Powered By Blogger

2010, മാർച്ച് 28, ഞായറാഴ്‌ച

ദുഃഖ വെള്ളി

നിറയെ പൂത്ത് ചുവന്ന മേല്‍കൂടാരം ചൂടി നിന്ന വാകമരത്തിന്റെ കൊമ്പില്‍ കെട്ടിയ കോളാമ്പി മൈക്കില്‍ നിന്നും ഒഴുകി വരുന്ന ദുഃഖ വെള്ളിയാഴ്ച്ചകളെ"  എന്ന മനോഹര ഗാനം....പള്ളി മുറ്റം നിറഞ്ഞു കിടക്കുന്ന വാക പൂ ഇതളുകള്‍..കുന്നിന്‍ നെറുകയില്‍ കുഞ്ഞിന്റെ നിഷ്കളങ്കതയുമായി നിന്ന കൊച്ചു പള്ളി...വെള്ളി കുരിശിന്മേല്‍ കൊക്കുരുമ്മി ഇരിക്കുന്ന ഇണ പ്രാവുകള്‍...കുറുകുന്നതും പ്രാര്‍ത്ഥന.
 വള്ളി നിക്കറും ചെരുപ്പും റോസില്‍ വെള്ള വരയുള്ള ഉടുപ്പും കൈയ്യില്‍ തൂക്കി പിടിച്ച സഞ്ചിയും ...സ്കൂള്‍ വിട്ട് വരുമ്പോള്‍ കുന്നു കയറി പള്ളി മുറ്റം വരെ പോയി പെസഹ ദുഃഖ വെള്ളി ഈസ്ടര് ഒരുക്കങ്ങള്‍ കണ്ടു നില്‍ക്കുമ്പോള്‍ കറക്കുന്ന റെക്കോര്‍ഡ്‌ പ്ലെയറില്‍ വളഞ്ഞ കൈയില്‍ ചെറു സൂചി തള്ളി വച്ച് ഒരു മേജര്‍ ഓപറേഷന്‍ നടത്തുന്ന ശ്രദ്ധയോടെ മെല്ലെ തിരികെ ആ കൈ "പ്ലേറ്റിന്റെ "(അരക്കില്‍ പണിഞ്ഞ റെകാര്‍ഡ് വയ്ക്കുന്നതിനെ പ്ലേറ്റ് വയ്ക്കുക എന്നൊരു നാടന്‍ പ്രയോഗത്തില്‍ ഒതുക്കിയിരുന്നു അന്ന്) അരികിലെ പാട്ട് വരഞ്ഞ പാത്തിയിള്‍ ഇറക്കി വയ്ക്കുമ്പോള്‍ ഒന്ന് രണ്ടു പൊട്ടലും ചീറ്റലും കഴിഞ്ഞ് വാകമര കൊമ്പില്‍ നിന്നും അനര്‍ഗള സംഗീതം...പള്ളി മണികളെ ..പള്ളി മണികളെ എന്നുള്ള പാട്ടും കേട്ട് നില്‍കുമ്പോള്‍ ഒരു യുദ്ധം ജയിച്ചവന്റെ ഗമയില്‍ മൈക്ക് ഓപ്രേടര്‍ വന്നു തല തിരിച്ച് ഒരു നോട്ടം!
സന്ധ്യാ പ്രാര്‍ഥന തുടങ്ങാന്‍ മണി അടിക്കുമ്പോള്‍ കപ്യാരുടെ വയ്യായ്ക...ഇത് മാത്രമേ എനിക്ക് പറ്റാതുള്ളൂ എന്നൊരു ഭാവം!
കൂട്ടമണി കഴിഞ്ഞ് മണി ചരട് ജനലില്‍ കെട്ടി വച്ച് എല്ലാ വാതിലുകളും തുറന്നു ജനലുകള്‍ തുറന്നു ആയിരം നക്ഷത്രങ്ങള്‍ ഉദിച്ചപോലെ പള്ളിക്ക് അകത്തെ ഫോറിന്‍ തൂക്ക് വിളക്ക് കത്തിക്കുമ്പോള്‍ മാലാഖമാര്‍ വന്നപോലെയുള്ള പ്രഭ...!
എത്ര നോക്കിയാലും മതി വരില്ല ...അങ്ങനെ നില്‍ക്കുമ്പോള്‍ തലയില്‍ ഒരു തലോടല്‍...വികാരി അച്ഛന്‍!
"സ്കൂള്‍ വിട്ട പടുതി ഇങ്ങനെ വന്നു നില്പാ അല്ലെ? വാ കാപ്പി തരാം" സ്നേഹം ചാലിച്ച് ഇത്തിരി കാപ്പി , ഒരു ബിസ്കറ്റ് ..അരികില്‍ നിന്ന കപ്യാരുടെ ഒരു ചെറു പുഞ്ചിരി..കാറ്റില്‍ വാക കൊമ്പുകള്‍ ആടി ഉലയുമ്പോള്‍ ചുവന്ന പൂക്കള്‍ പരവതാനി തീര്‍ക്കുന്നു...പ്രാര്തന്യ്ക്കായി ആള്‍ക്കാര്‍ വന്നു തുടങ്ങുന്നു...അച്ഛന്‍ അള്‍ത്താര വാതിലില്‍ നിന്ന് ഓരോരുത്തരോടും കുശലം പറഞ്ഞു നില്‍ക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞ് വീട്ടില്‍ ചെന്നാല്‍ കിട്ടുന്ന സ്ഥിരം കാപ്പി" യുടെ ചൂട് ഓര്‍ത്ത്  ഞാന്‍ സഞ്ചിയും എടുത്ത് ഓടാന്‍ തുടങ്ങുമ്പോള്‍ "താന്‍ പോവാണോ" അച്ഛന്റെ ചോദ്യം ..തല ആട്ടികൊണ്ട് ഞാനും..."നാളെ വരണം പെസഹാ അപ്പം വച്ചേക്കാം..."
കാലം ഒത്തിരി കഴിഞ്ഞപ്പോള്‍ ...മുതിര്‍ന്ന ക്ലാസുകള്‍.. ജീവിതത്തിന്റെ എക്സര്‍ സൈസുകള്‍...പള്ളി വഴി പോകാന്‍ കഴിഞ്ഞില്ല..
ഒരുപാട് നാളുകള്‍ക്കുശേഷം  ..ദാ വീണ്ടും പള്ളി മണികളെ എന്നുള്ള മനോഹര ഗാനം...സി ഡി യില്‍ നിന്നും റി മിക്സായി വാക മരകൊമ്പില്‍ നിന്നല്ലാതെ ..കോളാമ്പി ഇല്ലാതെ ..ഏതോ മ്യൂസിക്‌ സിസ്ടത്തില്‍ നിന്നും ..ഒഴുകി അല്ലാതെ ചാടി ചാടി വരുമ്പോള്‍...വെറുതെ പള്ളി മുറ്റം മനസ്സില്‍ വന്നു... പണ്ടെങ്ങോ...
ഒരു കല്യാണത്തിനു ചെല്ലുമ്പോള്‍ കുഞ്ഞിന്റെ നിഷ്കളങ്കതയൊക്കെ പോയി ഒരു വല്ല്യാളായി ആകാശം മുട്ടെ നില്‍ക്കുന്നു പള്ളി...വെള്ളി കുരിശല്ല മാര്‍ബിള്‍ കടഞ്ഞ കുരിശില്‍...പക്ഷെ പ്രാവുകള്‍ കുറുകുന്നില്ല...വാകമരം എവിടെ എന്ന് നോക്കിയില്ല ..കാരണം ഏതോ ദുഃഖ വെള്ളിയില്‍ അത് മുറിച്ച് പള്ളി വലുതാക്കി പണിഞ്ഞു എന്നറിഞ്ഞു...മുറ്റം നിറയെ കോണ്ക്രീറ്റ് പാളികള്‍ പാകി...ഒരു വാകപ്പൂ പോലും ഇല്ലാതെ ..ആന്തൂരിയവും ഓര്‍കിടും ചുറ്റോടു ചുറ്റും ...
മണി ചരടും മണീം കണ്ടില്ല ...എല്ലാം ഇലക്ട്രോണിക് മണി ആക്കി...
അകത്തെ കുഞ്ഞു നക്ഷത്ര വിളക്കും ഇല്ല...അതൊക്കെ മാറ്റി പുതിയ ഷാന്റ്ളിയര്‍ " തൂക്കിയിരിക്കുന്നു...
അച്ഛനും കാലം ചെയ്തുപോയി ...കപ്യാരും .പെസഹാപ്പം ഇന്നും കടം....
മൂകമായി ...എല്ലാവരെയും മനസ്സില്‍ കണ്ടു...വരും വഴിയെ ചുവന്ന ഒരു വാകപൂ ഇതള്‍ കാറ്റില്‍ എവിടെ നിന്നോ പറന്നു വന്നു മുന്നില്‍ വീണു...കുനിഞ്ഞ എടുത്ത് മെല്ലെ തലോടുമ്പോള്‍ ...ദുഃഖ വെള്ളിയാഴ്ച്ചകളെ " എന്ന ഗാനം കേട്ട പോലെ...ഒരു തോന്നല്‍...

2 അഭിപ്രായങ്ങൾ:

kpv പറഞ്ഞു...

Dhukha Velli's theme and the narration are good but it lacks something somewhere. Needs modification before sent to print. It is high time to find a substitute for Kalam ere poka poka usage.

james പറഞ്ഞു...

ദുഖവേള്ളിയും വേനലില്‍ ചുവന്നു തുടുത്ത വകമരവും തീവ്രമായ ത്യജിക്കെലാണ് , അത് തിരിച്ചരിഞ്ഞവരോ ചുരുക്കം