അമ്മയുടെ അരുമ ആങ്ങള ഒരു കുലയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വെള്ളക്ക...അല്ലെങ്കില്‍ കരിക്ക് പരുവം.
ചെറുതിലെ ആരുമറിയാതെ കുല വിട്ട് താഴെ ചാടി മറു വഴിയെ വള്ളി നിക്കറും വെള്ളി തുട്ടുമായി സംസ്ഥാനം കടന്നു.
എല്ലാവരും കരഞ്ഞു..അമ്മയും അച്ഛനും അല്‍പ സ്വല്പം നേര്‍ച്ച ഒക്കെ നേര്‍ന്നു..ഒന്ന് രണ്ടു മണ്ഡലകാലം നാല്പത്തൊന്നു നോയമ്പും നോക്കി മലയും ചവിട്ടി..പക്ഷെ മകനെ പറ്റി നമ ശിവാ ..വിവരം ഒന്നുമില്ല.
നാളേറെ പോയ വാറെ അഞ്ചില്‍ നാലേ ഉണ്ടായുള്ളൂ എന്നൊരു തീര്‍പില്‍ അച്ഛനമ്മമാര്‍ ആശ്വാസം കണ്ടെത്തി.
അങ്ങനെ ഇരിക്കെ ഒരു അനന്തിരവന്റെ ഫോണില്‍ ശുദ്ധ തമിഴ് ഭാഷയില്‍ "ഇത് നാന്താന്‍ ..ഉങ്കളുക്കു മാമന്‍..ഇങ്കെ കൊടംബാക്കത്തിലെ ഇരുന്ത് ...പേശരുത് .." അനന്തിരവന്‍ ഞെട്ടി അമ്മയുടെ അടുത്തേയ്ക്ക് ശീഖ്രം ഫോണുമായി ...
അമ്മയും ആങ്ങളയും നെഞ്ചോട് നെഞ്ച്..അമ്മയ്ക്ക് ഇത്രയും തമിഴ് വശമോ..അച്ഛനും അന്തം വിട്ട്..അങ്ങനെ ഒരേ നില..
"നമ്മുടെ ഗോപിയാ അവന്‍ ഇങ്ങോട്ട് വരുവാന്നു ..ദൈവമേ എന്റെ കുഞ്ഞിനെ ഈ വയസൂകാലത്ത എങ്കിലും തിരിച്ചു കിട്ടിയല്ലോ."
"ഇനി എന്നാത്തിനാ വയസ്സ് കാലത്ത് ഇവിടുള്ളതും പോരാന്ജ് അവനും ബെഡ് പാന്‍ വാങ്ങാനോ?"
അച്ഛന് ചൊറിഞ്ഞു.."എന്നാ ഇങ്ങോട്ട്" ചില കലാശങ്ങലോടെ അച്ഛന്റെ നടനം..
അല്ലേലും സഹോദര സ്നേഹം പോയിട്ട് സ്വന്തം മക്കളെ പോലും നിങ്ങള്‍ക്ക് സ്നേഹമില്ലല്ലോ.." അമ്മ ജ്വലിച്ചു..
"അയ്യോ..വരുമ്പോള്‍ ഒരു ചാക്ക് സ്നേഹം കൂടി കൊണ്ട് വരാന്‍ അവനോടു പറ...കാണാന്‍ കൊതിയാ.." അച്ഛനും വിടാന്‍ ഭാവമില്ല.
അങ്ങനെ നമ്പര്‍ ട്വന്ടി മദ്രാസ് മെയിലില്‍ അമ്മാവന്‍ വന്നു..
കൈയില്‍ വി ഐ പി യുടെ ഒരു മിലിട്ടറി തുണി പുതച്ച പെട്ടി..കറുത്ത പാന്റും റോസ് കളറിലുള്ള ഉടുപ്പും ..കോളറിനു ഉള്ളിലേക്ക് മടക്കി വച്ച ഒരു കളം കളം കൈലേസ്..സ്റ്റീല്‍ വള ഒരെണ്ണം കണം കയ്യില്‍..കഴുത്തില്‍ ഒരു രുദ്രാക്ഷ മാല..
സ്വര്‍ണ വര്‍ണത്തില്‍ ചെയിന്‍ ഉള്ള ഒരു കരന്ടകം വാച്ച് കൈയില്‍ കെട്ടി കൂടെ കൂടെ സമയം നോക്കുന്നുമുണ്ട്..
കാലില്‍ അറ്റം കൂര്‍ത്ത ഒരു തോല്‍ ചെരിപ്പ് ..
അരയിലെ ബെല്‍റ്റില്‍ അമ്മുനിഷന്‍ ബോക്സ് പോലെ ഒരു വലിയ മൊബൈല്‍ ഫോണ്‍..
മീശ രണ്ടറ്റവും എം എന്‍ നമ്പ്യാര്‍ സ്റ്റയില്‍...വെള്ളിയില്‍ തീര്‍ത്ത ഒരു പല്ല് ചിരിക്കുമ്പോള്‍ അങ്ങ് ദൂരെ കാണാം..
"എന്നാമ്മാ തെരിയുമാ..യാത്ര രോംബം കഷ്ടം..റിസര്‍വേഷന്‍ കിടയാത്" അമ്മയ്ക്ക് വിശ്വാസം വരുന്നില്ല..
ഏറ്റവും ഇളയവന്‍ ഗോപി തന്നെയോ ഇത്..ഹിന്ദി പിച്ചരിലെ പോലെ പകുതി പാട്ട് പാടിയോ, ലോക്കറ്റിന്റെ ഒരു പാതി നോക്കിയോ ഒന്നും തിരിച്ചറിയാന്‍ ഒരു ക്ലൂവും ഇല്ല...ചെവിയുടെ പുറകില്‍ പണ്ട് തെങ്ങാപൂളിനു വഴക്കുണ്ടായപ്പം മൂത്തവന്‍ കടിച്ച പാട് ഇന്നും കാണാം..ഇത് ഗോപി തന്നെ ..അച്ഛന്റെ അതെ ചിരിയാ ഇവനെന്നു അമ്മ പറയുമായിരുന്നു.
"കേറി വാ മോനെ.."അമ്മ.
എണ്‍പത് കാരി എഴുപതു കാരനെ ഇപ്പോള്‍ എടുത്ത് എളിയേല്‍ വക്കുമല്ലോ.." അച്ഛന്റെ ആത്മഗതം!
അമ്മാവന്‍ തിണ്ണയിലെ കസേരയില്‍ ഉപവിഷട്നായി..അച്ഛനും അടുത്തുണ്ട്..ചിതല് പിടിച്ച ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള അളിയനെ സാകൂതം നോക്കി അച്ഛന്‍ എന്തൊക്കെയോ ചിന്തയില്‍..
"നീ കുളിച്ചിട്ടു വാ ഇടടലീം സാമ്പാറും കഴിക്കാം.."അമ്മ
"അക്കാ ..മൂന്നിന് നാല് നേരം ഇത് തന്നെയായിരുന്നു കഴിഞ്ഞ കാലം മൊത്തം കഴിച്ചത്.."
"അവിടെന്നാ ഹോട്ടലായിരുന്നോ?" അച്ഛന്‍
സ്വന്തമല്ലായിരുന്നു ഒരു മാമിയാരുടെ മാനേജര്‍..അവര്‍ക്ക് മട്രാസ് നിറയെ ഹോട്ടല്‍സ് " അമ്മാവന്‍
'ഓഹോ.ഇപ്പം കടിച്ചതും പിടിച്ചതും പോയി അല്ലിയോ" അച്ഛന്‍ മുന്‍പേ എല്ലാം അറിഞ്ഞവനെ പോലെ..
"അങ്കെ എനക്ക് രണ്ടു സംബന്ധം..ഏതാവത് പഴയ പൊണ്ടാട്ടി ഒരു തെലുങ്കനുമായി ഒളിച്ചോടി..അതിലെ കുഴന്തൈകള്‍ ഇല്ല.."
"ഭാഗ്യം" അച്ഛന്‍.
രണ്ടാമത്തേത് വന്ത് ഇന്ത മാമിയാര്‍ ..അതില്‍ രണ്ടു ആണ്‍ മക്കള്‍...ഒരുവന്‍ മാത്രം എനക്ക് സ്വന്തം..."
മറ്റവന്‍ തള്ള പറയുമ്പോലെ..പോക പോക എന്റെ തടീം ചാറും എല്ലാം ഊറ്റി ..എനിക്ക് വയ്യാതായി ..
ഉണ്ടായിരുന്ന പണം മുടക്കി ചായക്കട ഒന്ന് നന്നാക്കി..മൂത്തവന്‍ എന്നെ നോക്കുമായിരുന്നു
പക്ഷെ.." അമ്മാവന്‍ കൈലേസെടുത്ത് കണ്ണ് തുടച്ചു ..കണ്ണീര്‍ ധാരയായി..
"അവന്‍ കഴിഞ ആഴ്ച ഒരു ആക്സിടന്റില്‍ മരിച്ചു പോയി.."
മുറ്റം നിറയെ അമ്മാവനെ കാണാന്‍ വന്നവര്‍ ..എല്ലാവരും ഒരു സിരിയല്‍ കാണുന്ന മാതിരി ഈ കഥയും കേട്ട്..
പതാലിലെ പങ്കജാക്ഷി ഇച്ചേയി വല്യ വായില്‍ അങ്ങ് കരഞ്ഞു .."അല്ലേലും ഈ അമ്മ ഏത് സിര്യല്‍ കണ്ടാലും ഇരുന്നങ്ങു മോങ്ങിക്കോളും" കൂടെ വന്ന മകളുടെ സപ്പോര്‍ട്ട്!
"അപ്പം ഇവിടെ ഒക്കെ അങ്ങ് കൂടാം ഇല്ലിയോ" രായപ്പന്‍ ചേട്ടന്‍
"താന്‍ ഇവിടെ വല്ലോം അന്വേഷിച്ചു വച്ചിട്ടുണ്ടോ.."അച്ഛന്‍ രായപ്പന്‍ ചേട്ടനോട് കാറി..
"അല്ലേലും ഈ അളിയന്‍ തമാശക്കാരനാ എന്ന് കാണുമ്പോഴേ അറിയാം.." അമ്മാവന്‍ സ്വയം ജാമ്യം എടുത്തു.
"ഓ ഇത് കൊറേ മുടിഞ്ഞ തമാശാ " അമ്മയ്ക്ക് പൊറുതി മുട്ടി.
"കൊടുത്തത് കൊടുത്താല്‍ കൊടുപ്പവന്‍ പോകും...ഇന്ത ഉലകത്തിലെ അത് സത്യം" അമ്മാവന്‍ ആര്‍കും അറിയാത്ത ഒരു തമിഴ് പാട്ടും പാടി പെട്ടി സൈഡില്‍ ഒതുക്കി അകത്തെ മുറിയിലേക്ക് മെല്ലെ നടന്നു..
അച്ഛന്‍ താടിക്ക് കൈയും കൊടുത്ത്...എന്തോ ദുരന്തം കണ്ട മാതിരി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ