Powered By Blogger

2009, നവംബർ 1, ഞായറാഴ്‌ച

ഓപ്പ

കേരളം പോലെ ഒരു വശം അല്പസ്വല്പം നേരെ എന്നാല്‍ മുന്‍ വശം ആകെ കയറി ഇറങ്ങി..ഉണ്ണി കുട വയറിന്‍ നടുവില്‍ ഉണ്ണി അപ്പത്തോളം ഒരു പുക്കിള്‍..
നെഞ്ചില്‍ ആകെ നാലേ നാല് രോമം ..മാറ് മറയ്ക്കാന്‍ മാത്രം ഉള്ള മാറും!
കൈയില്‍ സദാ ഒരു വടി ഒരു കുട.. കുടയുടെ നിറം വെള്ള ..ഫോറിന്‍ ഒന്നുമല്ല കാലപഴക്കത്താല്‍ കറുപ്പും വെളുപ്പാകും എന്നുള്ള സാമാന്യ തത്വം.കുടയ്ക്കും ബാധകം.
വെള്ള മുണ്ടും വെള്ള മേല്‍മുണ്ടും..കൈ കാലുകളില്‍ ആകെ ഭസ്മം വാരി പൂശി..മെതി അടിയും ഇട്ടു ഓപ്പ വരുന്നത് കാണാന്‍ എന്താ ഒരു കേരളത്വം..

ഏഴു വെളുപ്പിനും മുന്‍പ്‌ എഴുന്നേല്‍ക്കും..വിഷ്ണു സഹസ്ര നാമം ആരോഹണത്തില്‍ ചൊല്ലി..കഴുവേറീടെ മോളെ..എന്നുള്ള അവരോഹണത്തില്‍ അവസാനിക്കുമ്പോള്‍ സ്വന്തം ഭാര്യ എന്നത്തേയും പോലെ എഴുന്നെല്കും..അപ്പോള്‍ കാക്കകള്‍ ഉണര്‍ന്നു വരുന്നതെ ഉള്ളൂ...വിളിയുടെ നാനാര്‍ഥങ്ങള്‍ പുള്ളിക്കാരിക്കറിയാം..എഴുന്നേറ്റ്‌ ഇല്ലെന്കിലുള്ള അനര്ധങ്ങളും ...
കാലത്ത് രണ്ടു കോപ്പ കട്ടന്‍കാപ്പി ഒപ്പയ്ക്ക് മസ്റ്റ്‌ ..കൂട്ടത്തില്‍ ചെറു കടി ആയി ചക്കക്കുരു ചുട്ടതും..
അര നൂറ്റാണ്ടത്ത്തെ ചര്യ ..അത് കൊണ്ട് തന്നെ ഓപ്പ വീട് വിട്ട് എങ്ങോട്ടും ഇല്ല. അഥവാ പോയാലും ചക്കക്കുരു ടു ചക്കക്കുരു ഒണ്‍ലി.
ഇനി കാപ്പിയും കടിയും കഴിഞ്ഞാല്‍ വീണ്ടും സഹസ്രനാമാം ഉച്ച സ്ഥായിയില്‍..ഏകദേശം ഒമ്പത് മണീടെ ബസു പോകും വരെ ..ഇനി ബസു വന്നില്ലെങ്കിലും ഓപ്പയ്ക്ക് സമയം കിറു കൃത്യം..തേങ്ങാ പാലോഴിച്ച പുന്നെല്ലിന്‍ കഞ്ഞി..ഒരു പാത്രം മുന്‍പില്‍ ...ഒന്‍പത് അഞ്ചിന് മുന്‍പ്‌ എത്തണം...ഇല്ലാച്ചാല്‍ വിളി ഇത്തിരി ഗ്രേഡ് കൂട്ടി "തന്തേല കഴുവേരിടെ മോളെ" എന്നാക്കും ...
എങ്ങനായാലും ഒരു നൂറ്റൊന്നാവര്‍ത്തി ഈ വിളി കേള്‍ക്കാതെ ഇച്ചേയി രാത്രി കിടക്ക പൂകാറില്ല!
ഒരു പരാതിയും അവര്‍ ഒട്ടു പറയാറുമില്ല. പിറ്റെന്നതെക്കുള്ള ചക്ക കുരു ചെരണ്ടി ..കാപ്പി പൊടിയും ..വെള്ളവുമെല്ലാം സുരക്ഷിതമാക്കി വക്കും.
ഉച്ച ഊണിനു ഓപ്പയ്ക്ക് അത്ര വലുതായൊന്നും വേണ്ട പരിപ്പും പപ്പടവും നിര്‍ബന്ധം.
ഇത്തിരി കൊണ്ടാട്ടവും ശകലം അവിയലും കൂടി ആയാല്‍ തല ഉയര്‍ത്തി "എടിയെ" എന്നൊന്ന്  വിളിച്ച്ചാലായി ...മറ്റൊന്നിനുമല്ല കരിങ്ങാലി ഇട്ടു തെളപ്പിച്ച വെള്ളതത്തിനാ..
ഊണ് കഴിഞ്ഞ പത്തായത്തിന്റെ പുറം ഒന്ന് തുടച്ചു മിനുക്കി കേറി കിടന്ന് ഒറ്റ കൂര്കം ...
ഉണര്‍ന്നു കാല്‍ നിലത്തു വയ്ക്കും മുന്‍പേ കട്ടന്‍ റടി..
പിന്നെ മെതി അടിയില്‍ കേറി വഴി വക്കില്‍ നിന്ന് കരയോഗം..
ഒട്ടും വൈകാതെ തരിച്ചു കിണറ്റിന്‍ കരയിലേക്ക്‌
അവിടെ എണ്ണയും ഇന്ച്ചയും കുട്ടകത്തില്‍ വെള്ളവും എപ്പോഴേ തയാര്‍!
കോണകം അഴിച്ചെടുത്ത്‌ ഒന്നുലച്ചു പിഴിഞ്ഞ് ..കുടഞ്ഞു നിവര്‍ത്തി കിണറ്റിന്‍ കരയിലെ അയയില്‍ തൂക്കി
രണ്ടു കോപ്പ വെള്ളം തലയില്‍ കൂടി അങ്ങോട്ടോഴിക്കുമ്പോള്‍ അര്‍ജുന പത്തും ജപിക്കുന്നത്‌ കേള്‍ക്കാം..
കുളി കഴിഞ്ഞു തിണ്ണ എത്തുമ്പോള്‍ കുടുക്കയില്‍ ഭസ്മം തനിയെ അഭിഷേകം.
ശിവനും തോല്കും!
തിണ്ണയില്‍ നിന്നും നില വിളക്ക് വരെ..ജപം.തിരികെ തിണ്ണ ..
അപ്പോള്‍ സന്ധ്യ..കഞ്ഞീം ചേന അസ്ത്രോം നിലവിളക്കിന്‍ വെട്ടത്തില്‍ അമ്രുതെത്ത് ..കിണ്ടീല്‍ വെള്ളം ഒരു വാ ഉഴിന്ജ്‌
തോര്‍ത്ത്‌ എടുത്ത് മുഖം തുടച്ച് ..മെതി അടി ഇട്ടു മുറ്റത്തിന്റെ കൊണിലോട്ടു നിന്ന് സ്വല്പം മൂത്രം മുത്തി തിരികെ വന്നു മെതി അടി ഊരി തിണ്ണയുടെ കോണില്‍ വച്ച്..
പത്തായം ഒന്നൂടെ തുടച്ച് നാരായണാ എന്നുള്ള നാമത്ത്തോടെ വീണ്ടും ഒരു ശീല്‍ കൂര്‍കം ...
ഇച്ചേയി കതകുകള്‍ അടച്ച് ചക്ക കുരുവുമായി വിളക്കിന്‍ മുന്‍പില്‍ കാലും നീട്ടി...കൂര്‍ക്കത്തിന്റെ താളത്തില്‍ ലയിച്ച്....

.

2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

ക്വാറല് സം പീപ്പിള്‍

കാലത്ത്‌ ആപ്പീസില്‍ പോകാനുള്ള അശ്രാന്ത പരാക്രമം. പാന്റ് കിട്ടിയപ്പോള്‍ നിക്കറു കാണാനില്ല..അതുകിട്ടിയപ്പോള്‍ ഷര്‍ട്ടിനു ബട്ടന്‍ ഒന്ന് കുറവ്..എല്ലാം ഒരുവിധം റെടി ആക്കി ചെരിപ്പും കാലില്‍ കേറ്റി.
 മുഖ്യമാന വിഷയമായ ചോറ് പൊതിയും വെള്ളോം മറക്കാതെ എടുത്തു ബാഗ് കെട്ടി പൂട്ടി പെണ്ണുമ്പിള്ള കൈയില്‍ തന്നിട്ട് സ്ഥലം വിട്ടു
ശര വേഗതിനായി സ്കൂട്ടര്‍ എടുത്തപ്പോള്‍ ആശാന്‍ പണി മുടക്കുന്നു..അവസാന ശ്വാസം വരെ ചവിട്ടി ഒരു വിധത്തില്‍ സ്റ്റാര്‍ട്ട്‌ ആക്കി...
അലറി കൊണ്ട്ട് ബസ്‌ സ്ടാന്റിലെക്ക് ..ആ ബസു പോയാല്‍ കൂടെ തീവണ്ടിയും പോകും!


ഓടുന്ന വണ്ടിക്ക്‌ ഒരു മുഴം മുന്നില്‍ കൈ കാണിച്ചു കേറി കൂടി ..സ്ഥിരം കണ്ടക്ടര്‍ ..സ്ഥിരം ടിക്കറ്റ്‌ ..സ്ഥിരം സീറ്റില്‍ ചാരി ഇരുന്നു ഒരു ദീര്‍ഖ നിശ്വാസം വിട്ടു..ഇനി അല്‍പ പരദൂഷണ വിചാരമാകം..
അങ്ങനെ അയല്പക്ക കാരന്റെ കുന്നായ്മകളെ പറ്റി ചിന്തിചിട്ട് എത്തും പിടിയും കിട്ടാതിരിക്കുമ്പോള്‍ അടുത്തിരുന്ന യുവ കോമളന്‍ വെളുക്കെ ചിരിച്ചും കൊണ്ട്ട് എന്നെ ഒരു തോണ്ട് ..വെളിയിലേക്ക്‌ കൈ ചൂണ്ടി ഒരു ചോദ്യോം..
what is that yellow flag..."?
അപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത് ..റോഡു മുഴുവനും പീതാംബരാ ഓ കൃഷ്ണാ ..!


ഞാനവനെ സാകൂതം ഒന്നുഴിഞ്ഞു ..ഇതെല്ലം അറിയാന്‍ ഇംഗ്ലിഷില്‍ എന്തരിനു ചോദിക്കണം..
എന്റെ മനോഗതി അറിഞ്ഞിട്ടെന്നവണ്ണം അവന്‍ പറഞ്ഞു..
I am a medical rep..from mangalore..sorry don't know malayaalam "


ഓ  സാരമില്ല  "ഞാന്‍ സമാധാനിപ്പിച്ചു..
പിന്നേം അവന്‌ അറിയേണ്ടത്‌ ഈ കൊടികളെ പറ്റി തന്നെ 
ഇത് എസ്  എന്‍ ഡി പി എന്നൊരു ജാതി സന്ഖടന ഉണ്ട്ട് അവരുടെ കൊടിയാ"
ഞാനവന്റെ മുടിഞ്ഞ സംശയം തീര്‍ത്തു .
വേറെ ചിന്തയില്‍ മുഴുകി മുഴുകി..ഇരിക്ക വാറെ 
ദേ പിന്നേം ല്ലവന്‍..
"I know these people ..in my place also they are plenty.."
അവന്‍ പറഞ്ഞു..
എന്നിട്ടാണോ നീ ഒന്നും അറിയാത്തവന്റെ മാതിരി കേറി കിന്ടിയത്...ഞാന്‍ ഒരു നോട്ടം എറിഞ്ഞു..
അവന്‍ വിടുന്ന മട്ടു കാണുന്നേയില്ല.
"see in our place these people are toddy tappers ..and very quarrelsome also"
more over they are educated but culture less"
ഞാനെന്തു മിണ്ടാന്‍ .".ഇസ്ന്റ്റ്‌ ഇറ്റ്‌ ? നോട്ട് അറ്റ്‌ ഓള്‍ ട്രൂ കമ്പെര്‍ിംഗ് വിത്ത്‌ ഔര്‍ പ്ലേസ് "  .
എന്ന് പറഞ്ഞൊഴിഞ്ഞു..
തീവണ്ടി ആപ്പീസില്‍ എത്തി അവന്‍ യാത്ര പറഞ്ഞു ടിക്കറ്റ്‌ എടുക്കാന്‍ പോയി.
"എടാ കൂവേ ആ ചെറുക്കന്‍ പറഞ്ഞത് കിറു കൃത്യം നീ ഈ ജാതിയാന്ന് അവന്‍ നിന്നെ കണ്ടപ്പോഴേ മനസ്സിലാക്കി കളഞ്ഞല്ലോ ..മിടുക്കന്‍"
സഹ പ്രവര്‍ത്തകന്‍ തൊട്ടു പുറകിലെ സീറ്റില്‍ ഇരുന്നു ഞങ്ങളുടെ "നമ്മള്‍ തമ്മില്‍" പരിപാടി കാണുകയായിരുന്നു ..അതൊന്നും ഞാനറിഞ്ഞില്ല..
"പോടാ കഴുവേ..."എന്ന് ഞാന്‍ പറയും മുന്‍പേ അവന്‍ പറഞ്ഞു..
"ഇതാടാ ആ പയ്യന്‍ പറഞ്ഞ ക്വാരല്‍ സം പീപ്പിള്‍ "


തീവണ്ടിയുടെ രാക്ഷസ അലര്‍ച്ച ...ബാക്കി അനര്‍ധന്ങളില്‍ നിന്നും രക്ഷിച്ചു..


പീതാംബരാ ഓം കൃഷ്ണാ ...

2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

"വെളുത്തമ്മ"


വല്യകുളം പേരുമാതിരി അത്രക്കങ്ങു കുളമല്ല എന്നാല്‍ നാട്ടിന്‍ പുറത്തിന്റെ  നന്മകളും കൂടുതലല്ല . പത്തനംതിട്ട  ജില്ലയിലെ ഒരു പാവം ഗ്രാമം. ഒത്തിരി ഒത്തിരി കുന്നായ്മകളുടെയും  , കുതന്ത്രങ്ങളുടെയും തമാശ കഥകള്‍ ഇവിടെയും ഉണ്ടായിരുന്നു , ഇപ്പോള്‍ പനിപിടിച്ചമാതിരി ഉണര്‍വ്‌ ഇല്ലെങ്കിലും  അത്യാവശ്യം കുത്തി തിരുപ്പുകള്‍ ഒക്കെ യഥേഷ്ടം  ഉണ്ട്.ഒരുപാടു പഴയ പുതിയ കഥകളും..
.അതില്‍ ചിലത്..... കഥയെന്നും, സംഭവ കഥ എന്നും രണ്ടു പക്ഷം ഇവിടെയും ഉണ്ട് .
"വെളുത്തമ്മ"  മരിച്ചിട്ട് അധികമായിട്ടില്ല ഏറിയാല്‍ നാലുകൊല്ലം , നാട്ടിലെ സുന്ദരി കോത ആയിരുന്നു .. തൊണ്ണൂറില്‍ മരിക്കുമ്പോഴും . വേള് വെളെ ചൊക ചോകെ നീണ്ട മൂക്കും..കാതിലെ ലോലാക്കില്‍ ഈരേഴു വര്‍ണങ്ങള്‍..കടും നീല റൌക്ക  അതില്‍ വെള്ള പരല്‍ മീനുകള്‍ പായുന്ന പടം ..പുളിയിലക്കര മുണ്ടും നേര്യതും ...
മധുര പതിനേഴില്‍ ..പതിനെട്ടില്‍.. ഒരുപാടു പേരെ മോഹിപ്പിച്ചിട്ടുണ്ട്‌ പോലും ,ചിലര്‍ക്കൊക്കെ ..മിസ്‌ കുമാരി..പത്മിനി,രാഗിണി..പിന്നെ ഷീല ജയഭാരതി..എന്നിങ്ങനെ ..
അവരില്‍ കൊഴുപ്പുള്ള  ചിലരൊക്കെ കാര്യം കാണുകയും ചെയ്തിട്ടുണ്ടുപോലും . രണ്ടയായാലും പണമുള്ളവരുടെ മാത്റം സുന്ദരി കോതയായിരുന്നു വെളുത്ത'.
 ഇനി പ്രതി നായകന്‍ കുഞ്ഞനോ?  അറും പാവം , കഞ്ഞിക്ക് വയ്ക്കുന്ന വെള്ളത്തില്‍ മിക്കപ്പോഴും കുളിക്കുകയാണ് പതിവു. എന്നാല്‍ വെളുത്ത്തയോട് മോഹം  കല കലശല്‍..ശിവകാശി പോസ്ടര്‍ അന്നുണ്ടായിരുന്നെന്കില്‍ മുറി നിറയെ...

പക്ഷെ കുഞ്ഞന് അറിയാമായിരുന്നു.. അടുക്കണമെങ്കില്‍ പണം വേണം , അല്ലെങ്കില്‍ വെളുതയ്ടെ കറുത്ത മുഖവും തെറിയും പിടിക്കണം . മാര്‍ഗമൊന്നും കാണാതെ നടക്കുമ്പോള്‍ ദൈവമായിട്ടു ഒരു വഴി കാട്ടി.
പഴങ്ങഞ്ഞി കുടിച്ച വഹയില്‍ പഴേ..പണ്ടെ .. ഉടഞ്ഞ ഓട്ട ചട്ടി ഒരേ ഒരണ്ണം ദാ കിടക്കുന്നു ..പിന്നെ ബുദ്ധി ഒന്ന് കത്തി  !
മങ്ങാതെ മായാതെ രാജാവിന്റെ അല്ലറ ചില്ലറ കാശിന്റെ രൂപ ഭദ്രതയില്‍ മനസ്സില്‍ കിടന്ന കാശ് വലിപ്പത്തില്‍
 ഉരച്ചുണ്ടാക്കി അതെ പോലെ  ഇഷ്ടംപോലെ പണം.. പഴയ സാറ്റിന്‍ മുണ്ടോരേണം കീറി മടിശീല ...
പിന്നെ ഒരുക്കമായി..ഓലിയില് കുളിച്ചു ..ചന്ദ്രിക സോപ്പോന്നു തീര്‍ന്നു ..കുട്ടികുര പൌഡര്‍ ഒരു കൂട്ടം..മല്‍ മല്‍ മുന്ടോരെണ്ണം അടിച്ചു മാറ്റി ഉടുത്തപ്പോള്‍..സാക്ഷാല്‍..കാമദേവനും ചിരിക്കും!
 രാത്രി പാനീസ് വിളക്കിന്റെ ചാരെ, തിളങ്ങിയിരുന്ന വെളുതയുടെ അടുത്തെത്തി..പഞ്ച പുച്ഛം കാട്ടി ഇരുന്ന വെളുത്ത മുമ്പില്‍ ... കുഞ്ഞന്‍ കിലുകിലുങ്ങുന്ന മടിശീല കിലുകി കാണിച്ചു .
വിശ്വാസം ആകാതെ  വെളുത്ത ആഞ്ഞൊന്നു ചിരിച്ചു, എന്നിട്ട് ചോദിച്ചു.."കുഞ്ഞനാണോ..എന്നതാ ..കാര്യം."?.
കുഞ്ഞന്‍ ..മടിയാതെ" ആഗ്രഹം " അറിയിച്ചു..ഒന്ന് ഞെട്ടിയെങ്കിലും..
കിലുങ്ങിയ നാണയ തുട്ടിനെക്കാട്ടില്‍ ചിരിച്ചു..വെളുത്തമ്മ...മെല്ലെ വിളക്ക് ഒന്നൂതി..
 കുഞ്ഞന്റെ ജന്മ സാഫല്യം .
കോഴി കൂകി ..
നേരം പര പര  വെളുത്തപ്പോള്‍ ഭൂമി കുലുങ്ങുന തെറിയഭിഷേകം.
ഉടച്ച ഓട്ട ചട്ടി മടി ശീല കിലുക്കി ഉറഞ്ഞു തുള്ളി നില്‍ക്കുന്നു വെളുതമ്മ ...കറുത്തമ്മയായി!
ചതിച്ച്ചോടാ നായിന്റെ മോനെ.."പിന്നെ കുറെ നക്ഷത്രങ്ങളും ..വള്ളീം പുള്ളീം...
സുപ്രഭാതം  കേട്ടു കുഞ്ഞന്‍ നാടു വിട്ടു ഓടിയതില്‍ പിന്നെ ഒരു നാളും  വന്നിട്ടേയില്ല...എന്ന് കൊച്ചുമക്കളും ..അവരുടെ മക്കളും
സാഭിമാനം പറയുന്നു...
കേട്ടു നിന്ന ഞാനും ഒരു രാജ്യം വെന്ന കുഞ്ഞന്‍ " ചേട്ടന്റെ ലീലാവിലാസം മനക്കണ്ണില്‍ കണ്ടു

2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

കണ്ണ് വൈദ്യന്‍

 പണ്ട് പണ്ട് തൊട്ടതിനും പിടിച്ചതിനും സ്കാനും ലാബ് ടെസ്റ്റും ഇല്ലാതിരുന്ന നല്ലകാലത്ത്.ചുമടു താങ്ങിയും കാളവണ്ടിയും ...വഴിയോരം തണലിന്റെ കുളിരാല്‍ മൂടി പടര്‍ന്നു പന്തലിച്ച വരിക്ക പ്ലാവും ഉണ്ടായിരുന്ന  കാലം..
അതിന്റെ ചുവട്ടില്‍ നിരപ്പലക കൊണ്ട് അടച്ചു തുറക്കുന്ന കഷായം ..എണ്ണ..കുഴംബോക്കെ മണക്കുന്ന ..വലിയ ഭരണികള്‍ തിണ്ണയില്‍ ഇറക്കി വച്ചിരുന്ന ഒരു വൈദ്യശാല. കറുപ്പില്‍ വെള്ള അക്ഷരത്തില്‍ കണ്ണ് ദീനത്തിന് പ്രത്യേക ചികിത്സയും...എന്നെഴുതിയ ഒരു ബോര്‍ഡും..
തിണ്ണയുടെ ഓരം ചാരി മെഴുക്കു പുരണ്ട ചാര് കസേരയില്‍ മുറിക്കയ്യന്‍ ബനിയനും വെള്ള മുണ്ടും കണ്ണില്‍ കണ്ണടയും കൈയില്‍ സദാ കൌമുദി പത്രവുമായി ഒടിഞ്ഞു മടങ്ങിയ ഒരു വൈദ്യനും..താഴെ എപ്പോഴും അലച്ചുകൊണ്ട് ഒരു ഞാരുവാലി പൂച്ചയും..

അങ്ങനെ ഇരിക്ക വാറെ..കല്യാണി അമ്മ വരും..കണ്ണി തീനത്തിനു മരുന്നെഴുതാന്‍..നീണ്ട പരിശോധനക്ക് ശേഷം.. ഇള നീര്‍കുഴംബെഴുതി കല്യാണി അമ്മയെ ഒരിടത്തിരുത്തും എന്നിട്ട് വൈദ്യന്‍ പിന്നേം കൌമുദി കയ്യില്‍ എടുക്കും..പൂച്ച പിന്നേം അല തുടങ്ങും..നീറുന്ന കണ്ണുമായി കല്യാണി അമ്മ പയ്യാരങ്ങള്‍ പറയും..
നീറ്റല്‍ മാറുമ്പോള്‍ മെല്ലെ മടി കുത്തഴിച്ച് സ്ഥിരം ചാര്‍ജായ രണ്ടു രൂപാ കൊടുക്കും.."ഈ നാശം പിടിച്ച ചൊറിച്ചിലും നീറ്റലും എല്ലാ മാസവും എന്താ വൈദ്യരെ ഇങ്ങനെ പിന്നേം പിന്നേം വരുന്നത്?" ചോദ്യം എറിഞ്ഞു കാത്തിരിക്കും
"ഓ വയസ്സായി വരികയല്ലേ അപ്പോള്‍ കണ്ണിനും അല്‍പ സ്വല്പം ചിത്താന്തമൊക്കെ തോന്നും..വൈദ്യര്‍ ചിരിയോടെ സ്വാന്തനിപ്പിക്കും. 'പിന്നെ ഞാനിവിടുണ്ടല്ലോ" എന്നൊരു കൊളുത്തും വക്കും.

കല്യാണി അമ്മ സന്തോഷവതിയാകും..മടങ്ങും.
ഒരിക്കല്‍ കല്യാണിഅമ്മ വന്നപ്പോള്‍ വൈദ്യന്‍ ഒരു അടിയന്തിരത്തിന് കായംകുളം വരെ പോയിരിക്കുന്നു.
ശിങ്കിടി ദാമോദരന്‍ അര വൈദ്യന്‍ ചികിത്സ നടത്തുന്നു..കൈപ്പുണ്ണ്യം ഉള്ളവനാ..കല്യാണി അമ്മ അര മനസോടെ ദാമോരന്‍ വൈദ്യന്റരികെ ഇരുന്നു.
വൈദ്യന്‍ ഭൂത കണ്ണാടി എടുത്ത് വച്ചൊരു നോട്ടോം ഒരു പൊട്ടി ചിരീം..കല്യാണി അമ്മക്ക് ദേഷ്യം വരാന്‍ ഇനി കാരണം വേണ്ട.".എന്നതാ ഇത്ര ചിരിക്കാന്‍ കണ്ണിനാത്ത്‌ ഇരിക്കുന്നത്"?കല്യാണി അമ്മ ചിമിട്ടി..

"എന്തോ പറയാനാ ...ഈ പുരികം കുറെ മുറിച്ച് കളയട്ടെ.."      വൈദ്യന്‍ ചോദിച്ചു.."എന്നാത്തിനാ " കല്യാണി അമ്മയുടെ സൌന്ദര്യ ബോധം സട കുടഞ്ഞു ...
"അതാ ഈ കുഴപ്പത്തിന് കാരണം..രണ്ടു മൂന്നെണ്ണം സ്ഥാനം തെറ്റി വില്ല് പോലെ വളഞ്ഞു കണ്ണിലേക്ക്‌ കുത്തി നിക്കുന്നു..അത് കൊള്ളുമ്പോള്‍ ചില്ലറ ചൊറിച്ചിലും നീറ്റലും കാണും "  വൈദ്യന്‍ രോഗ ഹേതു പറഞ്ഞു
അപ്പം മൂപ്പര് വൈദ്യന്‍ ഇതിനു മരുന്ന് തന്നിരുന്നതോ...?" കല്യാണി അമ്മയുടെ ചോദ്യത്തിലാകെ ഒരു സി ബി ഐ മണം..
ദാമോരന്‍ വൈദ്യന്‍ ഒന്നിഴഞ്ഞു..ഇത് കെണി ആകും..കാലാ കാലങ്ങളായി ഓരോ മാസവും ശകലം ഇള നീര്‍കുഴ്മ്ബിനു രണ്ടു രൂപാ കിട്ടിയിരുന്നത് താന്‍ കാരണം ഇല്ലാതായാല്‍ കഷ്ടം..
"ഓ..അതോ ആ മരുന്ന് ഒഴിച്ചത് കൊണ്ടാ ഇതിങ്ങനെ കൂടാതെ നിന്നത്..."
ഏത്""? എങ്ങനെ?' കല്യാണി അമ്മ ചൂടായി..."മനുഷ്യനെ ഇല്ലാ രോഗത്തിന് ചികില്സിക്കുന്നവന്മാര്‍" എന്നും  പറഞ്ഞു ഒരൊറ്റ നടപ്പ് ..
ദാമോരന്‍ വൈദ്യന് ഉത്തരം കഴുക്കോലില്‍ മുട്ടി..
നെരപ്പലക ഓരോന്നായി എടുത്ത് വൈദ്യ ശാല അടച്ചു..പൂച്ചയെ കാലു കൊണ്ട് ഒരു താങ്ങും താങ്ങി..
വഴിയിലിറങ്ങി നേരെ കിഴക്കോട്ടു പിടിച്ചു..
മൂപ്പര് വരും വഴി കാണണ്ട...കല്യാണി അമ്മ  കണ്ടെങ്കില്‍ സൂപ്പര്‍ തെറി പറഞ്ഞു കാണും..
എന്റെ ചെവിക്കുറ്റി ഇളകിയത് തന്നെ..
നല്ല ഒരു ഇ എന്‍ ടി സ്പെഷ്യലിസ്റ്റ്‌ എവിടെ കാണും....

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗ്രാമക്കാഴ്ചകള്‍

ഗ്രാമക്കാഴ്ചകള്‍ ...ആരൊക്കെയോ ഉപയോഗിച്ച തലക്കെട്ട്
ഇതിപ്പം ഗ്രാമമോ എന്ന് ചോദിച്ചാല്‍ അത്രക്കങ്ങു ഗ്രാമോമല്ല...എന്നാല്‍ നഗരോമല്ല..
അല്ലെങ്കിലും കേരളത്തിലെ ഗ്രാമം ഡല്‍ഹിയില്‍ ഫ്ലോട്ടായി റോഡിലൂടെ പോകുന്ന കാഴ്ച ടി വിയില്‍ ലൈവായി കാണാമല്ലോ..
ചില ചില്ലറ കാഴ്ചകള്‍ കണ്ടതും....കണ്ടുകൊണ്ടിരിക്കുന്നതും...ഇനി കാണാന്‍ പോകുന്നതും

പണ്ടൊക്കെ കാക്ക കരയുന്നത് കേട്ടായിരുന്നു ഉണരുന്നത്..ഇപ്പോള്‍ കാക്കയ്കും ഹാങ്ങ്‌ ഓവര്‍ ആകാം..താമസിച്ചേ കരയാറു പതിവുള്ളു...അതും ഒന്നോ രണ്ടോ..
കരയാതെ തന്നെ കുഞ്ഞിനു പാല് കിട്ടിയാല്‍ പിന്നെ വെറുതെ കരഞ്ഞു കരഞ്ഞു ഊര്‍ജം കളയണ്ടല്ലോ?
പര പര വെളുക്കും മുന്‍പ് തന്നെ അപ്പറത്തെ അച്ചായന്‍ ഇപ്പുറത്തെ മതിലിനു വെളിയിലേക്ക്‌ ഇന്നലയുടെ ബാക്കി വേസ്റ്റ്"
കൂടിലാക്കി ഡാവില്‍...കളഞ്ഞിരിക്കുന്നത് കാക്കയ്കും പൂച്ചയ്ക്കും ഗൃഹ പാഠം!
പിന്നെന്തിനു അലച്ചും..കരഞ്ഞും..വെറുതെ നൂയിസെന്സാകണം "!
അതിനകത്തോ ...ഏതെല്ലാം തരത്തിലുള്ള 'കടപ്പന്ടങ്ങളുടെ' അവശിഷ്ടങ്ങളും..ചിക്കന്‍ സിക്സ്ടി ഫോറും ഫൈവും..
നാനും പിന്നെ ചുറ്റുകള്‍ അഴിയാത്ത പൊറോട്ടയും!
ബ്രേക്ക്‌ ഫാസ്റ്റ് കുശാല്‍.

കോഴി കൂവി നേരം വെളുപ്പിച്ച കാലം ഉദയാ സ്റ്റുഡിയോ പൂട്ടിയതോടെ പോയി മറഞ്ഞു..
ആ കോഴിയെ വല്യമ്മ വിറ്റുകളഞ്ഞു..
ഇനി നാമക്കല്‍ നിന്നും കൂവുന്ന കോഴി വരണം. കാത്തിരിക്കാം..

ഉണര്‍ന്നു കട്ടിലില്‍ മൂരി രണ്ടു നിവര്‍ന്നതും....ധും" എന്നൊരു ഒച്ച കേട്ടു ഞെട്ടറ്റു താഴെ വീണത്‌ ബാക്കി.
ആരുടെയോ മൃത ദേഹം ...മൂന്നു നാലു ദിവസത്തെ മോര്‍ച്ചറി  വാസത്തിനു  ശേഷം സ്വ ഗൃത്തിലെക്ക് കൊണ്ട് പോകും വഴി പതിനായിരം വാട്ടിന്റെ തമ്പേര്‍ പ്രയോഗം..മരണ സംഗീതക്കാരന്റെ മനോധര്‍മം...വെളുപ്പിനത്തെ സാധകം!
പുറകാലെ ആയിരം കൂടിയ കാറുകളുടെ അകമ്പടി..കണ്ണാടിയില്‍ ഫ്ലെക്സി ചിത്രവും.സമയമാം രഥത്തിന്റെ ബീജി!!
പത്രം വരുന്നതും നോക്കി നോക്കി...നോക്കെത്താ ദൂരത്തു കണ്ണും നട്ടു..."ഇപ്പോള്‍ വാര്‍ത്തകള്‍ ലൈവായത് കാരണം ഒരു മാതിരി പെട്ടവര്‍ പത്രം വരുത്തുന്നത് ഒരു ആടംബരമാക്കി..അത് കൊണ്ട് ഇത്തിരി ഒക്കെ താമസിച്ചാലും പരാതി ഇല്ല."
പത്രക്കാരന്റെ ലൈവ്‌ കമന്ററി.

കാലത്ത് നടപ്പ്‌ ഒന്നും പതിവില്ലേ? "   നല്ല നടപ്പ് കാരന്റെ ചോദ്യം.." പ്രായമായി വരുംതോറും അസുഖങ്ങള്‍ വരാതെ നോക്കണം...വെളുപ്പിനെ ഒരു നടപ്പ് നല്ലതാ.." ഇത് പറഞ്ഞതും ആശാന്‍ റോഡില്‍ നിന്നും അടുത്ത പറമ്പിലേക്ക്‌ ഒരു ചാട്ടം ചാടിയതും  ഒപ്പം!
ചീറി പാഞ്ഞു പോയ ടിപ്പര്‍ ലോറിയെ നോക്കി നെഞ്ചത്തു കൈ വച്ചു നില്കുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഒരു കുസൃതി ചോദ്യം..."വെളുപ്പിന് നടപ്പിനെക്കള്‍ നല്ലത് ചാട്ടമാ..വണ്ടി ഇടിക്കാതെ ആയുസ്സ് കാക്കാം"
നടപ്പുകാരന്‍ ചേട്ടന്‍ മെല്ലെ നടന്നു നീങ്ങി.

ദേ വരുന്നു അയല്‍പക്കത്തെ പിള്ളാര്‍..പാന്റും ഷര്‍ട്ടും പുറത്തു ഒരു കൊട്ടും അതിനു മുകളില്‍ നീളന്‍ ടൈയും...മുതുകില്‍
എവറസ്റ്റു കേറാന്‍ പോകുന്നവന്റെ ഒരു ബാഗും..
എവിടാ പിള്ളാരെ ഈ അതി രാവിലെ?" എന്റെ ചോദ്യത്തിന് അവര്‍ നടന്നു കൊണ്ടുതന്നെ മറുപടിയും തന്നു..
ഇവന് എന്ട്രന്സിന്റെ ക്ലാസ്സ് കഴിഞ്ഞു ട്യുഷന്‍ ..എനിക്ക് ട്യുഷന്‍ കഴിഞ്ഞു എന്ട്രന്‍സ് ക്ലാസ്‌...അപ്പോഴേക്കും സ്കൂള്‍ ബസും വരും.

പറഞ്ഞു തീരും മുന്‍പ്‌ വിളറിയ മഞ്ഞ നിറം പൂശിയ ഒരു ശകടം ഞങ്ങളെ പിന്തള്ളി പാഞ്ഞു..മൃത വ്ദ്യാലയം  എന്നോ മറ്റോ ഒരു ബോര്‍ഡും കണ്ടു..കുഞ്ഞുങ്ങളുടെ കലപില.. മൂന്നു നാല് വീടുകള്‍ കഴിഞ്ഞ് വാഹനം നിന്നു...കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ അടി പൊളി ചുരി ദാറും പുള്ളി കുടയുമായി ..കുട്ടിയെക്കാളും ഒരുങ്ങി അതിന്റെ അമ്മ!
കുഞ്ഞിനെ കൈ പിടിച്ചു വണ്ടിയില്‍ കയറ്റി വിട്ടു...ടാറ്റാ ....
പിന്നെ പുറകെ പുറകെ ടിപ്പറും സ്കൂള്‍ ബസുകളും തമ്മില്‍ ഒരു നെഹ്‌റു ട്രോഫി വള്ളം കളി തന്നെയായിരുന്നു...
അമ്മമാര്‍ ചമഞ്ഞൊരുങ്ങി റോഡിന്റെ ഇരു വശത്തും ഒരു ഫാഷന്‍ പരേട്‌ തന്നെ...നടത്തി കളഞ്ഞു..
ചുരുക്കം ചിലര്‍ "നൈറ്റി " എന്ന ഓമന ഹൌസ്‌ കോട്ടും അതിനു മുകളില്‍ കളര്‍ഫുള്‍ ഷാളും...

ഒരു ഒന്‍പതു മണി വരെ എങ്ങനെ പോയി എന്നറിയില്ല..വായി നോട്ടം ഉഗ്രന്‍ കല തന്നെ..സുപ്പര്‍ അനുവഷന്‍ കഴിഞ്ഞാല്‍ ചിന്ത്യം!
ദാ, പിന്നേം വരുന്നു വലിയ മഞ്ഞ ബസ്‌..പിത്തക്കാരന്റെ മുഖം പോലെ..സ്ഥലത്തെ പത്തിലൊരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിന്റെ ബസ്‌ ഘോഷ യാത്രയാ...കാണാം..
കടന്നു പോയ എല്ലാ ബസിലും ചെവിയില്‍  എന്തോ കുത്തി തിരുകി..അല്ലെങ്കില്‍..മൊബയില്‍ ഫോണില്‍ ഫോട്ടം പിടിച്ച്...എത്ര എത്ര ..കൊണ്വന്റ്റ്‌ പിള്ളാര്‌ ശെല്‍വെന്ന മുയലുകള്‍ ആന്ഗലം മാത്രം 'പാടാതമ്മാ ..'
അണ്ണോ  ...വരുന്നോ..സിവില് വരെ പോകുവാ ..സാധനം " വാങ്ങാന്‍..ജങ്ക്ഷനിലെ ഓട്ടോ സുഹൃത്തിന്റെ ക്ഷണം ..
സമയം പത്തായി എന്നറിഞ്ഞു..പത്തു മണിക്കേ സിവില് തുറക്കൂ...
ഇനി വഴിയില്‍ നിന്നാല്‍ അപകടമാ  ..പല സിവിലുകാരും വിളിക്കാം..കടം ചോദിക്കാം..മസാവസാനമാ എന്നൊന്നും പറഞ്ഞാല്‍ അവന്മാര്‍ അടങ്ങില്ല....

ഒച്ചിന്റെ വേഗത്തില്‍ വീടകം പുക്കി..
ടി വി ഓണാക്കി...മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നിക്കുമോ...എല്ലാ ചാനലും തപ്പി ..ദൈവത്തിന്റെ ചാനലില്‍ പോലും എസ് " പിച്ചാത്തി അല്ലാതെ ഒന്നുമില്ല...വ്യതസ്തമായി എസ്" എഴുതുന്ന വിധത്തെ പറ്റി പൊരിഞ്ഞ ചര്‍ച്ച..
അടി ..കടി..
ഹായ് ...ഗ്രാമക്കാഴ്ചകള്‍ ഇത്രയും പോരന്നുണ്ടോ...
എങ്കില്‍ ടി വി ഓണ്‍ ചെയ്തു..റിയാലിറ്റി ഷോ' കാണുന്നവര്‍ തമ്മില്‍ തമ്മില്‍ കാണൂ...
കൊലപാതകം....ബലാല്‍സംഗം...മോഷണം...ഇതിന്റെ ഒക്കെ റിയാലിറ്റി കഴിഞ്ഞ്..
ഇനി ലൈവ്‌ ഷോ ഉടന്‍....

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശാന്‍

ആശാന്‍ .  കുഞ്ഞുംനാളിലെ അസ്വാസ്ഥ്യവും...മുതിര്‍ന്നപോള്‍ ആശ്വാസവും.
തൂ വെള്ള മുടി..നന്നായി ചീകി ഒതുക്കി. കുനു കുനെ താടി രോമങ്ങള്‍... നരച്ച മീശയില്‍ പറ്റിപിടിച്ചിരിക്കുന്ന മുറുക്കാന്‍ അവശിഷ്ടങ്ങള്‍...വാസന  ചുണ്നാംബിന്റെ ..അരിഞ്ഞ് കൂട്ടിയ പുകയിലയുടെ ..ഉണര്‍ത്തുന്ന മണം
വെളുത്ത മേനി ആകെ നരച്ച രോമ കൂടാരം ..കാറ്റില്‍ മെല്ലെ പറക്കുമായിരുന്നു ചെവിയിലെ രോമങ്ങള്‍...
അന്നൊക്കെ നോക്കി കൊതിക്കുമായിരുന്നു ആശാന്റെ ആകമാനമുള്ള മുഖ കല..
പക്ഷെ ഒരു കാല്‍ ചെറുതിലെ പിള്ള വാതം വന്നു തളര്‍ന്നിരുന്നു..മറ്റേ കാല്‍ ശക്തമായി നിലത്തൂന്നി..മുള 
വടിയില്‍ വയ്യാത്ത കാല്‍ പിണച്ചു വച്ച് ആശാന്‍ നടക്കുന്നത് ആരും കാണാതെ അനുകരിക്കുമായിരുന്നു...
അങ്ങനെയും ഗുരുത്വ ദോഷം അന്നേ ആവശ്യത്തില്‍ കൂടുതല്‍...!
ശംഖ് മാര്‍ക്കിന്റെ വെള്ള കൈലി മുണ്ടും ഒരു തോര്‍ത്തും..അരയില്‍ പല കള്ളികള്‍ ഉള്ള പച്ച ബെല്‍റ്റും. ഒന്‍പതു മണീടെ സി ടി എസ്' ബസ്‌ പോയാലുടന്‍ പള്ളികൂടം സജീവം.കാരണം ആ ബസു കഴിഞ്ഞാല്‍ പിന്നെ വണ്ടി വാഹനങ്ങള്‍ അപൂര്‍വ്വം. വല്ല സിനിമാ നോട്ടിസ് വിതരണത്തിന് വരുന്ന ചെണ്ടയും ഉന്ത് വണ്ടിയും..അല്ലെങ്കില്‍ റേഷന്‍ അരി കൊണ്ട് വരുന്ന കാള വണ്ടി...ഒരേ ഒരു സെന്റ്‌ തോമസ്‌ ലോറി. ആ ലോറിയിലും പഴയ ഫാര്‍ഗോ " കാണില്ല!
ബസിന്റെ വരവും പോക്കും കാണാന്‍ എഴുത്തോലയുമായി റോഡരികിലെ മയില്‍ കുറ്റിയില്‍ കേറി അങ്ങനെ നില്‍കുമ്പോള്‍ "വരിനെടാ പിള്ളാരെ " എന്ന ആശാന്റെ നീണ്ട വിസിള്‍.
ഇന്നലെ പഠിച്ചതൊക്കെ എഴുതെടാ എന്ന് പറഞ്ഞു മണ്ണില്‍ കൈ വിരല്‍ പിടിച്ചു വക്കുമ്പോള്‍...രണ്ടു കണ്‍ കോണുകളില്‍ കൂടിയും ജലധാരാ ...മൂക്കില്‍കൂടി അതിലും മെച്ചമായി..."അറിയത്തില്ല" എന്ന് ഗല്ഗതം "പിന്നെ ഇന്നലെ നീ എന്തെടുക്കുവാരുന്നെടാ വീട്ടില്‍.." ആശാന്റെ നാരായം കൂട്ടിയുള്ള ചോദ്യം..
അറിയത്തില്ല " എന്ന ചിണുക്കം നീണ്ട കരച്ചിലിന്റെ രാഗ വിസ്ഥാരമാകുമ്പോള്‍ ആശാന്‍ പിടി വിടും അടുത്ത ആളിനെ പിടികൂടും.
ഉച്ച ഊണുമായി ആശാന്റെ വീട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍ ..എല്ലാവര്‍ക്കും  ലെന്ച്ച് ബ്രേക്ക്‌ .
പൊതി തുറന്നു വച്ച് ആശാന്‍ മെല്ലെ കൈ ആട്ടി എല്ലാവരെയും വിളിക്കും ഒരു ഉരുള ഉണ്ണാന്‍.
അതിനു മത്സരമാണ്..ഓരോരുത്തരായി..ആശാനോട് ചേര്‍ന്ന് നിന്ന്..കുത്തരി ചോറില്‍ അയല കറിയുടെ ചാറ് മുക്കി ഒരു ചെറിയ ഉരുള വായില്‍ വച്ച് തരുന്നതും വാങ്ങി ...എഴുത്തോല എടുത്ത് ആശാനേ വണങ്ങി നേരെ വീട്ടിലേക്ക്‌ ഒരോട്ടമാണ്. ഇന്നും ആ ഉരുളയുടെ രുചി ..മീന്‍ ചാറിന്റെ സുഗന്ധം..
ഓര്‍മയില്‍ ഒരു വാകമരം പൂത്ത പോലെ..
ഒരിക്കല്‍ എഴുതാന്‍ അറിയാതിരുന്നതിന് ആശാന്‍ നല്ല ഒരു കിഴുക്കു" തന്നതും വാങ്ങി വീട്ടില്‍ പോന്നതില്‍ പിന്നെ പളിക്കൂടത്തില്‍ പോകാന്‍ മടി...
അമ്മയും അച്ഛനും ആകുന്ന പണി ഒക്കെ നോക്കി..കരഞ്ഞു കൊണ്ട് കുതറി ഓടുമായിരുന്നു ...പെങ്ങള്‍ പല ഓഫറുകളും വച്ച് നീട്ടി ...പരിഗണന ഇല്ലാതെ തഴഞ്ഞു...അങ്ങനെ പൂജ വപ്പു വന്നു ഏറ്റവും സന്തോഷമുള്ള ദിവസങ്ങള്‍!!  
എഴുത്തോല നിലവിളക്കിനു മുന്‍പില്‍ വെള്ള തുണിയില്‍ പുതപ്പിച്ചു വച്ചു..സാറ്റ് കളിക്കാന്‍...ഓടി.
.അങ്ങനെ ...
ഒരു നാള്‍ വയ്യാത്ത കാലുമായി ആശാന്‍ നേരിട്ട് വീടിന്റെ കോലായിലെത്തി.
മിണ്ടരുത്‌ എന്ന് മനസ്സില്‍ നിരൂപിച്ചു..വല്ലാതെ കിഴുക്കികളഞ്ഞു..
.ആശാന്‍ ഒരു കൈ ആട്ടി മെല്ലെ വിളിച്ചതും എല്ലാം മറന്നു പോയി ഓടി ആ കൈയ്യില്‍ ചെന്ന് തൂങ്ങി..
മുറുക്കാന്‍ മണക്കുന്ന മുഖം കൊണ്ട് ഒരുമ്മ!
ബെല്‍റ്റിലെ പോക്കറ്റ് തുറന്നു ഒരു ചെറിയ പൊതി എടുത്തു തന്നു..."ഇന്ന് പൂജ എടുപ്പാ ..നീ വരാഞ്ഞത് കൊണ്ട് നിനക്കുള്ള അവല്‍ പൊതിയാ..." പൊതി കയ്യില്‍ വാങ്ങി കരഞ്ഞു കൊണ്ട് ആശാനോട് പറഞ്ഞു" ഇനി ഞാനെന്നും വരും".
ആശാന്‍ കെട്ടി  പിടിച്ച് ആശ്ലേഷിച്ചു. വടി എടുത്ത് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ..
നാളെ സി ടി എസ് ബസു വരാന്‍ കാത്തു ഞാനും...കരഞ്ഞു കൊണ്ട്...


(കാലമേറെ മുന്‍പ്‌ അന്തരിച്ച ആശാന്റെ മുന്‍പില്‍ പ്രണാമം ..ഈ വിജയദശമി ദിനത്തില്‍.
 ഇന്നും ആ ഓര്‍മ തരുന്ന ആശ്വാസം...)

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

യക്ഷി

ഓര്‍മയില്‍ വരിക മലയാറ്റൂര്‍ അവര്‍കളുടെ .....സാക്ഷാല്‍ യക്ഷിയോ  അതോ...കള്ളിയങ്കാട്ടു നീലിയോ...
ഇനി കലികയോ മൃദുല  പ്രഭുവോ... 
നീല നിലാവില്‍ ...ഇളം കാറ്റ് വീശുമ്പോള്‍...പാലപ്പൂവിന്റെ നേര്‍ത്ത ഗന്ധം...മെല്ലെ വശീകരിച്ച്...
ഒടുങ്ങാത്ത ദാഹവുമായി...എത്ര എത്ര രാത്രികളില്‍...
നിശീഥിനി " എന്ന മധുര ഗാനം രാത്രിയിലെ ആകാശവാണി രഞ്ജിനി ആയി അടുത്ത് വരുമ്പോള്‍ 
കുമിറ്റുന്ന മഴയില്‍ ...ആരും കാണാതെ പുതപ്പിന്റെ അന്തരാലങ്ങളിലെക്ക് ..ഊളിയിട്ട് ഒരൊറ്റ പോക്ക്‌. 
പിന്നെ പൊങ്ങുന്നത്  സൂര്യ ദേവന്‍ മറ്റെടത്ത് വന്നു നോക്കുമ്പോള്‍!

ഒത്തിരി ഒത്തിരി കാലം മുന്‍പ്‌ ..കലാനിലയത്തിന്റെ ..രക്ത രക്ഷസിനും ...കത്ത്തനാര്‍കും മുന്‍പ്‌...
ഭാര്‍ഗവി നിലയത്തിന്റെയോ മറ്റോ കാലം...

അടുത്ത സുഹൃത്തും ഞാനും ഒക്കെ ജനിച്ചോ എന്നറിയില്ല..കഥ ഇന്നും മരിക്കാതെ നില കൊള്ളുന്നു...
അവന്റെ അമ്മ ...അന്നും  ഇന്നും തൂ വെള്ള മാത്രമേ ധരിക്കാരുള്ളൂ ..മുണ്ടും...രൌക്കയും ..നെറ്റിയില്‍ ഒരു കുറിയും...കുപ്പിച്ചില്ല് തറയില്‍ വാരിയിട്ട മാതിരിപൊട്ടിച്ചിരിയും...
മണ്ണെണ്ണ പാനീസിന്റെ കാലം..പാതിരാ പുള്ളും ..പനയും ചുണ്ണാമ്പും ലൈവായിരുന്ന കാലഘട്ടത്തില്‍..
ഒന്നാമത്തെയോ രണ്ടാമത്തെയോ..പ്രസവത്തില്‍ വിരിഞ്ഞ കുസുമം...അതിനു ബാലാരിഷ്ടത കലശല്‍...
സന്ധ്യ കഴിഞ്ഞാല്‍ രാപനി..
എത്രയോ ചരടുകള്‍ ..എവിടെയൊക്കെയോ..ആരൊക്കെയോ..ജപിച്ചതും..കരിവള ..കല്ലുമാല...
എന്ന് വേണ്ട...ആകപ്പാടെ ഒരു ആമസോണ്‍ ലുക്ക്‌.
ഇരിക്കനെ..ഇരിക്കനെ ..ചെറുക്കന്റെ ദണ്ണം ഒട്ടു കുറയുന്നുമില്ല....അതും സൂര്യന്‍ ചേക്ക ഏറിയാല്‍ ..


അങ്ങനെ ഒരു മുപ്പെട്ടു വെള്ളി ...മൂന്നും കൂടിയ മുക്കും...പാതിരാത്രിയില്‍ നിര്‍ത്താത്ത കരച്ചില്‍ 
ആകുന്ന പണിയെല്ലാം നോക്കി..നാമാ ..ശിവാ രക്ഷയില്ലാ..
മണി ഒന്നായി..ഒന്നരയായി ..കോലായില്‍ ചുരുണ്ട് കൂടിയ വല്യച്ചന്‍ ഉറക്ക ചടവോടെ പറഞ്ഞു..

"ദാക്ഷായണി യേ...ഇനി ഇപ്പം മടുക്കൊളിലെ പോറ്റി കുഞ്ഞു തന്നെ ശരണം..."
ബാര്‍ബക്യു ..പഞ്ചാബി ഇതൊന്നും ഇല്ലാത്ത കാലത്തില്‍ ചുട്ട കോഴിയെ പറപ്പിച്ച മഹാ മാന്ത്രികന്‍..
മാട്ടും..മാരണവും ..അവിടുന്ന് കഴിഞ്ഞേ ഉള്ളു ...
"നേരെ അങ്ങോട്ട്‌ പൊക്കോളൂ..." '
കുഞ്ഞിനെ ആരെങ്കിലും എടുക്കും..നീ പോയി ഒരു ചരട് ജപിച്ചു കൊണ്ട് വാ"


കേട്ടത് പാതി ..കൊച്ചിനെ തുണി തൊട്ടിലില്‍ അലര്‍ച്ചയോടെ കിടത്തി...ദാക്ഷായണിയമ്മ

മടുക്കൊളിലെക്ക് ഒരു പാച്ചില്‍..പാതിരാ പുള്ളിന്റെ കരച്ചില്‍..ഇടയ്ക്കിടെ കാലന്‍ കോഴിയുടെ കൂവല്‍..
തിരുമേനിടെ വീടിന്റെ ഉമ്മറത്തെത്തി ..രണ്ടു വാ ശ്വാസം കഴിച്ചു..രണ്ടും കല്പിച്ച്..ഇത്തിരി ഉറക്കെ വിളിച്ചു..
"മൂത്ത തിരുമേനി..മൂത്ത തിരുമേനീ "....അകത്തു ഒരു ഞരക്കം..ദാക്ഷായണിയമ്മ ചുറ്റും നോക്കി ..കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട് ...യക്ഷി പനയുടെ കൈകള്‍ മാടി വിളിക്കുന്നു.."ഹേ ..പെണ്ണുങ്ങളെ അങ്ങനെ യക്ഷി പിടിക്കാറില്ല " സ്വയം സമാധാനിപ്പിച്ചു...തന്നെയുമല്ല മഹാ മാന്ത്രികന്റെ തിരു മുറ്റം ..
നേര്‍ത്ത നിലാവില്‍ ..സ്വന്തം വീടും അതിലെ അലര്‍ച്ചയും ..ദാക്ഷായണി അമ്മ കണ്ടു..കേട്ടു..
"ഈശ്വരാ എന്റെ കുഞ്ഞിന്റെ ഈ കരച്ചില്‍ ..ഒന്ന് നിര്‍ത്തി തരാന്‍ തിരുമേനിക്ക് കഴിയണേ"
പ്രാര്‍ത്ഥന കേട്ടിട്ട് എന്ന പോലെ..ഇല്ലത്തിന്റെ പൂ മുഖം ഞരക്കത്തോടെ തുറന്നതും..നേരിയ വെളിച്ചത്തില്‍.."ആരാ " എന്നുള്ള ചോദ്യവും..
"ഞാനാ " എന്നുള്ള മറുപടിയും..
നിശ്ശബ്ദത ...
പൊടുന്നനെ..ഹെന്റമ്മേ" എന്നൊരു അലര്‍ച്ചയോടെ മൂത്ത തിരുമേനി ദാ കിടക്കുന്നു ..അണയാത്ത പാനീസും...
വീട്ടുകാരൊക്കെ ഉണര്‍ന്നു...ആകെ കലശല്‍..കരച്ചില്‍...
ദാക്ഷായണി അമ്മ ഇരുട്ടിന്റെ മറ പറ്റി ..വാഴകള്‍ക്കു മറഞ്ഞു...മിടിക്കുന്ന ഹൃദയവുമായി..
നടന്നു അല്ല ഓടി..എങ്ങിനെയെങ്കിലും സ്വന്തം തിണ്ണ പൂകി...
കുഞ്ഞു നല്ല ഉറക്കം...തൊട്ടില്‍ മെല്ലെ ഒന്നാട്ടി അടുത്ത് കട്ടിലില്‍ ദാക്ഷായണി അമ്മയും കിടന്നു...എപ്പോഴോ കൂര്‍ക തേരേറി. 
പിറ്റേന്ന് ,  നടന്നത് എന്തെന്നറിയാന്‍..തിരുമേനീടെ ഇല്ലം വരെ ഒന്ന് പോയി നോക്കി...
തിരുമേനീടെ മകളെ കണ്ടു കാര്യം തെരക്കി...
"കോട്ടയത്തിനടുത്ത്‌ ഒരു ഉച്ചാടനം കഴിഞ്ഞു രാത്രി വൈകിയാ അച്ഛന്‍ വന്നത്..കഞ്ഞി പോലും കുടിക്കാതെ കേറി കെടന്നുറങ്ങി..."
"രാത്രി എന്തോ ശബ്ദം കേട്ടു ..വിളക്കും തെളിച്ചു ഉമ്മറം തുറന്ന അച്ഛന്‍ ഒരു വെളുത്ത രൂപം മുടി അഴിച്ച് നില്‍ക്കുന്നത് കണ്ടു എന്നും ...അതിനു ശേഷം ഒന്നും ഓര്‍ക്കുന്നില്ല എന്നും..സര്‍ക്കാര്‍ ആശുപത്രിയിലെ ഒന്നാമന്‍ ഡോക്ടറോട് പറഞ്ഞതായി അദ്ദേഹം വെളുപ്പിന് അമ്മയോട് പറഞ്ഞു...
ഈശ്വരാ , ഇപ്പോള്‍ ബോധം തെളിഞ്ഞു..." കവിളിലൂടെ ഒഴുകുന്ന കണ്ണീര്‍ തുടച്ചുകൊണ്ട് മകള്‍ പറഞ്ഞതും..
ദാക്ഷായണി അമ്മയും എന്തിനോ കരഞ്ഞു....
പിന്നെ "സാരമില്ല മോളെ എല്ലാം ശരിയാകും...ഇനി ആര് വന്നു വിളിച്ചാലും രാത്രി കതകു തുറക്കരുത്‌ എന്ന് അച്ഛനോട് പറയണം" എന്നൊരു ഉപദേശത്തോടെ തിരിഞ്ഞു നടന്നു...
യക്ഷി പനയുടെ കൈകള്‍ അപ്പോഴും ..കാറ്റില്‍ മെല്ലെ ഇളകുന്നുണ്ടായിരുന്നു...
ദാക്ഷായണി അമ്മയുടെ മനസ്സില്‍..പൊട്ടിച്ചിരിയും..അട്ടഹാസവും ഒപ്പം അലറി കരച്ചിലും ചേര്‍ന്ന ഒരു ജുഗല് ബന്ദിയും.




2009, ഓഗസ്റ്റ് 30, ഞായറാഴ്‌ച

അപ്പച്ചി.

അപ്പച്ചി അഥവാ അച്ഛന്റെ പെങ്ങള്‍.
സമയം പോലെ മരിക്കാനും ..അസുഖമായി കിടക്കാനും
അവധിക്ക്‌ അപേക്ഷ നല്കി കള്ള ലീവ്‌ ഒപ്പിക്കാനും .. അമ്മാവന്‍ , മുത്തച്ഛന്‍ എന്നിങ്ങനെയുള്ള
പരോപകാര പദവി വൃന്ദങ്ങളില്‍ ഒരു വനിതാ മെമ്പര്‍!

വളരെ അടുത്ത സുഹൃത്ത് കടലേഴും താണ്ടി അവധിക്കു നാട്ടില്‍ വന്നു..
വന്ന പാടെ കുട്ടി നാ മണ പുറം കണ്ട മാതിരി വിശ്രമമില്ലാത്ത" തേരാ പാരാ "ഓട്ടം..
ഓണക്കാലമല്ലേ ഒത്തിരി ഒത്തിരി സാധനങ്ങള്‍ ..പണം ഒക്കെ പല പ്രവാസി സുഹൃത്തുക്കളും
അവരുടെ വീട്ടില്‍ കൊടുക്കാന്‍ കൊടുത്തും വിട്ടിട്ടുണ്ട് ...
കുറെയൊക്കെ കൊടുത്തു..കുറെ ഇനി കൊടുക്കണം
അലക്കൊഴിഞ്ഞിട്ടു വേണ്ടേ കാശി യാത്ര..
കുറെ ശിങ്കിടികളുമായി സദാ കറക്കം...അതില്‍ വേതാളം... എന്ന് വീട്ടുകാര് തന്നെ പേരിട്ടു വിളിക്കുന്ന
കാര്യസ്ഥന്‍ വരെ ഉണ്ട്..കാരണം എപ്പോഴും തോളില്‍ ഈ വേതാളവും കാണും...
അങ്ങനെ പോയി ചങ്ങാതീടെ ദിനക്കുറിപ്പുകള്‍...

ഒരു നാള്‍ ഏഴ് നില പൂട്ടുള്ള പെട്ടി തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി...
അതില്‍ ആത്മ സുഹൃത്ത് അവന്റെ അമ്മക്ക് ഓണം ഒരുങ്ങാന്‍ കൊടുത്തു വിട്ട
അത്യാവശ്യ പണം കവറിലാക്കി ഇരിക്കുന്നു ...
തിരക്കിനിടയില്‍ കൊടുക്കാന്‍ വിട്ടുപോയി.. ....ഇന്നു പോകാം കൊല്ലത്തിനും അപ്പുറം ഏതോ സ്ഥലം..
വേതാളങ്ങള്‍ ഒന്നിച്ചു കൂടി ..വണ്ടി പുറപ്പെട്ടു ..
അര വഴി ആയപ്പോള്‍ ഒരു മൂഡ്‌...നേരെ "സിവിലിലെക്ക്"അടുപ്പിച്ചു ഒരെണ്ണം വാങ്ങി
സന്ചാരത്തിന് ഒരു ഉഷാര്‍ വേണം...പിന്നെ സൊറ ..കഥകള്‍..
ഒരെണ്ണം കൂടി പിന്നേം വാങ്ങി...
സമയം പോകാന്‍ ഇതിലും നല്ല മാര്‍ഗം ഇനി കണ്ടു പിടിക്കണം..
ഇനി നാളെ ആകാം കൊല്ലം യാത്ര എന്ന് തീര്‍പ്പുണ്ടായി.

നോകിയ എടുത്ത് കൊല്ലത്തുള്ള ചങ്ങാതീടെ അമ്മയെ വിളിച്ചു..
"അമ്മേ ഞാനാ കുട്ടന്റെ ദേരയിലെ കൂട്ടുകാരന്‍...കുട്ടന്‍ കുറച്ചു പൈസാ തന്നിട്ടുന്ട് ഇന്നു കൊണ്ടു വരാന്‍ ഇരുന്നപ്പം അച്ഛന്റെ ഒരേ ഒരു പെങ്ങള്‍ അങ്ങ് മരിച്ചു പോയി.."

അപ്പുറത്ത് നിന്നും സങ്കടങ്ങള്‍...വന്കടങ്ങള്‍..സമാധാനിപ്പിക്കലുകള്‍..
രക്ഷപെട്ടു..നാളെ എന്തായാലും പോയെതീരു...

തിരികെ വീടെത്തി..പതിവില്ലാതെ വീട്ടില്‍ ഒന്നും രണ്ടും പറഞ്ഞു അല്ലറ ചില്ലറ ബന്ധുക്കളും മറ്റും..
എന്തോ പന്തികേടുണ്ട്...
മെല്ലെ വണ്ടിയില്‍ നിന്നിറങ്ങി..അകത്തേക്ക് കേറി..
അച്ഛനെ അമ്മ വീശുന്നു..അച്ഛന്‍ കുഴഞ്ഞു കട്ടിലില്‍..ഒരു ചെറിയ ശ്വാസം...
അമ്മ തേങ്ങി പറഞ്ഞു.."മോനേ ഇത്തിരി മുന്‍പ്‌ കൊല്ലത്തൂന്നോ മറ്റോ ആരോ വിളിച്ചു പറഞ്ഞു
വെട്ടിയാറിലെ അപ്പച്ചി മരിച്ചു പോയി എന്ന്, കേട്ടതും അച്ഛന്‍ തലകറങ്ങി....."

പുറത്തേക്ക് നോക്കി ..വേതാളങ്ങള്‍ അപ്രത്യക്ഷം...
അമ്മയുടെ കയ്യില്‍ നിന്നും വിശറി വാങ്ങി അച്ഛനെ കയ്യില്‍ താങ്ങി വീശി..
ഒരു മകന് , അച്ചന് കൊടുക്കാവുന്ന ഏറ്റവും വലിയ ഓണ സമ്മാനം എന്ന് മനസാ നിരൂപിച്ചു
അങ്ങനെ ഇരിക്കുമ്പോള്‍ നോകിയ ചിലച്ചു...അമേരിക്കയില്‍ നിന്നും അളിയന്‍
"ഡാ..എന്തായാലും ഞാന്‍ വന്നിട്ടേ അടക്കാവൂ..ഒത്തിരി മുട്ട പൊരിച്ചു തന്നിട്ടുള്ള അപ്പച്ചിയാ.."

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

ഒരു പാന്‍റി പുരാണം.


നിന്റെ ജീവിതം വള്ളിയില്ലാത്ത നിക്കര്‍ പോലെ എന്നൊരു നാടന്‍ പ്രയോഗം അല്ലെങ്കില്‍
വള്ളിപോയ നിക്കറും നിന്റെ ജീവിതവും...പരസ്പരം പറഞ്ഞു കളിയാക്കിയിരുന്ന നാടന്‍ നര്‍മം.

നിനച്ചിരിക്കാതെ ഇതങ്ങു സത്യമായാല്‍!

ഇന്നൊന്നുമല്ല..കുറെ വര്‍ഷങ്ങളായി..പക്ഷെ ഇന്നും അതിന്റെ വാങ്ങല്‍ മനസ്സില്‍ കിടക്കുന്നു !

ശബരിമല ..പമ്പ ..പുണ്ണ്യ സ്ഥലങ്ങളില്‍ സ്വാമി ശരണം.. "ഹോട്ടല്‍ " നടത്തി അമ്പേ അപ്പാച്ചി കുഴിയില്‍ പോയ
എന്റെ പാവം സുഹൃത്ത്..കടം കൊടുക്കാനുള്ളവര്‍ ...തിരികെ കിട്ടാനുള്ളവര്‍ ..തരാത്തവര്‍ അങ്ങനെ ഒരു മണ്ഡലകാല തിക്കും തിരക്കും അന്നുണ്ടായി...

പതിനാറയിരത്തെട്ടു ചെക്ക് കേസും...പൊല്ലാപ്പും...ഒന്നും മനപൂര്‍വമല്ലായിരുന്നു ..അയ്യപ്പന്റെ ചില കളികള്‍..
അങ്ങനെ മുങ്ങിയ പ്രിയ സുഹ്രത്ത്‌ ഒരു നാള്‍ പൊങ്ങി!

തല നിറയെ "ബുസിനെസ്‌ " പദ്ധതികള്‍ ..കേട്ടവര്‍ കേട്ടവര്‍ ..ഞെട്ടി തരിച്ചു പോയി..
ഇവനാര് 'ദിരുഭായിയോ" രത്ത്നോ " മിത്തലോ" ???

അതില്‍ ഒരു സംരംഭത്തിന് ഞങ്ങളും പച്ച കൊടി കാട്ടി...റെടി മെയ്ഡ്‌ " കട.
ആണിനും പെണ്ണിനും അണിയാന്‍ എന്ത് വേണോ അതെല്ലാം...നാട്ടിലില്ലാത്ത കടയായിരിക്കണം..
പിന്നെ ആലോചനകള്‍...ആരോ കടം കൊടുത്ത മൂലധനം"! കാല്‍ ഭാഗം ആലോചനയില്‍ തീര്‍ന്നു
ബാക്കി കൊണ്ടു യാത്രകള്‍ ...എറണാകുളം ...കോയമ്പത്തുര്‍...തിരുപ്പൂര്‍...

മിച്ചമുണ്ടായിരുന്നത് കൊണ്ട്‌ കടയുടെ ഉല്‍ഖാടനം കൊഴുപ്പിച്ചു...സിനിമ താരത്തിനൊപ്പം
ഒരു ദിവസം ....അല്‍പ സ്വല്പം കടം വാങ്ങിയായാലും എല്ലാം ഭംഗി!
ഞങ്ങളുടെ കാര്യങ്ങള്‍ അതിലും...

ഒന്നു രണ്ടു കൊല്ലം വല്ലചാതീം കഴിഞ്ഞു ...
കട പൊട്ടി..
പിന്നേം പൊല്ലാപ്പ്‌ ...ഇത്തവണ ഒരു കൂര ഉണ്ടായിരുന്നതും തല്‍കാലം ഒന്നു കൈമാറ്റം ചെയ്തു...

വാടക വീട്ടിലേക്ക്‌ ...ചില്ലറ സാധനങ്ങള്‍...കടയില്‍ മിച്ചം വന്ന തുണി..മണി..ഒക്കെ വാരി കെട്ടി..
കൂട്ടത്തില്‍ തിരുപ്പൂര്‍ സ്പെഷിയല്‍ തൂക്കി വാങ്ങിയ" ജട്ടി ..പാന്‍റി.."

ഇനി ഓടിപ്പോയാലും അതില്ലാതെ വേണ്ട. !!

നാളുകള്‍ കഴിഞ്ഞു ..വാടക വീടുമായി ഇണങ്ങി ...
ഒരു ചെറിയ സോഡാ ഫക്ടരിയുമായി നിത്യ ചെലവുകള്‍ നടത്തി പോക വാറെ
ഒരിക്കല്‍ തന്റെ എല്ലാമായ അമ്മായി അപ്പന്‍ രാവിലെ വീട്ടില്‍ വന്നു..
മകളെ ..കൊച്ചുമക്കളെ ഒന്നു കാണാന്‍..പലഹാര പൊതിയും..മരുമോന് ഒരു ഹെര്‍കുലിസ് പൈന്റും...

കഥയായി..തമാശയായി..സമയം പോയി..
വെള്ളം തീര്‍ന്നു..
"രാധേ മോളെ ഇച്ചിരി വെള്ളം ഇങ്ങെടുത്തോ " അച്ഛന്‍

കേട്ട പാതി രാധമോള്‍ ഒരു മഗ്ഗില്‍ വെള്ളവുമായി എത്തി...ദാ" എന്ന് പറഞ്ഞതും.....

ഇടിവെട്ട് ഏറ്റ മാതിരി ഒരേ നില്‍പ്‌...
മുത്തച്ചനും കൊച്ചു മക്കളും...ഇതി കര്‍ത്തവ്യ മുടര്‍ ..ഇനി വല്ല അപസ്മാരവും..

രാധമോള്‍ മെല്ലെ കണ്ണുകൊണ്ട് പ്രാണ പ്രിയനേ വിളിച്ചു..
അടുത്ത് ചെന്ന പ്രിയനോട് ....മെല്ലെ പല്ലു കടിച്ച്....
"തിരുപ്പൂരില്‍ നിന്നു തൂക്കി കെട്ടി കൊണ്ടു വന്ന സാധനമാ ഇട്ടത്...മൂന്നെണ്ണം ഇട്ടു നോക്കി അരയില്‍ നില്കുന്നില്ല...നാലാമത്തെ ഇട്ടപോഴാ അച്ഛന്‍ വിളിച്ചത്...ദേ കാല്‍ ചുവട്ടില്‍ കെടക്കുന്നു..."

നടക്കാനും ഇരിക്കാനും വയ്യാതെ രാധ രാധ മാത്രമായി...അങ്ങനെ ..നില്‍കുമ്പോള്‍..
ബിസ്സിനസ്‌ പൊളിഞ്ഞൊരു ചങ്ങാതി തിരുപ്പൂരിലെ ഇടുങ്ങിയ വഴികളിലൂടെ അലയുകയായിരുന്നു...
സാധനം വാങ്ങിയ കട അന്വേഷിച്ച്........
ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടി വടിവോനെ...

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ഷഡ്ഡികളുടെ ആഗോള മാന്ദ്യം

വെറും ചുമ്മാ അങ്ങ് പറയുന്നതല്ല . "ഫോബ്സ് ഇന്ത്യ " നടത്തിയ എക്സിറ്റ്‌ പോളാണ്!

നേരെ ചൊവ്വേ ഊരി നോക്കി കണ്ടോ അതോ മനക്കോട്ട കെട്ടിയതോ ...അതോ അയയില്‍ തൂങ്ങുന്നത്
ഒളിച്ചും പാത്തും നോക്കിയതോ..
എന്തായാലും കണ്ടെത്തല്‍ ഉശിരന്‍...

ഈ മാന്ദ്യകാലം ഷഡ്ഡി കളുടെ കഷ്ടകാലമാത്രേ ..അല്ലെങ്കിലും ആണുങ്ങള്‍ കട്ട തേഞ്ഞു കമ്പി വെളിയില്‍ വരുന്നതു വരെ
ആകെയുള്ളത്‌ നൂറ്റൊന്ന് ആവര്‍ത്തികുമല്ലോ!
ഇപ്പോള്‍ അതിനും ഗതിയില്ലാതായിരിക്കുന്നു പോലും..വേണമെങ്കില്‍ എന്നല്ല നിശ്ചയമായും വേണ്ട എന്ന് വക്കാന്‍ പറ്റിയ ഐറ്റം ! ഈ ഇല്ലായമ്ക്കിടയില്‍ അതിനിനി വേറെ പണം കണ്ടെത്താനോ?
ആണുങ്ങള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍

ഒരു മാന്ദ്യവും എല്കാതെ നമ്മുടെ നാരീ മണികള്‍ ആവശ്യത്തില്‍ കൂടുതല്‍ വാങ്ങികൂട്ടുന്നുണ്ട് പോലും...ആടംബര പട്ടികയില്‍ നിന്നും ആവശ്യ പട്ടികയിലേക്ക് മാറ്റിയിട്ടില്ലത്രേ.... (മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നില്‍ക്കുമോ?)

അയയില്‍ നോക്കിയാല്‍ അറിയാം ഊരിലെ പഞ്ഞം!!