Powered By Blogger

2011, ജനുവരി 28, വെള്ളിയാഴ്‌ച

രവീന്ദ്ര സംഗീതം.

ചാരു കസേരയില്‍ ഊര്‍ന്നിറങ്ങി കിടന്നു കൊണ്ട്..കാലുകള്‍ പൊക്കി വച്ച്
അത്ര നല്ലതല്ലെങ്കിലും മൃദു സ്ഥായിയില്‍ രവീന്ദ്ര പ്രസാദ്‌ പാടുന്നു.."അകലെ അകലെ നീലാകാശം.."

മുന്പ് ഇതേ  കസേരയില്‍  നരേന്ദ്ര പ്രസാദ് ഇരുന്ന് പരുക്കന്‍ സ്വരത്തില്‍ ഏതോ ഗസല്‍ മൂളുംപോളും...നിര്മമരായി ഞാനും കൂട്ടുകാരും...കേട്ടു നിന്നു..
   
മാവേലിക്കരയുടെ സ്വന്തമായിരുന്ന രണ്ടു പേരും പിരിയുമ്പോള്‍ എല്ലാ കരകളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. സ്നേഹം കൈ വിടാന്‍ മനസില്ലാത്തവര്‍, അവരുപോലും അറിയാതെ ആ സ്നേഹം ഈ പ്രസാദുകള്‍ ചോര്‍ത്തി എടുത്തിരിക്കും

കാക്കി ഇടുന്നവന്റെ  ചേഷ്ടകള്‍  ഒട്ടും ഇല്ലാതിരുന്ന സൌമ്യനായ പ്രസാദില്‍
അറിവിന്‍റെ ആധിക്യമാകം അങ്ങനെ ഒരു നിസ്സന്ഗത  ഉണര്‍ത്തിയിരുന്നത് മുള വളരുംതോറും കുനിയുന്നത് അതിന്റെ കുലീനത്വം..അത് പ്രകൃതി നീയമം.

  വേഷം കെട്ടുന്നു ആടുന്നു എന്നൊരു തോന്നല്‍ അല്ലാതെ വാലു കുലുക്കി പക്ഷിയുടെ മനസ്സ്  അല്ലായിരുന്നു.

പക്ഷെ  അനിവാര്യം ആയ നിയതി ഒരു കാവ്യ നീതിയും ഇല്ലാതെ വിധി നടപ്പാക്കി.
തൊഴിലിടം തന്നെ ബലിയിടം ആയി..കളിയായി തുടങ്ങിയത് കരയാന്‍ ഉള്ള നാടകമായി.

ഈ ചാര് കസേരയില്‍ ഇരിക്കുമ്പോള്‍ മനസ് പിടയ്ക്കുന്നു കാണുമ്പോളൊക്കെ രണ്ടു കവിളിലും തലോടുന്ന ആ വിരല്‍ തുമ്പുകള്‍ എന്നിലേയ്ക്ക്..

അരികില്‍ ഉയരുന്ന മൃദു മന്ത്രണം.."നിത്യ സുന്ദര നിര്‍വൃതിയായ്‌ നീ നില്‍ക്കുകയാണെന്‍ ആത്മാവില്‍.."

(കാലം അവിചാരിതം  ഊതി കെടുത്തിയ പ്രിയ സുഹൃത്ത് ശ്രീ . രവീന്ദ്ര പ്രസാദിന്റെ മുന്‍പില്‍ കെടാത്ത ഓര്‍മ്മകളുമായി.)

2011, ജനുവരി 15, ശനിയാഴ്‌ച

കൊച്ചേട്ടന്‍

"തങ്കം..മോ...ശഹെലം  മീഞ്ചാര്‍ ഇവിടെ ഫ്രീ ആയിട്ട്   ഒന്ന്  വെളംപിയെക്കണേ.."
കയറ്റത്തിലെ കടയുടെ കിളിവാതിലിലൂടെ ഇറക്കത്തിലെ വീടിന്റെ അടുക്കളയിലേയ്ക്ക് ഭാര്യ തങ്കമ്മയ്ക്ക്    ഒരു മിസ്‌ കാള്‍..റിപ്ലേ കാത്ത് ഉണ്ണാതെ ഇരിക്കുന്നവന്‍ ചുമ്മാ ഇരിക്കത്തെ ഉള്ളു ...എന്നാല്‍ സ്ഥിരം ഊണ് കാരന് അറിയാം ഇതൊരു പരസ്യം മാത്രം ആണെന്ന്...വിശന്നു വയറു പോപ്‌ കോണ്‍ പോലെ പോരിയുംപോള്‍ പിരിച്ചെടുത്ത ചില്ലറ  എട്ടു  രൂപയുമായി ബെഞ്ചിന്റെ ഒരറ്റത്ത് ഞങ്ങള്‍ മൂന്ന് പേര്‍, സ്ഥിരം നാടക വേദി.. ഒരിലയും..  ഒരൂണും.

വാഴ ഇല വെയിലത്ത്‌ വാട്ടി കഴുകി അതില്‍ പുന്നെല്ലിന്റെ ചോറും നടുക്ക്  വലിയ സ്റ്റീല്‍ ചരുവത്തില്‍ തവി ഇട്ടു മരണ കിണര്‍ പോലെ കറക്കി അവസാനം ഒരു സ്പൂണ്‍ പരിപ്പ് കറി, ഒഴിച്ചതല്ല , എറിഞ്ഞ് പറ്റിച്ചത് ,
കോണില്‍ ഇത്തിരി പയര്‍ തോരന്‍,  കടു മാങ്ങാ ..അര പപ്പടം
നീട്ടി പിടിച്ച ഒരു മീന്‍ കറി..അതിന്റെ കഷണം മുടി വച്ച് മുറിച്ചിരിക്കണം! ആ മീന്‍ തീരുമ്പോള്‍ ഇനിയും  വിളമ്പുമായിരിക്കും  എന്ന് പകല്‍ കിനാവ്‌ കാണുന്നവന് ഒരു കൊളുത്താണ്   ഫ്രീ " മീന്‍ ചാര്‍ പ്രയോഗം. അല്ലെങ്കില്‍ നടക്കാത്ത സ്വപ്നം.
ഞങ്ങള്‍ മുഖം മറച്ചു ചിരിക്കും...ആദ്യം ഞങ്ങള്‍ക്കും പറ്റിയപ്പോള്‍ ആരെങ്കിലും   ഉറപ്പായിട്ടും ചിരിച്ചിരിക്കണം.

ഇത് കൊച്ചേട്ടന്റെ ചായ മക്കാനി..!  ധാബാ ..  അല്ലെങ്കില്‍ പറുദീസാ ഹോട്ടല്‍!!
സിഗരറ്റും നാരങ്ങാ സര്‍ബത്തും പഴവും എന്ന് വേണ്ടാ ചൂട് കട്ടനും ബീഡിയും വടയും...
മൂലധനമോ,  വൈരുദ്ധ്യാത്മക  ഭൌതിക വാദമോ ഇല്ല..എന്നാല്‍ നീണ്ടു നിവര്‍ന്ന് അല്ലെങ്കിലും ഒടിച്ചു കുത്തി കെടക്കാന്‍ ഒരു ബെഞ്ച്‌ തിണ്ണയില്‍ ഉണ്ട്..
പക്ഷെ കെടക്കാന്‍ അനുവാദം ഇല്ല ഒപ്പം രാഷ്ട്രീയം ക,    മാ എന്ന് പോലും മിണ്ടാനും പറ്റില്ല.
പട്ടാള ചിട്ടയാ..അനുസരിച്ചില്ലെങ്കില്‍
" നാളെ ഇതിനകത്ത് കേറാന്‍ നോ..പറ്റു പുസ്തകവും പുരിപ്പിചേച്ചു അങ്ങ് പോയാട്ടെ.." കൊച്ചേട്ടന്റെ ഭാഷ. 
വെഷത്തിനു  പോയിട്ട് വേഷത്തിന് പോലും   പരുങ്ങുന്നവര്‍ ആരും    ഒരിക്കലും ആ  ലക്ഷ്മണ രേഖ മുറിച്ചിട്ടില്ല..അത് കാരണം രാഷ്ട്രീയ ഭേദ ഭാവങ്ങള്‍  കോളജ് ഗേറ്റ് കടന്നാല്‍ വാനിഷ് ചെയ്യുമായിരുന്നു...സ്വത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് ..പറ്റു പുസ്തകം പഠിപ്പിച്ചിരുന്നു..
നാല് പുത്തന്‍ കൈയ്യില്‍ ഉള്ള ഐസ് ക്രീം കുഞ്ഞുങ്ങള്‍ അങ്ങോട്ട്‌ മൂട്ട കടി ഏല്‍ക്കാന്‍ ഒട്ടു കേറി വരികേമില്ല..അവരായി അവരുടെ പാടായി..
വട്ട  കീറി അടുപ്പില്‍ വച്ചതിന്‍റെ പൊകയോ..പഴയ കൂ കൂ തീവണ്ടി പോലെയും..കണ്ണില്‍ മുളക് എഴുതിയ പോലെ..

ഇത്രയും ആമുഖം..കഥ അല്ലിത്.. എന്നാല്‍..കഥയായി മാറി  ഓരോരോ കാലത്തിലും കഥകള്‍ ഉണ്ടായതും  ഇങ്ങനെ ആയിരുന്നിരിക്കണം.
എണ്‍പതുകളില്‍ മുണ്ടും മുറുക്കി ഉടുത്ത് കോളജ് ക്യാമ്പസ്സില്‍  ഒരു കക്ഷത്തില്‍ പുസ്തകവുമായി  എസ് എഫ് ഐ യും, കെ എസ് യു  വും , എ  ബി വി പിയുമൊക്കെ പടുത്ത് ഉയര്‍ത്താന്‍ അന്തരീക്ഷത്തില്‍ കൈയ്യുകള്‍ എറിഞ്ഞ് , പല്ലുകള്‍ കോര്‍ത്ത, ഇത്തിരി പ്രേമവും ഒത്തിരി റൊമാന്‍സും, അതിലേറെ  നൈരാശ്യവും , താടിയും ..ബീഡിയും..ലഖു ലേഖകളും..ജഗ പൊകയും ഒക്കെ കരുതിയ  ഓരോ മലയാളീടെം മനസ്സില്‍ എന്നും എവിടെയും   ഉള്ള ഒരു കൊച്ചേട്ടന്‍  കഥ മെനഞ്ഞത് എത്ര എത്ര..

ഞങ്ങള്‍ക്കും ഉണ്ടായിരുന്നു  ഒരു കൊച്ചേട്ടന്‍..പേരില്‍ മാത്രം.  പ്രായം കൊണ്ടും പറച്ചില്‍ കൊണ്ടും  അമ്പേ   വല്ല്യേട്ടനും..
കിനാവള്ളിയുടെ കൈ കാലുകള്‍ , നടുവേ കീറി പകുത്ത കറുത്ത് വെളുത്ത മുടി ഇഴ..പഴുതാര മീശ , തിളങ്ങുന്ന കണ്ണുകള്‍ , വട്ട ചെവി ,നെഞ്ചിന്റെ പകുതി കാണുന്ന മിലിട്ടറി ബനിയന്‍..ലഡാക്കില്‍ ജോലി ചെയ്ത ഒരു ബാട്ജും  എന്തോ ഒരു മൃഗ തലയുടെ പടവും, അതേല്‍ പിന്നെയും ഒരു സേഫ്ടി പിന്നും..പല്ലിട കുത്താനും ചെവിയില്‍ ഇടാനും  മള്‍ടി പര്‍പസ്.       കളം  കളം ഫോറിന്‍ കൈലി ഇടയ്ക്കിടെ  അഴിയും  അപ്പോള്‍ കൊച്ചേട്ടന്റെ പുക്കിളും വരയന്‍ നിക്കറും കാണാം.
അദ്ദേഹത്തെ ചുറ്റി പറ്റി ഒരു ചായക്കട   മൂന്ന് കാലില്‍ തല എടുപ്പോടെ മൂന്നാം കാലം കൊട്ടുന്ന ഒരു സമോവറും...അതില്‍ പകുതി ചൂടില്‍ അങ്ങനെ കെടക്കുന്ന വെള്ളവും..
പട്ടിക കഷണം തല്ലി കൂട്ടി അതിന്മേല്‍ മുന്ന് ഇഞ്ചിന്റെ ആണികള്‍ ആവശ്യത്തില്‍   അധികം അടിച്ചു കയറ്റി പലക കോണിച്ചു  വച്ച ഡെസ്ക് എന്ന സ്വയം കൃത അനര്‍ധവും.
വെട്ടു കല്ല്‌ പകുതി കെട്ടി പൊക്കി അതിന്മേല്‍ ചാണകം മെഴുകിയ പാതകം..അലുമിനിയം കലത്തില്‍ മുകളിലൂടെ ഒലിച്ചിറങ്ങിയ കരിഞ്ഞ്  ഉണങ്ങിയ  പാല്‍ പതകള്‍..
ചാരം മൂടി കെടക്കുന്ന കനല്‍ കൂന..ബീഡി കത്തിയ്ക്കാന്‍ ഒരു കനല്‍ കഷണം ഗവേഷണം ചെയ്തു കണ്ടെത്തണം. കിട്ടിയാലോ ചാരം പരമശിവന്‍ചൂടിയ പോലാകും!
നെര പലകകള്‍ തങ്കമ്മ ചേടത്തീടെ പാവാട വള്ളി കൊണ്ട് കെട്ടി ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്നു..  തറയില്‍,  മുകളിലെ ഓല ടെലി സ്കൊപ്പിലുടെ വന്നു വീണ       സൂര്യ മുട്ടകള്‍ പല വലിപ്പത്തില്‍  പൊട്ടാതെ ..ബ്ലോക്ക് മുട്ട അല്ലാതിരുന്നതിനാലാകം,   നേരിയ മഞ്ഞ ചുവ മുട്ടകള്‍ക്ക് ഉണ്ടായിരുന്നു.
മണ്‍ ഭിത്തിയില്‍ സോമനും ജയഭാരതിയും  അകന്നു നിന്നു ഉമ്മ കൊടുക്കുന്ന പടം..ആരോ കരികൊണ്ട് യോജിപ്പിച്ചിരിക്കുന്നു....കൊച്ചേട്ടന്‍ കാണാഞ്ഞതല്ല ..പിള്ളാരല്ലേ എന്ന് കരുതി..പിന്നെ കാനത്തിന്റെ കഥയും.
രണ്ടു ബെഞ്ചും ഒരു ഡെസ്കും ....ബീഡി പെട്ടിയുടെ ഒരു മുറിയില്‍ കാജ , ദിനേശ് ബീടികളുടെ ഒഴിഞ്ഞ കവറുകള്‍..ഒരു മുറിയില്‍ പനാമ , വില്‍സ് , ചാര്‍മിനാര്‍ സിഗരറ്റുകളുടെ നിറം മങ്ങിയ കൂടുകള്‍..സിഗരറ്റോ ബീടിയോ ഇല്ലാഞ്ഞല്ല..കൊച്ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍.." ചുമ്മാ വാങ്ങി വലിച്ചു തള്ളിയെച്ചങ്ങു പോഹും..പറ്റുമില്ല പറകേമില്ല..അവനെ ഒക്കെ വലിപ്പിക്കാന്‍ ഞാനാരാ വലിവിന്റെ ഡോക്ടറോ.."
(ഓസില്‍ പൊഹ  വലിക്കുന്നവന്‍ ആരായാലും അവനെ വലിവിന്റെ ദീനക്കാരന്‍ എന്നെ കൊച്ചേട്ടന്‍ വിളിക്കൂ ..പല സുഹ്രതുക്കളെയും ഞങ്ങള്‍ ആ പേര്‍ വിളിച്ചിരുന്നു...)

ചിരിച്ചോണ്ട് പിന്നെ പറയും "നിങ്ങള്‍ക്ക് ഒള്ളത് ഞാന്‍ മേശയ്ക്ക് അഹത്ത് വച്ചിട്ടുണ്ട്..."
ക" എന്നതിന് പഹരം" കൊച്ചേട്ടന്‍  ഹ " കേറ്റും  എഫക്റ്റ് കൂട്ടാന്‍..എല്ലാത്തിനും ഒടുവില്‍ ഒരു നീട്ടും..തങ്കം ..മോ വിളി പോലെ.

ബെഞ്ചില്‍ ഇരുന്ന്  "  വില്‍സ് ഇല്ലേ കൊച്ചേട്ട "എന്നൊരു ചുമ്മാ ചോദ്യം ഇട്ടു...
രണ്ടു കൈയും കൊട്ടി  വള്ളി കാലൊന്നു പിണച്ചു വച്ച്  ഉച്ചത്തില്‍ ചിരിച്ചോണ്ട് കൊച്ചേട്ടന്‍ പറഞ്ഞു " കാശ് കമ്മി ..ആകെ മൂന്ന് പാക്കറ്റ് വില്‍സാ വാങ്ങിയത്..എന്റെ മൂത്ത മഹന്‍ ശഹലം  വലിവിന്റെ ഏനക്കേട് കാരനാ  അവന്‍ ഞാന്‍ കാണാതെ രണ്ടു പാക്കറ്റ് അങ്ങ് മുക്കി..ഒരു പാക്കറ്റ് കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു കാണാതെ പോയതോ എന്തോ മിച്ചം ഉണ്ട്..അതേന്ന് ഒരെണ്ണം പണം അടച്ചു എടുത്താട്ടെ.." ലോഹ്യം എത്ര  കൂടുതല്‍    ആയാലും   പണം അടയ്ക്കാത്ത ഒരു ബന്ധവും കൊച്ചേട്ടന്‍ എടുക്കത്തില്ല. തന്നെയുമല്ല കടേലെ കോഡ്  ഓഫ് കോണ്ടാക്റ്റ് ഏത് വലിയവനും പാലിക്കുകയും വേണം...

ഒരിക്കല്‍ ലോലോലിക്ക" എന്ന് ഞങ്ങള്‍ ഒമാനപേര്‍ വിളിക്കുന്ന  സുമുഖനായ പ്രൊഫസര്‍ നൈജീരിയയില്‍ നിന്നും പിന്നേം വന്നു പണി തുടങ്ങിയ കാലം ...മറ്റു പ്രൊഫസര്‍ മ്മാരും ഒപ്പം ഉണ്ണാന്‍ വന്നു..ചിരി കളി തമാശകള്‍..ബെഞ്ചിന്റെ ഓരം ചാരി ഇരിക്കുന്ന ഞങ്ങള്‍ അറിവില്ലാ പൈതങ്ങളെ ഒന്ന് ഉഴിഞ്ഞു.." അല്ല സാറേ ഇവമ്മാര്‍ എപ്പോഴും  ഇവിടെ  ഈ ഇരിപ്പ്  ആണല്ലോ  ക്ലാസ്സില്‍ ഒന്നും പോകണ്ടായോ  "
എന്ന് മറ്റൊരു സഹ പ്രവര്‍ത്തകനുമായി കുശലം വച്ചു...അപ്പോള്‍ മറുപടി " ഓ അവരൊക്കെ ഹോട്ടല്‍ മാനെജ്മെന്റ് പഠിക്കുകയാ..സാറെ" എന്ന്.       ഞങ്ങള്‍ കേള്‍ക്കാന്‍ വിധിക്ക പെട്ടവര്‍..നിര്മമരായി.

ഇലകള്‍ കൊച്ചേട്ടന്‍ ഭംഗിയായി വിതാനിച്ചു ..ഒരു കോണില്‍ നിന്നും വിളമ്പും തുടങ്ങി..നമ്മുടെ ലോലോലിക്ക സാര്‍ ഇല ഒന്ന് കുനിച്ചു വച്ചു  എന്നിട്ട് ഗ്ലാസില്‍ കുടിക്കാന്‍ കൊടുത്ത വെള്ളം കൈ കുടന്നയില്‍ എടുത്ത് ഇലയിലേക്ക് താളിച്ച്‌  ഒരു വീഴ്തല്‍.. ഒരു മന്ത്ര കര്‍മ്മം പോലെ... എല്ലാം ശുഭം. 

വിളമ്പി വന്ന കൊച്ചേട്ടന്‍  സാറിന്റെ ഇലയില്‍ മാത്രം ഒന്നും എറിഞ്ഞില്ല!   കൂടിരുന്ന പ്രൊഫസര്‍ ഒരു ചോദ്യം " എന്നാ  കൊചേട്ടാ  സാറും നമ്മുടെ ആളാ   വിളംബാന്‍ വിട്ട് പോയോ.."
കൊച്ചേട്ടന്‍ താളത്തില്‍ തിരിഞ്ഞു..എന്നിട്ട്  അശരീരി പോലെ പറഞ്ഞു..."രാവിലെ മുറിച്ച് കഴുകി തൊടച്ച് വയ്ക്കുന്ന എലയാ..അതേല്‍ ഇനി മിനുക്ക്‌ പണി കാണിക്കുന്നവന്‍ ആരായാലും കൊച്ചിന്റെ കടേല്‍ ചോറില്ലാ..."  ലോലോലിക്ക സാര്‍ ഞങ്ങളെ നോക്കിയതും ഒന്നൂടെ തുടുത്ത്‌ ഒരു ചെറി  പഴമായി...ചക്കിനു വച്ചത് ചിക്കന് കൊണ്ടു!
" ഓ പോട്ടെ കൊചേട്ടാ  പുള്ളിക്കാരന് ഇവിടുത്തെ ചിട്ടകള്‍ അറിയത്തില്ലായിരുന്നു."..കൂട്ടുകാരന്‍ പ്രൊഫസര്‍ താങ്ങി  കൊടുത്തു.
" ഏതായാലും ഇന്ന് ചോറിടാം  നാളെ മുതല്‍ ഈ ബുക്കിംഗ് ഇവിടെ വേണ്ടാ..." കൊച്ചേട്ടന്റെ ഉരുളയ്ക്ക് ഉപ്പേരി സാറമ്മാരുടെ ഊണിനു കൊഴുപ്പ് കൂട്ടി പക്ഷെ രുചി കുറഞ്ഞു കാണും..
"കര്‍ക്കശ്യമേ നിന്റെ പേര്‍ കൊച്ചെന്നോ" ..മലയാളം സാര്‍  ഉടന്‍ തടി കവിത ഒരു വരി കാച്ചി   ഉരുള  ഒരെണ്ണം    ഉരുട്ടി അണ്ണാക്കിന്റെ അഗാധതയിലേയ്ക്ക വലിച്ചെറിഞ്ഞു.

പ്രേമിക്കുന്ന ഇണകള്‍ക്ക് ഒരു സിഗ്നല്‍ പോയന്റായിരുന്നു  കൊച്ചേട്ടന്റെ കട തിണ്ണ  അവിടെ നിന്നും പല പല കൈമാറ്റങ്ങളും നിശ്വാസങ്ങളും ..നെടു വീര്‍പ്പുകളും ഇപ്പോഴും ഉയരുന്നുണ്ടാകാം..എത്ര അഗ്നി പര്‍വ്വതങ്ങള്‍ പുകഞ്ഞു...എത്ര എണ്ണം പൊട്ടി..എത്ര  മഞ്ഞിന്‍ പാളികള്‍  ഉരുകി ഒലിച്ച്  എങ്ങോ പോയി...
മിഥുനങ്ങള്‍..കുറുകി നില്‍ക്കുംപോള്‍ കുഞ്ഞേട്ടന്‍ മൃദുവായി പറയും " ഈ വള്ളം അക്കരെ എത്തുമോ? "..എന്നിട്ട് ചിരിച്ചു പിന്‍ വാങ്ങി വെറുതെ നോക്കി നില്‍ക്കും.

ഞങ്ങളുടെ പ്രണയം നട്ടപ്പോളും  നനച്ചപ്പോളും  പടര്‍ന്നു പന്തലിച്ചപ്പോളും  ഗുല്‍മോഹര്‍ പോലെ പൂത്തു ഉലഞ്ഞപ്പോളും കൊച്ചേട്ടന്‍ മൂക സാക്ഷി...പറ്റു പുസ്തകത്തില്‍ രണ്ടു പേരുടെ   പറ്റില്‍     ചിലപ്പോള്‍ ഒരാള്‍ക്ക്‌  ഇത്തിരി കിഴിവ് ഒക്കെ നല്‍കിയിരുന്നു... അപ്പോഴും " ഈ വള്ളം അക്കരെ എത്തുമോ" എന്നുള്ള സ്ഥിരം ചോദ്യവും..

കോളജ് വിട്ട് അധികം കഴിയുന്നതിനു മുന്പ്.. ചെറിയ ഒരു  കല്യാണം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കൊച്ചേട്ടനെ കാണാന്‍ ചെന്നു.."ഹായ്‌....എനിക്കറിയാമായിരുന്നു...ഈ തോണി അക്കര എത്തുമെന്ന്...ഹ ..ഹ..." കൊച്ചേട്ടന്‍ ചിരിച്ചോണ്ട് രണ്ടു ഗ്ലാസ് കട്ടന്‍ വൃത്തിയായി എടുത്തു കൈലിയില്‍ ഗ്ലാസ്സൊക്കെ തൊടച്ച്  മുന്‍പില്‍ വച്ചിട്ട് പറഞ്ഞു.." ഇതിനു പണം അടയ്ക്കണ്ടാ.."
ആത്മ ഗതം പോലെ പറഞ്ഞു.."എനിക്കും കുഞ്ഞിലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..പള്ളീല്‍ പോകുമ്പോളും പെരുന്നാളിനും ഒക്കെ കാണും..ഒരിക്കല്‍ മഞ്ഞ പിത്തം വന്നു അവള്‍ അങ്ങ് പോയി..എന്റെ പ്രേമോം കഴിഞ്ഞു...ഞാന്‍ പട്ടാളത്തില്‍ പോയി  ലഡാക്കില്‍ ആയിരുന്നു...   ങ്ങ്ഹാ ..എല്ലാവര്‍ക്കും ഈ വള്ളം തുഴഞ്ഞു പോകാന്‍ പറ്റില്ലാ.."  അല്ലേലും ഒന്ന് പ്രേമിക്കാത്ത ഒരു   പട്ടീം ഉണ്ടാകില്ലല്ലോ....."    പിന്നെ ഒരു മന്ദഹാസം..അതൊരു ചിരിയായി മാറി.

കൊചേട്ടാ ഇളയ മകന്‍ ..? ചോദ്യം തീരുന്നതിനു മുന്പ് ഉത്തരം വന്നു..." എനിക്ക് ഇളയ മകന്‍ ഉണ്ട് പക്ഷെ അവന്‌ തന്ത ഇല്ല!..' 
ഞങ്ങള്‍ ഇതി കര്‍ത്തവ്യ ...പരസ്പരം നോക്കിയപ്പോള്‍ ..കൊച്ചേട്ടന്‍ പറഞ്ഞു.."ആഹപ്പാടെ ഇതാ ഒരു വരുമാനം ..അതേന്ന് അടിച്ചു മാറ്റി കാണാ കുണാ പരിപാടി പറ്റില്ല എന്നും പറഞ്ഞു ഞാനവനെ ഡിസ്മിസ് ചെയ്തു..." 

കര്കശ്യമേ "..എന്ന് മലയാളം സാര്‍ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു.. യാത്ര പറഞ്ഞിറങ്ങി. "വല്ലപ്പോഴും വരണം പഴയ ആള്‍ക്കാരെ കാണുന്നത് ഒരു രസമാ..പ്രത്യേകിച്ചും ഇങ്ങനെ ഉള്ളവരെ ..." പ്രണയത്തിന്റെ ചിഹ്നം വായുവില്‍ വരഞ്ഞു കാണിച്ചു...

കാലം ഒത്തിരി കഴിഞ്ഞു..പമ്പ ആറ്റില്‍ വെള്ളം ഒരു പാട് ഒഴുകി..കണ്വന്ഷനുകള്‍ പലതു കഴിഞ്ഞു...ജോലി സ്ഥലത്ത് നിന്നും വൈകുന്നേരം ടൌണില്‍ എത്തി സ്കൂട്ടര്‍ സ്ടാര്ട്ട്  ചെയ്യുമ്പോള്‍   വെള്ള താടി വളര്‍ത്തി ഒരു മാതിരി തളര്‍ന്നു..കൊച്ചേട്ടന്‍ മുന്‍പില്‍..കൈയില്‍ ഒരു തുണി സഞ്ചിയും.
ചിരിച്ചു ..വിളറിയ ചിരി...കൈ തന്നു ..തണുത്തിരിക്കുന്നു..."എന്താ കൊച്ചേട്ട ഈ സന്ധ്യക്ക്‌ ഇവിടെ " എന്റെ ചോദ്യം
താഴ്ന്ന സ്ഥായിയില്‍ കൊച്ചേട്ടന്‍" പച്ച മരുന്ന് കട വരെ ഒന്ന് വന്നതാ   വൈദ്യന്‍ ഒരു കഷായം കുറിച്ച് തന്നു...വയ്യ..ആകപ്പാടെ ഒരു തളര്‍ച്ച..ഇതിനിടെ ഇളയ മകള്‍ മരിച്ചു പോയി..."
ഞാന്‍ ഞെട്ടി   മിടു മിടുക്കി...അതിനോടും കൊച്ചേട്ടന്‍ തോറ്റോ  ദൈവമേ.  എന്നെ ഒന്ന് തോണ്ടി എന്നിട്ട് കൊച്ചേട്ടന്‍ പറഞ്ഞു..."മരിച്ചു എന്ന് പറഞ്ഞാല്‍ അവള്‍ ഒരുത്തന്റെ കൂടെ അങ്ങ് പോയി..നമുക്ക് പറ്റാത്ത ബന്ധമാ. ..ആപ്പോള്‍ പിന്നെ മരിച്ചതായി ഞാന്‍ അങ്ങു തീരുമാനിച്ചു..മനസാ മരണ പ്രാര്‍ത്ഥനയും നടത്തി..." വീണ്ടും മലയാളം സാര്‍ കര്‍ക്കശ്യമേ" എന്ന് പറഞ്ഞപോലെ തോന്നി...തോല്‍വി ഇല്ല തന്നെ...

സ്കൂട്ടറില്‍ കയറി എന്റെ കൂടെ വരും വഴി പറഞ്ഞു.."തരക്കേടില്ലാത്ത കചോടമായിരുന്നു...തുടര്‍ന്ന് കൊണ്ടു പോകാന്‍ ആരുമില്ല...എനിക്കാണേല്‍ വയ്യ..തങ്കമ്മ അതിലും വയ്യാതെ ഇരിക്കുന്നു..ഓരോന്നിനും ഓരോ സമയം ..അല്ലാതെന്താ..."
പഴയ ബെഞ്ചും ഡെസ്കും ഒന്നൂടെ കാണാന്‍ ഞാന്‍ കടയുടെ പടിയ്ക്കല്‍ സ്കൂട്ടര്‍ നിര്‍ത്തി. കൊച്ചേട്ടന്‍ ഇറങ്ങി..." ഓ മുടിഞ്ഞു എന്നും സന്ധ്യക്ക്‌ കരണ്ട് പോക്കാ...നിന്നാട്ടെ ഞാന്‍ മെഴുതിരി കത്തിയ്ക്കാം.."

കത്തിച്ച മെഴുതിരി കൊച്ചേട്ടന്‍   ഒരു മൂലയില്‍ കുത്തി നിര്‍ത്തി...അരണ്ട വെളിച്ചത്തില്‍ എന്റെ ഓര്‍മയും മങ്ങി മങ്ങി തെളിഞ്ഞു ...എത്ര മുദ്രാ വാക്യങ്ങള്‍ വെട്ടി തിരുത്തി എഴുതി ഉണ്ടാക്കി..എത്ര ലഖു ലേഖകള്‍ ..എത്ര പ്രേമ ലേഖനങ്ങള്‍ തിരുത്തി ആര്‍ക്കെല്ലാം കൊടുത്തു..എത്ര പേര്‍ക്ക് ഹംസമായി..നളചരിതം എത്ര  ദിവസങ്ങള്‍  ആടി..ഇത് വല്ലോം അറിഞ്ഞിട്ടാണോ പണ്ട് ലോലോലിക്ക സാര്‍ ആ കമന്റു പറഞ്ഞത്..
കടയാകെ ഇരുണ്ടിരിക്കുന്നു...ആളുന്ന നിഴല്‍ കൊച്ചെട്ടന്റെതായിരുന്നു...
തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചേട്ടന്‍ ഇരുളിന്റെ തോണിയില്‍  തനിയെ    തുഴഞ്ഞു പോകുന്നു...അങ്ങു  താഴെ വീട്ടിലേയ്ക്ക്..
ഇനി എന്ന് കാണും എന്നുള്ള ചോദ്യം ബാക്കി...