"കുഞ്ഞേ ഇനി കൊന്നപ്പൂ കൊന്നപ്പൂ എന്നും പറഞ്ഞു കരയണ്ട ...എന്റെ കുഞ്ഞിനു ദാ ഒരു വല്ലം പൂ..".
പൊന്നില്‍ കുളിച്ച കൊന്ന പൂ കുലകള്‍ പച്ചയും മഞ്ഞയും കലര്‍ന്ന് ..
മഞ്ഞ കൊന്നപ്പൂ നിറമുള്ള പുത്തനുടുപ്പിട്ട്..തലമുടിയില്‍ കാച്ചെണ്ണ തേച്ചു..കണ്ണെഴുതി..പൊട്ടു തൊട്ടു....കവിളില്‍ കറുത്ത കുത്തുമായി കരഞ്ഞു നില്‍ക്കുന്ന എന്റെ മകള്‍..ബേബി പൌടറിന്റെ മണം...പിച്ച വയ്പ് കഴിഞ്ഞ..പറക്കാന്‍ പഠിക്കുന്ന കൊച്ചു കുറുമ്പുകാരി..എന്ത് വേണമെന്ന് തോന്നുന്നോ അതിനാദ്യം അലമുറ വേണമെന്ന് നിര്‍ബന്ധം..
വിഷു കണിവയ്ക്കാന്‍ എവിടെ നിന്നോ കൊണ്ട് വന്ന പൂ വാരി എറിയാന്‍ കഴിയാതിരുന്നതിനുള്ള പ്രതിഷേധം..ആയിരം കോളാമ്പി മൈക്കിന്റെ ഒച്ചയില്‍ അലമുറ! കണ്‍ കോണുകളില്‍ കണ്ണ് നീര്‍ ധാര...ഏങ്ങി നില്‍കുന്ന കുഞ്ഞിനെ ഒക്കത്തെടുത്ത് നില്കുന്നു രാഘവന്‍...ഒരു കൊന്ന മുഴുവനും അടര്‍ത്തി കൈയ്യില്‍ തൂക്കി.
രാഘവന്‍ ഒരിക്കലും രാമനല്ലായിരുന്നു...ഉറപ്പിച്ചു വച്ച തീരുമാങ്ങള്‍ ..കല്ലേ പിളര്‍ക്കുന്ന ആന്ജകള്‍..പുരുഷാകാരം...ഒന്നുമില്ലായിരുന്നു...
വനവാസം അല്ലായിരുന്നു എങ്കിലും വാസം ഞങ്ങളുടെ വീട്ടിലായിരുന്നു അധികവും. സീതാ ദേവിയുമായി അല്ലറ ചില്ലറ സൌന്ദര്യ പിണക്കങ്ങള്‍ ഇടയ്ക്കിടെ ...നേരെ വന്നു പുറകിലെ ചായ്പില്‍ അഭയം.
"ല്ലവരെ കൊണ്ട് പൊറുതി മുട്ടി...ഞാന്‍ വല്ലപ്പോഴും രണ്ടെണ്ണം അടിക്കുമെന്ന് സാറിനു അറിയാമല്ലോ..?
വല്ലപ്പോഴുമോ"?..എന്റെ ചോദ്യത്തിന് ആദ്യമേ തടയിടും രാഘവന്‍.
"നമ്മള് തമ്മില്‍ എന്നും വിടുന്ന രണ്ടെണ്ണം അല്ലാതെ !" അമ്പടാ എന്ന് ഞാനും.
അതുപോട്ടെ സാറേ എന്തിനെങ്കിലും ഒരു കുറവുണ്ടോ..വീട്ടു കാര്യങ്ങള്‍ എല്ലാം മണി മണി പോലെ ഞാന്‍ നോക്കുന്നുണ്ടെന്നു സാറിനറിയാമല്ലോ"...രണ്ടു പെമ്പിള്ളാര്‍ പെര നിറഞ്ഞു നില്‍ക്കുന്നു അതുങ്ങളെ ഓര്‍ത്താ ഞാനെല്ലാം സഹിക്കുന്നെ"
അതിനിപ്പം എന്താ ഉണ്ടായേ രാഘവാ...' എന്റെ കൌതുകം.
"അല്ല സാറേ അവക്ക് എന്റെ വായിലെ നാറ്റം ..ഞാനിടുന്ന ഈ ചുവന്ന നിക്കര്‍ എന്റെ ബനിയന്‍ എല്ലാം അങ്ങ് കൊറച്ചിലാ പോലും...എന്ന് വച്ചാ ഞാന്‍ മോഹനലാലല്ലിയോ"... എനിക്ക് ചെലപ്പം ചൊറിഞ്ഞു വരും ഞാന്‍ രണ്ടു തന്തയ്ക്കു വിളിക്കും..അവള്‍ മൂന്നെണ്ണം തിരിച്ചും!" അങ്ങനെ ഇറങ്ങി ഇങ്ങു പോന്നു...
അപ്പോള്‍ ഇനി അങ്ങോട്ട് പോകുന്നില്ലേ?" എന്റെ ചോദ്യം തീരും മുന്പ് "അച്ഛാ അമ്മ പറഞ്ഞു ഉച്ചക്ക് വന്നു വല്ലോം കഴിയ്ക്കണമെന്ന് ". രാഘവന്റെ മകള്‍ തെരക്കി വന്നു കഴിഞ്ഞു.
" ആ എനിക്ക് പറ്റിയാല്‍ വരും" രാഘവന്‍ ഗൌരവം വിടുന്നില്ല. പക്ഷെ ഉച്ചക്ക് മുന്‍പേ കക്ഷി പോയിരിക്കും ..പിന്നേം നാളെ ഇത്തിരി വഴക്കുമായി വീണ്ടും വരാന്‍.
വീട്ടിലെ ആബാല വൃദ്ധതിന്റെയും ആധാര ശില! എന്തിനും ഏതിനും ഒരേ ഒരു മറുപടി..രാഘവന്‍.
പറമ്പിലെ പണി..ചന്തയില്‍ പോക്ക്..ആശാരിപ്പണി...മേശരിപ്പണി എന്ന് വേണ്ടാ ഒരു നല്ല ആയയും ആകും ഞങ്ങളുടെ കുഞ്ഞിനെ പോറ്റാന്‍!
ഒളിവില്‍ അമ്മ കാണാതെ മുതുകത്തു മറച്ചു വച്ച് കൊണ്ട് വരുന്ന പൈന്റ്.."ഹെര്കുലിസ്"..
"ഇന്ന് ഇത്തിരി കിണറു പണി ഉണ്ടായിരുന്നു..അതിനിടയില്‍ ചന്തേ പോയി വാങ്ങിച്ചതാ..ശകലം സാറിനു തരാതെങ്ങനാ.."
കിണറ്റില്‍ നിന്നും വെള്ളം കോരി..അടുക്കളയില്‍ നിന്നും രണ്ടു ഗ്ലാസ് കെഞ്ചി വാങ്ങി ശകലം അച്ചാറും ഒരിലയില്‍ സംഘടിപ്പിച് ചായ്പ്പിന്റെ മറവില്‍ ഞങ്ങളുടെ ബാര്‍ സെറ്റപ്പ്!
ലോക കാര്യങ്ങള്‍ ഒന്നുമേ ഇല്ല...തത്വ ശാസ്ത്രങ്ങള്‍ ഒന്നുമില്ല...പണ്ട് കാലത്ത് പുഴ താണ്ടി ചന്തേല്‍ പോയപ്പം വെള്ളപ്പൊക്കത്തില്‍ അനിയന്‍ ഒലിച്ച് പോയ കഥ...അച്ഛന്‍ കാവിലെ ഊരാളി ആയിരുന്ന കഥ...അങ്ങനെ കഥ തീരും...പൈന്റും."സാറിന്റെ അലമാരീല്‍ ശകലം വല്ലോം കാണും...ഞാന്‍ പോയി കുഞ്ഞിന്റെ അമ്മയോട് ചോദിക്കാം"
എന്റെ ഭാര്യയെ കുഞ്ഞിന്റെ അമ്മ എന്നാണു രാഘവന്‍ സംബോധന ചെയ്യുക. അമ്മയെ കുഞ്ഞിന്റെ വല്യമ്മേ എന്നും.
എങ്ങനെയെങ്കിലും ഒരു ശകലം കൂടി അകത്താക്കി ബനിയന്‍ ഊരി തോളില്‍ ഇട്ടു..ബീഡി ഒരണ്ണം എടുത്ത് കൊളുത്തി..."അക്കാലം പോയെടി പുക്കെ" എന്നൊരു ശീലും പാടി രാഘവന്‍ മറയും.
കിട്ടിയ സ്നേഹത്തിന്റെ സുഖ ശീതളിമയില്‍ ഞാന്‍ കുറെ കൂടി ഇരിക്കും.ആകെ ഒരു തണുപ്പാ....
ഒട്ടും "ബൌധികതയിലെക്ക്" എന്നെ എടുത്തെറിയാത്ത പാവം സ്നേഹം..നാട്യങ്ങള്‍ ഇല്ലാതെ...
ഒരോണം ..അത്തപൂ ഇടാന്‍ പ്രായമായി മകള്‍. അലമുറ പൊട്ടിച്ചിരിയായി മാറി..കുട്ടി ഉടുപ്പ് അര പാവാടയായി ..മുടി പിന്നാന്‍ പാകമായി...
അത്തപ്പൂ ഇടാന്‍ പൂക്കളുമായി രാഘവന്‍ കൂടെ ...മനോഹരമായി രണ്ടു പേരും കൂടി പൂക്കളം ഒരുക്കുന്നത് കണ്ടു നിന്ന് ഞങ്ങള്‍.
മുല്ലയും പിച്ചിയും ചെമ്പരത്തിയും ചെമ്ബകപൂവും ...റോസാ ദലങ്ങളും ഗന്ധരാജനും..ഇടയില്‍ എവിടെയോ ഒരു മോസാന്ട പൂവോ ഇലയോ കടന്നു വന്നു..."ഇതെന്നാ കുന്തമാ' എന്നും പറഞ്ഞ രാഘവന്‍ നിഷ്ടുരം അത് വലിച്ചെറിഞ്ഞു...
'വന്നു കേറിയ പൂ ഒന്നും വേണ്ടാ കുഞ്ഞേ...ഒള്ളത് നമ്മടെ പൂ തന്നെ മതി" രാഘവന്റെ സ്വദേശി ചിന്തയ്ക്ക് മകള്‍ തലയാട്ട് സഹായം ചെയ്തു!
കളം തീര്‍ന്നു കഴിന്ജ് മാറി നിന്ന് ഒരു ചിത്രകാരന്‍ കാന്‍വാസില്‍ പരതുന്ന പോലെ രാഘവന്‍.
ബനിയന്‍ ഊരി വിയര്‍പ്പു കണങ്ങള്‍ ഒപ്പി..."എന്നാ ഇനി പോകുവാ...മിക്കവാറും ഇന്നിനി വരില്ല..ഓണ സാമാനങ്ങള്‍ വാങ്ങാന്‍ പെണ്ണും പിള്ളേം കൂട്ടി ചന്തയ്ക്കു പോകണം".".സാറിനും ഒരു ചെറുത് ഞാന്‍ കൊണ്ടുവരും "എന്ന് ചെവിയില്‍ പറഞ്ഞു .. ശരി" എന്ന് ഞാനും.
വൈകുന്നേരം ആരോ വന്നു പറഞ്ഞു ..ആ പോയ പോക്കില്‍ രാഘവനെ മോട്ടോര്‍ ബൈക്ക് ഇടിച്ചു എന്നും...മെഡിക്കല്‍ കോളജില്‍ കൊണ്ട് പോയി എന്നും...സത്യത്തില്‍ സ്വന്തം ജീവന്‍ പകരം കൊടുക്കാം എന്ന് ഈശ്വരനോട് പറഞ്ഞു നോക്കി...
സമ്മതിച്ചില്ല...നല്ലതൊക്കെ മൂപ്പെത്താതെ ഞാന്‍ പറിക്കും നിന്റെയോന്നും ജീവന്‍ അതിനു പറ്റില്ല...അത് മൂത്ത് കൊഴിയണം...എന്ന് ഈശ്വരന്‍ നിര്‍ബന്ധം പറഞ്ഞു.
ശവദാഹത്തിനു അരികില്‍ നിക്കുമ്പോള്‍ "സാറിനുള്ള പൈന്റ് നിക്കറിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു സാറേ..."എന്ന് പറഞ്ഞു രാഘവന്റെ ഭാര്യ....എങ്ങി എങ്ങി...കരയുമ്പോള്‍
എന്റെ വിറ കൊള്ളുന്ന കൈകുടന്നയില്‍ മഞ്ഞ കണി കൊന്ന പൂക്കള്‍ .....
ഇന്നിനി മിക്കവാറും വരത്തില്ല..."എന്ന് രാഘവന്‍ പറഞ്ഞത് പോലെ....
2 അഭിപ്രായങ്ങൾ:
Raghavan strike a sad note.
രാഘവനും കുടുംബവും കൊള്ളാം ...പാവം രാഘവന്‍ :(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ