Powered By Blogger

2011, നവംബർ 7, തിങ്കളാഴ്‌ച

പൊട്ടു തൊടട്ടെ അമ്മായീ ?

ഇതൊരു വെറും കഥ. 
കഥാ പത്രങ്ങളോ സാഹചര്യങ്ങളോ വെറും കോണ്‍സ്പിരസി !
ഒരു ടു ജി അല്ലെങ്കില്‍ ത്രീ ജി..അഴിമതി പോലെ  ഇതൊന്നും സത്യമേയല്ല. ചുമ്മാ വല്ല അസൂയക്കാരും പറഞ്ഞു പെരുപ്പിക്കുന്ന ദൂഷണം.

അല്ലെ പിന്നെ ഇതുപോലെ അടിക്കടി പുരോഗമനം മാത്രമുള്ള ഞങ്ങളുടെ നാട്ടില്‍ ഈ അമ്മായിയമ്മ മരുമോള്‍ എന്ന്  പറയുന്ന പോരാട്ടങ്ങള്‍ മാധ്യമ സൃഷ്ടി ..അല്ലാതെ എന്ത് പറയാന്‍...   വായില്‍ കൊള്ളാത്ത സ്റ്റിംഗ് വര്‍ക്ക്!!

പത്തു നാല്പതു കൊല്ലം മുന്പ്..  സുകുമാരന്‍ ചേട്ടന്‍ കല്യാണി ഇച്ചേയിയെ വരണ മാല്യം പൂശി ഒരു പണമിട "വിശ്വാസം അതല്ലേ എല്ലാം " എന്നും പറഞ്ഞു അങ്ങ്   തെക്കൂന്നു  കെട്ടി കൊണ്ട് വന്നപ്പോള്‍ ഉണ്ടായ ചെല സിണ്ടിക്കേറ്റ്     മാനിപ്പുലേഷന്‍സ് .

സുകുമാരേട്ടന്‍ നാലടി അഞ്ച് ഇഞ്ചില്‍ മൂന്നിഞ്ച്  റിഡക്ഷന്‍! 
പുള്ളി കൈലി ,  കയ്യില്ലാ    ബനിയന്‍ 
മണിയുടെ പടം ബനിയന്റെ പുറം തിരഞ്ഞ   കഴുത്തിന്‌ പുറകില്‍ അച്ചടിച്ച്‌ വച്ചിരിക്കുന്നത് കണ്ടാലെ അറിയാം കമ്പനി എന്നേ പൂട്ടി പോയ തിരിപ്പൂര്‍ അണ്ണാച്ചിയുടെ മനോ നൊമ്പരങ്ങള്‍  ബെല്‍ ബ്രാന്‍ഡ്‌ ബനിയനുകളും ജട്ടികളും!!.
സുകുമാരേട്ടന്‍ കുരുമുളകും ഇഞ്ചിയും കച്ചവടം തക്രുതിയായിരിക്കെ ..
പോയ വഴിയില്‍ കല്യാണി ഇച്ചേയീടെ വീട് വഴി കേറി ഇറങ്ങിയ വഹയില്‍ ഇച്ചെയിടെ അച്ഛന്‍ ഷാപ്പില്‍ വച്ച് കൊടുത്ത ഒരു ഓഫര്‍  ..
"കെട്ടാമേല്‍ കെട്ടിയ്ക്കോ  ഒന്നും തരാനില്ല ..മേയാന്‍ ഒരിടം ..ഫല ഫൂയിഷ്ടം..പിന്നെ എന്നേ പോലെ ഒരു തന്തയും"
അവസാനത്തെ ഓഫര്‍ സുകുമാരേട്ടന്‍ മനസാ ഓടയില്‍ തള്ളി..ആദ്യത്തേത്    ഫേവറൈറ്റില്‍  '"   സേവ്       ചെയ്തു.
അങ്ങനെ അശ  കൊശലെ  കല്യാണം.  ബന്ധു  മിത്രാദി ശത്രുക്കള്‍ മൃഷ്ടാന്നം .
ശേഷം സുകുമാരേട്ടനും ഇച്ചേയിയും അമ്മായിയും  അച്ഛനും ..പിന്നെ നാത്തുന്‍  ..കിടാരി കീടങ്ങള്‍..
വീടകം പുക്ക്..പാലും പഞ്ചസ്സാരേം പഴോം ഒക്കെ പഴഞ്ചന്‍ ...മുടിഞ്ഞ പിള്ളാരുടെ കരച്ചില്‍ ഒഴിച്ചാല്‍..
കേറിയ പാടെ കൊച്ചാട്ടന്‍ കതക്   അങ്ങ് ബോള്‍ട്ടിട്ടു..ഒരു തല്കാലിനു പോലും നിന്നില്ല.
ഒന്നും രണ്ടും പറഞ്ഞു കല്യാണി ഇച്ചേയി കാന്ചീവരം ചേല  പോലത്ത ചേല അര്‍ദ്ധ നിമീലതയായി മുറുക്കി ഉടുക്കവാര്‍ ..കേള്‍ക്കാം കതകില്‍ ഒരു ഉശിരന്‍ മേടും മേളവും...
" ഡാ കുമാരോ ..കുളിക്കാന്‍ വെള്ളം വെന്തു കെടക്കുന്നു .ഇവന്‍ ഇതിനാത്ത് എന്തോ എടുക്കുവാ..ഇറങ്ങി വാടാ...'
സുകുമാരേട്ടന്‍ ഓര്‍മകളില്‍ അയവെട്ടി..അയേല്‍ കെടന്ന തോര്‍ത്തും എടുത്തു മറപുര വഴിയെ പലായനം..
കല്യാണി ഇച്ചേയി മനസാ സ്മരാമി.." ഈ തള്ള പാരയായി എന്റെ മുതുകത്തു തന്നെ കേറും എന്നാ തോന്നുന്നേ.."

കുമാരേട്ടന്‍ കുളിച്ചുന്നു വരുത്തി തണുത്തിട്ടും  ചൂടായ മനസും ശരീരവുമായി പിന്‍ വാതിലിലൂടെ അകമേ വിലസി..
കല്യാണി ഇച്ചേയീടെ  കരം ഗ്രഹിച്ചിട്ടു പറഞ്ഞു..
"ഇത്രേം പ്രായമായ അമ്മയെ നീ പൊന്നു പോലെ കരുതണം"
അവരാ എന്റെ എല്ലാം..അച്ഛനില്ലാത്ത എന്നെ ..."
ഇയ്യിടെ ടി വിയില്‍ കണ്ട ഒരു ആണ്‍ മോങ്ങലിനെക്കാളും
(പെണ്ണെഴുത്തും മറ്റും പോലെ) വാ കീറി ഒറ്റ കരച്ചില്‍!..കല്യാണി ഇച്ചേയി  കിം കരവൈ എന്നൊരു ഇരുപ്പും!!

കാലം കുറെ കടന്നപ്പോള്‍ അമ്മ ശൈയ്യ അവലമ്പ ആയി.  
 ചെവിയുടെ കേഴ്വി വെടി വെറും   പുകയായി തോന്നിപ്പിച്ചു
കല്യാണി ഇച്ചേയി പഴയത് ഒന്നും മറന്നിട്ടില്ല ആദ്യ രാത്രിയില്‍ ഗണപതിക്ക്‌ വച്ചത് ചൂട് വെള്ളമായി ആവിയായി പോയതും മറ്റും... എല്ലാം ഇങ്ങോട്ട് പറഞ്ഞു ചെയ്യിച്ചിട്ട് ഇപ്പം ....


വൈകുന്നേരം കുമാരേട്ടന്‍ വന്നു..നല്ല ഒന്നാംതരം പെടയ്ക്കുന്ന പരല്‍ മീന്‍ ഒരു    ചട്ടി ..
കിട്ടിയ പാടെ കല്യാണി ഇച്ചേയി  അത് വെട്ടി കഴുകി കുടം പുളിയും ഇട്ടു കറിവേപ്പില  കടുക് വെളിച്ചെണ്ണയില്‍    താളിച്ച്‌  അടുപ്പില്‍ തന്നെ വച്ചു.
ശേഷം അത്താഴം ..ചോറും മീന്‍ കറിയും ഉരുള ആക്കി കൈയ്ക്കും വായ്ക്കും മദ്ധ്യേ കുമാരേട്ടന്‍ ചോദിച്ചു
"അമ്മയ്ക്ക് മീന്‍ കറി കൊടുത്തോ...തോട് തേകിയപ്പം കിട്ടിയതാ നല്ല വെളഞ്ഞ പരലും കൂരലും"


കല്യാണി ഇച്ചേയി ഒന്ന് പരുങ്ങി എന്നിട്ട് പറഞ്ഞു "ഞാന്‍ ചോദിച്ചതാ ..അമ്മ പറഞ്ഞു വേണ്ട എന്ന്"
" അങ്ങനെ വരാന്‍ തരമില്ല..അമ്മയ്ക്ക് പൊഴ മീന്‍ ഒരു ഹരമാ ..നീ ചോദിച്ചത് കേട്ട് കാണില്ല ..ഒന്നുടെ പോയി ചോദിക്ക്.." കുമാരേട്ടന്‍ അക്ഷമനായി ..


മനസില്ല മനസോടെ ഇച്ചേയി പിന്നേം അമ്മേടെ മുറിയിലേയ്ക്ക് പോയി...
"എനിക്ക് വേണ്ടാ ..വേണ്ടായേ" അമ്മേടെ മറുപടി അയല്‍ പക്കവും കഴിഞ്ഞു അതിര്‍ത്തികള്‍ ഭേദിച്ച്  പോയി..

തിരികെ വന്ന്  ഇച്ചേയി പറഞ്ഞു.."ഇപ്പം കേട്ടപ്പോള്‍ നിങ്ങള്ക്ക് ത്രപ്പുതി ആയല്ലോ ..അമ്മയ്ക്ക് മീന്‍ വേണ്ടാ "


പോഴമീന്‍ കൂട്ടിയ വിരല്‍ തുംബുകള്‍ നക്കി തോര്‍ത്തി ഇച്ചേയി പത്രങ്ങള്‍ ഒക്കെ മെഴക്കി അടുക്കള വൃത്തി ആക്കി ..മിച്ചം വന്ന മീന്‍ കറി എലി വാലി പൂച്ച എടുക്കാതെ ഉറിയില്‍ വച്ചു.
കിടക്ക ..കൂര്‍ക്കം വലിക്കുന്ന കുമാരേട്ടനുമായി മത്സരമായി.


നേരം പുലര്‍ന്നപ്പോള്‍ അപ്പുറത്തെ ജാനു ,  കല്യാണി ഇച്ചേയീടെ മനസാക്ഷി ബി  നിലവറയുടെ കാവല്‍ക്കാരി,  വന്ന് ആരും കേള്‍ക്കാതെ ചോദിച്ചു
 "എന്തുവാടി ഇന്നലെ തള്ള വേണ്ടായേ എന്നുറക്കെ കരേന്നത്‌ കേട്ടല്ലോ"
കല്യാണി ഇച്ചേയി സ്വരം താഴ്ത്തി  ജാനുവിന്റെ കാതില്‍ പറഞ്ഞു..
" ഇവിടുത്തെ പുള്ളി എങ്ങാണ്ടുന്നു കുറെ മീന്‍ കൊണ്ട് വന്നു വെട്ടി കറി വച്ചപ്പം തള്ളെ തീറ്റിയെ പറ്റു...
അവര്‍ക്കാണേല്‍ ഒരു ചട്ടി മീനൊക്കെ ഒന്ന് വലിക്കാനില്ല..ഞാന്‍ ചെന്ന് രണ്ടു മൂന്നു പ്രാവശ്യം ചെവിയില്‍ ചോദിച്ചു അമ്മയ്ക്ക് പൊട്ടു തൊടട്ടെ , കണ്ണ് എഴുതട്ടെ എന്നൊക്കെ...അവര്‍ വേണ്ടായേ എന്ന് കരച്ചിലും..പിന്നല്ലാതെ.."  വന്ന ചിരി ഒതുക്കി..ഇച്ചേയി.


ജാനു തോല്‍വി സമ്മതിച്ച പോലെ ഒന്ന് ചിരിച്ചു.
"അത്രേം കേട്ടപ്പം അതിയാന് വിശ്വാസമായി .." കല്യാണി ഇച്ചേയി പറഞ്ഞു നിര്‍ത്തി.
എന്നിട്ട് ഉരല് നീക്കി ഉറിയേല്‍ ഇരുന്ന മീന്‍ ചട്ടി എടുത്ത് കുറെ മീന്‍ കറി ഒരു പാത്രത്തിലാക്കി ജാനൂന് കൊടുത്തു...


പാമ്പിനെ പോലും ആദ്യ രാത്രിയില്‍ നോവിക്കരുത് ..വാശി വച്ചു കൊത്തും എന്ന് എഴുത്ത് പള്ളി കൂടത്തില്‍ വച്ച് ആരോ കുഞ്ഞിലെ പറഞ്ഞത് ജാനു ഓര്‍ത്തു..