Powered By Blogger

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

വെയില്‍ തിന്ന പക്ഷി

ഉച്ച സൂര്യന്‍ അമ്പേ തിന്നു തീര്‍ത്ത ഒരു പാവം കുഞ്ഞി പക്ഷി. ചേക്കേറാന്‍ ചില്ലകള്‍ , കൊത്തി പെറുക്കാന്‍ നെന്മണികള്‍ ഒന്നും കരുതാതിരുന്ന പക്ഷി.
തൂവലുകള്‍ കോതി മിനുക്കാനും ചുണ്ടുരസി മിനുക്കാനും മെനക്കെടാത്ത പക്ഷി.
മുന്‍പേ പറന്ന പക്ഷിക്ള്‍കെതിരെ പറന്നു
ചിറകു കുഴഞ്ഞിട്ടും ചേക്ക കണ്ടില്ല  വീണത്‌ സര്‍വ്വം സഹയുടെ നെഞ്ചില്‍
അമ്മ നെഞ്ചോട്‌ ചേര്‍ത്ത് കിടത്തി
ചതുര വടിവുകള്‍കും..അച്ചടി പറചില് കള്‍ക്കും...ഒരു പിടിയും കൊടുക്കാതെ

വെയിലിനെ സ്നേഹിച്ച , കനലുള്ളില്‍ കൊണ്ട തീ വിഴുങ്ങിയ്ക്ക് 
നനഞ്ഞ കരീല കിളികളുടെ പ്രണാമം.

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ശെല്‍വന്‍

പേരിലെ പൊരുള്‍ ഒന്നും അന്നും ഇന്നും അറിയില്ല.
കുഞ്ഞും നാളത്തെ ഒരു കൂട്ടുകാരന്‍ പിന്നെ കുറേക്കൂടി കഴിഞ്ഞപ്പോള്‍ ക്ലാസ് മേറ്റ്.
എട്ടാം  ക്ലാസില്‍ പുതിയ പള്ളിക്കുടത്തില്‍ ചേരാന്‍ അച്ഛനൊപ്പം പോയി.
അലുമിനിയത്തിന്റെ പെട്ടി വാങ്ങിച്ചിട്ടെ സ്കൂള്‍ ഗേറ്റ് കടന്നുള്ളൂ. ഉടുപ്പും നിക്കറും ഒന്നും ഒരു പ്രശ്നമല്ലായിരുന്നു
ആ പെട്ടി ഒരു അതി മോഹമായിരുന്നു !
അച്ഛന്‍ എന്തൊക്കെയോ പിറ് പിറു പറഞ്ഞതായി ഓര്‍ക്കുന്നു. എന്നാലും സ്വര്‍ണ നിറത്തിലുള്ള അലുമിനിയം പെട്ടി ഒരെണ്ണം വാങ്ങി തന്നു. എന്താ അതിന്റെ ഒരു ഗമയും പത്രാസും...അതും തൂക്കി ക്ലാസില്‍ ചെല്ലുമ്പോള്‍ എല്ലാ കല പിലയും അടങ്ങി ...എല്ലാവരുടെയും കണ്ണും കാതും കവര്‍ന്ന പെട്ടി .
തൊഴു കയ്യുമായി ഒരാള്‍ അടുത്ത് നിക്കുന്നു. എയര്‍ പോര്‍ടിലും മറ്റും സ്വികരിയ്ക്കാന്‍ നിക്കും പോലെ!
പൂ മാലയും ബൊക്കെയും ഒന്നും തന്നില്ല...പകരം " യ്യോ ..പെട്ടി ഇങ്ങു തന്നാട്ടെ " എന്നൊരു  റാഗിംഗ് മൂഡില്‍...
കൈ തന്നു .....കറുത്ത്  കുറുകിയ വിരലുകള്‍ ചേര്‍ത്ത് എന്റെ കൈയൊന്നു ഞെരിച്ചോ എന്ന് സംശയം.
നേരെ പുറകിലത്തെ ബഞ്ചിലേക്ക് ആനയിച്ചു.
ഇരുന്നാട്ടെ " എന്നും പറഞ്ഞു പെട്ടി ഡെസ്കിന്റെ പുറത്തു വച്ചു. എന്നെ പിടിച്ചിരുത്തി. അപ്പുറത്ത്‌ ഇരിക്കുന്നവരോടായി പറഞ്ഞു..." നമ്മുടെ സ്വന്തമാ  നോക്കികോണം"
"എനിക്കിത്തിരി ധൃതി പണി സാറും മാരുടെ  മുറീല്‍ ഉണ്ട്...അടുത്ത പീരീടില്‍ കാണാം"
"കട്ടന്‍ കാപ്പി വാങ്ങാന്‍ പോകുവാ അവന്‍" അടുത്തിരുന്ന സുഹൃത്ത് ആ രഹസ്യം പരസ്യമാക്കി.
"അവനീ ക്ലാസിലായിട്ടു തന്നെ കൊല്ലം മൂന്ന് കഴിഞ്ഞു...സറുമ്മാരുടെ മൈക്കാട് പണിക്കു നിക്കുന്നത് കൊണ്ടൊന്നും ജയിക്കാന്‍ പറ്റത്തില്ല" വേറൊരുത്തന്‍ .
"അല്ലേലും അവന്‌ പഠിയ്ക്കുന്നതിലും ഇഷ്ടം വേറെ കാര്യങ്ങളിലാ ..."
ബെല്ലടിച്ചു സാറ് വന്നു...പകുതി പേര്‍ എഴുന്നേറ്റു പകുതി പേര്‍ കണ്ടേയില്ല...കല പില ശകലം കുറഞ്ഞു.
ഇതിനിടെ അച്ഛന്‍ പോയതൊന്നും ഞാനറിഞ്ഞില്ല...എന്റെ പെട്ടിയേല്‍ ആരെങ്കിലും കൊള്ളരുതായ്മ കാണിക്കുന്നോ എന്ന് നോക്കി ഇരിക്കുമ്പോള്‍..."നിന്റെ പേരെന്തുവാടാ" സാര്‍ അടുത്ത് വന്നു നിക്കുന്നു.
എഴുന്നേറ്റ് നിന്നു പേര് പറഞ്ഞു...അപ്പുറത്തെ സ്ഥലം ചൂണ്ടി സാറ് ചോദിച്ചു "എന്തിയേട നമ്മുടെ ഹെഡ് മാഷ്‌"
എന്നെ സ്വീകരിച്ചാനയിച്ച സുഹൃത്തിനെ ആയിരുന്നു ലക്‌ഷ്യം എന്നെനിക്കു മനസിലായി...
" സാറെ ശെല്‍വന്‍ കാപ്പിയ്ക്കു പോയേക്കുവാ" ചെറു ചിരി ക്ലാസില്‍ ഒഴുകി നടക്കുമ്പോള്‍ " ആ അത് ഞാനങ്ങു മറന്നു..എല്ലാവരും ബുക്കെടുത്തെ ...കേട്ടെഴുത്ത് ഇടാം.." സാറ് പറഞ്ഞു.
"എന്നും ഈ മുടിഞ്ഞ കേട്ടെ ഴുത്തെ  ഇയാള്‍ക്ക് ഉള്ളോ" എവിടെ നിന്നോ ഒരു ആത്മ ഗതം.
എന്റെ ചിന്തകള്‍ ശെല്‍വന്‍ എന്ന പേരില്‍ ഉടക്കി കിടന്നു. എവിടെയോ പരിചയമുള്ള പേരും മുഖവും..
ഹിന്ദിയില്‍ നീട്ടി പിടിച്ച പത്തിരുപത് വാക്കുകള്‍ പറയുമ്പോഴേ അടുത്ത പീരിടനുള്ള മണി മുഴങ്ങി.
ദീര്‍ഖ  ശ്വാസങ്ങള്‍ കൊടും കാറ്റായി.
രണ്ടാം പീരിടിന്റെ തുടക്കത്തില്‍ എന്റെ അടുത്ത് വന്ന് നിന്ന്‌ ഒന്ന് ചിരിച്ചു...ശെല്‍വന്‍...
കറുത്ത മുഖത്തെ പല്ലിന്റെ വെളുപ്പ് ബോര്‍ഡിലെ ചോക്കിന്റെ വെളുത്ത വരയെ ഓര്‍മിപ്പിച്ചു.
" അതേ എന്നെ അറിയുമോ...ഞാനാ ശെല്‍വന്‍.കൊല്ലന്‍ രാമ കൃഷ്ണന്റെ മോന്‍ ."  എന്റെ ഉടക്കി കിടന്ന ഓര്‍മ മെല്ലെ മോചിതനായി...കൊല്ലം പറമ്പിലെ വീട് എനിക്ക് ഓര്‍മയില്‍ തെളിഞ്ഞു...ഞങ്ങടെ അയല്‍ വാസികള്‍ ആയിരുന്നു,  കുഞ്ഞിലത്തെ സാറ്റ് കളി മുറ്റം... മിക്കപ്പോഴും ഞാനും ശേല്‍വനും കൂടി ഒന്നിച്ചായിരുന്നു ഒളിച്ചിരുന്നത്..കാക്കി നിക്കര്‍ മാത്രം ഇട്ടു കറുത്ത് കരി പോലെ മുട്ടാളന്‍ ശെല്‍വന്‍! പിന്നെ എന്നോ ആ സ്ഥലം ഒക്കെ വിട്ട് അവര്‍ എങ്ങോ പോയി...ഇപ്പോള്‍ വീണ്ടും ശെല്‍വന്‍..ഇത്തിരി മെലിഞ്ഞിട്ടുന്ടെന്നല്ലാതെ കറുപ്പിന് നര ഒന്നും ബാധിച്ചിട്ടില്ല.  അവന്‍ എന്നെ എപ്പോഴേ തിരിച്ചറിഞ്ഞു...!
  മുണ്ട് ലേശം പൊക്കി ബെഞ്ചില്‍ ഇരുന്ന് ശെല്‍വന്‍ പുസ്തക സഞ്ചി തുറന്നു ...അതില്‍ നിന്നും ഒന്ന് രണ്ട് ബുക്കുകള്‍ എടുത്തു വച്ചു...മഷി പടര്‍ന്നു കുത്തഴിഞ്ഞ ബുക്കുകള്‍ വെറുതെ തുറന്നു വച്ചു..." മൂന്ന് കൊല്ലം മുന്പിലത്തെതാ...കേട്ടെഴുത്ത് ഇടുമ്പോള്‍ ഇതില്‍ നോക്കി അങ്ങെഴുതും...അല്ലാതെ പുത്തന്‍ വാക്കൊന്നും സാര്‍ ഇടത്തില്ല.
" സാരമില്ല എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു തരാം " എന്നിലെ പരോപകാരി ഉണര്‍ന്നു.
എന്നെ നോക്കി കണ്ണൊന്നു ഇറുക്കി കാണിച്ചിട്ട് ക്ലാസില്‍ വന്ന ടീച്ചറെ നോക്കി ശെല്‍വന്‍ എന്നോട് ചോദിച്ചു...
"അവരുടെ ഇരട്ട പേര് അറിയാമോ" ഞാന്‍ പറഞ്ഞു എനിക്ക് പേര് പോലും അറിയില്ല.
"പേര് എനിക്കും അറിയത്തില്ല...അവരെ പൂതന എന്നാ വിളിയ്ക്കുന്നത്"
ആരിട്ടാലും അര്‍ഥമുള്ള പേര് തന്നെ, കാഴ്ചയിലും പെരുമാറ്റത്തിലും ഒറിജിനലിനെ വെല്ലും  ഡ്യൂപ്പ് !
ക്ലാസില്‍ ഉള്ളൂരിന്റെ എന്തോ തകര്‍ക്കുമ്പോള്‍ ഞാനും ശേല്‍വനും ഞങ്ങടെ ബാല്യങ്ങളെ എടുത്ത് ബഞ്ചില്‍ ഇരുത്തി ..ഓമനിയ്ക്കുകയായിരുന്നു.
"അച്ഛന്‍ ഒത്തിരി നാള്‍ അസുഖ മായി  കിടന്നു..രണ്ടു കൊല്ലം മുന്പ്  മരിച്ചു പോയി...ആശുപത്രീലും ഒക്കെ ഒത്തിരി പൈസ ആയി..അവിടം വിട്ട് വന്നപ്പോഴേ എല്ലാം നശിച്ചു...അമ്മയ്ക്ക് തളര്‍വാതം...അനിയനും ഞാനും കൂടി വീട്ടിലെ പണി എല്ലാം ചെയ്തിട്ട് ഇവിടെ വരും , അവന്‍ ആറിലാ പഠിക്കുന്നെ.  ഇവിടുന്നു സാറും മാരൊക്കെ വല്ലോം തരും...അങ്ങനെ"
നിറഞ്ഞ കണ്ണും ചുടു നിശ്വാസവും..എന്റെ പെട്ടിയില്‍ ചുമ്മാ വിരല്‍ ഓടിച്ചും കൊണ്ട് ശെല്‍വന്‍ അര്‍ദ്ധ വിരാമം ഇട്ടു. അറിയാതെ ഞാന്‍ ആ വിരലുകളില്‍ തൊട്ടു...തണുപ്പ് ! ഐസിനോളം!!
അവന്റെ മനസിലെ മരവിപ്പാകാം..."ബോംബെലോ വല്ലോം പോണം എന്തെങ്കിലും ചെറിയ പണി കിട്ടും...അത് മതി ഒരാളെ കുറച്ചു വീട്ടില്‍ പോറ്റിയാല്‍ മതിയല്ലോ.. എനിയ്ക്ക് പഠിയ്ക്കാനോന്നും വയ്യ..ഒന്നും മനസിലാകത്തില്ല.."
അവന്റെ പ്രായോഗിക ബുദ്ധിയില്‍ എനിയ്ക്ക് അഭിമാനം തോന്നി...മൂക്കാതെ പിള്ളേരെ പഴുപ്പിച്ചെടുക്കുന്ന ഈ കള്ള കാലത്ത് സ്വന്തം കാലില്‍ നിക്കാന്‍ മറു വഴി സ്വയം തേടിയവന്‍...
എട്ടാം ക്ലാസില്‍ തന്നെ ഒരു നാള്‍ ശെല്‍വന്‍ പഠിത്തം നിര്‍ത്തി.  പിന്നെ കാണാന്‍ കഴിഞ്ഞില്ല.
അവന്റെ അനിയനെ കണ്ടപ്പോള്‍ പറഞ്ഞു ചേട്ടനെ വകേല്‍ ഒരു ചിറ്റപ്പന്‍ ബോംബക്ക് കൊണ്ടു പോയി എന്ന്.  ലക്‌ഷ്യം മാര്‍ഗത്തെ സാധുകരിക്കും.
ഒത്തിരി ഒത്തിരി നാള്‍ കഴിഞ്ഞു...ഞാനും മകളുമായി എന്തിനോ ടൌണില്‍ നിക്കുമ്പോള്‍ പ്രായമുള്ള ഒരാള്‍ അടുത്ത്‌ വന്ന് " എന്നെ അറിയാമോ" എന്ന് ചോദിച്ചപ്പോള്‍ ഞാനാകെ പരുങ്ങി...
ചപ്രന്‍ മുടി...മുഷിഞ്ഞ വേഷം...ആരാകാം ഇത്...." സാറെ ഞാന്‍ പഴയ ശെല്‍വന്റെ അനിയനാ.."
എനിക്ക് വിശ്വാസം വന്നില്ല എന്ന് തോന്നിയിട്ടാകാം അവന്‍ എന്റെ പേരും പറഞ്ഞു...
ഞാന്‍ തോളില്‍ കയ്യിട്ടു... എന്റെ സന്തോഷം പറയാവത് ആയിരുന്നില്ല...നല്ല കൂട്ടുകാരന്റെ , ശെല്‍വന്റെ
വിവരങ്ങള്‍ ആരാഞ്ഞു...മറു പടി ഒരു കരച്ചില്‍ ആയിരുന്നു. ഞാന്‍ ഞെട്ടി പോയി...
" അവന്‍ ബോംബേല്‍ പോയതിന്റെ പിറ്റേ കൊല്ലം അമ്മ മരിച്ചു പോയി. അവന്‌ വരാന്‍ പറ്റിയില്ല...പൈസാ ഇല്ലയിരുന്നിരിയ്ക്കാം.  പിന്നെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു എഴുത്ത്  വന്ന്  അവന്‍ ഒരു മറാട്ടി പെണ്ണിനെ കെട്ടി എന്ന്...അത് കൊണ്ട് കേറി കെടക്കാന്‍ ഒരു കൂര കിട്ടി എന്ന്. അവിടെ ചെന്നാല്‍ എനിക്കും എന്തെങ്കിലും പണി നോക്കാം എന്നും..."    കരച്ചില്‍ തേങ്ങലായി...ഞാന്‍ തോളില്‍ തട്ടി "എന്തിനാ ഇങ്ങനെ കരയുന്നെ എന്ന് ചോദിച്ചതും..."എന്റെ സാറേ ഞാന്‍ അവന്റെ അടുത്ത്‌ പോകാന്‍ ഇത്തിരി കാശും ഒക്കെ പണി ചെയ്ത് ഉണ്ടാക്കി വച്ചു...ഒരിയ്ക്കല്‍ അമ്മാവന്റെ എഴുത്ത് വന്നു  അവന്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു അപ്പോള്‍ തന്നെ മരിച്ചു പോയി എന്ന്...റോഡ്‌ മുറിച്ചു കടക്കുംപോഴായിരുന്നു..ആ പൈസാ ഞാന്‍ ആറ്റില്‍ കളഞ്ഞു സാറേ...എനിക്കിപ്പം ആരുമില്ല. ...പിന്നെന്തിനാ പൈസാ..." എന്റെ പിടി വിടുവിച് കണ്ണീര്‍ ഒപ്പി അവന്‍ നടന്നു...
"എനിക്കിത്തിരി ധൃതി പണി സാറും മാരുടെ  മുറീല്‍ ഉണ്ട്...അടുത്ത പീരീടില്‍ കാണാം"
ശെല്‍വന്‍ പറഞ്ഞത് പോലെ...

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

വാവില്‍ ഇരുളിന്റെ മറ പറ്റി വരാം വാവേ...

അച്ഛന്റെ മുന്‍പില്‍ കുനിഞ്ഞു മുട്ട് മടക്കി നമ്ര ശിരസ്കനായി നില്‍കാന്‍ മകന് കഴിയില്ലായിരുന്നു
അവന്‍ പട്ടില്‍ പൊതിഞ്ഞ ഒരു ശരീരം മാത്രമായിരുന്നു.
ഒരു വിശ്രമത്തിനായി എത്തിയവന്‍, അച്ഛനെ കണ്ടു വണങ്ങാന്‍ കാലിലെ കെട്ടും അടച്ച കണ്ണും സമ്മതിച്ചില്ല.
അച്ഛനോ..മകനെ ചെന്ന് കണ്ട് അനുഗ്രഹിയ്ക്കാന്‍ ആവതില്ലായിരുന്നു തളര്‍ വാതത്തിനോപ്പം ഇട്ട പ്ലാസ്ടിക് കുഴലുകള്‍ നിറയെ മൂത്രവും പഴുപ്പുമായിരുന്നു.
എന്നാലോ മകന്‍ വന്ന വിവരം അച്ഛന്‍ മുന്നേ അറിഞ്ഞിരുന്നു
അടുത്ത കട്ടിലില്‍ ബോധം മറഞ്ഞു കിടക്കുന്ന അമ്മയെ കണ്ടപ്പോഴേ
മകന്റെ വരവ്‌ അച്ഛന്‍ ഉഹിച്ചു. വന്നവന്‍ ഇനി പോകില്ലെന്നും...അനുസ്സരണ കേടും വികൃതിയും കാട്ടില്ല എന്നും..
അനിയത്തി ആരും കാണാതെ ചുമരും ചാരി ചിത്രമില്ലാ ചിത്രങ്ങള്‍ സ്വപ്നത്തില്‍ കാണുന്നുണ്ടായിരുന്നു
അക്കു കളി, സാറ്റ് കളി...അത്തിളി ഇത്തിളി...ഇടയ്കിടെ അടി കലശല്‍..
അനിയനോ ചേട്ടനോ ഇനി പിറക്കാത്തത്‌ കൊണ്ട് അവര്‍ക്ക് കിനാവ്‌ കാണണ്ടി വന്നില്ല..
ആരൊക്കെയോ മുറ പോലെ ജപം നടത്തുന്നു...കൂട്ടുകാര്‍ പല വഴി പിരിഞ്ഞു ഓരോ വാഴച്ചുവട്ടിലും എന്തോ അന്വേഷിയ്ക്കുന്നു...
കളഞ്ഞു പോയ സ്നേഹിതനെ ആകാം...ഇത്തവണ വരുമ്പോള്‍ ഒരു അടിച്ചുപൊളി പരിപാടി എന്ന മുന്‍ വാക്കിന് കാതോര്‍ക്കുക എന്ന് മനസ് ...
ഇനി യാത്ര....
ആദ്യം അച്ഛനെ ഒന്ന് കാണുക ഇങ്ങോട്ട് വരാന്‍ പാവത്തിന് കഴിയില്ലല്ലോ...ചൂണ്ടാണി വിരല്‍ തുമ്പില്‍ തൂങ്ങി പടയണി കാണാന്‍ ഒത്തിരി പോയതാണ് ...
അച്ഛന്റെ അടുത്ത് നിന്നും മടങ്ങി  കൂട്ടരോടും കളിച്ചുനടന്ന തൊടിയോടും അണ്ണാര കണ്ണനോടും കളി വാക്കുകള്‍ പറഞ്ഞു തളര്‍ന്നു...ഇനി
രാമച്ച മെത്തയിലേക്ക്
കൊടും ചൂടിലും തണുപ്പിന്റെ പുതപ്പുമായി ആരൊക്കെയോ അവനെ പകര്‍ന്നു കിടത്തിയപ്പോള്‍...
കോലായില്‍ കിടന്ന ടൈഗര്‍ ഇടം കണ്ണൊന്നു ചിമ്മി അടച്ചു...ആറാം ഇന്തരിയം എന്തോ പറയുന്നു..പുറകെ വരണ്ടാ എന്നാണോ...
കൂട്ടിലെ സ്നേഹ പക്ഷികള്‍ കല പില കൂട്ടി കാഴ്ചക്കാരായി..
എലി വാലന്‍ പൂച്ച വിറകു കൂട്ടത്തിനു ചുറ്റും കറങ്ങി നടക്കുന്നു..
അനിയത്തി മെല്ലെ വന്നു പൂച്ചയെ ഒരു കൈയ്യില്‍ കോരി എടുത്ത് ഒരുമ്മ കൊടുത്ത്  താഴെ നിര്‍ത്തി ...
ആകാശത്തിലെ വെള്ളി മേഘങ്ങളേ  നോക്കുമ്പോള്‍  സൂര്യന്‍ കണ്ണാടി കാട്ടി കണ്ണ് മഞ്ഞളിപ്പിയ്ക്കുന്നു ...
മാവിന്‍ കൊമ്പില്‍ ഇരുന്ന കാക്ക ക്രാ ക്രാ എന്ന് ചിലച്ചു പറന്നു...ആകാശത്തിന്റെ അകായിലെയ്ക് ..
കര്‍കിടകം പേ മാരി ആയി അലറി വരും വാവില്‍ ഇരുളിന്റെ മറ പറ്റി വരാം വാവേ...
കാതില്‍ കേട്ടത് യാത്രാ മൊഴിയോ അതോ കൂട്ടിനു വിളിച്ചതോ....