Powered By Blogger

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

ശിവന്‍



 ശിവൻ    പകർന്നാടിയ   ഒരു  രൂപാന്തരം   അര്‍ദ്ധ നാരീശ്വരന്‍.   
 പ്രേയസിയെ ഉടല്‍ പാതിയാക്കി  അകവും പുറവും ഒരു മെയ്യാക്കി  നടന്ന പുരുഷൻ
 ഇമ്പം ദാമ്പത്യത്തിൽ വേണം  എന്ന  വൃതം പുരാണ കാലത്ത് പോലും   ചര്യയാക്കി  തീർത്ത  മഹാൻ
 പുരാവൃത്തത്തിൽ   കാണായ സദ്‌  കഥാ ചരിതങ്ങളിൽ ഒരിക്കലും പിഴയ്ക്കാതിരുന്ന പരസ്പര ബഹുമാനം  സ്നേഹം   ഒക്കെ അവിടെ കാണാം..         ഇന്നെവിടെ എന്ന് ചോദിക്കാവുന്ന ഐതീഹ്യ മാഹാത്മ്യം !

ഇവിടെ കഥ  ഒരു പകർന്നാട്ടത്തിന്റെ  കദന രൂപം  മറ്റൊരു  ശിവനാടിയത് .

ബാല്യകാല സുഹൃത്ത് .
പിഞ്ഞി കീറിയ  കാക്കി  നിക്കറിന്റെ പോക്കറ്റിൽ എനിക്കായി മാത്രം കരുതി വച്ചിരുന്ന കശു മാങ്ങ അണ്ടികൾ  കല്ലിൽ വച്ച് തല്ലി  പൊട്ടിച്ച്  ആരും കാണാതെ  സ്കൂൾ മുറ്റത്തിന് പുറകിൽ  കൊണ്ടുപോയി
കൈയ്യിൽ  തന്നിട്ട്   "ആർക്കും കൊടുക്കണ്ട ..മോൻ തിന്നോ" എന്ന്    അച്ഛന്റെ വാൽസല്ല്യത്തോടെ പറഞ്ഞ സമ പ്രായക്കാരാൻ അല്ലെങ്കിൽ ഒന്നോ രണ്ടോ കൊല്ലത്തിനു മുൻപൻ    ശിവൻ .
പേരിലെ സാമ്യം  ആകാം മായാത്ത ഒരു ചന്ദന ഗോപി   മുക്കണ്ണ്‍   പോലെ ശിവന്റെ തിരു നെറ്റിയിൽ  ഇപ്പോഴും കാണും.
ഇല്ലായ്മയുടെ  ആഘോഷങ്ങളിൽ അവർക്ക് എന്റെ അച്ഛൻ മനസ്സറിഞ്ഞു നല്കിയിരുന്ന  അരിയും  സാമഗ്രികളുമാകാം  ഒരു പക്ഷെ ആ 'മോനേ " വിളിയ്ക്കു പിന്നിലെ ചേതോ വികാരം.
ശിവനെ കാണാതിരുന്നാൽ  കാശാവും   കമ്മ്യൂണിസ്റ്റ് പച്ചയും    മുള്ളൻ   അനച്ചക   ചെടിയും  നിറഞ്ഞ വെട്ടു വഴി കേറി കുന്നിൻ  മുകളിലെ   അവന്റെ വീട്ടിൽ എത്തുമ്പോൾ  അവന്റെ അമ്മയും  മോനേ" എന്ന വിളിയോടെ ഓടി വന്നിരുന്നു.

ഓല മെടഞ്ഞു കോർത്തിട്ട ഭിത്തിയിൽ  ആറന്മുള ഉത്സവത്തിന്‌ വാങ്ങിയ ഗജേന്ദ്ര മോക്ഷം  പടം തൂക്കിയിട്ടിരിക്കുന്നത്  മല മുകളിലെ ഇളം കാറ്റിൽ ആടുമ്പോൾ  മഹാവിഷ്ണു ഗരുഡ വാഹനത്തിൽ പറന്നു വരും പോലെ തോന്നും.   വൃത്തിയായി ചാണകം മെഴുകിയ തറയിൽ ഉച്ചവെയിൽ  എത്തി നോക്കി സൂര്യ മുട്ടകൾ വരച്ചു വച്ചിരിക്കുന്നതും കണ്ട് ഞാനിരിക്കുമ്പോൾ  ശിവൻ ഓടി അണച്ചു  വരും.  
നിക്കർ അഴിച്ചു കുത്തുമ്പോൾ പോക്കറ്റിൽ നിന്നും അപ്പോഴും കശുവണ്ടികൾ  താഴെ വീഴും.

'അമ്മയ്ക്ക് പനിയാ ..ഞാൻ താഴേന്നു വെള്ളം കോരിക്കൊണ്ട് വക്കുവാരുന്നു "   ശിവൻ പറഞ്ഞ താഴെ ഒരാഴമായി എനിക്ക് തോന്നി.     അവൻ  പലപ്പോഴും ക്ലാസ്സിൽ വരാതിരിക്കുന്ന കാര്യവും  പിടി കിട്ടി.
അടി കിട്ടുമ്പോൾ ഒച്ചയില്ലാതെ കരയുമായിരുന്ന ശിവൻ  ഒരിക്കലും അടി വാങ്ങുന്നതിന് മടിയും കാണിച്ചിട്ടില്ല.
അകത്തു അമ്മയുടെ ഞരക്കം കേൾക്കാമായിരുന്നു .
"വാ നമുക്ക്  മൂവാണ്ടൻ   മാങ്ങാ  എറിഞ്ഞിടാം " എന്ന് പറഞ്ഞു ശിവനും ഞാനും ഓടും.
വീടിനു പുറകിലെ പറമ്പിൽ ആരുടെയോ  മൂവാണ്ടൻ മാവ്    ഭൂമിയോളം  തണൽ . അവിടിരുന്നാൽ കോഴഞ്ചേരി പള്ളി കാണാം. 
വെയിൽ താഴുമ്പോൾ   കൈ നിറയെ മാങ്ങയുമായി മലയിറക്കം.

വർഷങ്ങൾ  ഏറെ പോയി.  കുഞ്ഞു പള്ളിക്കൂടം   വിട്ടു  ഹൈ സ്കൂൾ പഠനം    ശിവൻ  ആ ഓട്ടത്തിന് കൂടെ വന്നില്ല  അവൻ തിരികെ ഓടി . ജീവിതത്തിന്റെ  ഉപരി പഠനത്തിന് ! 
എന്നും കാണുന്ന കൂട്ട് മെല്ലെ തളർന്നു തുടങ്ങി അവനും ഞാനും   പുതിയ കളികൾ  പഠിച്ചു ...അല്ലങ്കിൽ കാലം പഠിപ്പിച്ചു ...
ഹൈ  സ്കൂൾ കഴിഞ്ഞു  കൊച്ചിയിലെ  കോളജിൽ  ചേർന്നു , നാട്ടിൽ  വരുന്നത് തന്നെ  ഓണത്തിനോ  ക്രിസ്തുമസ്സിനൊ  എന്നായി... മോർണിംഗ്   ഷോ  ലിറ്റിൽ ഷേനായ്സ്   നൂണ്‍  ഷോ  ഷേനായ്സ്   മാറ്റിനി   കവിത    ഫസ്റ്റ് ഷോ  പദ്മ   സെക്കണ്ട് ഷോ  ശ്രീധർ എന്ന  ദിനചര്യകളും     മെസ്സ് ഫീ കിട്ടുമ്പോൾ വോൾഗ  ബാറിന്റെ  സുഖ ശീതളിമയും  ഒരു ശീലമായി ...   ശിവനൊക്കെ   ഓർമ  ചെപ്പിൽ അടയ്ക്കപ്പെട്ടു.

എന്നോ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ  നക്ഷത്രം പോലെ ശിവൻ മുന്നിൽ !
"മോനെ " എന്ന വിളി എന്നെ കുഴപ്പിച്ചു കളഞ്ഞു.  എത്രയോ നാളായി  ഈ വിളി ഞാൻ മറന്നു പോയി എന്നുള്ള കുറ്റബോധം എന്നെ  ചൂഴുമ്പോൾ   ശിവൻ അടുത്ത് വന്നു കൈ പിടിച്ചു.
"മക്കളെ നിന്നെ കണ്ടിട്ട്  എത്ര നാളായെടാ ....." അവന്റെ കണ്ണ് നിറഞ്ഞു.  എന്റെയും.
"അമ്മ  രണ്ടു വർഷം  മുൻപ് മരിച്ചു പോയി ..ഇപ്പം കണ്ടത്തിൽ കാളെ  പൂട്ടാ പണി..അതും കുറവാ ..കണ്ടമൊക്കെ കൃഷി ചെയ്യാതെ ഇടാൻ തുടങ്ങി.."   ശിവൻ കൈലി പൊക്കി പഴയ കാക്കി നിക്കറിന്റെ പോക്കറ്റിൽ നിന്നും ഇപ്പോൾ എടുത്തത്  ദിനേശ് ബീഡിയും തീപ്പെട്ടിയും.   ഒരെണ്ണം എനിക്ക് നീട്ടി     ഞാനത് വാങ്ങി 
പഴയ കശുവണ്ടി   ബീഡിയായി  . ഒന്നിച്ചു കത്തിച്ചു.

"നമ്മുടെ മൂവാണ്ടൻ മാവ് ..."  ഞാൻ പറഞ്ഞു തീർക്കും മുൻപേ അവൻ പറഞ്ഞു
"അയ്യോ , അതെല്ലാം വെട്ടി വെളുപ്പിച്ചു   അവിടെ റബ്ബർ വച്ചിരിക്കുവാ  ..ഒരു തണലും ഇല്ലാ ..മുടിഞ്ഞ ചൂടാ ..ഞാൻ  സന്ധ്യ ആയിട്ട് രണ്ടു പൊടീം അടിച്ചു  താഴേന്നു കുളീം കഴിഞ്ഞു കേറി പോകും.  പകൽ  അവിടെ ഇരിക്കാൻ പറ്റില്ല"

ഭൂമിയോളം  തണൽ പകർന്ന തേന്മാവ്    എന്റെ   ഓർമ്മയിൽ  കട പുഴകി വീഴുന്ന ഒച്ച ഞാൻ കേട്ടു .
നിഴലില്ലാ മരങ്ങൾ    മനുഷ്യപ്പറ്റില്ലാ   മനുഷ്യരായി  എഴുന്നേറ്റ് നില്ക്കുന്ന കാഴ്ച  ദൂരത്തിൽ കണ്ടു.

"അടുത്ത വരവിനു നമുക്കൊന്ന് കൂടണം"     ശിവൻ യാത്ര പറഞ്ഞു .  കൈലി വീശിയുടുത്ത്  ബീഡി പുകയൂതി ...

പിന്നെ എന്നോ അറിഞ്ഞു ശിവൻ കല്യാണം കഴിച്ചു  എന്നും , രണ്ടു കുട്ടികൾ ഉണ്ട് എന്നും  അതിൽ ആണ്‍കുട്ടിയ്ക്ക്  ബുദ്ധി സ്ഥിരത  ഇല്ലെന്നും.    
കാലം അവന്റെ തോളിൽ എന്നും നുകം വച്ച് പൂട്ടുന്നു ...സങ്കടം തോന്നി.

പ്രാരാബ്ധ  പാച്ചിലുകൾക്കിടയിൽ  ശിവൻ   ഞാൻ എന്നൊന്നും   ഇല്ലാതെയായി .
ജീവിതം  റഫറിയായി  എല്ലാം നീയന്ത്രിക്കുമ്പോൾ   ഓർമ്മകൾക്കും   ഓടാതെ വയ്യാ!!

ഒരു നാൾ  ജോലി കഴിഞ്ഞു മടങ്ങി  ടൌണിൽ എത്തിയപ്പോൾ ആരോ പറഞ്ഞു
"അറിഞ്ഞോ നിങ്ങടെ മുക്കിനു ശിവൻ എന്ന് പറഞ്ഞ  കാളേ  പൂട്ടുകാരൻ പെണ്ണും പിള്ളേ  കല്ലിന് ഇടിച്ചു കൊന്നു...പൊലീസ് വന്ന് അപ്പോഴേ കൊണ്ടു പോയീ "

എനിക്കൊന്നും മനസ്സിലായില്ല . ശിവൻ  എന്ന് പറയുന്ന പാടത്ത് പണിയെടുക്കുന്ന വേറൊരാൾ ഇല്ല.
എന്റെ മനസ്സിൽ ഗജേന്ദ്ര മോക്ഷത്തിലെ  ചിത്രവും  കശുവണ്ടിയുടെ  മണവും ഒക്കെ കേറി ഇറങ്ങി
കട പുഴകിയ മൂവാണ്ടൻ മാവിന്റെ കരച്ചിൽ ഹൂംകാരമായി .... ഇലകളും  ശിഖരങ്ങളും  ആർത്ത നാദത്തോടെ ...

ശിവൻ ആയിരിക്കില്ല " എന്ന് സമാധാനിച്ചു വീട്ടിൽ എത്തി .     ഭാര്യയും  കൂടി പറഞ്ഞപ്പോൾ   എനിക്ക്  വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"മകൻ  രോഗം മൂത്ത്  നിരന്തരം  ചികിത്സയിൽ  ആയിരുന്നെന്നും ..മകളുടെ കല്യാണം  വേർ പിരിഞ്ഞെന്നും
ശിവൻ  നിരന്തരം  മദ്യപാനം ആയിരുന്നെന്നും .."

പിറ്റേന്നത്തെ പത്രത്തിൽ എല്ലാം ചിത്രം സഹിതം  വായിച്ചു..
ഭാര്യയുമായി നിരന്തരം  വഴക്കടിക്കുമായിരുന്നു എന്നും പലപ്പോഴും ആത്മഹത്യക്കും ചിലപ്പോൾ കൊലപാതകത്തിനും ശ്രമിച്ചിരുന്നു എന്നും.  
കറങ്ങി വന്നത് കൊലപാതകം ആയിരുന്നു.  സ്വയം ഓടുങ്ങിയിരുന്നെങ്കിൽ ഒരു ജീവൻ ബാക്കി കിട്ടിയേനെ.
എന്നാലോചിക്കുമ്പോൾ ,   ഒരു നിമിഷം  മിന്നൽ  പോലെ ചിന്തിച്ചു ... "അറിയാ  വഴികൾ  ഇനിയുമെത്രയോ  താണ്ടാൻ കിടക്കുന്നു  ..ഒരു കല്ലിൽ കാലു തട്ടിയാൽ ഇതിലും വലുതായ വീഴ്ചകൾ  കാണാമറയത്ത്  കാത്തിരിക്കുന്നു..." പാവം മനുഷ്യൻ എന്നിട്ടും  നിദ്രാടനം  തുടരുന്നു..... അവിടെ  ശിവനും  വിഷ്ണുവും  ബ്രഹ്മനും സമം!

കുറെ നാളുകൾ കഴിഞ്ഞ്  വെറുതെ വഴിയിൽ നിക്കുമ്പോൾ    ശിവൻ  എതിരേ വരുന്നു!
ഞാനാകെ പരിഭ്രമിച്ചു   .. എന്തു  പറയും ചങ്ങാതിയോട്‌ ...ഈശ്വരാ,
 തിരികെ കേറി പോകുന്നത് അർഹമല്ല .
എന്നെ കരുതിയവൻ ...പക്ഷെ നീതിയ്ക്കു നിരക്കാത്തത് ചെയ്തിരിക്കുന്നു...എന്ന് മനസ്സു പറയുമ്പോൾ .....

ശിവൻ എന്നെ സാകൂതം നോക്കി   നേരെ നടന്നു പോയി.  ഒരു പരിചയവും കാണിച്ചില്ല.
എന്നിലും എത്രയോ  മുന്നേ ചിന്തിച്ചവൻ .  പക്വമതി .
ഒന്നും പറയാനില്ലാതെ വെറുതെ  പഴം പുരാണം ഇറക്കി വക്കാതെ, ഞാൻ   ഇതൊന്നും ചെയ്തില്ല എന്ന്
പറയാതെ  ...അല്ലെങ്കിൽ ഞാൻ പാപിയാ എന്നും പറയാതെ ..
അപരിചിതനായ   പരിചയക്കരനായി ഞാൻ മാറുമ്പോൾ അവന്റെ അമ്മയുടെ "മോനെ" എന്നുള്ള വിളി ഒരു പിൻ  വിളിയായി.