Powered By Blogger

2012, ജൂലൈ 14, ശനിയാഴ്‌ച

കുറ്റി ചെണ്ട

കുറ്റി  ചെണ്ട  ഒരു വാദ്യ ഉപകരണം  ആയിരുന്നില്ല . അതുപോലെ ഒരാള്‍ ആയിരുന്നു.!

ഞങ്ങളുടെ  വലിയകുളം പട്ടണത്തിലെ  അസുര വാദ്യ വിശാരദന്‍ ..

കാലത്തിനും  കൊട്ടിനും തമ്മില്‍  രാവും പകലുമേ സാമ്യം ഉണ്ടായിരുന്നു ഉള്ളൂ എങ്കിലും ,  തെങ്ങിന്‍ മണ്ടയിലെ   കോളാമ്പി  മൈക്കിലൂടെ  കാറ്റിനോട് ഇണങ്ങി  ആ വീക്കന്‍ ചെണ്ടയുടെ അസുര ഗര്‍ജനം  കൊയ്ത്തു കഴിഞ്ഞ പാടത്ത്   കളിച്ചു തിമിര്‍ക്കുന്ന ഞങ്ങളുടെ   കരണ കുറ്റിയില്‍   വന്നു പതിയുമ്പോള്‍   കളി നിര്‍ത്തി മണിയും ലിസിയും  ,

 "പള്ളീല്‍ പെരുന്നാളിന് മൈക്ക്   വച്ചല്ലോ "  എന്ന് പറഞ്ഞു പാടത്തിന്‍ വരമ്പ് താണ്ടി എല്ലാം മറന്നു  ഒറ്റ ഓട്ടമാ ...
ലിസിയുടെ പുള്ളി പാവാട  ഒത്തിരി ചിത്ര ശലഭങ്ങള്‍  ഒന്നിച്ചു പൊങ്ങിയ പോലെ അങ്ങ് പറന്നു മറയുന്നതും നോക്കി, കയ്യിലെ പന്ത് വലിച്ചെറിഞ്ഞു ഞങ്ങളും എന്ത് ചെയ്യണം എന്നറിയാതെ നിക്കുമ്പോള്‍  രഘു പറയും..

"വാടാ നമുക്കും പോകാം പള്ളി  മുറ്റത്തേയ്ക്ക് ...അവിടെ
കുറ്റിചെണ്ട  ചേട്ടനും ഒക്കെ മേളം തകര്‍ക്കുന്നത് കാണാം.."

പിന്നെ നിക്കറും അഴിച്ചു  കുത്തി ഒരോട്ടമാ ..നേരെ ചെന്ന് മേളക്കാരുടെ പുറകില്‍ സ്ഥലം പിടിക്കും.

രാജാവായി നില്‍ക്കുന്നത്  മൈക്ക് സെറ്റ്  നടത്തിപ്പുകാരന്‍  കൃഷ്ണന്‍കുട്ടി .  ഞങ്ങള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍  നാലാം ക്ലാസില്‍ നിന്നും ബഞ്ച് വഴി സൂപ്പര്‍ മാനെ പോലെ ചാടി വന്നു വഴക്ക് കെട്ടിയ  കൃഷ്ണന്‍ കുട്ടി ..
ഇപ്പോള്‍  "ആര്‍  കെ   എസ്സ്  സൌണ്ട് " എന്ന ഞങ്ങളുടെ  ദേശത്തെ ഏക  ശബ്ദവും വെളിച്ചവും കംപിനിയിലെ   പ്രധാനി. 


 സൈക്കിള്‍  ഹാന്റിലില്‍ 'ആര്‍  കെ  എസ് " എന്നെഴുതിയ  കോളാമ്പി മൈക്കുകള്‍ കെട്ടി തൂക്കി,  കാരിയറില്‍  പ്ലേറ്റ് അഥവാ  റെക്കോഡ്  വയ്ക്കുന്ന സ്വന ഗ്രാഹി പെട്ടിയും അതിനു മുകളില്‍   മുഹമ്മദ്‌ റാഫിയുടെ , യേശുദാസിന്റെ ഒക്കെ പടമുള്ള വലിയ  അടപ്പ് പാത്രം പോലെയുള്ള  പ്ലേറ്റുകളും  , ചതുരത്തില്‍ നിറയെ ദ്വാരങ്ങള്‍ ഉള്ള സ്റ്റീല്‍ നിറം  മൈക്രോ ഫോണുകളും  അതിന്റെ  സ്റ്റീല്‍ നീളന്‍ കുഴല്‍  പിടികളും ഒക്കെയായി, ഒരു പെടല്‍ വിട്ടു ചവിട്ടി വെട്ടു റോഡിലൂടെ വരുമ്പോള്‍ നോക്കുന്ന നോട്ടം അഹൂജ കമ്പിനി ഉടമസ്ഥന്റെ ജാടയിലാ ....പുരികം   വളച്ചു  ചില കണ്‍  കെട്ട്  വിദ്യകള്‍ കാണിക്കും..


മേളം  ഉച്ചത്തില്‍ നിന്നും താഴ്ചയിലേക്  വരുന്നു ..
വലിയ പറ  ചെണ്ടയില്‍   "പുതും  പുതും" അവസാനിപ്പിച്ചു,
 വീണ്ടും  ചെറു  ചെണ്ടകളില്‍  കോല്  പെരുകി താഴ്ചയില്‍  നിന്നും  മേളം ഉയരുമ്പോള്‍ ,   
  കുറ്റി  ചെണ്ട ചേട്ടന്‍  രണ്ടു കയ്യിലും ഉയര്‍ത്തി പിടിച്ചിരിക്കുന്ന  ഓടു വാര്‍പ്പിന്റെ കൈ ചേങ്ങില തലയാട്ടി ഒന്നിച്ചു മുട്ടിച്ച് വീണ്ടും ഉയര്‍ത്തുമ്പോള്‍ കൃഷ്ണന്‍കുട്ടി  മൈക്കിന്റെ വോളിയവും കൂട്ടി കുറയ്ക്കുന്ന   ഡോള്‍ബി  വിദ്യയും ഞങ്ങള്‍ കണ്ടു!

അച്ഛനും കപ്പ്യാരും പള്ളി  അങ്കണത്തിലെ  അലംകാര  വേലകള്‍ നോക്കി നടക്കുന്നു.. ബള്‍ബുകള്‍  കത്തി കെടുന്ന മോട്ടറിന്റെ ശബ്ദം കേള്‍ക്കാം..പച്ച  നീല   ചുവപ്പ്  മഞ്ഞ  കണ്ണാടി കടലാസില്‍ പൊതിഞ്ഞ കുഞ്ഞു ബള്‍ബുകള്‍ കണ്ണ് ചിമ്മി    അടച്ചു  തുറക്കുന്നു ... മുറ്റത്തെ വാകമരം  പൂത്തുലഞ്ഞു  ചുവന്ന പട്ടു പുതച്ച പോലെ ..മുറ്റം മുഴുവനും  വാക പൂ പരവതാനി..
നേരം സന്ധ്യ ആയതു കൊണ്ടാകാം  ലിസിയും  മണിയും എപ്പോഴോ പോയി..

സാമ്പിള്‍ മേളം തീര്‍ന്നു . ഇരേഴ  തോര്‍ത്തിന്റെ അറ്റത്തെ ചെണ്ടകള്‍ ഓരോരുത്തരായി  തോളില്‍ നിന്നും ഇറക്കി  താഴെ വച്ച് മൂരി നിവര്‍ന്നു.

കുറ്റി  ചെണ്ട ചേട്ടന്‍  പച്ച  കയറില്‍ കടും കെട്ടിട്ട   ഇലത്താളം നിലത്തു  വച്ചിട്ട്    കൂട്ട്  ചെണ്ട കാരോട്  പറഞ്ഞു..
"അപ്പൊ പിള്ളേരെ , രാവിലത്തെ റാസ  കൊഴുപ്പിക്കണം. ഞാന്‍ പോകുവാ"

മെല്ലെ പള്ളി വഴി ഇറക്കം ഇറങ്ങുന്നു ചേട്ടന്‍ ..ഇരു പുറവും കല്ലറകള്‍ ..നേര്‍ത്ത ഇരുട്ട് .. ഞാനും രഘുവും ചേട്ടന്റെ   കാലടികളെ    പിന്തുടര്‍ന്ന്..   പേടി   നെഞ്ചിടിപ്പിന്റെ  മേളം കൂട്ടി..
ഞങ്ങള്‍ വെളുത്ത  കല്ലറകള്‍ കാണാതെ  ചേട്ടന്റെ അരികു മറ പറ്റി  നടന്നു..അപ്പോള്‍ ചേട്ടന്‍ ചോദിച്ചു " ഡാ പിള്ളാരെ വീട്ടി  തെരക്കത്തും  ഒന്നും ഇല്ലിയോടാ "

പേടി വെടിഞ്ഞു ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു" ഓ സന്ധ്യ ആയതല്ലേ ഉള്ളൂ "
"കുഞ്ഞിലെ ഇങ്ങനെ മേളം കാണാന്‍ പോയി ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ ആയി ..നിങ്ങള്‍ മിടുക്കരായി പഠിക്കണം ..എന്നിട്ട് മതി മേളം..കേട്ടോ "
ഞങ്ങള്‍ ഇരുട്ടില്‍ തലയാട്ടി .

അങ്ങനെ നടന്നു  വല്യകുളം പട്ടണം ആയി. ആലപ്പുഴ പോലെയോ  കൊച്ചീ പോലെയോ ഞങ്ങടെ വെനീസും  പാരീസും  ഒക്കെ ആയ വല്യകുളം.. കാപ്പിക്കടകള്‍ സജീവം   പെട്രോ മാക്സ് വെളിച്ചത്തില്‍ തീവ്ര ചര്‍ച്ചകള്‍ ..
പാപ്പന്റെ  "പൊടി  കട " അഥവാ  പൊടി  കുപ്പിയിലെ ചാരായ കട ആയപ്പോള്‍  ചേട്ടന്റെ താളം താഴ്ന്ന സ്ഥായിയില്‍ ആയി..
മങ്ങിയ സ്ട്രീറ്റ് ലൈറ്റ് വെട്ടത്തില്‍  കടയിലെ പെട്ടി പുറത്തു വച്ചിരിക്കുന്ന പുഴുങ്ങിയ  വെള്ള  മുട്ടകള്‍ എന്റെയും രഘുവിന്റെയും നാക്കില്‍  ഉമിനീരിന്റെ മേളം കൊഴുപ്പിച്ചു!

"രാഘവോ  വാടാ ഒരു കാല്‍  അടിചേച്ചു  പോഹാം "  ഇരുട്ടില്‍ ആരോ ചേട്ടനെ പേര് ചൊല്ലി വിളിച്ചു ..സ്വന്തം അച്ഛന്‍ വിളിച്ചാല്‍ പോലും ഇത്ര അനുസരണ കാണിക്കുമോ  എന്ന  സംശയത്തോടെ  ചേട്ടന്‍ കടയിലേക്ക്  കയറിയിട്ട്   പറഞ്ഞു  "പിള്ളേരെ  പൊക്കോടാ  ഞാന്‍ ഇവിടെ വരയെ ഉള്ളൂ.."

അല്ലെങ്കിലും വല്യ കുളത്തെ ഒട്ടു മുക്കാലും ആണുങ്ങളും അവിടെ വരെ ഉള്ളൂ എന്ന് ഞങ്ങള്‍ക്ക്  അറിയാമായിരുന്നത് കൊണ്ട് ഞങ്ങള്‍ നേരത്തെ ഓട്ടം തുടങ്ങിയിരുന്നു.


കടയില്‍ അച്ഛന്‍ നല്ല തെരക്കിലാ ..പത്തമ്പത്  പേര്‍ ഇപ്പോഴും  റേഷന്‍ വാങ്ങാന്‍ ക്യൂ ' നില്‍ക്കുന്നു
പല പല കലപിലകള്‍ ..അതിനിടയില്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍..


ഒന്നാം ക്ലാസ് ബിയിലെ   സണ്ണിയും  അവന്റെ അമ്മയും നിക്കുന്നത് കണ്ടു ഞാനും രഘുവും അവന്റെ അടുത്ത് കൂടി  ..അല്‍പ നേരം കഴിഞ്ഞപ്പോള്‍ കിഴക്ക് നിന്ന് ഉച്ച സ്ഥായിയില്‍ ഒരു പാട്ട് കേള്‍ക്കാം 


" സമയമായില്ല  പോലും  സമയമായില്ല പോലും..ക്ഷമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ "


വരികള്‍   ആവര്‍ത്തിച്ചു വരുമ്പോള്‍  റേഷന്‍  വാങ്ങാന്‍ നിന്ന ക്യൂവില്‍ നിന്നും ഒരു സ്ത്രീ ശബ്ദം പറയുന്നു..
" എടീ ഭാര്‍ഗവിയെ നിന്റെ നായര്‍  രാഘവന്‍  ചെണ്ട പണി നിര്‍ത്തി സിനിമാ പാട്ട് തുടങ്ങിയോടീ " 


" എന്റെ   ഇച്ചെയീ   രാവിലെ കട്ടനും കുടിച്ചേച്  മൂത്രം ഒഴിക്കാന്‍  അങ്ങേരു   മുറ്റത്ത്  ഇറങ്ങിയതാ 
പിന്നെ ഇപ്പഴാ ആ ശബ്ദം കേക്കുന്നെ ..ഇന്നിങ്ങ്‌ വരട്ടെ."

പാട്ട് അടുത്ത് വന്നു.  "ക്ഷമ എന്റെ  ഹൃദയത്തില്‍ ...."  "ഡീ   ഭാര്‍ഗവി  പെണ്ണും  പിള്ളേ "

ചേട്ടന്റെ സ്നേഹ സാന്ദ്രമായ വിളി. പ്രാവ്   കുറുകും  പോലെ.

 കടയിലെ അരണ്ട  വെളിച്ചത്തില്‍ കണ്ടു ..
 ചൊട്ട  ചാണ്‍  നീളമുള്ള  , കരിം കുറ്റി പോലെ ഇരിക്കുന്ന ചേട്ടന്‍ ..(അത് കൊണ്ടായിരിക്കാം  കുറ്റി  ചെണ്ട എന്ന പേര്‍)  ഉടുത്തിരിക്കുന്ന കറുത്ത മുണ്ട് ഉരിഞ്ഞു തലയില്‍ കെട്ടിയിരിക്കുന്നു.. ഫോര്‍ ലൈന്‍ ബുക്കിലെ പേജു പോലെ വരയുള്ള നിക്കര്‍ മുട്ടറ്റം കെടക്കുന്നു ..പഴയ ട്രാന്‍സ്പോര്‍ട്ട് വണ്ടിയുടെ പടുതാ പോലെ അത് ഇടയ്ക്കിടെ പറക്കുന്നുമുണ്ട് ..
കറുത്ത  കുട വയറില്‍ നിറയെ മുട്ട തോടിന്റെ  പൊട്ടും പൊടിയും ..
കാലിലെ വള്ളി ചെരുപ്പ്‌  തിരിച്ചും മറിച്ചും  ഇട്ടിരിക്കുന്നു..
കൈ വിരലുകള്‍ക്കിടയില്‍   കെട്ടും കഴിഞ്ഞു നില്‍ക്കുന്ന ഒരു ബീഡി   പുകയുന്നു..
ആകെ ഒരു സിനിമാ പ്രതീതി.    
വന്നു നിന്നപ്പോള്‍  ആ പ്രദേശം  മുഴുവനും  ശുദ്ധ സ്പിരിറ്റിന്റെ  മാസ്മര ഗന്ധം..ഒപ്പം മുട്ടയുടെയും!
"എന്തോന്നിനാ   ഈ സന്ധ്യക്ക് ഇപ്പോള്‍  ഇങ്ങോട്ട്   എഴുന്നെള്ളിയിരിക്കുന്നെ ..രാവിലെ പോയ വഴി അങ്ങ് പോകാന്‍ വയ്യായിരുന്നോ "
ഭാര്‍ഗവി ഇച്ചേയി  ഭദ്ര കാളി ഇച്ചേയി  ആയി..
എല്ലാരും റേഷന്‍ വാങ്ങല്‍ നിര്‍ത്തി ..ഈ കുടുംബ ചിത്രം കണ്ടു .

പാവം കുറ്റി  ചെണ്ട ചേട്ടന്‍ വീണ്ടും  ഇചേയിയെ  നോക്കി  പാടി "ക്ഷമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ "  പക്ഷെ ശബ്ദം അല്പം ഇടറിയിരുന്നോ   എന്ന് സംശയം ..
പാട്ട്   കരച്ചിലായി   "സമയമായില്ല പോലും.."  
ചേട്ടന്‍ മുണ്ട് തലയില്‍ നിന്നും അഴിച്ചു അരയില്‍  കെട്ടി "പോവാടി ..ഭാര്‍ഗവിയെ " എന്നും പറഞ്ഞു കൂട്ടം പിരിഞ്ഞതും ..'എവിടാ എന്റെ മനുഷ്യാ " എന്നും പറഞ്ഞു അലമുറയിട്ടു  ഭാര്‍ഗവി ഇച്ചേയി  കയ്യില്‍ കയറി പിടിച്ചു.."ഞാന്‍ അന്നേരത്തെ വെഷമം  കൊണ്ടങ്ങു  പറഞ്ഞത് അല്ലിയോ"

ചേട്ടന്‍   ഇച്ചേയിയെ  നിറ  കണ്ണോടെ  നോക്കി  ഉച്ചത്തില്‍ പാടി "ക്ഷമ എന്റെ ഹൃദയത്തില്‍  ഒഴിഞ്ഞില്ല തോഴീ "...എന്നിട്ട് പിന്നേം  അരയിലെ കറുത്ത മുണ്ട് തലയിലേറ്റി ..

"ഇവരല്ലേലും ഇങ്ങനാ "..മറ്റൊരാള്‍ ചിരിച്ചോണ്ട് പറഞ്ഞു.
 എന്തോ കാണാന്‍ കാത്തവരുടെ ഹൃദയത്തില്‍ ക്ഷമ ഒഴിഞ്ഞു..!!

അരിയും  വാങ്ങി  ചേട്ടനും ഇച്ചേയിയും   ഇരുളില്‍  മറയവേ സമയമായില്ല പോലും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.


ചേട്ടനും   ഇച്ചേയിയും ഒക്കെ ആ സ്നേഹവും കൊണ്ട്  എന്നോ അക്കരയ്ക്  പോയി   .

 ഇന്ന്  വല്യകുളത്ത്  പൊടി കുപ്പിയുടെ  നന്മകള്‍ ഉണ്ടോ   എന്ന് പറയാനും പറയാതിരിക്കാനും വയ്യ
എന്തായാലും  പൊടിക്കുപ്പി ഇല്ല ..
എന്നാല്‍ പൊടി  കൈ   ഉണ്ട് താനും!! ..