Powered By Blogger

2011, ഏപ്രിൽ 13, ബുധനാഴ്‌ച

ഈ കുട്ടി എന്റെ കാലേല്‍ മുള്ളി..ഈ കുട്ടി നുള്ളി..

"ഈ ഏഴര വെളുപ്പിന്  എഴുന്നേറ്റ് ഒള്ള ലൈറ്റ് എല്ലാം ഇട്ടു മനുഷ്യന്റെ ഒറക്കം  തൊലയ്ക്കുവാ..ഈ മനുഷ്യന് ഇത് എന്നാത്തിന്റെ കൊഴപ്പമോ എന്തോ.."  ഭാര്യയടെ ശ്രീ  വെങ്കിടേശ്വര  സുപ്രഭാതം ..കേട്ടതും ഞാന്‍ വിളക്കുകള്‍ അണച്ചു. കാരണം ഇനി വരിക ഉന്നം തെറ്റാത്ത മറ്റു ഭാഷകള്‍ ആകാം..
"എടീ ..ജനാധിപത്യത്തിന്റെ നെടും തൂണായ  വോട്ടവകാശം എന്ന പൌരാവകാശം വിനയോഗിക്കാന്‍ ഇത്തിരി പുലര്‍കാലെ എഴുന്നേറ്റു..ആ പ്രക്രിയ  നിവര്‍ഹിക്കുന്നത്  വരെ പിന്നോട്ടില്ല.."  ഞാന്‍ വച്ച് കീച്ചി..

"അമ്മ ചോദിച്ചു വാങ്ങിയതാ എന്നും പറഞ്ഞു മകള്‍ തല മുഴുവന്‍ പുതപ്പിട്ടു മൂടി..തിരിഞ്ഞു കെടന്നു"

പെണ്ണും പിള്ള സട കുടഞ്ഞു..പുതപ്പില്‍ നിന്നും കങ്കാരു മാതിരി തല വെളിയില്‍ ഇട്ടു..ആകമാനം ഒന്ന് നോക്കി..
എനിക്ക് മനസ്സിലായി..അവള്‍ ഒരു ഭാഗവത പാരായണത്തിന്  ഉള്ള പുറപ്പാടു തന്നെ..
" അതെ പിന്നേ  സാറോന്നിരുന്നെ..ഈ വിഷുവിനു കുത്തരിയോ  റേഷന്‍ കടയിലെ രണ്ടു രൂപ അരിയോ വയ്ക്കുന്നത്?"

കുഴയ്ക്കുന്ന ചോദ്യം ..സൂക്ഷിച്ചു നിന്നില്ലെങ്കില്‍ അവളുടെ മുന്‍പില്‍,അടിയറവ്.
"അത് പിന്നെ വിശേഷ ദിവസങ്ങളില്‍ കുത്തരിയല്ലിയോ പതിവ്?.."ഞാന്‍ എങ്ങും തൊട്ടില്ല.
"കുത്തരീടെ വെല വല്ലോം  അറിയാമോ..പോട്ടെ പച്ചക്കറിയുടെ ..വെലയോ?"
"അതിനല്ലേ ഈ തെരഞ്ഞെടുപ്പു..ഹ.. ഹ " എന്റെ വിഡ്ഢി ചിരി.."സാധനങ്ങള്‍ക്ക് വെല കുറയാന്‍ ഒരു വോട്ട് "

"ആരെങ്കുലും ഇത് പറഞ്ഞോ മനുഷ്യാ..ജനങ്ങള്‍ക്ക്‌ വേണ്ട എന്തെങ്കിലും ഇവന്മാര്‍ പറഞ്ഞോ..സ്ത്രീ പീഡനം, കൈയ്യാമം , അഴിമതി, ജയില്‍ , പിന്നെ ലോട്ടറി, 
വേറൊരാള്‍ അയ്യോ ഇവന്‍ ഉറങ്ങുന്നെ ..പൈശാചികം..എന്നിങ്ങനെ  അവന്റമ്മേടെ... പ്രൈമറി സ്കൂള്‍ പിള്ളര്‍ അങ്ങോട്ടും ഇങ്ങോട്ടും നുള്ളി പിച്ചി എന്ന് പറയും പോലെ "
എന്നെ കൊണ്ട് ഈ വെളുപ്പിനെ അതുമിതും പറയിപ്പിക്കാതെ പോയി ജനാധിപത്യം ഉണ്ടാക്കിയേച്ചു  വന്നാട്ടെ.."

"എന്റമ്മേ ..നീയാര് മാവോ വാദിയോ..'  എന്റെ ഭയം..അറിയിച്ചപ്പോള്‍ അവള്‍ പറയുന്നു തമ്മില്‍ ഭേദം അതാ എന്ന്. കൊറേ വോട്ടു ചയ്തു മെച്ചം ആര്കാ ..ആ "


"ഈ കേരളത്തില്‍ ആദ്യമായല്ല ഇതൊന്നും..കുറെ അവന്മാരും അവളുമാരും ഒരുമ്പെട്ടു നിന്നാല്‍ പിന്നെ എന്തോ ചെയ്യും..  ഐസ് ക്രിമും  അഴിമതിം  ഇന്നലെ തുടങ്ങിയ കാര്യമല്ല..വെറുതെ ഞാന്‍ ഞാന്‍ എന്ന് പറയാതെ മനുഷ്യന് വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാനെങ്കിലും ഒരു രസമുണ്ട്..പണ്ട് ഒരു മന്ത്രിടെ കാറില്‍  ഒരുത്തിയെ കണ്ടെന്നും പറഞ്ഞുണ്ടായ പുഹില്‍..അന്നൊന്നും അരീം സാമാനോം സ്ഫോടക വസ്തു അല്ലായിരുന്നു..ഇന്നിപ്പം..തന്നേമല്ല അമ്മേം പെങ്ങളേം കണ്ടാല്‍ തിരിച്ചും അറിയാമായിരുന്നു.."  അവള്‍ കത്തി തുടങ്ങി..
" എല്ലാ കാലത്തും ഇങ്ങനെ  ആയാലോ.." ഞാന്‍ ഒഴിയാന്‍ നോക്കി.
"എന്റെ മനുഷ്യാ  സ്ത്രീ പീടനമാണോ ..അല്ല  അഴിമാതിയാണോ നമ്മുടെ മുഖ്യ പ്രശ്നം..അഥവാ ആണെങ്കില്‍ തന്നെ എത്ര പെണ്ണുങ്ങള്‍ക്ക്‌ ഒരു രാത്രിയില്‍ ഇവിടെ ഇറങ്ങി നടക്കാം..ലോഡ്ജില്‍ കൊണ്ട് പോകുന്നതും പീഡിപ്പിക്കുന്നതും മാത്രമേ പീടനതിന്റെ ലിസ്റ്റില്‍ വരികയുള്ളോ..?" സാധാരണ സ്ത്രീകള്‍ക്ക് നേരെ ചൊവ്വേ ഒന്ന് മൂത്രം ഒഴിയ്ക്കാന്‍ എവിടാ ഈ ജനാധിപത്യത്തില്‍ ഇടം.."

"പിന്നെ അഴിമതി..നിങ്ങളെ കൊണ്ട് കൈകൂലിക്കും കൊള്ളില്ല എന്ന് കരുതി ഇന്നലേം കണ്ടില്ലേ വാര്‍ത്ത‍...ചെറുതും വലുതും എല്ലാം ..
സാധാരണക്കാരന് ജീവിക്കണം സ്വസ്ഥമായി ..സ്വച്ഛമായി..അവന്റെ പിച്ച ചട്ടീല്‍ കൈ ഇട്ടു വാരിയിട്ടു വെറുതെ ഒച്ച " ഉണ്ടാക്കിയിട്ട്  എന്ത് കാര്യം..ഒരു വണ്‍ മാന്‍ ഷോയും ഇനി വിലപ്പോകില്ല...ആരുടേയും 
മനുഷ്യന്‍ ആ തട്ടിപ്പൊക്കെ പഠിച്ചു കഴിഞ്ഞു..അത് കൊണ്ട് കുളിച്ചു കുറീം ഇട്ടു പോയാട്ടെ.."

ഞാന്‍ പിന്‍ വാങ്ങി..അവളോട്‌ തര്‍ക്കിച്ചിട്ടു കാര്യമില്ല കാരണം അവളുടെ വാദത്തില്‍ കഴമ്പേ ഉള്ളു..പക്ഷെ ആദര്‍ശ രാഷ്ട്രീയത്തില്‍ അതങ്ങ് സമ്മതിക്കാന്‍ പറ്റുമോ..എന്തായാലും കുളിച്ചു വൃത്തി ആയി റോഡില്‍ ഇറങ്ങി 
" അണ്ണാ  സ്ലിപ് വേണ്ടേ.." ഒരുത്തന്റെ ചോദ്യം.  
"ഏയ്‌ ..ഇത്തവണ സ്ലിപ് ബൂത്തില്‍ തരും കാര്‍ഡു മാത്രം മതി.."  ഞെളിഞ്ഞു  നടന്നു ബൂത്തില്‍ എത്തി.

 ഒരു സ്മശാന മൂകത..മാടക്കടയില്‍ ഒടിച്ചു കുത്തി തെക്കോട്ടും വടക്കോട്ടും നോക്കി മൂന്നാല് പേര്‍..
വരാന്തയില്‍ ഒരു നീര്‍ക്കോലി കാക്കി കാരനും  മോന്തായം നോക്കി നിക്കുന്നു....എന്തരോ എന്തോ..ഇനി ആരെങ്കിലും ചത്തോ ..ആ..വോട്ടുകള്‍ പിറക്കുന്നതിന്റെ വേദന ആകാം.
"വോട്ടു      ചെയ്യാനാണോ  .." ഒരു താടിക്കാരന്‍ വരാന്തയുടെ മൂലയില്‍ കാറ്റില്‍ ആടുന്ന പാന്റു  പോരാഞ്ഞിട്ട് പിന്നേം കാലുമാട്ടി അങ്ങനെ ഇരിക്കുന്നു..
"ഇവിടെ പിന്നെ നിന്റെ അടിയന്തിരത്തിന് വന്നതാണോ " എന്ന് മനസാ ചിന്തിച്ചു ..അടുത്ത് ചെന്നു..അപ്പോള്‍ വേറൊരു സ്ത്രീ കുനിഞ്ഞു മേശമേല്‍ കിടക്കുന്നു..സൂക്ഷിച്ചു നോക്കി , ഇനി വല്ല വശപ്പിശകും ഈ വെളുപ്പാന്‍ കാലത്തെ..ഓ ..മൊബൈല്‍ ഫോണില്‍ ആടി കുഴയുന്നു..വോട്ടര്‍ എന്ന തെണ്ടിയായ ഞാന്‍ (അല്ലേലും!)
നോക്കി നിന്നു  ഈ ആട്ടവും പാട്ടും..അത് ഇഷ്ടപ്പെടാത്ത വണ്ണം താടിക്കാരന്‍ പറഞ്ഞു..
"സ്ലിപ് ഇവിടുന്നു തരും അതും കൊണ്ട് അകത്തു ചെന്നു വോട്ടു ചെയ്യണം..ക്രമ നമ്പര്‍ അറിയാമോ?'
"അത് അറിയാമായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ലായിരുന്നു  ..വനിതാ രത്നതിനെ നോക്കി പറഞ്ഞു.."  സ്വര്‍ഗത്തിലെ ചോണന്‍ ഉറുമ്പ് !!
" ആ എന്നാല്‍ വഴീല്‍ പര്ടിക്കാരുടെ കയ്യില്‍ നിന്നും വാങ്ങിക്കൊണ്ടു വാ.."
ഞാന്‍ വാ പിളര്‍ന്നു നിന്നു..അവര്‍ അവരുടെതായ കളി ചിരി തുടര്‍ന്നു..
ഉത്തരത്തില്‍ ഒരു ഗൌളിയുടെ ചിരി ഭാര്യയടെ ചിരിയെ ഓര്‍മ്മിപ്പിച്ചു..
വല്ല വിധത്തിലും ക്രമ നമ്പര്‍ ഒപ്പിച്ചു ആ മഹനീയ പ്രക്രിയ നടത്തി..
ഈ വിവരം വഴിക്ക് വച്ച് ഒരു പത്ര സുഹൃത്തിനോട്‌ പറഞ്ഞപ്പോള്‍ അവന്‍ ചിരിയോടു ചിരി..
"എന്റെ പൊന്ന് അണ്ണാ ..ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെ സാധാരണം..എന്ത് കഷ്ടപ്പാട് സഹിച്ചും ഭരണം വന്നെ തീരു."
"സര്‍ക്കാരിന്റെ ഖജനാവ് ഒഴിയാന്‍ രണ്ടു പേരെക്കൂടെ  എന്തിനോ വേണ്ടി ..വീടുകളില്‍ സ്ലിപ് തരുമെന്നും പറഞ്ഞു കാത്തിരുന്നവര്‍ ഒടുക്കം ബൂത്തില്‍ എങ്കിലും അത് കിട്ടുമെന്ന് കരുതി വന്നപ്പോള്‍ ..അവിടെ കൃഷ്ണ ലീല പടം ഒടുകയാ.."  സത്യം ഏവ ജയതേ.
തിരികെ വീട്ടില്‍ വന്നു..ഭാര്യ ചായ തന്നു..ചോദിച്ചു.."എങ്ങനെയുണ്ടായിരുന്നു പ്രക്രിയ?"
അവളെ തന്നെ കുറെ നേരം നോക്കി..എന്നിട്ട് ഞാന്‍ പറഞ്ഞു "അരുതാത്തതൊന്നും പറ്റരുതേ..ഭഗവാനെ..അല്ലാത്ത പക്ഷം ഒന്‍പതു മാസം ഒന്‍പതു ദിവസം."
അവളും ഇതി കര്തവ്യ മൂഡ ആകട്ടെ.  
ഭരണം ആയാലും..പ്രസവം ആയാലും..!!


4 അഭിപ്രായങ്ങൾ:

Jazmikkutty പറഞ്ഞു...

വോട്ടു ചെയ്തു പോസ്റ്റും ഇട്ടോ? പോസ്റ്റ്‌ ഇഷ്ട്ടമായി. എന്നാലും ഈ ഗൌളി ചിരിക്കുന്നതെങ്ങിനെയാന്നൊരു സംശയം...:)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നർമ്മത്തിൽ ചാലിച്ച ഒരു സാധാ യഥാർത്ഥ വോട്ടറുടെ ക്രിയാപ്രക്രിയകൾ...അല്ലേ
കൊള്ളാം കേട്ടൊ ഭായ്

sujit പറഞ്ഞു...

Kollaam....ishtamaayi.
Vote cheytho? Aaru bharichalum 'koranu kanji kumbilil thanne'. Kanji aaru tharunna kumbilil kazhikkanam ennu maathram theerumanichal mathi...Jai Janadhipathyam
Sasneham
Sujit

kpv പറഞ്ഞു...

Njan ottucheyyippichu...thendi......Saru vottu cheythu thendi.....Cheythavanum cheyyippichavanum.....thendikalude neendanirayile kannikal......Janadhipathyame...sthuthi....