"ങ്ഹാ...പോത്താ ..എന്താ ഇത്ര അര്‍ജന്റ്.."
താഴെ പാടത്ത് നിന്നും കിടിലന്‍ അലര്‍ച്ച ..സാക്ഷാല്‍ ശ്രീമാന്‍ പാക്കരന്റെത്. പുറകെ വേറെ പാക്കരന്മാര്‍ ഉണ്ടെങ്കിലും സൌണ്ട് സിസ്റ്റം ഇത്രയും മെച്ചമല്ല...
ഭഗവാന്‍ കൃഷ്ണന്‍ തേര്‍ തെളിക്കുംപോലെ അടിമരത്തിന്റെ പലകമേല്‍ കയറി നിന്ന് കാഞ്ഞിരത്തിന്‍ വടി ആകാശത്തിലേയ്ക്ക് ചുഴറ്റി..നാന്‍ ആണയിട്ടാല്‍ അത് നടന്നു വിട്ടാല്‍ എന്ന് അണ്ണന്‍ പാടല്കള്‍ പോലെ...
ഒരു അടിമര ഘോഷ യാത്ര! (പാടത്ത് കന്നു പൂട്ടി കട്ടകള്‍ ഉടയ്ക്കുന്ന പ്രക്രിയ ഞങ്ങളുടെ നാട്ടില്‍ അടിമരമാണ്.)
ഘോഷ യാത്ര എന്ന് പറയാന്‍ കാരണം.. നിറ പകര്‍ച്ചകള്‍ ആണ്.. വേഷ വിധാനങ്ങള്‍ ആണ്..
പച്ചച്ച പാട വരമ്പുകളും ..ചേറില്‍ കുതിര്‍ന്ന പാടവും ..കൈതകളും കൈത പൂക്കളും..ചുറ്റി പടര്‍ന്ന പുല്ലാഞ്ഞി വള്ളികളും അതില്‍ കയറി കിടക്കുന്ന കാശാവിന്‍ പൂക്കളും ..ഊളിയിട്ടു പറക്കുന്ന നീല പോന്മാനുകളും..
വര്‍ണങ്ങള്‍ വാരി വിതറി ചിത്ര തുന്നല്‍ തുന്നിയ പട്ടു കൊടി സ്വര്‍ണ കൊടി മരത്തില്‍ ഏറ്റുന്ന പോലെ..
ഒപ്പം ചേറിന്റെയും കൈത പൂവിന്റെയും മണങ്ങള്‍ മാറി മാറി വരുമ്പോള്‍ ഒരു ഭ്രാന്തന്‍ സുഖവും..ഉത്സവം പോലെ.
സൂര്യന്‍ ഉദി തെളിയും മുന്‍പേ തോളില്‍ അടിമര നുഖവുമായി മുന്‍പില്‍ പാക്കരന്‍ (പാക്കര്‍ജി എന്ന് ഞങ്ങള്‍ വിളിക്കും) പുറകെ ആടി പാടി എണ്ണ കറുപ്പന്മാര്‍ പോത്തുകള്‍ രണ്ടെണ്ണം..
കുളമ്പ് മുതല്‍ വാല് വരെ പഴയ ഫയല്‍വാന്‍ മാരുടെ എണ്ണ തേച്ചു മിനുക്കിയ പവര്‍ മാള്‍ട്ട് ബോഡി പോലെ..മിനു മിനാ തിളക്കം..ആവര്‍ത്തിച് ആട്ടുന്ന ചെവിയുടെ ഉള്ളില്‍ നേരിയ ചുവപ്പ് കാണാം..പിന്നെ മൂക്ക് കയറിന്റെ നിറവും...നരച്ച ചുവപ്പ്. കഴുത്തിലെ ശംഖില്‍ വെളുപ്പ്...ആകമാനം അഴക്.
കണ്ണുകള്‍ തെറിച്ചു നിക്കുന്ന ഭാവം..ഒരു മാന്ത്രികന്റെ പോലെ.."ഘ്ര്ര്‍ ' എന്നൊരു ഒച്ചയിട്ട് ബ്രാക്കറ്റ് കൊമ്പുകള്‍ ചരിച്ചു കുലുക്കി പോത്തുകള്‍ തമ്മില്‍ ആശയ വിനിമയം ചെയ്തു..അസാരം മൂത്രം "ഗ.. .ഗ " എന്ന് വീഴ്ത്തി വരുമ്പോള്‍ ..പോത്തിന്‍ ചൂരടിച്ചു ഞങ്ങളുടെ വഴികളും ഒന്ന് അമറും...
പാക്കര്‍ജി വെട്ടു വഴിയില്‍ നിന്നും പാടത്തെയ്ക്കുള്ള ജങ്ക്ഷനില്‍ സ്റ്റോപ്പ് " പറയുമ്പോള്‍...അല്ലെങ്കില്‍ "നില്ലാ പോത്താ" എന്ന് പറയുമ്പോള്‍ അനുസരണയോടെ കണ്ണുകള്‍ ചിമ്മി ..അങ്ങനെ നില്‍ക്കും അവര്‍, അടുത്ത കമാന്റിനു കാതോര്‍ത്ത്.
ഇനി പാക്കര്‍ജിയുടെ "കോസ്ട്യൂം" ചേഞ്ച് സീന്‍ ആണ്.
ഉടുത്തിരിക്കുന്ന കൈലി അരയില്‍ നിന്നും ഊരി എടുത്ത് പാട വരമ്പിലെ കൈതോലകള്‍ക്കിടയില്‍ തിരുകും.
അപ്പോള്‍ കാണാം കറുത്ത ചന്തിയിലെ ചൊറി പാടുകള്‍..(ഞങ്ങള്‍ എവിടെങ്കിലും പമ്മി നില്‍ക്കും..പാക്കര്‍ജി പോത്തിനോട് പറയുന്ന ചില കോഡ് ഭാഷകള്‍ കേള്‍ക്കാനും പഠിയ്ക്കാനും ..പിന്നെ പറയാനും ഇടവ പാതി മഴ നനയാന്‍ വെളുപ്പാന്‍ കാലത്ത് നല്ല രസമാ..ഒപ്പം കൈത പൂ പെറുക്കാനും..ചേറില്‍ ചാടി തിമിര്‍ക്കാനും . പക്ഷെ സ്കൂള്‍ ഒരു ഞെട്ടലാ ..നാശം. അത് കൊണ്ട് ശനിയും ഞായറും മാത്രം ഘോഷ യാത്രകള്‍. )
അരയിലെ കറുത്ത ചരടില്‍ കോര്‍ത്ത് ഇട്ടിരിക്കുന്ന വെള്ളി ഏലസ് ..നിക്കര്‍ എന്നോ ബര്‍മുഡ എന്നോ ഒന്നും പറയാന്‍ കഴിയില്ല ..വേണമെങ്കില്‍ ബിക്കിനി എന്ന് പറയാം..പക്ഷെ ഒന്നും തങ്ങി നിക്കുന്നില്ല എല്ലാം പുറത്തു തന്നെ..പിന്നെ എന്തിനാ ഇത് എന്നുള്ള ഫിലോസഫി പാക്കര്‍ജി ചിന്തിക്കുന്നേയില്ല എന്ന് തോന്നുന്നു.
എന്തായാലും ആട്ടം നില്‍ക്കും മുന്‍പേ ഒരു ചുട്ടി തോര്‍ത്ത് സഞ്ചിയില്‍ നിന്നും എടുത്ത് അരയ്ക്കു ചുറ്റി ..തെങ്ങോലയുടെ മടലിനു മുകള്‍ വശം കീറി എടുത്ത് കെട്ടി കഴിയും.
സഞ്ചിയും ടിഫിന്‍ ബോക്സും കൈത ചുവട്ടില്‍ വയ്ക്കും..ബീഡിയും തീപ്പെട്ടിയും എടുക്കുമ്പോള്‍..
പോത്തന്മാര്‍ മെല്ലെ ചുവടു വച്ച് തുടങ്ങും ..അതിനു കമാന്റ് ഒന്നും വേണ്ടാ..ബീഡി കത്തിക്കുന്ന സിഗ്നല്‍ മതി.
പോത്തിനെക്കാള്‍ ഒരു ചുവടു മുന്നില്‍ കറുത്ത പാക്കര്‍ജി കഷണ്ടി തലയിലേക്ക് കമുകിന്റെ കൂമ്പാള തൊപ്പി എടുത്ത് അണിയുമ്പോള്‍ ..ചരിത്ര പുസ്തകത്തിലെ വാസ്കോ ഡാ ഗാമയുടെ ചിത്രം തെളിഞ്ഞു.
കത്തിച്ച ബീഡിയും ചുണ്ടില്‍ വച്ച് പോത്തന്മാരെ ഒന്ന് തിരുമ്മി തുടച്ചു ..
നുഖം പോത്തിന്‍ തോളില്‍ വച്ച് ..അടിമര പലക പോത്തന്‍ മാരുടെ പുറകില്‍, നൂല് വച്ചാല്‍ മുറിയുന്ന ഇടവ പെരു മഴ പെയ്തു നിറഞ്ഞു നിക്കുന്ന പൊന്നാര്യന്‍ പാടത്തെ ചേറില്‍ താഴ്ത്തി പിടിച്ചു അതിന്റെ കമ്പും നുഖവുമായി വഴുക കയര്‍ ഇട്ടൊന്നു കുരുക്കി ..ഒരു യുദ്ധത്തിനുള്ള പുറപ്പാടു പോലെ..
ചേറില്‍ കാല് കുത്തി രണ്ടു പേരുടെയും ചെവിയില്‍ എന്തോ പറഞ്ഞു..പാക്കര്‍ജി... ഓരോ ഉമ്മയും.
ചെവി ആട്ടി തല കുടഞ്ഞ് പോത്തുകള്‍ സമ്മതം അറിയിച്ചു..വാല് കൊണ്ട് അത് ഉറപ്പിച്ചു.
നേരെ കിഴക്കോട്ടു തിരിഞ്ഞു പാക്കര്‍ജി കാഞ്ഞിര കമ്പ് വടി ചെളിയില്‍ ഊന്നി ..മാറി രണ്ടു കയ്യും എടുത്ത് പൊന്‍ വെട്ടം തൂകി നിക്കുന്ന ഉദയ സൂര്യനെ ഒന്ന് തൊഴുതു ." ഭഗവാനെ പത്തിന് നൂര്‍ ആകണേ.."
അത് കേട്ടിട്ട് എന്ന വണ്ണം കിഴക്കേ ചരിവില്‍ നിന്നും നിന്നും അനുഗ്രഹ വര്ഷം പോലെ പറന്നു വരുന്നു വെളുത്ത കൊക്കും..മുണ്ടികളും. പാടം നിറഞ്ഞു വെള്ള നിറം..പാല്‍ പരവതാനി പോലെ..അതിനിടയില്‍ അക്ഷര തെറ്റ് പോലെ കാക്ക കൂട്ടങ്ങളും..ഇടയ്ക്കിടെ പറന്നു പൊങ്ങുന്നു.
ജീവിതത്തിന്റെ ഒരു പ്രൊഫൈല്‍ !!.
വെയില്‍ പരക്കുമ്പോള്‍ കൈതോലകള്‍ കാറ്റില്‍ മെല്ലെ ഇളകുമ്പോള്‍ ഒരു കൈത പൂ പറന്നു വന്നു വെള്ള പരപ്പില്‍ വീണു..ഒഴുകി നടന്നു..അതിന്റെ മാസ്മര ഗന്ധം..
" ഹാ ..ഹാ ..ഇബ്ട പോത്താ.." പാക്കര്‍ജി യുദ്ധ കാഹളം മുഴക്കി ..പോത്തിന്‍ വണ്ടിയില്‍ ഒരുകാല്‍ ഊന്നി മറുകാല്‍ ശക്തിയോടെ ചേറില്‍ തുഴഞ്ഞു മുന്പോട്ടാഞ്ഞു അടി മര പലകയില്‍ കയറി ..കാഞ്ഞിര വടി ആകാശത്തേയ്ക്ക് ചുഴറ്റുമ്പോള്‍ പോത്തുകള്‍ പ്രയാണം ആരംഭിയ്ക്കുന്നു.
"ടപ്പ ..ടപ്പ ..പോത്താ..ഇടത്താ " പാക്കര്‍ജി ജൈത്ര യാത്രയില്‍..
മറ്റുള്ള ഉഴവുകാര്‍ വരുംപോളെയ്ക്കും ഒരു വള്ള പാട് അകലെ എത്തിയിരിക്കും പാക്കര്‍ജി.
അവര്‍ ഉഴവു തുടങ്ങുമ്പോള്‍ "പൂ ഹോയ്..നില്ല പോത്താ" എന്നുള്ള സ്റ്റോപ്പ് കമാന്റോടെ പാക്കര്‍ജി ഏതെങ്കിലും വരമ്പില്‍ പോത്തിനെ എത്തിച്ച് ..ചേറില്‍ കുളിച്ചു കര കയറി മഴ നനഞ്ഞ് കാലത്തെ പുഴുക്കും കഞ്ഞിയും തുറന്നിരിക്കും! പെരു മഴ തുള്ളികള്‍ കൂമ്പാള തൊപ്പിയില്‍ നിന്നും പാക്കര്‍ജിയുടെ നരച്ച മുഖ രോമങ്ങള്‍ വഴി ഒലിച്ച് ഇറങ്ങുമ്പോള്‍..പുഴുക്ക് മെല്ലെ ചവച്ചിറക്കി പോത്തിനെ നോക്കി ഇരിക്കുന്നു പാക്കര്‍ജി..
ശേഷം ഞങ്ങള്‍ പിള്ളാരുടെ പുറപ്പാടായി.
ഇടവത്തിലെ ഇട മുറിയാതെ രാപകല്‍ പെയ്യുന്ന മഴ ...
മഴയുടെ സംഗീതം കേട്ട് നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു ഒരു പൊന്മാന്‍ പൊന്തയിലെ കാട്ടു ചേമ്പിന്‍ തണ്ടില്‍..
സങ്കടം തോന്നി ..
പൊടുന്നനെ ആശാന്‍ വെള്ളത്തില്‍ ഊളിയിട്ട് ഒരു പരല്‍ മീനും കൊത്തി .."അയ്യോ പറ്റിച്ചേ "എന്ന് ഞങ്ങളോട് പറഞ്ഞു പറന്നകന്നു.
കൈത്തോട്ടില്‍ ഒഴുകി പരക്കുന്നു മേടത്തിലെ വിഷുവിന്റെ ബാക്കി നിന്ന മഞ്ഞ താലികള്‍..
ഒരു നിമിഷം കണിയും ..കൈ നീട്ടവും..പായസവും പൊന്മാനെ പോലെ ഊളിയിട്ടു പറന്നു..
"എന്തിനാട പിള്ളേരെ ഈ മുടിഞ്ഞ മഴയെല്ലാം നനയുന്നെ..പനി പിടിച്ചു കെടക്കാനാണോ"
പാക്കര്‍ജിയുടെ ശാസന . "ഞങ്ങള്‍ക്ക് മീനെ തരുമോ കിണറ്റില്‍ ഇടാന " ഓമനയുടെ ചോദ്യം
പാടം നിറയെ വരാലിന്‍ കുഞ്ഞുങ്ങള്‍ ഉണ്ട് കലക്ക വെള്ളത്തില്‍ അടിമരം വയ്ക്കുമ്പോള്‍ അടി കിട്ടി എന്നവണ്ണം അതുങ്ങള്‍ മയങ്ങി മയങ്ങി കിടക്കും അപ്പോള്‍ പിടിക്കാന്‍ എളുപ്പമാ..മയക്കം മാറുമ്പോള്‍ നോര്‍മല്‍ ആവുകയും ചെയ്യും..പിന്നെ വലിയ മാനത്താന്‍ കണ്ണികളും വാഴയ്ക്ക വരയനും ..കടുവയെ പോലെ തോലുള്ളവന്‍ ..എന്ത് രസമാ..ചേമ്പിലയില്‍ കുമ്പിള്‍ ഉണ്ടാക്കി അതിലിടും..എന്നിട്ട് സജിയേം രവിയേം ഒക്കെ കാണിക്കും ..അവര്‍ക്ക് മഴ നനയാന്‍ അനുവാദം ഇല്ല...അവമ്മാരുടെ ഒരു കൊതി കാണണം.
പക്ഷെ അടിമരം വക്കുമ്പോള്‍ കൂടെ നടക്കാന്‍ ഈ പാക്കര്‍ജി എന്നല്ല ഒരുത്തരും സമ്മതിക്കുന്നില്ല..പോത്ത് ഇടയുമത്രേ.. എവിടുത്തെ ന്യായം എന്ന് തോന്നി..അല്ലങ്കില്‍ പറയും നിലം ഉറച്ചു പോകും എന്ന്.
ഞങ്ങളെ നോക്കി പാക്കര്‍ജി..
'എന്റെ കുഞ്ഞുങ്ങളെ, കഴിഞ്ഞ ഇടവപ്പാതിയ്ക്കു എന്റെ ഒരേ ഒരു മകന്‍ ബാലന്‍ ഇങ്ങനെ മഴ നനഞ്ഞ് മീനെ പിടിച്ചു എന്റെ കൂടെ നടന്നു..അവനു പനി വന്നു ..ഗവന്മേന്റ്റ് ആശുപത്രീല് ഒരു മാസം കെടന്നു ..കഴിഞ്ഞ കര്‍ക്കിടകത്തില്‍ എന്റെ കുഞ്ഞു പോയി..." പാക്കര്‍ജി വിതുമ്പി..
ഞങ്ങള്‍ ഇടറി നിന്നു ..
പണ്ട് ആരോ പറഞ്ഞത് പോലെ കേട്ടിരുന്നു..കന്നു പൂട്ടുന്ന പാക്കരന്റെ മോന്‍ ജ്വരം വന്നു മരിച്ചെന്ന്...
ഓ..കഷ്ടമായി..ഓമന കരയുന്നു..
"പോട്ട് മക്കളെ കരയണ്ടാ..അവന്‍ മിടുക്കനായിരുന്നു അതാ ദൈവം നേരത്തെ വിളിച്ചത്.." പാക്കര്‍ജി കണ്ണ് തുടച്ചു.
"നിങ്ങള്‍ മഴ നനയണ്ട ..വീട്ടില്‍ പോയാട്ടെ.. ഞാന്‍ മീന്‍ കുഞ്ഞുങ്ങളെ പെറുക്കി വെള്ളത്തില്‍ ഇട്ടു വച്ചേക്കാം..മഴ തോരുമ്പം വാ തരാം.." പാക്കര്‍ജി ഞങ്ങളെ സാന്ത്വനിപ്പിച്ചു.
കണ്ണില്‍ കൂടി കണ്ണീരും മഴ വെള്ളവും ധാര ധാരയായി ഒഴുകുമ്പോള്‍
" ഡാ, പോത്താ എന്താ ഇത്ര അര്‍ജന്റ്.." പാക്കര്‍ജി വീണ്ടും യാത്ര തുടങ്ങിയിരുന്നു..
പാട വരമ്പിന്‍ അരികിലെ കൈത്തോടില്‍ എവിടെ നിന്നൊക്കെയോ ഒഴുകി വന്ന കൈത പൂക്കളും .. പിന്‍ നിന്ന കണി കൊന്ന പൂക്കളും, ശംഖു പുഷ്പങ്ങളും ഒരു പൂവിന്‍ ചുഴി തീര്‍ത്തു കറങ്ങുന്നു..
ഞങ്ങള്‍ കണ്ണോടു കണ്ണ് നോക്കി പെരു മഴ നനഞ്ഞ് പാട വരമ്പില്‍ ....
ദൂരെ അടിമരം വച്ച് തിമിര്‍ക്കുന്ന പാക്കര്‍ജിയുടെ ഒച്ച മഴയിലും മുകളില്‍ ..."വലത്താ ..പോത്താ.."