Powered By Blogger

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശാന്‍

ആശാന്‍ .  കുഞ്ഞുംനാളിലെ അസ്വാസ്ഥ്യവും...മുതിര്‍ന്നപോള്‍ ആശ്വാസവും.
തൂ വെള്ള മുടി..നന്നായി ചീകി ഒതുക്കി. കുനു കുനെ താടി രോമങ്ങള്‍... നരച്ച മീശയില്‍ പറ്റിപിടിച്ചിരിക്കുന്ന മുറുക്കാന്‍ അവശിഷ്ടങ്ങള്‍...വാസന  ചുണ്നാംബിന്റെ ..അരിഞ്ഞ് കൂട്ടിയ പുകയിലയുടെ ..ഉണര്‍ത്തുന്ന മണം
വെളുത്ത മേനി ആകെ നരച്ച രോമ കൂടാരം ..കാറ്റില്‍ മെല്ലെ പറക്കുമായിരുന്നു ചെവിയിലെ രോമങ്ങള്‍...
അന്നൊക്കെ നോക്കി കൊതിക്കുമായിരുന്നു ആശാന്റെ ആകമാനമുള്ള മുഖ കല..
പക്ഷെ ഒരു കാല്‍ ചെറുതിലെ പിള്ള വാതം വന്നു തളര്‍ന്നിരുന്നു..മറ്റേ കാല്‍ ശക്തമായി നിലത്തൂന്നി..മുള 
വടിയില്‍ വയ്യാത്ത കാല്‍ പിണച്ചു വച്ച് ആശാന്‍ നടക്കുന്നത് ആരും കാണാതെ അനുകരിക്കുമായിരുന്നു...
അങ്ങനെയും ഗുരുത്വ ദോഷം അന്നേ ആവശ്യത്തില്‍ കൂടുതല്‍...!
ശംഖ് മാര്‍ക്കിന്റെ വെള്ള കൈലി മുണ്ടും ഒരു തോര്‍ത്തും..അരയില്‍ പല കള്ളികള്‍ ഉള്ള പച്ച ബെല്‍റ്റും. ഒന്‍പതു മണീടെ സി ടി എസ്' ബസ്‌ പോയാലുടന്‍ പള്ളികൂടം സജീവം.കാരണം ആ ബസു കഴിഞ്ഞാല്‍ പിന്നെ വണ്ടി വാഹനങ്ങള്‍ അപൂര്‍വ്വം. വല്ല സിനിമാ നോട്ടിസ് വിതരണത്തിന് വരുന്ന ചെണ്ടയും ഉന്ത് വണ്ടിയും..അല്ലെങ്കില്‍ റേഷന്‍ അരി കൊണ്ട് വരുന്ന കാള വണ്ടി...ഒരേ ഒരു സെന്റ്‌ തോമസ്‌ ലോറി. ആ ലോറിയിലും പഴയ ഫാര്‍ഗോ " കാണില്ല!
ബസിന്റെ വരവും പോക്കും കാണാന്‍ എഴുത്തോലയുമായി റോഡരികിലെ മയില്‍ കുറ്റിയില്‍ കേറി അങ്ങനെ നില്‍കുമ്പോള്‍ "വരിനെടാ പിള്ളാരെ " എന്ന ആശാന്റെ നീണ്ട വിസിള്‍.
ഇന്നലെ പഠിച്ചതൊക്കെ എഴുതെടാ എന്ന് പറഞ്ഞു മണ്ണില്‍ കൈ വിരല്‍ പിടിച്ചു വക്കുമ്പോള്‍...രണ്ടു കണ്‍ കോണുകളില്‍ കൂടിയും ജലധാരാ ...മൂക്കില്‍കൂടി അതിലും മെച്ചമായി..."അറിയത്തില്ല" എന്ന് ഗല്ഗതം "പിന്നെ ഇന്നലെ നീ എന്തെടുക്കുവാരുന്നെടാ വീട്ടില്‍.." ആശാന്റെ നാരായം കൂട്ടിയുള്ള ചോദ്യം..
അറിയത്തില്ല " എന്ന ചിണുക്കം നീണ്ട കരച്ചിലിന്റെ രാഗ വിസ്ഥാരമാകുമ്പോള്‍ ആശാന്‍ പിടി വിടും അടുത്ത ആളിനെ പിടികൂടും.
ഉച്ച ഊണുമായി ആശാന്റെ വീട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍ ..എല്ലാവര്‍ക്കും  ലെന്ച്ച് ബ്രേക്ക്‌ .
പൊതി തുറന്നു വച്ച് ആശാന്‍ മെല്ലെ കൈ ആട്ടി എല്ലാവരെയും വിളിക്കും ഒരു ഉരുള ഉണ്ണാന്‍.
അതിനു മത്സരമാണ്..ഓരോരുത്തരായി..ആശാനോട് ചേര്‍ന്ന് നിന്ന്..കുത്തരി ചോറില്‍ അയല കറിയുടെ ചാറ് മുക്കി ഒരു ചെറിയ ഉരുള വായില്‍ വച്ച് തരുന്നതും വാങ്ങി ...എഴുത്തോല എടുത്ത് ആശാനേ വണങ്ങി നേരെ വീട്ടിലേക്ക്‌ ഒരോട്ടമാണ്. ഇന്നും ആ ഉരുളയുടെ രുചി ..മീന്‍ ചാറിന്റെ സുഗന്ധം..
ഓര്‍മയില്‍ ഒരു വാകമരം പൂത്ത പോലെ..
ഒരിക്കല്‍ എഴുതാന്‍ അറിയാതിരുന്നതിന് ആശാന്‍ നല്ല ഒരു കിഴുക്കു" തന്നതും വാങ്ങി വീട്ടില്‍ പോന്നതില്‍ പിന്നെ പളിക്കൂടത്തില്‍ പോകാന്‍ മടി...
അമ്മയും അച്ഛനും ആകുന്ന പണി ഒക്കെ നോക്കി..കരഞ്ഞു കൊണ്ട് കുതറി ഓടുമായിരുന്നു ...പെങ്ങള്‍ പല ഓഫറുകളും വച്ച് നീട്ടി ...പരിഗണന ഇല്ലാതെ തഴഞ്ഞു...അങ്ങനെ പൂജ വപ്പു വന്നു ഏറ്റവും സന്തോഷമുള്ള ദിവസങ്ങള്‍!!  
എഴുത്തോല നിലവിളക്കിനു മുന്‍പില്‍ വെള്ള തുണിയില്‍ പുതപ്പിച്ചു വച്ചു..സാറ്റ് കളിക്കാന്‍...ഓടി.
.അങ്ങനെ ...
ഒരു നാള്‍ വയ്യാത്ത കാലുമായി ആശാന്‍ നേരിട്ട് വീടിന്റെ കോലായിലെത്തി.
മിണ്ടരുത്‌ എന്ന് മനസ്സില്‍ നിരൂപിച്ചു..വല്ലാതെ കിഴുക്കികളഞ്ഞു..
.ആശാന്‍ ഒരു കൈ ആട്ടി മെല്ലെ വിളിച്ചതും എല്ലാം മറന്നു പോയി ഓടി ആ കൈയ്യില്‍ ചെന്ന് തൂങ്ങി..
മുറുക്കാന്‍ മണക്കുന്ന മുഖം കൊണ്ട് ഒരുമ്മ!
ബെല്‍റ്റിലെ പോക്കറ്റ് തുറന്നു ഒരു ചെറിയ പൊതി എടുത്തു തന്നു..."ഇന്ന് പൂജ എടുപ്പാ ..നീ വരാഞ്ഞത് കൊണ്ട് നിനക്കുള്ള അവല്‍ പൊതിയാ..." പൊതി കയ്യില്‍ വാങ്ങി കരഞ്ഞു കൊണ്ട് ആശാനോട് പറഞ്ഞു" ഇനി ഞാനെന്നും വരും".
ആശാന്‍ കെട്ടി  പിടിച്ച് ആശ്ലേഷിച്ചു. വടി എടുത്ത് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ..
നാളെ സി ടി എസ് ബസു വരാന്‍ കാത്തു ഞാനും...കരഞ്ഞു കൊണ്ട്...


(കാലമേറെ മുന്‍പ്‌ അന്തരിച്ച ആശാന്റെ മുന്‍പില്‍ പ്രണാമം ..ഈ വിജയദശമി ദിനത്തില്‍.
 ഇന്നും ആ ഓര്‍മ തരുന്ന ആശ്വാസം...)

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

യക്ഷി

ഓര്‍മയില്‍ വരിക മലയാറ്റൂര്‍ അവര്‍കളുടെ .....സാക്ഷാല്‍ യക്ഷിയോ  അതോ...കള്ളിയങ്കാട്ടു നീലിയോ...
ഇനി കലികയോ മൃദുല  പ്രഭുവോ... 
നീല നിലാവില്‍ ...ഇളം കാറ്റ് വീശുമ്പോള്‍...പാലപ്പൂവിന്റെ നേര്‍ത്ത ഗന്ധം...മെല്ലെ വശീകരിച്ച്...
ഒടുങ്ങാത്ത ദാഹവുമായി...എത്ര എത്ര രാത്രികളില്‍...
നിശീഥിനി " എന്ന മധുര ഗാനം രാത്രിയിലെ ആകാശവാണി രഞ്ജിനി ആയി അടുത്ത് വരുമ്പോള്‍ 
കുമിറ്റുന്ന മഴയില്‍ ...ആരും കാണാതെ പുതപ്പിന്റെ അന്തരാലങ്ങളിലെക്ക് ..ഊളിയിട്ട് ഒരൊറ്റ പോക്ക്‌. 
പിന്നെ പൊങ്ങുന്നത്  സൂര്യ ദേവന്‍ മറ്റെടത്ത് വന്നു നോക്കുമ്പോള്‍!

ഒത്തിരി ഒത്തിരി കാലം മുന്‍പ്‌ ..കലാനിലയത്തിന്റെ ..രക്ത രക്ഷസിനും ...കത്ത്തനാര്‍കും മുന്‍പ്‌...
ഭാര്‍ഗവി നിലയത്തിന്റെയോ മറ്റോ കാലം...

അടുത്ത സുഹൃത്തും ഞാനും ഒക്കെ ജനിച്ചോ എന്നറിയില്ല..കഥ ഇന്നും മരിക്കാതെ നില കൊള്ളുന്നു...
അവന്റെ അമ്മ ...അന്നും  ഇന്നും തൂ വെള്ള മാത്രമേ ധരിക്കാരുള്ളൂ ..മുണ്ടും...രൌക്കയും ..നെറ്റിയില്‍ ഒരു കുറിയും...കുപ്പിച്ചില്ല് തറയില്‍ വാരിയിട്ട മാതിരിപൊട്ടിച്ചിരിയും...
മണ്ണെണ്ണ പാനീസിന്റെ കാലം..പാതിരാ പുള്ളും ..പനയും ചുണ്ണാമ്പും ലൈവായിരുന്ന കാലഘട്ടത്തില്‍..
ഒന്നാമത്തെയോ രണ്ടാമത്തെയോ..പ്രസവത്തില്‍ വിരിഞ്ഞ കുസുമം...അതിനു ബാലാരിഷ്ടത കലശല്‍...
സന്ധ്യ കഴിഞ്ഞാല്‍ രാപനി..
എത്രയോ ചരടുകള്‍ ..എവിടെയൊക്കെയോ..ആരൊക്കെയോ..ജപിച്ചതും..കരിവള ..കല്ലുമാല...
എന്ന് വേണ്ട...ആകപ്പാടെ ഒരു ആമസോണ്‍ ലുക്ക്‌.
ഇരിക്കനെ..ഇരിക്കനെ ..ചെറുക്കന്റെ ദണ്ണം ഒട്ടു കുറയുന്നുമില്ല....അതും സൂര്യന്‍ ചേക്ക ഏറിയാല്‍ ..


അങ്ങനെ ഒരു മുപ്പെട്ടു വെള്ളി ...മൂന്നും കൂടിയ മുക്കും...പാതിരാത്രിയില്‍ നിര്‍ത്താത്ത കരച്ചില്‍ 
ആകുന്ന പണിയെല്ലാം നോക്കി..നാമാ ..ശിവാ രക്ഷയില്ലാ..
മണി ഒന്നായി..ഒന്നരയായി ..കോലായില്‍ ചുരുണ്ട് കൂടിയ വല്യച്ചന്‍ ഉറക്ക ചടവോടെ പറഞ്ഞു..

"ദാക്ഷായണി യേ...ഇനി ഇപ്പം മടുക്കൊളിലെ പോറ്റി കുഞ്ഞു തന്നെ ശരണം..."
ബാര്‍ബക്യു ..പഞ്ചാബി ഇതൊന്നും ഇല്ലാത്ത കാലത്തില്‍ ചുട്ട കോഴിയെ പറപ്പിച്ച മഹാ മാന്ത്രികന്‍..
മാട്ടും..മാരണവും ..അവിടുന്ന് കഴിഞ്ഞേ ഉള്ളു ...
"നേരെ അങ്ങോട്ട്‌ പൊക്കോളൂ..." '
കുഞ്ഞിനെ ആരെങ്കിലും എടുക്കും..നീ പോയി ഒരു ചരട് ജപിച്ചു കൊണ്ട് വാ"


കേട്ടത് പാതി ..കൊച്ചിനെ തുണി തൊട്ടിലില്‍ അലര്‍ച്ചയോടെ കിടത്തി...ദാക്ഷായണിയമ്മ

മടുക്കൊളിലെക്ക് ഒരു പാച്ചില്‍..പാതിരാ പുള്ളിന്റെ കരച്ചില്‍..ഇടയ്ക്കിടെ കാലന്‍ കോഴിയുടെ കൂവല്‍..
തിരുമേനിടെ വീടിന്റെ ഉമ്മറത്തെത്തി ..രണ്ടു വാ ശ്വാസം കഴിച്ചു..രണ്ടും കല്പിച്ച്..ഇത്തിരി ഉറക്കെ വിളിച്ചു..
"മൂത്ത തിരുമേനി..മൂത്ത തിരുമേനീ "....അകത്തു ഒരു ഞരക്കം..ദാക്ഷായണിയമ്മ ചുറ്റും നോക്കി ..കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട് ...യക്ഷി പനയുടെ കൈകള്‍ മാടി വിളിക്കുന്നു.."ഹേ ..പെണ്ണുങ്ങളെ അങ്ങനെ യക്ഷി പിടിക്കാറില്ല " സ്വയം സമാധാനിപ്പിച്ചു...തന്നെയുമല്ല മഹാ മാന്ത്രികന്റെ തിരു മുറ്റം ..
നേര്‍ത്ത നിലാവില്‍ ..സ്വന്തം വീടും അതിലെ അലര്‍ച്ചയും ..ദാക്ഷായണി അമ്മ കണ്ടു..കേട്ടു..
"ഈശ്വരാ എന്റെ കുഞ്ഞിന്റെ ഈ കരച്ചില്‍ ..ഒന്ന് നിര്‍ത്തി തരാന്‍ തിരുമേനിക്ക് കഴിയണേ"
പ്രാര്‍ത്ഥന കേട്ടിട്ട് എന്ന പോലെ..ഇല്ലത്തിന്റെ പൂ മുഖം ഞരക്കത്തോടെ തുറന്നതും..നേരിയ വെളിച്ചത്തില്‍.."ആരാ " എന്നുള്ള ചോദ്യവും..
"ഞാനാ " എന്നുള്ള മറുപടിയും..
നിശ്ശബ്ദത ...
പൊടുന്നനെ..ഹെന്റമ്മേ" എന്നൊരു അലര്‍ച്ചയോടെ മൂത്ത തിരുമേനി ദാ കിടക്കുന്നു ..അണയാത്ത പാനീസും...
വീട്ടുകാരൊക്കെ ഉണര്‍ന്നു...ആകെ കലശല്‍..കരച്ചില്‍...
ദാക്ഷായണി അമ്മ ഇരുട്ടിന്റെ മറ പറ്റി ..വാഴകള്‍ക്കു മറഞ്ഞു...മിടിക്കുന്ന ഹൃദയവുമായി..
നടന്നു അല്ല ഓടി..എങ്ങിനെയെങ്കിലും സ്വന്തം തിണ്ണ പൂകി...
കുഞ്ഞു നല്ല ഉറക്കം...തൊട്ടില്‍ മെല്ലെ ഒന്നാട്ടി അടുത്ത് കട്ടിലില്‍ ദാക്ഷായണി അമ്മയും കിടന്നു...എപ്പോഴോ കൂര്‍ക തേരേറി. 
പിറ്റേന്ന് ,  നടന്നത് എന്തെന്നറിയാന്‍..തിരുമേനീടെ ഇല്ലം വരെ ഒന്ന് പോയി നോക്കി...
തിരുമേനീടെ മകളെ കണ്ടു കാര്യം തെരക്കി...
"കോട്ടയത്തിനടുത്ത്‌ ഒരു ഉച്ചാടനം കഴിഞ്ഞു രാത്രി വൈകിയാ അച്ഛന്‍ വന്നത്..കഞ്ഞി പോലും കുടിക്കാതെ കേറി കെടന്നുറങ്ങി..."
"രാത്രി എന്തോ ശബ്ദം കേട്ടു ..വിളക്കും തെളിച്ചു ഉമ്മറം തുറന്ന അച്ഛന്‍ ഒരു വെളുത്ത രൂപം മുടി അഴിച്ച് നില്‍ക്കുന്നത് കണ്ടു എന്നും ...അതിനു ശേഷം ഒന്നും ഓര്‍ക്കുന്നില്ല എന്നും..സര്‍ക്കാര്‍ ആശുപത്രിയിലെ ഒന്നാമന്‍ ഡോക്ടറോട് പറഞ്ഞതായി അദ്ദേഹം വെളുപ്പിന് അമ്മയോട് പറഞ്ഞു...
ഈശ്വരാ , ഇപ്പോള്‍ ബോധം തെളിഞ്ഞു..." കവിളിലൂടെ ഒഴുകുന്ന കണ്ണീര്‍ തുടച്ചുകൊണ്ട് മകള്‍ പറഞ്ഞതും..
ദാക്ഷായണി അമ്മയും എന്തിനോ കരഞ്ഞു....
പിന്നെ "സാരമില്ല മോളെ എല്ലാം ശരിയാകും...ഇനി ആര് വന്നു വിളിച്ചാലും രാത്രി കതകു തുറക്കരുത്‌ എന്ന് അച്ഛനോട് പറയണം" എന്നൊരു ഉപദേശത്തോടെ തിരിഞ്ഞു നടന്നു...
യക്ഷി പനയുടെ കൈകള്‍ അപ്പോഴും ..കാറ്റില്‍ മെല്ലെ ഇളകുന്നുണ്ടായിരുന്നു...
ദാക്ഷായണി അമ്മയുടെ മനസ്സില്‍..പൊട്ടിച്ചിരിയും..അട്ടഹാസവും ഒപ്പം അലറി കരച്ചിലും ചേര്‍ന്ന ഒരു ജുഗല് ബന്ദിയും.