Powered By Blogger

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

പിന്നേം ഒരു കുറുപ്പച്ചന്‍

അത്താഴ കുറുപ്പിന്റെ പോലെ ഒളിസേവയോ, സവിസ്തരം കുഴമ്പിട്ടു കുളിയോ , നെയ്യൊഴിച്ച് കഞ്ഞി കുടിയോ ഒന്നുമില്ലാത്ത അറും പാവം ഒരപ്പുക്കിളി കുറുപ്പച്ചന്‍!

കണ്ണുകളില്‍ ഒടുങ്ങാത്ത ആകാംഷയുടെ ജ്വലനം ..ലേശം വടക്കു നോക്കി കണ്ണും!! ആരുടെയും കുറവ് കാണാന്‍ ആരെക്കാളും സമര്‍ഥന്‍ . ചെവി ഗുരുവായൂര്‍ കേശവനും തോല്‍ക്കുന്ന ചന്തത്തില്‍. മൂക്കും മീശയും തമ്മില്‍ തമ്മില്‍ രാമച്ച വിശറി ചൂടി..അങ്ങനെ. തലമുടി പറ്റെ വെട്ടി.(ബാര്‍ബര്‍ ഷോപ്പിലേക്ക് വെള്ളം ചുമ്മുന്ന വഹയില്‍ ഫ്രീ!) ഉള്ള പല്ലുകള്‍ മൂവാണ്ടന്‍ മാവിന്റെ മുഴുവന്‍ ഇലയും ഇട്ട് വേള് വെളുങ്ങനെ..താടിയൊക്കെ ആണ്ടോട് ആണ്ട് കിളച്ചു മറിച്ച് ആകാശത്തിലെ അപ്പൂപ്പന്‍ താടി പോലെ ...

നീണ്ട കഴുത്തില്‍ ഒതലങ്ങയോളം വലുപ്പത്തില്‍ ആദാമിന്റെ ആപ്പിള്‍ അല്ലെങ്കില്‍ കാളകൂടം നിറച്ച വിഷ പാത്രം!

നെഞ്ചിന്റെ കുഴി ഒരു എണ്ണ ചെരാതുപോലെ ...രോമത്തിനായി കാത്തു കിടക്കുന്നു! കൈ കാലുകള്‍ വിറകു കീറി കീറി പറങ്കി മാം കൊമ്പ് പോലെ ശിഖരങ്ങള്‍ പൊട്ടി...
വാരി എല്ലുകള്‍ പുറമെ ആണോ ഫിറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നി പോകും ...ലേശം ആസ്ത്മ കൂടിയാല്‍ പറയുകയും വേണ്ട!

പിള്ള ചേട്ടന്റെ കാപ്പി കടയുടെ ജീവ നാടി. വെള്ളം കോരല്‍ വിറകു കീറല്‍ (രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഈ സില്ലബസ് മതി!) അത്യാവശ്യം ചന്തയില്‍ പോകല്‍ , ചായ അടിക്കാന്‍ ആളില്ലാതെ വന്നാല്‍ ആ റോളും ആക്ട്‌ ചെയ്യാനുള്ള സംഭാഷണവും വശം. ആരോ കൊടുത്ത ഫോറിന്‍ കൈലി അരയില്‍ ചുറ്റി അതിന്റെ മേല്‍ ഒരു ചാക്ക് ചണം "ലകൊസ്ടെ"ബെല്‍റ്റ്‌ ആയി രൂപാന്തരപ്പെടുത്തി...കൈലി മാടി കുത്തി, മടിയില്‍ വലിച്ചതും വലിക്കാത്തതുമായ കാജാ ബീഡിയും..തീ എപ്പോഴും അടുപ്പില്‍ ഉള്ള കാരണം താന്‍ തന്നെ കീറിയ ഒരു വിറകിന്‍ തുംബെടുത്ത് ചുമ്മാ തീപ്പിടിപ്പിക്കും (ഡിട്ടക്ടിവ് മാര്‍ക്സ് ചെയ്യും പോലെ!) കുറുപ്പച്ചന്‍. പുക ഊതുന്നത് സിനിമയിലെ വില്ലന്‍ റോളില്‍.

നാണയമിട്ട് തിളയ്ക്കുന്ന സമോവറില്‍ നിന്നും ലേശം ചൂടു വെള്ളമെടുത്ത് അസാരം തേയില ഇട്ട് ഇടക്കിടക്ക് കുടിക്കണം, അത് നിര്‍ബന്ധമാ .. അത് കാരണം സമോവറിനെ വിട്ട് അധിക ദൂരമൊന്നും കുറുപ്പച്ചന്‍ പോകില്ല. ഏറിയാല്‍ അന്തി ചന്ത വരെ. സിനിമ ഓഫറുകള്‍ വല്ലതും കിട്ടിയാല്‍ കട പൂട്ടി സമോവര്‍ തീ അണച്ച് മാത്രം രണ്ടാം കളിക്കൊന്നു പോകും. അതും വിജയശ്രീ ,ഉണ്ണി മേരി , കനക ദുര്‍ഗ ഒക്കെ ആവോളം ഉണ്ടെങ്കില്‍ !!
അടി പിടി ഒന്നും തീരെ താല്പര്യമില്ല ..പച്ചയായ ജീവിതം സിനിമയില്‍ കാണണം ..അപ്പോള്‍ കുളി സീനിലും പച്ചയായി ജീവിക്കുമല്ലോ! പിന്നെ മറ്റു പലതും....
ജീവിതത്തില്‍ കുളി സീനുകള്‍ കുറുപ്പച്ചന്‍ സ്വപ്നം കാണാറ് പോലുമില്ല..ദാമ്ബത്യമൊക്കെ ഒരു പൊല്ലാപ്പ് തന്നെ.
ഈ കിട്ടുന്ന ബീഡി കാശ് നേരെ ചൊവ്വേ ബീടിക്കു പോലും തെകയില്ല. പിന്നാ "ല്ലവരെ" കൊണ്ടു വന്നു നോക്കുന്നത്. തന്നെയുമല്ല സമോവര്‍ ഉണ്ടല്ലോ! അതിന്റെ ചൂടിനോളം വരുമോ ഒരുത്തിയുടെ ചൂട്. !! ഇല്ല തന്നെ.

വിവാഹ ജീവിതത്തെ കുറിച്ച് കുരുപ്പച്ചന്റെ തിസിസ് ഇതാണ്.

ഒരു നാള്‍ പിള്ള ചേട്ടന്‍ പഴനിക്കു കാവടി എടുക്കാന്‍ പോയപ്പോള്‍ കടയുടെ ചുമതല കുറുപ്പച്ചന്റെ തലയില്‍ വന്നു. മനസ്സില്ലാ മനസ്സോടെ അത് ഏറ്റെടുക്കുകയും ചെയ്തു. പറ്റു പടി കുറിക്കുന്ന സ്ലേറ്റും കല്ല്‌ പെന്‍സിലും മുന്‍ പറ്റൊടെ ഹാന്‍ഡ് ഓവര്‍ ചെയ്തു വാങ്ങി. ആശാരി പരമു, മേശരി ദാസന്‍ , മൈക്കാട് സരസു, സോഡാ പൊടിയന്‍.... നീണ്ടു പോകുന്നു പറ്റു കാരുടെ ലിസ്റ്റ്.

നാലു നാള്‍ കഴിഞ്ഞ് കാവടി ചിന്തും പാടി ..ഹര ഹരോ ഹര ഹര ..പിള്ളച്ചേട്ടന്‍ വന്നു. കൊടുത്തു കുറുപ്പച്ചന്‍ കടുപ്പത്തില്‍ ഒരു ചായ അത് കഴിഞ്ഞു സ്വന്തം മടിക്കുത്തില്‍ നിന്നും ഒരു കാജ ..സ്വന്തം വിറകു കൊള്ളിയില്‍ നിന്നും തീയും!

പിള്ളച്ചേട്ടന്‍ പറ്റു സ്ലേറ്റ്‌ പരിശോധന തുടങ്ങി...ദാസന്‍, മുന്‍ പറ്റും കൂട്ടി നൂറോളം രൂപ...സോടക്കാരന്‍ അറുപതു രൂപ ...സരസുവിന്റെ പറ്റ് ? അടുത്ത് നിന്ന കുറുപ്പച്ചന്‍ അകലങ്ങളിലേക്ക് വടക്കു നോക്കി കണ്ണ് പായിച്ച് ഒന്നുമറിയാ പൈതലായി നില്ക്കുന്നത് കണ്ടപ്പോള്‍ പിള്ള ചേട്ടന് ചൊറിച്ചില്‍ വന്നു.."എടൊ കുറുപ്പേ സരസുവിന്റെ മുന്‍ പറ്റും കാണനില്ലല്ലോടോ "
"അത് , അതെന്റെ ശമ്പളതിലങ്ങു പിടിച്ചോ " കുറ്പച്ചന്റെ മറുപടി കേട്ട പിള്ള ചേട്ടന്‍ ഞെട്ടി അറിയാതെ ഹര ഹരോ പറഞ്ഞു പോയി.!! "നിന്റെ ശമ്പളമോ , ഈ കണ്ടതെല്ലാം തിന്നു തൂറുന്നതിന്റെ പൈസ എത്ര ഇങ്ങോട്ട് വരും?" അത് പോട്ടെ മുന്‍ പറ്റോ ഇല്ല ,പിന്‍ പ്റ്റെന്തിയെടോ?" പിള്ള ചേട്ടന്‍ കലി ദ്വാപരനായി...

"മൂന്നു ദിവസം സരസു വന്നു ..മൂന്നു നേരം പലഹാരങ്ങള്‍ കഴിച്ചു..എന്റെ മനസ്സലിഞ്ഞു പോയി ഞാന്‍ പറ്റു കുറിക്കാന്‍ മറന്നു പോയി."കുറുപ്പച്ചന്റെ കണ്ഫഷന്‍!!

മിണ്ടാ പൂച്ച കുറുപ്പച്ചന്‍ കലമുടയ്ക്കുന്ന കാര്യം പിള്ള ചേട്ടന്‍ സ്വപനത്തില്‍ പോയിട്ട് പഴനിയില്‍ പോലും കരുതിയില്ല. " നീ ഇനി ഈപ്പണി തുടരണമെന്നില്ല.." പിള്ളേച്ചന്‍ അലറി.
"കൊടുത്ത ബീടിക്കോ തീകൊള്ളിക്കോ നന്ദിയില്ലത്തവന്‍" കുറുപ്പച്ചന്‍ മനസ്സില്‍ കുറിച്ചു. അഭിമാനം പണയപ്പെടുത്തി ഇനി ഇവിടെ നില്കണോ..അതോ ..കുറുപ്പച്ചന്‍ കുഴങ്ങി...

സരസു കുളിസീന്‍ കാണാന്‍ വിളിച്ചപ്പം പോകാതിരുന്നെന്കില്‍ ഈ പോല്ലാപ്പോന്നും വരില്ലായിരുന്നു.

സ്വയം കൃതാ അനര്ധത്ത്തിനു പാവം പിള്ളച്ചേട്ടന്‍ എന്ത് പിഴച്ചു? അയാള്‍ പറഞ്ഞതു ശരിയല്ലേ?

ഒരു മുനിയുടെ മൌനത്തോടെ കുറുപച്ചന്‍" നാരീ സ്തനഭര നാഭീ ദേശം"...ശങ്കരാചാര്യരരായി സമോവറില്‍ നിന്നും ലേശം ചൂടു വെള്ളം എടുത്ത് ചായ പൊടി കലക്കി. ..മെല്ലെ ഊതി ഊതി...വടക്ക് നോക്കി കണ്ണ് കൊണ്ട് പിള്ളചെട്ടനെ ഒളികണ്ണാല്‍ നോക്കി....

4 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

ഇതുപോലെ ചിലരൊക്കെ ഞങ്ങളുടെ നാട്ടിലും ഉണ്ട്......

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കുറുപ്പന്‍മാരെല്ലാം കൂടി ഒരു ദിവസം വളഞ്ഞിട്ട് തല്ലും .. നോക്കിക്കോ...!
:)

Vijayan പറഞ്ഞു...

കുറുപ്പച്ചൻ നിന്നോ പോയോ?

ullas പറഞ്ഞു...

kuruppinte urappu ariyaamallo.