Powered By Blogger

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശാന്‍

ആശാന്‍ .  കുഞ്ഞുംനാളിലെ അസ്വാസ്ഥ്യവും...മുതിര്‍ന്നപോള്‍ ആശ്വാസവും.
തൂ വെള്ള മുടി..നന്നായി ചീകി ഒതുക്കി. കുനു കുനെ താടി രോമങ്ങള്‍... നരച്ച മീശയില്‍ പറ്റിപിടിച്ചിരിക്കുന്ന മുറുക്കാന്‍ അവശിഷ്ടങ്ങള്‍...വാസന  ചുണ്നാംബിന്റെ ..അരിഞ്ഞ് കൂട്ടിയ പുകയിലയുടെ ..ഉണര്‍ത്തുന്ന മണം
വെളുത്ത മേനി ആകെ നരച്ച രോമ കൂടാരം ..കാറ്റില്‍ മെല്ലെ പറക്കുമായിരുന്നു ചെവിയിലെ രോമങ്ങള്‍...
അന്നൊക്കെ നോക്കി കൊതിക്കുമായിരുന്നു ആശാന്റെ ആകമാനമുള്ള മുഖ കല..
പക്ഷെ ഒരു കാല്‍ ചെറുതിലെ പിള്ള വാതം വന്നു തളര്‍ന്നിരുന്നു..മറ്റേ കാല്‍ ശക്തമായി നിലത്തൂന്നി..മുള 
വടിയില്‍ വയ്യാത്ത കാല്‍ പിണച്ചു വച്ച് ആശാന്‍ നടക്കുന്നത് ആരും കാണാതെ അനുകരിക്കുമായിരുന്നു...
അങ്ങനെയും ഗുരുത്വ ദോഷം അന്നേ ആവശ്യത്തില്‍ കൂടുതല്‍...!
ശംഖ് മാര്‍ക്കിന്റെ വെള്ള കൈലി മുണ്ടും ഒരു തോര്‍ത്തും..അരയില്‍ പല കള്ളികള്‍ ഉള്ള പച്ച ബെല്‍റ്റും. ഒന്‍പതു മണീടെ സി ടി എസ്' ബസ്‌ പോയാലുടന്‍ പള്ളികൂടം സജീവം.കാരണം ആ ബസു കഴിഞ്ഞാല്‍ പിന്നെ വണ്ടി വാഹനങ്ങള്‍ അപൂര്‍വ്വം. വല്ല സിനിമാ നോട്ടിസ് വിതരണത്തിന് വരുന്ന ചെണ്ടയും ഉന്ത് വണ്ടിയും..അല്ലെങ്കില്‍ റേഷന്‍ അരി കൊണ്ട് വരുന്ന കാള വണ്ടി...ഒരേ ഒരു സെന്റ്‌ തോമസ്‌ ലോറി. ആ ലോറിയിലും പഴയ ഫാര്‍ഗോ " കാണില്ല!
ബസിന്റെ വരവും പോക്കും കാണാന്‍ എഴുത്തോലയുമായി റോഡരികിലെ മയില്‍ കുറ്റിയില്‍ കേറി അങ്ങനെ നില്‍കുമ്പോള്‍ "വരിനെടാ പിള്ളാരെ " എന്ന ആശാന്റെ നീണ്ട വിസിള്‍.
ഇന്നലെ പഠിച്ചതൊക്കെ എഴുതെടാ എന്ന് പറഞ്ഞു മണ്ണില്‍ കൈ വിരല്‍ പിടിച്ചു വക്കുമ്പോള്‍...രണ്ടു കണ്‍ കോണുകളില്‍ കൂടിയും ജലധാരാ ...മൂക്കില്‍കൂടി അതിലും മെച്ചമായി..."അറിയത്തില്ല" എന്ന് ഗല്ഗതം "പിന്നെ ഇന്നലെ നീ എന്തെടുക്കുവാരുന്നെടാ വീട്ടില്‍.." ആശാന്റെ നാരായം കൂട്ടിയുള്ള ചോദ്യം..
അറിയത്തില്ല " എന്ന ചിണുക്കം നീണ്ട കരച്ചിലിന്റെ രാഗ വിസ്ഥാരമാകുമ്പോള്‍ ആശാന്‍ പിടി വിടും അടുത്ത ആളിനെ പിടികൂടും.
ഉച്ച ഊണുമായി ആശാന്റെ വീട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍ ..എല്ലാവര്‍ക്കും  ലെന്ച്ച് ബ്രേക്ക്‌ .
പൊതി തുറന്നു വച്ച് ആശാന്‍ മെല്ലെ കൈ ആട്ടി എല്ലാവരെയും വിളിക്കും ഒരു ഉരുള ഉണ്ണാന്‍.
അതിനു മത്സരമാണ്..ഓരോരുത്തരായി..ആശാനോട് ചേര്‍ന്ന് നിന്ന്..കുത്തരി ചോറില്‍ അയല കറിയുടെ ചാറ് മുക്കി ഒരു ചെറിയ ഉരുള വായില്‍ വച്ച് തരുന്നതും വാങ്ങി ...എഴുത്തോല എടുത്ത് ആശാനേ വണങ്ങി നേരെ വീട്ടിലേക്ക്‌ ഒരോട്ടമാണ്. ഇന്നും ആ ഉരുളയുടെ രുചി ..മീന്‍ ചാറിന്റെ സുഗന്ധം..
ഓര്‍മയില്‍ ഒരു വാകമരം പൂത്ത പോലെ..
ഒരിക്കല്‍ എഴുതാന്‍ അറിയാതിരുന്നതിന് ആശാന്‍ നല്ല ഒരു കിഴുക്കു" തന്നതും വാങ്ങി വീട്ടില്‍ പോന്നതില്‍ പിന്നെ പളിക്കൂടത്തില്‍ പോകാന്‍ മടി...
അമ്മയും അച്ഛനും ആകുന്ന പണി ഒക്കെ നോക്കി..കരഞ്ഞു കൊണ്ട് കുതറി ഓടുമായിരുന്നു ...പെങ്ങള്‍ പല ഓഫറുകളും വച്ച് നീട്ടി ...പരിഗണന ഇല്ലാതെ തഴഞ്ഞു...അങ്ങനെ പൂജ വപ്പു വന്നു ഏറ്റവും സന്തോഷമുള്ള ദിവസങ്ങള്‍!!  
എഴുത്തോല നിലവിളക്കിനു മുന്‍പില്‍ വെള്ള തുണിയില്‍ പുതപ്പിച്ചു വച്ചു..സാറ്റ് കളിക്കാന്‍...ഓടി.
.അങ്ങനെ ...
ഒരു നാള്‍ വയ്യാത്ത കാലുമായി ആശാന്‍ നേരിട്ട് വീടിന്റെ കോലായിലെത്തി.
മിണ്ടരുത്‌ എന്ന് മനസ്സില്‍ നിരൂപിച്ചു..വല്ലാതെ കിഴുക്കികളഞ്ഞു..
.ആശാന്‍ ഒരു കൈ ആട്ടി മെല്ലെ വിളിച്ചതും എല്ലാം മറന്നു പോയി ഓടി ആ കൈയ്യില്‍ ചെന്ന് തൂങ്ങി..
മുറുക്കാന്‍ മണക്കുന്ന മുഖം കൊണ്ട് ഒരുമ്മ!
ബെല്‍റ്റിലെ പോക്കറ്റ് തുറന്നു ഒരു ചെറിയ പൊതി എടുത്തു തന്നു..."ഇന്ന് പൂജ എടുപ്പാ ..നീ വരാഞ്ഞത് കൊണ്ട് നിനക്കുള്ള അവല്‍ പൊതിയാ..." പൊതി കയ്യില്‍ വാങ്ങി കരഞ്ഞു കൊണ്ട് ആശാനോട് പറഞ്ഞു" ഇനി ഞാനെന്നും വരും".
ആശാന്‍ കെട്ടി  പിടിച്ച് ആശ്ലേഷിച്ചു. വടി എടുത്ത് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ..
നാളെ സി ടി എസ് ബസു വരാന്‍ കാത്തു ഞാനും...കരഞ്ഞു കൊണ്ട്...


(കാലമേറെ മുന്‍പ്‌ അന്തരിച്ച ആശാന്റെ മുന്‍പില്‍ പ്രണാമം ..ഈ വിജയദശമി ദിനത്തില്‍.
 ഇന്നും ആ ഓര്‍മ തരുന്ന ആശ്വാസം...)

8 അഭിപ്രായങ്ങൾ:

 1. "ആശാന്‍" നല്ല കാലത്തിനെ ഓര്‍മിപ്പിച്ചു
  ആശാനും ബാക്കി ഗുരുക്കന്മാര്‍ക്കും എന്റെയും പ്രണാമം

  മറുപടിഇല്ലാതാക്കൂ
 2. വടിയില്‍ വയ്യാത്ത കാല്‍ പിണച്ചു വച്ച് ആശാന്‍ നടക്കുന്നത് ആരും കാണാതെ അനുകരിക്കുമായിരുന്നു...
  വളരെ ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പാണിത് ആശംസാകള്‍

  മറുപടിഇല്ലാതാക്കൂ
 3. assalaayi,ee aashaanekkurichulla ormmakal..
  manassinte nishkalnkatha arivillode pakarnnu thanna aashaane njaanum neril kandu..

  മറുപടിഇല്ലാതാക്കൂ
 4. ഗുരുത്വമുള്ളവൻ.ഇന്നും ആശാനെ ഓർക്കുന്നല്ലോ.

  മറുപടിഇല്ലാതാക്കൂ
 5. ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ.. നല്ല പോസ്റ്റ്.

  മറുപടിഇല്ലാതാക്കൂ