ഇരുണ്ട് കറുത്ത് കണ്ണാടിയില്‍ പുക കൊണ്ടപോലെ ആകാശം...
അലവിളിയോടെ എങ്ങോ ചേക്കേറാന്‍ പ്രാണനും കളഞ്ഞു പറക്കുന്ന കാക്ക കൂട്ടങ്ങളെ
ശബ്ദം കൊണ്ട് മാത്രം അറിഞ്ഞു...കാണാന്‍ വയ്യ.
മഴക്കാര്‍ മൂടി മെല്ലെ കാറ്റ് വീശി ..ആകെ തണുക്കുന്നു..ഒരു വിറ എവിടെ നിന്നോ..
പെട്ടന്ന് എന്നത്തേതിലും നേരത്തെ കരണ്ടും പോയി!
നിഴലറിയാതെ ഞാന്‍ ത്രിസന്ധ്യയെ നോക്കി ...ഈ പ്രായത്തിലും
കരിമഷി നിറത്തിന് എന്ത് ഭംഗി...
എഴുതി കൊണ്ടിരുന്ന തീരാകടങ്ങളുടെ കണക്കു പുസ്തകതാള്‍ അടച്ചു വച്ചു.
സന്ധ്യക്ക് എല്ലാവരും നാമം ജപിക്കുമ്പോള്‍ ഞാന്‍ എന്റെ കടങ്ങളുടെ പെരുക്ക പട്ടിക
അര്‍ജുന പത്താക്കി ജപിച്ചുകൊണ്ടിരിക്കും..ഒരു ബലത്തിന്!
കാറ്റു വീശിയടിച്ചു..ജനല്‍ പാളി അടഞ്ഞത് കേട്ടു ഞെട്ടിപ്പോയി..
മഴ...ഒന്നിനോടും ഉപമിക്കാന്‍ കഴിയാത്ത ശീല്‍ക്കാരം...
ആയിരം നാവുള്ള അനന്തന്റെ ശീല്കാരമോ..
പച്ചനിറം വാരി ഉടുത്ത് കരയെ വാരി വാരി പുണരാന്‍ ആഞ്ഞടുക്കുന്ന തിരയുടെ ഹൂംകാരമോ...
അറിയില്ല എന്നും എന്നെ മയക്കുന്ന മരുന്നായി മഴ...അങ്ങനെ തകര്‍ത്താടുന്നു...
ഞാനും അര്‍ദ്ധ മയക്കത്തില്‍...കാരിരുളില്‍ മഴയെ ഒന്ന് തൊടാന്‍ കൊതിച്ച ..
മഴത്തുള്ളിയില്‍ അലിയാന്‍ മോഹിച്ച ബാല്യ കൌതുകം ഓര്‍ത്തങ്ങനിരിക്കുമ്പോള്‍
ആകാശത്തിന്റെ വേരുപടലം ആകെ കീറി മുറിച്ചുകൊണ്ട് ഒരു കൊള്ളിയാന്‍
അരയിളക്കി പാട്ടുകാരുടെ നടന വൈഭവത്തിനു മാറ്റ് കൂട്ടുന്ന
സൈക്കടലിക്" ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം പോലെ...
കൊള്ളിയാന്‍ വീശിയതും ..കോലായ മൂലയില്‍ ഇരുന്ന ഞാന്‍ കണ്ടു.....
മഴ മുഴുവന്‍ നനഞ്ഞു മുറ്റത്തെ ചെമ്പക ചോട്ടില്‍ നില്‍ക്കുന്നു...അച്ഛന്‍ !
നരച്ച തലയിലൂടെ മഴത്തുള്ളികള്‍ ധാരയായി ഒലിച്ച് ഇറങ്ങുമ്പോളും കണ്ണ് ചിമ്മാതെ...
എന്നെ നോക്കി...
ആ പഴയ നീല മുറിക്കയ്യന്‍ ഉടുപ്പും..വെള്ള മുണ്ടും..
കാതിലെ കടുക്കന്‍ കൊള്ളിയാനില്‍ പിന്നെയും തിളക്കമാര്‍ന്നു..
എനിക്കെന്തു പറയണമെന്നറിയാതെ തൊണ്ട ഇടറി..
മഴ നനയാതെ എന്നെ കുടക്കീഴിലാക്കി അടക്കി പിടിച്ചു
പള്ളിക്കൂട വരാന്തയില്‍ കൊണ്ടാക്കി കൈ വീശി തിരിച്ചു പോയ അച്ഛന്‍..
ഈ സന്ധ്യയില്‍ കുമിറ്റി പെയ്യുന്ന കാലവര്‍ഷത്തില്‍ നനഞ്ഞൊലിച്ച് ..
ഒരേ നില്‍പ്..
ഞാനോടി ചെന്ന് അച്ഛന്റെ കൈ പിടിച്ചു..
വാ ...കോലായില്‍ കേറി ഇരിക്കാം ..തല തുവര്‍ത്തി തരാം..
അമ്മയെ കാണണ്ടേ..
അച്ഛന് പ്രിയപ്പെട്ട എന്റെ ഭാര്യയും കൊച്ചു മകളും അകത്തുണ്ട്
അവരെ കാണണ്ടേ ...
ഒന്നിനും കഴിയാതെ ഒരേ നില്പില്‍ ആകെ നനഞ്ഞു കുഴഞ്ഞച്ചന്‍
ഒന്നും പറയാതെ തല മെല്ലെ തിരച്ചു..
ഒന്നും വേണ്ട എന്ന് പറയുമ്പോലെ..
പഴയ ചിരി ...നിര്മമനായി ..നിസ്സന്ഗനായി..
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു അമ്പതു പൈസ തുട്ട് എടുത്തു എന്റെ കൈയില്‍ വച്ചു തന്നു!
കരണ്ട് എപ്പോഴോ വന്നിരുന്നു..
എന്റെ കണക്കു പുസ്തക താളുകള്‍ ഞാന്ടച്ചു വച്ചത്
തുറന്നിരിക്കുന്നു..
അച്ഛന്‍ അതിലേക്കു നോക്കിയാണ് ഈ തുട്ട് എന്റെ കൈയില്‍ തന്നത്..
തുട്ടിലെക്ക് പെരുമഴ പ്യ്തിറങ്ങുമ്പോള്‍ ഞാന്‍ അറിഞ്ഞു
അച്ഛന്റെ ചിതയില്‍ ഇണങ്ങ്ന്‍ ഇട്ട വണക്ക തുട്ട്.!!
മരുമക്കള്‍ മാറി നിന്നു ..അവരുടെ കൈയില്‍ തുട്ടില്ലായിരുന്നു..
ബന്ധുക്കള്‍ ഓരം ചേര്‍ന്ന് കണ്ടു നിന്നു
കര്‍മി അപ്പോഴും ചോദിച്ചിരുന്നു "ഇണങ്ങന്മാരുണ്ടോ ..പണം ഇടാന്‍"
എന്നിട്ട് വേണം വിറക് അടുക്കാന്‍..
ആരും അനങ്ങിയില്ല..
"അളിയനോ, ബന്ധുവോ, മരുമക്കള്‍ ..ആരെങ്കിലും " വീണ്ടും കര്‍മി...
മടിച്ചു മടിച്ചു എന്റെ കൂട്ടുകാര്‍ അച്ഛന് എത്രയും വേണ്ടപ്പെട്ടവര്‍ ..ഓരോരുത്തരായി..
ഇല്ലായ്മയുടെ അമ്പതു പൈസാതുട്ടുകള്‍ ചിതയില്‍ ഇട്ടു വണങ്ങി.
അച്ഛന്റെ ആഗ്രഹവും അതായിരുന്നിരിക്കാം..
ആരുടേയും ഒന്നും കൈ നീട്ടി വാങ്ങാതിരുന്നപ്പോളും
സ്നേഹിതരുടെ ബീഡി ഒരെണ്ണം അച്ഛന്‍ വാങ്ങി കത്തിച്ചു പുക ഊതി
മെല്ലെ നിസ്സന്ഗമായി ചിരിച്ച്...
ആ അച്ഛന്‍ ..എന്റെ കടങ്ങളുടെ എഞ്ചുവടി പുസ്തകതാളില്‍
അമ്പതു പൈസ കുറച്ചു തരാന്‍
ഈ മഴയത്രയും നനഞ്ഞ്....
അച്ഛന്‍ മെല്ലെ എന്റെ കൈ വിടീച്ച്....
അലറി പെയ്യുന്ന മഴയുടെ പാളികള്‍ വകഞ്ഞ് നീക്കി
പഴയ ചിരിയോടെ നടന്നകന്നു...
കൈ വെള്ളയില്‍ കൂട്ടി പിടിച്ച പൈസ തുട്ടുമായി
ഞാന്‍ ഈ മഴ നനഞ്ഞ്..ചെമ്പക ചോട്ടില്‍
ഇനി എന്ന് വരുമെന്ന് ചോദിക്കാനും കഴിയാതെ
വീശിയ കാറ്റില്‍ ചന്ദന ഗന്ധം..
കര്‍പൂരം കത്തുന്നോ...രാമച്ചം പുകയുന്നോ...
മഴ എന്നെ ആകെ പുല്‍കി ..പുല്‍കി..
5 അഭിപ്രായങ്ങൾ:
അച്ഛന്റെ സ്വാന്തനം മഴയായി നിന്നെ വാരിപ്പുണരട്ടെ. ഓര്മ പ്പെടുത്താന്‍ വരട്ടെ കൊല്ലത്തില്‍ ഒരിക്കലെങ്കിലും .
25 വര്ഷം മുന്‍പ് മരിച്ച അച്ചന്‍ നേരില്‍ വന്നു നില്‍ക്കുന്നത് പോലെ ഒരു ഫീലിംഗ്
നല്ല പോസ്റ്റ് !
നല്ല ഓര്‍മ്മകള്‍...
മനസ്സില്‍ ഒരിത്തിരി നോവിന്റെ നനവ് പടര്‍ത്തുന്ന മഴ...
ഇഷ്ടായിട്ടോ മാഷേ ഈ മഴയുടെ നനവുള്ള വരികള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ