Powered By Blogger

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ആത്മ കഥ

കോളേജില്‍ ഏറെ രാഷ്ട്രീയ അസ്കിത മൂത്ത് നില്‍ക്കുംപോള്‍..ഇട വഴിയെ ഒരു പ്രേമം കൂടി കേറി വന്നു.
ഉത്തരവാദിത്തങ്ങള്‍ കൂടി. വര്‍ഷാവസാന പരീക്ഷ കഴിഞ്ഞ്..
രണ്ടായാലും രാഷ്ട്രീയത്തില്‍ ശോഭിക്കില്ല എന്ന് തീര്‍ച്ചയാക്കി, ഇനി കുടുംബസ്ഥാനായാല്‍ ശോഭിക്കുമോ എന്ന് നോക്കാം എന്ന് കരുതി..
പരിചയക്കാരിയോടു രജിസ്ടര്‍ വിവാഹം ഇപ്പോള്‍ കഴിക്കാമെന്നും നാല് പുത്തന്‍ കൈയില്‍ വന്നിട്ട് ഒന്നായി ജീവിച്ചു നോക്കാമെന്നും ഒരു അടവ് എടുത്തു നോക്കി. അവള്‍ ഇന്നലേ തയാര്‍..!
അടുത്തുള്ള രജിസ്ടര്‍ ആപ്പീസില്‍ പോയാല്‍ എല്ലാ രഹസ്യ അജണ്ടകളും പൊളിയും..പോരാത്തതിന് വീട്ടില്‍ അല്‍പ സ്വല്പം പൊട്ടലും ചീറ്റലും കേള്‍ക്കുന്നുമുണ്ട്..കാറ്റ് പരത്താത്ത നാറ്റം ഇല്ലല്ലോ!
ദൂരെ പോകണമെങ്കില്‍ അസാരം പണം കൈയില്‍ വേണം..കൂട്ടുകാരിലും തെണ്ടിയായിരിക്കുന്ന ഞാനും..അതിലും തെണ്ടികളായ കൂട്ടുകാരും.
വിഷമ സ്ഥിതി..തരണം ചെയ്യാന്‍..ഒരു വെളിച്ചം പോലെ ദൈവം അയല്‍വാസി സുഹൃത്തിനെ എത്തിച്ചു!
കോണ്ട്രാക്റ്റ് പണിയില്‍ പണം കൊയ്യുന്നവന്‍..സഹൃദയന്‍..പ്രേമിച്ചേ വിവാഹം കഴിക്കാവൂ എന്നും..ഒരിക്കലും പ്രേമം മടുക്കരുത് എന്നും തത്വം ഉള്ള നല്ലവന്‍, സുശീലന്‍ , സുമനസ്സ് , അമ്പോറ്റി...
വിവരങ്ങള്‍ അറിയുകയും ചെയ്യാം..എന്റെ കാലക്കേട്മുന്നേ കണ്ടെന്നവണ്ണം...
അഞ്ഞൂറ് രൂപ തന്നിട്ട് പറഞ്ഞു "എന്നെങ്കിലും തിരികെ തന്നാല്‍ മതി. പിന്നെ നിന്റെ വീട്ടില്‍ ഒന്നും ഇപ്പോള്‍ അറിയണ്ടാ..കുറെ കഴിഞ്ഞ് എല്ലാം ശരിയാകും."
ഞാന്‍ സന്തോഷം കൊണ്ട് തല നൂറു തവണ ആട്ടി.
എല്ലാരും ജാഗ്രതൈ! കണ്ണില്‍ കണ്ട ബസുകളില്‍ നേരെ കോട്ടയത്തിനു..
എല്ലാം മംഗളമായി നടന്നു.
കൂട്ട് കാരികള്‍ പോയതിലും വേഗത്തില്‍ തിരികെ പോന്നു..
കൂട്ടുകാരന്മാര്‍ ഏതായാലും ഇത്രെമായി..ഒരു സിനിമാ കണ്ടിട്ടേ ഇനി ബാക്കി കാര്യമുള്ളൂ..എ.സി തീയേറ്റര്‍ ഒരു സ്വപ്നം മാത്രമായിരുന്നത് ഇതാ കണ്‍ മുന്‍പില്‍...ബെഞ്ചും കസേരയുമില്ലാതെ ഇത്തിരി വല്യ ആള്‍കാരായി സിനിമ എങ്കിലും കാണാമല്ലോ...ഏക്‌ ദിന്‍ ക രാജാ...
തന്നെയുമല്ല അഞ്ഞൂറിന്റെ ബാക്കി പതിരുനൂറുണ്ട് താനും.
നേരെ സിനിമ തിയേറ്റര്‍ പൂകി. നനുത്ത തണുപ്പില്‍ ഇരുന്നൊന്നു കണ്ണടച്ചു...
വൈകിയ വേളയില്‍ വീടെത്തി ..മുറ്റത്ത് നിക്കുന്നു അമ്മയും പെങ്ങളും..
ആകപ്പാടെ ഒരു ചൊവ്വ് കേടുപോലെ..ഒരു മാതിരി ഇഞ്ചി കടിച്ച കുരങ്ങു പോലെ...
"എല്ലാം നന്നായി കഴിഞ്ഞു അല്ലെ?"
അമ്മയുടെ മുന കൂര്‍ത്ത ചോദ്യം കേട്ട് ഒന്ന് പാളി..എങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു..
"എന്ത് കഴിഞ്ഞു..എന്നാ?"
"നിന്റെ കല്യാണം...ഞങ്ങളോടും ഒന്ന് പറയാമായിരുന്നു.."
"കല്യാണമോ?" ഉരുണ്ടു കളിച്ചു നോക്കി...
"ഓ..എല്ലാം നമ്മുടെ കൊണ്ട്രക്ടര്‍ പറഞ്ഞു....ആ പാവം എത്ര നല്ലവന്‍ ..ഒട്ടും കള്ളത്തരമില്ല ..അവന്റെ അമ്മയുടെ ഭാഗ്യം..." (എന്റെ അമ്മയ്ക്ക് ആ ഭാഗ്യം ഇല്ലാതെ പോയി എന്ന് വ്യംഗ്യം!)
അഞ്ഞൂറ് രൂപയിലെ വന്ന്യ മൃഗങ്ങള്‍ പല തവണ തലച്ചോറില്‍ ഇരുന്ന് അമറി...തൃശൂര്‍ പൂരം വെടിക്കെട്ടും ...
ഗണപതിക്ക്‌ വച്ചത്‌ ..കാക്ക കൊണ്ടുപോയി.. ദൈവമേ...

അങ്ങനെ ഈ മാസം ഇരുപത്തി നാലിന് ആ മഹാ സംഭവം കഴിഞ്ഞു  ഇരുപത്തഞ്ചു വര്ഷം ആകുന്നു..
"അറിഞ്ഞ് സഹായിച്ച സുഹൃത്ത് ഇന്നലെയും വന്നിരുന്നു...സില്‍വര്‍ ജൂബിലി ആഘോഷം നടത്തിയാല്‍ ഫൈനാന്‍സ് ചെയ്യാമെന്നും പറഞ്ഞു...."ഇത്രയും നടന്നല്ലോ" എന്ന് ഞങ്ങള്‍ രണ്ടാളും (ഞാനും ഭാര്യയും )" ഇനി എന്ത് ആഘോഷം" എന്നും പറഞ്ഞു സുഹൃത്തിനെ യാത്ര ആക്കി...തമ്മില്‍ നോക്കി പഴയ ചിരി ചിരിച്ചു...
"ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിയ്ക്കും ..അല്ലേ" 
മകളുടെ വഹ മര്‍മം നോക്കി   ഒരു കുത്തും...

അഭിപ്രായങ്ങളൊന്നുമില്ല: