Powered By Blogger

2009, നവംബർ 1, ഞായറാഴ്‌ച

ഓപ്പ

കേരളം പോലെ ഒരു വശം അല്പസ്വല്പം നേരെ എന്നാല്‍ മുന്‍ വശം ആകെ കയറി ഇറങ്ങി..ഉണ്ണി കുട വയറിന്‍ നടുവില്‍ ഉണ്ണി അപ്പത്തോളം ഒരു പുക്കിള്‍..
നെഞ്ചില്‍ ആകെ നാലേ നാല് രോമം ..മാറ് മറയ്ക്കാന്‍ മാത്രം ഉള്ള മാറും!
കൈയില്‍ സദാ ഒരു വടി ഒരു കുട.. കുടയുടെ നിറം വെള്ള ..ഫോറിന്‍ ഒന്നുമല്ല കാലപഴക്കത്താല്‍ കറുപ്പും വെളുപ്പാകും എന്നുള്ള സാമാന്യ തത്വം.കുടയ്ക്കും ബാധകം.
വെള്ള മുണ്ടും വെള്ള മേല്‍മുണ്ടും..കൈ കാലുകളില്‍ ആകെ ഭസ്മം വാരി പൂശി..മെതി അടിയും ഇട്ടു ഓപ്പ വരുന്നത് കാണാന്‍ എന്താ ഒരു കേരളത്വം..

ഏഴു വെളുപ്പിനും മുന്‍പ്‌ എഴുന്നേല്‍ക്കും..വിഷ്ണു സഹസ്ര നാമം ആരോഹണത്തില്‍ ചൊല്ലി..കഴുവേറീടെ മോളെ..എന്നുള്ള അവരോഹണത്തില്‍ അവസാനിക്കുമ്പോള്‍ സ്വന്തം ഭാര്യ എന്നത്തേയും പോലെ എഴുന്നെല്കും..അപ്പോള്‍ കാക്കകള്‍ ഉണര്‍ന്നു വരുന്നതെ ഉള്ളൂ...വിളിയുടെ നാനാര്‍ഥങ്ങള്‍ പുള്ളിക്കാരിക്കറിയാം..എഴുന്നേറ്റ്‌ ഇല്ലെന്കിലുള്ള അനര്ധങ്ങളും ...
കാലത്ത് രണ്ടു കോപ്പ കട്ടന്‍കാപ്പി ഒപ്പയ്ക്ക് മസ്റ്റ്‌ ..കൂട്ടത്തില്‍ ചെറു കടി ആയി ചക്കക്കുരു ചുട്ടതും..
അര നൂറ്റാണ്ടത്ത്തെ ചര്യ ..അത് കൊണ്ട് തന്നെ ഓപ്പ വീട് വിട്ട് എങ്ങോട്ടും ഇല്ല. അഥവാ പോയാലും ചക്കക്കുരു ടു ചക്കക്കുരു ഒണ്‍ലി.
ഇനി കാപ്പിയും കടിയും കഴിഞ്ഞാല്‍ വീണ്ടും സഹസ്രനാമാം ഉച്ച സ്ഥായിയില്‍..ഏകദേശം ഒമ്പത് മണീടെ ബസു പോകും വരെ ..ഇനി ബസു വന്നില്ലെങ്കിലും ഓപ്പയ്ക്ക് സമയം കിറു കൃത്യം..തേങ്ങാ പാലോഴിച്ച പുന്നെല്ലിന്‍ കഞ്ഞി..ഒരു പാത്രം മുന്‍പില്‍ ...ഒന്‍പത് അഞ്ചിന് മുന്‍പ്‌ എത്തണം...ഇല്ലാച്ചാല്‍ വിളി ഇത്തിരി ഗ്രേഡ് കൂട്ടി "തന്തേല കഴുവേരിടെ മോളെ" എന്നാക്കും ...
എങ്ങനായാലും ഒരു നൂറ്റൊന്നാവര്‍ത്തി ഈ വിളി കേള്‍ക്കാതെ ഇച്ചേയി രാത്രി കിടക്ക പൂകാറില്ല!
ഒരു പരാതിയും അവര്‍ ഒട്ടു പറയാറുമില്ല. പിറ്റെന്നതെക്കുള്ള ചക്ക കുരു ചെരണ്ടി ..കാപ്പി പൊടിയും ..വെള്ളവുമെല്ലാം സുരക്ഷിതമാക്കി വക്കും.
ഉച്ച ഊണിനു ഓപ്പയ്ക്ക് അത്ര വലുതായൊന്നും വേണ്ട പരിപ്പും പപ്പടവും നിര്‍ബന്ധം.
ഇത്തിരി കൊണ്ടാട്ടവും ശകലം അവിയലും കൂടി ആയാല്‍ തല ഉയര്‍ത്തി "എടിയെ" എന്നൊന്ന്  വിളിച്ച്ചാലായി ...മറ്റൊന്നിനുമല്ല കരിങ്ങാലി ഇട്ടു തെളപ്പിച്ച വെള്ളതത്തിനാ..
ഊണ് കഴിഞ്ഞ പത്തായത്തിന്റെ പുറം ഒന്ന് തുടച്ചു മിനുക്കി കേറി കിടന്ന് ഒറ്റ കൂര്കം ...
ഉണര്‍ന്നു കാല്‍ നിലത്തു വയ്ക്കും മുന്‍പേ കട്ടന്‍ റടി..
പിന്നെ മെതി അടിയില്‍ കേറി വഴി വക്കില്‍ നിന്ന് കരയോഗം..
ഒട്ടും വൈകാതെ തരിച്ചു കിണറ്റിന്‍ കരയിലേക്ക്‌
അവിടെ എണ്ണയും ഇന്ച്ചയും കുട്ടകത്തില്‍ വെള്ളവും എപ്പോഴേ തയാര്‍!
കോണകം അഴിച്ചെടുത്ത്‌ ഒന്നുലച്ചു പിഴിഞ്ഞ് ..കുടഞ്ഞു നിവര്‍ത്തി കിണറ്റിന്‍ കരയിലെ അയയില്‍ തൂക്കി
രണ്ടു കോപ്പ വെള്ളം തലയില്‍ കൂടി അങ്ങോട്ടോഴിക്കുമ്പോള്‍ അര്‍ജുന പത്തും ജപിക്കുന്നത്‌ കേള്‍ക്കാം..
കുളി കഴിഞ്ഞു തിണ്ണ എത്തുമ്പോള്‍ കുടുക്കയില്‍ ഭസ്മം തനിയെ അഭിഷേകം.
ശിവനും തോല്കും!
തിണ്ണയില്‍ നിന്നും നില വിളക്ക് വരെ..ജപം.തിരികെ തിണ്ണ ..
അപ്പോള്‍ സന്ധ്യ..കഞ്ഞീം ചേന അസ്ത്രോം നിലവിളക്കിന്‍ വെട്ടത്തില്‍ അമ്രുതെത്ത് ..കിണ്ടീല്‍ വെള്ളം ഒരു വാ ഉഴിന്ജ്‌
തോര്‍ത്ത്‌ എടുത്ത് മുഖം തുടച്ച് ..മെതി അടി ഇട്ടു മുറ്റത്തിന്റെ കൊണിലോട്ടു നിന്ന് സ്വല്പം മൂത്രം മുത്തി തിരികെ വന്നു മെതി അടി ഊരി തിണ്ണയുടെ കോണില്‍ വച്ച്..
പത്തായം ഒന്നൂടെ തുടച്ച് നാരായണാ എന്നുള്ള നാമത്ത്തോടെ വീണ്ടും ഒരു ശീല്‍ കൂര്‍കം ...
ഇച്ചേയി കതകുകള്‍ അടച്ച് ചക്ക കുരുവുമായി വിളക്കിന്‍ മുന്‍പില്‍ കാലും നീട്ടി...കൂര്‍ക്കത്തിന്റെ താളത്തില്‍ ലയിച്ച്....

.

3 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

"ഓപ്പ" ഒരു പാട് പഴയ ഓര്‍മ്മകള്‍ തന്നു !

Anil cheleri kumaran പറഞ്ഞു...

രസകരമായ വിവരണം. ഓപ്പ കലക്കി.

കണ്ണനുണ്ണി പറഞ്ഞു...

എന്താ സുഖം...
ഭാഗ്യവാന്‍...