇന്നലെയാ അറിഞ്ഞേ  ആരും പറഞ്ഞും കേട്ടില്ല..."
"എത്ര വയസായിരുന്നിരിക്കാം " എന്റെ ചോദ്യത്തിന്  അവന്‍ പറഞ്ഞു 
"നമ്മുടെ ലാസ്റ്റ് ബെല്ലിനു  ഇനി എത്ര കാലം .. നമ്മള്‍ വയസ്സിന്റെ കണക്കു കൂട്ടലുകള്‍ നടത്തുമ്പോള്‍   കാലം എളുപ്പ വഴിയില്‍ ക്രിയ ചെയ്ത് ഉത്തരം തരും .." അവന്‍ കോള്‍ കട്ട് ചെയ്തു .  
ഫോണിന്റെ മിടിപ്പും തീരുന്നു  ശബ്ദം ഇല്ലാതെ എന്റെ കൈക്കുള്ളില്‍  ഒരു ചത്ത മീനിനെ പോലെ അതിരിക്കുന്നു.

നദി മാറിലെ വെള്ളാരം കല്ലുകളില്‍ സൂര്യന്‍ നക്ഷത്രം വിരിയിക്കുന്ന മാജിക്ക് കാണാന്‍ ഇനി എന്ന്  കാണും എന്ന് ആരോ ചോദിക്കുന്നു ...
ചാര് കസേരയില്‍ ആയുസിന്റെ എഞ്ചുവടി പട്ടിക കൂട്ടി കിഴിച്ച് ഉത്തരം കിട്ടാതിരിക്കെ  
ഒരു മയക്കം വന്നു മൂടുന്നു...






 

12 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

വരുന്നു
ജീവിക്കുന്നു
പോകുന്നു
പിന്നെയും ആള്‍ക്കാര്‍ വരുന്നു
ജീവിക്കുന്നു പോകുന്നു
പിന്നെയും ആള്‍ക്കാര്‍.....

ജീവചക്രം

റോസാപ്പൂക്കള്‍ പറഞ്ഞു...

നല്ലൊരു പോസ്റ്റ്.
നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു .

ശ്രീ പറഞ്ഞു...

ഒരു നെടുവീര്‍പ്പോടെ വായിച്ചു തീര്‍ത്തു, മാഷേ...

ദാനിയേല്‍ ചേട്ടന്‍ മനസ്സില്‍ നിന്നിറങ്ങി പോകുന്നില്ല...

shajkumar പറഞ്ഞു...

ശ്രീ അജിത്തിനും ശ്രീമതി റോസാ പൂക്കള്‍ക്കും ശ്രീ ശ്രീയ്ക്കും ദാനിയേല് ചേട്ടന്റെ നാമത്തില്‍ നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

എന്തൊരു ഒഴുക്കോടെയാണ് പറഞ്ഞു തീർത്തത്! ചില ഭാഗങ്ങളിൽ ഒരു കവിതയുടെ താളം..
ഇന്നെല്ലാം വറ്റിത്തീരുകയാണ്..പുഴകളും നന്മ നിറഞ്ഞ മനിതരുമൊക്കെ...

Philip Verghese 'Ariel' പറഞ്ഞു...

ഷാജി ഇവിടെ ഇതാദ്യം ഇരിപ്പിടത്തിലെ കുറിപ്പ് കണ്ടിവിടെത്തി
നല്ലൊരു അനുഭവ കഥ വായിച്ച പ്രതീതി,
പമ്പാ നദിയും മണല്പരപ്പുകളും വീണ്ടും ഓർമ്മയിൽ ഓടിയത്തിയ പ്രതീതി
എഴുതുക അറിയിക്കുക
ആശംസകൾ

shajkumar പറഞ്ഞു...

ഇരിപ്പിടം ചീരാ മുളക് ശ്രീ പി വി കമന്റിനു നന്ദിയുണ്ട് .

Artof Wave പറഞ്ഞു...

നല്ല എഴുത്ത് ...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഇങ്ങനെ നന്മയുടെ വെളിച്ചെണ്ണ പലഹാരങ്ങളും ദാനിയേല്‍ ചേട്ടന്റെ പീടികയില്‍ ചുട്ടു കൂട്ടുന്നുണ്ടായിരുന്നു..
ദാനിയേല്‍ എന്ന നല്ല കഥാപാത്രം മായുന്നില്ല.ആശംസകള്‍

james പറഞ്ഞു...

ormayude vellaran kallukal manasil varieringallo chengathi.... superb...

kpv പറഞ്ഞു...

Striking a sad note of the saga of Daniel Chettan....Creation or Real?...Great work......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ലോരു അനുഭാവിഷ്കാരം കേട്ടൊ ഭായ്