Powered By Blogger

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

കുഞ്ഞു മോന്‍

"മണക്കന്ടി തങ്കംമോ ...മണക്ക് പോവാം വാടിയേ" പൂവോയ്!!

ഈണത്തില്‍ നീട്ടി... പാടത്തിന്‍ കരക്കുനിന്നു ഒരു ശീല്‍....കുഞ്ഞുമോന്റെ ഇന്നത്തെ അരങ്ങേറ്റം.
വീട്ടില്‍ നിന്നും വെളുപ്പിന്.. ചായക്കടയില്‍ വെള്ളം കോരാന്‍ പോകുന്ന ജൈത്ര യാത്ര
അതിന്റെ ഭേരി ...സ്വപ്ന കാമുകിക്ക് എന്നത്തേയും പോലെ നീട്ടി ഒരു കഷണം.
മണക്ക് (മണല്‍ പുറത്ത്)പോയി പരസ്പരം കൈ കോര്‍ത്ത് .. ഒരു ലാസ്യ നടനത്തിനു!

ഒരു വല്ലങ്ങി വേലയോ..തൃശൂര്‍ പൂരമോ ഇല്ലെങ്കിലും..ഞങ്ങളുടെ നാട്ടിലെ പൂര കാലമാ ചെറുകോല്‍പുഴ ഹിന്ദു മത പരിഷത്ത്...മാരാമണ്‍ കന്വന്ഷന്‍...ആറന്മുള വള്ളം കളിയൊക്കെ...

പമ്പയാറിന്റെ നെന്ചില്‍ പന്ചാര മണല്‍ പുറം...അവിടെ വലിയ ഓല പന്തല്‍ അതില്‍ നിറയെ ആയിരം കാ‍ന്താരി പൂത്തപോലെ വെയിലിറങ്ങി കിടക്കുന്ന കുഞ്ഞു സൂര്യ മുട്ടകള്‍..
ഏതൊക്കെയോ സ്വാമിമാര്‍ ഗീതയും ഉപനിഷത്തുകളും ചര്‍വിത ചര്‍വണം ചെയ്യുമ്പോള്‍..ഇത്തിരി പേര്‍(തീരെ വയ്യാത്തവര്‍) അകത്തും..ഒത്തിരി ഒത്തിരി പേര്‍..പുറത്തും..


ചിന്തികടകളില്‍ കണ്ണോട് കണ്ണ് എറിഞ്ഞു ..കാതോരം കാതോര്‍ത്ത്...
കുപ്പിവള ..ചിപ്പിവള...പിന്നെ ചൈന പാത്രം...ഓട്ടു പാത്രം..നിക്കര്‍ ബനിയന്‍..
സര്‍ബത്ത്..ചായ..അങ്ങനെ നീണ്ടു പോകുന്നു..കച്ചവട പരിഷത്തും. കണ്‍ കോണുകളില്‍ മുളയ്ക്കുന്ന പ്രണയങ്ങളും!

ഒരുകാലം സഞ്ചരിക്കുന്ന മൃഗ ശാല മൂന്നു തവണ കണ്‍ കുളിര്കെ കണ്ടു..കരിന്പുലി..കടുവ..ഉച്ചത്തില്‍ അലറി ഞെട്ടിച്ച സിംഹം..ആ ഞെട്ടല്‍..ഇന്നും ബാക്കി.
മല്‍സ്യ കന്ന്യകയെ ഒത്തിരി പ്രേമിച്ചു..ഇനി അടുത്ത കൊല്ലമേ കാണാന്‍ കഴിയൂ എന്നുള്ള തേങ്ങലോടെ ഓരോ വര്ഷവും...ഞങ്ങള്‍(അല്ലെങ്കില്‍ ഞാന്‍) പിരിഞ്ഞു. മൂകം.

ഒരു കൊല്ലം മൃഗശാലയും..കന്ന്യകയും വന്നില്ല. അനുവാദം ഇല്ലായിരുന്നു പോല്‍.
കരഞ്ഞു പോയി. ആ കാത്തിരിപ്പും മറ്റു പലതും പോലെ അവസാനിപിച്ചു.

അവിടെക്കാണ് കുഞ്ഞു മോന്‍ തന്റെ മനോ നഗര രാജ്ഞിയെ എന്നും മാടി വിളിക്കുന്നത്!
കരി വള വാങ്ങി ഇട്ടു കൊടുക്കാന്‍..സെന്റും ..കുട്ടികുരാ പൌടരും..കാജല്‍ കണ്മഷി..ഒക്കെ വാങ്ങി
ഒരു പപ്പട വടയും കാപ്പിയും മോത്തി മോത്തി കുടിക്കാന്‍...എന്നിട്ട് കണ്‍ കോണുകളില്‍ പ്രണയം പാകി മുളപ്പിച്ച് അതിന്റെ വിത്തെടുക്കാന്‍!!

പാവം കുഞ്ഞുമോന്‍.
ചുഴലി ദീനത്തിന്റെ ആജന്മ കാമുകന്‍!
ഒരിക്കലും പിരിയാത്ത ചുഴലിയുടെ നീരാളി പിടുത്തത്തില്‍ നിന്നും ഒരിക്കലെന്കിലും മോചിക്ക പെടുമെന്നും അന്ന്
മണക്ക് പോയി ..തന്കമ്മയുമായി ആയിരം കാ‍ന്താരി പൂത്തത് കാണാമെന്നും...സ്വപ്നം കണ്ടിരുന്നിരിക്കാം.
അല്ലെങ്കില്‍ തന്കമ്മ എന്നൊരു പേര്‍ കുഞ്ഞുമോനെവിടുന്നു കിട്ടി?

ചപ്രന്‍ മുടി..ചീകാറെ ഇല്ല. വല്ലപ്പോഴും ബാര്‍ബര്‍ രാജന്‍ നിര്‍ബന്ധിച്ച് താടി ഒന്നൊതുക്കിയാല് ..പൌടരും സ്നോയും തേച്ചു കൊടുത്താല്‍..
ബാര്‍ബര്‍ ഷോപ്പിന്റെ പടിയിറങ്ങി അപ്പോഴേ തങ്കമ്മയെ വിളിക്കുകയായി! സൌന്ദര്യം കാണാന്‍!!
ഒരു കള്ള ചിരി വീശി..കാക്കി നിക്കറിന്റെ പോക്കറ്റില്‍ നിന്നും ചുരുട്ടി വച്ച രണ്ടു രൂപ നോട്ട്ഒന്നെടുത്ത് ഒന്നു കൂടി ചുരുട്ടി പോക്കറ്റിലിട്ട് ...ഒരു രജനി സ്റ്റൈലില്‍..
തങ്കമ്മയെ നോക്കി.
മുഴുവന്‍ കിഴിഞ്ഞ ബനിയന്‍ ഊരി വീശി...നേരെ പന്ചായത് കിണറിന്‍ കരയിലേക്ക്
വിസ്തരിച്ചൊരു കുളി. മൂളി പാട്ടും താളവും...
"കുഞ്ഞുമോനെ നീ കിണറ്റിലേക്ക് നോക്കരുത് " എന്ന് ആരെങ്കിലും ചായ പീടികയില്‍ ഇരുന്നു പറഞ്ഞാല്‍ അനുസരണയോടെ തലയാട്ടും. തന്റെ രോഗത്തിനോടുള്ള കരുതലാണ് എന്നറിയാം.
ഒരു ദീര്‍ഖ നിശ്വാസം . തല തോര്‍ത്തി തിരികെ വീണ്ടും ചായ പീടികയുടെ മൂലയില്‍ ...

പാടുന്ന റേഡിയോ ഒന്നുകൂടി ഉറക്കെ വച്ച്. വയലാറിന്റെ "ചന്ദ്രകളഭം ചാര്‍ത്തി.." ആ പാട്ടിനായി കാതോര്‍ത്ത്.
"ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ " എന്ന് കേള്‍ക്കുമ്പോള്‍ ഉയരങ്ങളില്‍ കണ്ണ് എറിഞ്ഞും ബെന്ചില്‍ താളം പിടിച്ചും..

ഒരു നാള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ പാടത്തിന്‍ കരയില്‍ ഒരാള്‍കൂട്ടം...
കുളക്കോഴിയോ..പാമ്പോ..കാട്ടുമുയലോ ..കീരിയോ..എന്തിനെയെന്കിലും പിടിച്ചതാകാം

ഓടി ചെന്നു ആരുടെയോ കാല്‍ വിടവില്‍ കൂടി നോക്കി.
ആരോ ഒരാള്‍ പാടത്തിന്റെ വരമ്പില്‍ നിന്നും , നട്ട ഞാറിനു നടുവിലേക്ക് മുഖം അമര്‍ത്തി ...ആകമാനം ചേറില്‍ പുതഞ്ഞു കിടക്കുന്നു.

"അല്ലെങ്കിലും ചുഴലി ഒന്നുകില്‍ വെള്ളത്തില്‍ അല്ലെങ്കില്‍ തീയില്‍....പാവം"

ആരോ പറഞ്ഞതു കേട്ടപ്പോള്‍ ഞരമ്പുകളില്‍ മഞ്ഞുറഞ്ഞ പോലെ. കണ്ണുകളില്‍ അന്ധകാരം.
തൊണ്ട വരളുന്നു...കാലുകള്‍ വിറ കൊള്ളുന്നു.

അവിടെത്തന്നെ ഇരുന്നു കുറെ നേരം. ആരെയും കണ്ടില്ല..കേട്ടില്ല...
"മനക്കണ്ടി തങ്കംമോ...മണക്ക് പോവാന്‍ വായോ..."

ആ വിളി മാത്രം കേട്ടു.

പിന്നെ ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങുന്ന കുഞ്ഞുമോനെ കണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല: