Powered By Blogger

2009, ജൂലൈ 10, വെള്ളിയാഴ്‌ച

ഇരുട്ട്

ഇപ്പോള്‍ മനസ്സില്‍ വന്ന ആ ഇരുണ്ട കണ്മഷി നിറം...
സന്ധ്യ കനക്കുമ്പോള്‍...
നിലാവുപോലും എത്തി നോക്കാന്‍ മടിക്കുന്ന ഇരുട്ട്.
അത് പ്രകൃതി..

എന്നാല്‍ ഇതു പ്രകൃതിയുടെ ഒരു വികൃതി...
ആള്‍ രൂപം...പേരു രവി.!! നാട്ടുകാരുടെ" ഇരുട്ട്"
പകല്‍ വെളിച്ചത്തില്‍ പോലും ടോര്‍ച്ച്‌ മിന്നിച്ചു നോക്കണം ആളിനെ കാണാന്‍!

ഉദയത്തിന്റെ സ്വര്‍ണ വര്‍ണം വാരി പൂശി ഉയര്‍ന്നു വരുന്ന സാക്ഷാല്‍ സൂര്യന്‍..
പ്രസവിച്ച അമ്മയുടെ വൈരുദ്ധ്യാത്മക പേരിടല്‍.. സൂര്യന്റെ പരിയായമായി തന്റെ മകന്‍..

ഇന്നേക്ക്‌ പത്തു പതിനഞ്ച് കൊല്ലം മുന്‍പ്‌ ബോംബെ നഗരത്തിലെ ഏതോ തീവണ്ടി പാളത്തില്‍
അലറി പാഞ്ഞ പുകയില്ലാ വണ്ടി കോരി എടുത്തുകൊണ്ടു ഇരുട്ടിലേക്ക്‌ മറഞ്ഞ ഒരു ജന്മം.

അടി മുതല്‍ മുടി വരെ എണ്ണ കറുപ്പായത് കാരണം..ഇരുളിന്റെ മറവില്‍ ഇരുന്നുള്ള തൊഴിലായിരുന്നു
രവിക്കെന്നും പ്രിയം..വാറ്റ്‌ ....അസാമാന്യ കരവിരുതും ഈ കലയില്‍ ഉണ്ടായിരുന്നു പോലും..
നാട്ടിലെ കുടിയന്മാരുടെ കണ്ണിലുണ്ണി ...അവരുടെ ഭാര്യമാരുടെ കണ്ണിലെ കരടും..

അച്ഛന്റെ വലം കൈ ആയിരുന്നു..ഇരുളും വെളിവും അറിയാത്ത പരുവത്തില്‍..പമ്മി പമ്മി
വന്നു എന്നോട് രണ്ടു അരുതാ കഥ പറഞ്ഞു തന്നിട്ട് നേരെ അകത്തെ മുറിയിലേക്ക്‌
അമ്മ കാണാതെ
അരയില്‍ നിന്നും സാധനം" ഇറക്കി വച്ച് വെളുക്കെ ചിരിച്ച് ഒരു ബീഡിയും കത്തിച്ചു..
"താഴംബൂ മണമുള്ള..."പാട്ടും പാടി ഞാനൊന്നും അറിഞ്ഞില്ലേ നാരായണാ എന്ന ഭാവത്തില്‍...ഒരു പോക്കാണ്.
പോകുന്ന കൂട്ടത്തില്‍ എന്നെ തോണ്ടി പറയും...".വേണേല്‍ സ്വല്പം നോക്കിക്കോ വിശപ്പിനു നല്ലതാ"
ഉണങ്ങിയ വാഴ ഇലയുടെ അടപ്പ് തുറക്കുംബോഴേ മുറി ആകെ ഒരു മയക്കുന്ന മണം...ശര്കരയാണോ ..കള്ളാണോ അതോ അരിഷ്ടമാണോ..
രവി എപ്പോഴേ മറഞ്ഞിരിക്കും..വീണ്ടും രാവിന്റെ മറപറ്റി..അടുത്ത ചട്ടിയും വാലിയും ഒരുക്കാന്‍..

അങ്ങനെ അത്യാവശ്യം എക്സൈസ് എമ്മന്മാരുടെ അടി നടകള്‍ സഹിക്കാന്‍ വയ്യാതെ പാവം ഏതോ വഹയിലുള്ള അളിയന്റെ കൂടെ ബോംബെക്ക് ..
ഇപ്പോഴും ഓര്‍ക്കുന്നു ആരോ കൊടുത്ത ബെല്‍ ബോട്ടം പാന്റും കൈ നീളന്‍ ഉടുപ്പുമെല്ലാം ഇട്ടു പത്രോസ് കാട്ടി
രവി വന്നു യാത്ര പറഞ്ഞത്..അപ്പോഴും ആ മണം..മയക്കുന്ന ...

പിന്നെ ഒരിക്കല്‍ കേട്ടു...രവിയും കരവിരുതും ഇരുളില്‍ മറഞ്ഞു എന്നും..കിട്ടിയ ശരീര ഭാഗങ്ങള്‍ ബോംബയില്‍ തന്നെ മറവു ചെയ്തു എന്നും....സൂര്യനാകാന്‍ ജന്മം കൊടുത്ത അമ്മയുടെ പതിഞ്ഞ തേങ്ങല്‍ ഇന്നും മനസ്സില്‍
മുള്ളായി ഉടക്കി കിടക്കുന്നു...

5 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

raviyude chitram manassil pathinju!

ശ്രീ പറഞ്ഞു...

ഇരുട്ട് രവിയെ പരിചയപ്പെടുത്തിയതിനു നന്ദി മാഷേ.

അരുണ്‍ കരിമുട്ടം പറഞ്ഞു...

നന്നായിരിക്കുന്നു
ശരിക്കും രവി ഉള്ളതാണോ?

ullas പറഞ്ഞു...

ദിവസവും എത്ര രവിമാര്‍ മുംബയിലെ തീവണ്ടി പാളങ്ങളില്‍ ചുവപ്പ് പുള്ളികളായി മാറുന്നു .ഒരു യാത്ര ക്കാരനും തിരിഞ്ഞു പോലും നോക്കുന്നില. . മരണ സര്‍ട്ടിഫിക്കറ്റ് പോലും കുറിക്കപ്പെടുന്നില്ല.

smitha adharsh പറഞ്ഞു...

'ഇരുട്ടിനെ' നേരില്‍ കണ്ടത് പോലെ..
നന്നായിരിക്കുന്നു..
വായിക്കാതെ വിട്ട പോസ്റെല്ലാം വായിച്ചു കേട്ടോ..