തൂവെള്ള ളോഹ നിര്മയുടെ പരസ്യം പോലും തോല്‍ക്കും.അതിനുള്ളില്‍ ഒരു രഹസ്യോം ഒട്ടില്ല താനും ....ഒന്ന് രണ്ടു കള്ള പോക്കറ്റുകള്‍ അല്ലാതെ..
കറുത്ത ഒരു പാന്റും മുറി കയ്യന്‍ ബനിയനും..പുറകില്‍ തോളിലായി പാറി കളിയ്ക്കുന്ന വെള്ള കൊടി കൂറയും ..കാലിലെ വള്ളി ചെരുപ്പ് അച്ചന്‍ ഒരു വശം ചരിഞ്ഞു നടക്കുമ്പോള്‍ നമ്മെ ശൂ " ശൂ " എന്ന് വിളിക്കുന്ന പോലെ തോന്നും..!
വെള്ളി വീശിയ തലയില്‍ അങ്ങിങ്ങായി മുടി പാറി പറക്കുന്നു..
നീണ്ട മൂക്കിനു താഴെ മൂന്നാം വാരം ഓടി തളര്‍ന്ന പടത്തിന്റെ സെക്കന്റ് ഷോയ്ക്ക് ആളിരിക്കും പോലെ..അങ്ങിങ്ങായി വെള്ള വരകള്‍ ..
നേര്‍ത്ത വെള്ള ചാട്ടം ഇരു കൈകളായി താഴേയ്ക്ക് മെലിഞ്ഞു ഒഴുകി ഇറങ്ങുംപോലെ താടി എന്ന് പറയാവുന്ന രണ്ടു മൂന്നു വെളുത്ത ചരടുകള്‍..
പതിഞ്ഞ ശബ്ദത്തില്‍ അച്ചന്റെ പ്രാര്‍ത്ഥന ക്രമങ്ങള്‍ പക്ഷെ ആരുടേയും കരള്‍ അലിയിക്കും.
മൈക്രോ ഫോണിന്റെ കഴുത്തില്‍ കുത്തി പിടിച്ചു മേല്‍ മീശ നശിപ്പിച്ച (മെഴുകിയ മുറം പോലെ)വായ കീറി പല്ലും സ്റെപ്പിനി പല്ലും കാട്ടി ആരോഹണത്തില്‍ നിന്നും ഉച്ചത്തില്‍ കയറി ഇറങ്ങി മുന്‍സിപാലിറ്റി ടാപ്പ് തുറക്കുമ്പോള്‍ ഉള്ള "ഷ് " ശബ്ദത്തോടെ അവസാനം ഒപ്പിക്കുന്ന ദൈവ വേലക്കാരുടെ പ്രഘോഷണം എവിടെ ? അച്ചന്റെ സാന്ദ്രമായ പ്രഭാഷണങ്ങള്‍ എവിടെ.. ?
ഇനി ഏലി ചേടത്തി.
അച്ചനെ പോലെ വെള്ളി കെട്ടിയ തല പക്ഷെ മുടി അഴകായി കോതി കെട്ടി അറ്റത്ത് ഒരു റിബ്ബണും.
വെള്ള ആറു മുഴം മുണ്ട് ജാപ്പനീസ് വിശറി പോലെ നിര നിരയായി പുറകോട്ടു ഞൊറിഞ്ഞു ഇട്ടിരിക്കുന്നത് കണ്ടാല്‍ കണ്ണ് കുളിരും..
വടി പോലെ തേച്ച മല്‍ മല്‍ ചട്ട അതിനു മുകളില്‍ ചുവന്ന റോസാ പൂ തുന്നി ചേര്‍ത്ത നേര്യതും , നേര്യതില്‍ കുത്തിയ കുരിശിന്റെ സ്വര്‍ണ പതക്കവും ...
ചേടത്തിയുടെ സ്വര്‍ണ വര്‍ണമാര്‍ന്ന മുഖവും മെലിഞ്ഞു കൊലുന്നനെയുള്ള രൂപവും കന്യ മറിയത്തെ പോലെ...ശീലങ്ങളും അങ്ങനെ തന്നെ.
ഒറ്റ കുര്‍ബാനയും വിടില്ല. ആദ്യം തന്നെ അച്ചന്റെ അടുത്ത് എത്തുകയും ചെയ്യും...
പള്ളി കാര്യങ്ങളില്‍ , വനിതാ കൂട്ടായ്മകളില്‍ എല്ലാം നിശബ്ദ സാന്നിധ്യം.
ചേടത്തീടെ താറാവ് കറീം അപ്പോം അച്ചന് മാത്രം എത്തിച്ചു കൊടുക്കും ..അതൊരു നിഷ്ടയാ
അതിന്റെ രുചിയില്‍ അച്ചന്‍ കുര്‍ബാന ചൊല്ലുകള്‍ പൂര്‍വാധികം ശക്തമാക്കും ..
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം.!!
ചേടത്തി ആട് വളര്‍ത്തലില്‍ ആഗ്ര ഗണ്യ ..എണ്ണം പറഞ്ഞ ആടുകള്‍ പല തരം
ആദ്യ ഫലം പള്ളിയില്‍ കൊടുക്കുമ്പോള്‍ ചേടത്തീടെ മുട്ടന്‍ കുട്ടിയോ കന്നി പ്രസവത്തിലെ ആട്ടിന്‍ പാലോ ഷുവര്‍ ബെറ്റ്.
പീഡാനുഭ നാളുകളിലെ ഒരു കുര്‍ബാന നാള്‍ പള്ളി നിറഞ്ഞും മുറ്റം നിറഞ്ഞും കുര്‍ബാന കൈകൊള്ളാന്‍ വിശ്വാസികളുടെ തെരക്ക്..
ചേടത്തി മുന്‍ നിരയില്‍ എന്നത്തെയും പോലെ കുമ്പിട്ടു പ്രാര്‍ത്ഥന..
അച്ചന്‍ അര്‍പിക്കുന്ന കുര്‍ബാന കൈ കൊണ്ട് അര്‍ത്ഥ നിമീലിതയായി നേര്യതു തല വഴി മൂടി..
അപ്പവും വീഞ്ഞും അച്ചന്‍ വാഴ്ത്തി കൊടുക്കുമ്പോള്‍ ..മുന്‍പെങ്ങുമില്ലാത്ത പോലെ ചേടത്തി അച്ചനെ നോക്കി പൊട്ടി കരഞ്ഞു പോയി..
നിശബ്ദമായിരുന്നു പള്ളി ...
വയലാര്‍ എഴുതിയ പോലെ ആ നിശബ്ദതയും അപ്പോള്‍ നിശബ്ദമായി
അച്ചന്‍ ആകെ കുഴഞ്ഞു..പ്രാര്‍ത്ഥന ഒന്നും തെറ്റിയില്ല..ഏലി യോട് ഒന്നും പറഞ്ഞുമില്ല...പിന്നെ ?
"ഇതിപ്പം പടിക്കല്‍ കൊണ്ട് വന്നു ഏലി കുടം ഉടച്ചോ കര്‍ത്താവേ..' അതോ
"ഈ പീഡാനുഭവ നാളുകളില്‍ എന്റെ പ്രാര്‍ത്ഥന ഏലിയ്ക്ക് ഇത്രയ്ക്കും ഫീല്‍ ചെയ്തോ"
"ഈസ്ടരിനു ഏലി തരുന്ന താറാവ് കറീം അപ്പോം കൈപ്പു നീരകുമോ പിതാവേ.."
രണ്ടും കല്‍പ്പിച്ചു അച്ചന്‍ ഏലീ ചേടത്തീടെ മുഖം ഉയര്‍ത്തി ചോദിച്ചു
"എന്ത് പറ്റി ഏലീ ...ഇത് വരെ ഇല്ലാത്ത ഒരു വിഷമം കുര്‍ബാന കൊള്ളുമ്പോള്‍.."?
ഏലി ചേടത്തി അച്ചന്റെ മുഖത്തേയ്ക്കു നോക്കി പിന്നെയും വിതുമ്മി..
അച്ചനും എല്ലാവരും കുഴങ്ങി..ആകെ പിറ് പിറുപ്പായി ..
"കുര്‍ബാന മുടങ്ങുമോ ..കര്‍ത്താവേ ഇതെന്നാ പറ്റി ഈ ഏലി ചേടത്തിക്ക്" ..എല്ലാവരും കശ പിശ പറഞ്ഞു..
"ചേടത്തി എന്തെങ്കിലും ഒന്ന് പറ ഇത് കുര്‍ബാന സമയമാ " പള്ളി കമ്മറ്റി എട പെട്ടു
നിശബ്ദം. പള്ളി ചുമരിലെ നാഴിക മണിയുടെ 'ടിക്ക് ,ടിക്ക്" മുഴങ്ങി കേട്ടു..
ചേടത്തി നേര്യതു കൊണ്ട് കണ്ണ് തുടച്ചു..അച്ചന്റെ മുഖത്തേയ്ക്കു സങ്കടത്തോടെ നോക്കി..
എന്നിട്ട് മെല്ലെ വിതുമ്മിക്കൊണ്ടു പറഞ്ഞു..
"എന്റെ കുഞ്ഞുങ്ങളെ എന്റെ പൊന്നായിരുന്ന തള്ളയാട് "റോസമ്മ ഇന്നലെ വിഷം തീണ്ടി ചത്ത് പോയി..ഓമന മൂന്ന് കുഞ്ഞുങ്ങളെ എനിക്ക് തന്നേച്ചു പോയി.. എന്റെ കര്‍ത്താവ് സഹിക്കാനുള്ള കഴിവ് തന്നു..എന്നാലും നമ്മുടെ അച്ചന്റെ താടി കാണുമ്പൊള്‍ എനിക്ക് പിന്നേം സഹിയ്ക്കാന്‍ വയ്യാ..എന്റെ റോസമ്മയ്ക്കും ഇത് പോലെ നീണ്ടു വെളുത്ത രണ്ടു മീശകള്‍ താടീന്നു താഴോട്ടു കിടപ്പുണ്ടായിരുന്നു....ഇത്ര നാളും അച്ചനെ കാണുമ്പോള്‍ ഒക്കെ അവള്‍ വീട്ടില്‍ ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്..ഇനി ഞാനെങ്ങനെ സഹിയ്ക്കും എന്റെ കര്‍ത്താവേ ..." ചേടത്തി പിന്നേം അച്ചനെ നോക്കി അല മുറ ഇട്ടു.
പള്ളിയും വിശ്വാസികളും പീഡാനുഭവം മറന്നു ചിരി ഒതുക്കി..
അച്ചന്‍ കപ്പിയാരെ നോക്കി ഇടത്തേം വലത്തേം താടി രോമങ്ങള്‍ കീഴോട്ടു ഉഴിഞ്ഞു..
ഏലി ചേടത്തിയെ ഒളി കണ്ണാല്‍ നോക്കി..ആത്മഗതം .."അപ്പോള്‍ കണ്ണടച്ച് കുര്‍ബാന കൊള്ളും പോളും ഇവര്‍ എന്റെ താടീം ആടിന്റെ താടീം കൂട്ടി കെട്ടുവാരുന്നല്ലോ കര്‍ത്താവേ.. കുരുട്ടു ബുദ്ധി.."
പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി..
കപ്യാര്‍ ധൂപ കുറ്റി ആഞ്ഞു വീശി..