Powered By Blogger

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

കുട്ടന്‍ പിള്ള അദ്യം

മീശ കൊമ്ബനൊ, പിടിയോ, മോഴയോ എന്നൊന്നും നമുക്ക് തരം തിരിക്കാന്‍ പറ്റില്ല. അതങ്ങനെയാ , താഴേക്ക് തൂങ്ങി ചറ പറ മഴ പോലെ ഇട മുറിഞ്ഞു ഇടക്ക് കനത്ത്.. കൊള്ളിയാന്‍ പോലെ ഇടക്കിടെ നരയും..അതിന് താഴെ വെറ്റില കറ പുരണ്ട അട്ടഹാസ ചിരിയും ..ടാറ് വീപ്പയില്‍ കല്ലിട്ട പോലെ ഒച്ചയും!

കൈയും മെയും റോഡു നന്നാക്കുന്ന അമ്മാവന്‍ വണ്ടിയുടെ പോലെ ..എന്തിനേയും തറയില്‍ ഉറപ്പിക്കാന്‍ പോന്ന ഭാരോദ്വഹന ശേഷിയോടെ..കാലുകള്‍ മുല്ല വള്ളി പടര്‍ന്ന തേന്മാവിന്‍ തടി പോലെ..വെരിക്കോസ് വയറിങ്ങുകള്‍ ചുറ്റി പിണഞ്ഞു.. നഖങ്ങള്‍ പോലും കണ്ടാല്‍ കുഞ്ഞുങ്ങള്‍ താനേ മരുന്ന് കുടിക്കുമായിരുനു!!

ഇതാണ് കുട്ടന്‍ പിള്ള അദ്യം. കണ്ണുകളെ വര്‍ണിക്കാന്‍ ചുമപ്പു പോരാ ..ശരീരത്തെ പൊതിയുന്ന രോമാന്ച്ച കഞ്ചുകം കാശ്മീരി ഷാള് പോലെ....എന്നാലോ സഹൃദയനും സര്‍വോപരി വിശാലമനസ്കനും. എന്ത് കൊടുത്താലും വാങ്ങും..വലിപ്പ ചെറുപ്പമില്ല..അമ്പലത്തിലെ ഉത്സവമായാല്‍ ..ലൈബ്രറി വാര്ഷികമായാല്‍..അദ്യം ആദ്യമെത്തും..പിരിവിന്റെ കുറ്റി കൈപ്പറ്റും. പിന്നെ പോലീസ് മുറയില്‍ ഒന്നു നോക്കി മെല്ലെ തിരിഞ്ഞു നേരെ ഒരു പോക്കാണ്..പട്ടകട ..കാപ്പിക്കട..പെട്ടിക്കട അങ്ങനെ കടയായ കടയെല്ലാം തനിക്ക് സ്വന്തമാക്കി കുറ്റിയും തീര്‍ത്ത് , കുറ്റി ചുവടും മാന്തി..മിച്ചമുള്ളത് കൊണ്ടു പറ്റും തീര്‍ത്ത്..

അങ്ങനെയിരിക്കെ അദ്യത്തിനു പ്രമോഷന്‍ കിട്ടി."ഹേട്‌" വച്ചു. തോളില്‍ മൂന്നു വെള്ള പ്രാവുകള്‍..

ഉള്ളകാലം എമ്മാന്‍ മാരുടെ..അവരുടെ കുഞ്ഞു കുട്ടി പരാധീനങ്ങളുടെയൊക്കെ വെല്‍ഫയര്‍ ആപ്പീസര്‍ മാത്രം ആയിരുന്നത് കാരണം വകുപ്പും വക്കാണവും എഴുതിപ്പിടിപ്പിക്കുന്ന വിദ്യ ഒന്നുമേ തരപ്പെട്ടില്ല. തന്നെയുമല്ല കുഞ്ഞിലെ ഈ കൂര്‍മ്പന്‍ നിക്കറിന്റെയും ..കാക്കി ഉടുപ്പിന്റെയും ..കാലില്‍ കെട്ടുന്ന വാഴക്കച്ചിയുടെയും രക്ഷാ കവചം ഉണ്ടായിരുന്നത് കാരണം ..മാതൃ ഭാഷ ..പോലീസ് ഭാഷ മാത്രമായി മാറി. പോലീസ് സാഹിത്ത്യത്ത്തിലോ ..ഉലകുട പെരുമാളും! ഒരു വിളി വിളിച്ചാല്‍ ഒന്നേമുക്കാല്‍ മേനി!!

പ്രമോഷന്‍ തന്നെ വല്ലാതെ കുഴക്കുമെന്നൊന്നും ആദ്യത്തിനു തോന്നിയുമില്ല. എന്നാല്‍ ചാര്‍ജ് ആയപ്പോള്‍ സംഗതി കുടുക്കായി..പിന്നെ പണി പഠിയ്ക്കാന്‍ കൂട്ടത്തില്‍ അറിവുള്ളവനെ, തന്റെ താഴെ ഉദ്യോഗം ഭരിക്കുന്നവനെ നമ്പി ..അന്പിനായി കേണു. പണി പഠിപ്പിക്കുന്നത് കാരണം എന്നും വൈകുന്നേരത്തെ തിരുവത്താഴം രണ്ടു പേരും ഒന്നിച്ചായി. എന്തും ..അമ്പിളി മാമനെപ്പോലും..ചോദിച്ചെ വാങ്ങൂ എന്നുള്ള നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്ന കാരണം ..അടുത്തുള്ള ചാരായ ഷാപ്പിലാക്കി പഠനവും. നേരെ കേറി ഇരുന്നൊന്നു മൂരി നിവര്‍ന്നു .കൂനി കൂടി നില്ക്കുന്ന " സപ്പ്ളെ " പൈയ്യനോട് കണ്ണുരുട്ടി ..താഴെ പണിയുന്ന എന്നാലിപ്പോള്‍ ഗുരുവായ , തന്റെ വഴികാട്ടിയെ ചൂണ്ടി.."ഇദ്ദേഹത്തിനു ഒരു ഗ്ലാസും മൂന്നു താറാം മുട്ട പുഴുങ്ങിയതും..എനിക്ക് അരഗ്ലാസും ഒരു മുട്ടയും." സാമഗ്രികള്‍ വന്നു...മറഞ്ഞു..അടുത്ത ഓര്‍ഡര്‍ "ഇദ്ദേഹത്തിനു ഇനി ഒരു ഗ്ലാസും രണ്ടു മുട്ടയും..എനിക്ക് കാല്‍ ഗ്ലാസും ..മുട്ട വേണ്ട!"

..ഗുരുവിലും കുറഞ്ഞിരിക്കണം ശിഷ്യന്‍..പോലീസിന്‍റെ ഗുണപാഠം "എല്ലാക്കാര്യത്തിലും" അതാണല്ലോ!
അത്താഴം കഴിഞ്ഞു ഷാപ്പ്‌ കാരന്റെ ബീഡി പൊതിയില്‍ നിന്നും രണ്ടു ബീഡി അറസ്റ്റു ചെയ്തെടുത്ത് , ഒന്നു ഗുരുവിന്റെ ചുണ്ടില്‍ പിടിപ്പിച്ച് തീപ്പെട്ടി ഉരച്ച് കത്തിച്ചതിനു ശേഷം മാത്രം അദ്യം ....
പണത്തിന്റെ അല്ലെങ്കില്‍ അതിന്റെ പര്യായം പോലും ഉരിയാടരുതെന്നു ഷാപ്പുകാരനും നന്നേ അറിവുള്ളതാണല്ലോ.

കഠിനമായ ജോലി ..ജോലി തന്നെ..അടി പിടി..കത്തികുത്ത്..വീട്ടില്‍ പോയിട്ട് , ചിന്ന വീട്ടില്‍ പോലും ഒന്നു പോകാന്‍ പറ്റിയില്ല.
അങ്ങനെയിരിക്കെ സ്വന്തം അളിയന്‍ തെരക്കിയിറങ്ങി..തമ്മില്‍ കണ്ടു മുട്ടി.."എന്നതാ അളിയാ വീടും കൂടുമോന്നും വേണ്ടയോ?" ചോദ്യം കേട്ടിട്ട് അദ്യം "ഞെട്ടില്ലാ വട്ടെലയാ അളിയാ..ഈ പണി. " എമ്മാന്മാര്‍ക്ക് ഇതു വല്ലോം അറിയണോ..അവര്‍ക്കെപ്പോഴും വീട്ടിലും കാട്ടിലും ഒക്കെ പോകാം..നമ്മള്‍ ഒരുമാതിരി..കാള കെടക്കും കയറോടും എന്ന മാതിരിയാ.." ഒന്നും രണ്ടും പറഞ്ഞു അളിയന്‍ ആകാംഷ മറച്ചു വച്ചില്ല "ല്ലതു വല്ലോം ഉണ്ടോ അളിയാ ച്ചിരി, ഗുന്മാനാന്നാ തോന്നുന്നേ"..അളിയന്റെ സങ്കടം ആദ്യത്ത്തിനും മനസ്സിലായി..പക്ഷെ എങ്ങനെ ഡ്യൂടി മറന്നു കുടിക്കും..കയ്യില്‍ ഒന്നും ഇരിപ്പുമില്ല.. ഒഴിവു കഴിവ് പറഞ്ഞു വിടാനും വയ്യ.."എന്നാ പറയാനാ അളിയാ ഇന്നലെ ഒരു സെന്റ് ഓഫ് പാര്‍ടി, നോക്കണേ എമ്മാന്‍ മാരെല്ലാം നിരന്നിരിക്കുന്നു..നമുക്കൊരെണ്ണം വിടണമെങ്കില്‍ അവരോന്നൊഴിയണം അതിന് കാത്തിരുന്ന് കാത്തിരുന്നു ..സാധനം തീര്‍ന്നു..കൊക്കിരിക്കും കുളം പറ്റും" കടം കഥയോ..പഴമോഴിയോ ..പര്യായ പദ പ്രയോഗമോ ..ആദ്യത്ത്തിനതൊന്നും പിടിയില്ല..എന്തായാലും സംഗതി കുറിക്കു കൊണ്ടു..അളിയന്‍ വന്ന വഴിയേ തിരുമ്പി പോയാന്‍..

ചിന്ന വീടരും മറ്റേതോ എമ്പോക്കിയുമായി എന്തോ ശകലം ..പരേഡും പരിപാടീം തുടങ്ങി എന്നരിന്ജ് കോപാക്രാന്തനായി ഇല്ലാത്ത ലീവ് ഉണ്ടാക്കി അവിടെയെത്തി അദ്യം. ചോദ്യം ചെയ്യല്‍ തുടങ്ങി ..പ്രതി ഒന്നും ഏല്‍ക്കുന്നില്ല .."ലാത്തി കുത്തി കയറ്റി കളയും ഞാന്‍ " അദ്യം സഹി കെട്ട് പറഞ്ഞു.."അയ്യോ..ഇതിലും ഭേദം അതാ" എവിടെയോ ചൂണ്ടിക്കൊണ്ട് പ്രതി അത് പറഞ്ഞതും ..അദ്യത്തിനു കണ്ണില്‍ ഇരുട്ട് കയറി..രണ്ടു ഗസ്സും..ആറ് താറാം മുട്ടയും ..മിന്നി മറഞ്ഞു..

പഠിച്ച പാഠം എല്ലാം മറന്നു..എല്ലാം ഈ മുടിഞ്ഞ പ്രമോഷന്‍ കാരണം..അല്ലെങ്കില്‍ എന്നും രാത്രി ബീറ്റെന്നും പറഞ്ഞ ഇവളുടെ കൂടെ ഒന്നുറങ്ങി എഴുന്നെല്‍ക്കുമായിരുന്നു..അന്നൊന്നും ഈ പരാതിയും കേട്ടിട്ടില്ല..

തോളിലെ മൂന്നു വെള്ള പ്രാവുകള്‍ കുറുകി..അപ്പോള്‍ അദ്യം മനസ്സില്‍ കരുതി.."കാക്ക തേടി , കുംബളത്ത്തി കൊണ്ടുപോയി!"

6 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കുട്ടന്‍ പിള്ള എന്ന പേരില്‍ തന്നെ എല്ലാം .....
ഓ ടോ : യാത്രയുടെ വഴിത്തിരിവില്‍
മണമുള്ള എന്‍റെ ഓര്‍മ്മകളൊക്കെയും കൂട്ടിവെച്ച്,
എന്നും ഞാനും നില്‍കാം.
ഒത്തിരി സന്തോഷം ... ആശംസകള്‍...

ullas പറഞ്ഞു...

പട്ടയും മുട്ടയും കൂടുന്നു .......

Vijayan പറഞ്ഞു...

കുട്ടൻപിള്ള അദ്യത്തെ ഞാനറിയും. മഞ്ഞളുപോലെ വെളുത്തിരിക്കും.

shajkumar പറഞ്ഞു...

പണ്ടൊക്കെ ഒത്തിരി ഒത്തിരി കമണ്റ്റുകള്‍ കിട്ടി...ഇപ്പോളിപ്പോള്‍..ഒരു പാവം പകല്‍ കിനാവനും..ഒരുല്ലാസണ്ണനും..പിന്നെ ഞാനും..എന്നു കരുതി എല്ലവരോടും നന്ദി ഉള്ളവനാണേ...

siva // ശിവ പറഞ്ഞു...

എല്ലാ കുട്ടന്‍‌പിള്ളമാരും കോണ്‍സ്റ്റബിള്‍‌മാര്‍ ആണല്ലോ!!!!

വിജയലക്ഷ്മി പറഞ്ഞു...

vivaranangalkku ithhiri eruvum puliyum koottikkolu mone..appol comments thaane varum....kuttam paranjathalla ketto..akathhirippulla aashayam purathhekku konduvaran paranjathaa...aashamsakal!