Powered By Blogger

2009, ജൂൺ 21, ഞായറാഴ്‌ച

മഴ പുഴയോട് പറഞ്ഞത്

പുഴ ഒഴുകി ഒഴുകി തളര്‍ന്നു
ഒരു രസവുമില്ല
ഒഴുകാനും ..ഒഴുകാതിരിക്കാനും കഴിയുന്നില്ല
കരകളുടെ സ്വന്തമല്ലേ ...കാണാതിരുന്നാല്‍ കര കരഞ്ഞാലോ
പുഴയുടെ ധര്‍മ സങ്കടം ആരറിയാന്‍..

ഇരുകരയും നിറഞ്ഞു ബീഭല്‍സ രൂപം പൂണ്ട്
ശീല്‍കാരത്തോടെ ഒഴുകിയ നാളുകള്‍..
കല കല കലങ്ങിയ പുഴയില്‍ കുന്തളിച്ച
പരല്‍ മീന്‍ കൂട്ടുകാര്‍ ...ഊളിയിട്ടു പറന്ന
പൊന്മാകള്‍...
നാണത്താല്‍ പുളഞ്ഞു കുളിരിന്റെ
രോമാന്ചത്തില്‍ പുതച്ചുമൂടി
ഉള്ളിലെ ചൂട് പകരാന്‍ ഒരു
മറു കര തേടി ...പുഴ ഒഴുകിയ കാലം.
കൈതപ്പൂ പറഞ്ഞ രഹസ്യം..
കൈതോലകള്‍ ചാര്‍ത്തിയ നഖ മുറിവുകള്‍..
എല്ലാം ഓര്‍മയാകുമ്പോള്‍
പുഴ തളരുന്നു....

വെള്ളാരംകല്ലുകള്‍..മനസ്സിന്റെ മടിത്തട്ടിലെ
പുന്നാര ചെപ്പുകള്‍ ..എല്ലാം വാരി വെളുപ്പിച്ചു..
പുഴ ഇന്നും ബലാല്‍കാരം ചെയ്യപ്പെട്ടു..
കണ്ണീര്‍ പുഴയായി..

സൂര്യ താപത്താല്‍ തളര്‍ന്ന പുഴ
ഇനിയും മരിക്കാത്ത ആറ്റുവഞ്ചി ചോട്ടില്‍
അഭയമായി..
ഇനി ഒഴുകാന്‍ വയ്യ എന്ന് ചൊല്ലി
കരയറിയാതെ ഒളിച്ചു കിടന്നു.

എങ്ങു നിന്നോ വന്ന മഴ
പുഴയോട് പറഞ്ഞു..
ഞാനും മെലിഞ്ഞു മെലിഞ്ഞു
തുമ്പി കൈ വണ്ണം ഒരു
താമര നൂലായി...
പെയ്യാതിരിക്കാന്‍ വയ്യാ..
എന്തിനോവേണ്ടി .
നീ തളരരുത്‌..
നിന്നെ കാത്തിരിക്കുന്ന കടലിനോട്
നീ എന്ത് പറയും?
ഒഴുകണം..ഒഴുകിയെ തീരൂ

പുഴ ചോദിച്ചു..
ഒന്നും കടലിനു നല്കാനില്ലാതെ ഈ ഞാന്‍...
കവര്‍ന്ന മാനവും..കനലാര്‍ന്ന മനസ്സും..

മഴ പറഞ്ഞു..
സമസ്തവും നിനക്ക് നല്‍കി
നിന്നെ വാരിപ്പുണര്‍ന്നു
തന്നിലേക്കെടുക്കാന്‍
കടല്‍ വെമ്പല്‍ കൂട്ടുന്നു..

അവിടെ നീ എന്ത് നല്‍കാന്‍...
മുത്തും പവിഴവും കോര്‍ത്ത്‌ കളിക്കാം
ഒഴുകുക...
ഞാന്‍ മെലിഞ്ഞാലും പെയ്യുംപോലെ.
ഇത് നിന്റെ വിധി.

3 അഭിപ്രായങ്ങൾ:

ullas പറഞ്ഞു...

വെള്ളാരംകല്ലുകള്‍..മനസ്സിന്റെ മടിത്തട്ടിലെ
പുന്നാര ചെപ്പുകള്‍ ..എല്ലാം വാരി വെളുപ്പിച്ചു..
പുഴ ഇന്നും ബലാല്‍കാരം ചെയ്യപ്പെട്ടു..
കണ്ണീര്‍ പുഴയായി..
നല്ല ഭാവന .വളരെ വളരെ ഇഷ്ടപ്പെട്ടു .

ramanika പറഞ്ഞു...

നിന്നെ കാത്തിരിക്കുന്ന കടലിനോട്
നീ എന്ത് പറയും?
ഒഴുകണം..ഒഴുകിയെ തീരൂ...

kaalavum oru puzhayanu ozhukanam!!

പാവപ്പെട്ടവൻ പറഞ്ഞു...

പുഴ ഒഴുകിയ കാലം.
കൈതപ്പൂ പറഞ്ഞ രഹസ്യം..
കൈതോലകള്‍ ചാര്‍ത്തിയ നഖ മുറിവുകള്‍..
എല്ലാം ഓര്‍മയാകുമ്പോള്‍
പുഴ തളരുന്നു....
പുഴവരണ്ട നോവുകള്‍ അമ്പാടും പരന്നിരിക്കുന്നു
ഈ പുഴഒഴുകുന്ന വഴികളില്‍ വളര്‍ന്ന വരികള്‍ വളരെ മനോഹരമായിട്ടുണ്ട് .
ഷാജികുമാറിന് ആത്മാര്‍ത്ഥമായ ആശംസകള്‍