Powered By Blogger

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

രാജ മുദ്ര

പൊന്നിന്‍  ചിങ്ങം എന്ന് പണ്ട് പറയുമായിരുന്ന,  ഇപ്പോള്‍    അത്രയ്ക്കങ്ങ്  പൊന്നും ചെമ്പുമല്ലാത്ത  ചിങ്ങം  പിറന്നാല്‍  പിന്നെ ഞങ്ങടെ    അയല്‍  ചുറ്റ് വട്ടങ്ങള്‍    അശ കൊശലെ  വള്ള സദ്യേം,  വഞ്ചിപ്പാട്ടും,  ഒരു  വള്ളപ്പാട് ദൂരം വരുന്ന ബിവറേജ് ക്യൂവും   ഒക്കെ കൊണ്ട് ചടുലവും, വായ്ത്താരികള്‍  കൊണ്ട് ശബ്ദ മുഖരിതവും,   എന്നുവേണ്ടാ  ആണായി പിറന്നു നടക്കാന്‍ പരുവമായത്  മുതല്‍  വാട്ടര്‍ ബെഡില്‍  വള്ളം തുഴയുന്നത്  വരെ  വെള്ള പാട്ടും പിന്നെ വള്ള പാട്ടുമാ !!

മറ്റെങ്ങുമില്ലാത്ത  ഒരു ഉശിര് ,  കരകള്‍ തമ്മിലുള്ള  സാഹോദര്യവും മത്സരവും, ഒരു പോലെ  മാറ്റ്   ഉരയ്ക്കുന്നത്  ചിങ്ങം പിറക്കുമ്പോള്‍ ആയതു കൊണ്ടാകാം ഓണത്തോടൊപ്പം വള്ളം കളീം പുറകെ വന്നത്  .

ആണ്‍ അഴക്‌   തലയെടുപ്പില്‍ ഈരെഴ തോര്‍ത്ത് ഒരെണ്ണം കെട്ടി,
ഉള്ള കസവ് കര മുണ്ടും മടി ഇട്ടങ്ങുടുത്ത്
വിരിഞ്ഞ മാറിലെ  രോമ കഞ്ചുകം ആകെ പമ്പയുടെ പനി നീരാല്‍ നനച്ചു കുതിര്‍ത്ത്
താളത്തില്‍ വീഴുന്ന തുഴയും കയ്യും,  ഈണത്തില്‍ വിരിയുന്ന നാതോന്നതയും
ഹാ ..  വാലിലെ കൊടിയും ഉച്ചിയിലെ സ്വര്‍ണ കൂമ്പും ഭഗവാന്റെ പള്ളി ഓടം
അങ്ങനെ തുപ്പ തുപ്പ വെള്ളത്തില്‍  കുതി കുതിയ്ക്കുമ്പോള്‍  പമ്പയ്ക്ക് ഒഴുകാന്‍ പോലും മടിയാണെന്ന് തോന്നും..

കരയിലെ വിശേഷം അതിലും മോഹനം ..
വരുമ്പോള്‍  കൈ കൊട്ടി  കുചേല വൃത്തത്തില്‍ തുടങ്ങി പോകുമ്പോള്‍  കൊടുങ്ങല്ലൂര്‍ ഭരണിയുടെ തനിയാവര്‍ത്തനം  .. നന്ദിയോടെ കേള്‍ക്കാന്‍ !

ഗതി കേടിനു അഭിനവ  മദ്യ സദാചാര സംസ്കാര  ആചാര്യ  പെരുമാക്കള്‍   വട്ടപ്പടയിലുള്ള  മദ്യ വില്പനയ്ക്കങ്ങു  നിരോധനവും വക്കുമ്പോള്‍ (അനിഷ്ടം ഒന്നും ആര്‍ക്കും സംഭവിക്കാതിരിക്കാന്‍ !) ഒന്നുകില്‍ നേരത്തെ വാങ്ങി കൂട്ടിയത് അല്ലെങ്കില്‍ അയല്‍ കൂട്ടങ്ങളില്‍ അറിയിച്ചതിന്‍ പ്രകാരം   അളിയനോ  ചേട്ടനോ അമ്മായി അപ്പനോ  കൂട "പെറപ്പുകള്‍ " ആരെങ്കിലുമോ  സ്നേഹാതിരേകത്താല്‍ കൊണ്ട് വന്ന നൂറു മുതല്‍ ആയിരം വരാവുന്ന  ഏതെങ്കിലും  പൊളപ്പന്‍ സാധനം വിട്ടു വിട്ടങ്ങനെ   വീണേടം    വിഷ്ണു ലോകമാക്കി  ..
അപൂര്‍വ്വം ചിലരൊക്കെ വിഷ്ണു പാദവും പൂകി..   ഉത്രുട്ടാതിയുടെ വിട വാങ്ങല്‍ പരേഡും കഴിയുമ്പോള്‍  ഓണമുണ്ട  വയറേ ചൂളം പാടൂ  എന്ന  പഴം ചൊല്‍   പതിരില്ലാതെ  തിരികെ വരും!!

നാട്ടില്‍ പിറന്ന പ്രവാസി സുഹൃത്തുക്കള്‍ ഏറിയ കൂറും വള്ളം കളിയ്ക്ക് ഉള്ളതും കൊണ്ട് കള്ളമില്ലാതെ  ദൂരം താണ്ടി വരും..അത് പതിവാ വരാന്‍ കഴിയാത്തവര്‍ അവരവരാല്‍ കഴിയുന്ന വഴിപാടുകള്‍ കൊടുത്തും വിടും..

അങ്ങനെ എല്ലാ മാസവും വെള്ളം കളിയ്ക്കാന്‍    മുന്തിയത് മാത്രം കൊണ്ട് വരുന്ന സുഹൃത്ത് , ഇത്തവണ  ഓണം , വള്ളം കളി ഒക്കെ കരുതി ഒരു വള്ളം "സാധനങ്ങളുമായി "   എത്തി, ഞങ്ങളും അവന്റെ വീട്ടില്‍  അവനേക്കാളും നേരത്തെ പൂര്‍വാധികം ഭംഗിയായി എത്തി.
പക്ഷെ  ഉതൃട്ടാതി പിറ്റെന്നായി  പോയി   അവന്റെ വരവ് എന്ന് മാത്രം .  
വൈകി വന്നതില്‍ കാരണവും ബോധിപ്പിച്ചു. 

"എന്റെ അണ്ണാ  ഓണത്തിന് മുന്പ് വന്നാല്‍ ഒരു വരവ് പോക്കിന്റെ എങ്കിലും ടിക്കറ്റ് ഫെയര്‍ ഞാന്‍ പിരിവായി നല്‍കണം ..ഇതല്ലേ ഭേദം..."

നിത്യ ചെലവിന്റെ ഫെയര്‍ ഹരിച്ചും ഗുണിച്ചും  കൂട്ടുന്ന ഞാന്‍    കൊടുത്ത പിരിവിന്റെ രസീതുകള്‍ എന്റെ തല ചോറില്‍ ഈയല് പോലെ പറന്നു നടക്കുന്നതായി അറിഞ്ഞു.....
 അവന്റെ ബുദ്ധിയില്‍ പൂമ്പാറ്റകളും !!

ഒരു  പോസ്റ്റ്‌  വള്ളം കളി  ചര്‍ച്ച സ്വോഭാവികമായും  ഊരി  തിരിഞ്ഞു  വന്നു.
കരകളിലെ കുഴപ്പങ്ങള്‍ , പുതിയ വള്ളങ്ങളുടെ  ചരിവും,   കോണിപ്പും, പാട്ടിന്റെ  പാളിച്ചകള്‍
ഒക്കെ മറ്റു    വള്ളംകളി ,  വെള്ളം കളി  വിശാരദന്മാര്‍   ഓരോ  ഹെന്നസിയ്ക്കും ഒപ്പം നതോന്നതയില്‍  കൂടുതല്‍ ഉയരത്തില്‍  തന്നെ പാടി..
എത്രയും പെട്ടന്ന് ഗ്ലാസുകള്‍ നിറയവേ
ഒരു തല കൂടി മുറിയുടെ കതകിന്റെ  വിടവില്‍ കൂടി നീണ്ടു വന്നു..
ഒരു നിമിഷം  , നിറഞ്ഞ ചിരിയോടെ ആ തലയും ഉടലോടെ അകത്തു വന്നു..

"അയ്യോ ഇത് നമ്മടെ പാര്‍ഥന്‍  കൊചാട്ടനല്ലിയോ ..ഇരുവഴികര വള്ളത്തിന്റെ  പോരാളി വീരന്‍ , ഹോ എന്തവാരുന്നു  കൊചാട്ടന്റെ ഇന്നലത്തെ തഹര്‍പ്പ്    കിടിലം "
ഒരുത്തന്‍ കൊചാട്ടനെ എല്ലാ ഓഫറും കൊടുത്ത് അങ്ങ് സുഹിപ്പിച്ചു!

കൊച്ചാട്ടന്‍ നാണം കൊണ്ട് കൂമ്പി , എളിമ  കൊണ്ട് കുനിഞ്ഞു   ഒഴിച്ച് വച്ച" മുക്കാ ക്ലാസ്"  ഹെന്നസി  ഒരു തുള്ളി ഞൊട്ടി തെറിപ്പിച്ചു,  കിഴക്കോട്ടു നീങ്ങി വെള്ളം തൊടാതെ ഒരു നയംപിന്റെ വേഗത്തില്‍ അകത്തേയ്ക്ക് എറിഞ്ഞു! ശേഷം തിരിഞ്ഞു  ഇരുന്നു  പറഞ്ഞു..

"മോനെ  രാജാവിന്റെ കയ്യീന്ന് മുദ്ര കിട്ടിയ വള്ളമാ  കളി  ഞങ്ങക്കറിയാം..ഞങ്ങള് തഹര്‍ക്കും "
രണ്ടാമത്തെ ഹെന്നസി ആരോഹണത്തില്‍ ഒഴിച്ചുകൊണ്ടു  സുഹൃത്ത് ചോദിച്ചു
"കൊച്ചാട്ടാ  ആ മുദ്ര കിട്ടിയത് എന്തായാലും അഭിമാനമാ ..അതൊന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍
എനിക്ക് സന്തോഷമായേനെ "
കൊച്ചാട്ടന്‍   ഇത്തവണ ഒരു തുള്ളീം  തെറിപ്പിച്ചില്ല  എന്ന് മാത്രമല്ല  വെള്ളം തൊടത്തില്ല എന്ന് ശപഥം ഉള്ളത് പോലെ ഒരു വീശും.

ഒന്ന് മുരടനക്കി   ഒരു  ഡേവിഡ്ഓഫ്  സിഗരറ്റ് എടുത്തു ഡിറ്റ്ക്ടിവ്  മാര്‍ക്സിനെ പോലെ തീപ്പിടിപ്പിച്ചു ..കൊച്ചാട്ടന്‍ ശകലം നാക്ക് കുഴച്ചു കണ്ണ് മുഴുവന്‍  തുറന്നു പറഞ്ഞു
"എന്റെ കുഞ്ഞേ അത് കിട്ടിയപ്പോഴേ വീട്ടിലെ പത്തായത്തില്‍ വച്ച് പൂട്ടി,  വല്യ  വെലയുള്ള സാമഗ്രി  അല്ലിയോ  നിനക്ക് കാണണേല്‍  ഞാന്‍ പോയി എടുത്തോണ്ട് വരാം അല്ലാതെ കണ്ട അണ്ടനും കുണ്ടനും എടുത്തിട്ട്  മേളാംകിയ്ക്കാന്‍ ഈ പാര്‍ഥന്‍ പിള്ള  കൊടുക്കുവേല്ല..അതിനു വച്ച വള്ളം അങ്ങ് കരയ്ക്കിരിക്കുകെ ഉള്ളൂ  ..ങ്ഹാ  ..."
ഹെന്നസി  പണി  നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു.

ഒന്നൂടെ ഒഴിച്ച് പിള്ളേച്ചന്‍  ഒരു സിഗരറ്റും കൊളുത്തി  കതക് വലിച്ചു തുറന്നു കാറ്റ്‌ പോലെ മുറ്റത്തിറങ്ങി   മുദ്ര രാക്ഷസനായി പോയി!!

ഞങ്ങള്‍ ആ പോക്കും നോക്കി ഫോട്ടോയിലെ പോലെ ഇരുന്നു.
"മണ്ണും ചാരി നിന്നവന്‍  പകുതി ഹെന്നസീം  അകത്താക്കി  സ്ഥലം വിട്ടു ..ഒടുക്കത്തെ ഒരു രാജ മുദ്ര "
ഒരുത്തന്റെ  ക്ഷോഭം രാജവിനോടായി ..
പാവം പ്രജകള്‍ എന്ത് പിഴച്ചു " കയ്യീന്ന് മൂവായിരമോ നാലായിരമോ ഇട്ടു ഇത് വാങ്ങാന്‍ ഒക്കുമോ അഥവാ ഒത്താല്‍ കിട്ടുമോ.." വേറൊരുത്തന്‍...
"ആ പോട്ടെ ഒന്ന് രണ്ടെണ്ണം കൂടി കൊണ്ടുവന്നിട്ടുണ്ട് " സുഹൃത്ത് പറഞ്ഞതും
"എന്നാ പിന്നെ ആ പാവത്തിന് ശകലം കൂടി കൊടുക്കാമായിരുന്നു "  വേറൊരുത്തന്‍ ശരാശരി മലയാളി ആയി!  എന്റേത് പോകത്തില്ലല്ലോ എന്നുറപ്പായി!!

മണിക്കൂര്‍ മിനിട്ടായി മാറി  രണ്ടാമത്തെ ഹെന്നസി  ഒഴിയാറായി  ..വരില്ല എന്ന് കരുതിയ പിള്ളേച്ചന്‍  കൊടും കാറ്റു പോലെ  മുറിയിലെത്തി ..
ഇന്നലെ തലയില്‍ കെട്ടിയ തോര്‍ത്ത്‌  ഇപ്പോള്‍  തല വഴി ഇട്ടു മുഖം മറച്ചിരിയ്ക്കുന്നു..വെയില്കൊള്ളണ്ടാ  എന്ന് കരുതി ആയിരിക്കാം
എല്ലാവരും രാജ   മുദ്ര കാണാന്‍ ഉത്സാഹിച്ചു ... ചരിത്ര മുഹൂര്‍ത്തം.

വന്ന പാടെ പിള്ളേച്ചന്‍ കുപ്പി കയ്യിലെടുത്തു  നേരെ  വായിലേക്ക്  ഒരു പിടി
 തടയാന്‍ ഒരുത്തന്‍ ആയും മുന്‍പേ പിള്ളേച്ചന്‍ ഉള്ളത്  തൊള്ള യില്‍  തള്ളി....
പലരുടേം മുഖം പിന്നേം ഇരുണ്ടു   വഴിയില്‍ കിടന്നത്, ആരോ എടുത്തു വേലിയേല്‍ വച്ചത്  കാലേല്‍ ചുറ്റി,  കടിക്കുകേം ചെയ്തു എന്ന് പറഞ്ഞ പോലെ ആയി..

"എന്റെ കുഞ്ഞേ പത്തായം തുറന്നു മുദ്രേം എടുത്തോണ്ട് തിരിയുകേം പുറകിലുണ്ട്  പെണ്ണുമ്പിള്ള ഭദ്രകാളി  കോലോം  കെട്ടി  നിക്കുന്നു.. " എന്തിനാ മുദ്ര എടുത്തത്‌  അത്  വിറ്റ്‌ മോന്തിയാല്‍  ഒള്ളതും മുടിഞ്ഞുപോകും  ആവശ്യത്തിനു  കേറ്റിയതല്ലേ"  എന്നും പറഞ്ഞു  ഒരു പിടി അതിനിട്ടു  പിടിച്ചു,  ഞാന്‍ വിട്ടില്ല "എന്റെ കുഞ്ഞിന്റെ പത്തു തൊള്ളി ഞാന്‍ കുടിചെങ്കില്‍  അതിനുള്ള സ്മരണ വേണം, അതാ എന്റെ  പോളിസി   ...
"ഇന്നാരെ കാണിക്കാന  ഇപ്പം തരിച്ചു കൊണ്ട് വക്കാം" എന്നും പറഞ്ഞു ഞാന്‍ ഒന്നൂടെ പിടിച്ചതും അവള്‍ ആ മുദ്ര കൊണ്ട് എന്റെ മുഖം അടച്ചു ഒരൊറ്റ അടിയാ  തെണ്ടേ ..

പിള്ളേച്ചന്‍ തോര്‍ത്ത് മാറ്റി   കാണിച്ചതും,  ഞങ്ങടെ  അകത്തെ  ഹെന്നസി  നേര്‍ത്ത മഞ്ഞു  പാളികള്‍ ആയി അന്തരീക്ഷത്തില്‍  അലിഞ്ഞു പോയി കൊണ്ടേ ഇരുന്നു..പകരം  ഏതോ ഒരു വിഷാദ രാഗം ഏതോ ഗന്ധര്‍വ്വന്‍ പാടുന്ന പോലെ..

"പിള്ളേച്ചന്റെ മുഖത്ത്  ഇടത്തെ കവിളില്‍  ചെന്നിയ്ക്ക് താഴെ  വലം പിരി ശംഖു പോലെ രാജ മുദ്ര!!"

 ഭാര്യക്ക്   വലതു കൈ ആണ് വശം എന്നും   അത് തെളയിക്കുന്നുണ്ടായിരുന്നു.

കുചേല വൃത്തം മാറി ഭാരത യുദ്ധം കഥ പാടി നാതോന്നതയും  ഞങ്ങളും , ഒഴിഞ്ഞ  ഹെന്നസി കുപ്പികളും,
പിന്നെ   ഫാനിന്റെ കാറ്റില്‍ ഇളകി പറക്കുന്ന  തോര്‍ത്തിന്റെ തുമ്പ് കൊണ്ട് കണ്ണീര്‍ ഒപ്പുന്ന പിള്ളേച്ചനും
ജല ഘോഷ യാത്രയിലെ ഒരു ഫ്ലോട്ട് പോലെ  പമ്പയിലൂടെ ഒഴുകി നീങ്ങി!