Powered By Blogger

2011, ജൂലൈ 16, ശനിയാഴ്‌ച

കര്‍ക്കിടക കിറ്റ്‌.

ചുമ്മാ മഴ കാണാന്‍ എന്തൊരു സുഖം..
ആടി ഉലയുന്ന ഇല ചാര്‍ത്തുകള്‍ക്കിടെ അലറി പെയ്യുന്ന മഴയുടെ സ്വരം..
എന്നിലേയ്ക്ക് നീണ്ടു വരുന്ന കുളിരിന്റെ കൈ വിരലുകള്‍ എന്നെ തഴുകി..ഒഴുകി..
മനുഷ്യ ജന്മത്തില്‍ ഈ അനുഭവം  എങ്കിലും  ഒന്ന് കൊണ്ടും പകരം വയ്ക്കാന്‍ പറ്റുമോ?

"പിന്നെ വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്തിനാ..അവിടല്ലിയോ മഴ തുണീം പറിച്ചു ചാടുന്നെ.."എന്നും ഓര്‍ത്തു പോയി..
അങ്ങനെ വഴി അരികില്‍ മഴയും നോക്കി  നിക്കുമ്പോള്‍....
അയലത്തെ സുന്ദരന്‍ ചേട്ടന്‍ "എണേ കോണെ" എന്ന്  കാറ്റില്‍ ആടുന്ന കാലന്‍ കുടയും  നിവര്‍ത്ത് പിടിച്ചു
മുണ്ട്  ഒരു മാതിരി ബിക്കിനി പോലെ പൊക്കി കെട്ടി ഉണങ്ങി കൊട്ടനടിച്ച ചന്തി പകുതി കാട്ടി..
കയ്യില്‍ ഒരു സഞ്ചിയുമായി കൂനി കൂനി  ദാ വരുന്നു..
നടപ്പും ക്യാറ്റ് വാക്ക് പോലെ..സഞ്ചിയ്ക്ക് ഭാരം ഉണ്ടെന്നു തോന്നുന്നു..

ഈ പകര്‍ച്ച പനിക്കാലത്ത് ഇങ്ങേര്‍ ഇതെവിടെ പോയി..വീട്ടില്‍ ഇരുന്നാല്‍ തന്നെ തണുത്തു വിറയ്ക്കും പിന്നെ വയസു നോക്കാതെ മഴ നനഞ്ഞാലോ...
ചക്ക  മാങ്ങാ കാലം കുഴഞ്ഞു മറിഞ്ഞു   കിടക്കുമ്പോള്‍  ഈച്ചയും മഴ പോലെ.. അപ്പൊ പിന്നെ ഈച്ച പനിയും പെരു മഴ പോലെ..വരട്ടെ ചോദിക്കണം..

സുന്ദരന്‍ ചേട്ടന്‍ അടുത്ത് വന്നു . നിന്നു. ഒന്നു  ചിരിച്ചു.  മഴ വീണ്ടും ശക്തി സംഭരിച്ചു കൂട്ടിനു കാറ്റും.
"എന്റെ ചേട്ടാ ഈ മഴ ഇങ്ങനെ നനയാതെ ഈ തിണ്ണയ്ക്ക് കേറി നിന്നാട്ടെ "
ഞാന്‍ വീടിന്റെ തിണ്ണ യിലേക്ക്  ചേട്ടനെ ക്ഷണിച്ചു..

ചേട്ടനും ആശ്വാസമായ പോലെ. കുട മടക്കി ഒരു മൂലയില്‍ വച്ച്  സഞ്ചി ആകമാനം തൂത്തു തുടച്ചു തിണ്ണയുടെ മറ്റൊരു കോണില്‍ ചാരി. ബിക്കിനി അഴിച്ചു പറിച്ച് ചുറ്റും ഒന്നു നോക്കി കുടഞ്ഞു വീണ്ടും ഉടുത്തു.
നിക്കര്‍ എന്ന് പറയാനും മാത്രം എന്തോ ഒരു കഷണം തുണി അടിയില്‍ കണ്ടു.
ജോക്കി " അല്ലേയല്ല.  ബാനര്‍ പോലെ ഇലാസ്ടിക്കും ഇല്ല.
ഏറിയാല്‍ ഒരു വി ഐ പി . കാലത്തിനൊത്തു ഒരു മാറ്റം  ഒരു  പാവം ബിലോ പോവര്ടി ലൈന്‍ നിക്കര്‍.

പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തെ പിള്ളര്‍ പാന്റിന് മുകളില്‍ ആണല്ലോ അടി വസ്ത്രം ധരിക്കുന്നത്
"ജനറേഷന്‍ ഗ്യാപ്പും" വേണേല്‍ കാണാം!
അത് വച്ചു നോക്കുമ്പോള്‍ ചേട്ടന്‍ ഇത്രെമെങ്കിലും "അഹമേ " അണിഞ്ഞല്ലോ!! സുകൃതം !!


ശേഷം ഒരു ബീഡി എടുത്തു നന്നായി കൈ വെള്ളയില്‍ തിരുമ്മി ചൂടാക്കി ..തീപ്പെട്ടി ഉരച്ചു
രക്ഷയില്ല ..കാറ്റ് ആ കൊള്ളി ഊതി കെടുത്തി.
അടുത്ത കൊള്ളി ഒരു മാതിരി കത്തിച്ചു ബീഡിയില്‍ എത്തിച്ചു. മഴയുടെ തണുപ്പില്‍ ബീഡി പുകയുടെ മണം..
ആത്മാവ് ചൂടാകുന്ന മണം പോലെ .. ബാര്‍ബക്യു! ..
കട്ടന്‍ കാപ്പീം വടേം കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ മഴ ഒരു വിപ്ലവം ആക്കാമായിരുന്നു.

പുക ഊതി പറപ്പിച്ചു  എന്നിട്ട്  ചേട്ടന്‍ എന്നോട്
"നീ അറിഞ്ഞില്ലിയോ നമ്മുടെ സൊസൈറ്റിയില്‍ കര്‍ക്കടക കിറ്റ് കൊടുക്കുന്നു. അതാ ഈ സഞ്ചി...ഈ മുതു മഴയത്തും എന്താ ക്യൂ..ആണും പെണ്ണും മത്സരമാ..
"
സത്യത്തില്‍ അപ്പോഴ  ഞാന്‍ സഞ്ചി ശ്രദ്ധിച്ചത് ..ഏതോ ഒരു ആയുര്‍വേദ ഫര്‍മസിയുടെ പരസ്യം പതിച്ച തുണി സഞ്ചി...ഒരു കുട്ടി ചാക്കിനോളം വലിപ്പം. പത്തിരുപതു കിലോ തൂങ്ങും .
"അയ്യോ ചേട്ടാ ഞാന്‍ കരുതി ഇത് വീട്ടിലേക്കു വേണ്ട എന്തെങ്കിലും പല ചരക്കോ , പച്ച കറിയോ ആയിരിക്കുമെന്ന് . ഇത്രേം  വലിപ്പം?"

" ഡാ  ഇതിനകത്ത്  ഈ കര്‍ക്കടകം കഴിച്ചു കൂട്ടാന്‍ ഒരാള്‍ക്കുള്ള സകല ഗുലാബീം ഉണ്ട്.  വരുന്ന മാസം നോ പച്ചക്കറി നോ പലചരക്ക് .  ഒന്ളി മെഡിക്കല്‍ കഞ്ഞി..നൂറു ശതമാനം പ്രകൃതി അതിന്റെ കൂടെ..നീ നോക്കിക്കേ.."  ചേട്ടന്‍ അതും പറഞ്ഞു കൊണ്ട്  സഞ്ചിയുടെ വാ തുറന്നു ഓരോ കെട്ടുകളായി പുറത്തെടുത്തു..

ആദ്യം എടുത്തത്‌ സാക്ഷാല്‍ ശ്രീരാമനും അനിയന്‍ ലക്ഷ്മണനും കൂടി നിക്കുന്ന പുറം താളുള്ള അധ്യാത്മ രാമായണം പ്ലാസ്റിക്  ഉറയില്‍ പൊതിഞ്ഞത്.
"മൂന്നു തരത്തില്‍ വായിക്കാം ഇരുന്നും കിടന്നും നിന്നും പിന്നെ കണ്ണട വച്ചോ ലെന്‍സ് വച്ചോ  നമ്മുടെ ഇഷ്ടം പോലെ "  ചേട്ടന്‍ കവലയിലെ വില്പനക്കാരനെ പോലെ കസറി.
പിന്നെ എടുത്തത്‌ ഒരു സി ഡി പ്ലെയറും കുറെ ഭക്തി പുരാണ സി ഡി കളും.
"ഇത് രാമായണത്തിന്റെ കൂടെ ഫ്രീ, നമുക്ക് എപ്പോള്‍ എവിടിരുന്നും രാമായണം കേള്‍ക്കാം ..ഭക്തി പാട്ടുകള്‍ കേള്‍ക്കാം ..അടുത്ത മാസം പഞ്ഞ മാസമല്ലേ  ഭഗവാനുമായി കൂടുതല്‍ അടുക്കണം..രാമ രാമ"
ഇതും പറഞ്ഞു ചേട്ടന്‍ അടുത്ത പൊതി എടുത്തു  കാമ ദേവന്റെ പടമുള്ള ഒരു ലേഹ്യ കുപ്പി.
പേര്  "മദന കര്‍ക്കിടക വാജി ലേഹ്യം.."  പേര് പോലെ എനിക്കൊന്നും മനസിലായില്ല .

എന്റെ വിഷമ സ്ഥിതി കണ്ടു ചേട്ടന്‍ ആ ഐറ്റത്തിന്റെ ഇന്‍സ്ട്രക്ഷന്‍ മാന്വല്‍ എടുത്തു..വായിച്ചു..
"കര്‍ക്കിടക മഴയിലും തണുപ്പത്തും  യയാതിയെപ്പോലെ യൌവ്വനം കൊണ്ട് തിമിര്‍ക്കണ്ടേ?
നായ്ക്കുരണം , അശ്വഗന്ധം..അരച്ച് പരുവപ്പെടുത്തി... "
ഒന്നു പരുങ്ങി അതെടുത്തു സഞ്ചിയ്ക്ക്  അകത്തേയ്ക്ക് വച്ചു.
"ഈ വയസാം കാലത്ത് എന്തോ എടുത്തു വച്ചു തിമിര്‍ക്കാനാ ..പിന്നെ ചുമ്മാ ഇരിക്കട്ടെ റബ്ബറ് വെട്ടുന്ന പുരുഷന് കൊടുക്കാം." ഈ കുന്തം വേണ്ടാരുന്നു..ചേട്ടന്‍ പോരായ്മകളെ സ്മരിച്ചോ ആവോ..

പിന്നെ വലിച്ചു ഊരി എടുക്കുന്നു നെടുങ്കന്‍ ഒരു സഞ്ചി.."കര്‍ക്കിടക കഞ്ഞി കിറ്റ്‌ ..മുപ്പത്തി ഒന്ന് ദിവസം മുപ്പത്തി ഒന്ന് വിധം.രാമ രാവണ യജുര്‍ വേദ സംഹിത ആചാര്യ വിധി പ്രകാരം.." ഒരു പടി മുന്നില്‍ ആയുര്‍വ്വേദം കടന്നുവോ? ആവോ...
കിറ്റ്‌ തുറന്നു ..പലതരം കുഞ്ഞി കവറുകള്‍..ഒന്നില്‍ ബി ടി മുതിര വിത്ത് ..ഒന്നില്‍ നാടന്‍ കര്‍ക്കിടക കഷായ വേരുകള്‍ ഉണ്ടാകുന്ന ചെടികളുടെ ഹൈ ബ്രീഡ് വിത്തുകള്‍..ഉണങ്ങിയ വേരുകള്‍..കഞ്ഞി ഉണ്ടാക്കുന്ന വിധം..തമിഴ് നാട്ടിലെ ഏതോ അരി ..നെയ്യ് ...(ഏതായാലും കേരളത്തിലെ വിലാസം ഒന്നിനും ഇല്ല..ജെ സി ബി എല്ലാ വിത്തുകളും പറിച്ചു കഴിഞ്ഞു എന്ന് കൊച്ചു പിള്ളാര്‍ക്കും അറിയാം..!!)

എന്നിരിക്കെ എനിക്കൊരു സംശയം "ചേട്ടാ ..ഈ വിത്തുകള്‍ മുളപ്പിച്ച് എന്ന് കഞ്ഞി കുടിക്കാനാ..വേരുകള്‍ എല്ലാം ഉണങ്ങി..പണ്ട് അമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് കുഴി പരുത്തി വേരൊക്കെ ഇടിച്ചു പിഴിഞ്ഞ് കഞ്ഞിയില്‍ ചേര്‍ക്കുമെന്ന് ..ഇതിപ്പോ എന്തോ വേരാ, എങ്ങനെ പിഴിയും..?"

അപ്പോള്‍ ചേട്ടന്‍ പിന്നെയും എടുക്കുന്നു ഒരു സി ഡി ..."കഞ്ഞി പ്രിപറെഷന്‍ ടൂള്‍ " എന്ന് എഴുതി കണ്ടു...
ഒപ്പം ഒരു കഞ്ഞി കുക്കറിന്റെ ഓപറേഷന്‍ മാന്വലും..എന്റെ ദൈവമേ ചേട്ടന്‍ പൊക്കി എടുക്കുന്നു അടിപൊളി കുക്കറും പാത്രങ്ങളും..

'ഡാ , നീ കണ്ടോ പണ്ടത്തെ പോലെ അല്ല ..എല്ലാത്തിനും ഒരു ചിട്ടേം അടുക്കും ഉണ്ട്. വെറുതെ പൈസ കൊടുക്കുനതല്ല..

അപ്പോള്‍ എനിക്കും സംശയം...ചോദ്യം.."ചേട്ടാ ഈ കിറ്റിനു എത്രയാ പണം?"

ചേട്ടന്‍ ഒന്ന് ചിരിച്ചു..എന്നിട്ട് പറഞ്ഞു..."മോനെ ആരോഗ്യമാ വലുത്..പണം പിന്നെ..പണ്ടൊക്കെ വല്യ കുടുംബക്കാരും പണക്കാരും ഒക്കെയേ ഇത് കഴിചിരുന്നുള്ളൂ ...സാധാരണക്കാരന്റെ ഇടയിലേയ്ക്കു ഇതൊക്കെ ഇറങ്ങി വന്നത് ആരുടെയോ ഭാഗ്യം..അപ്പോള്‍ ഒരു കിറ്റിനു അയ്യായിരം കൊടുക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ?.....തന്നെയുമല്ല സി ഡി പ്ലെയറും കുക്കറും എല്ലാം ഫ്രീ..."

എനിക്ക് തല കറങ്ങി...എന്നാലും ചോദിച്ചു..'ചേട്ടാ ഇത്രേം പണം...?"

"ഓ, അതൊന്നും ഒരു പ്രശനമെയല്ല .... റേഷന്‍ കാര്‍ഡ് കൊടുക്കണം..സൊസൈറ്റി ലോണ്‍ തരും നമ്മള്‍ മാസം തോറും അങ്ങ് അടചേച്ചാ മതി...എന്റേത് പത്തു തവണയാ ...ഇനി ചിങ്ങം തൊട്ടു അടവ് തുടങ്ങണം..എന്നാലും ഒരു കാര്യത്തിനല്ലേ.."

എന്നിട്ട് ചേട്ടന്‍ സഞ്ചിയില്‍ നിന്ന് വീണ്ടും ഒരു ചെറിയ പൊതി എടുത്തു..തുറന്നു..
ലോ മൊട്ടില്‍, പരസിറ്റ് അമോള്‍ ആസ്പിരിന്‍ മുതലായ ആയുര്‍വേദ മരുന്നുകള്‍ വേറെയും!

"ഡാ , അഥവാ ഇത് വല്ലോം കഴിച്ചു നമുക്ക് വല്ല എനക്കെടും തോന്നിയാല്‍ ഇതേല്‍ വല്ലോം അങ്ങ് കഴിച്ചാല്‍ എല്ലാം മാറും..ഇതും പ്രകൃതിയാ.. "

"ഹനുമാന്‍ മരുത്വാ മല കൊണ്ട് വന്നപ്പം ..ഈ മരുന്നുകള്‍ ഇവിടെ വീണു പോയി മോനെ.."

സംസാരം നീണ്ടത് അറിഞ്ഞില്ല..രാമായണ പാരായണം എവിടെ നിന്നോ മൈക്കില്‍ കൂടി ഒഴുകി എത്തി..
"വിശുദ്ധം വരം സച്ചിദാനന്ദ രൂപം.."

മഴ തോര്‍ന്നിരുന്നില്ല..ഞാനും ചേട്ടനും ഓരോ മൂലയില്‍ കര്കിടക കഞ്ഞി മനസാ സ്മരിച്ചു ..ശ്രീ രാമ ജയാ..
കാലം പോയ പോക്ക്..
ത്രേതാ യുഗത്തിലെ കഞ്ഞി കിറ്റ് എന്നാണാവോ ഇനി വയറ്റു പെഴപ്പിനായി രാമ ലക്ഷ്മണന്‍ മാര്‍ വീട് വീടാന്തരം കൊണ്ട് വരുന്നത്..
ഹനുമാന്‍ ബ്രാന്‍ഡ്‌ അംബാസ്സടര്‍ ആയി...സീത സെയില്‍സ് ഗേളും..
"ഡാ , ഞാന്‍ പോകുന്നു അവിടെ ഭാര്‍ഗവി വയ്യാതെ ഇരിക്കുവല്ലിയോ..കിറ്റും കോപ്പുമൊന്നും കൊടുത്തില്ലേലും കണിയാന്റെ കഷായം ആവര്‍ത്തിക്കണം..
ഇത് ചുമ്മാ പിള്ളാര്‌ കളിയാന്നോ.....

മഴ ഉള്ളത് വച്ച് തകൃതിയായി..പഴയത് പോലെ ഗരിമ ഇല്ലെങ്കിലും..താനെ പറയും പോലെ..

കര്കിടകമേ ...മാപ്പ്.

2011, ജൂലൈ 2, ശനിയാഴ്‌ച

വാസ്തു പുരുഷന്‍ വന്ന വഴി..

മേട മാസം . 
ഉത്തരായനം ഉച്ച സ്ഥായിയില്‍ . 
പത്താമുദയം എന്തിനും നല്ല നാള്‍.  കടമ്മനിട്ട പടയണി ഉറഞ്ഞു തുള്ളുന്നു..ഉള്ളിലും പുറത്തും.
അര്‍മ്മാദിക്കാന്‍   ഇതിലും നല്ല ഒരു ദിവസമില്ല.   
    
സൂര്യ ദേവന്‍ കീഴോട്ടു നോക്കി സുസ്മേര വദനനായി ഭൂമി ദേവിയെ വല്ലാതെ ക്ഷണിക്കുമ്പോള്‍ ഈ പാവം ഞാന്‍ ഒന്നുമറിയാതെ അയ്യായിരം രൂപ പോയതില്‍  കത്തുന്ന  സൂര്യനെ നോക്കി ഇരിക്കുകയായിരുന്നു... 
ഭൂമിയെ മറന്നും പോയി..
കാരണം ആകെ ഉണ്ടായിരുന്ന സേവിങ്ങ്സ് അക്കൌണ്ട് ബാലന്‍സ് , ഒരു വെടിക്കുള്ള മരുന്ന് ..അമ്പേ അടിച്ച് ഊറ്റി എടുത്തു കളഞ്ഞു ,തേയില സഞ്ചി തിരിച്ചിടും പോലെ.  
ആവ നാഴി ശൂന്യമായി ഒട്ടും പോരാളി അല്ലാത്ത ഞാന്‍ 
വയ്യാത്ത പട്ടി കയ്യാല കേറി എന്ന് പറയുമ്പോലെ..ഇഴഞ്ഞും വലിഞ്ഞും...മോങ്ങി പോയി..
ഒന്നുമല്ലെങ്കില്‍ എത്ര ഫുള്ളിന്റെ കാശാ  എന്റെ ദൈവേ..


ഇനി കഥയുടെ മര്‍മം .."അല്ലെങ്കില്‍ അവിടെ കിടക്കുന്നു അതിന്റെ മുന" (there lies the point) എന്ന് പണ്ട് എം കൃഷ്ണന്‍ നായര്‍ സര്‍ ആരെയോ കളിയാക്കി പറഞ്ഞത് പോലെ..

അടുത്ത സുഹൃത്ത് , കോടികള്‍ ഇട്ടു അമ്മാനം ആടുന്നവന്‍ , സുമനസ് , ഊര് ചുറ്റാന്‍ ഉലകം ചുറ്റും വാലിബന്റെ ഒക്കെ അച്ഛന്‍ ...കാണുന്നിടം ഒക്കെ വസ്തു വഹകള്‍...വണ്ടികള്‍ അനവധി..കുണ്ടാമണ്ടികളും..
അങ്ങനെ പുണ്യ നദി (ഇ കോളിയാല്‍ അനുഗ്രഹിക്കപ്പെട്ട ) പമ്പയുടെ നേര്യതിന്‍ കസവ് കരയില്‍  നിറയെ ജാതി മരങ്ങള്‍  പൂത്തു  നില്ല്കുന്ന   ഇത്തിരി സ്ഥലം വാങ്ങി ഒരു നാലുകെട്ട് നിര്‍മിക്കുവാന്‍ ആലോചന, യോഗങ്ങള്‍ പലതു കഴിഞ്ഞു..പലര്‍ , പലത്, പഴം കൂട്ടിയും അല്ലാതെയും..

ഒട്ടും മനസോടെ അല്ലെങ്കിലും   വെള്ളോം ഗ്ലാസും ചുമ്മി ചുമ്മി  വാരി കുന്നന്‍  കുടം വയറന്‍   വഴുക" കുമാറിന്റെ  'സ്മാര്‍ടെക് " ചപ്പല്‍ (മുപ്പതു വയസിലും അവിവാഹിതന്  കാവ്യയോടുള്ള കനത്ത ആരാധന!)  തേഞ്ഞു ഉപ്പൂറ്റി ഭുമിയെ സ്പര്‍ശിച്ചു..
എങ്കിലും ഒരു തീര്‍പ്പ് ഉണ്ടായി കണ്ടേ മാറു എന്ന് വാശി..കാരണം നാല് കെട്ടിന്റെ പൂ മുഖത്തിരുന്നു അങ്ങേ കടവില്‍ കുളിസീന്‍ ലോങ്ങ്‌ സൈറ്റില്‍ കാണാമല്ലോ .. അഞ്ചു പൈസ മുടക്കുമില്ല!    അത് തന്നെ ആശ്വാസം.  മുതലാളിയ്ക്കും മുഷിയാത്ത വിഷയം!

ചര്‍ച്ചകള്‍ക്ക് പരി സമാപ്തി ആയി..വെള്ള പുക ഉയര്‍ന്നു. "എത്ര രൂപ ആയാലും നാലു കെട്ടു തന്നെ പണിയും"  നല്ലവനായ സുഹ്രത്തിന്റെ കല്ലും പിളര്‍ക്കുന്ന നിശ്ചയ  പെരുമ്പറ ഉച്ചത്തില്‍ മുഴങ്ങി. 
എല്ലാവരും തല ആട്ടി സമ്മതം !

ഇനി വേണ്ടത് ഒരു വാസ്തുകാര്യ വിദഗ്ധന്‍ ..
'"ചുമ്മാ കണാ കുണാ ഒരുത്തനെ കൊണ്ട് വന്നീട്ടു കാര്യമില്ല ഏറ്റവും കൂടുതല്‍ ഇതിനെ പറ്റി അറിയാവുന്ന ആള് തന്നെ വേണം   അല്ലെങ്കില്‍ ഞങ്ങടെ അപ്പുറത്തെ വീട്ടില്‍ വാസ്തു കാരന്‍ വന്നു കുളിമുറിയില്‍ കിഴുത്ത ഇട്ടപോലെ ഇരിക്കും ...ഇപ്പം അയലത്തെ പിള്ളര്‍ അത് വഴി നോക്കിയാ കുളി സീന്‍ കാണുന്നെ..ഹ, ഹ.." 
ആഹാര നീഹരമാല്ലാതെ ഒന്നിനെയും പറ്റി ഒന്നും തന്നെ അറിയാത്ത അല്ലെങ്കില്‍ അറിയാന്‍ കൂട്ടാക്കാത്ത അജിയുടെ നിര്‍ദേശം!

കാര്യ ഗൌരവം പിടിച്ചു ..  ഒന്ന് നീട്ടി തുപ്പി ഉടയോന്‍ തല ആട്ടി .
അജി   നിറച്ചു വീണ്ടും ഗ്ലാസ്..
റെമി മാര്‍ട്ടിന്‍    തവിട്ടു കലര്‍ന്ന സ്വര്‍ണ നിറത്തില്‍ ഊറിയ മുന്തിരി മണവുമായി അങ്ങനെ കുണുങ്ങി കിടന്നു ഗ്ലാസില്‍..മദാലസ തന്നെ.!

"എന്റെ കൊച്ചാട്ട ഇവിടുത്തെ ഗുരുകുലത്തില്‍  ഇതെല്ലാം    ഇല്ലിയോ..?
"അവിടല്ലിയോ ഏതോ ഒരു ഷീല്‍ഡ് എന്ന് പറയുന്ന ഒരുത്തി ഉള്ളത്   ?
നേര്ച്ച മുട്ടന്‍ എന്ന് വിളിയ്ക്കുന്ന  ഒട്ടും പതുക്കെ പറയാന്‍ അറിയാത്ത   സന്തത സഹചാരി..സംശയം എടുത്തിട്ടു..

"ഓ അവിടെ അതിനും മാത്രമൊന്നും അറിയാവുന്ന ആളില്ല..പിന്നെ എങ്ങാണ്ട് കൊഴികൊട്ടുന്നോ മറ്റോ ഒരു നമ്പൂതിരി വരുന്നുണ്ട്..മുടിഞ്ഞ   ചാര്‍ജാ..ഞാന്‍ ഒന്ന് നോക്കിച്ചതാ ..നീലാണ്ടന്‍ ആശാരി പറഞ്ഞതിനപ്പുറം ഒന്നും പുള്ളികാരനും പറഞ്ഞില്ല..വസ്തു കെഴക്കോട്ട്  മാറ്റിയാല്‍ നല്ലതാന്ന്  !!!" മുന്നാമന്‍ മുക്കണ്ണന്‍ എന്ന് വിളി പേരുകാരന്‍   സംഘം ചേര്‍ന്നു. 

ഇനി എന്റെ ഊഴം.." ഇതൊക്കെ എന്നാ അല്ലെങ്കില്‍ ഉണ്ടായേ?  എല്ലാം കച്ചോടം അല്ലാതെന്താ.."
'പണ്ടൊക്കെ മൂത്താശാരിമാര്‍ പറഞ്ഞ കാര്യങ്ങള്‍ ,  താളിയോല ..ഗ്രന്ഥം എന്നൊക്കെ പറഞ്ഞു ഇപ്പൊ ചില പുത്തന്‍ ശാസ്ത്ര വിശാരദന്മാര്‍ പടച്ചു വിടുന്നു, അതിനു ഏണി  ചാരി കൊടുക്കാന്‍ കുറെ പുതു   കൂറു കാരും'..
സ്നോബെറി എന്നല്ലാതെ എന്ത് പറയും..നല്ല കാറ്റും വെളിച്ചവും കിട്ടുന്ന വീടെല്ലാം നല്ലത് തന്നെ  പഴയ വീടുകളില്‍ ഏതാ  മോശം.." ഞാനങ്ങു പണ്ഡിത വര്യനായി.

ഒന്ന് മൂരി നിവര്‍ന്നു ഉടയോന്‍ പറഞ്ഞു.."എന്റെ ഒരു സുഹൃത്തിന്റെ അടുത്ത കൂട്ടുകാരന്‍  ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നു എന്ന് പറഞ്ഞു..അങ്ങേരെ തന്നെ കൊണ്ട് വരാം" നോക്കിയ   എടുത്തു അന്നേരം തന്നെ വിളിച്ചു..നീണ്ട സംസാരം ..
ഒടുവില്‍     " ഏതായാലും ഇപ്പൊ വിളിച്ചത് കാര്യം ..ആ പുള്ളി കാരന്‍ അടുത്ത ആഴ്ച വാസ്തു ശാസ്ത്ര കൊണ്ഗ്രസില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ പോകുവാ..മറ്റന്നാള്‍ വരാന്‍ പറയാം എന്ന് പറഞ്ഞു."

'ലണ്ടനിലും മറ്റും പോകണമെങ്കില്‍ അയാള്‍ മോശക്കാരനല്ല"... ലണ്ടന്‍ എവിടെ എന്നറിയാതെ അജി.
'അവിടുത്തെ സര്‍കാര്‍ വിളിപ്പിച്ചതാകും ..ഇവിടല്ലേ ഇതിനൊന്നും വില ഇല്ലാത്തത്" 
ചര്‍ച്ച റോക്കറ്റ് പോലെ ഉയര്‍ന്നു.


ഒന്ന് രണ്ടു ഒഴിപ്പ് കൂടി കഴിഞ്ഞപ്പോള്‍ ഉടയോന്റെ നോക്കിയ പിന്നേം ചിലച്ചു..

" ആ, സാറേ വല്യ ഉപകാരം. അങ്ങേ പോലെ ഒരാള്‍ വെറും ഒരു ഫോണ്‍ കോളിന്റെ പേരില്‍ ഇങ്ങു വരാം എന്ന് പറഞ്ഞല്ലോ.. ഞാന്‍ വണ്ടി അങ്ങോട്ട്‌ വിടാമായിരുന്നു.." ഉടയോന്റെ ഭവ്യത ഈശ്വരനെ കണ്ട പോലെ..

"പുള്ളിക്കാരന്‍ മറ്റന്നാള്‍ വരും.." ഞങ്ങളെ നോക്കി ഉടയോന്‍ പല്ല് കാട്ടി ചിരിച്ചു..

"എന്തോ കൊടുക്കണ്ടി വരും" മുക്കണ്ണന്‍ സാമ്പത്തിക വിദഗ്ദ്ധനായി..

"ഓ, അയാള്‍ക്ക്‌ ഇതൊരു നേരം പോക്കാ ..വല്യ വല്യ മാളികകള്‍ അങ്ങ് ഗള്‍ഫില്‍ പോലും ഇയാളല്ലിയോ ഊവ്വേ അങ്ങോട്ട്‌ വാസ്തു നോക്കി കൊടുക്കുന്നത്  അതിനൊക്കെ ലക്ഷങ്ങള്‍ അല്ലിയോ കിട്ടുന്നെ..
ഇതിനു   പിന്നെ വണ്ടിക്കൂലിയോ വല്ലോം.."  
ഇത് വരെ അറിയാത്ത കാര്യം ഉടയോന്‍ എടുത്തു വെളമ്പി.
"എന്തായാലും എല്ലാവരും മറ്റന്നാള്‍ രാവിലെ തന്നെ ഇങ്ങു പോരണം , ഒത്താല്‍ അന്ന് കുറ്റീം അടിക്കാം"
ഉടയോന്‍ കൂട്ടി ചേര്‍ത്തു

സഭ നിര്‍ത്തി വച്ചു. താല്‍കാലികമായി പിരിഞ്ഞു.

അന്നേ ദിവസം കുളിച്ചു  കുറീം  ഇട്ടു  ഉത്സാഹത്തോടെ എല്ലാവരും ആറ്റിറമ്പിലെ ജാതി മര  ചോട്ടില്‍ എത്തി.
ഒരു മോഹന്‍ ലാലോ മമ്മൂട്ടിയോ മിനിമം സുരേഷ് ഗോപിയോ വരുന്ന "സംത്രാസം"!!!
അങ്ങനെ നിക്കുമ്പോള്‍ അതാ വരുന്നു ഒരു മാരുതി എണ്ണൂര്‍...അതിനു പുറകില്‍ ഒരു ഫോര്‍ഡും.
എല്ലാവരും മാരുതിയെ തഴഞ്ഞു ഫോര്‍ഡിനെ വരവേല്‍ക്കാന്‍ ചെന്നു..
അതില്‍ മുതലാളീടെ സുഹൃത്ത്‌ മാത്രം.

'അപ്പോള്‍ മറ്റേ സാര്‍ വന്നില്ലേ"   ഫോര്‍ഡ്  കാരനോട്   അജീടെ ചോദ്യം.
"ആ സാറാ  മാരുതിയില്‍" ഫോര്‍ഡ് കാരന്‍ പറഞ്ഞു.

"ഓ അതിനാത്താന്നോ" അജിയ്ക്ക് അത്ര പിടിച്ചില്ല.

എല്ലാരും സാറിനെ വരവേറ്റു. 
കുറ്റി അടികാരന്‍ , അച്ഛന്‍ അമ്മ അളിയന്‍ നെല്ലിക്ക ചാക്കിന്റെ വാ കീറിയപോലെ കുറെ പിള്ളാരും ആകെ ഭഗവാന്‍ എഴുന്നെള്ളിയ പോലെ..
വള്ളപ്പാട്ടിന്റെ മാത്രം ഒരു കുറവേ കണ്ടുള്ളൂ..

എന്റെ അഹന്തയും ശമിച്ചു തുടങ്ങി..വാസ്തു  എന്നും പറഞ്ഞു കളിയാക്കിയ ഈ മനുഷ്യനു കിട്ടുന്ന ആദരവേ..
മനുഷ്യനെ മരണത്തില്‍ നിന്നും കര കേറ്റി വിടുന്ന അതി വിദഗ്ധ ഭിഷഗ്വരനും  പരമാണു  ശാസ്ത്രജ്ഞനും കിട്ടാത്ത ആദരം.
ഞാന്‍ എത്രയോ ചെറിയവന്‍.  എല്ലാം കഴിഞ്ഞു അദ്ധേഹത്തെ ഒന്ന് പരിചയപ്പെടണം.

അളവൊക്കെ എടുത്തു ..യമ കോണും അഗ്നി കോണും എല്ലാ കോണും കോണോടു കോണ്‍ പിന്നേം തിരിച്ചു..
തകൃതിയില്‍ വിളക്ക് കൊളുത്തി കിഴക്കോട്ടു തിരിഞ്ഞു ദക്ഷിണയും വച്ചു കുറ്റി അടി കഴിഞ്ഞു.
അവലും പഴോം അപ്പളെ പിള്ളര്‍ മുക്കി!
ഇനി കാപ്പി കുടി.

സാറ്  സ്റ്റീല്‍ മൊന്തയില്‍ നിന്നും ശകലം ചായ എടുത്തു ..ഞാന്‍ കൈ കൂപ്പി അങ്ങോടു ചെന്നു.
"ദിവകരെന്ദ്വോ  സ്മരഗു കജര്‍ക്കജു ഗദ പ്രദു..."   "ഹോരയാ " എന്നെ നോക്കി ചിരിച്ചു കൊണ്ട് സാര്‍.
" ഹോ അപ്പോള്‍ ജ്യോതിഷീം ആണ് അല്ലെ ?" എന്റെ ചോദ്യം..
"അല്പം കവടി, ലക്ഷണം ഒക്കെയുണ്ട്..ജ്യോതിഷത്തില്‍ എം എ, ഫിലോസഫി എം എ ..ഇപ്പോള്‍ വാസ്തുവില്‍  ഗവേഷണം."  സാര്‍ പറഞ്ഞു..

"നിങ്ങളെ കണ്ടിട്ട് ആളൊരു വിദ്വാന്‍ എന്ന് തോന്നും" ..ലക്ഷണമാ ...അല്ലാതെ ശരി ആകണമെന്നില്ല.."
സാറ് പിന്നേം ഹോര എടുത്തു മൂളി..

"ഇല്ല സാര്‍ ഇങ്ങനെയൊക്കെ അങ്ങ് കഴിയുന്നു.. എന്റെ വീട്   ഇവിടെ അടുത്താ.. സമയം കിട്ടുമ്പം സാര്‍ ഒന്ന് വരണം , ഭാര്യക്ക് ജ്യോതിഷ പഠനം വളരെ താല്പര്യമാ "
"ഓഹോ..ആ മഹതിയെ ഇന്ന് തന്നെ കണ്ടു കളയാം'
ഇത്ര തെരക്കിനിടയിലും അദ്ദേഹം വരാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും ചുരുങ്ങി.!

താമസം വിനാ എല്ലാ പടകളും കൂട്ടി വീട്ടില്‍ എത്തി..
ഉപചാര പൂര്‍വ്വം സാറിനെ ഇരുത്തി ..ഭാര്യയോടു കുശലങ്ങള്‍ , ജ്യോതിഷ അന്ന്യോന്ന്യങ്ങള്‍..
"ഇവര്‍ മിടുക്കിയാ ..ഈ തൊഴിലില്‍ പ്രശസ്തയാകും ..പക്ഷെ ഈ വീടിന്റെ ഇപ്പോഴത്തെ കിടപ്പില്‍ അത് ബുദ്ധി മുട്ടാ.." സാറ് അര്ധോക്തിയില്‍ പ്രവചനം അവസാനിപ്പിച്ചു..

കേട്ട് നിന്ന ഞങ്ങള്‍ ഒന്നിച്ച്  " എന്ന് വച്ചാല്‍ എന്താ സാറേ"

ഇത് കുഴയുമല്ലോ ഈശ്വര എന്ന് ഞാന്‍ മനസ്സില്‍ കരുതി..

"ഇത് വരെ ഈ വീടിനു കുഴപ്പം ഒന്നും കണ്ടില്ല..ഇതിന്റെ ഈ കെടപ്പ് തുടങ്ങിയിട്ട് പത്തറുപതു കൊല്ലോം കഴിഞ്ഞു..പിന്നെ മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പുറത്തു പോകില്ല ..അത് ഓടിന്റെ കുഴപ്പം..ഇതിപ്പം...."

ഞാന്‍ തര്‍ക്കിച്ചു.
"അതല്ല മാഷേ , എനിക്ക് ഈ വീടും പറമ്പും എല്ലാം അളക്കണം ..അടുത്ത ആഴ്ച ലണ്ടന്‍ യാത്ര കഴിഞ്ഞു  ശനിയാഴ്ച  ഞാന്‍ ഇവിടെ   വരും . ഇത് ശരിയാക്കിയെ തീരു."

സാറ് യാത്ര പറഞ്ഞു ഇറങ്ങി.  മാരുതി ഇഴഞ്ഞും ഫോര്‍ഡ്  ഒഴുകീം പോയി മറഞ്ഞു.

"ഇപ്പം കണ്ടോ ..ചുമ്മാ ഇതിനെയൊന്നും അങ്ങനെ തള്ളി പറയരുത്.."
നാല് കെട്ടുകാരന്‍ സുഹൃത്തിന്റെ പരിഹാസം.

' അയ്യോ , അല്ലേലും ഇങ്ങേര്‍ക്ക് എല്ലാത്തിനേം പുച്ഛമാ ..ഇതൊന്നും ശാസ്ത്രം അല്ല പോലും"
കിട്ടിയ വടി കൊണ്ട് ഭാര്യേടേം  വഹ..

ഞാനാകെ ..കുഴപ്പത്തിലായി..മുന്നില്‍ കിടന്ന പത്രത്തില്‍ കണി മൊഴി   മൊഴി മുട്ടി തിഹാര്‍ ജയിലില്‍ കയറുന്ന ചിത്രം.

"എന്റെ അണ്ണാ  ചേച്ചി ജ്യോതിഷി ആയാല്‍ അണ്ണന്  അതൊരു സഹായമാവില്ലേ..ഒന്നുമല്ലെങ്കില്‍ ഈ തീ വിലയ്ക്ക് വീട്ടിലെ സാധനങ്ങള്‍ എങ്കിലും..."  അജി കൂടെ ഉണ്ടായിരുന്ന കാര്യം ഞാന്‍ മറന്നു..

"ഇത് നല്ല ചന്സാ അയാള്‍ക്ക് വലിയ ആര്തിയൊന്നും പൈസയോടു ഒട്ടില്ല താനും..പുള്ളി ആത്മാര്ധത കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്.."

നിമിഷം ദുര്‍ബ്ബലമായി..ഞാനും തല ആട്ടി. എല്ലാരും പിരിഞ്ഞു.

ശനിയാഴ്ച പെട്ടന്ന് വന്നു..
കാലത്തേ എന്നെ വിളിച്ചു സുഹൃത്ത്‌ പറഞ്ഞു "സാറ് രാവിലെ തന്നെ വീട്ടില്‍ വന്നു..കാപ്പി കുടി കഴിഞ്ഞു ഞങ്ങള്‍ അങ്ങോട്ട്‌ വരും"
ഞാനും ഭാര്യയും ഒരുങ്ങി..സാറ് വന്നു ..കൂടെ സുഹൃത്തുക്കളും അനുചരരും..
വലിയ അളവ്    ടേപ്പിന്റെ  ചാടുരുള്‍ അഴിച്ചു സാറിന്റെ ശിങ്കിടി..
അളവ് തുടങ്ങി ..പുരയ്ക്ക് ചുറ്റും പുരയ്ക്ക്  അകവും ..ആകമാനം തൂക്കി എടുത്തു..
ഞങ്ങള്‍ ശ്വാസം അടക്കി നിന്നു.
"ഈശ്വര കുഴപ്പം ഒന്നും കാണല്ലേ " 

ഭാര്യേടെ മുന്‍‌കൂര്‍ ജാമ്യ അപേക്ഷ കേട്ടിട്ട് എന്ന വണ്ണം

സാറ് ..അളവ് നിര്‍ത്തി പറഞ്ഞു..
"ഏതായാലും അളവില്‍ കുഴപ്പം ഒന്നുമില്ല..എന്നാല്‍ ഈ ഏച്ചു കെട്ടലുകള്‍ ഇളക്കി കളയണം. ....   വാസ്തു പുരുഷന്  ശ്വാസം വിടാന്‍ വയ്യ..
ഒപ്പം കിണറും മൂടണം, പിന്നെ ഫൌണ്ടേഷന്‍ നീട്ടി സ്ട്രെസ് വര്‍ക്ക് ചെയ്തു എല്ലാം ഒരേ പോലെ ആക്കണം..എല്ലാം കൂടി ഒരു മൂന്നു രൂപ ആകും.."

പത്തു നാല്‍പതു കൊല്ലം കുളീം കുടീം എല്ലാം നടക്കുമ്പോള്‍ ഒരിക്കലും തീരാത്ത ഇളനീര്‍ പോലെയുള്ള തെളിനീര്‍ തന്ന കിണര്‍..തലമുറകള്‍ ഈ വെള്ളത്തില്‍ തന്നെ കഞ്ഞി വച്ചതും..കുളിച്ചതും..എല്ലാം..അത് മൂടുക മരണ തുല്യം..
പിന്നെ ഉള്ള ബാങ്ക് ലോണിന്റെയും സ്കൂട്ടര്‍ ലോണിന്റെയും ഒക്കെ കൂടി ഇനിയും മൂന്നു ലക്ഷം..ഇതിലും ഭേദം വീട് വിറ്റു കാട് കയറുകയാ..     മനസ് പറഞ്ഞു.

" വേലിയേല്‍ ഇരുന്നതാ അത് തോണ്ടി ചീലേല്‍ ഇട്ടിട്ടു പിന്നെ കടിച്ചു എന്ന് പറയുന്നതില്‍ അര്‍ഥമില്ല"
എന്നെ സാകൂതം നോക്കി നിന്ന ഭാര്യയോട്‌ ഞാന്‍ പിറുപിറുത്തു..

"ഓ കിണറു മൂടത്തക്കവണ്ണം ഒരു പ്രശ്നമൊന്നും ഇവിടില്ല..തന്നെയുമല്ല ഒരു കിണറു മൂടി മറ്റൊന്ന് കുഴിക്കാന്‍ ചില്ലറ ചെലവൊന്നും അല്ല.." ഭാര്യയുടെ തീര്‍പ്പ് കേട്ടു സാറ് പറഞ്ഞു..

"അതിനും ഒഴിവുണ്ട് ..ഒരു മതില് കെട്ടി കിണര്‍ അങ്ങ് തിരിക്കണം.."

ഇത്രയുമേ മൂന്നാറിലും മറ്റും ഭൂമി കയ്യേറുന്നവര്‍ക്കു ചിലര്‍ ചെയ്തു കൊടുത്തുള്ളൂ , ചില്ലറ  ഒഴിവുകള്‍..!


 സാര്‍   എല്ലാം കുറിപ്പാക്കി ഹരി ശ്രീ എഴുതി കിഴക്കോട്ടു തിരിഞ്ഞു എന്റെ കയ്യില്‍ തന്നു
തലയില്‍ കൈ വക്കുമ്പോള്‍ ഞാന്‍ കുനിഞ്ഞു വണങ്ങി .ഉയര്‍ന്നു ..കുറിപ്പ് വാങ്ങി..
പോക്കറ്റില്‍ ഒരു ആയിരം രൂപ നോട്ടു മടക്കി ഇട്ടു...സാറ് കാണണ്ട ..പണത്തിനോട്  വലിയ താല്പര്യമില്ലാത്ത ആളാണ്..ആയിരവും മറ്റും കണ്ടാല്‍ ചിലപ്പോള്‍ ശാസിച്ചലോ..എന്റെ ബുദ്ധി  എന്നോട് ...

"എല്ലാം ശരിയാകും നിങ്ങള്‍ പണി തുടങ്ങുമ്പോള്‍ ഞാന്‍ വീണ്ടും വരാം'  യാത്ര പറഞ്ഞു സാറും കൂട്ടുകാരും പോയി.

"ആയിരം അപ്പുറത്തെ രവിയോട് വാങ്ങിയതാ ..ശമ്പളം കിട്ടുമ്പോള്‍ എന്നെ ഏല്പിചേക്കണം."
ഭാര്യ ഓര്മ പുതുക്കി വച്ചു. 
കടം കലണ്ടറില്‍ കുറിപ്പായി വീണു!


ഉച്ച മയക്കം കഴിഞ്ഞു അങ്ങനെ ഇരിക്കുമ്പോള്‍ ഫോണ്‍ നിര്‍ത്താതെ വിതുമ്മി..എടുത്തു..ഓ  വാസ്തുവിന്റെ സാറാണ്..

"ഹലോ..നിങ്ങള്‍ എനിക്ക് ആയിരമാ തന്നത്  അല്ലെ.."
ഞാന്‍ മിണ്ടാന്‍ മടിച്ചു..
അപ്പോഴേ അറിയാം ധൂര്‍ത്ത് നല്ലതല്ല എന്ന് പല തവണ അദ്ദേഹം സൂചിപ്പിച്ചിരുന്നു..
ചെറിയ ഒരു കാര്യത്തിനു ആയിരവും മറ്റും..എങ്ങനെ അദ്ധേഹത്തെ തണുപ്പിക്കും ..
എന്നൊക്കെ ചിന്തകള്‍ പരല്‍ മീന്‍ പോലെ തലച്ചോറില്‍ ഓടി കളിച്ചു...

"ഹലോ..എന്റെ റേറ്റ്  അയ്യായിരമാ..ഇത് ഡ്രൈവര്‍ കാശ് പോലും ഇല്ലായിരുന്നു..
അല്ലെ തന്നെ സ്ക്വയര്‍ ഫീറ്റിനാ  കണക്കു..കണ്സല്ട്ടന്സിയ്ക്ക് മിനിമം അയ്യായിരം.."
നിങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ അന്നേരം ചോദിച്ചോളൂ "

എനിക്ക് കണ്ണ് കാണാന്‍ വയ്യാതായി..
കാലു മുതല്‍ ഒരു വിറ..
മൂടിയ കിണറില്‍ കിടക്കുന്ന പോലെ ശ്വാസം കിട്ടാന്‍ വിമ്മിട്ടം..
എന്റെ ദൈവേ ഇതും ഞാന്‍ ശമ്പളത്തില്‍ നിന്നും കൊടുത്തു കഴിയുമ്പോള്‍ കൊച്ചിന്റെ സെമസ്ടര്‍ ഫീസ് എങ്ങനെ കൊടുക്കും...
ഉള്ളില്‍ ആരോ വാസ്തു പുരുഷന്റെ രൂപത്തില്‍ ശാസിച്ചു..
"കുഞ്ഞേ ഞാന്‍ പണ്ടേ ഇവിടൊക്കെ ഉണ്ട്..എനിക്ക് ശ്വസിക്കാനും വസിക്കാനും ഈ ഭൂമി മുഴുവനും ഉണ്ട്..
വാസ്തു വിദ്യക്കാരും ഒട്ടും കുറവല്ലാതെ ഇപ്പോള്‍ ഉണ്ട്  അവര്‍ക്കും യഥേഷ്ടം കളിക്കാന്‍ ഭൂമീം അതിനു തക്ക മേച്ചില്‍  പുറങ്ങളും       ഉണ്ട് "......
നിന്റെ കാര്യത്തിലാ എനിക്കിപ്പം സംകടം..നിന്റെ കടത്തെ ഓര്‍ത്ത്  ..
സാരമില്ല ഇതിലും വലുത് വല്ലോം വരാന്‍ ഇരുന്നതാ..ശമ്പളം കിട്ടുമ്പോള്‍ അക്കൌണ്ടില്‍ ഇട്ടേക്കാം എന്ന് ആ വാസ്തു വിദ്യക്കാരനോട് പറഞ്ഞേക്കുക..എന്നെ ബ്രാന്‍ഡ്‌ അമ്പാസടര്‍   ആക്കി പോയില്ലേ   അവര്‍ "

ശമ്പളം കിട്ടുമ്പോള്‍ അക്കൌണ്ടില്‍ ഇടാം എന്ന് പറഞ്ഞപ്പോഴേ സാര്‍ അക്കൌണ്ട് നമ്പര്‍ പറഞ്ഞു തന്നു. ഫോണും കട്ടാക്കി.
വിശ്വാസം അതല്ലേ എല്ലാം...!!

"അടുത്തതിന്റെ അടുത്ത മാസം ശമ്പളം കിട്ടുമ്പോള്‍ രവീടെ പൈസ കൊടുക്കാം എന്ന് പറയണം..കൊച്ചിന്റെ ഫീസ് കൊടുത്തെ തീരു.."  ഞാന്‍ ദയനീയമായി ഭാര്യയെ നോക്കി പറയുമ്പോള്‍ ...
അവളുടെ കണ്ണില്‍,  പ്രശസ്ത ആകാന്‍  വെമ്പുന്ന   ഒരു  ജ്യോതിഷിയുടെ  രൂപത്തിനും ഉപരി
നിസ്സഹായതയുടെ  ആര്‍ദ്രമായ        നനവ്‌ കണ്ടു....


"എന്നാലും ആ കൂട്ടത്തില്‍ കൂടി എന്റെ അയ്യായിരം മനസറിയാതെ പോയി..ഒരുത്തനേം കാണുന്നുമില്ല.."

എന്റെ രോഷം ഞാന്‍ ഉറക്കെ പറഞ്ഞു...

"അവനവന്റെ പൊന്നു പിച്ചള ആയതിനു തട്ടാനെ എന്തിനു പഴിയ്ക്കണം.."

ഭാര്യ ഒരു മുന്‍ഷിയായി!!!


2011, ജൂൺ 22, ബുധനാഴ്‌ച

ചില ഗെയിമുകള്‍ മാറ്റി കളിക്കാം!

 ഇന്ത്യയെ കണ്ടെത്തല്‍ ഒരു ഗെയിം...

ഒരുപാട് ഗെയിമുകളില്‍ പോയി കളിച്ചു കുളിച്ചു പക്ഷെ ഗപ്പൊക്കെ കുറച്ചേ കിട്ടിയുള്ളൂ.
അങ്ങനെ കുട്ടീം കോലും കളിയില്‍ എത്തി   നെല്ലി പലകയില്‍ നില്‍ക്ക വാറെ,
അതിനകത്തും  മായം തിരിപ്പ് .."കോഴ "...സുന്ദരമായ പദം!
ശരി അതൊക്കെ പിള്ളാര്‌ കളി എന്നും പറഞ്ഞു ഒരു മലയാളി കളിക്കാരന്റെ വേഗത്തില്‍ ചില വൈകൃത ചേഷ്ടകള്‍ കാട്ടാം..പൂര്‍വ്വികരെ പോലെ  പല്ല് ഇളിയ്ക്കാം..പക്ഷെ..

കളി അവിടം കൊണ്ടും തീരുന്നില്ല കളിയുടെ കളിയായി ഇയ്യിടെ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ഒരു ഗെയിം മാറ്റി കളി നടന്നപ്പോള്‍ മുതല്‍ കുളി തെറ്റി ആകെ , മാനം പോയ പോലെ ഒരു തോന്നല്‍..
വന്നത് എത്ര ? പോയത് എത്ര? ആരൊക്കെ കേറി? ആരൊക്കെ ഇറങ്ങി?

കുചേലന്മാരെ കോണകം പോലും ഉരിഞ്ഞു നാട് കടത്തി, അതന്നെ മിച്ചം.
അര്‍ദ്ധ നഗ്നനായ ഒരു  ഫക്കീര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നോ ആവോ?
എന്തായാലും വട്ട  കണ്ണാടി വഴീല്‍ കെടന്നത് ആരോ അടിച്ചു മാറ്റി (മലയാളി ആകാം)
പാവം ഇപ്പോള്‍ സത്യം അന്വേഷിച്ചു  ഇരുട്ടില്‍ തപ്പുകയാകാം,
അതോ ഉടു മുണ്ട് സ്പെക്ട്രത്തില്‍ കുരുങ്ങി നാണം കുണുങ്ങി നില്‍ക്കുന്നോ?
 സര്‍വ്വോദയ തൊപ്പി വച്ച അപരനെ കണ്ടു നടു വെട്ടി കിടന്നു പോയോ?
ആമാശയം അടി നാഭി കഴിഞ്ഞു കിഡ്നി  വരെ വളച്ചു നില്‍ക്കുന്ന അഭിനവ ഫകീര്‍മാരെ   ഓര്‍ത്ത് ഒരു വെടി ഉണ്ടയുടെ ശബ്ദത്തിനു കൂടി കാതോര്‍ക്കുന്നോ ?
ചര്‍ക്ക തിരിയുന്ന ശബ്ദം  'ജെനറല്‍ എ സിയുടെ"    മര്‍മരം ആയി കുളിരുമ്പോള്‍  ഒരിഞ്ചു മേല്‍ മുണ്ടിനു വേണ്ടി കൈ നീട്ടി നില്‍ക്കുന്നോ?
എന്റെ സത്യ ഗ്രഹ പരീക്ഷകള്‍ ...

ഉന്നതന്‍ ,  നീതി പീഠത്തില്‍  കണ്ണ് കെട്ടിയ പെണ്ണിനെ  അടി ശീല ഉരിഞ്ഞു വേണ്ടാ തീനം കാണിക്കുന്നതില്‍ ഈ പഴയ ബാരിസ്ടര്‍ ഇല്ലാ മുടി പറിച്ചു  പ്രാകുന്നോ?  
ഒന്നും അറിയാനേ കഴിയാത്ത വണ്ണം ഒച്ചകള്‍ പെരുകുന്നു.  ..         ഹേ  റാം...

ഒരു  ഇനിയ്ക്കും "   മൊഴി  കേള്‍ക്കാനോ ഒരു  കനി    കണി കാണാനോ കഴിയാതെ ഉരുള്‍ കസേരകളില്‍ എത്ര അച്ഛന്മാര്‍  കണ്ണ് പോലും കാണാതെ "കൊല  പണ്‍റാം കളാ' എന്ന് കേഴുന്നോ?  പൂര്‍വ്വ ജന്മം പുന പുന..

"നിനച്ചാല്‍ ലാദനെയും പുടിക്കിരേന്‍  ..ബട്ട്   ഉയിര് പോനാലും നിനക്കാത്.."
"ആനാല്‍ ആദര്‍ശ് ഫ്ലാറ്റ് മട്ടും അടിച്ചു  മാറ്റിടുവേന്‍" 
 ഇത്  ഗെയിമിന്റെ ഫ്രീ വേര്‍ഷന്‍!  കളികള്‍ അനവധി ....
ഇനിയത്തെത്തിനു വേണം  കോഴ  അല്ലെങ്കില്‍ കോഴി...

ആയതിനു കൊപ്പില്ല  ,
അത് കൊണ്ട് പരശു രാമന്‍ വടി വാള്‍ എറിയുന്ന  സ്വന്തം നാട്ടിലേയ്ക്ക്
അമ്മയ്ക്കും പെങ്ങള്‍ക്കും "വാടകയ്ക്ക് " എന്ന ബോര്‍ഡു വയ്ക്കുന്ന ..വാണിഭ  മേട്ടിലെയ്ക്ക് ..

ഇവിടെ ഗെയിം പൂട്ടി   കുറെ     കളിക്കാര്‍  പോയിരിക്കുന്നു..പൊട്ടാത്ത നനഞ്ഞ പടക്കങ്ങള്‍ ബാക്കി..
അടുത്ത ഊഴക്കാര്‍ വാം അപ്പ് ചെയ്യുന്നു..പുറമേ    ആകെ മൊത്തം വെള്ള നിറം..
വട്ട കണ്ണട പൊട്ടി പാളീസായി  ദാ കെടക്കുന്നു..       ഹോ റാം.

എന്നാലും ചില ഗെയിമുകള്‍ കോമണ്‍..(കേട്ട കഥ!)

ഒന്ന് സ്വാശ്രയ ഭൂതത്തെ കുടത്തില്‍ അടയ്ക്കുക..

ആരോ ആര്‍ക്കോ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരമായി ഈ കുടം എന്നോ തുറന്നു..
കേരളം ആയതു കൊണ്ടും അവസരം പോലെ ഉയരണ്ടത് കൊണ്ടും
("അങ്ങേലെ മുപ്പീന്നു ചത്തോടി.."   അതാണല്ലോ  കേരളത്തിന്റെ  ദേശീയ ഗാനം)
തുറവി കിട്ടിയ പാടെ   കള്ള്, പെണ്ണ് , ഇറച്ചി , പിന്നെ അസാരം വേദം ഒക്കെ വില്‍ക്കുന്നവന്റെ പുറം തിണ്ണ പൂകി
ഭൂതം..
ക്രാക്ക് ജാകിനു പകരം "ഫിഫ്ടി ഫിഫ്ടി " ബിസ്കറ്റും കയ്യില്‍..
നേരോ നെറിയോ ഇല്ലാത്തവര്‍ സംഘം ചേര്‍ന്ന് ഒരു വരം ചോദിച്ചു
"വിദ്യാ വിലാസിനിയെ ഒന്ന് വ്യഭിചരിക്കാന്‍ പറ്റുമോ, കുറെ കാലമായി കൊതിക്കുന്നു ?"
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഭൂതത്തിന് എന്ത് വിലാസിനി..എന്ത് വിദ്യ
അതിലുപരി   മാനം വിറ്റും നാണം മറയ്ക്കുന്ന ചോദ്യ കര്താക്കള്‍ക്ക്  വിലാസിനിയും വിശാലക്ഷിയും തമ്മില്‍ ഭേദം എന്ത്.. ...ഒന്നേ വിദ്യ അറിയും ...
ധനം സര്‍വ്വ ധനാല്‍ പ്രധാനം..

നിര്‍ബാധം നടത്തി കൊടുത്തു ഭൂതത്താന്‍ ആഗ്രഹം.
പക്ഷെ കണ്ണകിയുടെ ശാപം പോലെ പുരം കത്തുന്നതിന്‍ മുന്പ്  ഏറുമോ  ഈ ഭൂതം കുടത്തില്‍?
അതിനും മടുത്തു തുടങ്ങിയിരിക്കുന്നു ..
ഇടയന്മാരുടെ ചന്തി, അല്ലെങ്കില്‍ മരുന്ന്  പരസ്പരം  മാറി കുത്തി വച്ച് കൊല്ലുമോ സ്വന്തം കച്ചവടത്തിന്റെ സന്തതി പരമ്പരകള്‍?  അവിഹിത ഗര്ഭങ്ങളുടെ ബാക്കി പത്രങ്ങള്‍..
കല്ലിന്മേല്‍ കല്ല്‌  ശേഷിയ്ക്കുമോ ?

ഇനി തട്ടിപ്പുകള്‍ ഉണ്ടാക്കി കളിക്കാം..

വെള്ളായണി പരമുവും , പക്കിയും,ഒക്കെ വാണ നാട്ടില്‍
ഒരു രൂപയ്ക്ക് കാറും അതിന്റെ കൂടെ അലക്ക് യന്ത്രവും  ശീതീകരണിയും വാങ്ങി
ഇല്ലാ കടം പൊല്ലാ കടമാകുന്ന മലയാളി ..കൈ കൊണ്ട് മേയ് ചൊറിയാതെ
മണി ചെയിനില്‍ കൂടി സ്വര്‍ഗത്തില്‍ എത്താന്‍ നോക്കുമ്പോള്‍ ..കയറില്‍ കുരുക്ക് വീണു മാം കൊമ്പില്‍ ആടി കളിക്കുന്നു..ചാനലില്‍ മുഖം   കാണിയ്ക്കുന്നു..
ഇനിയത്തെ അക്ഷയ ത്രിതീയക്ക്‌  ഇല്ലല്ലോ എന്നൊരു പ്രയാസം മുഖത്ത് ഇല്ലാതില്ല..

ഇനി കള്ളനും പോലീസും തമ്മില്‍ തിരിച്ചറിയുന്ന കളി..

അടയാളങ്ങള്‍ ഒന്നുമില്ല
അത് കൊണ്ട് ക്ലൂവും .. കിട്ടുന്നില്ല.
ഈ കളി കടല്‍ കര ആയ കാലം തൊട്ടേ ഉണ്ട് പോലും
ഇപ്പോള്‍ അത് ഹൈ ടെക് ആയിരിക്കുന്നു.. രണ്ടു പേര്‍ക്കും ഒരേ മുഖ ആകൃതി..വിദ്യാഭ്യാസവും ഉയരെ..
കള്ളനു മോഷണം മടുക്കും എന്നൊരു വര്‍ഗ ഗുണം ഏറും..അത്ര മാത്രം.

ഇനിയാണ് ഒടുക്കത്തെ ഗയിം ..

മനുഷ്യര്‍ ഈ ഗെയിമില്‍ കുറവ്..
പകരം  ടിപ്പര്‍ ,ജെ സി ബി, എസ്കവേറ്റര്‍ , മണ്ണ് മാന്തി , മെഷിന്‍ വാള്‍ , എന്ടോ സള്‍ഫാന്‍ , മറ്റു വിഷങ്ങള്‍  നിര്‍ബന്ധ സിസേറിയന്‍ ഗൈഡുകള്‍ ....ആള്‍ ദൈവ രൂപങ്ങള്‍..എസ് പിച്ചാത്തി ..വടി വാള്‍ ,തോക്കുകള്‍,ബോംബുകള്‍ , പീഡന ഗ്രന്ഥങ്ങള്‍..
വഴി ഓരത്തെ പ്ലാസ്റിക് കവറുകളില്‍ നാറി പുഴുത്ത മാലിന്ന്യങ്ങള്‍ക്ക് ഒപ്പം മനസാക്ഷിയും പുണ്ണ്യ പുരാണ പുസ്തകങ്ങളും..


ഇതൊക്കെ പൊതിഞ്ഞ കടലാസില്‍ പണ്ടെങ്ങോ ഉരുള്‍ പൊട്ടി മല അലറി പതിയ്ക്കുന്നതിന്റെ കീഴെ ചിന്ന ഭിന്നമായി കിടക്കുന്ന ഒരു നര രൂപ  ചിത്രം  ബഹു വര്‍ണത്തില്‍..

ഫല ശ്രുതി.
ഇയ്യിടെ എവിടെയോ വച്ച് വായിച്ച   "ന്യുസ് വീക്ക് " വാരികയില്‍ എഴുതിയിരിക്കുന്നു..

"രണ്ടക്ക വളര്‍ച്ചയോ  ലോക മേധാവിത്വമോ ഒന്നും ഇന്ത്യക്ക് വിധി കല്പിതമല്ല..അതെല്ലാം പൊയ്.
അടിച്ചു മാറ്റാന്‍, ഊഹ കച്ചോട ചന്തയില്‍ ഉന്നത ശ്രെഷ്ടന്മാര്‍ പാവങ്ങളെ മക്കാര്‍ ആക്കാന്‍
കരുതി കൂട്ടി ഇളക്കുന്ന വീമ്പുകള്‍ . ശശി എന്നും ശശി തന്നെ" 
അല്ലെ തന്നെ  കാശ്മീര്‍, മാവോയിസ്റ്റ് പോലെയുള്ള ആഭ്യന്തര പ്രശ്നങ്ങളും പരിസര മലിനീകരണവും
നേരെ ചൊവ്വേ ഒരു രാജ്യത്തെ വളരാന്‍ അനുവദിക്കുമോ? ഇട നില കാരന്റെ അല്ലെങ്കില്‍ ബ്രോക്കറുടെ പോക്കറ്റ് വീര്‍ക്കും അത്ര തന്നെ."  "
ഏതോ സാമ്പത്തിക വിദഗ്ധന്‍ പണ്ട് പറഞ്ഞു പോലും ഇതൊരു "നിരന്തരം പ്രവര്‍ത്തിയ്ക്കുന്ന അരാജകത്വം ആണെന്ന്."

ഈ കളി, "ഒരു ജന്മി കൊമ്ബ്രഡോര്‍  ബൂര്‍ഷ്വാ പൈങ്കിളി വാരിക മന പൂര്‍വ്വം കരി തേച്ചു കാണിക്കാന്‍ എഴുതിയത് "     എന്ന് വേണമെങ്കില്‍ മാറ്റി കളിയ്ക്കാം!

2011, ജൂൺ 3, വെള്ളിയാഴ്‌ച

അച്ചന്റെ ആട് (മീശ ) ജീവിതം

തൂവെള്ള ളോഹ നിര്മയുടെ പരസ്യം പോലും തോല്‍ക്കും.അതിനുള്ളില്‍ ഒരു രഹസ്യോം ഒട്ടില്ല താനും ....ഒന്ന് രണ്ടു കള്ള പോക്കറ്റുകള്‍ അല്ലാതെ..
കറുത്ത ഒരു പാന്റും മുറി കയ്യന്‍ ബനിയനും..പുറകില്‍ തോളിലായി പാറി കളിയ്ക്കുന്ന വെള്ള കൊടി കൂറയും  ..കാലിലെ വള്ളി ചെരുപ്പ് അച്ചന്‍ ഒരു വശം ചരിഞ്ഞു നടക്കുമ്പോള്‍ നമ്മെ ശൂ " ശൂ " എന്ന് വിളിക്കുന്ന പോലെ തോന്നും..!

വെള്ളി വീശിയ തലയില്‍ അങ്ങിങ്ങായി മുടി പാറി പറക്കുന്നു..
നീണ്ട മൂക്കിനു താഴെ മൂന്നാം വാരം ഓടി തളര്‍ന്ന പടത്തിന്റെ സെക്കന്റ് ഷോയ്ക്ക് ആളിരിക്കും പോലെ..അങ്ങിങ്ങായി വെള്ള വരകള്‍ ..
നേര്‍ത്ത വെള്ള ചാട്ടം ഇരു കൈകളായി താഴേയ്ക്ക് മെലിഞ്ഞു ഒഴുകി ഇറങ്ങുംപോലെ താടി എന്ന് പറയാവുന്ന രണ്ടു മൂന്നു വെളുത്ത ചരടുകള്‍..

പതിഞ്ഞ ശബ്ദത്തില്‍ അച്ചന്റെ പ്രാര്‍ത്ഥന ക്രമങ്ങള്‍ പക്ഷെ ആരുടേയും കരള്‍ അലിയിക്കും.
മൈക്രോ ഫോണിന്റെ കഴുത്തില്‍ കുത്തി പിടിച്ചു  മേല്‍ മീശ നശിപ്പിച്ച (മെഴുകിയ മുറം പോലെ)വായ കീറി പല്ലും സ്റെപ്പിനി പല്ലും കാട്ടി ആരോഹണത്തില്‍ നിന്നും ഉച്ചത്തില്‍ കയറി ഇറങ്ങി   മുന്‍സിപാലിറ്റി ടാപ്പ്‌ തുറക്കുമ്പോള്‍ ഉള്ള "ഷ് " ശബ്ദത്തോടെ  അവസാനം ഒപ്പിക്കുന്ന ദൈവ വേലക്കാരുടെ  പ്രഘോഷണം എവിടെ ? അച്ചന്റെ സാന്ദ്രമായ പ്രഭാഷണങ്ങള്‍ എവിടെ.. ?

ഇനി ഏലി ചേടത്തി.
അച്ചനെ പോലെ വെള്ളി കെട്ടിയ തല പക്ഷെ മുടി അഴകായി കോതി കെട്ടി അറ്റത്ത്‌ ഒരു റിബ്ബണും.
വെള്ള ആറു മുഴം മുണ്ട് ജാപ്പനീസ് വിശറി പോലെ നിര നിരയായി പുറകോട്ടു ഞൊറിഞ്ഞു ഇട്ടിരിക്കുന്നത് കണ്ടാല്‍ കണ്ണ് കുളിരും..
വടി പോലെ തേച്ച മല്‍ മല്‍ ചട്ട അതിനു മുകളില്‍ ചുവന്ന റോസാ പൂ തുന്നി ചേര്‍ത്ത നേര്യതും , നേര്യതില്‍ കുത്തിയ കുരിശിന്റെ സ്വര്‍ണ പതക്കവും  ...
ചേടത്തിയുടെ സ്വര്‍ണ വര്‍ണമാര്‍ന്ന മുഖവും  മെലിഞ്ഞു കൊലുന്നനെയുള്ള രൂപവും  കന്യ മറിയത്തെ പോലെ...ശീലങ്ങളും അങ്ങനെ തന്നെ.

ഒറ്റ കുര്‍ബാനയും വിടില്ല. ആദ്യം തന്നെ അച്ചന്റെ അടുത്ത് എത്തുകയും ചെയ്യും...
പള്ളി കാര്യങ്ങളില്‍ , വനിതാ കൂട്ടായ്മകളില്‍ എല്ലാം നിശബ്ദ സാന്നിധ്യം.
ചേടത്തീടെ താറാവ് കറീം അപ്പോം അച്ചന് മാത്രം എത്തിച്ചു കൊടുക്കും ..അതൊരു നിഷ്ടയാ 
അതിന്റെ രുചിയില്‍ അച്ചന്‍ കുര്‍ബാന ചൊല്ലുകള്‍ പൂര്‍വാധികം ശക്തമാക്കും ..
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം.!!

ചേടത്തി ആട് വളര്‍ത്തലില്‍ ആഗ്ര ഗണ്യ ..എണ്ണം പറഞ്ഞ ആടുകള്‍ പല തരം 
ആദ്യ ഫലം പള്ളിയില്‍ കൊടുക്കുമ്പോള്‍ ചേടത്തീടെ മുട്ടന്‍ കുട്ടിയോ കന്നി പ്രസവത്തിലെ ആട്ടിന്‍ പാലോ ഷുവര്‍ ബെറ്റ്.

പീഡാനുഭ നാളുകളിലെ ഒരു  കുര്‍ബാന നാള്‍ പള്ളി നിറഞ്ഞും മുറ്റം നിറഞ്ഞും കുര്‍ബാന കൈകൊള്ളാന്‍ വിശ്വാസികളുടെ തെരക്ക്..
ചേടത്തി മുന്‍ നിരയില്‍ എന്നത്തെയും പോലെ കുമ്പിട്ടു പ്രാര്‍ത്ഥന..
അച്ചന്‍ അര്‍പിക്കുന്ന കുര്‍ബാന കൈ കൊണ്ട് അര്‍ത്ഥ നിമീലിതയായി നേര്യതു തല വഴി മൂടി..
അപ്പവും വീഞ്ഞും അച്ചന്‍ വാഴ്ത്തി കൊടുക്കുമ്പോള്‍ ..മുന്‍പെങ്ങുമില്ലാത്ത പോലെ ചേടത്തി അച്ചനെ നോക്കി പൊട്ടി കരഞ്ഞു പോയി..
നിശബ്ദമായിരുന്നു  പള്ളി ...
വയലാര്‍ എഴുതിയ പോലെ ആ നിശബ്ദതയും അപ്പോള്‍ നിശബ്ദമായി 
അച്ചന്‍ ആകെ കുഴഞ്ഞു..പ്രാര്‍ത്ഥന ഒന്നും തെറ്റിയില്ല..ഏലി യോട് ഒന്നും പറഞ്ഞുമില്ല...പിന്നെ ?
"ഇതിപ്പം പടിക്കല്‍ കൊണ്ട് വന്നു ഏലി കുടം ഉടച്ചോ കര്‍ത്താവേ..' അതോ 
"ഈ പീഡാനുഭവ നാളുകളില്‍ എന്റെ പ്രാര്‍ത്ഥന ഏലിയ്ക്ക് ഇത്രയ്ക്കും ഫീല്‍ ചെയ്തോ"
"ഈസ്ടരിനു ഏലി തരുന്ന താറാവ് കറീം അപ്പോം കൈപ്പു നീരകുമോ പിതാവേ.."

രണ്ടും കല്‍പ്പിച്ചു അച്ചന്‍ ഏലീ ചേടത്തീടെ മുഖം ഉയര്‍ത്തി ചോദിച്ചു
"എന്ത് പറ്റി ഏലീ ...ഇത് വരെ ഇല്ലാത്ത ഒരു വിഷമം കുര്‍ബാന കൊള്ളുമ്പോള്‍.."?
ഏലി ചേടത്തി അച്ചന്റെ മുഖത്തേയ്ക്കു നോക്കി പിന്നെയും വിതുമ്മി..

അച്ചനും എല്ലാവരും കുഴങ്ങി..ആകെ പിറ് പിറുപ്പായി ..
"കുര്‍ബാന മുടങ്ങുമോ ..കര്‍ത്താവേ ഇതെന്നാ പറ്റി ഈ ഏലി ചേടത്തിക്ക്" ..എല്ലാവരും കശ പിശ പറഞ്ഞു..

"ചേടത്തി എന്തെങ്കിലും ഒന്ന് പറ  ഇത് കുര്‍ബാന സമയമാ  "  പള്ളി കമ്മറ്റി എട പെട്ടു 
നിശബ്ദം. പള്ളി ചുമരിലെ നാഴിക മണിയുടെ 'ടിക്ക് ,ടിക്ക്" മുഴങ്ങി കേട്ടു..

ചേടത്തി നേര്യതു കൊണ്ട് കണ്ണ് തുടച്ചു..അച്ചന്റെ മുഖത്തേയ്ക്കു സങ്കടത്തോടെ നോക്കി..
എന്നിട്ട് മെല്ലെ വിതുമ്മിക്കൊണ്ടു പറഞ്ഞു..

"എന്റെ കുഞ്ഞുങ്ങളെ  എന്റെ പൊന്നായിരുന്ന തള്ളയാട്‌  "റോസമ്മ ഇന്നലെ വിഷം തീണ്ടി ചത്ത്‌ പോയി..ഓമന   മൂന്ന് കുഞ്ഞുങ്ങളെ എനിക്ക് തന്നേച്ചു പോയി.. എന്റെ കര്‍ത്താവ്‌ സഹിക്കാനുള്ള കഴിവ് തന്നു..എന്നാലും നമ്മുടെ അച്ചന്റെ താടി കാണുമ്പൊള്‍ എനിക്ക് പിന്നേം സഹിയ്ക്കാന്‍ വയ്യാ..എന്റെ റോസമ്മയ്ക്കും ഇത് പോലെ നീണ്ടു വെളുത്ത രണ്ടു മീശകള്‍ താടീന്നു താഴോട്ടു കിടപ്പുണ്ടായിരുന്നു....ഇത്ര നാളും അച്ചനെ കാണുമ്പോള്‍ ഒക്കെ അവള്‍ വീട്ടില്‍ ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്..ഇനി ഞാനെങ്ങനെ സഹിയ്ക്കും എന്റെ കര്‍ത്താവേ ..." ചേടത്തി പിന്നേം  അച്ചനെ നോക്കി  അല മുറ ഇട്ടു.
പള്ളിയും വിശ്വാസികളും പീഡാനുഭവം മറന്നു ചിരി ഒതുക്കി..
അച്ചന്‍ കപ്പിയാരെ നോക്കി  ഇടത്തേം  വലത്തേം   താടി  രോമങ്ങള്‍ കീഴോട്ടു  ഉഴിഞ്ഞു..
ഏലി ചേടത്തിയെ ഒളി കണ്ണാല്‍ നോക്കി..ആത്മഗതം .."അപ്പോള്‍ കണ്ണടച്ച് കുര്‍ബാന കൊള്ളും പോളും  ഇവര്‍ എന്റെ താടീം ആടിന്റെ താടീം കൂട്ടി കെട്ടുവാരുന്നല്ലോ കര്‍ത്താവേ.. കുരുട്ടു ബുദ്ധി.."
അടുത്ത കുര്‍ബാന ക്രമത്തിനായി അച്ഛന്‍ തിരിഞ്ഞു..പക്ഷെ ഒരു തീര്‍പ്പ് മനസ്സില്‍ ഉണ്ടാക്കി ഇനി മേലില്‍ ഈ താടി വച്ചോണ്ട് ഒരു ആരാധനയ്ക്കും ഇല്ല..വന്നത് വന്നു.

പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി..

കപ്യാര്‍ ധൂപ കുറ്റി ആഞ്ഞു വീശി..

2011, മേയ് 20, വെള്ളിയാഴ്‌ച

സൂര്യയുടെ സി. വി.

ഇത്  സൂര്യയുടെ  "കരിക്കലം ' വൈറ്റ് "
പേര്  സൂര്യ,  അച്ഛന്‍ കാതില്‍ വിളിച്ചതും അമ്മ വിളിക്കുന്നതും
പക്ഷെ മഴക്കാര്‍ മൂടിയ സൂര്യന്‍ എന്ന് എല്ലാവര്ക്കും അറിയാം.
സ്വന്തം ചിത്രം ഒട്ടിക്കാന്‍ ചതുര കോളങ്ങള്‍ തികയില്ല  തന്നെയുമല്ല പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് പടം ഇപ്പോള്‍ ആരും വയ്ക്കാറില്ല.
അതുകൊണ്ട് ചിത്രം എഴുതുന്നു.


വയസ് -
പതിനെട്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ പതിനെട്ടു കൊല്ലം മുന്പ് ജനനം
അഞ്ചടി രണ്ടിഞ്ചു കഷ്ടി.     വണ്ണം കൂട്ടാനുള്ള മരുന്ന് കഴിക്കണം എന്ന് അപ്പുറത്തെ അമ്മാമ്മ എപ്പോഴും പറയും.
നാളോ - മകം അല്ലെങ്കില്‍ മകം പിറന്ന മങ്ക.
പക്ഷെ നീചത്തില്‍ അംശിച്ചു എന്ന് കണിയാന്‍ പറഞ്ഞു.  ജാതകം എഴുതിയതിന്റെ കടം ഇന്നും ബാക്കി.

വിദ്യാഭ്യാസം -
പന്ത്രണ്ടില്‍ രണ്ടു തവണ കാര്‍ക്കോടകന്‍ ദംശിച്ചു..
ഒരു തവണ പരീക്ഷ ഹാളില്‍ ഉറങ്ങിപ്പോയി രണ്ടാം തവണ നേരത്തെ ഇറങ്ങി മറ്റൊരു അത്യാവശ്യം..
സയന്‍സും കണക്കും തിരിഞ്ഞില്ല..
സാമൂഹിക പാഠം ഹുമാനിറ്റീസ്  ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നത് കുഞ്ഞിലെ അറിഞ്ഞിരുന്നു. 
അച്ഛന്റെ മദ്യപാനവും അമ്മയുടെ തീരാ വ്യാധിയും ആ പാഠങ്ങള്‍ നന്നേ ഗ്രഹിപ്പിച്ചു.

മുന്‍ പരിചയം -
അലക്ക് കല്ലും ബക്കറ്റും വെള്ളവും സോപ്പ് പൊടിയും ബ്രഷും ചേരുമ്പോള്‍ തുണികള്‍ വെളുക്കുമെന്നും  വലിയ വീടുകളിലെ തറകള്‍ ലൈസോള്‍ ഒഴിചു തുടച്ചാല്‍ പുറമേ   മിനുങ്ങുമെന്നും 
കര്ട്ടന് പുറകില്‍ കാമ കണ്ണുകളുമായി ആരോ നില്‍പ്പുണ്ടെന്നും സെന്റും മൊബൈലും ഓഫര്‍ ഉണ്ടെന്നും
അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലെന്നും
അവരെപ്പറ്റി പരാതി പറഞ്ഞാല്‍ വീട്ടിലെ അമ്മാമ്മയോ  ചേച്ചിയോ "നിന്റെ കുഴപ്പമാ" എന്നുള്ള ചാപ്പ കുത്തി ഉള്ള തൊഴില്‍ ഇല്ലാതാകുമെന്നും  അവിടെ ലൈസോള്‍ പറ്റില്ലെന്നും ..
ചെകുത്താനും കടലിനുമിടയിലുള്ള ദൂരം നന്നേ ചെറുതെന്നും..

സ്വന്തമായി രണ്ടു വാക്ക്  -
 രണ്ടു മൂന്ന് വീട്ടിലെ അടിച്ചു തളി കഴിഞ്ഞു സ്വന്തം കൂരയില്‍ എത്തി ശയ്യാവലംപയായ  അമ്മയെ തുണച്ചു  നാലു പറ്റും വാരി കഴിച്ച്  മെഴുക്കു മണക്കുന്ന പായ നിവര്‍ത്തി അമ്മയുടെ കട്ടിലിന്റെ താഴെ വിരിച്ചു പിഞ്ഞിയ പുതപ്പു ചൂടി കിടക്കുമ്പോള്‍  അയല്‍പക്കത്തെ വീട്ടിലെ ക്ലോക്കില്‍ പതിനൊന്നെങ്കിലും അടിക്കും.
അച്ഛന്റെ കൂര്‍ക്കം താരാട്ടാകും..  സുഖ നിദ്ര.

അമ്പീഷന്‍ - 
ഒരിക്കലും    നിറമുള്ള സ്വപ്‌നങ്ങള്‍ ഉണ്ടെന്നു അറിയരുതേ .  ഒരു പൂവിനും മണം ഉണ്ടെന്നു തോന്നരുതേ .  ഒരു പാട്ടിന്റെയും  ഈണം എന്തെന്ന്   കേള്‍ക്കരുതെ ..വീശുന്ന കാറ്റില്‍ കുളിരരുതെ....മഴയില്‍കുതിരരുതെ..

ഇത് സൂര്യ
മഷി പടര്‍ന്ന കയ്യൊപ്പോടെ..

2011, മേയ് 8, ഞായറാഴ്‌ച

അക്ഷയ ചതുര്‍ഥിയ ...

ഒരിക്കലും ക്ഷയിക്കാത്ത ചതുര്‍ഥി 
ത്രിതീയയില്‍ തുടങ്ങി ഉത്തരത്തിലോ, കഴുക്കൊലിലോ , പുഴയിലോ, തീവണ്ടി പാളത്തിലോ  എന്ടോ സള്ഫാനിലോ , പിച്ചാത്തി പിടിയിലോ ...
അല്ലെങ്കില്‍ കുടുംബ കോടതിയിലോ അവസാനിക്കുന്നു!

കഴിഞ്ഞ ദിവസം ഒരു ചാനലില്‍ കണ്ട വാര്‍ത്ത‍ 
(ആഘോഷങ്ങള്‍ക്ക് മങ്ങല്‍ എല്ക്കുന്നത് കൊണ്ടാകാം മറ്റു ചാനലില്‍ ഒന്നും കേറി വന്നു കണ്ടില്ല   ആഘോഷങ്ങള്‍ ഇല്ലാതെ എന്ത് ചാനല്‍ പരസ്യങ്ങള്‍ ..)
"കേരളത്തില്‍ അമ്പേ വിവാഹ മോചന പരാതികളും പരിഹാരങ്ങളും വിഷ പനിപോലെ വ്യാപിയ്ക്കുന്നു.."
കോടതികളിലെ വരാന്തകളില്‍ ഒഴിയാതെ ആള്‍പെരുമാറ്റം..ഉഷ്ണ മേഖലകള്‍ തീര്‍ക്കുന്നു..
ഒപ്പം  ത്രിതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പീടിക തിണ്ണകളില്‍ പോലും ജനം കുത്തി ഇരിക്കുന്നു...
ശീതീകരണി യന്ത്രത്തിന്റെ അടുത്ത് അല്‍പ നേരം...പുറം ഒന്ന് തണുക്കട്ടെ..  പിന്നെ ?

മലയാളീടെ  പൊങ്ങച്ചങ്ങള്‍ വെറും ചൈനാ പടക്കമായി തീരുന്ന കട തിണ്ണ കള്‍   സദ്യാലയങ്ങള്‍ ..വാഹന ചന്തകള്‍ .. വീടകങ്ങള്‍..

ലക്ഷങ്ങള്‍ കടം വാങ്ങി വിഡിയോ പിടിച്ചു പെട്ടിയില്‍ വയ്ക്കുന്ന  "ഷോവനിസം"  ഒരു പക്ഷെ ഒരു ഭാരതിയോ   വള്ളുവരോ ഒന്നും ഇല്ലാതെ പോയതിന്റെ പിതൃ ശൂന്യത ആകാം...
"ഓടി വിളയാട് പാപ്പാ.."എന്ന് പറഞ്ഞു ലാളിയ്ക്കാന്‍ മറന്നു പോയ മാതാ പിതാക്കളുടെ മക്കള്‍ കുശ പുല്ലു പറിച്ചു കുത്തി ചത്തില്ലെന്കിലെ  അത്ഭുതം സംഭവിയ്ക്കൂ...

അഞ്ഞുറ്റൊന്നു     പവന്റെ മേല്‍ ഒന്നും പറക്കില്ല ..  ഷെര്‍വാണി ഇടാതെ  ടര്‍ബന്‍ കെട്ടാതെ   എന്ത്  "കല്യാണം" ഏതായാലും സ്വര്‍ണവും രത്നങ്ങളും  പോച്ചംപള്ളി പട്ടും  രാജസ്ഥാനി ഉടയാടകളും എല്ലാം ഒരേ കട കീഴില്‍ നിന്നും കിട്ടി.
ശരിക്കും  വെളിയിലത്തെ പോലെയുള്ള അതി ഭയങ്കരന്‍ മാളുകള്‍ ..എത്ര പേരാ സ്വീകരിക്കാന്‍ ..
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലെ..
മുഖം മിനുക്കാന്‍ ഏറ്റവും നല്ല പെയിന്റ് ടെക് നീഷന്‍..പുട്ടി ഒക്കെ യഥേഷ്ടം ഇട്ടു..പൂപ്പലെ വിട  പായലിനും വിട..
ആനയും അമ്പാരിയും ആകാശ വിവാഹവും ..അശ കൊശലെ..അത് കഴിഞ്ഞോ..
എന്താ കഥാ ..നൂറ്റൊന്നു കൂട്ടം കൂട്ടി മൃഷ്ട്ടാന്നം. .  പായസം പതിനൊന്നു തരം..അവസാനം അമ്പലപ്പുഴ ഫെയിമും..
ആയിരം പേര്‍ക്ക്  മുട്ടാതെ ഉരുംമാതെ  ഇരിക്കാന്‍ കഴിയുന്ന  ഏ. സി   സദ്യാലയത്തില്‍ കയറി കൂടാനുള്ള തിരക്കില്‍ പരിക്ക് പറ്റിയാല്‍ ആശുപത്രിയില്‍ എത്തിയ്ക്കാനുള്ള  ആമ്പുലന്‍സ്   തയ്യാര്‍! 
കാരണം രണ്ടായിരം പേര്‍ക്കാ  പത്തു പേജുള്ള ക്ഷണക്കത്ത്  മുംബൈലെ ഡിസൈനര്‍ പ്രസില്‍ അടിച്ചു വിതരണം ചെയ്തത്.. 
സദ്യാലയ മുറ്റത്ത്‌    കെടക്കുന്നു  മെഴ്സിടസ്  ബെന്‍സ്  മിനിമം ഗാരന്റി.    നാല് പേര്‍ കാണട്ടെ...
വാസ്തു വിദ്യ പ്രകാരം പണിഞ്ഞ പതിനെട്ടു കെട്ടിന്റെ താക്കോല്‍ ചെറുക്കനെ ഏല്പിക്കുന്നത് മന്ത്രി പ്രമുഖര്‍..

ഇവന്റ് മാനെജ്മെന്റ്!!   യാത്രാ മംഗളങ്ങള്‍ . 
വന്നവനും തിന്നവനും മൂട്ടിലെ പൊടീം തട്ടി പാട്ടിനു പോയി...ചന്തി പാടു പോലും അവശേഷിപ്പിച്ചില്ല.!

കാറും താക്കോലും ചെക്കന്‍ കൈപ്പറ്റി പെണ്ണ് മുന്‍പില്‍ കയറി  അഞ്ഞൂറ് വണ്ടി അകമ്പടി ... അവരും പോയി.
ജുവലറി കാരന്‍, സദ്യക്കാരന്‍ , ഇവന്റ് മനെജ്മെന്റുകാരന്‍ , വിഡിയോ  ഓഡിയോ  എന്ന് വേണ്ടാ ..കാറും വീടും എല്ലാം കൂടി ഏകദേശം രണ്ടു കോടി..ആകമാനം ഒരു മങ്ങല്‍ ..ആ പിള്ളാര്‍ക്ക് വേണ്ടി അല്ലെ..
ഭാര്യയും   കൈ സഹായത്തിനു നിന്നവരും മുങ്ങി..തനിക്കു താനും പുരയ്ക്ക് തൂണും.

വൈകുന്നേരം  ചെക്കന്റെ വീട്ടിലേയ്ക്ക് നൂറു കാറും അതിന്റെ ആള്‍ക്കാരും ..പന്തലിലെ സൈക്കടലിക്ക്  ലൈറ്റുകളില്‍ മെഗാ ഷോ  തകര്‍ന്നാടുമ്പോള്‍ ..മകള്‍ മെല്ലെ  അച്ഛന്റെ അരികില്‍ വന്നു ..തോളില്‍ ചാഞ്ഞു..
വിതുമ്മി കൊണ്ട് പറഞ്ഞു..
"അച്ഛാ ..എനിക്ക് ഈ കല്യാണം വേണ്ട..ഇവിടെ പണം പൊന്ന്  എന്നൊക്കെ പറഞ്ഞെ കേള്‍ക്കാനുള്ളൂ..എന്നെ ആരും ഇത് വരെ മയിന്റ്റ്  പോലും ചെയ്തില്ല..തന്നെയുമല്ല ചെക്കന്‍ ഇപ്പോഴും ഒരുക്കമാ എന്നിട്ട് കുറെ പെണ്ണുങ്ങളുമായി മുട്ടീം ഉരുംമീം ..ഐ റ്റി  ഹബ്ബിലെ  ആള്‍ക്കരാത്രേ..അങ്ങനെ പറഞ്ഞാല്‍ എനിക്കും ഇല്ലേ ജോലി..ഇത് വെറും ഷോ ..."

അച്ഛന്‍ ആകെ വിയര്‍ത്തു..അമ്മയെ വിളിച്ചു. "ഡേയ് , ഇതൊന്നു കേള്‍ക്കൂ.."
"എല്ലാം ഞാന്‍ കേട്ടു   ഇവള്‍ക്ക് അഹംകാരമാ  സ്വന്തമായി ജോലി ഉണ്ടെങ്കിലും ഇത് പോലെ വെളുത്ത ഒരു സുന്ദരനെ കിട്ടുമോ...അതും അമേരിക്കയില്‍ ..  
എത്ര രൂപ മുടക്കി എന്റെ ദൈവമേ..ഒരു മാസം എങ്കിലും ഒന്ന് പിടിച്ചു നിന്ന് കൂടെ? ഇനി വേണ്ടാന്നു വച്ചാലും ഇതെല്ലം തിരിച്ചു കിട്ടുമോ.."

"അമ്മെ ഇത്തിരി സ്നേഹം കിട്ടുമെങ്കില്‍ .." മകള്‍
' ഓ  പിന്നെ സ്നേഹം കൊണ്ട് ബാങ്കില്‍ ഇട്ടാല്‍ കുറെ എടുത്തു പുഴുങ്ങി തിന്നാം.." അമ്മ പിന്നെ നിന്നില്ല..
പോയി സ്കോട കാറില്‍ കയറി.

ഇത് നടന്നതും നടക്കുന്നതും നടക്കാന്‍ പോകുന്നതുമായ ഒരു നിത്യ സംഭവത്തിന്റെ വിദൂര ചിത്രം മാത്രം.

ആ  വിവാഹത്തില്‍ പങ്കെടുത്തവര്‍ എത്ര പേര്‍ അറിയുന്നു അതിന്റെ ബാക്കി പത്രം..?
അറിഞ്ഞവര്‍ തന്നെ എത്ര പേര്‍ അതിനു പരിഹാരം തേടുന്നു..അടുത്ത ബന്ധുക്കള്‍ പോലും..
സ്വര്‍ണവും  ദാവണിയും കാറും സദ്യയും ഒക്കെ തന്നവരോ  തിന്നവരോ  ഈ പിന്നാമ്പുറങ്ങളില്‍ വന്നു നോക്കാന്‍ മെനക്കെടാറില്ല.. അവരുടെ കര്‍മം വേറെ..

അക്ഷയ ത്രിതീയയില്‍  പൊട്ടിയ   മാങ്ങല്യങ്ങള്‍  വിളക്കി ചേര്‍ക്കാന്‍ ഏതെങ്കിലും ജുവലരിക്കാരന്‍ മുന്‍കൈ എടുക്കുമോ.. ?
അല്ലെങ്കില്‍ കടം വാങ്ങി,  കോടികളുടെ സ്വര്‍ണവും  തുണി കൂറകളും    വാങ്ങി വിവാഹം ധൂര്‍ത്ത് ആക്കരുത്  എന്ന് ഏതെങ്കിലും മാളുകാരന്‍ ബോര്‍ഡ് വയ്ക്കുമോ? (സിഗരട്ട് വലി , മദ്യപാനമൊക്കെ  ആരോഗ്യത്തിനു ഹാനി കരം എന്ന് എഴുതി വയ്ക്കുംപോലെ.)
രണ്ടായിരം പേര്‍ക്ക് കുറി അടിക്കില്ല എന്നും സദ്യ ഒരുക്കി തരില്ല എന്നും ആരെങ്കിലും പറയുമോ..?

ഈ പിതാവിന്റെ ,മാതാവിന്റെ, മകളുടെ , ചെക്കന്റെ ഒക്കെ അവസ്ഥയില്‍ കോടതി മുറികള്‍ ചിരിക്കുന്നോ അതോ കരയുന്നോ..ഒരു പക്ഷെ ഈ പ്രകടന പരതയും ധൂര്‍ത്തും ഇതിനൊക്കെ ഒരു കാരണം അല്ലേ?

എന്തായാലും വിവാഹ ധൂര്‍ത്തിന്  കടിഞ്ഞാണിടാന്‍ എന്ടോ സള്‍ഫാന്‍  കൊല കൊല്ലിയ്ക്കെതിരെ എന്ന പോലുള്ള ജന മുന്നേറ്റം  ഉണ്ടായേ തീരു..
അല്ലെങ്കില്‍ ഇത്തരം ഷോകളില്‍ ക്ഷണിച്ചാലും പങ്കെടുക്കില്ല എന്നൊരു തീരുമാനം എങ്കിലും..
പോയി  മൂക്ക് മുട്ടെ തിന്നിട്ട്  ഈ കദനങ്ങള്‍ കണ്ടില്ല എന്ന് നടിക്കുക എങ്കിലും ചെയ്യാതിരിക്കാമല്ലോ..


ഇനി ഉപ സംഹാരം  ചില  നേര്‍ കാഴ്ചകള്‍.

മകള്‍ക്ക്  സ്വര്‍ണം   സ്ത്രീധനം ഇവ   കൂടാതെ ഒരു ബെന്‍സ് കാറും വാങ്ങി..കല്യാണ തലേന്ന് ചെക്കന്‍ മുങ്ങി..(ഒരു പക്ഷെ അന്തസ് എന്നും പറയാം.) 
ബെന്‍സും തലയില്‍ താങ്ങി പാവം പെണ്ണിന്റെ അപ്പന്‍ ഒരു മാസം നടന്നു കിട്ടിയ വിലയ്ക്ക് വിറ്റു കടം വീട്ടി.

മകളുടെ ഓരോ പിറന്നാളിനും രണ്ടു പവന്‍ വീതം വാങ്ങുന്ന അച്ഛനും അമ്മയും അത് കാണിച്ചു മകളോട് പറയുന്നു "ഇതൊന്നും കളഞ്ഞു ആരുടേയും കൂടി ഇറങ്ങി പോയേക്കരുത്‌.."  മിന്നുന്നതെല്ലാം പൊന്നല്ല.!!!!

2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

മോഹം കൊണ്ട് ഞാന്‍..

എണ്പതുകളിലെ  ഒരു കഷ്ടാനുഭവ ആഴ്ച  ആണെന്ന് തോന്നുന്നു..(രണ്ടായിരം കഴിയുമ്പോഴും  എന്റെ ആഴ്ചകളുടെ അനുഭവം അത് തന്നെ)   
ചുമ്മാ ഇരുന്നു മടുത്തപ്പോള്‍ കൊച്ചി ഐലന്റില്‍ പണിയെടുക്കുന്ന ഒരു സുഹ്രത്തിനെ കാണാന്‍ പോയി. 
കാലത്ത് കുളിച് ഒരുങ്ങി ആകെ ഉള്ള ബെല്‍ ബോട്ടം പാന്റും ഫുള്‍ കൈ ചെക്ക് ഉടുപ്പും..ശകലം കൊണ്ഫിടന്‍സ് സെന്റും ഒക്കെ തൂത്ത്..സ്ടെപ്പ്  കട്ട് മുടി ഒന്നുരുട്ടി ചീകി ..    അച്ഛന്റെ കയ്യില്‍ നിന്നും വണ്ടി  കൂലിക്കും മറ്റുമുള്ള വഹ " കൈ പ്പറ്റി  പുലര്‍കാലേ  പുറപ്പെട്ടു..
പത്തു മണിയോടെ സുഹൃത്തിന്റെ ക്വാര്‍ട്ട് ഴ്സില്‍  എത്തി. രണ്ടു കയ്യും നീട്ടി അവന്റെ സ്വീകരണവും ..ഉപചാരങ്ങളും.
അവന്റെ സുഹൃത്തുക്കളുടെ പാനോപചാര  സുഖ  ചികിത്സ കൂടി ആയപ്പോള്‍ ..     ഉറങ്ങിപ്പോയി.
"നിനക്ക് പോകണ്ടായോ.." അവന്‍ ഉണര്‍ത്തി.  
"ഇന്ന് തന്നെ ഇങ്ങു വരത്തില്ലേ  എന്ന  അച്ഛന്റെ ചോദ്യം ചെവിയില്‍ ഒരു വട്ടം കയറി വന്നു.. 
ധൃതിയില്‍ അവനോടു യാത്ര പറഞ്ഞു.
സമയം  വൈകുന്നേരം  ആറരയോടെ അടുക്കുന്നു. ..കൊച്ചീടെ മേലാസകലം ചെങ്കല്‍ നിറം വാരി പൂശി അസ്തമന സൂര്യന്‍ കടലില്‍ മുങ്ങാം കുഴി ഇടാന്‍ തയ്യാറെടുക്കുന്നു..കായലില്‍ ഓളങ്ങള്‍ സ്വര്‍ണ വളയങ്ങളായി ഏതോ ജ്വല്ലറി പരസ്യം പോലെ..ഇളകി മറിയുന്നു..
ആ കാഴ്ച മറയ്ക്കാന്‍ തോന്നിയില്ല..കണ്ണ് തുറന്നു പിടിച്ചു ഇന്ദിരാഗാന്ധി പാര്‍ക്കിന്റെ മൂലയിലെ ഒരു ആളൊഴിഞ്ഞ ബെഞ്ചില്‍ കടലിലേയ്ക്ക് നോക്കി അങ്ങനെ ഇരുന്നു..

മനസ്സില്‍ എത്ര വര്‍ണങ്ങള്‍..  എന്നും പ്രകൃതിയെ വാരി പുണരുന്ന ഈ സൂര്യന് ഒട്ടും മതിയാകാത്ത പോലെ മനസ്സില്ല മനസ്സോടെ  ..പിന്‍ തിരിഞ്ഞു നോക്കി കടലിന്‍ അഗാധതക്ളിലെയ്ക്ക്  ഊളി ഇട്ടു...കാക്ക കൂട്ടങ്ങള്‍ കായലിനു മീതെ അലറി കരഞ്ഞു കൊണ്ട് ചേക്ക തേടി പറന്നു..
പാവം ഭൂമി ചെംപട്ടു പുതച്ചു വിഷാദ മൂകയായി ...
ഭാവന ചിറകു വിരിച്ചപ്പോളെയ്ക്കും  കലൂര്‍" എന്ന വിളിയോടെ ബസ് വന്നു നിന്നു.  സൂര്യന്‍ പകര്‍ന്ന ചുവപ്പോ അതോ ചുവന്ന പെയിന്റോ ..ബസില്‍ കയറി ഒരു സൈഡ്‌ സീറ്റ് പിടിച്ചു. 
വെളിയില്‍നിന്നും അകത്തേയ്ക്ക് തണുത്ത മിനുത്ത മധുരമുള്ള കാറ്റ് ...പിന്നേം സ്വപ്ന തേരേറി..ബ്രിസ്ടോ സായിപ്പും കൂട്ടരും ഈ തുരുത്തില്‍ ഈ  മധുര പതിനേഴിന്റെ  പ്രകൃതിയെ രാവും പകലും അനുഭവിച്ചിരുന്ന കാലങ്ങള്‍ അസൂയയോടെ ഓര്‍ത്തു... കൊച്ചി  വാര്‍ധക്യം തീണ്ടാത്ത ഒരു  മദാലസ തന്നെ..!

ബസ് തീവണ്ടി ലെവല്‍ ക്രോസ്സില്‍ നിര്‍ത്തി. നേരം നന്നേ ഇരുട്ടി കഴിഞ്ഞു.  രാത്രിയില്‍ വണ്ടികളുടെ പ്രകാശം ഒരു നീണ്ട ലാത്തിരി കത്തിച്ചു പിടിച്ചപോലെ..ബസ് മെല്ലെ നീങ്ങിയപ്പോള്‍..

"മോഹം കൊണ്ട് ഞാന്‍ ദൂരെ ഏതോ ഈണം പൂത്ത നാള്‍..." മനോഹരമായ പാട്ടിന്റെ ഈരടികള്‍ ബസിനകത്തു മുഴങ്ങി.." ഹോ  ഇന്നത്തെ ഇറക്കം പൊലിച്ചു.." മനസ്സില്‍ കരുതി .

ഞാന്‍ മെല്ലെ എഴുന്നേറ്റ് അധികം ആരുമില്ലായിരുന്ന ബസില്‍ പാട്ടുകാരുടെ അരികില്‍ ഒരു സീറ്റ് പിടിച്ചു.
കൊലുന്നനെ ഒരു കറുത്ത സുന്ദരി കൊച്ചും അതിന്റെ കൂടെ നിക്കര്‍ ഇട്ട ഒരു പയ്യനും. 
അവള്‍ പാടുന്നു. ഇടയ്ക്കിടെ കൈ നീട്ടി പൈസയും ചോദിക്കുന്നു.  

കുപ്പി വളകള്‍ കൈ മുട്ട് മുതല്‍..നീണ്ട കൈ വിരലുകള്‍ അനക്കുമ്പോള്‍  വളകള്‍ ഇളകി പാട്ടിനു ശ്രുതി ആകുന്നു..
കൈ മുട്ടിനു മുകളില്‍ ചുരുക്കിട്ട കയ്യുള്ള ചുവന്ന നീണ്ട ബ്ലൌസും വെള്ള പാവാടയും..തലയില്‍ മഞ്ഞ മന്ദാര പൂക്കള്‍ കൊരുത്തിട്ട ഒരു മാലയും..
കഴുത്തില്‍ ഏതോ ദൈവത്തിന്റെ ഫോട്ടോ കറുത്ത ചരടില്‍ കുരുക്കി മാലയാക്കി ഇട്ടിരിക്കിന്നു.  

"കണ്ണില്‍ കത്തും ദാഹം.." അടുത്ത വരികള്‍ അവള്‍ ഈണത്തില്‍ പാടി തുടങ്ങിയപ്പോള്‍ ആങ്ങള ആയിരിക്കാം രണ്ടു തടി കഷണങ്ങള്‍ ഉരസി നല്ല താളം ചേര്‍ത്തു.

എന്റെ മനസ് ആ പാട്ടിന്റെ അന്തരാത്മാവിലെയ്ക്ക്  കടന്നു പോയി..എത്ര അര്‍ഥമുള്ള ഈ പാട്ട് തന്നെ എന്തിനു ഈ കുട്ടി തെരഞ്ഞെടുത്തു..അതും ഒരു തമിഴ് പെന്‍ കുട്ടി.. ഇത്ര ഈണം എവിടുന്നു കിട്ടി..
"ദൂരെ കനിവാര്‍ന്നു പൂവനങ്ങള്‍ " ഈശ്വര, ആ കുട്ടിയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ അടര്‍ന്നു വീഴുന്നുവോ?

എനിക്കും വല്ലാതെ വിഷമം തോന്നി..ടിക്കറ്റ് കാശ് കഴിച്ചു  അമ്പത് രൂപ ബസ് സ്ടാന്റിനടുത്തു  ലൂസിയയില്‍ കേറി ഒന്ന് മിനുങ്ങാന്‍ കരുതിയത്‌ അവളുടെ കയ്യില്‍ വച്ച് കൊടുത്തു..ഒരിക്കല്‍ കൂടി ആ പാട്ട് ഒന്ന് പാടാന്‍ പറഞ്ഞു.." 
"ഇത്രയും പൈസ വേണ്ട സാര്‍ .." എന്നും പറഞ്ഞു അവള്‍ മുപ്പതു രൂപ തിരികെ തന്നു. ഞാനാകെ വയ്യാതായി..
"രണ്ട് ഊണിനു ഇരുപതു രൂപ എടുത്തു" എന്റെ പ്രയാസം അറിഞ്ഞ അവള്‍ വീണ്ടും പാട്ടിനു ശ്രുതി ഇട്ടു..
പയ്യന്‍ താളവും.

ഇരുളിന്റെ മനക്കാമ്പില്‍ എവിടെയോ വജ്ര സൂചി പോലെ ആ കദനം പോയി തറച്ചതിന്റെ  ശബ്ദം       പ്രതി ധ്വനിച്ചപോലെ ..മനസിലേക്കും ഒരു മുള്ള് കുത്തി കയറി..
ദൈവമേ നിന്റെ സൃഷ്ടികള്‍ നിനക്ക് പോലും അറിയാ വഴികളില്‍ ഊരു തെണ്ടുന്നല്ലോ..ഒരു നിമിഷം ഞാനും കൂടെ പാടിപ്പോയി..ഒരു പകര്‍ന്നാട്ടം ..
പക്ഷെ ബസിലെ ഒളി നോട്ടങ്ങളും കമന്റുകളും എന്റെ ബോധം തിരിച്ചു തന്നു.. ആദ്യം അമ്പത് രൂപ പിന്നെ കൂടെ പാട്ടും ..അവര്‍ ചിന്തിച്ചതില്‍ തെറ്റില്ല ...നല്ല സന്ധ്യയും.
"രാവിന്റെ മറ പറ്റി ഏതെങ്കിലും ചാലില്‍ കുനിഞ്ഞു നിവരുന്ന മോഹം കൊണ്ടല്ല   ഈ .. ഈണം പൂത്ത  നാള്‍  ഞാന്‍ മധു തേടിയത്.." എന്ന് അവരോടു പറഞ്ഞാല്‍ അവര്‍ക്കും തിരിയില്ല. 
തേവര ജംക്ഷന്‍ ആയി..പാട്ട് നിലച്ചു   ബസ് നിന്നു .  
ആ കുട്ടിയും പയ്യനും കൈ വീശി കാണിച്ചു മെല്ലെ ബസില്‍ നിന്നും ഇറങ്ങി..പിന്‍ നിഴലായി മറയുമ്പോള്‍ എന്റെ മനസു തേങ്ങി..ബസ് വീണ്ടും കലൂര്‍ യാത്രയില്‍..
"നറും പുഞ്ചിരി തേരേറി വര്ണ കുംകുമം ചാര്‍ത്തി..ദൂരെ ആരാരും കാണാത്ത തീരത്ത് സങ്കമ സായൂജ്യം.."
ഒരു തുള്ളി കണ്ണ് നീര്‍ അറിയാതെ ഉരുണ്ടു വീണു..ഇരുളില്‍ എത്ര മോഹങ്ങളുമായി ആ കുട്ടിയും പയ്യനും വിശപ്പിന്റെ പാത്രം നിറയ്ക്കുകയാകാം..പിഞ്ഞി പോയ സ്വപ്‌നങ്ങള്‍ എങ്കിലും അവര്‍ക്ക് തിരികെ കൊടുക്കണേ ദൈവമേ ..എന്ന് പ്രാര്‍ത്ഥിച്ചു.

വീട്ടില്‍ എത്തിയ ശേഷം റേഡിയോ യില്‍ രഞ്ജിനി കേട്ട് കേട്ട് ആ പാട്ട് ഞാന്‍ കാസറ്റില്‍ ആക്കി..
ഓര്‍മകളില്‍ ഒരു ബസും ആ കുട്ടികളും ഞാനും... ഈണം മൂളി  ഇളം കാറ്റില്‍ അസ്തമന സൂര്യന്റെ പൊന്‍ പടം വാരി പൂകി ഇങ്ങനെ ലക്ഷ്യമില്ലാതെ   പോകുമ്പോള്‍...

ഭൂമിയില്‍ എവിടെങ്കിലും അവര്‍   കദനങ്ങള്‍ പാടി  ഉണ്ടാകുമോ എന്ന ഞെട്ടല്‍ എനിക്ക് തോന്നാറെ ഇല്ല..ഇനി ഒരിക്കലും അവര്‍ പാടി ആ പാട്ട് കേള്‍ക്കാന്‍ കഴിയില്ല എന്നുള്ളത് അറിയുംപോളും...കാലം പിച്ചി ചീന്തി ഓടയില്‍ എറിഞ്ഞു കളഞ്ഞിരിക്കുമോ എന്നുള്ളതും..എന്നെ ഞെട്ടിക്കുന്നില്ല..

മോഹം കൊണ്ട് ഞാന്‍..ദൂരെ ഏതോ ഈണം പൂത്ത നാള്‍ മധു തേടി പോയ്ക്കൊണ്ടേ ഇരിക്കുന്നു.

2011, ഏപ്രിൽ 13, ബുധനാഴ്‌ച

ഈ കുട്ടി എന്റെ കാലേല്‍ മുള്ളി..ഈ കുട്ടി നുള്ളി..

"ഈ ഏഴര വെളുപ്പിന്  എഴുന്നേറ്റ് ഒള്ള ലൈറ്റ് എല്ലാം ഇട്ടു മനുഷ്യന്റെ ഒറക്കം  തൊലയ്ക്കുവാ..ഈ മനുഷ്യന് ഇത് എന്നാത്തിന്റെ കൊഴപ്പമോ എന്തോ.."  ഭാര്യയടെ ശ്രീ  വെങ്കിടേശ്വര  സുപ്രഭാതം ..കേട്ടതും ഞാന്‍ വിളക്കുകള്‍ അണച്ചു. കാരണം ഇനി വരിക ഉന്നം തെറ്റാത്ത മറ്റു ഭാഷകള്‍ ആകാം..
"എടീ ..ജനാധിപത്യത്തിന്റെ നെടും തൂണായ  വോട്ടവകാശം എന്ന പൌരാവകാശം വിനയോഗിക്കാന്‍ ഇത്തിരി പുലര്‍കാലെ എഴുന്നേറ്റു..ആ പ്രക്രിയ  നിവര്‍ഹിക്കുന്നത്  വരെ പിന്നോട്ടില്ല.."  ഞാന്‍ വച്ച് കീച്ചി..

"അമ്മ ചോദിച്ചു വാങ്ങിയതാ എന്നും പറഞ്ഞു മകള്‍ തല മുഴുവന്‍ പുതപ്പിട്ടു മൂടി..തിരിഞ്ഞു കെടന്നു"

പെണ്ണും പിള്ള സട കുടഞ്ഞു..പുതപ്പില്‍ നിന്നും കങ്കാരു മാതിരി തല വെളിയില്‍ ഇട്ടു..ആകമാനം ഒന്ന് നോക്കി..
എനിക്ക് മനസ്സിലായി..അവള്‍ ഒരു ഭാഗവത പാരായണത്തിന്  ഉള്ള പുറപ്പാടു തന്നെ..
" അതെ പിന്നേ  സാറോന്നിരുന്നെ..ഈ വിഷുവിനു കുത്തരിയോ  റേഷന്‍ കടയിലെ രണ്ടു രൂപ അരിയോ വയ്ക്കുന്നത്?"

കുഴയ്ക്കുന്ന ചോദ്യം ..സൂക്ഷിച്ചു നിന്നില്ലെങ്കില്‍ അവളുടെ മുന്‍പില്‍,അടിയറവ്.
"അത് പിന്നെ വിശേഷ ദിവസങ്ങളില്‍ കുത്തരിയല്ലിയോ പതിവ്?.."ഞാന്‍ എങ്ങും തൊട്ടില്ല.
"കുത്തരീടെ വെല വല്ലോം  അറിയാമോ..പോട്ടെ പച്ചക്കറിയുടെ ..വെലയോ?"
"അതിനല്ലേ ഈ തെരഞ്ഞെടുപ്പു..ഹ.. ഹ " എന്റെ വിഡ്ഢി ചിരി.."സാധനങ്ങള്‍ക്ക് വെല കുറയാന്‍ ഒരു വോട്ട് "

"ആരെങ്കുലും ഇത് പറഞ്ഞോ മനുഷ്യാ..ജനങ്ങള്‍ക്ക്‌ വേണ്ട എന്തെങ്കിലും ഇവന്മാര്‍ പറഞ്ഞോ..സ്ത്രീ പീഡനം, കൈയ്യാമം , അഴിമതി, ജയില്‍ , പിന്നെ ലോട്ടറി, 
വേറൊരാള്‍ അയ്യോ ഇവന്‍ ഉറങ്ങുന്നെ ..പൈശാചികം..എന്നിങ്ങനെ  അവന്റമ്മേടെ... പ്രൈമറി സ്കൂള്‍ പിള്ളര്‍ അങ്ങോട്ടും ഇങ്ങോട്ടും നുള്ളി പിച്ചി എന്ന് പറയും പോലെ "
എന്നെ കൊണ്ട് ഈ വെളുപ്പിനെ അതുമിതും പറയിപ്പിക്കാതെ പോയി ജനാധിപത്യം ഉണ്ടാക്കിയേച്ചു  വന്നാട്ടെ.."

"എന്റമ്മേ ..നീയാര് മാവോ വാദിയോ..'  എന്റെ ഭയം..അറിയിച്ചപ്പോള്‍ അവള്‍ പറയുന്നു തമ്മില്‍ ഭേദം അതാ എന്ന്. കൊറേ വോട്ടു ചയ്തു മെച്ചം ആര്കാ ..ആ "


"ഈ കേരളത്തില്‍ ആദ്യമായല്ല ഇതൊന്നും..കുറെ അവന്മാരും അവളുമാരും ഒരുമ്പെട്ടു നിന്നാല്‍ പിന്നെ എന്തോ ചെയ്യും..  ഐസ് ക്രിമും  അഴിമതിം  ഇന്നലെ തുടങ്ങിയ കാര്യമല്ല..വെറുതെ ഞാന്‍ ഞാന്‍ എന്ന് പറയാതെ മനുഷ്യന് വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാനെങ്കിലും ഒരു രസമുണ്ട്..പണ്ട് ഒരു മന്ത്രിടെ കാറില്‍  ഒരുത്തിയെ കണ്ടെന്നും പറഞ്ഞുണ്ടായ പുഹില്‍..അന്നൊന്നും അരീം സാമാനോം സ്ഫോടക വസ്തു അല്ലായിരുന്നു..ഇന്നിപ്പം..തന്നേമല്ല അമ്മേം പെങ്ങളേം കണ്ടാല്‍ തിരിച്ചും അറിയാമായിരുന്നു.."  അവള്‍ കത്തി തുടങ്ങി..
" എല്ലാ കാലത്തും ഇങ്ങനെ  ആയാലോ.." ഞാന്‍ ഒഴിയാന്‍ നോക്കി.
"എന്റെ മനുഷ്യാ  സ്ത്രീ പീടനമാണോ ..അല്ല  അഴിമാതിയാണോ നമ്മുടെ മുഖ്യ പ്രശ്നം..അഥവാ ആണെങ്കില്‍ തന്നെ എത്ര പെണ്ണുങ്ങള്‍ക്ക്‌ ഒരു രാത്രിയില്‍ ഇവിടെ ഇറങ്ങി നടക്കാം..ലോഡ്ജില്‍ കൊണ്ട് പോകുന്നതും പീഡിപ്പിക്കുന്നതും മാത്രമേ പീടനതിന്റെ ലിസ്റ്റില്‍ വരികയുള്ളോ..?" സാധാരണ സ്ത്രീകള്‍ക്ക് നേരെ ചൊവ്വേ ഒന്ന് മൂത്രം ഒഴിയ്ക്കാന്‍ എവിടാ ഈ ജനാധിപത്യത്തില്‍ ഇടം.."

"പിന്നെ അഴിമതി..നിങ്ങളെ കൊണ്ട് കൈകൂലിക്കും കൊള്ളില്ല എന്ന് കരുതി ഇന്നലേം കണ്ടില്ലേ വാര്‍ത്ത‍...ചെറുതും വലുതും എല്ലാം ..
സാധാരണക്കാരന് ജീവിക്കണം സ്വസ്ഥമായി ..സ്വച്ഛമായി..അവന്റെ പിച്ച ചട്ടീല്‍ കൈ ഇട്ടു വാരിയിട്ടു വെറുതെ ഒച്ച " ഉണ്ടാക്കിയിട്ട്  എന്ത് കാര്യം..ഒരു വണ്‍ മാന്‍ ഷോയും ഇനി വിലപ്പോകില്ല...ആരുടേയും 
മനുഷ്യന്‍ ആ തട്ടിപ്പൊക്കെ പഠിച്ചു കഴിഞ്ഞു..അത് കൊണ്ട് കുളിച്ചു കുറീം ഇട്ടു പോയാട്ടെ.."

ഞാന്‍ പിന്‍ വാങ്ങി..അവളോട്‌ തര്‍ക്കിച്ചിട്ടു കാര്യമില്ല കാരണം അവളുടെ വാദത്തില്‍ കഴമ്പേ ഉള്ളു..പക്ഷെ ആദര്‍ശ രാഷ്ട്രീയത്തില്‍ അതങ്ങ് സമ്മതിക്കാന്‍ പറ്റുമോ..എന്തായാലും കുളിച്ചു വൃത്തി ആയി റോഡില്‍ ഇറങ്ങി 
" അണ്ണാ  സ്ലിപ് വേണ്ടേ.." ഒരുത്തന്റെ ചോദ്യം.  
"ഏയ്‌ ..ഇത്തവണ സ്ലിപ് ബൂത്തില്‍ തരും കാര്‍ഡു മാത്രം മതി.."  ഞെളിഞ്ഞു  നടന്നു ബൂത്തില്‍ എത്തി.

 ഒരു സ്മശാന മൂകത..മാടക്കടയില്‍ ഒടിച്ചു കുത്തി തെക്കോട്ടും വടക്കോട്ടും നോക്കി മൂന്നാല് പേര്‍..
വരാന്തയില്‍ ഒരു നീര്‍ക്കോലി കാക്കി കാരനും  മോന്തായം നോക്കി നിക്കുന്നു....എന്തരോ എന്തോ..ഇനി ആരെങ്കിലും ചത്തോ ..ആ..വോട്ടുകള്‍ പിറക്കുന്നതിന്റെ വേദന ആകാം.
"വോട്ടു      ചെയ്യാനാണോ  .." ഒരു താടിക്കാരന്‍ വരാന്തയുടെ മൂലയില്‍ കാറ്റില്‍ ആടുന്ന പാന്റു  പോരാഞ്ഞിട്ട് പിന്നേം കാലുമാട്ടി അങ്ങനെ ഇരിക്കുന്നു..
"ഇവിടെ പിന്നെ നിന്റെ അടിയന്തിരത്തിന് വന്നതാണോ " എന്ന് മനസാ ചിന്തിച്ചു ..അടുത്ത് ചെന്നു..അപ്പോള്‍ വേറൊരു സ്ത്രീ കുനിഞ്ഞു മേശമേല്‍ കിടക്കുന്നു..സൂക്ഷിച്ചു നോക്കി , ഇനി വല്ല വശപ്പിശകും ഈ വെളുപ്പാന്‍ കാലത്തെ..ഓ ..മൊബൈല്‍ ഫോണില്‍ ആടി കുഴയുന്നു..വോട്ടര്‍ എന്ന തെണ്ടിയായ ഞാന്‍ (അല്ലേലും!)
നോക്കി നിന്നു  ഈ ആട്ടവും പാട്ടും..അത് ഇഷ്ടപ്പെടാത്ത വണ്ണം താടിക്കാരന്‍ പറഞ്ഞു..
"സ്ലിപ് ഇവിടുന്നു തരും അതും കൊണ്ട് അകത്തു ചെന്നു വോട്ടു ചെയ്യണം..ക്രമ നമ്പര്‍ അറിയാമോ?'
"അത് അറിയാമായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ലായിരുന്നു  ..വനിതാ രത്നതിനെ നോക്കി പറഞ്ഞു.."  സ്വര്‍ഗത്തിലെ ചോണന്‍ ഉറുമ്പ് !!
" ആ എന്നാല്‍ വഴീല്‍ പര്ടിക്കാരുടെ കയ്യില്‍ നിന്നും വാങ്ങിക്കൊണ്ടു വാ.."
ഞാന്‍ വാ പിളര്‍ന്നു നിന്നു..അവര്‍ അവരുടെതായ കളി ചിരി തുടര്‍ന്നു..
ഉത്തരത്തില്‍ ഒരു ഗൌളിയുടെ ചിരി ഭാര്യയടെ ചിരിയെ ഓര്‍മ്മിപ്പിച്ചു..
വല്ല വിധത്തിലും ക്രമ നമ്പര്‍ ഒപ്പിച്ചു ആ മഹനീയ പ്രക്രിയ നടത്തി..
ഈ വിവരം വഴിക്ക് വച്ച് ഒരു പത്ര സുഹൃത്തിനോട്‌ പറഞ്ഞപ്പോള്‍ അവന്‍ ചിരിയോടു ചിരി..
"എന്റെ പൊന്ന് അണ്ണാ ..ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെ സാധാരണം..എന്ത് കഷ്ടപ്പാട് സഹിച്ചും ഭരണം വന്നെ തീരു."
"സര്‍ക്കാരിന്റെ ഖജനാവ് ഒഴിയാന്‍ രണ്ടു പേരെക്കൂടെ  എന്തിനോ വേണ്ടി ..വീടുകളില്‍ സ്ലിപ് തരുമെന്നും പറഞ്ഞു കാത്തിരുന്നവര്‍ ഒടുക്കം ബൂത്തില്‍ എങ്കിലും അത് കിട്ടുമെന്ന് കരുതി വന്നപ്പോള്‍ ..അവിടെ കൃഷ്ണ ലീല പടം ഒടുകയാ.."  സത്യം ഏവ ജയതേ.
തിരികെ വീട്ടില്‍ വന്നു..ഭാര്യ ചായ തന്നു..ചോദിച്ചു.."എങ്ങനെയുണ്ടായിരുന്നു പ്രക്രിയ?"
അവളെ തന്നെ കുറെ നേരം നോക്കി..എന്നിട്ട് ഞാന്‍ പറഞ്ഞു "അരുതാത്തതൊന്നും പറ്റരുതേ..ഭഗവാനെ..അല്ലാത്ത പക്ഷം ഒന്‍പതു മാസം ഒന്‍പതു ദിവസം."
അവളും ഇതി കര്തവ്യ മൂഡ ആകട്ടെ.  
ഭരണം ആയാലും..പ്രസവം ആയാലും..!!


2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

പാക്കര്‍ജി.

"ങ്ഹാ...പോത്താ  ..എന്താ ഇത്ര അര്‍ജന്റ്.."   
താഴെ പാടത്ത് നിന്നും കിടിലന്‍ അലര്‍ച്ച ..സാക്ഷാല്‍ ശ്രീമാന്‍ പാക്കരന്റെത്.   പുറകെ വേറെ പാക്കരന്മാര്‍ ഉണ്ടെങ്കിലും സൌണ്ട് സിസ്റ്റം ഇത്രയും മെച്ചമല്ല...
ഭഗവാന്‍ കൃഷ്ണന്‍ തേര്‍ തെളിക്കുംപോലെ  അടിമരത്തിന്റെ പലകമേല്‍ കയറി നിന്ന് കാഞ്ഞിരത്തിന്‍ വടി ആകാശത്തിലേയ്ക്ക് ചുഴറ്റി..നാന്‍ ആണയിട്ടാല്‍  അത് നടന്നു വിട്ടാല്‍ എന്ന് അണ്ണന്‍ പാടല്കള്‍ പോലെ...
ഒരു അടിമര ഘോഷ യാത്ര! (പാടത്ത് കന്നു പൂട്ടി കട്ടകള്‍ ഉടയ്ക്കുന്ന പ്രക്രിയ ഞങ്ങളുടെ നാട്ടില്‍ അടിമരമാണ്.)

ഘോഷ യാത്ര എന്ന് പറയാന്‍ കാരണം..  നിറ  പകര്‍ച്ചകള്‍  ആണ്..  വേഷ വിധാനങ്ങള്‍ ആണ്..
പച്ചച്ച പാട വരമ്പുകളും ..ചേറില്‍ കുതിര്‍ന്ന പാടവും ..കൈതകളും  കൈത പൂക്കളും..ചുറ്റി പടര്‍ന്ന  പുല്ലാഞ്ഞി വള്ളികളും അതില്‍ കയറി കിടക്കുന്ന കാശാവിന്‍ പൂക്കളും ..ഊളിയിട്ടു പറക്കുന്ന നീല പോന്മാനുകളും..
 വര്‍ണങ്ങള്‍ വാരി വിതറി  ചിത്ര തുന്നല്‍ തുന്നിയ പട്ടു കൊടി    സ്വര്‍ണ കൊടി മരത്തില്‍ ഏറ്റുന്ന      പോലെ..
ഒപ്പം ചേറിന്റെയും  കൈത പൂവിന്റെയും മണങ്ങള്‍  മാറി മാറി വരുമ്പോള്‍ ഒരു ഭ്രാന്തന്‍ സുഖവും..ഉത്സവം പോലെ.

സൂര്യന്‍ ഉദി തെളിയും മുന്‍പേ  തോളില്‍ അടിമര നുഖവുമായി മുന്‍പില്‍ പാക്കരന്‍ (പാക്കര്‍ജി എന്ന് ഞങ്ങള്‍ വിളിക്കും)  പുറകെ ആടി പാടി എണ്ണ കറുപ്പന്മാര്‍ പോത്തുകള്‍ രണ്ടെണ്ണം..
കുളമ്പ് മുതല്‍ വാല് വരെ പഴയ ഫയല്‍വാന്‍ മാരുടെ എണ്ണ തേച്ചു മിനുക്കിയ പവര്‍ മാള്‍ട്ട് ബോഡി പോലെ..മിനു മിനാ തിളക്കം..ആവര്‍ത്തിച് ആട്ടുന്ന ചെവിയുടെ ഉള്ളില്‍ നേരിയ ചുവപ്പ്  കാണാം..പിന്നെ മൂക്ക് കയറിന്റെ നിറവും...നരച്ച ചുവപ്പ്.  കഴുത്തിലെ ശംഖില്‍ വെളുപ്പ്...ആകമാനം അഴക്‌.
കണ്ണുകള്‍ തെറിച്ചു നിക്കുന്ന ഭാവം..ഒരു മാന്ത്രികന്റെ പോലെ.."ഘ്ര്ര്‍ ' എന്നൊരു ഒച്ചയിട്ട്   ബ്രാക്കറ്റ് കൊമ്പുകള്‍ ചരിച്ചു കുലുക്കി പോത്തുകള്‍ തമ്മില്‍ ആശയ വിനിമയം ചെയ്തു..അസാരം മൂത്രം "ഗ.. .ഗ " എന്ന്  വീഴ്ത്തി വരുമ്പോള്‍ ..പോത്തിന്‍  ചൂരടിച്ചു ഞങ്ങളുടെ വഴികളും ഒന്ന്  അമറും...

പാക്കര്‍ജി വെട്ടു വഴിയില്‍ നിന്നും പാടത്തെയ്ക്കുള്ള ജങ്ക്ഷനില്‍ സ്റ്റോപ്പ്‌ " പറയുമ്പോള്‍...അല്ലെങ്കില്‍ "നില്ലാ പോത്താ"  എന്ന് പറയുമ്പോള്‍ അനുസരണയോടെ കണ്ണുകള്‍ ചിമ്മി ..അങ്ങനെ നില്‍ക്കും അവര്‍, അടുത്ത കമാന്റിനു  കാതോര്‍ത്ത്.

ഇനി പാക്കര്‍ജിയുടെ  "കോസ്ട്യൂം" ചേഞ്ച്  സീന്‍ ആണ്.
ഉടുത്തിരിക്കുന്ന കൈലി അരയില്‍ നിന്നും ഊരി എടുത്ത്‌ പാട വരമ്പിലെ കൈതോലകള്‍ക്കിടയില്‍ തിരുകും. 
അപ്പോള്‍ കാണാം കറുത്ത ചന്തിയിലെ ചൊറി   പാടുകള്‍..(ഞങ്ങള്‍ എവിടെങ്കിലും പമ്മി നില്‍ക്കും..പാക്കര്‍ജി പോത്തിനോട് പറയുന്ന ചില കോഡ്  ഭാഷകള്‍ കേള്‍ക്കാനും പഠിയ്ക്കാനും ..പിന്നെ പറയാനും  ഇടവ പാതി മഴ നനയാന്‍ വെളുപ്പാന്‍ കാലത്ത് നല്ല രസമാ..ഒപ്പം കൈത പൂ പെറുക്കാനും..ചേറില്‍  ചാടി തിമിര്‍ക്കാനും  . പക്ഷെ സ്കൂള്‍ ഒരു  ഞെട്ടലാ ..നാശം. അത് കൊണ്ട് ശനിയും ഞായറും മാത്രം ഘോഷ യാത്രകള്‍.  )

അരയിലെ കറുത്ത ചരടില്‍ കോര്‍ത്ത്‌ ഇട്ടിരിക്കുന്ന വെള്ളി ഏലസ്  ..നിക്കര്‍ എന്നോ  ബര്‍മുഡ എന്നോ  ഒന്നും പറയാന്‍ കഴിയില്ല ..വേണമെങ്കില്‍ ബിക്കിനി എന്ന് പറയാം..പക്ഷെ ഒന്നും തങ്ങി  നിക്കുന്നില്ല  എല്ലാം പുറത്തു തന്നെ..പിന്നെ എന്തിനാ ഇത് എന്നുള്ള ഫിലോസഫി പാക്കര്‍ജി ചിന്തിക്കുന്നേയില്ല എന്ന് തോന്നുന്നു.
എന്തായാലും ആട്ടം നില്‍ക്കും മുന്‍പേ ഒരു ചുട്ടി തോര്‍ത്ത് സഞ്ചിയില്‍ നിന്നും എടുത്ത് അരയ്ക്കു ചുറ്റി ..തെങ്ങോലയുടെ മടലിനു   മുകള്‍   വശം കീറി എടുത്ത് കെട്ടി കഴിയും.

സഞ്ചിയും ടിഫിന്‍ ബോക്സും കൈത ചുവട്ടില്‍ വയ്ക്കും..ബീഡിയും തീപ്പെട്ടിയും എടുക്കുമ്പോള്‍..
പോത്തന്മാര്‍  മെല്ലെ ചുവടു വച്ച് തുടങ്ങും ..അതിനു കമാന്റ് ഒന്നും വേണ്ടാ..ബീഡി കത്തിക്കുന്ന സിഗ്നല്‍ മതി.
പോത്തിനെക്കാള്‍ ഒരു ചുവടു മുന്നില്‍ കറുത്ത പാക്കര്‍ജി കഷണ്ടി തലയിലേക്ക് കമുകിന്റെ കൂമ്പാള തൊപ്പി എടുത്ത് അണിയുമ്പോള്‍ ..ചരിത്ര പുസ്തകത്തിലെ വാസ്കോ  ഡാ  ഗാമയുടെ ചിത്രം തെളിഞ്ഞു.
കത്തിച്ച ബീഡിയും ചുണ്ടില്‍ വച്ച് പോത്തന്മാരെ ഒന്ന് തിരുമ്മി തുടച്ചു ..
നുഖം പോത്തിന്‍    തോളില്‍  വച്ച് ..അടിമര പലക പോത്തന്‍ മാരുടെ   പുറകില്‍, നൂല് വച്ചാല്‍ മുറിയുന്ന   ഇടവ  പെരു മഴ പെയ്തു നിറഞ്ഞു നിക്കുന്ന പൊന്നാര്യന്‍ പാടത്തെ  ചേറില്‍ താഴ്ത്തി പിടിച്ചു അതിന്റെ കമ്പും നുഖവുമായി വഴുക കയര്‍ ഇട്ടൊന്നു കുരുക്കി ..ഒരു യുദ്ധത്തിനുള്ള പുറപ്പാടു പോലെ..
ചേറില്‍ കാല് കുത്തി രണ്ടു പേരുടെയും ചെവിയില്‍  എന്തോ പറഞ്ഞു..പാക്കര്‍ജി... ഓരോ ഉമ്മയും.
ചെവി ആട്ടി തല കുടഞ്ഞ്‌  പോത്തുകള്‍ സമ്മതം അറിയിച്ചു..വാല് കൊണ്ട് അത് ഉറപ്പിച്ചു.

നേരെ കിഴക്കോട്ടു തിരിഞ്ഞു പാക്കര്‍ജി കാഞ്ഞിര കമ്പ്  വടി ചെളിയില്‍ ഊന്നി ..മാറി രണ്ടു കയ്യും എടുത്ത്‌ പൊന്‍ വെട്ടം തൂകി നിക്കുന്ന ഉദയ സൂര്യനെ ഒന്ന് തൊഴുതു ." ഭഗവാനെ പത്തിന് നൂര്‍ ആകണേ.."
  അത്    കേട്ടിട്ട്  എന്ന വണ്ണം കിഴക്കേ ചരിവില്‍ നിന്നും     നിന്നും അനുഗ്രഹ വര്ഷം   പോലെ പറന്നു വരുന്നു വെളുത്ത കൊക്കും..മുണ്ടികളും. പാടം നിറഞ്ഞു വെള്ള നിറം..പാല്‍ പരവതാനി പോലെ..അതിനിടയില്‍ അക്ഷര തെറ്റ് പോലെ കാക്ക കൂട്ടങ്ങളും..ഇടയ്ക്കിടെ പറന്നു പൊങ്ങുന്നു.
ജീവിതത്തിന്റെ ഒരു പ്രൊഫൈല്‍ !!.

വെയില്‍  പരക്കുമ്പോള്‍   കൈതോലകള്‍  കാറ്റില്‍ മെല്ലെ ഇളകുമ്പോള്‍ ഒരു കൈത പൂ പറന്നു വന്നു  വെള്ള പരപ്പില്‍ വീണു..ഒഴുകി നടന്നു..അതിന്റെ മാസ്മര ഗന്ധം..

" ഹാ ..ഹാ ..ഇബ്ട പോത്താ.." പാക്കര്‍ജി യുദ്ധ കാഹളം മുഴക്കി ..പോത്തിന്‍ വണ്ടിയില്‍ ഒരുകാല്‍ ഊന്നി മറുകാല്‍ ശക്തിയോടെ ചേറില്‍ തുഴഞ്ഞു മുന്പോട്ടാഞ്ഞു  അടി മര പലകയില്‍ കയറി ..കാഞ്ഞിര വടി ആകാശത്തേയ്ക്ക് ചുഴറ്റുമ്പോള്‍ പോത്തുകള്‍ പ്രയാണം ആരംഭിയ്ക്കുന്നു. 
"ടപ്പ ..ടപ്പ ..പോത്താ..ഇടത്താ " പാക്കര്‍ജി ജൈത്ര യാത്രയില്‍..

മറ്റുള്ള ഉഴവുകാര്‍ വരുംപോളെയ്ക്കും  ഒരു വള്ള പാട്  അകലെ എത്തിയിരിക്കും പാക്കര്‍ജി.
അവര്‍ ഉഴവു തുടങ്ങുമ്പോള്‍ "പൂ ഹോയ്..നില്ല പോത്താ" എന്നുള്ള  സ്റ്റോപ്പ്‌  കമാന്റോടെ പാക്കര്‍ജി ഏതെങ്കിലും വരമ്പില്‍ പോത്തിനെ എത്തിച്ച് ..ചേറില്‍ കുളിച്ചു കര കയറി മഴ നനഞ്ഞ്    കാലത്തെ പുഴുക്കും കഞ്ഞിയും തുറന്നിരിക്കും!  പെരു മഴ തുള്ളികള്‍ കൂമ്പാള തൊപ്പിയില്‍ നിന്നും പാക്കര്‍ജിയുടെ  നരച്ച മുഖ രോമങ്ങള്‍ വഴി ഒലിച്ച്   ഇറങ്ങുമ്പോള്‍..പുഴുക്ക് മെല്ലെ ചവച്ചിറക്കി പോത്തിനെ നോക്കി ഇരിക്കുന്നു പാക്കര്‍ജി..

ശേഷം ഞങ്ങള്‍ പിള്ളാരുടെ പുറപ്പാടായി. 
ഇടവത്തിലെ  ഇട മുറിയാതെ   രാപകല്‍   പെയ്യുന്ന മഴ ...
മഴയുടെ സംഗീതം കേട്ട് നനഞ്ഞ്  കുതിര്‍ന്നിരിക്കുന്നു ഒരു പൊന്മാന്‍ പൊന്തയിലെ കാട്ടു  ചേമ്പിന്‍ തണ്ടില്‍..
സങ്കടം തോന്നി ..
പൊടുന്നനെ ആശാന്‍ വെള്ളത്തില്‍ ഊളിയിട്ട്  ഒരു പരല്‍ മീനും കൊത്തി .."അയ്യോ പറ്റിച്ചേ "എന്ന് ഞങ്ങളോട് പറഞ്ഞു  പറന്നകന്നു.

കൈത്തോട്ടില്‍  ഒഴുകി പരക്കുന്നു മേടത്തിലെ  വിഷുവിന്റെ ബാക്കി നിന്ന  മഞ്ഞ താലികള്‍..
ഒരു നിമിഷം കണിയും ..കൈ നീട്ടവും..പായസവും പൊന്മാനെ പോലെ ഊളിയിട്ടു പറന്നു..

"എന്തിനാട പിള്ളേരെ ഈ മുടിഞ്ഞ മഴയെല്ലാം നനയുന്നെ..പനി പിടിച്ചു കെടക്കാനാണോ"

പാക്കര്‍ജിയുടെ ശാസന .  "ഞങ്ങള്‍ക്ക് മീനെ തരുമോ  കിണറ്റില്‍ ഇടാന "   ഓമനയുടെ ചോദ്യം 

  പാടം   നിറയെ വരാലിന്‍ കുഞ്ഞുങ്ങള്‍ ഉണ്ട്  കലക്ക വെള്ളത്തില്‍     അടിമരം വയ്ക്കുമ്പോള്‍ അടി കിട്ടി എന്നവണ്ണം അതുങ്ങള്‍ മയങ്ങി മയങ്ങി കിടക്കും അപ്പോള്‍ പിടിക്കാന്‍ എളുപ്പമാ..മയക്കം മാറുമ്പോള്‍ നോര്‍മല്‍  ആവുകയും ചെയ്യും..പിന്നെ വലിയ മാനത്താന്‍  കണ്ണികളും  വാഴയ്ക്ക വരയനും ..കടുവയെ പോലെ തോലുള്ളവന്‍ ..എന്ത് രസമാ..ചേമ്പിലയില്‍ കുമ്പിള്‍ ഉണ്ടാക്കി അതിലിടും..എന്നിട്ട് സജിയേം രവിയേം ഒക്കെ കാണിക്കും ..അവര്‍ക്ക് മഴ  നനയാന്‍ അനുവാദം ഇല്ല...അവമ്മാരുടെ ഒരു കൊതി കാണണം.

പക്ഷെ അടിമരം വക്കുമ്പോള്‍ കൂടെ നടക്കാന്‍ ഈ പാക്കര്‍ജി എന്നല്ല ഒരുത്തരും സമ്മതിക്കുന്നില്ല..പോത്ത്  ഇടയുമത്രേ.. എവിടുത്തെ ന്യായം എന്ന് തോന്നി..അല്ലങ്കില്‍ പറയും നിലം ഉറച്ചു പോകും എന്ന്.


ഞങ്ങളെ നോക്കി പാക്കര്‍ജി..
'എന്റെ കുഞ്ഞുങ്ങളെ,  കഴിഞ്ഞ ഇടവപ്പാതിയ്ക്കു എന്റെ ഒരേ ഒരു മകന്‍ ബാലന്‍ ഇങ്ങനെ മഴ നനഞ്ഞ്   മീനെ പിടിച്ചു എന്റെ കൂടെ നടന്നു..അവനു പനി വന്നു ..ഗവന്മേന്റ്റ് ആശുപത്രീല് ഒരു മാസം കെടന്നു ..കഴിഞ്ഞ കര്‍ക്കിടകത്തില്‍ എന്റെ കുഞ്ഞു പോയി..."  പാക്കര്‍ജി വിതുമ്പി..

ഞങ്ങള്‍ ഇടറി നിന്നു  .. 
പണ്ട്    ആരോ പറഞ്ഞത് പോലെ കേട്ടിരുന്നു..കന്നു പൂട്ടുന്ന പാക്കരന്റെ മോന്‍ ജ്വരം വന്നു മരിച്ചെന്ന്...
ഓ..കഷ്ടമായി..ഓമന കരയുന്നു..

"പോട്ട്  മക്കളെ  കരയണ്ടാ..അവന്‍ മിടുക്കനായിരുന്നു അതാ ദൈവം നേരത്തെ വിളിച്ചത്.." പാക്കര്‍ജി കണ്ണ്‌ തുടച്ചു.

"നിങ്ങള്‍ മഴ നനയണ്ട ..വീട്ടില്‍ പോയാട്ടെ..  ഞാന്‍ മീന്‍ കുഞ്ഞുങ്ങളെ പെറുക്കി വെള്ളത്തില്‍ ഇട്ടു വച്ചേക്കാം..മഴ തോരുമ്പം  വാ തരാം.." പാക്കര്‍ജി ഞങ്ങളെ സാന്ത്വനിപ്പിച്ചു.

കണ്ണില്‍ കൂടി കണ്ണീരും മഴ വെള്ളവും ധാര ധാരയായി ഒഴുകുമ്പോള്‍
" ഡാ, പോത്താ എന്താ ഇത്ര അര്‍ജന്റ്.." പാക്കര്‍ജി വീണ്ടും യാത്ര തുടങ്ങിയിരുന്നു..

പാട വരമ്പിന്‍ അരികിലെ കൈത്തോടില്‍  എവിടെ നിന്നൊക്കെയോ ഒഴുകി വന്ന കൈത പൂക്കളും .. പിന്‍ നിന്ന   കണി കൊന്ന പൂക്കളും,   ശംഖു പുഷ്പങ്ങളും    ഒരു പൂവിന്‍ ചുഴി തീര്‍ത്തു കറങ്ങുന്നു..
ഞങ്ങള്‍ കണ്ണോടു   കണ്ണ്‌  നോക്കി പെരു മഴ നനഞ്ഞ് പാട വരമ്പില്‍ ....
ദൂരെ അടിമരം വച്ച് തിമിര്‍ക്കുന്ന പാക്കര്‍ജിയുടെ ഒച്ച മഴയിലും മുകളില്‍ ..."വലത്താ ..പോത്താ.."

2011, മാർച്ച് 27, ഞായറാഴ്‌ച

സുജേഷ്

അണ്ണാ  "സുമേഷിന്റെ അനിയന് സുഖമില്ല   കല്ല്‌  ചുമ്മൂന്നതിനു ഇടയില്‍ അവന്റെ കാലേല്‍ പാറ കല്ല്‌ വീണു ഒടിഞ്ഞു.. മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടില്‍ വന്നിട്ടുണ്ട്.."  സന്തത സഹാചാരികളില്‍ ഒരുവന്‍ ജങ്ക്ഷനില്‍ വച്ച് പറഞ്ഞു..

ഓര്‍മ്മകള്‍  മെല്ലെ ആകാശ ചരിവില്‍ നിന്നും പറന്നു വന്നു..വെള്ള ചിറകു വീശി ഇളം കാറ്റുപോലെ..പൂത്ത കണിക്കൊന്നയില്‍ ചേക്ക ഇരുന്നു..
സുമേഷും ഞാനും ഒന്നിച്ചു ഒന്നാം ക്ലാസില്‍ വച്ച് കണ്ട ചിത്രം ..പിന്നത്തെ ക്ലാസുകള്‍..
അവന്റെ കാക്കി വള്ളി നിക്കര്‍ മുട്ടോളം   നടക്കുമ്പോള്‍ കാലുകള്‍ കൂട്ടി ഉരസുമ്പോള്‍  "ശീ ശേ "   എന്നൊരു ശബ്ദം 

ആരോ കൊടുത്ത വെള്ള ഉടുപ്പ്  നിക്കറിന്റെ അകത്തേയ്ക്ക് കയറ്റി വലിയ ഫാഷനില്‍ കൈകള്‍ തെറുത്തു വച്ച്  അങ്ങനെ നിക്കുമ്പോള്‍ ഒരു ഉമ്മര്‍ സ്റ്റയില്‍..പക്ഷെ ഉടുപ്പിനകത്തു ശരീരം  പഞ്ചസാര ചാക്കിലെ സൂചി പോലെ ആയിരുന്നു എന്ന് മാത്രം..പാവം ..സ്ലേറ്റിന്റെ   പൊട്ടി പോയ മുറിയില്‍ കടം വാങ്ങിയ കല്ല്‌ പെന്‍സില്‍ കൊണ്ട് ചെമ്പരത്തി പൂവിന്റെ പടം   വരയ്ക്കുമായിരുന്നു  ..ക്ലാസില്‍ ഒന്നാം പാഠം  വായിക്കുന്നതിനിടയില്‍ അതിനു നല്ല കിഴുക്ക്‌  എന്നും പല ആവര്‍ത്തി കിട്ടുമായിരുന്നു..

പക്ഷെ ഇടയ്ക്ക് ഓടി പോയി ടീച്ചേഴ്സ് മുറിയിലെ ഓട്ടു മൊന്തയില്‍ കേശവന്‍ ചേട്ടന്റെ കാപ്പി കടയില്‍ നിന്നും  കട്ടന്‍ വാങ്ങി കൊണ്ട് കൊടുത്തു അവന്‍ വലിയ ശിക്ഷാ വിധികളില്‍ നിന്നും വിടുതല്‍ നേടുമായിരുന്നു..സാറന്മാര്‍ കൊടുക്കുന്ന ചെറിയ പടി നിക്കറിന്റെ പോക്കറ്റില്‍ ഇട്ടു കെട്ടും.."അനിയന്‍ അനിയത്തി അമ്മ ഇവര്‍ക്കൊക്കെ കൊടുക്കണം " എന്ന് എപ്പോഴും  പറഞ്ഞു കൊണ്ടേ  ഇരിയ്ക്കും ..ഓടുമ്പോള്‍ ചില്ലറ തുട്ടുകള്‍ കിലുങ്ങാതിരിയ്ക്കാന്‍  കൂട്ടി പിടിക്കും. 
വലിയ ധനികന്റെ പത്രാസ് !!

സുമേഷിന്റെ മൂത്ത പെങ്ങള്‍ നാലാം ക്ലാസില്‍ പഠിയ്ക്കുന്ന സുജ  ചോദിച്ചാലും അവന്‍ കൊടുക്കില്ല..അനിയത്തി സുധയോടാ അവനു കൂടുതല്‍ ഇഷ്ടം..അനിയനോടും.    "സുജെടച്ചന്‍  വേറെയാ.." അവന്‍ പറയും.
"നിന്റെ അച്ഛനോ " ഞാന്‍ ചോദിക്കരുതാത്തത്  ചോദിച്ചു..അവന്‍ ഒട്ടും മടിക്കാതെ മറു പടി തന്നു.." ആ ..ആരോ ഒരാള്‍   എനിക്കറിയില്ല..അങ്ങ് ദൂരെ ആണെന്ന് അമ്മ പറഞ്ഞു" എന്നിട്ട് അവന്‍ ഒരു കല്ലെടുത്ത് ഉന്നം നോക്കി മാവിന്‍ കൊമ്പില്‍ ഇരുന്ന  കാക്ക തമ്പുരാട്ടിയെ എറിഞ്ഞു.. "സുധ ഉണ്ടായപ്പം പോയതാ..എന്നും പറഞ്ഞു.."

ഞാന്‍ കുഞ്ഞു മനസ്സില്‍ ചിത്രങ്ങള്‍ കോറി നോക്കി ഒന്നും ചേരുന്നില്ല  രൂപങ്ങള്‍ മാറിയും മറിഞ്ഞും  പോകുന്നു..

ഉച്ചയ്ക്ക് വിടുമ്പോള്‍ പാറ മുകളിലെ അവന്റെ വീട്ടില്‍ പോകാന്‍ ഇഷ്ടമായിരുന്നു..അവിടെ നിന്ന് കൂകിയാല്‍ ആയിരം പേര്‍ ഒന്നിച്ചു  തിരിച്ചു കൂകുംപോലെ..   വീടെന്നു പറയാന്‍  നാല് കീര്‍ ഓല മെടഞ്ഞു പറങ്കി മാവിന്‍ കൊമ്പു കൊണ്ട്  താങ്ങി നിര്‍ത്തിയ  ഒരു പാവം കുടില്‍..മുകളില്‍ പുല്ലും ഓലയും മേഞ്ഞിരിക്കുന്നു..എന്നാല്‍ അകത്തെ മെഴുകിയ തറയുടെ കുളിര്‍മ..പറയാവതല്ല..അതിന്മേല്‍ കിടന്നാല്‍ ഓല പാളികള്‍ക്കിടയില്‍ കൂടി വരുന്ന കാറ്റ് ഏറ്റു അറിയാതെ ഉറങ്ങി പോകും.. മൂലയില്‍ വച്ചിരിക്കുന്ന ഓട്ടു നിലവിളക്കിന്‍ ചോട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ ദൈവങ്ങള്‍!  അമ്മ എവിടെയോ പണിയ്ക്ക് പോയിരിയ്ക്കുന്നു.

"അങ്ങേ മലയില്‍ നിന്നും എല്ലാ വെള്ളിയാഴ്ചെം  രാത്രി ഈ മലയിലേയ്ക്ക്‌ യക്ഷി  പറക്കുമെന്ന് അമ്മ പറഞ്ഞു..
  ദാ  ആ   കാണുന്ന പനേലാ  താമസം"  സുമേഷ് പറഞ്ഞപ്പോള്‍ ഞങ്ങളും ഉച്ചയുടെ നിശബ്ദതയില്‍ ഒരു ഹൂമ്കാരം കേട്ടു...   പനം  കൈകള്‍ കാറ്റില്‍ താളം ഇടുന്നു..
 "അപ്പോള്‍ നിനക്ക് പേടിയില്ലേ.." ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു  
"ഞങ്ങള്‍  അമ്മയെ കെട്ടി പിടിച്ചു കെടക്കും.."  സുധയുടെ മറു മൊഴി.

  വീടിനോട്  ചേര്‍ന്ന പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ഇലഞ്ഞി മരത്തിന്‍ ചോട്ടില്‍ ഞങ്ങള്‍ സാറ്റ് കളിക്കും..അപ്പോള്‍ സുധയും അനിയനും മറ്റു പിള്ളാരും വരും..സുജയെ കളിപ്പിക്കില്ല..അല്ലെങ്കില്‍ സുമേഷ് പെണങ്ങി പോകും..
സുജ ഇലഞ്ഞി പൂ പെറുക്കി മാല കെട്ടി അവനും കൊടുക്കും  അവന്‍ മനസില്ല മനസോടെ അത് വാങ്ങും..മിണ്ടില്ല.

ഉച്ച ഊണ് ഒന്നും പതിവില്ല..തെളി നീര്‍ പാള  തൊട്ടിയില്‍   പാറ ചരുവിലെ കിണറ്റില്‍ നിന്നും കോരി കുടിയ്ക്കും..പിന്നെ കണ്ണി മാങ്ങാ ഉണ്ടെങ്കില്‍ അത് പൊട്ടിച്ചു ഉപ്പും ചേര്‍ത്ത്..
വിശപ്പ്‌  മൂക്കുന്നവര്‍ മൂക്കുന്നവര്‍ കളി നിര്‍ത്തി പിരിയും ..അപ്പോള്‍ പാറ മുകളില്‍ സുമേഷ് എല്ലാവരെയും കൈ ആട്ടി യാത്ര അയയ്ക്കും. 

" അണ്ണാ പോകുന്നോ അവിടെ വരെ"  എന്റെ മറു പടിയ്ക്ക് കാത്തവന്‍ ക്ഷമ കെട്ടപ്പോള്‍ ഉറക്ക ചോദിച്ചു..
അപ്പോളാണ് ഓര്‍മയുടെ പത്തായത്തില്‍ ആയിരുന്നു ഞാന്‍ എന്നറിഞ്ഞത്.. അര മനസ്സോടെ  പുറത്തു വന്നു..
അവന്റെ ഓട്ടോ റിക്ഷയില്‍ കേറി .." ശരിയെടാ  അവിടെ വരെ  പോകാം അവന്റെ അമ്മയെയും ഒന്ന് കാണാം.."

വീണ്ടും ഞാന്‍ ഇലഞ്ഞി മര ചോട്ടില്‍  എത്തി..
നാലാം ക്ലാസ് കഴിഞ്ഞു പോകാറായപ്പോള്‍   വാര്‍ഷിക പരീക്ഷ അടുത്ത ഏതോ ഒരു നാള്‍ ആരോ ക്ലാസില്‍ പറഞ്ഞു "നമ്മുടെ  സുമേഷിന്റെ പെങ്ങള്‍ സുജ വെഷം കുടിച്ചു.."
കേട്ട പാതി ഞങ്ങള്‍ ഓടി  പാറ മുകളില്‍ എത്തി..നേരിയ വിങ്ങലുമായി തലയില്‍ കൈ കൊടുത്തു സുമേഷിന്റെ അമ്മ ചലനം അറ്റ് കിടക്കുന്ന സുജയെ നോക്കി ഇരിയ്ക്കുന്നു...വാടിയ ഇലഞ്ഞി മാല പോലെ വെറും തറയില്‍ കെടക്കുന്നു സുജ...
മുഖത്ത് ആരെയും തോല്‍പ്പിക്കാന്‍ കഴിയാത്തവള്‍ എന്ന് എഴുതി വച്ചപോലെ ഒരു മന്ദഹാസം.

സുമേഷ്   കല്ലെടുത്ത് ഉന്നം പിടിച്ചു കാക്ക തമ്പുരാട്ടിയെ എറിയുന്നു..
നാലാം ക്ലാസില്‍ പിരിഞ്ഞു..പിന്നെ എപ്പോഴോ ആരോ പറഞ്ഞു .." നാലില്‍ തോറ്റപ്പോള്‍   സുമേഷ്  നാട് വിട്ടു പോയി..എവിടാന്നു  ആര്‍ക്കും അറിയില്ല..."

പാവം അവന്റെ അമ്മയെ  വിളറിയ മുഖത്തോടെ വല്ലപ്പോഴും കാണുമായിരുന്നു.  എല്ലും തോലും ഒട്ടിയ കവിളും..ജന്മങ്ങള്‍ ഒടുങ്ങയതിനും  വിട പറഞ്ഞതിനും മൂക സാക്ഷി..അമ്മ ഭൂമി പോലെ.

" ഇതാ സുമേഷിന്റെ വീട് ..." ഓട്ടോ നിര്‍ത്തി . പാറ മുകളിലെ വീടൊക്കെ ആരോ പാറ തുരന്നു പൊട്ടിച്ചപ്പോള്‍ ചിതറി പോയിരുന്നു..ആ അമ്മയുടെ സ്വപ്‌നങ്ങള്‍ പോലെ...ഭൂമിയുടെ സ്വപ്‌നങ്ങള്‍ പോലെ.

കട്ടിലില്‍ കെടക്കുന്ന  സുമേഷിന്റെ അനിയന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്‌ തടഞ്ഞു..കൈയ്യില്‍ ഉണ്ടായിരുന്ന നൂറു രൂപ അവന്റെ തല കീഴില്‍ വച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. സുമേഷിന്റെ ഓര്‍മ്മകള്‍ ആകാം..ബാല്യം കൈ മോശം വന്ന എത്രയോ സുമേഷും സുജ മാരും  ആ കണ്ണിലൂടെ എന്നെ നോക്കി.
 തിരിയുമ്പോള്‍ മുന്‍പില്‍ അവന്റെ അമ്മ ...
"ആരാ കുഞ്ഞേ..എനിക്ക് തിമിരം കാരണം ഒന്നും കാണാന്‍ വയ്യ ..ഈ കട്ടിലില്‍ കെടക്കുന്നവന്‍ പാറ ചുമ്മി വേണം മൂന്നു വയര്‍ കഴിയാന്‍..അതിനിടയില്‍ കണ്ണ് കാഴ്ച ആര് നോക്കാന്‍ ..ഭഗവാനെ"

കൂടെ വന്ന ഓട്ടോ സുഹൃത്ത് എന്നെ പരിചയപ്പെടുത്തി..വേണ്ടിയിരുന്നില്ല എന്നാണു തോന്നിയത്..
ആ അമ്മ അലമുറയിട്ടു കരഞ്ഞു.."നിന്റെ കുഞ്ഞിലെ പോയതല്ലിയോ എന്റെ സുമേഷും  സുജയും..വര്ഷം  മുപ്പത്തേഴു കഴിയുന്നു..എന്റെ മോനെ നീ വന്നപ്പം എനിക്ക് നിന്നെ ശരിക്ക് കാണാനും വയ്യ.." 
ചക്ക അരക്കിന്റെ ഒട്ടല്‍ ഉള്ള കൈ എന്റെ കൈ പിടിച്ചു തിരുമ്മി..പാറ മുകളിലെ ഇലഞ്ഞി മരത്തിന്റെ തണലോളം പോന്ന കുളിര്‍മ...ആ മണം.

"ഡാ..സുജേഷേ .."   അമ്മ എനിക്കറിയാത്ത ഒരു മൂന്നാം പേര്‍ വിളിച്ചപ്പോള്‍ ..എന്റെ സംശയം തീര്‍ക്കാന്‍ കട്ടിലില്‍ കെടന്ന അനിയന്‍ പറഞ്ഞു.." ഇളയവള്‍ സുധെടെ മോനാ ..രണ്ടു കൊല്ലം മുന്പ് അവള്‍ ബോംബയില്‍ ഒരപകടത്തില്‍ പെട്ട് മരിച്ചു പോയി..ഭര്‍ത്താവ്  നേരത്തെ പോയിരുന്നു..അന്ന് മുതലേ ഇവനെ ഞങ്ങളാ നോക്കുന്നെ..അവള്‍ക്കു വലിയ വരുമാനം ഒന്നും ഇല്ലായിരുന്നു..മിടുക്കനാ ഇപ്പം എഴാം ക്ലാസില്‍ "


"ഞങ്ങള്‍ അമ്മയെ കെട്ടി പിടിച്ചു കെടക്കും" എന്ന് സുധ പേടിയോടെ പറഞ്ഞത് എന്റെ കാതില്‍ മുഴങ്ങി..

സുജേഷ്    വന്നു വലിയ അമ്മയെ കെട്ടി പിടിച്ചു നിന്നു  "വല്യ ക്രിക്കറ്റ് കളി കാരനാ മോനെ..നന്നായി പാടും..ഇവനാ ഇപ്പം ഞങ്ങടെ സുമേഷും  സുജയും  സുധയും എല്ലാം..ഇവനെ എങ്കിലും എനിക്കൊരു കൊള്ളി വയ്ക്കാന്‍ വച്ചേക്കണേ എന്റെ തിരുവാറന്‍ മുളയപ്പാ ...."

അമ്മയുടെ അലറി കരച്ചിലില്‍ ഞാനും ഒലിച്ചിറങ്ങി..പെരു മഴയില്‍ പാറ തകര്‍ന്നു അലറി വരുന്ന മല വെള്ള പാച്ചിലില്‍ നുരയും പതയും ..കട പുഴകിയ ഇലഞ്ഞി മരവും ..യക്ഷി പനയും..ഓല കീറുകള്‍  കുത്തി മറച്ച കുടിലും 
അതിനെല്ലാം മുകളില്‍ പൊട്ടിയ ഒരു ഇലഞ്ഞി പൂ മാലയും..