Powered By Blogger

2023, സെപ്റ്റംബർ 30, ശനിയാഴ്‌ച

പേമാരി പെയ്യാനെന്തേ

പേമാരി പെയ്യാനെന്തേ

പേയും പനിയും വരുവാനാന്നോ..


ഇത് താളി വല്യമ്മേടെ ഈണത്തിലുള്ള ശങ്കരാഭരണം പാട്ട്.. മഴ കനക്കുമ്പോൾ തറയിലെ തീ അടുപ്പിന്റെ അരികെയിരുന്നു ചൂട് കാഞ്ഞ് തിളയ്ക്കുന്ന കപ്പ  കലത്തിന്റെ മൂടി പൊക്കി മുളം കമ്പ് കൊണ്ട് കപ്പയുടെ വേവ് നോക്കി .. പല്ലില്ലാ മോണ കാട്ടി .. ഈറ കുഴലെടുത്ത് റ പോലെ വളഞ്ഞ് അടുപ്പിലെ തീ ഊതും വലിയമ്മ    അപ്പോൾ തോളോളം തൂങ്ങിയ കാതിലെ പിത്തള കടുക്കൻ തീ വെട്ടത്തിൽ സൂര്യനെ പോലെ ജ്വലിച്ച് നിൽക്കും.

ഈ മാരി കാറും പുകിലും തുമ്പിക്കൈ വണ്ണം മഴയും പത്തായത്തിൽ പറ ഉരുട്ടും പോലുള്ള ഇടി മുഴക്കവും

പിറകോട്ട് ഒത്തിരി ഓർമ്മ ചാലുകൾ കോറി വിട്ടു…

താളി വല്യമ്മയുടെ ഓല മേഞ്ഞ, ചാണകം കൊണ്ട് തറ മെഴുകി വെടിപ്പാക്കിയ ഒറ്റ മുറി കൊട്ടാര മുറ്റത്ത് എത്തിച്ചു ആ ഓർമ്മ ചാലുകൾ എന്നെ. സന്തത സഹചാരിയായി വാരിയെല്ലും വാലും ഒരുപോലെ വളഞ്ഞ വെള്ള പട്ടിയും കുളിപ്പിച്ച് ഒരുക്കിയ അതിന്റെ നെറ്റിയിലെ ചുവന്ന പൊട്ടും. 

കാശാവും പുല്ലാഞ്ഞിയും ഒരു മെയ്യായി കെട്ടി മറിഞ്ഞു നിക്കുന്ന കുന്നിൻ മുകളിലേക്കുള്ള ഊട് വഴിയേ വല്യമ്മേടെ കൊട്ടാര വീഥിയിലൂടെ തൊട്ടാവാടിയുടെ മൊട്ടിൽ കുരുങ്ങിയ വെള്ളതുള്ളി കണ്ണിലൊഴിച്ച് ആവണക്കിന്റെ തണ്ടൊടിച്ച് ഊതി മാറ്റുമ്പോൾ മഴവിൽ വർണ്ണത്തിൽ വിരിഞ്ഞു പറക്കുന്ന കുമിളകളെ കയ്യാൽ തട്ടി പൊട്ടിച്ച് ഞങ്ങൾ കൂട്ടുകാർ കല്ലും കുഴിയും താണ്ടി ഓടി കയറും .. എന്തിനെന്നോ?

ചൂടു കപ്പ ഓരോന്നായി തറയിൽ വച്ച തേക്കിലയിലേക്ക് കുടഞ്ഞിട്ടു തരും വല്യമ്മ. ഉണക്ക മുളക് ചുട്ട് ചിരട്ട കൊണ്ട് അടപ്പ് ചട്ടിയിൽ വച്ചുടച്ച് ഉപ്പ് കല്ല് പൊടിച്ചിട്ട് ചക്കിലാട്ടിയ വെളിച്ചെണ്ണ അടുക്കളയുടെ കഴുക്കോലിൽ തൂക്കിയിരിക്കുന്ന വാട്ടർ ബെറീസ് കൊമ്പൗണ്ട് കുപ്പിയിൽ നിന്നും ഇറ്റിച്ച് ചാലിച്ച് അതെടുത്ത് മുൻപോട്ട് നീക്കി വച്ചിട്ടു പറയും “ കഴിക്കീന് മക്കളെ” എന്നിട്ട് ശബ്ദമില്ലാത്ത ഒരു പൊട്ടിച്ചിരി   വാ പൊത്തി പിടിച്ച് 

അടുപ്പിൽ ചൂടാൻ ഇട്ടിരുന്ന കപ്പ ഈറ കുഴലാൽ തോണ്ടിഎടുത്ത് വല്യമ്മ ചിരിച്ചോണ്ട് പറയും ഇത് പിള്ളേർക്കില്ല വല്യമ്മയ്ക്കാ

എന്നിട്ടത് മെല്ലെ പൊടിച്ച് പല്ലില്ലാത്ത മോണയിലിട്ട് ചവച്ചോണ്ട് ഈണത്തിൽ പാടും “രാധ പെണ്ണേ വാടി കിണ്ണൻ ചെറുക്കൻ തേനട പൊട്ടിച്ചു തരുമേ …മൂളിപാട്ടൊന്ന് ഈറ കുഴലിൽ മൂളി തരുമേ.,”

മഴയുടെ ഡി ജെ പാട്ടിനിടയിൽ മുങ്ങി പൊങ്ങുന്ന വല്യമ്മേടെ പതിഞ്ഞ ഹിന്ദോള കീർത്തനം

ഞങ്ങൾ ആർത്തിയോടെ കപ്പയും മുളക് ചമ്മന്തീം എപ്പ തീർത്തു എന്ന് പറഞ്ഞാമതി

ഓല മെടയിൽ കാറ്റ് വന്നു തട്ടി കലപില പറയുമ്പോൾ ആകാശത്തെ കറുപ്പിലേക്ക് നോക്കിയിരുന്ന് വല്യമ്മ പറയും “ കറുത്തമ്മേം മക്കളുമിറങ്ങിയെ ഇനി തുള്ളിക്ക് ഒരു കുടം വച്ചാട്ടേ” 

കൂനികൂടി ആരോ കൊടുത്ത നേര്യതിനാൽ ആകെ മൂടി പുതച്ചിരിക്കുന്നു വല്യമ്മ

കാച്ചിയ എണ്ണയുടെ മണം. ചെമ്പരത്തി താളിയുടെ മണം. 

വല്യമ്മ ഉച്ച ഉറക്കത്തിലേക്ക് തൂണും ചാരിയിരിപ്പായി

ഞങ്ങൾ ഒന്നും ചെയ്യാനില്ലാതെ മഴ നോക്കി ഇരുന്നപ്പോൾ ഉറക്കം വന്നുവോ…

ഉണർന്നപ്പോൾ വല്യമ്മ ഇല്ല 

കാച്ചെണ്ണ തേച്ച് കുളിപ്പിച്ച് 

നേര്യത് പുതപ്പിച്ച് എന്നോ ആരൊക്കെയോ ആരുമില്ലാത്ത വല്യമ്മയെ കിണ്ണൻ ചെറുക്കന്റെ ഈറ കുഴലിൽ ചേർത്തു വച്ചിരുന്നു

കാശാവും തൊട്ടാവാടിയും പുല്ലാഞ്ഞിയും നെടുവീർപ്പിട്ടു മഴ നനഞ്ഞു നിൽക്കുന്നു ഒന്നും മിണ്ടാതെ..

ഞങ്ങൾ ഉറക്കത്തിൽ സ്വപ്നം കണ്ടുവോ?

ഇല്ല കുളിപ്പിച്ചൊരുക്കിയ വല്യമ്മേടെ ഞാറുവാലി പട്ടി ദാ അടുപ്പിന് അരികിൽ ആരെയോ കാത്ത് കിടക്കുന്നു. നെറ്റിയിൽ പൊട്ടില്ലാതെ!!

1 അഭിപ്രായം:

srinivasrjy പറഞ്ഞു...

Your blog has been added in Malayalam blog Aggregator --- Sodhini