Powered By Blogger

2009, ജൂലൈ 26, ഞായറാഴ്‌ച

ഇട്ടന്‍

ഇഷ്ടന്‍ ചുരുങ്ങിയതോ അതോ' ഇട്ടമായിട്ട്" അമ്മ ഇട്ടതോ...
അറിയില്ല ആര്‍കും...വിളിപ്പേര്‍ അതായിരുന്നു.

ഒരു നാലു നാലര അടി പൊക്കം..കരി കലം കമഴ്ത്തിയ മാതരി തല .
അതില്‍ ചുണ്ണാമ്പ് കൊണ്ടെഴുതിയ പോലെ നെറ്റിയില്‍ ഒരു ഭസ്മ കുറി.
അതിന് താഴെ കുംകുമ പൊട്ട്‌..അതിന് ചുറ്റും ചന്ദന വളയം!

മീശ ആരും കാണാ പരുവത്തില്‍ ചെത്തി മിനുക്കി...
തോളിലെ തോര്‍ത്തുകൊണ്ട് ഇടം കൈ മറച്ച് ..(കക്ഷത്തില്‍ എപ്പോഴും രണ്ടു കുത്ത് ചീട്ട് റടി)
വലം കൈ തുടയില്‍ താളം പിടിച്ചങ്ങനെ...
അല്പം വക്രിച്ച കാലുകള്‍ താളത്തിനൊപ്പം ചവിട്ടി..
കമ്പിനി ഉണ്ടാക്കിയ ചെരുപ്പിനെക്കളും ഉരച്ചു വെളുപ്പിച്ച ബാറ്റാ ചപ്പലും..നീല വള്ളിയും...
ഇട്ടന്റെ ചീട്ടുകളി കള പ്രവേശം!

കളത്തില്‍ ആളോഴിയുന്നതും നോക്കി അല്ലെങ്കില്‍ , തത്കാല്‍ " അറെന്ചുമെന്ടില് കൈ മാറി കിട്ടുന്നതും നോക്കി
അതും അല്ലെങ്കില്‍ ഇനി കളിക്കാന്‍ തയ്യാര്‍ ഉള്ളവരെ കൂട്ടി ഒരു കുറു മുന്നണി ഉണ്ടാക്കാന്‍..
ബക ധ്യാനതിലാണ് ഇട്ടന്‍.

ജോക്കര്‍ വരുന്നതും പോകുന്നതും ആ മുഖത്ത് നോക്കിയാല്‍ അറിയാം..അതുകൊണ്ടുതന്നെ
ആരും ആ പാവത്തിനെ കൈ കാണിക്കില്ല.
ഞാനെന്തു വേണം എന്ന ഭാവത്തില്‍ ഇട്ടനും.

അഞ്ചു പൈസാ തുട്ടു പോലും കൈയില്‍ കാണില്ല ...എന്നാലും ഫുള്‍ നൂറിനും മറ്റും കേറി കൈ കൊടുത്തു കളയും..
അതിന്റെ ബിസിനെസ്സ്‌ എന്താണെന്ന് ചോദിച്ചാല്‍ നല്ല കൈ വരുമ്പോള്‍ ആര്‍കെങ്കിലും വിക്കും..
ഫിഫ്ടി ഫിഫ്ടി ..സ്വാശ്രയ വിദ്യാഭ്യാസം പോലെ!
പിന്നെ കക്ഷത്തിലെ ചീട്ടിനു ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ചീട്ടു മേശ "അടിഷനല്‍ ഇന്‍കം " കൂടി ആയി.!!
അങ്ങനെ ഒന്നുമില്ലാതെ വന്ന് ഒരു സാമ്രാജ്യം തന്നെ ചിലപ്പോള്‍ ഉണ്ടാക്കി കളയും.

ആശാന്‍ എന്നും ചെല്ല വിളി ചിലര്‍ വിളിക്കും..കാരണം
വല്യ ഭജന പ്രിയനാണ്..ഗഞ്ചിറ മുഖ്യ വിഷയം..
വിരലുകള്‍ തോലില്‍ ചടുല നൃത്തം ചവിട്ടുംബോളും..
ഫോര്‍ത്ത് കാര്‍ഡ് കിട്ടി റമ്മി അടിക്കുന്ന വിദ്യാ വിലാസിനിയെ മനസാ ധ്യാനിച്ചിരിപ്പാണ് ഇട്ടന്‍.

പിന്നെ മെല്ലെ ഗ്യാസ്‌ ലൈറ്റിന്റെ ചൂടില്‍ ഗഞ്ചിറ തോലിന് ചൂടു പകര്‍ന്ന്
ഒരു ബീഡി കത്തിക്കാന്‍ തിക്കും പക്കും നോക്കും..ആരെങ്കിലും കാണുമോ എന്ന പേടിയില്‍ അല്ല..
പിന്നെയോ സ്വന്തമായി ബീഡി കരുതുന്നതില്‍ വിശ്വസിക്കുന്നില്ല ..ഒന്നും നമ്മള്‍ ഉണ്ടാക്കുന്നതല്ലല്ലോ..
ബീഡി കുറ്റികള്‍ റോഡിന്റെ സ്വത്താണ്!

ഒരിക്കല്‍ ഒരു ബീടിക്കായി അടുത്ത സുഹൃത്തിനു നേരെ അറിയാതെ കൈ നീട്ടി ..
സുഹൃത്തിന്റെ മറുപടി അല്പം ഉറക്കെ ആയിപ്പോയി.."എപ്പോഴും ബീഡി തരാന്‍ നിന്റെ തന്ത ഒന്നും എന്നെ ബീഡി എപ്പിച്ചിട്ടില്ല"
ഭജന നിന്ന സമയം...എല്ലാവരും കട്ടന്‍ കാപ്പിയില്‍ ലയിച്ചിരിക്കുമ്പോള്‍ ഈ വെളിപാട്‌ ഇട്ടനെ ഒട്ടും വിഷമിപ്പിച്ചില്ല
ഉടന്‍ വന്നു മറുപടി "അങ്ങനെ ഒരാളെ ഞാന്‍ അറിയുമായിരുന്നെന്കില്‍ നിന്നോട്‌ ഈ നാണം കെട്ട് ഇരക്കുമായിരുന്നോ"

മ മ പാര്‍വതീശ്വം ഭജേ...ഒരു ശീല്‍ ഗന്ചിരയില്‍ വീണതും...ബീടികളുടെ പ്രവാഹം തന്നെ ഉണ്ടായി...ഇട്ടന്റെ മുന്‍പിലേക്ക്.!
ഒരെണ്ണം എടുത്തു കത്തിച്ചു...ബാക്കി വച്ചിട്ട് പറഞ്ഞു "മംഗളം പാടിയിട്ട് ഇനി വലിക്കാം"
ഒന്നും ഇല്ലാതെ വന്നു വീണ്ടും സമ്പന്നനായി...

എന്നോ ഒന്നുമില്ലാതെ മംഗളം പാടി പിരിഞ്ഞുംപോയി. ..ഇട്ടന്‍..മറു ലോകത്തെ കളി കളത്തിലേക്ക്....

2009, ജൂലൈ 18, ശനിയാഴ്‌ച

ചേര്‍ച്ച

എന്തിനോടും ചേര്‍ച്ച പറയാന്‍ എന്തെങ്കിലും ഒക്കെ വേണം..
വെയിലിനു മഞ്ഞ ..പൂവിനു മണം..കാറ്റിനു തണുപ്പ്‌ അങ്ങനെ ..അങ്ങനെ
ഉറങ്ങാന്‍ കട്ടില്‍ ..
ഉഷ്ണം വരുമ്പോള്‍ വെറും തറ ...പുതയ്ക്കാന്‍ ഒന്നും കിട്ടാതെ വന്നാല്‍
ഉടുതുണി എന്തൊരു ചേര്‍ച്ച...

ഉറങ്ങാന്‍ കിടന്നാല്‍ മഴയുടെ സംഗീതം
ആരോഹണം ..അവരോഹണം..
കാറ്റിന്റെ ശീല്കാരം..ഉച്ചസ്ഥായിയില്‍..മൂന്നാംകാലം..
സ്വപ്നങ്ങളില്‍ ഒന്നും തിരിയാത്ത പൊട്ടിയ ഒരു ക്യാമറ ലെന്‍സും പിന്നെ
ഒന്നും തെളിയാത്ത ബാല്യ ചിത്രങ്ങളും..ഇരട്ടവാലന്‍ തിന്നു പോയി..
അതിനും ഒരു ചേര്‍ച്ച ..ഇല്ലെങ്കില്‍ കാലപ്പഴക്കം എങ്ങനെ ചേരും!

ഉറങ്ങിപ്പോയി..അറിഞ്ഞില്ല...
അഹോരാത്രം ..അതിരാത്രം കഴിഞ്ഞു ഭാര്യയും ചരിഞ്ഞുറങ്ങുന്നു..
കൂര്‍കം വലികള്‍കും ഒരു ചേര്‍ച്ച..

കുമിറ്റുന്ന മഴയുടെ ഹൂമ്കാരം..
തണുപ്പിന്റെ സൂചി പ്രയോഗം..പുതപ്പിന്റെ കീറിയ വായിലൂടെ കുത്തുന്നു..
ഏതോ വിടവിലൂടെ
എവിടെ നിന്നോ മഴ അകത്തു പെയ്യുന്നു..
ഒന്ന്..രണ്ട്..മൂന്ന് തുള്ളികളായി..എനിക്കും ഭാര്യക്കും ഇടയിലേക്ക് ..
അതും ഒരു ചേര്‍ച്ച..
നനയുന്ന പുതപ്പിന്റെ ഈറന്‍ മണം എന്തൊരു ചേര്‍ച്ച..
ചോരാത്ത പുരയില്‍ ഉറങ്ങുന്നവര്‍ക്കുണ്ടോ ഈ ചേര്‍ച്ച?!
അങ്ങനെ ചോര്‍ച്ചയും ഒരു ചേര്‍ച്ച.

2009, ജൂലൈ 10, വെള്ളിയാഴ്‌ച

ഇരുട്ട്

ഇപ്പോള്‍ മനസ്സില്‍ വന്ന ആ ഇരുണ്ട കണ്മഷി നിറം...
സന്ധ്യ കനക്കുമ്പോള്‍...
നിലാവുപോലും എത്തി നോക്കാന്‍ മടിക്കുന്ന ഇരുട്ട്.
അത് പ്രകൃതി..

എന്നാല്‍ ഇതു പ്രകൃതിയുടെ ഒരു വികൃതി...
ആള്‍ രൂപം...പേരു രവി.!! നാട്ടുകാരുടെ" ഇരുട്ട്"
പകല്‍ വെളിച്ചത്തില്‍ പോലും ടോര്‍ച്ച്‌ മിന്നിച്ചു നോക്കണം ആളിനെ കാണാന്‍!

ഉദയത്തിന്റെ സ്വര്‍ണ വര്‍ണം വാരി പൂശി ഉയര്‍ന്നു വരുന്ന സാക്ഷാല്‍ സൂര്യന്‍..
പ്രസവിച്ച അമ്മയുടെ വൈരുദ്ധ്യാത്മക പേരിടല്‍.. സൂര്യന്റെ പരിയായമായി തന്റെ മകന്‍..

ഇന്നേക്ക്‌ പത്തു പതിനഞ്ച് കൊല്ലം മുന്‍പ്‌ ബോംബെ നഗരത്തിലെ ഏതോ തീവണ്ടി പാളത്തില്‍
അലറി പാഞ്ഞ പുകയില്ലാ വണ്ടി കോരി എടുത്തുകൊണ്ടു ഇരുട്ടിലേക്ക്‌ മറഞ്ഞ ഒരു ജന്മം.

അടി മുതല്‍ മുടി വരെ എണ്ണ കറുപ്പായത് കാരണം..ഇരുളിന്റെ മറവില്‍ ഇരുന്നുള്ള തൊഴിലായിരുന്നു
രവിക്കെന്നും പ്രിയം..വാറ്റ്‌ ....അസാമാന്യ കരവിരുതും ഈ കലയില്‍ ഉണ്ടായിരുന്നു പോലും..
നാട്ടിലെ കുടിയന്മാരുടെ കണ്ണിലുണ്ണി ...അവരുടെ ഭാര്യമാരുടെ കണ്ണിലെ കരടും..

അച്ഛന്റെ വലം കൈ ആയിരുന്നു..ഇരുളും വെളിവും അറിയാത്ത പരുവത്തില്‍..പമ്മി പമ്മി
വന്നു എന്നോട് രണ്ടു അരുതാ കഥ പറഞ്ഞു തന്നിട്ട് നേരെ അകത്തെ മുറിയിലേക്ക്‌
അമ്മ കാണാതെ
അരയില്‍ നിന്നും സാധനം" ഇറക്കി വച്ച് വെളുക്കെ ചിരിച്ച് ഒരു ബീഡിയും കത്തിച്ചു..
"താഴംബൂ മണമുള്ള..."പാട്ടും പാടി ഞാനൊന്നും അറിഞ്ഞില്ലേ നാരായണാ എന്ന ഭാവത്തില്‍...ഒരു പോക്കാണ്.
പോകുന്ന കൂട്ടത്തില്‍ എന്നെ തോണ്ടി പറയും...".വേണേല്‍ സ്വല്പം നോക്കിക്കോ വിശപ്പിനു നല്ലതാ"
ഉണങ്ങിയ വാഴ ഇലയുടെ അടപ്പ് തുറക്കുംബോഴേ മുറി ആകെ ഒരു മയക്കുന്ന മണം...ശര്കരയാണോ ..കള്ളാണോ അതോ അരിഷ്ടമാണോ..
രവി എപ്പോഴേ മറഞ്ഞിരിക്കും..വീണ്ടും രാവിന്റെ മറപറ്റി..അടുത്ത ചട്ടിയും വാലിയും ഒരുക്കാന്‍..

അങ്ങനെ അത്യാവശ്യം എക്സൈസ് എമ്മന്മാരുടെ അടി നടകള്‍ സഹിക്കാന്‍ വയ്യാതെ പാവം ഏതോ വഹയിലുള്ള അളിയന്റെ കൂടെ ബോംബെക്ക് ..
ഇപ്പോഴും ഓര്‍ക്കുന്നു ആരോ കൊടുത്ത ബെല്‍ ബോട്ടം പാന്റും കൈ നീളന്‍ ഉടുപ്പുമെല്ലാം ഇട്ടു പത്രോസ് കാട്ടി
രവി വന്നു യാത്ര പറഞ്ഞത്..അപ്പോഴും ആ മണം..മയക്കുന്ന ...

പിന്നെ ഒരിക്കല്‍ കേട്ടു...രവിയും കരവിരുതും ഇരുളില്‍ മറഞ്ഞു എന്നും..കിട്ടിയ ശരീര ഭാഗങ്ങള്‍ ബോംബയില്‍ തന്നെ മറവു ചെയ്തു എന്നും....സൂര്യനാകാന്‍ ജന്മം കൊടുത്ത അമ്മയുടെ പതിഞ്ഞ തേങ്ങല്‍ ഇന്നും മനസ്സില്‍
മുള്ളായി ഉടക്കി കിടക്കുന്നു...

2009, ജൂലൈ 4, ശനിയാഴ്‌ച

മഴ

ഇരുണ്ട് കറുത്ത് കണ്ണാടിയില്‍ പുക കൊണ്ടപോലെ ആകാശം...
അലവിളിയോടെ എങ്ങോ ചേക്കേറാന്‍ പ്രാണനും കളഞ്ഞു പറക്കുന്ന കാക്ക കൂട്ടങ്ങളെ
ശബ്ദം കൊണ്ട് മാത്രം അറിഞ്ഞു...കാണാന്‍ വയ്യ.
മഴക്കാര്‍ മൂടി മെല്ലെ കാറ്റ് വീശി ..ആകെ തണുക്കുന്നു..ഒരു വിറ എവിടെ നിന്നോ..
പെട്ടന്ന് എന്നത്തേതിലും നേരത്തെ കരണ്ടും പോയി!
നിഴലറിയാതെ ഞാന്‍ ത്രിസന്ധ്യയെ നോക്കി ...ഈ പ്രായത്തിലും
കരിമഷി നിറത്തിന് എന്ത് ഭംഗി...

എഴുതി കൊണ്ടിരുന്ന തീരാകടങ്ങളുടെ കണക്കു പുസ്തകതാള്‍ അടച്ചു വച്ചു.
സന്ധ്യക്ക് എല്ലാവരും നാമം ജപിക്കുമ്പോള്‍ ഞാന്‍ എന്റെ കടങ്ങളുടെ പെരുക്ക പട്ടിക
അര്‍ജുന പത്താക്കി ജപിച്ചുകൊണ്ടിരിക്കും..ഒരു ബലത്തിന്!

കാറ്റു വീശിയടിച്ചു..ജനല്‍ പാളി അടഞ്ഞത് കേട്ടു ഞെട്ടിപ്പോയി..
മഴ...ഒന്നിനോടും ഉപമിക്കാന്‍ കഴിയാത്ത ശീല്‍ക്കാരം...
ആയിരം നാവുള്ള അനന്തന്റെ ശീല്കാരമോ..
പച്ചനിറം വാരി ഉടുത്ത്‌ കരയെ വാരി വാരി പുണരാന്‍ ആഞ്ഞടുക്കുന്ന തിരയുടെ ഹൂംകാരമോ...
അറിയില്ല എന്നും എന്നെ മയക്കുന്ന മരുന്നായി മഴ...അങ്ങനെ തകര്‍ത്താടുന്നു...
ഞാനും അര്‍ദ്ധ മയക്കത്തില്‍...കാരിരുളില്‍ മഴയെ ഒന്ന് തൊടാന്‍ കൊതിച്ച ..
മഴത്തുള്ളിയില്‍ അലിയാന്‍ മോഹിച്ച ബാല്യ കൌതുകം ഓര്‍ത്തങ്ങനിരിക്കുമ്പോള്‍
ആകാശത്തിന്റെ വേരുപടലം ആകെ കീറി മുറിച്ചുകൊണ്ട് ഒരു കൊള്ളിയാന്‍
അരയിളക്കി പാട്ടുകാരുടെ നടന വൈഭവത്തിനു മാറ്റ് കൂട്ടുന്ന
സൈക്കടലിക്" ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം പോലെ...

കൊള്ളിയാന്‍ വീശിയതും ..കോലായ മൂലയില്‍ ഇരുന്ന ഞാന്‍ കണ്ടു.....
മഴ മുഴുവന്‍ നനഞ്ഞു മുറ്റത്തെ ചെമ്പക ചോട്ടില്‍ നില്‍ക്കുന്നു...അച്ഛന്‍ !
നരച്ച തലയിലൂടെ മഴത്തുള്ളികള്‍ ധാരയായി ഒലിച്ച് ഇറങ്ങുമ്പോളും കണ്ണ് ചിമ്മാതെ...
എന്നെ നോക്കി...
ആ പഴയ നീല മുറിക്കയ്യന്‍ ഉടുപ്പും..വെള്ള മുണ്ടും..
കാതിലെ കടുക്കന്‍ കൊള്ളിയാനില്‍ പിന്നെയും തിളക്കമാര്‍ന്നു..
എനിക്കെന്തു പറയണമെന്നറിയാതെ തൊണ്ട ഇടറി..
മഴ നനയാതെ എന്നെ കുടക്കീഴിലാക്കി അടക്കി പിടിച്ചു
പള്ളിക്കൂട വരാന്തയില്‍ കൊണ്ടാക്കി കൈ വീശി തിരിച്ചു പോയ അച്ഛന്‍..
ഈ സന്ധ്യയില്‍ കുമിറ്റി പെയ്യുന്ന കാലവര്‍ഷത്തില്‍ നനഞ്ഞൊലിച്ച് ..
ഒരേ നില്‍പ്‌..
ഞാനോടി ചെന്ന് അച്ഛന്റെ കൈ പിടിച്ചു..
വാ ...കോലായില്‍ കേറി ഇരിക്കാം ..തല തുവര്‍ത്തി തരാം..
അമ്മയെ കാണണ്ടേ..
അച്ഛന് പ്രിയപ്പെട്ട എന്റെ ഭാര്യയും കൊച്ചു മകളും അകത്തുണ്ട്
അവരെ കാണണ്ടേ ...
ഒന്നിനും കഴിയാതെ ഒരേ നില്പില്‍ ആകെ നനഞ്ഞു കുഴഞ്ഞച്ചന്‍
ഒന്നും പറയാതെ തല മെല്ലെ തിരച്ചു..
ഒന്നും വേണ്ട എന്ന് പറയുമ്പോലെ..
പഴയ ചിരി ...നിര്മമനായി ..നിസ്സന്ഗനായി..
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു അമ്പതു പൈസ തുട്ട് എടുത്തു എന്റെ കൈയില്‍ വച്ചു തന്നു!

കരണ്ട് എപ്പോഴോ വന്നിരുന്നു..
എന്റെ കണക്കു പുസ്തക താളുകള്‍ ഞാന്ടച്ചു വച്ചത്
തുറന്നിരിക്കുന്നു..
അച്ഛന്‍ അതിലേക്കു നോക്കിയാണ് ഈ തുട്ട് എന്റെ കൈയില്‍ തന്നത്..
തുട്ടിലെക്ക് പെരുമഴ പ്യ്തിറങ്ങുമ്പോള്‍ ഞാന്‍ അറിഞ്ഞു
അച്ഛന്റെ ചിതയില്‍ ഇണങ്ങ്ന്‍ ഇട്ട വണക്ക തുട്ട്.!!


മരുമക്കള്‍ മാറി നിന്നു ..അവരുടെ കൈയില്‍ തുട്ടില്ലായിരുന്നു..
ബന്ധുക്കള്‍ ഓരം ചേര്‍ന്ന് കണ്ടു നിന്നു
കര്‍മി അപ്പോഴും ചോദിച്ചിരുന്നു "ഇണങ്ങന്മാരുണ്ടോ ..പണം ഇടാന്‍"
എന്നിട്ട് വേണം വിറക്‌ അടുക്കാന്‍..
ആരും അനങ്ങിയില്ല..
"അളിയനോ, ബന്ധുവോ, മരുമക്കള്‍ ..ആരെങ്കിലും " വീണ്ടും കര്‍മി...
മടിച്ചു മടിച്ചു എന്റെ കൂട്ടുകാര്‍ അച്ഛന് എത്രയും വേണ്ടപ്പെട്ടവര്‍ ..ഓരോരുത്തരായി..
ഇല്ലായ്മയുടെ അമ്പതു പൈസാതുട്ടുകള്‍ ചിതയില്‍ ഇട്ടു വണങ്ങി.
അച്ഛന്റെ ആഗ്രഹവും അതായിരുന്നിരിക്കാം..
ആരുടേയും ഒന്നും കൈ നീട്ടി വാങ്ങാതിരുന്നപ്പോളും
സ്നേഹിതരുടെ ബീഡി ഒരെണ്ണം അച്ഛന്‍ വാങ്ങി കത്തിച്ചു പുക ഊതി
മെല്ലെ നിസ്സന്ഗമായി ചിരിച്ച്...

ആ അച്ഛന്‍ ..എന്റെ കടങ്ങളുടെ എഞ്ചുവടി പുസ്തകതാളില്‍
അമ്പതു പൈസ കുറച്ചു തരാന്‍
ഈ മഴയത്രയും നനഞ്ഞ്....

അച്ഛന്‍ മെല്ലെ എന്റെ കൈ വിടീച്ച്....
അലറി പെയ്യുന്ന മഴയുടെ പാളികള്‍ വകഞ്ഞ് നീക്കി
പഴയ ചിരിയോടെ നടന്നകന്നു...
കൈ വെള്ളയില്‍ കൂട്ടി പിടിച്ച പൈസ തുട്ടുമായി
ഞാന്‍ ഈ മഴ നനഞ്ഞ്..ചെമ്പക ചോട്ടില്‍
ഇനി എന്ന് വരുമെന്ന് ചോദിക്കാനും കഴിയാതെ

വീശിയ കാറ്റില്‍ ചന്ദന ഗന്ധം..
കര്‍പൂരം കത്തുന്നോ...രാമച്ചം പുകയുന്നോ...
മഴ എന്നെ ആകെ പുല്‍കി ..പുല്‍കി..