Powered By Blogger
ഓര്‍മ്മകള്‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓര്‍മ്മകള്‍. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

ശിവന്‍



 ശിവൻ    പകർന്നാടിയ   ഒരു  രൂപാന്തരം   അര്‍ദ്ധ നാരീശ്വരന്‍.   
 പ്രേയസിയെ ഉടല്‍ പാതിയാക്കി  അകവും പുറവും ഒരു മെയ്യാക്കി  നടന്ന പുരുഷൻ
 ഇമ്പം ദാമ്പത്യത്തിൽ വേണം  എന്ന  വൃതം പുരാണ കാലത്ത് പോലും   ചര്യയാക്കി  തീർത്ത  മഹാൻ
 പുരാവൃത്തത്തിൽ   കാണായ സദ്‌  കഥാ ചരിതങ്ങളിൽ ഒരിക്കലും പിഴയ്ക്കാതിരുന്ന പരസ്പര ബഹുമാനം  സ്നേഹം   ഒക്കെ അവിടെ കാണാം..         ഇന്നെവിടെ എന്ന് ചോദിക്കാവുന്ന ഐതീഹ്യ മാഹാത്മ്യം !

ഇവിടെ കഥ  ഒരു പകർന്നാട്ടത്തിന്റെ  കദന രൂപം  മറ്റൊരു  ശിവനാടിയത് .

ബാല്യകാല സുഹൃത്ത് .
പിഞ്ഞി കീറിയ  കാക്കി  നിക്കറിന്റെ പോക്കറ്റിൽ എനിക്കായി മാത്രം കരുതി വച്ചിരുന്ന കശു മാങ്ങ അണ്ടികൾ  കല്ലിൽ വച്ച് തല്ലി  പൊട്ടിച്ച്  ആരും കാണാതെ  സ്കൂൾ മുറ്റത്തിന് പുറകിൽ  കൊണ്ടുപോയി
കൈയ്യിൽ  തന്നിട്ട്   "ആർക്കും കൊടുക്കണ്ട ..മോൻ തിന്നോ" എന്ന്    അച്ഛന്റെ വാൽസല്ല്യത്തോടെ പറഞ്ഞ സമ പ്രായക്കാരാൻ അല്ലെങ്കിൽ ഒന്നോ രണ്ടോ കൊല്ലത്തിനു മുൻപൻ    ശിവൻ .
പേരിലെ സാമ്യം  ആകാം മായാത്ത ഒരു ചന്ദന ഗോപി   മുക്കണ്ണ്‍   പോലെ ശിവന്റെ തിരു നെറ്റിയിൽ  ഇപ്പോഴും കാണും.
ഇല്ലായ്മയുടെ  ആഘോഷങ്ങളിൽ അവർക്ക് എന്റെ അച്ഛൻ മനസ്സറിഞ്ഞു നല്കിയിരുന്ന  അരിയും  സാമഗ്രികളുമാകാം  ഒരു പക്ഷെ ആ 'മോനേ " വിളിയ്ക്കു പിന്നിലെ ചേതോ വികാരം.
ശിവനെ കാണാതിരുന്നാൽ  കാശാവും   കമ്മ്യൂണിസ്റ്റ് പച്ചയും    മുള്ളൻ   അനച്ചക   ചെടിയും  നിറഞ്ഞ വെട്ടു വഴി കേറി കുന്നിൻ  മുകളിലെ   അവന്റെ വീട്ടിൽ എത്തുമ്പോൾ  അവന്റെ അമ്മയും  മോനേ" എന്ന വിളിയോടെ ഓടി വന്നിരുന്നു.

ഓല മെടഞ്ഞു കോർത്തിട്ട ഭിത്തിയിൽ  ആറന്മുള ഉത്സവത്തിന്‌ വാങ്ങിയ ഗജേന്ദ്ര മോക്ഷം  പടം തൂക്കിയിട്ടിരിക്കുന്നത്  മല മുകളിലെ ഇളം കാറ്റിൽ ആടുമ്പോൾ  മഹാവിഷ്ണു ഗരുഡ വാഹനത്തിൽ പറന്നു വരും പോലെ തോന്നും.   വൃത്തിയായി ചാണകം മെഴുകിയ തറയിൽ ഉച്ചവെയിൽ  എത്തി നോക്കി സൂര്യ മുട്ടകൾ വരച്ചു വച്ചിരിക്കുന്നതും കണ്ട് ഞാനിരിക്കുമ്പോൾ  ശിവൻ ഓടി അണച്ചു  വരും.  
നിക്കർ അഴിച്ചു കുത്തുമ്പോൾ പോക്കറ്റിൽ നിന്നും അപ്പോഴും കശുവണ്ടികൾ  താഴെ വീഴും.

'അമ്മയ്ക്ക് പനിയാ ..ഞാൻ താഴേന്നു വെള്ളം കോരിക്കൊണ്ട് വക്കുവാരുന്നു "   ശിവൻ പറഞ്ഞ താഴെ ഒരാഴമായി എനിക്ക് തോന്നി.     അവൻ  പലപ്പോഴും ക്ലാസ്സിൽ വരാതിരിക്കുന്ന കാര്യവും  പിടി കിട്ടി.
അടി കിട്ടുമ്പോൾ ഒച്ചയില്ലാതെ കരയുമായിരുന്ന ശിവൻ  ഒരിക്കലും അടി വാങ്ങുന്നതിന് മടിയും കാണിച്ചിട്ടില്ല.
അകത്തു അമ്മയുടെ ഞരക്കം കേൾക്കാമായിരുന്നു .
"വാ നമുക്ക്  മൂവാണ്ടൻ   മാങ്ങാ  എറിഞ്ഞിടാം " എന്ന് പറഞ്ഞു ശിവനും ഞാനും ഓടും.
വീടിനു പുറകിലെ പറമ്പിൽ ആരുടെയോ  മൂവാണ്ടൻ മാവ്    ഭൂമിയോളം  തണൽ . അവിടിരുന്നാൽ കോഴഞ്ചേരി പള്ളി കാണാം. 
വെയിൽ താഴുമ്പോൾ   കൈ നിറയെ മാങ്ങയുമായി മലയിറക്കം.

വർഷങ്ങൾ  ഏറെ പോയി.  കുഞ്ഞു പള്ളിക്കൂടം   വിട്ടു  ഹൈ സ്കൂൾ പഠനം    ശിവൻ  ആ ഓട്ടത്തിന് കൂടെ വന്നില്ല  അവൻ തിരികെ ഓടി . ജീവിതത്തിന്റെ  ഉപരി പഠനത്തിന് ! 
എന്നും കാണുന്ന കൂട്ട് മെല്ലെ തളർന്നു തുടങ്ങി അവനും ഞാനും   പുതിയ കളികൾ  പഠിച്ചു ...അല്ലങ്കിൽ കാലം പഠിപ്പിച്ചു ...
ഹൈ  സ്കൂൾ കഴിഞ്ഞു  കൊച്ചിയിലെ  കോളജിൽ  ചേർന്നു , നാട്ടിൽ  വരുന്നത് തന്നെ  ഓണത്തിനോ  ക്രിസ്തുമസ്സിനൊ  എന്നായി... മോർണിംഗ്   ഷോ  ലിറ്റിൽ ഷേനായ്സ്   നൂണ്‍  ഷോ  ഷേനായ്സ്   മാറ്റിനി   കവിത    ഫസ്റ്റ് ഷോ  പദ്മ   സെക്കണ്ട് ഷോ  ശ്രീധർ എന്ന  ദിനചര്യകളും     മെസ്സ് ഫീ കിട്ടുമ്പോൾ വോൾഗ  ബാറിന്റെ  സുഖ ശീതളിമയും  ഒരു ശീലമായി ...   ശിവനൊക്കെ   ഓർമ  ചെപ്പിൽ അടയ്ക്കപ്പെട്ടു.

എന്നോ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ  നക്ഷത്രം പോലെ ശിവൻ മുന്നിൽ !
"മോനെ " എന്ന വിളി എന്നെ കുഴപ്പിച്ചു കളഞ്ഞു.  എത്രയോ നാളായി  ഈ വിളി ഞാൻ മറന്നു പോയി എന്നുള്ള കുറ്റബോധം എന്നെ  ചൂഴുമ്പോൾ   ശിവൻ അടുത്ത് വന്നു കൈ പിടിച്ചു.
"മക്കളെ നിന്നെ കണ്ടിട്ട്  എത്ര നാളായെടാ ....." അവന്റെ കണ്ണ് നിറഞ്ഞു.  എന്റെയും.
"അമ്മ  രണ്ടു വർഷം  മുൻപ് മരിച്ചു പോയി ..ഇപ്പം കണ്ടത്തിൽ കാളെ  പൂട്ടാ പണി..അതും കുറവാ ..കണ്ടമൊക്കെ കൃഷി ചെയ്യാതെ ഇടാൻ തുടങ്ങി.."   ശിവൻ കൈലി പൊക്കി പഴയ കാക്കി നിക്കറിന്റെ പോക്കറ്റിൽ നിന്നും ഇപ്പോൾ എടുത്തത്  ദിനേശ് ബീഡിയും തീപ്പെട്ടിയും.   ഒരെണ്ണം എനിക്ക് നീട്ടി     ഞാനത് വാങ്ങി 
പഴയ കശുവണ്ടി   ബീഡിയായി  . ഒന്നിച്ചു കത്തിച്ചു.

"നമ്മുടെ മൂവാണ്ടൻ മാവ് ..."  ഞാൻ പറഞ്ഞു തീർക്കും മുൻപേ അവൻ പറഞ്ഞു
"അയ്യോ , അതെല്ലാം വെട്ടി വെളുപ്പിച്ചു   അവിടെ റബ്ബർ വച്ചിരിക്കുവാ  ..ഒരു തണലും ഇല്ലാ ..മുടിഞ്ഞ ചൂടാ ..ഞാൻ  സന്ധ്യ ആയിട്ട് രണ്ടു പൊടീം അടിച്ചു  താഴേന്നു കുളീം കഴിഞ്ഞു കേറി പോകും.  പകൽ  അവിടെ ഇരിക്കാൻ പറ്റില്ല"

ഭൂമിയോളം  തണൽ പകർന്ന തേന്മാവ്    എന്റെ   ഓർമ്മയിൽ  കട പുഴകി വീഴുന്ന ഒച്ച ഞാൻ കേട്ടു .
നിഴലില്ലാ മരങ്ങൾ    മനുഷ്യപ്പറ്റില്ലാ   മനുഷ്യരായി  എഴുന്നേറ്റ് നില്ക്കുന്ന കാഴ്ച  ദൂരത്തിൽ കണ്ടു.

"അടുത്ത വരവിനു നമുക്കൊന്ന് കൂടണം"     ശിവൻ യാത്ര പറഞ്ഞു .  കൈലി വീശിയുടുത്ത്  ബീഡി പുകയൂതി ...

പിന്നെ എന്നോ അറിഞ്ഞു ശിവൻ കല്യാണം കഴിച്ചു  എന്നും , രണ്ടു കുട്ടികൾ ഉണ്ട് എന്നും  അതിൽ ആണ്‍കുട്ടിയ്ക്ക്  ബുദ്ധി സ്ഥിരത  ഇല്ലെന്നും.    
കാലം അവന്റെ തോളിൽ എന്നും നുകം വച്ച് പൂട്ടുന്നു ...സങ്കടം തോന്നി.

പ്രാരാബ്ധ  പാച്ചിലുകൾക്കിടയിൽ  ശിവൻ   ഞാൻ എന്നൊന്നും   ഇല്ലാതെയായി .
ജീവിതം  റഫറിയായി  എല്ലാം നീയന്ത്രിക്കുമ്പോൾ   ഓർമ്മകൾക്കും   ഓടാതെ വയ്യാ!!

ഒരു നാൾ  ജോലി കഴിഞ്ഞു മടങ്ങി  ടൌണിൽ എത്തിയപ്പോൾ ആരോ പറഞ്ഞു
"അറിഞ്ഞോ നിങ്ങടെ മുക്കിനു ശിവൻ എന്ന് പറഞ്ഞ  കാളേ  പൂട്ടുകാരൻ പെണ്ണും പിള്ളേ  കല്ലിന് ഇടിച്ചു കൊന്നു...പൊലീസ് വന്ന് അപ്പോഴേ കൊണ്ടു പോയീ "

എനിക്കൊന്നും മനസ്സിലായില്ല . ശിവൻ  എന്ന് പറയുന്ന പാടത്ത് പണിയെടുക്കുന്ന വേറൊരാൾ ഇല്ല.
എന്റെ മനസ്സിൽ ഗജേന്ദ്ര മോക്ഷത്തിലെ  ചിത്രവും  കശുവണ്ടിയുടെ  മണവും ഒക്കെ കേറി ഇറങ്ങി
കട പുഴകിയ മൂവാണ്ടൻ മാവിന്റെ കരച്ചിൽ ഹൂംകാരമായി .... ഇലകളും  ശിഖരങ്ങളും  ആർത്ത നാദത്തോടെ ...

ശിവൻ ആയിരിക്കില്ല " എന്ന് സമാധാനിച്ചു വീട്ടിൽ എത്തി .     ഭാര്യയും  കൂടി പറഞ്ഞപ്പോൾ   എനിക്ക്  വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"മകൻ  രോഗം മൂത്ത്  നിരന്തരം  ചികിത്സയിൽ  ആയിരുന്നെന്നും ..മകളുടെ കല്യാണം  വേർ പിരിഞ്ഞെന്നും
ശിവൻ  നിരന്തരം  മദ്യപാനം ആയിരുന്നെന്നും .."

പിറ്റേന്നത്തെ പത്രത്തിൽ എല്ലാം ചിത്രം സഹിതം  വായിച്ചു..
ഭാര്യയുമായി നിരന്തരം  വഴക്കടിക്കുമായിരുന്നു എന്നും പലപ്പോഴും ആത്മഹത്യക്കും ചിലപ്പോൾ കൊലപാതകത്തിനും ശ്രമിച്ചിരുന്നു എന്നും.  
കറങ്ങി വന്നത് കൊലപാതകം ആയിരുന്നു.  സ്വയം ഓടുങ്ങിയിരുന്നെങ്കിൽ ഒരു ജീവൻ ബാക്കി കിട്ടിയേനെ.
എന്നാലോചിക്കുമ്പോൾ ,   ഒരു നിമിഷം  മിന്നൽ  പോലെ ചിന്തിച്ചു ... "അറിയാ  വഴികൾ  ഇനിയുമെത്രയോ  താണ്ടാൻ കിടക്കുന്നു  ..ഒരു കല്ലിൽ കാലു തട്ടിയാൽ ഇതിലും വലുതായ വീഴ്ചകൾ  കാണാമറയത്ത്  കാത്തിരിക്കുന്നു..." പാവം മനുഷ്യൻ എന്നിട്ടും  നിദ്രാടനം  തുടരുന്നു..... അവിടെ  ശിവനും  വിഷ്ണുവും  ബ്രഹ്മനും സമം!

കുറെ നാളുകൾ കഴിഞ്ഞ്  വെറുതെ വഴിയിൽ നിക്കുമ്പോൾ    ശിവൻ  എതിരേ വരുന്നു!
ഞാനാകെ പരിഭ്രമിച്ചു   .. എന്തു  പറയും ചങ്ങാതിയോട്‌ ...ഈശ്വരാ,
 തിരികെ കേറി പോകുന്നത് അർഹമല്ല .
എന്നെ കരുതിയവൻ ...പക്ഷെ നീതിയ്ക്കു നിരക്കാത്തത് ചെയ്തിരിക്കുന്നു...എന്ന് മനസ്സു പറയുമ്പോൾ .....

ശിവൻ എന്നെ സാകൂതം നോക്കി   നേരെ നടന്നു പോയി.  ഒരു പരിചയവും കാണിച്ചില്ല.
എന്നിലും എത്രയോ  മുന്നേ ചിന്തിച്ചവൻ .  പക്വമതി .
ഒന്നും പറയാനില്ലാതെ വെറുതെ  പഴം പുരാണം ഇറക്കി വക്കാതെ, ഞാൻ   ഇതൊന്നും ചെയ്തില്ല എന്ന്
പറയാതെ  ...അല്ലെങ്കിൽ ഞാൻ പാപിയാ എന്നും പറയാതെ ..
അപരിചിതനായ   പരിചയക്കരനായി ഞാൻ മാറുമ്പോൾ അവന്റെ അമ്മയുടെ "മോനെ" എന്നുള്ള വിളി ഒരു പിൻ  വിളിയായി.

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കൂടി പക

നാട്ടു നടപ്പിലെ  കുടിപ്പക അല്ല.    ഈ     "കൂടി   പക"

ശേഷിയും  ശേമുഷിയും  ഇല്ലാത്ത  മനുഷ്യന്മാർ തമ്മിൽ ചേർന്ന്  അതികായനെ  ഉന്മൂലനം ചെയ്യുന്ന അതി പുരാതന യുദ്ധ തന്ത്രം,  ഇവിടെ ഒരു തരത്തില്‍  വ്യാഖാനിച്ചാല്‍  ഒരു വിദൂര ഗറില്ലാ പോരാട്ട  മുറ !
ഒരിക്കലും നടന്നിട്ടില്ലാത്തതോ നടക്കാൻ പാടുള്ളതോ അല്ലാത്ത  വെറുമൊരു നാടൻ പാട്ട്  ...

  
" ഉവ്വേ ഭൈരവന്റെ തല ആരാണ്ട് കൊയ്തെടാ  ദാണ്ടേ  അങ്ങേലെ തോട്ടിൽ ചത്ത്‌ കെടക്കുന്നു
ആരാണ്ട് വെട്ടി കൊന്നതാ "

രാമന്‍ ചേട്ടന്റെ  ചായ കടയിലെ പ്രഭാത ഭേരി അന്നതായിരുന്നു.
കുഞ്ഞ് നാട്ടുവട്ടത്തെ ഞെട്ടിച്ച  തലേന്നത്തെ  ഇരുള്‍ കൊല!
കാലത്തെ ഒന്നും ഉണ്ടാക്കാൻ വയ്യാതിരുന്ന അമ്മ തന്ന ചില്ലറയുമായി  പുട്ടോ ദോശയോ വാങ്ങാൻ
രാമൻ ചേട്ടന്റെ  കടയിലെത്തിയ ഞാൻ  ആ വാർത്തയ്ക്ക് പുറകെ ഓടിയവരുടെ കൂടെ ഓടി.
എനിക്ക് പേടീം വിറയലും ഒന്നും അന്നേരം തോന്നീല്ല  "എല്ലാരും ഓടി, ഞാനും ഓടി"  എന്ന നാടൻ സൈക്കോളജി മാത്രമേ  വർക്ക്  ചെയ്തുള്ളൂ .
ഇട്ടിരുന്ന നിക്കർ വലിച്ചു മുറുക്കി കെട്ടി  എല്ലാ ഹർഡിൽസും കടന്നു ഞാൻ ഫിനിഷും ചെയ്തു.


പാടത്തിന്റെ  ഹസ്ത രേഖ പോലെ ചെറു ചാലായി  ഒഴുകുന്ന  കൈത്തോടിന്റെ നടുവില്‍  പരലും  മാനത്താന്‍ കണ്ണിയും  വിരണ്ടോടി എങ്ങോ പോയി ഒളിച്ച  ഒഴുക്ക് വെള്ളത്തില്‍  കരിഞ്ഞ കൈതോലയില്‍ മുഖം അമര്‍ന്നു കമഴ്ന്നു കിടക്കുന്ന  ഭൈരവന്‍ കുഞ്ഞച്ചന്റെ  കരിവീട്ടി  ഫയല്‍വാന്‍  ശരീരം .


ആറടിക്ക് മുകളില്‍ നീളം . കറു  കറെ  കറുത്ത് കുറുകിയ തോള്‍ മസ്സിലുകളില്‍ നിന്നും അല്പം വേര്‍പെട്ടു കിടക്കുന്ന കുറ്റി താടി മുഖം  ആരെയോ വാശിയോടെ നോക്കുന്ന പോലെ ...
കാലുകൾ  രണ്ടു കരയിലുമായി ട്രപ്പീസ് കളിക്കാരെ പോലെ വരമ്പിൽ കൊളുത്തി ഇട്ടിരിക്കുന്നു.   കീറിയ നീല നിക്കറിന്റെ ഇടയിലൂടെ കറുത്ത ചന്തി കാണാമായിരുന്നു.    എനിക്ക് നാണം തോന്നി.   ഒപ്പം പേടീം തോന്നി
ഒന്നുമറിയാതെ ഒഴുകുന്ന വെള്ളത്തിലേയ്ക്ക്  കട്ട ചോരയുടെ ചെറു തോണികൾ തനിയെ ഉണ്ടായി തുഴഞ്ഞു പോകുന്ന കാഴ്ച !

ആശാൻ കളരിയിൽ ഒക്കെ പോകുമ്പോൾ ഭൈരവനെ കാണുന്ന നേരം അറിയാതെ മൂത്രമൊഴിക്കാൻ തോന്നുമായിരുന്നു. നില്ക്കുന്ന ദിക്കിലേയ്ക്ക് നോക്കാറും കൂടിയില്ലായിരുന്നു .
കാൽ  പത്തിയിലെയ്ക്ക്  നോക്കിയാൽ  പോലും കരി മൂർഖന്റെ പത്തി പോലെ വരയും പുള്ളിയും ഒക്കെയായി എന്തോ പേടിപ്പിക്കുന്ന ഒരു തോന്നൽ .... വിരലുകളിലെ നഖങ്ങൾ നിവർത്തി വച്ച  പേനാ കത്തി പോലെ

സദാ  നീല വരയൻ നിക്കർ കാണ്‍കെ കൈലി ഉയർത്തി കെട്ടി ഒരു നില്പാ ..തലയിൽ  ഉടുപ്പ് പോലെ എന്തോ കൊണ്ട് മറ്റൊരു കെട്ട് .. എപ്പോഴും  ബീഡി വലി തന്നെ ..ആരെയോ കൊന്നിട്ട് ജയിലിൽ നിന്നും വന്നതേ ഉള്ളത്രെ .  ജയിലിൽ പിന്നേം ആരെയോ കൊല്ലാൻ തുടങ്ങിയെന്നും..
കറുത്ത മുഖം  വെളുത്ത പല്ല് എല്ലാം സിനിമാ പോസ്റ്ററിലെ  ഏതോ വില്ലനെ   ഓർമ്മയിൽ വരുത്തി.

'വല്യ കളികാർ ഒക്കെ  ഒടുക്കം വെള്ളമിറങ്ങാതെ തൊലഞ്ഞു പോകും "
ഒരാളുടെ  ക്രോധമോ  വിഷമമോ എന്നറിയാത്ത പിറ് പിറുപ്പ്
"വെള്ളത്തിൽ കെടന്നതല്ലേ  വെള്ളമിറങ്ങി കാണും" മറ്റൊരാൾ തമാശ പറഞ്ഞു.

എനിക്ക് പാവം ഭൈരവനോട്  ഒത്തിരി സങ്കടം തോന്നി. കാരണം അച്ഛന്റെ കൈയ്യിൽ തൂങ്ങി നടന്നപ്പോഴൊക്കെ  ഭൈരവൻ വന്നെടുക്കുമായിരുന്നു  എന്നെ ... പേടിച്ചു ഞാൻ സമ്മതിയ്ക്കും.

ഒഴുകുന്ന ചോര കണ്ടപ്പോൾ അമ്മയുടെ നിറം പോകുന്ന ഏതോ തുണി കഴുകി ഒഴിക്കും പോലെ..

"എന്നാലും  ഇന്നലെ രാത്രി ഒരു മിന്നാമിനുങ്ങിന്റെ ശബ്ദം പോലുമില്ലായിരുന്നു"
തവള പിടിയ്ക്കുന്ന രാഘവന് ഒരു പക്ഷെ മിന്നാമിനുങ്ങിന്റെ വെളിച്ചം ശബ്ദമായി തോന്നിയോ, തവളയുടെ ശബ്ദം വെളിച്ചമായോ ..ആവോ..
അന്നത്തെ എന്റെ കുഞ്ഞു ബുദ്ധിയിൽ ചത്ത്‌ കിടക്കുന്ന ഒരു മിന്നാമിനുങ്ങായിരുന്നു ഭൈരവൻ   കഴുത്തിൽ നിന്നും ചുവന്ന മിന്നുന്ന പ്രകാശം  കത്തിയും കെട്ടും...

"പോലീസ് ഏമ്മാന്മാർ വരുന്നെടാ " ആരാണ്ട് പറഞ്ഞതും  കളം  കാലിയായി.
ഞാനും അല്പം മാറി തൈ തെങ്ങിന്റെ മറ പറ്റി നിന്നു .
കൂർമ്പൻ  മീശക്കാർ  രണ്ടു പേർ   . കുടവയർ  പാട  വരമ്പിൽ നിഴൽ വീഴ്ത്തുന്നത് കാണാൻ രസമായിരുന്നു.
ഒപ്പം പള്ളീൽ മഞ്ചൽ വലിയ്ക്കുന്ന  ജോയീം.
ജോയിയെ  എനിക്ക് ഭൈരവനെക്കാൾ  പേടിയായിരുന്നു    വെള്ള പുതപ്പിച്ചു   കറുത്ത പെട്ടിയിൽ ശവവുമായി റോഡിൽ കൂടി മഞ്ചൽ വലിച്ചു പോകുന്ന ജോയിയെയും  "ഇന്ന് ഞാൻ നാളെ നീ " എന്ന് കറുപ്പിൽ വെളുപ്പ്‌ കൊണ്ടെഴുതിയ മഞ്ചലിനെയും കാണുമ്പോൾ ഞാൻ കണ്ണു പൊത്തി ഓടി മാറുമായിരുന്നു.

ഏമ്മാൻ മാരുടെ  കാക്കി നിക്കർ കാറ്റത്ത്‌ ആടുന്നുണ്ടായിരുന്നു . വരമ്പിൽ വള്ളി  ചെരുപ്പ് ഊരി  വച്ച് ഓല കാലിൽ   ലെഫ്റ്റ് പറഞ്ഞ് പട്ടീസ് പൊക്കി വച്ച്,  കൂർത്ത തൊപ്പി താഴ്ത്തി  തലയിൽ  തലോടി  ഒരാൾ  തുണി അളക്കുന്ന ടേപ്പ്  എടുത്ത്  ഭൈരവനെ അളക്കുമ്പോൾ മറ്റെയാൾ കടലാസിൽ എന്തോ കുറിക്കുന്നു.
എല്ലാം കഴിഞ്ഞു  രണ്ടു പേരും കൂടി കൈ കോർത്ത്‌ ഭൈരവനെ എടുത്ത് ചക്കര പായിൽ പൊതിഞ്ഞ്  ജോയീടെ തോളിൽ വച്ച് കൊടുത്തു.
പാടം താണ്ടി  കിതച്ചു ജോയി റോഡിൽ കിടന്ന കൈ വണ്ടിയിൽ ഭൈരവന്റെ കാട്ടു പോത്തിനോളം പോന്ന ശവ ശരീരം കിടത്തി, അല്ല കൊണ്ടെറിഞ്ഞു.

വണ്ടി വലിച്ചു ജോയി നടന്നു. ഏമ്മാന്മാർ  പാപ്പന്റെ അഥിതികളായി പട്ട കടയിലേയ്ക്ക് ഊളിയിട്ടു.
വെളുത്ത താറാവിൻ മുട്ടകൾ ഞെരിയുന്ന ശബ്ദം കേട്ട് ഞാനും വീട്ടിലേയ്ക്ക് ഓടി.

ഭൈരവന്റെ ശരീരം ഗവർന്മെന്റ് പുറമ്പോക്കിൽ അന്ന് തന്നെ കുഴി കുത്തി മറവു ചെയ്തു പോലും.
പിറ്റേന്ന് ഭൈരവൻ ഇല്ലാത്ത റോഡിലൂടെ ഞാൻ എഴുത്തോലയുമായി പോയപ്പോൾ അറിയാതെ മൂത്രമൊഴിക്കാൻ മുട്ടി.

വൈകിട്ട്  മുക്കിനു പറച്ചിലായി   ചെത്തുകാരൻ കിട്ടനേയും    ഒണക്ക മീൻ  കച്ചോടക്കാരൻ പാപ്പിയെയും പോലീസ് പിടിച്ചു എന്ന്..അതല്ലാ അവർ  നേരിട്ട് പിടി കൊടുത്തു എന്നും.
രണ്ടു പേരേം എനിക്ക് കണ്ടു പരിചയം മാത്രം  ഉണ്ട്. മുക്കിനെ അത്ര പ്രാധാന്യമില്ലാത്ത സപ്പോർട്ടിങ്ങ്   അക്റ്റെഴ്സ്  ആയിരുന്നു. അവരിലും പരിചയം ഭൈരവൻ തന്നെ.

രാത്രി കണ്ട പേടി സ്വപ്നമാകാം , ഞാൻ പിറ്റേന്ന് രാവിലെ നേരം വെളുത്തിട്ടും കട്ടിലിൽ മൂടി പുതച്ചു കെടക്കുംപോൾ അടുക്കളയിൽ  അമ്മയും അടിച്ചു തളിക്കാൻ വരുന്ന അമ്മയുടെ   വലം കൈ കാർത്ത്യാനി ഇച്ചേയീം കൂടി കുശു കുശുക്കുന്നത് കേട്ടപ്പോൾ  ആ അപസർപ്പക കഥയുടെ  ചുരുളു നിവർന്നു !

ചെത്തുകാരൻ കിട്ടൻ ജന്മനാ കാസ രോഗി ആണെന്നും   ഒരു തെങ്ങിൽ കേറിയാൽ പിറ്റേന്ന് ആശുപത്രി തന്നെ ശരണം എന്നും . മുക്കാൽ ചാണ്‍ നീളോം  വില്ല് പോലത്തെ നെഞ്ചും പറച്ചിലിൽ  വിക്കും എല്ലാം ഉണ്ടെന്നും എല്ലാം , കാർത്ത്യാനി ഇച്ചേയീടെ വർണ്ണനയിൽ   ഞാൻ കിട്ടനെ ഒരു ന്യൂസ്‌ റീൽ പോലെ കണ്ടു .
അയാൾ കഷ്ടപ്പെട്ട് ചെത്തി ഒരുക്കി വയ്ക്കുന്ന കള്ള്  ഭൈരവൻ കേറി കട്ട് കുടിക്കുമാരുന്നത്രേ ...പല നാൾ പേടിച്ചു കണ്ണടച്ചു, ഒരു നാൾ ചോദിച്ചപ്പോൾ കിട്ടനെ പൊക്കിയെടുത്ത് നിലത്തിട്ടു ചവിട്ടി എന്നും കിട്ടൻ ഒരു പാട് നാൾ സർക്കാർ ആശുപത്രിയിൽ ശ്വാസം മുട്ടലായി കെടന്നു എന്നും ഒക്കെ... പാവം എന്നെനിക്കും തോന്നി.

അടുത്ത കഥ പാപ്പിയെ കുറിച്ചായിരുന്നു . ഒരു കടും കാപ്പീടെ  വിശ്രമത്തിന് ശേഷം  ഇച്ചേയി തുടർന്നു ..

"പാപ്പി മീൻ കച്ചോടത്തിനു അതിരാവിലെ അങ്ങു ചന്തേൽ പോകത്തില്ലിയോ ..ഒണക്ക നെല്ലിനു വാ പൊളിക്കാൻ പോലും കെപ്പില്ലാത്തൊനാ   ..അവന്റെ പെണ്ണുമ്പിള്ള അങ്ങ് കെഴക്കത്തിയാ , കൊച്ചു പെണ്ണാ   കാണാനും ചേലാ .ഈ    മുടിഞ്ഞ ഭൈരവൻ  ഇന്നാള് അവളെ കേറി പിടിച്ചു   അതിനു പാപ്പി ചന്തേന്നു രണ്ടു മൂന്ന് പേരുമായി വന്നു ഭൈരവനോട് ചോദിച്ചു . അയ്യോ,  ആ പാവം പാപ്പിയെ  ഇവൻ അടിച്ചു തൂറിച്ചു കളഞ്ഞു.
പെണ്ണ് പേടിച്ചു പോയി  അവളെ വീട്ടുകാർ വന്നു കൊണ്ടും പോയീ."

"അത് പാപ്പിയ്ക്ക് വല്യസങ്കടമായിപ്പോയി . അന്നേ അവൻ തക്കം പാർത്തതാ  പാവമല്ലിയൊ  പെണ്ണും പോയി .    അങ്ങനിരിക്കുംപഴാ   ചെത്തുകാരൻ കിട്ടനും   പാപ്പീം കൂടി  കേരാമണ്ണ് ഷാപ്പി വച്ച് കാണുന്നെ .  പാപ്പി അവിടേം മീൻ കൊടുക്കുന്നുണ്ട്  കിട്ടനവിടാ ചെത്തുന്നെ  .   കിട്ടൻ പറഞ്ഞു പോലും  അടിച്ചിട്ടു കൊടുത്താൽ തേറു കൊണ്ട് കഴുത്ത്കാച്ചി കൊടുക്കാം എന്ന് . പാപ്പി സമ്മതിച്ചു . രാത്രി ഭൈരവന് കാഴ്ചയ്ക്ക് ശകലം കുറവും ഉണ്ട് തന്നേമല്ല നമ്മുടെ  ഒരുപ്പൂ  പാടം കടന്നു വേണം വാറ്റുകാരി  മീനാക്ഷീടെ  പൊരേൽ ചെല്ലാനും  അവിടല്ലിയോ  അവന്റെ അന്തി പൊറുതി  . എവമ്മാര് പാത്തിരുന്നു  ചെയ്തു കാണും.   എന്തായാലും അടിച്ചിട്ട പാപ്പീടെ  ഒരു കൈ ഭൈരവന്റെ കൈപ്പിടിയിൽ നിന്നും കൈ വെട്ടി മാറ്റിയാത്രേ  എടുത്തത്  ....ഞങ്ങടങ്ങെ  അങ്ങേരുടെ  വഹേലൊരു അളിയനാ ആ വന്ന ഒരു പോലീസേമ്മാൻ  ..പുള്ളി പറഞ്ഞു."
"കഴകം കെട്ടോന്മാർ  അവരുടെ കഴിവു പോലെ  ഒരാളെ കൊന്നു !     "ഒന്നിച്ചു കൂടി പക തീർത്തു ..... " അല്ലാതിപ്പം ഞാനവമ്മാരെ കുറ്റംപറയത്തില്ല എന്റിച്ചെയീ" ....
കാർത്ത്യാനിച്ചേയി   പിന്നേം കട്ടൻ കാപ്പി കുടിച്ചപോലെ തോന്നി...
ഒരാളെ കൊല്ലാനുള്ള കഴകം എന്താണ് എന്ന് ഇച്ചേയി പറഞ്ഞുമില്ല.

എനിക്കു മൂത്രം മുട്ടി..ഞാൻ പൊതപ്പും വലിച്ചു കളഞ്ഞു  ഓടിയത്  റോഡും കടന്നു   പാട വരമ്പിലേയ്ക്ക് ..
വെയിലു നന്നേ    മഞ്ഞ നിറത്തിൽ തിളങ്ങുമ്പോൾ     പാട പച്ചയ്ക്ക്   സ്വർണം കൊണ്ട്  ഗിൽറ്റ് ഇട്ട കല്യാണ കുറിയിലെ പച്ച അക്ഷരം പോലെ എന്തൊരു ഭംഗി.....
കൈത്തോട്ടിൻ കരയിലെത്തി  നോക്കി.  പരലും കയ്പ്പും  മാനത്താൻ കണ്ണിയും എല്ലാം പകൽ മയക്കത്തിലോ  എന്നറിയില്ല  ആരേം കണ്ടില്ല.....ഒന്ന് കണ്ടു      തോട്ടിൻ വരമ്പിലെ കരിഞ്ഞ കൈതോലയിൽ  കറുത്ത് കട്ട പിടിച്ചിരിയ്ക്കുന്ന  ചോര  ഉറുമ്പ് അരിയ്ക്കുന്നു, ചോണൻ ഉറുമ്പ് .

കള്ളിനും  പെണ്ണിനും  ഭൈരവൻ കൊടുത്ത സ്വയം  ഗുരുതി  .           (എന്നിപ്പോൾ തോന്നുന്നു.)
ഒരു ചെറു കാറ്റ് വീശി  കൈത കൈകൾ   എന്തോ പറഞ്ഞു  ...  പേടിച്ചു പോയി..   തിരികെ ഓടി . 

ഇളം കാറ്റിൽ  പച്ചച്ച പാടം  അരുതാത്തത് എന്തോ കണ്ടു മനം മടുത്തപോലെ മൂകമായി ചലനമില്ലാതെ കെടന്നിരുന്നു  എന്നത് ഞാൻ ഓർക്കുന്നു .     വഴിയും വിജനമായിരുന്നു     മരണം കഴിഞ്ഞ വീട് പോലെ.

2013, മേയ് 1, ബുധനാഴ്‌ച

ദാനിയേല്‍




ബാബിലോണ്‍ നദിക്കരയില്‍ നിന്നുമുയര്‍ന്ന യഹൂദ പ്രവചനങ്ങളില്‍  ദാനിയേലിന്റെ
പുസ്തകവും  ഘോഷിക്ക പെട്ടിരുന്നു . 

ഇവിടെ പമ്പാ നദിക്കരയില്‍  ഞങ്ങളും അറിയുന്നു   നന്മയുടെ പുസ്തക താളുകളിലെ ഉണ്മയുടെ കൊച്ചു കൊച്ചു പച്ചപ്പുകൾ . 
കോളജു കാലത്തെ ഏറ്റവും വലിയ വിനോദം ദാനിയേലു ചേട്ടന്റെ ഈ പുണ്ണ്യ ഭൂമിയിലേക്കുള്ള തീര്‍ ഥാടനമായിരുന്നു!

നദി  അമ്പേ വരണ്ടു വിണ്ടു കീറി പിഞ്ഞി  പോയ ഒരു കൈലേസുപോലെ കണ്ണീർ തടാകമായി തന്നോട് ചെയ്ത പിഴവുകൾ  അത് ചെയ്തവരോട്‌ പൊറുക്കേണമേ എന്ന് മാപ്പിരക്കും പോലെ ആകാശം നോക്കി കിടക്കുമ്പോൾ  ആ നെടുവീർപ്പിനിടയിൽ  അല്പം സാന്ത്വനമായി  മരു പച്ചപോലെ ദാനിയേലിന്റെ കുഞ്ഞു പീടിക.

മഞ്ഞ മുളം കാലുകള്‍  കോതി ഒതുക്കി അതിന്മേല്‍  ഇഴ അടുപ്പിച്ചു കെട്ടിയ തെങ്ങോല പന്തല്‍  പൂഴി മണലില്‍ തണുത്ത തറയിലേയ്ക്ക് ഉദയ സൂര്യന്റെ ഒളി നോട്ടം എത്തുമ്പോള്‍ കാപ്പി പീടികയ്ക്കു ആകെ ഒരു നാണം !

പമ്പാ നദിയിലെ  കുഞ്ഞോളങ്ങളിൽ കിഴക്കുണരുന്ന  ഉദയ  വെളിച്ചം വീണു പ്രതിഫിലിക്കുമ്പോൾ  ഓല മേഞ്ഞ  ചായ പീടികയിലും  അടുപ്പിലെ കുഞ്ഞു വെളിച്ചം അരണ്ട് മിന്നി ചുവന്ന വെളിച്ചം നദിയിലും പടർത്തുന്നു .

 ചെമ്പ്   കലത്തിലെ  തിളച്ചു തുടങ്ങുന്ന  വെള്ളത്തിൽ  ഇട്ട ചെമ്പ്  തുട്ട്     മേല്‍  കീഴ് മറിയുമ്പോൾ   ചൂട്ടിൽ നിന്നും തീ പിടിപ്പിച്ച്  ഒരു തെറുപ്പ്  ബീഡിയുമായി  ദാനിയേലിന്റെ ജീവിതവും  തിളക്കം വച്ച് തുടങ്ങുന്നു...കണ്ണാടി അലമാരയില്‍  ചൂടു പുട്ടിന്റെ ആവി നിറഞ്ഞു നില്ക്കുന്നു, നെല്ലു കുത്തരിയുടെ വെന്ത മണം .  ആറ്റരികത്തു മേഞ്ഞു വളരുന്ന താറാം കൂട്ടം ഇട്ട നാടന്‍ മുട്ട, കടുകു പൊട്ടിച്ചു താളിയ്ക്കുന്നതിന്റെ മാസ്മര ഗന്ധം ...
ആകെപ്പാടെ ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയ്ക്കു മേല്‍ ദാനിയേലിന്റെ പീടിക ഒരു വര്‍ ണ്ണ  കുടയായി നില്ക്കുന്നു , ആറ്റില്‍ നിന്നും വരുന്ന ഇളം കാറ്റിന്റെ നിര്‍ മ്മലതയില്‍   കൈതപ്പൂവിന്റെ ഗന്ധം ...


"പൂഹൂയ്‌ ...  പൂവോയ് "  കോഴഞ്ചേരി  ചന്തയിലേക്കുള്ള  സാമാനങ്ങളും  കേറ്റി വരുന്ന കേവ്  വള്ളക്കാരന്റെ  ആഹ്ളാദാരവം     ആരോഹണാ  അവരോഹണത്തില്‍   ... 
 നനുത്ത തണുപ്പിൽ  മുളം കഴുക്കോൽ ഊന്നി  പൊക്കി   വെള്ളം ചുഴറ്റി തെറുപ്പിച്ച്  ചുറ്റും പറക്കുന്ന നീർ കാക്കകളുടെ  കല പിലകൾക്കിടയിൽ   ദാനിയേലിന്റെ പീടികയിലെ നിത്യവും കൃത്യമായി ഉദിക്കുന്ന ചുവന്ന വെട്ടം കണ്ടതിന്റെ ആനന്ദം! 
മെല്ലെ വള്ളം  ബ്രേക്ക് ഇട്ടു തിരിച്ചു  കഴുക്കോൽ ഊന്നി  കരയിലേക്ക് അടുപ്പിച്ചു നിർത്തി  "ബ്ളൂം " എന്ന്  വെള്ളത്തിലേക്ക്‌  ഒരു ചാട്ടം ചാടി, അടുത്ത ചാട്ടം ദാനിയേലിന്റെ പീടിക തിണ്ണയിൽ കയറാനുള്ള കുത്തു  കല്ലിൽ . വള്ളക്കാരന്റെ ബലിഷ്ടമായ കാല്‍ പാദത്തിനടിയില്‍  കുത്തു കല്ലും ഒന്നു ഞരങ്ങി .

വറുതി കാലത്ത്   വഴിയോടു  തിരിഞ്ഞും  വര്‍ ഷ  കാലത്ത്  ഉറഞ്ഞു തുള്ളുന്ന പമ്പയെ നോക്കിയും ആയിരിക്കും  പീടികയുടെ മുഖപ്പു .  കുത്തു കല്ല്‌ കയറാതെ നേരെ വള്ളത്തില്‍ നിന്നും കടയിലേക്കു ലാന്റ് ചെയ്യുവാനുള്ള ഞൊടി വിദ്യ ആണു ഈ വര്‍ ഷ കാലത്തെ മുഖം മാറ്റം !! വറുതിയില്‍ വഴിയോടു തിരിയുന്നതും  വേറൊരു ലാന്റിങ് ലാഡര്‍ വിദ്യ!
മുഖപ്പുകളുടെ ഒരു പകര്‍ന്നാട്ടം .  

 മണ്ണ് മുഴുവനും വാരി  പുഴയെ ആവര്‍ത്തിച്ചു  ബലാല്‍സംഗം ചെയ്തു പണം ഉണ്ടാക്കിയ ഒരു വിരുതന്‍ , സ്ഥിരമായി ദാനിയേലിന്റെ  ആട്ടിയ വെളിച്ചെണ്ണയില്‍ അന്നത്തേയ്ക്കു മാത്രം ഉണ്ടാക്കുന്ന  വടയും ബോളിയുമൊക്കെ കഴിച്ച സമൃദ്ധിയില്‍ ഒരിക്കല്‍ അല്പം  കാശ് കടം വരുത്തിയപ്പോള്‍  ദാനിയേല്‍  ചുങ്കകാരന്റെ  മുതുകത്തു ചാട്ട വാര്‍ അടിച്ച കര്‍ത്താവായി ചോദിച്ചു  " ഈക്കണ്ട മണ്ണ് മുഴുവനും വാരി  നെറികേട് കാണിച്ചു നീ ഉണ്ടാക്കിയ കാശെല്ലാം എവിടെ പോയി.. വെള്ളമടിച്ചു കളഞ്ഞു അല്ലെ...ഇവിടെ നിനക്ക് തരാന്‍ കടം ഇല്ല...ഇനി നീ വരികേം വേണ്ടാ."  
മണല്‍ വാരുകാരന്‍ ആ പണിയും വെള്ളമടിയും നിര്‍ത്തി നല്ലവനായി ഒരിക്കല്‍ വന്നു എന്നും  ആവശ്യത്തിനു പലഹാരോം ചായേം ദാനിയേല്‍ ഫ്രീ ആയി കൊടുത്തുവെന്നും ആരോ പറഞ്ഞു.

ഇങ്ങനെ നന്മയുടെ വെളിച്ചെണ്ണ പലഹാരങ്ങളും  ദാനിയേല്‍ ചേട്ടന്റെ പീടികയില്‍ ചുട്ടു കൂട്ടുന്നുണ്ടായിരുന്നു.. ആറന്മുള ഉതൃട്ടാതി വള്ളം കളി കഴിഞ്ഞു   തളര്‍ന്ന് അവശരായി വരുന്ന തുഴചില്‍കാര്‍ക്ക്  ആകെ ഒരു വേ സൈഡ് മോട്ടലും  ദാനിയേല്‍ ചേട്ടന്റെ പീടികയും ആ സ്നേഹവുമായിരുന്നു  ..എത്ര വൈകിയാലും  കാപ്പീം കടീം  വച്ച് കാത്തിരിക്കുമായിരുന്നു  പാവം  ദാനിയേല്‍ ചേട്ടന്‍ ...

മദ്ധ്യാന്ന സൂര്യന്‍  പമ്പയെ  തപിപ്പിക്കുംപോള്‍  പീടിക തിണ്ണയില്‍ ഇരുന്നു  മുകുന്ദന്റെ വെള്ളാരം കല്ലുകളെ സങ്കല്പിച്ചു  നദി മദ്ധ്യത്തിലെ കുഞ്ഞോള പരപ്പിലെ നക്ഷത്രം വിരിയിക്കുന്ന  വെളിച്ച മാജിക് കാണാന്‍ എന്തായിരുന്നു സുഖം.  അപ്പോള്‍ കച്ചവടം ഒതുക്കി ഉച്ച മയക്കത്തിലായിരിക്കും  ദാനിയേല്‍ ചേട്ടന്‍ ..കൈത്തറി  ചുട്ടി തോര്‍ത്ത്  എടുത്തൊന്നു കുടഞ്ഞു നിവര്‍ത്തി ഡിസ്കില്‍ വിരിച്ചു  നെടു നീളന്‍ കാലുകള്‍  വളച്ചു വച്ച്  ഏതോ പകല്‍ സ്വപ്നാടനത്തില്‍ .... ഞങ്ങള്‍ ഏകാന്തതയില്‍  വെള്ളാരം കല്ലുകളെ നോക്കി മിഴി പൂട്ടാതെ വെറുതെ അലസമായി വരുന്ന കുളിര്‍ കാറ്റിന്റെ  സൊറയും കേട്ട് അങ്ങനെ ഇരിക്കും..

ഞങ്ങടെ യൌവ്വനം  അപരാഹ്നത്തിലായത്  അറിയുമ്പോഴും, വാര്‍ദ്ധക്യം  പടി കടന്നു വരുമ്പോഴും വല്ലപ്പോഴും ഓര്‍മ പുതുക്കാന്‍ സന്നാഹങ്ങളുമായി  പോകുമായിരുന്നു  ദാനിയേല്‍ ചേട്ടന്റെ പീടികയിലേക്ക് ... സംവത്സരങ്ങള്‍  ഉഴുതു മറിച്ച ഓര്‍മ പാടം അപ്പോഴൊക്കെ കതിരിടുമായിരുന്നു .. ചെറിയ തമാശുകള്‍  ചിരികള്‍   ചില്ലറ  കാര്യങ്ങള്‍ ..
ഓരോരോ  പ്രാരാബ്ധങ്ങള്‍  പരസ്പരം ഇറക്കി വക്കുമ്പോള്‍   എന്നത്തേയും പോലെ ദാനിയേല്‍ ചേട്ടന്‍  ചുട്ടി തോര്‍ത്തില്‍ ഉച്ച മയക്കത്തില്‍ ആയിരിക്കും..പക്ഷെ ഇപ്പോള്‍ ദിവാ സ്വപ്ന സഞ്ചാരമില്ല  കൂര്‍ക്കം വലി തന്നെ ...
ആയുസ്സിന്റെ  ലാസ്റ്റ്   സ്റ്റോപ്പില്‍  ആളിറക്കി പോകാന്‍ പോകുന്ന വണ്ടി പോലെ.
യാത്ര പറഞ്ഞു പിരിയുമ്പോഴും അലസമായ ഒരു മന്ദഹാസം  ഇങ്ങോട്ടിടും   അത്ര തന്നെ .


അങ്ങോട്ട്‌  പോകാതെയായിട്ടും ഒരുപാട് നാളുകള്‍ ആയി. 
ദാനിയേല്‍ ചേട്ടന്റെ  മുളം കൂടാരം കോണ്ക്രീറ്റ്  എടുപ്പായി മാറി എന്നറിഞ്ഞു .

പഴയ  സുഖവം സാന്ത്വനവും  തിരികെ തരാന്‍ പമ്പാ  നദിയും വെമ്പുന്ന പോലെ ..
ഒരു ഭയം പോലെ ,  ഒരു പക്ഷെ  നദിയും അതിന്റെ മരണ കാലത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടാകാം  കൈതപ്പൂ മണവും  വെള്ളാരം കല്ലുമൊക്കെ  സ്വപ്നത്തില്‍ ബാക്കി..
വാലില്‍ മറുകുള്ള  പരല്‍ മീന്‍ പുളച്ചിരുന്ന  നദി മാറില്‍ ഇപ്പോള്‍  ന്യു ജനറേഷന്‍ മീനുകളുടെ  റിയാലിറ്റി ഷോകള്‍ !
പഞ്ചാര മണല്‍ കസവ് കര നേര്‍ത്തു നേര്‍ത്ത്‌  ഒരു  നാട പോലെ ...അഴിഞ്ഞും അഴിയാതെയും നദിയെ ചുറ്റി  ഇണ പിരിയാന്‍ വയ്യാത്തപോലെ
വെറുതെ കുളിച്ചു കേറി പോരാറുണ്ട്  എന്നല്ലാതെ പുഴയോന്നും പറയാറില്ല.  മൂകയായി അങ്ങനെ കെടക്കും .  കരയെ  വാരി പുണരാന്‍  ഇനി കഴിയില്ലല്ലോ  എന്നോര്‍ക്കയാവാം..


ഇയ്യിടെ  പുലര്‍ച്ചെ  മൊബൈല്‍ വിളിയില്‍ ചങ്ങാതി പറഞ്ഞു  "ഡാ , നമ്മുടെ ദാനിയേല്‍ ചേട്ടന്‍ രണ്ടാഴ്ച  മുന്‍പ് മരിച്ചു പോയി  അടക്കവും കഴിഞ്ഞു..ഞാന്‍ ഇന്നലെയാ അറിഞ്ഞേ  ആരും പറഞ്ഞും കേട്ടില്ല..."
"എത്ര വയസായിരുന്നിരിക്കാം " എന്റെ ചോദ്യത്തിന്  അവന്‍ പറഞ്ഞു 
"നമ്മുടെ ലാസ്റ്റ് ബെല്ലിനു  ഇനി എത്ര കാലം .. നമ്മള്‍ വയസ്സിന്റെ കണക്കു കൂട്ടലുകള്‍ നടത്തുമ്പോള്‍   കാലം എളുപ്പ വഴിയില്‍ ക്രിയ ചെയ്ത് ഉത്തരം തരും .." അവന്‍ കോള്‍ കട്ട് ചെയ്തു .  
ഫോണിന്റെ മിടിപ്പും തീരുന്നു  ശബ്ദം ഇല്ലാതെ എന്റെ കൈക്കുള്ളില്‍  ഒരു ചത്ത മീനിനെ പോലെ അതിരിക്കുന്നു.

നദി മാറിലെ വെള്ളാരം കല്ലുകളില്‍ സൂര്യന്‍ നക്ഷത്രം വിരിയിക്കുന്ന മാജിക്ക് കാണാന്‍ ഇനി എന്ന്  കാണും എന്ന് ആരോ ചോദിക്കുന്നു ...
ചാര് കസേരയില്‍ ആയുസിന്റെ എഞ്ചുവടി പട്ടിക കൂട്ടി കിഴിച്ച് ഉത്തരം കിട്ടാതിരിക്കെ  
ഒരു മയക്കം വന്നു മൂടുന്നു...






 

2012, ജൂലൈ 14, ശനിയാഴ്‌ച

കുറ്റി ചെണ്ട

കുറ്റി  ചെണ്ട  ഒരു വാദ്യ ഉപകരണം  ആയിരുന്നില്ല . അതുപോലെ ഒരാള്‍ ആയിരുന്നു.!

ഞങ്ങളുടെ  വലിയകുളം പട്ടണത്തിലെ  അസുര വാദ്യ വിശാരദന്‍ ..

കാലത്തിനും  കൊട്ടിനും തമ്മില്‍  രാവും പകലുമേ സാമ്യം ഉണ്ടായിരുന്നു ഉള്ളൂ എങ്കിലും ,  തെങ്ങിന്‍ മണ്ടയിലെ   കോളാമ്പി  മൈക്കിലൂടെ  കാറ്റിനോട് ഇണങ്ങി  ആ വീക്കന്‍ ചെണ്ടയുടെ അസുര ഗര്‍ജനം  കൊയ്ത്തു കഴിഞ്ഞ പാടത്ത്   കളിച്ചു തിമിര്‍ക്കുന്ന ഞങ്ങളുടെ   കരണ കുറ്റിയില്‍   വന്നു പതിയുമ്പോള്‍   കളി നിര്‍ത്തി മണിയും ലിസിയും  ,

 "പള്ളീല്‍ പെരുന്നാളിന് മൈക്ക്   വച്ചല്ലോ "  എന്ന് പറഞ്ഞു പാടത്തിന്‍ വരമ്പ് താണ്ടി എല്ലാം മറന്നു  ഒറ്റ ഓട്ടമാ ...
ലിസിയുടെ പുള്ളി പാവാട  ഒത്തിരി ചിത്ര ശലഭങ്ങള്‍  ഒന്നിച്ചു പൊങ്ങിയ പോലെ അങ്ങ് പറന്നു മറയുന്നതും നോക്കി, കയ്യിലെ പന്ത് വലിച്ചെറിഞ്ഞു ഞങ്ങളും എന്ത് ചെയ്യണം എന്നറിയാതെ നിക്കുമ്പോള്‍  രഘു പറയും..

"വാടാ നമുക്കും പോകാം പള്ളി  മുറ്റത്തേയ്ക്ക് ...അവിടെ
കുറ്റിചെണ്ട  ചേട്ടനും ഒക്കെ മേളം തകര്‍ക്കുന്നത് കാണാം.."

പിന്നെ നിക്കറും അഴിച്ചു  കുത്തി ഒരോട്ടമാ ..നേരെ ചെന്ന് മേളക്കാരുടെ പുറകില്‍ സ്ഥലം പിടിക്കും.

രാജാവായി നില്‍ക്കുന്നത്  മൈക്ക് സെറ്റ്  നടത്തിപ്പുകാരന്‍  കൃഷ്ണന്‍കുട്ടി .  ഞങ്ങള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍  നാലാം ക്ലാസില്‍ നിന്നും ബഞ്ച് വഴി സൂപ്പര്‍ മാനെ പോലെ ചാടി വന്നു വഴക്ക് കെട്ടിയ  കൃഷ്ണന്‍ കുട്ടി ..
ഇപ്പോള്‍  "ആര്‍  കെ   എസ്സ്  സൌണ്ട് " എന്ന ഞങ്ങളുടെ  ദേശത്തെ ഏക  ശബ്ദവും വെളിച്ചവും കംപിനിയിലെ   പ്രധാനി. 


 സൈക്കിള്‍  ഹാന്റിലില്‍ 'ആര്‍  കെ  എസ് " എന്നെഴുതിയ  കോളാമ്പി മൈക്കുകള്‍ കെട്ടി തൂക്കി,  കാരിയറില്‍  പ്ലേറ്റ് അഥവാ  റെക്കോഡ്  വയ്ക്കുന്ന സ്വന ഗ്രാഹി പെട്ടിയും അതിനു മുകളില്‍   മുഹമ്മദ്‌ റാഫിയുടെ , യേശുദാസിന്റെ ഒക്കെ പടമുള്ള വലിയ  അടപ്പ് പാത്രം പോലെയുള്ള  പ്ലേറ്റുകളും  , ചതുരത്തില്‍ നിറയെ ദ്വാരങ്ങള്‍ ഉള്ള സ്റ്റീല്‍ നിറം  മൈക്രോ ഫോണുകളും  അതിന്റെ  സ്റ്റീല്‍ നീളന്‍ കുഴല്‍  പിടികളും ഒക്കെയായി, ഒരു പെടല്‍ വിട്ടു ചവിട്ടി വെട്ടു റോഡിലൂടെ വരുമ്പോള്‍ നോക്കുന്ന നോട്ടം അഹൂജ കമ്പിനി ഉടമസ്ഥന്റെ ജാടയിലാ ....പുരികം   വളച്ചു  ചില കണ്‍  കെട്ട്  വിദ്യകള്‍ കാണിക്കും..


മേളം  ഉച്ചത്തില്‍ നിന്നും താഴ്ചയിലേക്  വരുന്നു ..
വലിയ പറ  ചെണ്ടയില്‍   "പുതും  പുതും" അവസാനിപ്പിച്ചു,
 വീണ്ടും  ചെറു  ചെണ്ടകളില്‍  കോല്  പെരുകി താഴ്ചയില്‍  നിന്നും  മേളം ഉയരുമ്പോള്‍ ,   
  കുറ്റി  ചെണ്ട ചേട്ടന്‍  രണ്ടു കയ്യിലും ഉയര്‍ത്തി പിടിച്ചിരിക്കുന്ന  ഓടു വാര്‍പ്പിന്റെ കൈ ചേങ്ങില തലയാട്ടി ഒന്നിച്ചു മുട്ടിച്ച് വീണ്ടും ഉയര്‍ത്തുമ്പോള്‍ കൃഷ്ണന്‍കുട്ടി  മൈക്കിന്റെ വോളിയവും കൂട്ടി കുറയ്ക്കുന്ന   ഡോള്‍ബി  വിദ്യയും ഞങ്ങള്‍ കണ്ടു!

അച്ഛനും കപ്പ്യാരും പള്ളി  അങ്കണത്തിലെ  അലംകാര  വേലകള്‍ നോക്കി നടക്കുന്നു.. ബള്‍ബുകള്‍  കത്തി കെടുന്ന മോട്ടറിന്റെ ശബ്ദം കേള്‍ക്കാം..പച്ച  നീല   ചുവപ്പ്  മഞ്ഞ  കണ്ണാടി കടലാസില്‍ പൊതിഞ്ഞ കുഞ്ഞു ബള്‍ബുകള്‍ കണ്ണ് ചിമ്മി    അടച്ചു  തുറക്കുന്നു ... മുറ്റത്തെ വാകമരം  പൂത്തുലഞ്ഞു  ചുവന്ന പട്ടു പുതച്ച പോലെ ..മുറ്റം മുഴുവനും  വാക പൂ പരവതാനി..
നേരം സന്ധ്യ ആയതു കൊണ്ടാകാം  ലിസിയും  മണിയും എപ്പോഴോ പോയി..

സാമ്പിള്‍ മേളം തീര്‍ന്നു . ഇരേഴ  തോര്‍ത്തിന്റെ അറ്റത്തെ ചെണ്ടകള്‍ ഓരോരുത്തരായി  തോളില്‍ നിന്നും ഇറക്കി  താഴെ വച്ച് മൂരി നിവര്‍ന്നു.

കുറ്റി  ചെണ്ട ചേട്ടന്‍  പച്ച  കയറില്‍ കടും കെട്ടിട്ട   ഇലത്താളം നിലത്തു  വച്ചിട്ട്    കൂട്ട്  ചെണ്ട കാരോട്  പറഞ്ഞു..
"അപ്പൊ പിള്ളേരെ , രാവിലത്തെ റാസ  കൊഴുപ്പിക്കണം. ഞാന്‍ പോകുവാ"

മെല്ലെ പള്ളി വഴി ഇറക്കം ഇറങ്ങുന്നു ചേട്ടന്‍ ..ഇരു പുറവും കല്ലറകള്‍ ..നേര്‍ത്ത ഇരുട്ട് .. ഞാനും രഘുവും ചേട്ടന്റെ   കാലടികളെ    പിന്തുടര്‍ന്ന്..   പേടി   നെഞ്ചിടിപ്പിന്റെ  മേളം കൂട്ടി..
ഞങ്ങള്‍ വെളുത്ത  കല്ലറകള്‍ കാണാതെ  ചേട്ടന്റെ അരികു മറ പറ്റി  നടന്നു..അപ്പോള്‍ ചേട്ടന്‍ ചോദിച്ചു " ഡാ പിള്ളാരെ വീട്ടി  തെരക്കത്തും  ഒന്നും ഇല്ലിയോടാ "

പേടി വെടിഞ്ഞു ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു" ഓ സന്ധ്യ ആയതല്ലേ ഉള്ളൂ "
"കുഞ്ഞിലെ ഇങ്ങനെ മേളം കാണാന്‍ പോയി ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ ആയി ..നിങ്ങള്‍ മിടുക്കരായി പഠിക്കണം ..എന്നിട്ട് മതി മേളം..കേട്ടോ "
ഞങ്ങള്‍ ഇരുട്ടില്‍ തലയാട്ടി .

അങ്ങനെ നടന്നു  വല്യകുളം പട്ടണം ആയി. ആലപ്പുഴ പോലെയോ  കൊച്ചീ പോലെയോ ഞങ്ങടെ വെനീസും  പാരീസും  ഒക്കെ ആയ വല്യകുളം.. കാപ്പിക്കടകള്‍ സജീവം   പെട്രോ മാക്സ് വെളിച്ചത്തില്‍ തീവ്ര ചര്‍ച്ചകള്‍ ..
പാപ്പന്റെ  "പൊടി  കട " അഥവാ  പൊടി  കുപ്പിയിലെ ചാരായ കട ആയപ്പോള്‍  ചേട്ടന്റെ താളം താഴ്ന്ന സ്ഥായിയില്‍ ആയി..
മങ്ങിയ സ്ട്രീറ്റ് ലൈറ്റ് വെട്ടത്തില്‍  കടയിലെ പെട്ടി പുറത്തു വച്ചിരിക്കുന്ന പുഴുങ്ങിയ  വെള്ള  മുട്ടകള്‍ എന്റെയും രഘുവിന്റെയും നാക്കില്‍  ഉമിനീരിന്റെ മേളം കൊഴുപ്പിച്ചു!

"രാഘവോ  വാടാ ഒരു കാല്‍  അടിചേച്ചു  പോഹാം "  ഇരുട്ടില്‍ ആരോ ചേട്ടനെ പേര് ചൊല്ലി വിളിച്ചു ..സ്വന്തം അച്ഛന്‍ വിളിച്ചാല്‍ പോലും ഇത്ര അനുസരണ കാണിക്കുമോ  എന്ന  സംശയത്തോടെ  ചേട്ടന്‍ കടയിലേക്ക്  കയറിയിട്ട്   പറഞ്ഞു  "പിള്ളേരെ  പൊക്കോടാ  ഞാന്‍ ഇവിടെ വരയെ ഉള്ളൂ.."

അല്ലെങ്കിലും വല്യ കുളത്തെ ഒട്ടു മുക്കാലും ആണുങ്ങളും അവിടെ വരെ ഉള്ളൂ എന്ന് ഞങ്ങള്‍ക്ക്  അറിയാമായിരുന്നത് കൊണ്ട് ഞങ്ങള്‍ നേരത്തെ ഓട്ടം തുടങ്ങിയിരുന്നു.


കടയില്‍ അച്ഛന്‍ നല്ല തെരക്കിലാ ..പത്തമ്പത്  പേര്‍ ഇപ്പോഴും  റേഷന്‍ വാങ്ങാന്‍ ക്യൂ ' നില്‍ക്കുന്നു
പല പല കലപിലകള്‍ ..അതിനിടയില്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍..


ഒന്നാം ക്ലാസ് ബിയിലെ   സണ്ണിയും  അവന്റെ അമ്മയും നിക്കുന്നത് കണ്ടു ഞാനും രഘുവും അവന്റെ അടുത്ത് കൂടി  ..അല്‍പ നേരം കഴിഞ്ഞപ്പോള്‍ കിഴക്ക് നിന്ന് ഉച്ച സ്ഥായിയില്‍ ഒരു പാട്ട് കേള്‍ക്കാം 


" സമയമായില്ല  പോലും  സമയമായില്ല പോലും..ക്ഷമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ "


വരികള്‍   ആവര്‍ത്തിച്ചു വരുമ്പോള്‍  റേഷന്‍  വാങ്ങാന്‍ നിന്ന ക്യൂവില്‍ നിന്നും ഒരു സ്ത്രീ ശബ്ദം പറയുന്നു..
" എടീ ഭാര്‍ഗവിയെ നിന്റെ നായര്‍  രാഘവന്‍  ചെണ്ട പണി നിര്‍ത്തി സിനിമാ പാട്ട് തുടങ്ങിയോടീ " 


" എന്റെ   ഇച്ചെയീ   രാവിലെ കട്ടനും കുടിച്ചേച്  മൂത്രം ഒഴിക്കാന്‍  അങ്ങേരു   മുറ്റത്ത്  ഇറങ്ങിയതാ 
പിന്നെ ഇപ്പഴാ ആ ശബ്ദം കേക്കുന്നെ ..ഇന്നിങ്ങ്‌ വരട്ടെ."

പാട്ട് അടുത്ത് വന്നു.  "ക്ഷമ എന്റെ  ഹൃദയത്തില്‍ ...."  "ഡീ   ഭാര്‍ഗവി  പെണ്ണും  പിള്ളേ "

ചേട്ടന്റെ സ്നേഹ സാന്ദ്രമായ വിളി. പ്രാവ്   കുറുകും  പോലെ.

 കടയിലെ അരണ്ട  വെളിച്ചത്തില്‍ കണ്ടു ..
 ചൊട്ട  ചാണ്‍  നീളമുള്ള  , കരിം കുറ്റി പോലെ ഇരിക്കുന്ന ചേട്ടന്‍ ..(അത് കൊണ്ടായിരിക്കാം  കുറ്റി  ചെണ്ട എന്ന പേര്‍)  ഉടുത്തിരിക്കുന്ന കറുത്ത മുണ്ട് ഉരിഞ്ഞു തലയില്‍ കെട്ടിയിരിക്കുന്നു.. ഫോര്‍ ലൈന്‍ ബുക്കിലെ പേജു പോലെ വരയുള്ള നിക്കര്‍ മുട്ടറ്റം കെടക്കുന്നു ..പഴയ ട്രാന്‍സ്പോര്‍ട്ട് വണ്ടിയുടെ പടുതാ പോലെ അത് ഇടയ്ക്കിടെ പറക്കുന്നുമുണ്ട് ..
കറുത്ത  കുട വയറില്‍ നിറയെ മുട്ട തോടിന്റെ  പൊട്ടും പൊടിയും ..
കാലിലെ വള്ളി ചെരുപ്പ്‌  തിരിച്ചും മറിച്ചും  ഇട്ടിരിക്കുന്നു..
കൈ വിരലുകള്‍ക്കിടയില്‍   കെട്ടും കഴിഞ്ഞു നില്‍ക്കുന്ന ഒരു ബീഡി   പുകയുന്നു..
ആകെ ഒരു സിനിമാ പ്രതീതി.    
വന്നു നിന്നപ്പോള്‍  ആ പ്രദേശം  മുഴുവനും  ശുദ്ധ സ്പിരിറ്റിന്റെ  മാസ്മര ഗന്ധം..ഒപ്പം മുട്ടയുടെയും!
"എന്തോന്നിനാ   ഈ സന്ധ്യക്ക് ഇപ്പോള്‍  ഇങ്ങോട്ട്   എഴുന്നെള്ളിയിരിക്കുന്നെ ..രാവിലെ പോയ വഴി അങ്ങ് പോകാന്‍ വയ്യായിരുന്നോ "
ഭാര്‍ഗവി ഇച്ചേയി  ഭദ്ര കാളി ഇച്ചേയി  ആയി..
എല്ലാരും റേഷന്‍ വാങ്ങല്‍ നിര്‍ത്തി ..ഈ കുടുംബ ചിത്രം കണ്ടു .

പാവം കുറ്റി  ചെണ്ട ചേട്ടന്‍ വീണ്ടും  ഇചേയിയെ  നോക്കി  പാടി "ക്ഷമ എന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ "  പക്ഷെ ശബ്ദം അല്പം ഇടറിയിരുന്നോ   എന്ന് സംശയം ..
പാട്ട്   കരച്ചിലായി   "സമയമായില്ല പോലും.."  
ചേട്ടന്‍ മുണ്ട് തലയില്‍ നിന്നും അഴിച്ചു അരയില്‍  കെട്ടി "പോവാടി ..ഭാര്‍ഗവിയെ " എന്നും പറഞ്ഞു കൂട്ടം പിരിഞ്ഞതും ..'എവിടാ എന്റെ മനുഷ്യാ " എന്നും പറഞ്ഞു അലമുറയിട്ടു  ഭാര്‍ഗവി ഇച്ചേയി  കയ്യില്‍ കയറി പിടിച്ചു.."ഞാന്‍ അന്നേരത്തെ വെഷമം  കൊണ്ടങ്ങു  പറഞ്ഞത് അല്ലിയോ"

ചേട്ടന്‍   ഇച്ചേയിയെ  നിറ  കണ്ണോടെ  നോക്കി  ഉച്ചത്തില്‍ പാടി "ക്ഷമ എന്റെ ഹൃദയത്തില്‍  ഒഴിഞ്ഞില്ല തോഴീ "...എന്നിട്ട് പിന്നേം  അരയിലെ കറുത്ത മുണ്ട് തലയിലേറ്റി ..

"ഇവരല്ലേലും ഇങ്ങനാ "..മറ്റൊരാള്‍ ചിരിച്ചോണ്ട് പറഞ്ഞു.
 എന്തോ കാണാന്‍ കാത്തവരുടെ ഹൃദയത്തില്‍ ക്ഷമ ഒഴിഞ്ഞു..!!

അരിയും  വാങ്ങി  ചേട്ടനും ഇച്ചേയിയും   ഇരുളില്‍  മറയവേ സമയമായില്ല പോലും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.


ചേട്ടനും   ഇച്ചേയിയും ഒക്കെ ആ സ്നേഹവും കൊണ്ട്  എന്നോ അക്കരയ്ക്  പോയി   .

 ഇന്ന്  വല്യകുളത്ത്  പൊടി കുപ്പിയുടെ  നന്മകള്‍ ഉണ്ടോ   എന്ന് പറയാനും പറയാതിരിക്കാനും വയ്യ
എന്തായാലും  പൊടിക്കുപ്പി ഇല്ല ..
എന്നാല്‍ പൊടി  കൈ   ഉണ്ട് താനും!! ..






2012, ജനുവരി 1, ഞായറാഴ്‌ച

കാവ്യ നീതികള്‍..

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന് പള്ളിക്കുടം ക്ലാസുകളില്‍ കണ്ടും കൊണ്ടും അറിഞ്ഞു.

കണക്ക്  അറിയാത്ത പാവം കൂട്ടുകാരന്  കള്ള കണക്ക് കണ്ടെഴുതാന്‍ കൊടുത്ത്,  പിന്നെ നല്ല കണക്ക് സാറിനെ കാണിച്ചു ഉഗ്രന്‍ മാര്‍ക്ക് വാങ്ങി പാവം  കൂട്ടുകാരന്  തല്ലും മേടിച്ചു കൊടുത്തവന്‍ ഇന്നും ഒരു പണിയും കിട്ടാതെ അലയുമ്പോള്‍ അടി കൊണ്ട കൂട്ടു കാരന്റെ കാറില്‍ ലിഫ്റ്റ്‌ കിട്ടുന്നത് ആ കൊണ്ടറിവിന്റെ  സാക്ഷ്യം!
അവന്‍ നൂറു രൂപ കൂടി കൊടുക്കുമ്പോള്‍ അതിലെ കാവ്യ നീതിയും പൂര്‍ണ്ണം ആകുന്നു.!!

അറിയാ  വഴികളിലെ ദൈവത്തിന്റെ അടയാളങ്ങള്‍  അനവധി ...

ബ്ലേട്  പലിശക്കാരന്‍ എത്രയോ പാവങ്ങളെ കൊള്ള പലിശ കിട്ടാഞ്ഞതിനു കോടതി കയറ്റി കോടതി വരാന്തയില്‍ കണ്ട , അതില്‍  ഒരുവന്റെ  പെങ്ങളോട് "പലിശ ഇല്ലെങ്കില്‍ നീ ആയാലും മതി " എന്ന്
എന്ന് പറഞ്ഞു കൂട്ടു കക്ഷികളുമായി തലയറഞ്ഞു ചിരിച്ചു മാറുമ്പോള്‍...ഗോവിന്ദചാമിമാരുടെ   വക്കാലതുകാരന്‍ ഉള്‍പടെ..അട്ടഹസിക്കുംപോള്‍
പാവം പെങ്ങളെ നോക്കി ആങ്ങള ഒരു തുള്ളി കണ്ണ് നീര്‍ ഇറ്റിച്ചു നില്‍ക്കുമ്പോള്‍ ..അതൊരു കദന കവിത ആയി കോടതി വരാന്തയില്‍ ..
" ഓ സാരമില്ല ചേട്ടാ നമ്മള്‍ കടം വാങ്ങിയിട്ടല്ലേ ..എന്നെ പഠിപ്പിയ്ക്കാന്‍ ആയിരുന്നില്ലേ.."  എന്ന പെങ്ങളുടെ  സാന്ത്വനം ഉള്ളു കീറി മുറിച്ചത്  കണ്ണ് കാണാത്ത നീതി ദേവതയുടെയോ?

ഒരു നാള്‍ കൊള്ള പലിശക്കാരനും കൂട്ടി കൊടുപ്പുകാരനുമായവന്‍ ആരുടെയോ (ആ പെങ്ങളുടെത് ആകാം)
അറം പറ്റിയ  ശാപം ഏറ്റു വാങ്ങി എല്ലാം തകര്‍ന്നു സ്വന്തം ആരാധനാലയത്തിനുള്ളില്‍ കുറ്റം  ഏറ്റു പറഞ്ഞോ, പറഞ്ഞത് ദൈവം ചെവിക്കൊള്ളാന്‍ വിസമ്മതിചിട്ടോ   മടിയില്‍ കരുതിയ വിഷ കുപ്പി തുറന്നു "ഇത് പാപത്തിന്റെ ശമ്പളം " എന്ന് പറഞ്ഞു ഇറക്കുമ്പോള്‍ ഒട്ടുമേ  ദൈവം  തടയാഞ്ഞിട്ടോ ?! 
നുരയും പതയും വാര്‍ന്നു  ഓര്‍മയുടെ നൂല്‍ പാലത്തില്‍ ട്രപ്പീസ് കളിച്ചു ..
അമ്പേ താഴെ വീണ്  ഇരുളും വെളിവും അറിയാതെ "ചത്തു".
കരയാന്‍,  ഇറച്ചി കഷണങ്ങള്‍ നക്കി തോര്‍ത്തിയ  ഒരു പട്ടിയേം കണ്ടതുമില്ല...
ഉള്ളു തുറന്നു ചിരിച്ചത് എല്ലാം കാണാവുന്ന നീതി ദേവതയോ  ? അതോ  ദൈവമോ..?

ഉണ്ടാക്കിയത് എല്ലാം  മക്കളെ  ഊട്ടി പോറ്റാന്‍ തികയാതെ വന്ന അച്ഛന്‍  അവരെ  ഒരു നോക്ക് കാണാന്‍ കണ്‍ കൊതിച്ചപ്പോഴൊക്കെ ആര്‍ഭാടങ്ങളുടെ  വേലിയേറ്റങ്ങളില്‍  നീന്തി തുടിച്ചവര്‍  അച്ഛനെ കാണാന്‍ സമയം ഇല്ലാതെ  ആനന്ദ നൃത്തം ആടിയവര്‍ ...
വേലി ഇറക്കത്തില്‍ അച്ഛനെ ഓര്‍ത്തു വിലപിക്കുമ്പോള്‍ കടല്‍ വിഴുങ്ങാന്‍ വരുന്നതും  ..പേടിയോടെ കരഞ്ഞു എന്റച്ചാ  എന്ന്  വിളിക്കുന്നതും  വിധിയോ..നിയമമോ ?

ഉള്ളതെല്ലാം ഉരുക്കി ഒരുത്തന് പെണ്ണിനെ  കൊടുത്ത അച്ഛനും അമ്മയും  ഉമി പോലെ നീറുമ്പോള്‍ ...എല്ലാം അടിച്ചു തകര്‍ത്ത്   നാടും വീടും വിട്ടു കടിഞ്ഞൂല്‍ പുത്രിയെ പോലും മറന്നു കാടും മേടും താണ്ടി പോയി ഉല്ലാസ സഞ്ചാരം നടത്തിയവന്‍ ..സഞ്ചാര നൌക തകര്‍ന്ന് ..പൊട്ടിയ പട്ടം പോലെ താഴെ വീണ് തരിപ്പണം ആയപ്പോള്‍  ആരോ വഴിയോര കാഴ്ചയായി, മറന്നു പോയ ഭാര്യയുടെ മുന്‍പില്‍ എത്തിച്ചതും ..
പക്ഷെ  അബല ആയിരുന്നപ്പോള്‍ ഒക്കെ  കുഞ്ഞാങ്ങളയുടെ  അത്താഴ പാത്രം ഒന്നിച്ചു മോന്തിയത്‌ മാത്രം ഓര്‍ത്ത  ആ പാവം ഭാര്യ എന്നേ മറന്ന ആ രൂപത്തെ തിരിച്ച് അറിയാതിരുന്നതും ...സ്വന്തം മകള്‍ എനിക്ക് അച്ഛന്റെ മുഖം ഓര്മ ഇല്ല എന്ന് പറഞ്ഞതും ...
ഒടുക്കം അനാഥരുടെ ശവക്കുഴികളില്‍ ഓടുങ്ങിയതും ..ഏതോ നീതിയുടെ കാവ്യ ആവിഷ്കാരങ്ങള്‍ അല്ലേ  ?

ദൈവത്തിന്റെ അടയാളങ്ങള്‍ ഇവിടെയും ഇല്ലേ...ഇനിയും മായാതെ   ..
വിതയ്ക്കാതെ കൊയ്യാതെ  അളന്നു കൂട്ടാതെ  ..മത്സരങ്ങളില്‍ കൂടാതെ ആരെയും കുതി കല്‍ വെട്ടാതെ ..
ഒരു നാള്‍പോകണം ..പോകാതെ വയ്യ ..എന്ന്  കരുതുമ്പോള്‍  നിയതിയുടെ കയ്യൊപ്പ്  തലയില്‍ വീഴുമോ? 
അതോ ഭോഷന്‍ എന്ന് ദൈവം വിളിക്കുമോ?..."ചെകുത്താനെ കണ്ടു പഠിയ്ക്കെട " എന്ന് പറയുമോ?





2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ചുക്കും ചുണ്ണാമ്പും

 ഇത് ഒരു ഐതീഹ്യ കഥ അല്ല ..എന്നാല്‍ ഒരു  പഴം  കഥ  
പാത്രങ്ങള്‍  പഴയത് ..പരിസ്ഥിതി പഴയത്   ...രണ്ടും കാലഹരണപ്പെട്ടു..
സാഹചര്യങ്ങള്‍ പക്ഷെ അന്നത്തെതിലും മെച്ചം ഇന്ന് തന്നെ.
കാരണം മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഹൈ ടെക്..ഗുലുമാലുകള്‍ ..വീഡിയോ ദൃശ്യാവിഷ്കാരങ്ങള്‍..എല്ലാം കൊണ്ടും.

  നമ്മുടെ കഥാപാത്രങ്ങള്‍ ചുക്കും ചുണ്ണാമ്പും എന്ന് ജീവിച്ചിരുന്നു എന്ന്  ഏടുകള്‍ പറയുന്നില്ല , എന്നാല്‍
വായോട്  വാ പറഞ്ഞ് ഒത്തിരി പൊടിപ്പും തൊങ്ങലും അധികമായോ എന്നും സംശയം.
 ചുക്ക്  ചേരാത്ത കഷായം ഇല്ല "  എന്നൊരു പഴമൊഴി ഉണ്ട്.  
ആയുര്‍വേദ വിധി പ്രകാരം കഷായം
 ആസവം അരിഷ്ടം എല്ലാത്തിനും ചേര്‍ത്തിരുന്നു എന്നും   പറയുന്നു    
  അന്ന്   തമിഴ് നാട്ടില്‍ നിന്നും ഇഞ്ചി വരാന്‍  ചെക്ക് പോസ്റ്റും കൈക്കൂലീം പൊല്ലാപ്പും ഒന്നുമില്ലായിരുന്നു   ഇവിടെ തന്നെ   ആവശ്യത്തിനു ഇഞ്ചി    കൃഷി  ഉണ്ടായിരുന്നത്രേ...
ഏതായാലും  ചുക്ക്സമൃദ്ധമായിരുന്നു കേരളം.

  നമ്മുടെ  ചുക്കും   അല്‍പ സ്വല്പം " കൃഷി" ഒക്കെയായി കഴിയുകയായിരുന്നു..  
വയസ്   അമ്പതു കഴിഞ്ഞെന്നാലും  ഫല ഭൂയിഷ്ടത  കൂടിയ പശി മരാശി മണ്ണില്‍  വിത്തിട്ടാല്‍  വിള നൂറു "മേനി ".
ഭര്‍ത്താവ് ഒരു   പാവം      കുഞ്ഞിരാമേട്ടന്‍    കഠിന അദ്ധ്വാനി   ചുമ്മാ മുറുക്കി  തുപ്പി തിണ്ണേല്‍  ആസനത്തില്‍  വാലും   ചുരുട്ടി     ഇരിക്കുന്നവനെ അല്ലായിരുന്നു..  
ഇപ്പോഴത്തെ മുഖ്യ മന്ത്രിമാരെ പോലെ ഉറക്കം ക്ലോസറ്റില്‍ ഇരിക്കുമ്പോള്‍ മാത്രം..
ബാക്കി സമയം അമിത വേഗം അധ്വാനം. അത് മാത്രം 
കുഞ്ഞിരാമേട്ടന്  വയസു എഴുപതും കഴിഞ്ഞിരുന്നു  എന്നും   ഒട്ടു പേര്‍ പറയുന്നു.

ഇനി ചുണ്ണാമ്പോ ?  നാലും കൂട്ടി ഭേഷായി ഒന്ന് മുറുക്കുമ്പോള്‍ രക്ത വര്‍ണം നീട്ടി തുപ്പാനും ..അമ്ല രസം കുറയ്ക്കാനും 
അതും ആയുര്‍വേദ വിധിയില്‍ ഉണ്ടായിരുന്നു പോലും മാവേലി നാട്ടില്‍   അന്ന്  സുലഭവും, 
മുറുക്കുന്നത് ആട്യത്വവും .

 ഇന്ന് ,    മലപ്പുറത്തെ  പാക്ക്  മൂപ്പെത്താതെ പറിച്ചു വടക്കേ ഇണ്ട്യാവില്‍ എവിടെയോ കൊണ്ട് പോയി ആവശ്യത്തിനു രസങ്ങള്‍   ചേര്‍ത്ത്   തുളസി എന്നൊക്കെ ഓമന പേര്‍  ഇട്ടു കടകളില്‍ തൂങ്ങി ഞാന്നു  കിടക്കുന്നു.
 നാലും    കൂട്ടണ്ടാ ,   ഒന്ന്   ചവച്ചാല്‍  തന്നെ    ബസിന്റെ  അകത്തിരുന്നു കൊണ്ട്  സൈഡില്‍ 
 ഇരിക്കുന്നവന്റെ   മോന്ത വഴി   ബസ് സ്ടാണ്ടില്‍   നില്‍ക്കുന്ന    അന്തപ്പാവിയുടെ  ഉച്ചീല്‍  തന്നെ
 നീട്ടി   തുപ്പാം!!   
ആട്യത്വം  വരുന്ന  വഴിയെ !!!! മുടക്കും കുറവ്..
ചുണ്ണാമ്പു മിച്ചം വരുന്നത് സിനിമ പോസ്ടറില്‍ തൂത്ത്    നീണ്ടു നിവര്‍ന്നു കിടക്കുന്ന വിജയശ്രീയുടെയും  മറ്റും കണ്ണില്‍ തേക്കുകേം  വേണ്ടാ.


 നമ്മുടെ    കഥെലെ  ചുണ്ണാമ്പ്    ചുക്കിനെ പോലെ   വയസ്     അറുപതോളം  നല്ല അയല്‍ക്കാരി  എല്ലാവര്ക്കും,
പക്ഷെ    ഒരു  കോഴി അതിര്  വിട്ടാല്‍  രുദ്രയാകും ..പിന്നെ മുന്നും പിന്നും ഇല്ല   ..
കളം   മൂത്താല്‍ ഉടുതുണി പൊക്കി  മൂന്നു പ്രാവശ്യം കാണിക്കുമായിരുന്നു അത്രേ..മൂന്നില്‍ കൂടുതലും ഇല്ല . 
ആ  ഫ്ലാഷ്    കാണാന്‍   പ്രായ ഭേദമന്ന്യേ ആണുങ്ങളായി വളര്‍ന്നോരെല്ലാം   അങ്കം  കുറിച്ച്  നില്‍ക്കുമായിരുന്നു.

 കെട്ട്യോന്‍ അലങ്കാരമായി അയേല്‍ തൂങ്ങുന്ന തോര്‍ത്ത്  അടയാളത്തില്‍ അകായില്‍ ഒരു   കാജ  ബീഡി പരസ്യത്തിനു പോസ് ചെയ്യന്നു എപ്പോഴും  ..
വാ    കീറിയ   ദൈവം ഇരയും പിടിച്ചു   തരും എന്നുള്ള  ഫിലോസഫിക്കാരന്‍ ...
അല്ലെങ്കില്‍   സ്വന്തം ഭാര്യ   ചുണ്ണാമ്പ്   ഉണ്ടല്ലോ..!

  ചുണ്ണാമ്പും    ചുക്കും    ഇഴ പരിയാത്ത  സുഹൃത്തുക്കള്‍   ഹൃദയം   പങ്കു     വയ്ക്കാന്‍  പോലും   മടി ഇല്ല
  പക്ഷെ    മറ്റുള്ളവരുടെ   ഇഷ്യൂസ്  തീര്‍ത്തിട്ട്  അതിനു    സമയം  കിട്ടാറില്ല  എന്ന്     മാത്രം
  അതായിരുന്നല്ലോ  ആ ഓമന   പേരുകള്‍ക്കും  ഉറവിടം ...ചുക്കില്ലാതെ  എന്ത്  കഷായം  ?
   മൂന്ന് പേര്‍  കൂടുന്നിടത്ത്   നാലാമതായി  ചുണ്ണാമ്പ്   ഇല്ലാതെ  എന്ത്  കഥ  ?

 അങ്ങനെ ഒരോണ  കാലം ...ഒരു  ത്രി സന്ധ്യയില്‍ ചുണ്ണാമ്പും  ഏതോ കൂട്ട്  കക്ഷീം ചേര്‍ന്നുള്ള മുറുക്കല്‍ പരിപാടി ഏതോ   ദോഷൈക ദൃക്കു കണ്ടു പോലും  ഉള്ളതോ , ഇല്ലാത്തതോ..അല്ലെങ്കില്‍  ഓണാഘോഷ പരിപാടി  വല്ലോം ആയിരുന്നിരിക്കാം   വല്ല  ഓണ തല്ലോ മറ്റോ....
രാവിലെ മുക്കിനും  മൂലയിലും എല്ലാം   പിറ്  പിറെ  കഥകള്‍..

 എല്ലാം  നേരില്‍  കാണാന്‍  ചാനല്‍  കണ്ണാടിയോ ..ഇത്തരം കാര്യങ്ങള്‍ക്കായി ഒരു  പുറം ഒഴിച്ചിട്ട 
 പത്രങ്ങളോ ഇല്ലാതിരുന്നതിന്റെ ദുഃഖം ശരിക്കും മറ്റുള്ളവര്‍ അറിഞ്ഞു കാണണം. 
ഇന്നാണെങ്കില്‍    ഇതും ഒരു റിയാല്‍ടി   ഷോ  പോലെ    സംഗതി"  ഇല്ലാതെ  ഭാവം  മാത്രം  ഉള്ള ഒരു   എപ്പിസോഡ്  ..അത്ര തന്നെ  
  
എന്തായാലും ചുക്കിനെ  കണ്ട മാത്രയില്‍  ആരോ  വഴി   തടഞ്ഞു..  
മുന്‍ കാലങ്ങളില്‍   ചുണ്ണാമ്പിന്റെ   തുണി പൊക്കി   ഷോയില്‍  മനം മടുത്ത ആരോ..എന്നിട്ട്  ചോദിച്ചു 
 " ഓ  .. അവള്‍ വലിയ കേമി ആണല്ലോ എന്നിട്ടിപ്പം ..ദേണ്ട്  തുണീം പൊക്കി  മാവേലീടെ കൊമ്പത്തിരിക്കുന്നു എന്നാരോ പറഞ്ഞു  ...ഹ..ഹ.."    അര്‍ഥം  വച്ചുള്ള പറച്ചില്‍ ചുക്കിനു അത്രയ്ക്കങ്ങ് പിടിച്ചില്ല..

  ചുക്ക്     ആകെയൊന്നു  ചെറഞ്ഞു.."എന്നിട്ട്   പറഞ്ഞു   അവള്‍ക്കു  അറുപത്  ആയതല്ലേ  ഉള്ളൂ  നിങ്ങള് പറയുന്നത് കേട്ടാല്‍ തോന്നും  അവള്‍  അങ്ങ്  മുതുക്ക്  ചെന്ന്  പോയീ  എന്ന്..അവള്‍ക്കുമില്ലേ   വികാരങ്ങള്‍ ...
 നമ്മളെ പോലെ  മനുഷ്യരല്ലേ അവളും..ഇതിനാത്ത്  ഇപ്പം  എന്തോ ഇത്ര  ഇരിക്കുന്നു ..ആ"

ചോദിച്ചവര്‍   കാല്‍ വിരല്‍   കൊണ്ട്  നിലത്ത് ഒരു   ആന   ചേന  വരച്ചു.  
സ്വന്തം   അനുഭവം ആകാം..അല്ലെങ്കില്‍  ഭാവിയെക്കുറിച്ചുള്ള ആകുലത ആകാം...
രണ്ടായാലും  ആ  ടോക്  ഷോ   അവിടെ   തീര്‍ന്നു.

ഉടുത്ത മുണ്ട് ഒന്ന് സട കുടഞ്ഞു വീണ്ടും  ചുക്ക്  ആത്മഗതം പറഞ്ഞു.." വല്ലോരേം കൊണ്ട് പറയിപ്പിക്കാതെ ഇതൊക്കെ ഒളിച്ചും  നോക്കീം  വേണ്ടേ.. സായിപ്പും മദാമ്മേം ഒന്നുമല്ലല്ലോ..ഒന്നുമല്ലെങ്കില്‍ കൊച്ചു മക്കള്‍ എന്ത് കരുതും ....എല്ലാര്ക്കും എന്തിനും  ഒരു മറ ഒക്കെയുണ്ട് .."

ഇന്നും ഈ കഥകള്‍ തുടരുമ്പോള്‍ ..   ഒരു പക്ഷെ    നിഷ്കളങ്കമായി    പാടി നിര്‍ത്തിയ വരികള്‍ ഒരു അടിപൊളി   റി മിക്സ് ആകുന്നുവോ..
അതോ പഴയ  ഇറച്ചി   കഷണങ്ങള്‍  പുതിയ മസാല ചേര്‍ത്ത് ചൂടപ്പം പോലെ വില്‍ക്കുന്നുവോ?

രണ്ടായാലും ചുക്കിന്റെ വേദാന്തം ഇന്ന്  ചുണ്ണാമ്പിനും കൊള്ളാതായി..
കാടി ആയാലും മൂടി കുടിച്ചാല്‍ ഇന്ന് ആരു കാണും? ആരും കണ്ടില്ലെങ്കില്‍ എങ്ങനെ നാലുപേര്‍ അറിയും?








2011, ജൂൺ 22, ബുധനാഴ്‌ച

ചില ഗെയിമുകള്‍ മാറ്റി കളിക്കാം!

 ഇന്ത്യയെ കണ്ടെത്തല്‍ ഒരു ഗെയിം...

ഒരുപാട് ഗെയിമുകളില്‍ പോയി കളിച്ചു കുളിച്ചു പക്ഷെ ഗപ്പൊക്കെ കുറച്ചേ കിട്ടിയുള്ളൂ.
അങ്ങനെ കുട്ടീം കോലും കളിയില്‍ എത്തി   നെല്ലി പലകയില്‍ നില്‍ക്ക വാറെ,
അതിനകത്തും  മായം തിരിപ്പ് .."കോഴ "...സുന്ദരമായ പദം!
ശരി അതൊക്കെ പിള്ളാര്‌ കളി എന്നും പറഞ്ഞു ഒരു മലയാളി കളിക്കാരന്റെ വേഗത്തില്‍ ചില വൈകൃത ചേഷ്ടകള്‍ കാട്ടാം..പൂര്‍വ്വികരെ പോലെ  പല്ല് ഇളിയ്ക്കാം..പക്ഷെ..

കളി അവിടം കൊണ്ടും തീരുന്നില്ല കളിയുടെ കളിയായി ഇയ്യിടെ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ഒരു ഗെയിം മാറ്റി കളി നടന്നപ്പോള്‍ മുതല്‍ കുളി തെറ്റി ആകെ , മാനം പോയ പോലെ ഒരു തോന്നല്‍..
വന്നത് എത്ര ? പോയത് എത്ര? ആരൊക്കെ കേറി? ആരൊക്കെ ഇറങ്ങി?

കുചേലന്മാരെ കോണകം പോലും ഉരിഞ്ഞു നാട് കടത്തി, അതന്നെ മിച്ചം.
അര്‍ദ്ധ നഗ്നനായ ഒരു  ഫക്കീര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നോ ആവോ?
എന്തായാലും വട്ട  കണ്ണാടി വഴീല്‍ കെടന്നത് ആരോ അടിച്ചു മാറ്റി (മലയാളി ആകാം)
പാവം ഇപ്പോള്‍ സത്യം അന്വേഷിച്ചു  ഇരുട്ടില്‍ തപ്പുകയാകാം,
അതോ ഉടു മുണ്ട് സ്പെക്ട്രത്തില്‍ കുരുങ്ങി നാണം കുണുങ്ങി നില്‍ക്കുന്നോ?
 സര്‍വ്വോദയ തൊപ്പി വച്ച അപരനെ കണ്ടു നടു വെട്ടി കിടന്നു പോയോ?
ആമാശയം അടി നാഭി കഴിഞ്ഞു കിഡ്നി  വരെ വളച്ചു നില്‍ക്കുന്ന അഭിനവ ഫകീര്‍മാരെ   ഓര്‍ത്ത് ഒരു വെടി ഉണ്ടയുടെ ശബ്ദത്തിനു കൂടി കാതോര്‍ക്കുന്നോ ?
ചര്‍ക്ക തിരിയുന്ന ശബ്ദം  'ജെനറല്‍ എ സിയുടെ"    മര്‍മരം ആയി കുളിരുമ്പോള്‍  ഒരിഞ്ചു മേല്‍ മുണ്ടിനു വേണ്ടി കൈ നീട്ടി നില്‍ക്കുന്നോ?
എന്റെ സത്യ ഗ്രഹ പരീക്ഷകള്‍ ...

ഉന്നതന്‍ ,  നീതി പീഠത്തില്‍  കണ്ണ് കെട്ടിയ പെണ്ണിനെ  അടി ശീല ഉരിഞ്ഞു വേണ്ടാ തീനം കാണിക്കുന്നതില്‍ ഈ പഴയ ബാരിസ്ടര്‍ ഇല്ലാ മുടി പറിച്ചു  പ്രാകുന്നോ?  
ഒന്നും അറിയാനേ കഴിയാത്ത വണ്ണം ഒച്ചകള്‍ പെരുകുന്നു.  ..         ഹേ  റാം...

ഒരു  ഇനിയ്ക്കും "   മൊഴി  കേള്‍ക്കാനോ ഒരു  കനി    കണി കാണാനോ കഴിയാതെ ഉരുള്‍ കസേരകളില്‍ എത്ര അച്ഛന്മാര്‍  കണ്ണ് പോലും കാണാതെ "കൊല  പണ്‍റാം കളാ' എന്ന് കേഴുന്നോ?  പൂര്‍വ്വ ജന്മം പുന പുന..

"നിനച്ചാല്‍ ലാദനെയും പുടിക്കിരേന്‍  ..ബട്ട്   ഉയിര് പോനാലും നിനക്കാത്.."
"ആനാല്‍ ആദര്‍ശ് ഫ്ലാറ്റ് മട്ടും അടിച്ചു  മാറ്റിടുവേന്‍" 
 ഇത്  ഗെയിമിന്റെ ഫ്രീ വേര്‍ഷന്‍!  കളികള്‍ അനവധി ....
ഇനിയത്തെത്തിനു വേണം  കോഴ  അല്ലെങ്കില്‍ കോഴി...

ആയതിനു കൊപ്പില്ല  ,
അത് കൊണ്ട് പരശു രാമന്‍ വടി വാള്‍ എറിയുന്ന  സ്വന്തം നാട്ടിലേയ്ക്ക്
അമ്മയ്ക്കും പെങ്ങള്‍ക്കും "വാടകയ്ക്ക് " എന്ന ബോര്‍ഡു വയ്ക്കുന്ന ..വാണിഭ  മേട്ടിലെയ്ക്ക് ..

ഇവിടെ ഗെയിം പൂട്ടി   കുറെ     കളിക്കാര്‍  പോയിരിക്കുന്നു..പൊട്ടാത്ത നനഞ്ഞ പടക്കങ്ങള്‍ ബാക്കി..
അടുത്ത ഊഴക്കാര്‍ വാം അപ്പ് ചെയ്യുന്നു..പുറമേ    ആകെ മൊത്തം വെള്ള നിറം..
വട്ട കണ്ണട പൊട്ടി പാളീസായി  ദാ കെടക്കുന്നു..       ഹോ റാം.

എന്നാലും ചില ഗെയിമുകള്‍ കോമണ്‍..(കേട്ട കഥ!)

ഒന്ന് സ്വാശ്രയ ഭൂതത്തെ കുടത്തില്‍ അടയ്ക്കുക..

ആരോ ആര്‍ക്കോ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരമായി ഈ കുടം എന്നോ തുറന്നു..
കേരളം ആയതു കൊണ്ടും അവസരം പോലെ ഉയരണ്ടത് കൊണ്ടും
("അങ്ങേലെ മുപ്പീന്നു ചത്തോടി.."   അതാണല്ലോ  കേരളത്തിന്റെ  ദേശീയ ഗാനം)
തുറവി കിട്ടിയ പാടെ   കള്ള്, പെണ്ണ് , ഇറച്ചി , പിന്നെ അസാരം വേദം ഒക്കെ വില്‍ക്കുന്നവന്റെ പുറം തിണ്ണ പൂകി
ഭൂതം..
ക്രാക്ക് ജാകിനു പകരം "ഫിഫ്ടി ഫിഫ്ടി " ബിസ്കറ്റും കയ്യില്‍..
നേരോ നെറിയോ ഇല്ലാത്തവര്‍ സംഘം ചേര്‍ന്ന് ഒരു വരം ചോദിച്ചു
"വിദ്യാ വിലാസിനിയെ ഒന്ന് വ്യഭിചരിക്കാന്‍ പറ്റുമോ, കുറെ കാലമായി കൊതിക്കുന്നു ?"
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഭൂതത്തിന് എന്ത് വിലാസിനി..എന്ത് വിദ്യ
അതിലുപരി   മാനം വിറ്റും നാണം മറയ്ക്കുന്ന ചോദ്യ കര്താക്കള്‍ക്ക്  വിലാസിനിയും വിശാലക്ഷിയും തമ്മില്‍ ഭേദം എന്ത്.. ...ഒന്നേ വിദ്യ അറിയും ...
ധനം സര്‍വ്വ ധനാല്‍ പ്രധാനം..

നിര്‍ബാധം നടത്തി കൊടുത്തു ഭൂതത്താന്‍ ആഗ്രഹം.
പക്ഷെ കണ്ണകിയുടെ ശാപം പോലെ പുരം കത്തുന്നതിന്‍ മുന്പ്  ഏറുമോ  ഈ ഭൂതം കുടത്തില്‍?
അതിനും മടുത്തു തുടങ്ങിയിരിക്കുന്നു ..
ഇടയന്മാരുടെ ചന്തി, അല്ലെങ്കില്‍ മരുന്ന്  പരസ്പരം  മാറി കുത്തി വച്ച് കൊല്ലുമോ സ്വന്തം കച്ചവടത്തിന്റെ സന്തതി പരമ്പരകള്‍?  അവിഹിത ഗര്ഭങ്ങളുടെ ബാക്കി പത്രങ്ങള്‍..
കല്ലിന്മേല്‍ കല്ല്‌  ശേഷിയ്ക്കുമോ ?

ഇനി തട്ടിപ്പുകള്‍ ഉണ്ടാക്കി കളിക്കാം..

വെള്ളായണി പരമുവും , പക്കിയും,ഒക്കെ വാണ നാട്ടില്‍
ഒരു രൂപയ്ക്ക് കാറും അതിന്റെ കൂടെ അലക്ക് യന്ത്രവും  ശീതീകരണിയും വാങ്ങി
ഇല്ലാ കടം പൊല്ലാ കടമാകുന്ന മലയാളി ..കൈ കൊണ്ട് മേയ് ചൊറിയാതെ
മണി ചെയിനില്‍ കൂടി സ്വര്‍ഗത്തില്‍ എത്താന്‍ നോക്കുമ്പോള്‍ ..കയറില്‍ കുരുക്ക് വീണു മാം കൊമ്പില്‍ ആടി കളിക്കുന്നു..ചാനലില്‍ മുഖം   കാണിയ്ക്കുന്നു..
ഇനിയത്തെ അക്ഷയ ത്രിതീയക്ക്‌  ഇല്ലല്ലോ എന്നൊരു പ്രയാസം മുഖത്ത് ഇല്ലാതില്ല..

ഇനി കള്ളനും പോലീസും തമ്മില്‍ തിരിച്ചറിയുന്ന കളി..

അടയാളങ്ങള്‍ ഒന്നുമില്ല
അത് കൊണ്ട് ക്ലൂവും .. കിട്ടുന്നില്ല.
ഈ കളി കടല്‍ കര ആയ കാലം തൊട്ടേ ഉണ്ട് പോലും
ഇപ്പോള്‍ അത് ഹൈ ടെക് ആയിരിക്കുന്നു.. രണ്ടു പേര്‍ക്കും ഒരേ മുഖ ആകൃതി..വിദ്യാഭ്യാസവും ഉയരെ..
കള്ളനു മോഷണം മടുക്കും എന്നൊരു വര്‍ഗ ഗുണം ഏറും..അത്ര മാത്രം.

ഇനിയാണ് ഒടുക്കത്തെ ഗയിം ..

മനുഷ്യര്‍ ഈ ഗെയിമില്‍ കുറവ്..
പകരം  ടിപ്പര്‍ ,ജെ സി ബി, എസ്കവേറ്റര്‍ , മണ്ണ് മാന്തി , മെഷിന്‍ വാള്‍ , എന്ടോ സള്‍ഫാന്‍ , മറ്റു വിഷങ്ങള്‍  നിര്‍ബന്ധ സിസേറിയന്‍ ഗൈഡുകള്‍ ....ആള്‍ ദൈവ രൂപങ്ങള്‍..എസ് പിച്ചാത്തി ..വടി വാള്‍ ,തോക്കുകള്‍,ബോംബുകള്‍ , പീഡന ഗ്രന്ഥങ്ങള്‍..
വഴി ഓരത്തെ പ്ലാസ്റിക് കവറുകളില്‍ നാറി പുഴുത്ത മാലിന്ന്യങ്ങള്‍ക്ക് ഒപ്പം മനസാക്ഷിയും പുണ്ണ്യ പുരാണ പുസ്തകങ്ങളും..


ഇതൊക്കെ പൊതിഞ്ഞ കടലാസില്‍ പണ്ടെങ്ങോ ഉരുള്‍ പൊട്ടി മല അലറി പതിയ്ക്കുന്നതിന്റെ കീഴെ ചിന്ന ഭിന്നമായി കിടക്കുന്ന ഒരു നര രൂപ  ചിത്രം  ബഹു വര്‍ണത്തില്‍..

ഫല ശ്രുതി.
ഇയ്യിടെ എവിടെയോ വച്ച് വായിച്ച   "ന്യുസ് വീക്ക് " വാരികയില്‍ എഴുതിയിരിക്കുന്നു..

"രണ്ടക്ക വളര്‍ച്ചയോ  ലോക മേധാവിത്വമോ ഒന്നും ഇന്ത്യക്ക് വിധി കല്പിതമല്ല..അതെല്ലാം പൊയ്.
അടിച്ചു മാറ്റാന്‍, ഊഹ കച്ചോട ചന്തയില്‍ ഉന്നത ശ്രെഷ്ടന്മാര്‍ പാവങ്ങളെ മക്കാര്‍ ആക്കാന്‍
കരുതി കൂട്ടി ഇളക്കുന്ന വീമ്പുകള്‍ . ശശി എന്നും ശശി തന്നെ" 
അല്ലെ തന്നെ  കാശ്മീര്‍, മാവോയിസ്റ്റ് പോലെയുള്ള ആഭ്യന്തര പ്രശ്നങ്ങളും പരിസര മലിനീകരണവും
നേരെ ചൊവ്വേ ഒരു രാജ്യത്തെ വളരാന്‍ അനുവദിക്കുമോ? ഇട നില കാരന്റെ അല്ലെങ്കില്‍ ബ്രോക്കറുടെ പോക്കറ്റ് വീര്‍ക്കും അത്ര തന്നെ."  "
ഏതോ സാമ്പത്തിക വിദഗ്ധന്‍ പണ്ട് പറഞ്ഞു പോലും ഇതൊരു "നിരന്തരം പ്രവര്‍ത്തിയ്ക്കുന്ന അരാജകത്വം ആണെന്ന്."

ഈ കളി, "ഒരു ജന്മി കൊമ്ബ്രഡോര്‍  ബൂര്‍ഷ്വാ പൈങ്കിളി വാരിക മന പൂര്‍വ്വം കരി തേച്ചു കാണിക്കാന്‍ എഴുതിയത് "     എന്ന് വേണമെങ്കില്‍ മാറ്റി കളിയ്ക്കാം!

2011, മേയ് 20, വെള്ളിയാഴ്‌ച

സൂര്യയുടെ സി. വി.

ഇത്  സൂര്യയുടെ  "കരിക്കലം ' വൈറ്റ് "
പേര്  സൂര്യ,  അച്ഛന്‍ കാതില്‍ വിളിച്ചതും അമ്മ വിളിക്കുന്നതും
പക്ഷെ മഴക്കാര്‍ മൂടിയ സൂര്യന്‍ എന്ന് എല്ലാവര്ക്കും അറിയാം.
സ്വന്തം ചിത്രം ഒട്ടിക്കാന്‍ ചതുര കോളങ്ങള്‍ തികയില്ല  തന്നെയുമല്ല പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് പടം ഇപ്പോള്‍ ആരും വയ്ക്കാറില്ല.
അതുകൊണ്ട് ചിത്രം എഴുതുന്നു.


വയസ് -
പതിനെട്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ പതിനെട്ടു കൊല്ലം മുന്പ് ജനനം
അഞ്ചടി രണ്ടിഞ്ചു കഷ്ടി.     വണ്ണം കൂട്ടാനുള്ള മരുന്ന് കഴിക്കണം എന്ന് അപ്പുറത്തെ അമ്മാമ്മ എപ്പോഴും പറയും.
നാളോ - മകം അല്ലെങ്കില്‍ മകം പിറന്ന മങ്ക.
പക്ഷെ നീചത്തില്‍ അംശിച്ചു എന്ന് കണിയാന്‍ പറഞ്ഞു.  ജാതകം എഴുതിയതിന്റെ കടം ഇന്നും ബാക്കി.

വിദ്യാഭ്യാസം -
പന്ത്രണ്ടില്‍ രണ്ടു തവണ കാര്‍ക്കോടകന്‍ ദംശിച്ചു..
ഒരു തവണ പരീക്ഷ ഹാളില്‍ ഉറങ്ങിപ്പോയി രണ്ടാം തവണ നേരത്തെ ഇറങ്ങി മറ്റൊരു അത്യാവശ്യം..
സയന്‍സും കണക്കും തിരിഞ്ഞില്ല..
സാമൂഹിക പാഠം ഹുമാനിറ്റീസ്  ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നത് കുഞ്ഞിലെ അറിഞ്ഞിരുന്നു. 
അച്ഛന്റെ മദ്യപാനവും അമ്മയുടെ തീരാ വ്യാധിയും ആ പാഠങ്ങള്‍ നന്നേ ഗ്രഹിപ്പിച്ചു.

മുന്‍ പരിചയം -
അലക്ക് കല്ലും ബക്കറ്റും വെള്ളവും സോപ്പ് പൊടിയും ബ്രഷും ചേരുമ്പോള്‍ തുണികള്‍ വെളുക്കുമെന്നും  വലിയ വീടുകളിലെ തറകള്‍ ലൈസോള്‍ ഒഴിചു തുടച്ചാല്‍ പുറമേ   മിനുങ്ങുമെന്നും 
കര്ട്ടന് പുറകില്‍ കാമ കണ്ണുകളുമായി ആരോ നില്‍പ്പുണ്ടെന്നും സെന്റും മൊബൈലും ഓഫര്‍ ഉണ്ടെന്നും
അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലെന്നും
അവരെപ്പറ്റി പരാതി പറഞ്ഞാല്‍ വീട്ടിലെ അമ്മാമ്മയോ  ചേച്ചിയോ "നിന്റെ കുഴപ്പമാ" എന്നുള്ള ചാപ്പ കുത്തി ഉള്ള തൊഴില്‍ ഇല്ലാതാകുമെന്നും  അവിടെ ലൈസോള്‍ പറ്റില്ലെന്നും ..
ചെകുത്താനും കടലിനുമിടയിലുള്ള ദൂരം നന്നേ ചെറുതെന്നും..

സ്വന്തമായി രണ്ടു വാക്ക്  -
 രണ്ടു മൂന്ന് വീട്ടിലെ അടിച്ചു തളി കഴിഞ്ഞു സ്വന്തം കൂരയില്‍ എത്തി ശയ്യാവലംപയായ  അമ്മയെ തുണച്ചു  നാലു പറ്റും വാരി കഴിച്ച്  മെഴുക്കു മണക്കുന്ന പായ നിവര്‍ത്തി അമ്മയുടെ കട്ടിലിന്റെ താഴെ വിരിച്ചു പിഞ്ഞിയ പുതപ്പു ചൂടി കിടക്കുമ്പോള്‍  അയല്‍പക്കത്തെ വീട്ടിലെ ക്ലോക്കില്‍ പതിനൊന്നെങ്കിലും അടിക്കും.
അച്ഛന്റെ കൂര്‍ക്കം താരാട്ടാകും..  സുഖ നിദ്ര.

അമ്പീഷന്‍ - 
ഒരിക്കലും    നിറമുള്ള സ്വപ്‌നങ്ങള്‍ ഉണ്ടെന്നു അറിയരുതേ .  ഒരു പൂവിനും മണം ഉണ്ടെന്നു തോന്നരുതേ .  ഒരു പാട്ടിന്റെയും  ഈണം എന്തെന്ന്   കേള്‍ക്കരുതെ ..വീശുന്ന കാറ്റില്‍ കുളിരരുതെ....മഴയില്‍കുതിരരുതെ..

ഇത് സൂര്യ
മഷി പടര്‍ന്ന കയ്യൊപ്പോടെ..

2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

മോഹം കൊണ്ട് ഞാന്‍..

എണ്പതുകളിലെ  ഒരു കഷ്ടാനുഭവ ആഴ്ച  ആണെന്ന് തോന്നുന്നു..(രണ്ടായിരം കഴിയുമ്പോഴും  എന്റെ ആഴ്ചകളുടെ അനുഭവം അത് തന്നെ)   
ചുമ്മാ ഇരുന്നു മടുത്തപ്പോള്‍ കൊച്ചി ഐലന്റില്‍ പണിയെടുക്കുന്ന ഒരു സുഹ്രത്തിനെ കാണാന്‍ പോയി. 
കാലത്ത് കുളിച് ഒരുങ്ങി ആകെ ഉള്ള ബെല്‍ ബോട്ടം പാന്റും ഫുള്‍ കൈ ചെക്ക് ഉടുപ്പും..ശകലം കൊണ്ഫിടന്‍സ് സെന്റും ഒക്കെ തൂത്ത്..സ്ടെപ്പ്  കട്ട് മുടി ഒന്നുരുട്ടി ചീകി ..    അച്ഛന്റെ കയ്യില്‍ നിന്നും വണ്ടി  കൂലിക്കും മറ്റുമുള്ള വഹ " കൈ പ്പറ്റി  പുലര്‍കാലേ  പുറപ്പെട്ടു..
പത്തു മണിയോടെ സുഹൃത്തിന്റെ ക്വാര്‍ട്ട് ഴ്സില്‍  എത്തി. രണ്ടു കയ്യും നീട്ടി അവന്റെ സ്വീകരണവും ..ഉപചാരങ്ങളും.
അവന്റെ സുഹൃത്തുക്കളുടെ പാനോപചാര  സുഖ  ചികിത്സ കൂടി ആയപ്പോള്‍ ..     ഉറങ്ങിപ്പോയി.
"നിനക്ക് പോകണ്ടായോ.." അവന്‍ ഉണര്‍ത്തി.  
"ഇന്ന് തന്നെ ഇങ്ങു വരത്തില്ലേ  എന്ന  അച്ഛന്റെ ചോദ്യം ചെവിയില്‍ ഒരു വട്ടം കയറി വന്നു.. 
ധൃതിയില്‍ അവനോടു യാത്ര പറഞ്ഞു.
സമയം  വൈകുന്നേരം  ആറരയോടെ അടുക്കുന്നു. ..കൊച്ചീടെ മേലാസകലം ചെങ്കല്‍ നിറം വാരി പൂശി അസ്തമന സൂര്യന്‍ കടലില്‍ മുങ്ങാം കുഴി ഇടാന്‍ തയ്യാറെടുക്കുന്നു..കായലില്‍ ഓളങ്ങള്‍ സ്വര്‍ണ വളയങ്ങളായി ഏതോ ജ്വല്ലറി പരസ്യം പോലെ..ഇളകി മറിയുന്നു..
ആ കാഴ്ച മറയ്ക്കാന്‍ തോന്നിയില്ല..കണ്ണ് തുറന്നു പിടിച്ചു ഇന്ദിരാഗാന്ധി പാര്‍ക്കിന്റെ മൂലയിലെ ഒരു ആളൊഴിഞ്ഞ ബെഞ്ചില്‍ കടലിലേയ്ക്ക് നോക്കി അങ്ങനെ ഇരുന്നു..

മനസ്സില്‍ എത്ര വര്‍ണങ്ങള്‍..  എന്നും പ്രകൃതിയെ വാരി പുണരുന്ന ഈ സൂര്യന് ഒട്ടും മതിയാകാത്ത പോലെ മനസ്സില്ല മനസ്സോടെ  ..പിന്‍ തിരിഞ്ഞു നോക്കി കടലിന്‍ അഗാധതക്ളിലെയ്ക്ക്  ഊളി ഇട്ടു...കാക്ക കൂട്ടങ്ങള്‍ കായലിനു മീതെ അലറി കരഞ്ഞു കൊണ്ട് ചേക്ക തേടി പറന്നു..
പാവം ഭൂമി ചെംപട്ടു പുതച്ചു വിഷാദ മൂകയായി ...
ഭാവന ചിറകു വിരിച്ചപ്പോളെയ്ക്കും  കലൂര്‍" എന്ന വിളിയോടെ ബസ് വന്നു നിന്നു.  സൂര്യന്‍ പകര്‍ന്ന ചുവപ്പോ അതോ ചുവന്ന പെയിന്റോ ..ബസില്‍ കയറി ഒരു സൈഡ്‌ സീറ്റ് പിടിച്ചു. 
വെളിയില്‍നിന്നും അകത്തേയ്ക്ക് തണുത്ത മിനുത്ത മധുരമുള്ള കാറ്റ് ...പിന്നേം സ്വപ്ന തേരേറി..ബ്രിസ്ടോ സായിപ്പും കൂട്ടരും ഈ തുരുത്തില്‍ ഈ  മധുര പതിനേഴിന്റെ  പ്രകൃതിയെ രാവും പകലും അനുഭവിച്ചിരുന്ന കാലങ്ങള്‍ അസൂയയോടെ ഓര്‍ത്തു... കൊച്ചി  വാര്‍ധക്യം തീണ്ടാത്ത ഒരു  മദാലസ തന്നെ..!

ബസ് തീവണ്ടി ലെവല്‍ ക്രോസ്സില്‍ നിര്‍ത്തി. നേരം നന്നേ ഇരുട്ടി കഴിഞ്ഞു.  രാത്രിയില്‍ വണ്ടികളുടെ പ്രകാശം ഒരു നീണ്ട ലാത്തിരി കത്തിച്ചു പിടിച്ചപോലെ..ബസ് മെല്ലെ നീങ്ങിയപ്പോള്‍..

"മോഹം കൊണ്ട് ഞാന്‍ ദൂരെ ഏതോ ഈണം പൂത്ത നാള്‍..." മനോഹരമായ പാട്ടിന്റെ ഈരടികള്‍ ബസിനകത്തു മുഴങ്ങി.." ഹോ  ഇന്നത്തെ ഇറക്കം പൊലിച്ചു.." മനസ്സില്‍ കരുതി .

ഞാന്‍ മെല്ലെ എഴുന്നേറ്റ് അധികം ആരുമില്ലായിരുന്ന ബസില്‍ പാട്ടുകാരുടെ അരികില്‍ ഒരു സീറ്റ് പിടിച്ചു.
കൊലുന്നനെ ഒരു കറുത്ത സുന്ദരി കൊച്ചും അതിന്റെ കൂടെ നിക്കര്‍ ഇട്ട ഒരു പയ്യനും. 
അവള്‍ പാടുന്നു. ഇടയ്ക്കിടെ കൈ നീട്ടി പൈസയും ചോദിക്കുന്നു.  

കുപ്പി വളകള്‍ കൈ മുട്ട് മുതല്‍..നീണ്ട കൈ വിരലുകള്‍ അനക്കുമ്പോള്‍  വളകള്‍ ഇളകി പാട്ടിനു ശ്രുതി ആകുന്നു..
കൈ മുട്ടിനു മുകളില്‍ ചുരുക്കിട്ട കയ്യുള്ള ചുവന്ന നീണ്ട ബ്ലൌസും വെള്ള പാവാടയും..തലയില്‍ മഞ്ഞ മന്ദാര പൂക്കള്‍ കൊരുത്തിട്ട ഒരു മാലയും..
കഴുത്തില്‍ ഏതോ ദൈവത്തിന്റെ ഫോട്ടോ കറുത്ത ചരടില്‍ കുരുക്കി മാലയാക്കി ഇട്ടിരിക്കിന്നു.  

"കണ്ണില്‍ കത്തും ദാഹം.." അടുത്ത വരികള്‍ അവള്‍ ഈണത്തില്‍ പാടി തുടങ്ങിയപ്പോള്‍ ആങ്ങള ആയിരിക്കാം രണ്ടു തടി കഷണങ്ങള്‍ ഉരസി നല്ല താളം ചേര്‍ത്തു.

എന്റെ മനസ് ആ പാട്ടിന്റെ അന്തരാത്മാവിലെയ്ക്ക്  കടന്നു പോയി..എത്ര അര്‍ഥമുള്ള ഈ പാട്ട് തന്നെ എന്തിനു ഈ കുട്ടി തെരഞ്ഞെടുത്തു..അതും ഒരു തമിഴ് പെന്‍ കുട്ടി.. ഇത്ര ഈണം എവിടുന്നു കിട്ടി..
"ദൂരെ കനിവാര്‍ന്നു പൂവനങ്ങള്‍ " ഈശ്വര, ആ കുട്ടിയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ അടര്‍ന്നു വീഴുന്നുവോ?

എനിക്കും വല്ലാതെ വിഷമം തോന്നി..ടിക്കറ്റ് കാശ് കഴിച്ചു  അമ്പത് രൂപ ബസ് സ്ടാന്റിനടുത്തു  ലൂസിയയില്‍ കേറി ഒന്ന് മിനുങ്ങാന്‍ കരുതിയത്‌ അവളുടെ കയ്യില്‍ വച്ച് കൊടുത്തു..ഒരിക്കല്‍ കൂടി ആ പാട്ട് ഒന്ന് പാടാന്‍ പറഞ്ഞു.." 
"ഇത്രയും പൈസ വേണ്ട സാര്‍ .." എന്നും പറഞ്ഞു അവള്‍ മുപ്പതു രൂപ തിരികെ തന്നു. ഞാനാകെ വയ്യാതായി..
"രണ്ട് ഊണിനു ഇരുപതു രൂപ എടുത്തു" എന്റെ പ്രയാസം അറിഞ്ഞ അവള്‍ വീണ്ടും പാട്ടിനു ശ്രുതി ഇട്ടു..
പയ്യന്‍ താളവും.

ഇരുളിന്റെ മനക്കാമ്പില്‍ എവിടെയോ വജ്ര സൂചി പോലെ ആ കദനം പോയി തറച്ചതിന്റെ  ശബ്ദം       പ്രതി ധ്വനിച്ചപോലെ ..മനസിലേക്കും ഒരു മുള്ള് കുത്തി കയറി..
ദൈവമേ നിന്റെ സൃഷ്ടികള്‍ നിനക്ക് പോലും അറിയാ വഴികളില്‍ ഊരു തെണ്ടുന്നല്ലോ..ഒരു നിമിഷം ഞാനും കൂടെ പാടിപ്പോയി..ഒരു പകര്‍ന്നാട്ടം ..
പക്ഷെ ബസിലെ ഒളി നോട്ടങ്ങളും കമന്റുകളും എന്റെ ബോധം തിരിച്ചു തന്നു.. ആദ്യം അമ്പത് രൂപ പിന്നെ കൂടെ പാട്ടും ..അവര്‍ ചിന്തിച്ചതില്‍ തെറ്റില്ല ...നല്ല സന്ധ്യയും.
"രാവിന്റെ മറ പറ്റി ഏതെങ്കിലും ചാലില്‍ കുനിഞ്ഞു നിവരുന്ന മോഹം കൊണ്ടല്ല   ഈ .. ഈണം പൂത്ത  നാള്‍  ഞാന്‍ മധു തേടിയത്.." എന്ന് അവരോടു പറഞ്ഞാല്‍ അവര്‍ക്കും തിരിയില്ല. 
തേവര ജംക്ഷന്‍ ആയി..പാട്ട് നിലച്ചു   ബസ് നിന്നു .  
ആ കുട്ടിയും പയ്യനും കൈ വീശി കാണിച്ചു മെല്ലെ ബസില്‍ നിന്നും ഇറങ്ങി..പിന്‍ നിഴലായി മറയുമ്പോള്‍ എന്റെ മനസു തേങ്ങി..ബസ് വീണ്ടും കലൂര്‍ യാത്രയില്‍..
"നറും പുഞ്ചിരി തേരേറി വര്ണ കുംകുമം ചാര്‍ത്തി..ദൂരെ ആരാരും കാണാത്ത തീരത്ത് സങ്കമ സായൂജ്യം.."
ഒരു തുള്ളി കണ്ണ് നീര്‍ അറിയാതെ ഉരുണ്ടു വീണു..ഇരുളില്‍ എത്ര മോഹങ്ങളുമായി ആ കുട്ടിയും പയ്യനും വിശപ്പിന്റെ പാത്രം നിറയ്ക്കുകയാകാം..പിഞ്ഞി പോയ സ്വപ്‌നങ്ങള്‍ എങ്കിലും അവര്‍ക്ക് തിരികെ കൊടുക്കണേ ദൈവമേ ..എന്ന് പ്രാര്‍ത്ഥിച്ചു.

വീട്ടില്‍ എത്തിയ ശേഷം റേഡിയോ യില്‍ രഞ്ജിനി കേട്ട് കേട്ട് ആ പാട്ട് ഞാന്‍ കാസറ്റില്‍ ആക്കി..
ഓര്‍മകളില്‍ ഒരു ബസും ആ കുട്ടികളും ഞാനും... ഈണം മൂളി  ഇളം കാറ്റില്‍ അസ്തമന സൂര്യന്റെ പൊന്‍ പടം വാരി പൂകി ഇങ്ങനെ ലക്ഷ്യമില്ലാതെ   പോകുമ്പോള്‍...

ഭൂമിയില്‍ എവിടെങ്കിലും അവര്‍   കദനങ്ങള്‍ പാടി  ഉണ്ടാകുമോ എന്ന ഞെട്ടല്‍ എനിക്ക് തോന്നാറെ ഇല്ല..ഇനി ഒരിക്കലും അവര്‍ പാടി ആ പാട്ട് കേള്‍ക്കാന്‍ കഴിയില്ല എന്നുള്ളത് അറിയുംപോളും...കാലം പിച്ചി ചീന്തി ഓടയില്‍ എറിഞ്ഞു കളഞ്ഞിരിക്കുമോ എന്നുള്ളതും..എന്നെ ഞെട്ടിക്കുന്നില്ല..

മോഹം കൊണ്ട് ഞാന്‍..ദൂരെ ഏതോ ഈണം പൂത്ത നാള്‍ മധു തേടി പോയ്ക്കൊണ്ടേ ഇരിക്കുന്നു.

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

പാക്കര്‍ജി.

"ങ്ഹാ...പോത്താ  ..എന്താ ഇത്ര അര്‍ജന്റ്.."   
താഴെ പാടത്ത് നിന്നും കിടിലന്‍ അലര്‍ച്ച ..സാക്ഷാല്‍ ശ്രീമാന്‍ പാക്കരന്റെത്.   പുറകെ വേറെ പാക്കരന്മാര്‍ ഉണ്ടെങ്കിലും സൌണ്ട് സിസ്റ്റം ഇത്രയും മെച്ചമല്ല...
ഭഗവാന്‍ കൃഷ്ണന്‍ തേര്‍ തെളിക്കുംപോലെ  അടിമരത്തിന്റെ പലകമേല്‍ കയറി നിന്ന് കാഞ്ഞിരത്തിന്‍ വടി ആകാശത്തിലേയ്ക്ക് ചുഴറ്റി..നാന്‍ ആണയിട്ടാല്‍  അത് നടന്നു വിട്ടാല്‍ എന്ന് അണ്ണന്‍ പാടല്കള്‍ പോലെ...
ഒരു അടിമര ഘോഷ യാത്ര! (പാടത്ത് കന്നു പൂട്ടി കട്ടകള്‍ ഉടയ്ക്കുന്ന പ്രക്രിയ ഞങ്ങളുടെ നാട്ടില്‍ അടിമരമാണ്.)

ഘോഷ യാത്ര എന്ന് പറയാന്‍ കാരണം..  നിറ  പകര്‍ച്ചകള്‍  ആണ്..  വേഷ വിധാനങ്ങള്‍ ആണ്..
പച്ചച്ച പാട വരമ്പുകളും ..ചേറില്‍ കുതിര്‍ന്ന പാടവും ..കൈതകളും  കൈത പൂക്കളും..ചുറ്റി പടര്‍ന്ന  പുല്ലാഞ്ഞി വള്ളികളും അതില്‍ കയറി കിടക്കുന്ന കാശാവിന്‍ പൂക്കളും ..ഊളിയിട്ടു പറക്കുന്ന നീല പോന്മാനുകളും..
 വര്‍ണങ്ങള്‍ വാരി വിതറി  ചിത്ര തുന്നല്‍ തുന്നിയ പട്ടു കൊടി    സ്വര്‍ണ കൊടി മരത്തില്‍ ഏറ്റുന്ന      പോലെ..
ഒപ്പം ചേറിന്റെയും  കൈത പൂവിന്റെയും മണങ്ങള്‍  മാറി മാറി വരുമ്പോള്‍ ഒരു ഭ്രാന്തന്‍ സുഖവും..ഉത്സവം പോലെ.

സൂര്യന്‍ ഉദി തെളിയും മുന്‍പേ  തോളില്‍ അടിമര നുഖവുമായി മുന്‍പില്‍ പാക്കരന്‍ (പാക്കര്‍ജി എന്ന് ഞങ്ങള്‍ വിളിക്കും)  പുറകെ ആടി പാടി എണ്ണ കറുപ്പന്മാര്‍ പോത്തുകള്‍ രണ്ടെണ്ണം..
കുളമ്പ് മുതല്‍ വാല് വരെ പഴയ ഫയല്‍വാന്‍ മാരുടെ എണ്ണ തേച്ചു മിനുക്കിയ പവര്‍ മാള്‍ട്ട് ബോഡി പോലെ..മിനു മിനാ തിളക്കം..ആവര്‍ത്തിച് ആട്ടുന്ന ചെവിയുടെ ഉള്ളില്‍ നേരിയ ചുവപ്പ്  കാണാം..പിന്നെ മൂക്ക് കയറിന്റെ നിറവും...നരച്ച ചുവപ്പ്.  കഴുത്തിലെ ശംഖില്‍ വെളുപ്പ്...ആകമാനം അഴക്‌.
കണ്ണുകള്‍ തെറിച്ചു നിക്കുന്ന ഭാവം..ഒരു മാന്ത്രികന്റെ പോലെ.."ഘ്ര്ര്‍ ' എന്നൊരു ഒച്ചയിട്ട്   ബ്രാക്കറ്റ് കൊമ്പുകള്‍ ചരിച്ചു കുലുക്കി പോത്തുകള്‍ തമ്മില്‍ ആശയ വിനിമയം ചെയ്തു..അസാരം മൂത്രം "ഗ.. .ഗ " എന്ന്  വീഴ്ത്തി വരുമ്പോള്‍ ..പോത്തിന്‍  ചൂരടിച്ചു ഞങ്ങളുടെ വഴികളും ഒന്ന്  അമറും...

പാക്കര്‍ജി വെട്ടു വഴിയില്‍ നിന്നും പാടത്തെയ്ക്കുള്ള ജങ്ക്ഷനില്‍ സ്റ്റോപ്പ്‌ " പറയുമ്പോള്‍...അല്ലെങ്കില്‍ "നില്ലാ പോത്താ"  എന്ന് പറയുമ്പോള്‍ അനുസരണയോടെ കണ്ണുകള്‍ ചിമ്മി ..അങ്ങനെ നില്‍ക്കും അവര്‍, അടുത്ത കമാന്റിനു  കാതോര്‍ത്ത്.

ഇനി പാക്കര്‍ജിയുടെ  "കോസ്ട്യൂം" ചേഞ്ച്  സീന്‍ ആണ്.
ഉടുത്തിരിക്കുന്ന കൈലി അരയില്‍ നിന്നും ഊരി എടുത്ത്‌ പാട വരമ്പിലെ കൈതോലകള്‍ക്കിടയില്‍ തിരുകും. 
അപ്പോള്‍ കാണാം കറുത്ത ചന്തിയിലെ ചൊറി   പാടുകള്‍..(ഞങ്ങള്‍ എവിടെങ്കിലും പമ്മി നില്‍ക്കും..പാക്കര്‍ജി പോത്തിനോട് പറയുന്ന ചില കോഡ്  ഭാഷകള്‍ കേള്‍ക്കാനും പഠിയ്ക്കാനും ..പിന്നെ പറയാനും  ഇടവ പാതി മഴ നനയാന്‍ വെളുപ്പാന്‍ കാലത്ത് നല്ല രസമാ..ഒപ്പം കൈത പൂ പെറുക്കാനും..ചേറില്‍  ചാടി തിമിര്‍ക്കാനും  . പക്ഷെ സ്കൂള്‍ ഒരു  ഞെട്ടലാ ..നാശം. അത് കൊണ്ട് ശനിയും ഞായറും മാത്രം ഘോഷ യാത്രകള്‍.  )

അരയിലെ കറുത്ത ചരടില്‍ കോര്‍ത്ത്‌ ഇട്ടിരിക്കുന്ന വെള്ളി ഏലസ്  ..നിക്കര്‍ എന്നോ  ബര്‍മുഡ എന്നോ  ഒന്നും പറയാന്‍ കഴിയില്ല ..വേണമെങ്കില്‍ ബിക്കിനി എന്ന് പറയാം..പക്ഷെ ഒന്നും തങ്ങി  നിക്കുന്നില്ല  എല്ലാം പുറത്തു തന്നെ..പിന്നെ എന്തിനാ ഇത് എന്നുള്ള ഫിലോസഫി പാക്കര്‍ജി ചിന്തിക്കുന്നേയില്ല എന്ന് തോന്നുന്നു.
എന്തായാലും ആട്ടം നില്‍ക്കും മുന്‍പേ ഒരു ചുട്ടി തോര്‍ത്ത് സഞ്ചിയില്‍ നിന്നും എടുത്ത് അരയ്ക്കു ചുറ്റി ..തെങ്ങോലയുടെ മടലിനു   മുകള്‍   വശം കീറി എടുത്ത് കെട്ടി കഴിയും.

സഞ്ചിയും ടിഫിന്‍ ബോക്സും കൈത ചുവട്ടില്‍ വയ്ക്കും..ബീഡിയും തീപ്പെട്ടിയും എടുക്കുമ്പോള്‍..
പോത്തന്മാര്‍  മെല്ലെ ചുവടു വച്ച് തുടങ്ങും ..അതിനു കമാന്റ് ഒന്നും വേണ്ടാ..ബീഡി കത്തിക്കുന്ന സിഗ്നല്‍ മതി.
പോത്തിനെക്കാള്‍ ഒരു ചുവടു മുന്നില്‍ കറുത്ത പാക്കര്‍ജി കഷണ്ടി തലയിലേക്ക് കമുകിന്റെ കൂമ്പാള തൊപ്പി എടുത്ത് അണിയുമ്പോള്‍ ..ചരിത്ര പുസ്തകത്തിലെ വാസ്കോ  ഡാ  ഗാമയുടെ ചിത്രം തെളിഞ്ഞു.
കത്തിച്ച ബീഡിയും ചുണ്ടില്‍ വച്ച് പോത്തന്മാരെ ഒന്ന് തിരുമ്മി തുടച്ചു ..
നുഖം പോത്തിന്‍    തോളില്‍  വച്ച് ..അടിമര പലക പോത്തന്‍ മാരുടെ   പുറകില്‍, നൂല് വച്ചാല്‍ മുറിയുന്ന   ഇടവ  പെരു മഴ പെയ്തു നിറഞ്ഞു നിക്കുന്ന പൊന്നാര്യന്‍ പാടത്തെ  ചേറില്‍ താഴ്ത്തി പിടിച്ചു അതിന്റെ കമ്പും നുഖവുമായി വഴുക കയര്‍ ഇട്ടൊന്നു കുരുക്കി ..ഒരു യുദ്ധത്തിനുള്ള പുറപ്പാടു പോലെ..
ചേറില്‍ കാല് കുത്തി രണ്ടു പേരുടെയും ചെവിയില്‍  എന്തോ പറഞ്ഞു..പാക്കര്‍ജി... ഓരോ ഉമ്മയും.
ചെവി ആട്ടി തല കുടഞ്ഞ്‌  പോത്തുകള്‍ സമ്മതം അറിയിച്ചു..വാല് കൊണ്ട് അത് ഉറപ്പിച്ചു.

നേരെ കിഴക്കോട്ടു തിരിഞ്ഞു പാക്കര്‍ജി കാഞ്ഞിര കമ്പ്  വടി ചെളിയില്‍ ഊന്നി ..മാറി രണ്ടു കയ്യും എടുത്ത്‌ പൊന്‍ വെട്ടം തൂകി നിക്കുന്ന ഉദയ സൂര്യനെ ഒന്ന് തൊഴുതു ." ഭഗവാനെ പത്തിന് നൂര്‍ ആകണേ.."
  അത്    കേട്ടിട്ട്  എന്ന വണ്ണം കിഴക്കേ ചരിവില്‍ നിന്നും     നിന്നും അനുഗ്രഹ വര്ഷം   പോലെ പറന്നു വരുന്നു വെളുത്ത കൊക്കും..മുണ്ടികളും. പാടം നിറഞ്ഞു വെള്ള നിറം..പാല്‍ പരവതാനി പോലെ..അതിനിടയില്‍ അക്ഷര തെറ്റ് പോലെ കാക്ക കൂട്ടങ്ങളും..ഇടയ്ക്കിടെ പറന്നു പൊങ്ങുന്നു.
ജീവിതത്തിന്റെ ഒരു പ്രൊഫൈല്‍ !!.

വെയില്‍  പരക്കുമ്പോള്‍   കൈതോലകള്‍  കാറ്റില്‍ മെല്ലെ ഇളകുമ്പോള്‍ ഒരു കൈത പൂ പറന്നു വന്നു  വെള്ള പരപ്പില്‍ വീണു..ഒഴുകി നടന്നു..അതിന്റെ മാസ്മര ഗന്ധം..

" ഹാ ..ഹാ ..ഇബ്ട പോത്താ.." പാക്കര്‍ജി യുദ്ധ കാഹളം മുഴക്കി ..പോത്തിന്‍ വണ്ടിയില്‍ ഒരുകാല്‍ ഊന്നി മറുകാല്‍ ശക്തിയോടെ ചേറില്‍ തുഴഞ്ഞു മുന്പോട്ടാഞ്ഞു  അടി മര പലകയില്‍ കയറി ..കാഞ്ഞിര വടി ആകാശത്തേയ്ക്ക് ചുഴറ്റുമ്പോള്‍ പോത്തുകള്‍ പ്രയാണം ആരംഭിയ്ക്കുന്നു. 
"ടപ്പ ..ടപ്പ ..പോത്താ..ഇടത്താ " പാക്കര്‍ജി ജൈത്ര യാത്രയില്‍..

മറ്റുള്ള ഉഴവുകാര്‍ വരുംപോളെയ്ക്കും  ഒരു വള്ള പാട്  അകലെ എത്തിയിരിക്കും പാക്കര്‍ജി.
അവര്‍ ഉഴവു തുടങ്ങുമ്പോള്‍ "പൂ ഹോയ്..നില്ല പോത്താ" എന്നുള്ള  സ്റ്റോപ്പ്‌  കമാന്റോടെ പാക്കര്‍ജി ഏതെങ്കിലും വരമ്പില്‍ പോത്തിനെ എത്തിച്ച് ..ചേറില്‍ കുളിച്ചു കര കയറി മഴ നനഞ്ഞ്    കാലത്തെ പുഴുക്കും കഞ്ഞിയും തുറന്നിരിക്കും!  പെരു മഴ തുള്ളികള്‍ കൂമ്പാള തൊപ്പിയില്‍ നിന്നും പാക്കര്‍ജിയുടെ  നരച്ച മുഖ രോമങ്ങള്‍ വഴി ഒലിച്ച്   ഇറങ്ങുമ്പോള്‍..പുഴുക്ക് മെല്ലെ ചവച്ചിറക്കി പോത്തിനെ നോക്കി ഇരിക്കുന്നു പാക്കര്‍ജി..

ശേഷം ഞങ്ങള്‍ പിള്ളാരുടെ പുറപ്പാടായി. 
ഇടവത്തിലെ  ഇട മുറിയാതെ   രാപകല്‍   പെയ്യുന്ന മഴ ...
മഴയുടെ സംഗീതം കേട്ട് നനഞ്ഞ്  കുതിര്‍ന്നിരിക്കുന്നു ഒരു പൊന്മാന്‍ പൊന്തയിലെ കാട്ടു  ചേമ്പിന്‍ തണ്ടില്‍..
സങ്കടം തോന്നി ..
പൊടുന്നനെ ആശാന്‍ വെള്ളത്തില്‍ ഊളിയിട്ട്  ഒരു പരല്‍ മീനും കൊത്തി .."അയ്യോ പറ്റിച്ചേ "എന്ന് ഞങ്ങളോട് പറഞ്ഞു  പറന്നകന്നു.

കൈത്തോട്ടില്‍  ഒഴുകി പരക്കുന്നു മേടത്തിലെ  വിഷുവിന്റെ ബാക്കി നിന്ന  മഞ്ഞ താലികള്‍..
ഒരു നിമിഷം കണിയും ..കൈ നീട്ടവും..പായസവും പൊന്മാനെ പോലെ ഊളിയിട്ടു പറന്നു..

"എന്തിനാട പിള്ളേരെ ഈ മുടിഞ്ഞ മഴയെല്ലാം നനയുന്നെ..പനി പിടിച്ചു കെടക്കാനാണോ"

പാക്കര്‍ജിയുടെ ശാസന .  "ഞങ്ങള്‍ക്ക് മീനെ തരുമോ  കിണറ്റില്‍ ഇടാന "   ഓമനയുടെ ചോദ്യം 

  പാടം   നിറയെ വരാലിന്‍ കുഞ്ഞുങ്ങള്‍ ഉണ്ട്  കലക്ക വെള്ളത്തില്‍     അടിമരം വയ്ക്കുമ്പോള്‍ അടി കിട്ടി എന്നവണ്ണം അതുങ്ങള്‍ മയങ്ങി മയങ്ങി കിടക്കും അപ്പോള്‍ പിടിക്കാന്‍ എളുപ്പമാ..മയക്കം മാറുമ്പോള്‍ നോര്‍മല്‍  ആവുകയും ചെയ്യും..പിന്നെ വലിയ മാനത്താന്‍  കണ്ണികളും  വാഴയ്ക്ക വരയനും ..കടുവയെ പോലെ തോലുള്ളവന്‍ ..എന്ത് രസമാ..ചേമ്പിലയില്‍ കുമ്പിള്‍ ഉണ്ടാക്കി അതിലിടും..എന്നിട്ട് സജിയേം രവിയേം ഒക്കെ കാണിക്കും ..അവര്‍ക്ക് മഴ  നനയാന്‍ അനുവാദം ഇല്ല...അവമ്മാരുടെ ഒരു കൊതി കാണണം.

പക്ഷെ അടിമരം വക്കുമ്പോള്‍ കൂടെ നടക്കാന്‍ ഈ പാക്കര്‍ജി എന്നല്ല ഒരുത്തരും സമ്മതിക്കുന്നില്ല..പോത്ത്  ഇടയുമത്രേ.. എവിടുത്തെ ന്യായം എന്ന് തോന്നി..അല്ലങ്കില്‍ പറയും നിലം ഉറച്ചു പോകും എന്ന്.


ഞങ്ങളെ നോക്കി പാക്കര്‍ജി..
'എന്റെ കുഞ്ഞുങ്ങളെ,  കഴിഞ്ഞ ഇടവപ്പാതിയ്ക്കു എന്റെ ഒരേ ഒരു മകന്‍ ബാലന്‍ ഇങ്ങനെ മഴ നനഞ്ഞ്   മീനെ പിടിച്ചു എന്റെ കൂടെ നടന്നു..അവനു പനി വന്നു ..ഗവന്മേന്റ്റ് ആശുപത്രീല് ഒരു മാസം കെടന്നു ..കഴിഞ്ഞ കര്‍ക്കിടകത്തില്‍ എന്റെ കുഞ്ഞു പോയി..."  പാക്കര്‍ജി വിതുമ്പി..

ഞങ്ങള്‍ ഇടറി നിന്നു  .. 
പണ്ട്    ആരോ പറഞ്ഞത് പോലെ കേട്ടിരുന്നു..കന്നു പൂട്ടുന്ന പാക്കരന്റെ മോന്‍ ജ്വരം വന്നു മരിച്ചെന്ന്...
ഓ..കഷ്ടമായി..ഓമന കരയുന്നു..

"പോട്ട്  മക്കളെ  കരയണ്ടാ..അവന്‍ മിടുക്കനായിരുന്നു അതാ ദൈവം നേരത്തെ വിളിച്ചത്.." പാക്കര്‍ജി കണ്ണ്‌ തുടച്ചു.

"നിങ്ങള്‍ മഴ നനയണ്ട ..വീട്ടില്‍ പോയാട്ടെ..  ഞാന്‍ മീന്‍ കുഞ്ഞുങ്ങളെ പെറുക്കി വെള്ളത്തില്‍ ഇട്ടു വച്ചേക്കാം..മഴ തോരുമ്പം  വാ തരാം.." പാക്കര്‍ജി ഞങ്ങളെ സാന്ത്വനിപ്പിച്ചു.

കണ്ണില്‍ കൂടി കണ്ണീരും മഴ വെള്ളവും ധാര ധാരയായി ഒഴുകുമ്പോള്‍
" ഡാ, പോത്താ എന്താ ഇത്ര അര്‍ജന്റ്.." പാക്കര്‍ജി വീണ്ടും യാത്ര തുടങ്ങിയിരുന്നു..

പാട വരമ്പിന്‍ അരികിലെ കൈത്തോടില്‍  എവിടെ നിന്നൊക്കെയോ ഒഴുകി വന്ന കൈത പൂക്കളും .. പിന്‍ നിന്ന   കണി കൊന്ന പൂക്കളും,   ശംഖു പുഷ്പങ്ങളും    ഒരു പൂവിന്‍ ചുഴി തീര്‍ത്തു കറങ്ങുന്നു..
ഞങ്ങള്‍ കണ്ണോടു   കണ്ണ്‌  നോക്കി പെരു മഴ നനഞ്ഞ് പാട വരമ്പില്‍ ....
ദൂരെ അടിമരം വച്ച് തിമിര്‍ക്കുന്ന പാക്കര്‍ജിയുടെ ഒച്ച മഴയിലും മുകളില്‍ ..."വലത്താ ..പോത്താ.."

2011, മാർച്ച് 27, ഞായറാഴ്‌ച

സുജേഷ്

അണ്ണാ  "സുമേഷിന്റെ അനിയന് സുഖമില്ല   കല്ല്‌  ചുമ്മൂന്നതിനു ഇടയില്‍ അവന്റെ കാലേല്‍ പാറ കല്ല്‌ വീണു ഒടിഞ്ഞു.. മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടില്‍ വന്നിട്ടുണ്ട്.."  സന്തത സഹാചാരികളില്‍ ഒരുവന്‍ ജങ്ക്ഷനില്‍ വച്ച് പറഞ്ഞു..

ഓര്‍മ്മകള്‍  മെല്ലെ ആകാശ ചരിവില്‍ നിന്നും പറന്നു വന്നു..വെള്ള ചിറകു വീശി ഇളം കാറ്റുപോലെ..പൂത്ത കണിക്കൊന്നയില്‍ ചേക്ക ഇരുന്നു..
സുമേഷും ഞാനും ഒന്നിച്ചു ഒന്നാം ക്ലാസില്‍ വച്ച് കണ്ട ചിത്രം ..പിന്നത്തെ ക്ലാസുകള്‍..
അവന്റെ കാക്കി വള്ളി നിക്കര്‍ മുട്ടോളം   നടക്കുമ്പോള്‍ കാലുകള്‍ കൂട്ടി ഉരസുമ്പോള്‍  "ശീ ശേ "   എന്നൊരു ശബ്ദം 

ആരോ കൊടുത്ത വെള്ള ഉടുപ്പ്  നിക്കറിന്റെ അകത്തേയ്ക്ക് കയറ്റി വലിയ ഫാഷനില്‍ കൈകള്‍ തെറുത്തു വച്ച്  അങ്ങനെ നിക്കുമ്പോള്‍ ഒരു ഉമ്മര്‍ സ്റ്റയില്‍..പക്ഷെ ഉടുപ്പിനകത്തു ശരീരം  പഞ്ചസാര ചാക്കിലെ സൂചി പോലെ ആയിരുന്നു എന്ന് മാത്രം..പാവം ..സ്ലേറ്റിന്റെ   പൊട്ടി പോയ മുറിയില്‍ കടം വാങ്ങിയ കല്ല്‌ പെന്‍സില്‍ കൊണ്ട് ചെമ്പരത്തി പൂവിന്റെ പടം   വരയ്ക്കുമായിരുന്നു  ..ക്ലാസില്‍ ഒന്നാം പാഠം  വായിക്കുന്നതിനിടയില്‍ അതിനു നല്ല കിഴുക്ക്‌  എന്നും പല ആവര്‍ത്തി കിട്ടുമായിരുന്നു..

പക്ഷെ ഇടയ്ക്ക് ഓടി പോയി ടീച്ചേഴ്സ് മുറിയിലെ ഓട്ടു മൊന്തയില്‍ കേശവന്‍ ചേട്ടന്റെ കാപ്പി കടയില്‍ നിന്നും  കട്ടന്‍ വാങ്ങി കൊണ്ട് കൊടുത്തു അവന്‍ വലിയ ശിക്ഷാ വിധികളില്‍ നിന്നും വിടുതല്‍ നേടുമായിരുന്നു..സാറന്മാര്‍ കൊടുക്കുന്ന ചെറിയ പടി നിക്കറിന്റെ പോക്കറ്റില്‍ ഇട്ടു കെട്ടും.."അനിയന്‍ അനിയത്തി അമ്മ ഇവര്‍ക്കൊക്കെ കൊടുക്കണം " എന്ന് എപ്പോഴും  പറഞ്ഞു കൊണ്ടേ  ഇരിയ്ക്കും ..ഓടുമ്പോള്‍ ചില്ലറ തുട്ടുകള്‍ കിലുങ്ങാതിരിയ്ക്കാന്‍  കൂട്ടി പിടിക്കും. 
വലിയ ധനികന്റെ പത്രാസ് !!

സുമേഷിന്റെ മൂത്ത പെങ്ങള്‍ നാലാം ക്ലാസില്‍ പഠിയ്ക്കുന്ന സുജ  ചോദിച്ചാലും അവന്‍ കൊടുക്കില്ല..അനിയത്തി സുധയോടാ അവനു കൂടുതല്‍ ഇഷ്ടം..അനിയനോടും.    "സുജെടച്ചന്‍  വേറെയാ.." അവന്‍ പറയും.
"നിന്റെ അച്ഛനോ " ഞാന്‍ ചോദിക്കരുതാത്തത്  ചോദിച്ചു..അവന്‍ ഒട്ടും മടിക്കാതെ മറു പടി തന്നു.." ആ ..ആരോ ഒരാള്‍   എനിക്കറിയില്ല..അങ്ങ് ദൂരെ ആണെന്ന് അമ്മ പറഞ്ഞു" എന്നിട്ട് അവന്‍ ഒരു കല്ലെടുത്ത് ഉന്നം നോക്കി മാവിന്‍ കൊമ്പില്‍ ഇരുന്ന  കാക്ക തമ്പുരാട്ടിയെ എറിഞ്ഞു.. "സുധ ഉണ്ടായപ്പം പോയതാ..എന്നും പറഞ്ഞു.."

ഞാന്‍ കുഞ്ഞു മനസ്സില്‍ ചിത്രങ്ങള്‍ കോറി നോക്കി ഒന്നും ചേരുന്നില്ല  രൂപങ്ങള്‍ മാറിയും മറിഞ്ഞും  പോകുന്നു..

ഉച്ചയ്ക്ക് വിടുമ്പോള്‍ പാറ മുകളിലെ അവന്റെ വീട്ടില്‍ പോകാന്‍ ഇഷ്ടമായിരുന്നു..അവിടെ നിന്ന് കൂകിയാല്‍ ആയിരം പേര്‍ ഒന്നിച്ചു  തിരിച്ചു കൂകുംപോലെ..   വീടെന്നു പറയാന്‍  നാല് കീര്‍ ഓല മെടഞ്ഞു പറങ്കി മാവിന്‍ കൊമ്പു കൊണ്ട്  താങ്ങി നിര്‍ത്തിയ  ഒരു പാവം കുടില്‍..മുകളില്‍ പുല്ലും ഓലയും മേഞ്ഞിരിക്കുന്നു..എന്നാല്‍ അകത്തെ മെഴുകിയ തറയുടെ കുളിര്‍മ..പറയാവതല്ല..അതിന്മേല്‍ കിടന്നാല്‍ ഓല പാളികള്‍ക്കിടയില്‍ കൂടി വരുന്ന കാറ്റ് ഏറ്റു അറിയാതെ ഉറങ്ങി പോകും.. മൂലയില്‍ വച്ചിരിക്കുന്ന ഓട്ടു നിലവിളക്കിന്‍ ചോട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ ദൈവങ്ങള്‍!  അമ്മ എവിടെയോ പണിയ്ക്ക് പോയിരിയ്ക്കുന്നു.

"അങ്ങേ മലയില്‍ നിന്നും എല്ലാ വെള്ളിയാഴ്ചെം  രാത്രി ഈ മലയിലേയ്ക്ക്‌ യക്ഷി  പറക്കുമെന്ന് അമ്മ പറഞ്ഞു..
  ദാ  ആ   കാണുന്ന പനേലാ  താമസം"  സുമേഷ് പറഞ്ഞപ്പോള്‍ ഞങ്ങളും ഉച്ചയുടെ നിശബ്ദതയില്‍ ഒരു ഹൂമ്കാരം കേട്ടു...   പനം  കൈകള്‍ കാറ്റില്‍ താളം ഇടുന്നു..
 "അപ്പോള്‍ നിനക്ക് പേടിയില്ലേ.." ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു  
"ഞങ്ങള്‍  അമ്മയെ കെട്ടി പിടിച്ചു കെടക്കും.."  സുധയുടെ മറു മൊഴി.

  വീടിനോട്  ചേര്‍ന്ന പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ഇലഞ്ഞി മരത്തിന്‍ ചോട്ടില്‍ ഞങ്ങള്‍ സാറ്റ് കളിക്കും..അപ്പോള്‍ സുധയും അനിയനും മറ്റു പിള്ളാരും വരും..സുജയെ കളിപ്പിക്കില്ല..അല്ലെങ്കില്‍ സുമേഷ് പെണങ്ങി പോകും..
സുജ ഇലഞ്ഞി പൂ പെറുക്കി മാല കെട്ടി അവനും കൊടുക്കും  അവന്‍ മനസില്ല മനസോടെ അത് വാങ്ങും..മിണ്ടില്ല.

ഉച്ച ഊണ് ഒന്നും പതിവില്ല..തെളി നീര്‍ പാള  തൊട്ടിയില്‍   പാറ ചരുവിലെ കിണറ്റില്‍ നിന്നും കോരി കുടിയ്ക്കും..പിന്നെ കണ്ണി മാങ്ങാ ഉണ്ടെങ്കില്‍ അത് പൊട്ടിച്ചു ഉപ്പും ചേര്‍ത്ത്..
വിശപ്പ്‌  മൂക്കുന്നവര്‍ മൂക്കുന്നവര്‍ കളി നിര്‍ത്തി പിരിയും ..അപ്പോള്‍ പാറ മുകളില്‍ സുമേഷ് എല്ലാവരെയും കൈ ആട്ടി യാത്ര അയയ്ക്കും. 

" അണ്ണാ പോകുന്നോ അവിടെ വരെ"  എന്റെ മറു പടിയ്ക്ക് കാത്തവന്‍ ക്ഷമ കെട്ടപ്പോള്‍ ഉറക്ക ചോദിച്ചു..
അപ്പോളാണ് ഓര്‍മയുടെ പത്തായത്തില്‍ ആയിരുന്നു ഞാന്‍ എന്നറിഞ്ഞത്.. അര മനസ്സോടെ  പുറത്തു വന്നു..
അവന്റെ ഓട്ടോ റിക്ഷയില്‍ കേറി .." ശരിയെടാ  അവിടെ വരെ  പോകാം അവന്റെ അമ്മയെയും ഒന്ന് കാണാം.."

വീണ്ടും ഞാന്‍ ഇലഞ്ഞി മര ചോട്ടില്‍  എത്തി..
നാലാം ക്ലാസ് കഴിഞ്ഞു പോകാറായപ്പോള്‍   വാര്‍ഷിക പരീക്ഷ അടുത്ത ഏതോ ഒരു നാള്‍ ആരോ ക്ലാസില്‍ പറഞ്ഞു "നമ്മുടെ  സുമേഷിന്റെ പെങ്ങള്‍ സുജ വെഷം കുടിച്ചു.."
കേട്ട പാതി ഞങ്ങള്‍ ഓടി  പാറ മുകളില്‍ എത്തി..നേരിയ വിങ്ങലുമായി തലയില്‍ കൈ കൊടുത്തു സുമേഷിന്റെ അമ്മ ചലനം അറ്റ് കിടക്കുന്ന സുജയെ നോക്കി ഇരിയ്ക്കുന്നു...വാടിയ ഇലഞ്ഞി മാല പോലെ വെറും തറയില്‍ കെടക്കുന്നു സുജ...
മുഖത്ത് ആരെയും തോല്‍പ്പിക്കാന്‍ കഴിയാത്തവള്‍ എന്ന് എഴുതി വച്ചപോലെ ഒരു മന്ദഹാസം.

സുമേഷ്   കല്ലെടുത്ത് ഉന്നം പിടിച്ചു കാക്ക തമ്പുരാട്ടിയെ എറിയുന്നു..
നാലാം ക്ലാസില്‍ പിരിഞ്ഞു..പിന്നെ എപ്പോഴോ ആരോ പറഞ്ഞു .." നാലില്‍ തോറ്റപ്പോള്‍   സുമേഷ്  നാട് വിട്ടു പോയി..എവിടാന്നു  ആര്‍ക്കും അറിയില്ല..."

പാവം അവന്റെ അമ്മയെ  വിളറിയ മുഖത്തോടെ വല്ലപ്പോഴും കാണുമായിരുന്നു.  എല്ലും തോലും ഒട്ടിയ കവിളും..ജന്മങ്ങള്‍ ഒടുങ്ങയതിനും  വിട പറഞ്ഞതിനും മൂക സാക്ഷി..അമ്മ ഭൂമി പോലെ.

" ഇതാ സുമേഷിന്റെ വീട് ..." ഓട്ടോ നിര്‍ത്തി . പാറ മുകളിലെ വീടൊക്കെ ആരോ പാറ തുരന്നു പൊട്ടിച്ചപ്പോള്‍ ചിതറി പോയിരുന്നു..ആ അമ്മയുടെ സ്വപ്‌നങ്ങള്‍ പോലെ...ഭൂമിയുടെ സ്വപ്‌നങ്ങള്‍ പോലെ.

കട്ടിലില്‍ കെടക്കുന്ന  സുമേഷിന്റെ അനിയന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്‌ തടഞ്ഞു..കൈയ്യില്‍ ഉണ്ടായിരുന്ന നൂറു രൂപ അവന്റെ തല കീഴില്‍ വച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. സുമേഷിന്റെ ഓര്‍മ്മകള്‍ ആകാം..ബാല്യം കൈ മോശം വന്ന എത്രയോ സുമേഷും സുജ മാരും  ആ കണ്ണിലൂടെ എന്നെ നോക്കി.
 തിരിയുമ്പോള്‍ മുന്‍പില്‍ അവന്റെ അമ്മ ...
"ആരാ കുഞ്ഞേ..എനിക്ക് തിമിരം കാരണം ഒന്നും കാണാന്‍ വയ്യ ..ഈ കട്ടിലില്‍ കെടക്കുന്നവന്‍ പാറ ചുമ്മി വേണം മൂന്നു വയര്‍ കഴിയാന്‍..അതിനിടയില്‍ കണ്ണ് കാഴ്ച ആര് നോക്കാന്‍ ..ഭഗവാനെ"

കൂടെ വന്ന ഓട്ടോ സുഹൃത്ത് എന്നെ പരിചയപ്പെടുത്തി..വേണ്ടിയിരുന്നില്ല എന്നാണു തോന്നിയത്..
ആ അമ്മ അലമുറയിട്ടു കരഞ്ഞു.."നിന്റെ കുഞ്ഞിലെ പോയതല്ലിയോ എന്റെ സുമേഷും  സുജയും..വര്ഷം  മുപ്പത്തേഴു കഴിയുന്നു..എന്റെ മോനെ നീ വന്നപ്പം എനിക്ക് നിന്നെ ശരിക്ക് കാണാനും വയ്യ.." 
ചക്ക അരക്കിന്റെ ഒട്ടല്‍ ഉള്ള കൈ എന്റെ കൈ പിടിച്ചു തിരുമ്മി..പാറ മുകളിലെ ഇലഞ്ഞി മരത്തിന്റെ തണലോളം പോന്ന കുളിര്‍മ...ആ മണം.

"ഡാ..സുജേഷേ .."   അമ്മ എനിക്കറിയാത്ത ഒരു മൂന്നാം പേര്‍ വിളിച്ചപ്പോള്‍ ..എന്റെ സംശയം തീര്‍ക്കാന്‍ കട്ടിലില്‍ കെടന്ന അനിയന്‍ പറഞ്ഞു.." ഇളയവള്‍ സുധെടെ മോനാ ..രണ്ടു കൊല്ലം മുന്പ് അവള്‍ ബോംബയില്‍ ഒരപകടത്തില്‍ പെട്ട് മരിച്ചു പോയി..ഭര്‍ത്താവ്  നേരത്തെ പോയിരുന്നു..അന്ന് മുതലേ ഇവനെ ഞങ്ങളാ നോക്കുന്നെ..അവള്‍ക്കു വലിയ വരുമാനം ഒന്നും ഇല്ലായിരുന്നു..മിടുക്കനാ ഇപ്പം എഴാം ക്ലാസില്‍ "


"ഞങ്ങള്‍ അമ്മയെ കെട്ടി പിടിച്ചു കെടക്കും" എന്ന് സുധ പേടിയോടെ പറഞ്ഞത് എന്റെ കാതില്‍ മുഴങ്ങി..

സുജേഷ്    വന്നു വലിയ അമ്മയെ കെട്ടി പിടിച്ചു നിന്നു  "വല്യ ക്രിക്കറ്റ് കളി കാരനാ മോനെ..നന്നായി പാടും..ഇവനാ ഇപ്പം ഞങ്ങടെ സുമേഷും  സുജയും  സുധയും എല്ലാം..ഇവനെ എങ്കിലും എനിക്കൊരു കൊള്ളി വയ്ക്കാന്‍ വച്ചേക്കണേ എന്റെ തിരുവാറന്‍ മുളയപ്പാ ...."

അമ്മയുടെ അലറി കരച്ചിലില്‍ ഞാനും ഒലിച്ചിറങ്ങി..പെരു മഴയില്‍ പാറ തകര്‍ന്നു അലറി വരുന്ന മല വെള്ള പാച്ചിലില്‍ നുരയും പതയും ..കട പുഴകിയ ഇലഞ്ഞി മരവും ..യക്ഷി പനയും..ഓല കീറുകള്‍  കുത്തി മറച്ച കുടിലും 
അതിനെല്ലാം മുകളില്‍ പൊട്ടിയ ഒരു ഇലഞ്ഞി പൂ മാലയും..

2011, മാർച്ച് 6, ഞായറാഴ്‌ച

ദൂരെ ..ദൂരെ.. ആയെന്‍ തീരമില്ലയോ...

എന്റെ മോനെ എന്റെ കുഞ്ഞു പാവമായിരുന്നു..
"ഇന്നലെ വിളിച്ചപ്പോളും പറഞ്ഞു അമ്മയ്ക്ക് മരുന്നിനു പൈസ അയക്കുന്നുണ്ട് എന്നും...ഇനി വരുംപോള്‍ കല്യാണ കാര്യം നോക്കാം എന്നും...പിന്നെങ്ങനാ  മോനെ ഇതിങ്ങനെ ...അവനു മുന്‍പേ എന്നെ കടത്തി വിടണേ എന്ന് മാത്രം..ഭഗവാനോട് പറഞ്ഞതിന്റെ ഫലം എനിയ്ക്ക് കിട്ടി..ഈ വയസാം കാലം ഇനി എന്തെല്ലാം കാണാന്‍ കണ്ണ് തരും ദൈവമേ...എന്നെ ഇങ്ങനെ.."
കുഴംബിന്റെ മെഴുക്കുള്ള കൈ എന്റെ കൈയ്യില്‍ നിന്നും അടര്‍ത്തി മാറ്റി..
തേങ്ങലോടെ പിന്നെയും ആ അമ്മ കട്ടിലില്‍ ചുരുണ്ട് കൂടി.. ഏങ്ങി  ഏങ്ങി വിതുംബി..ഒരു ചോദ്യ ചിപ്നം പോലെ കെടന്നു..അലറി കരയിലേയ്ക്ക് അടുക്കുന്ന തിരയുടെ വരവ് പോലെ ..തിരികെ ഇറങ്ങുംപോള്‍ കരയുടെ കൈ വിടുവിച്ചു പോകും പോലെ ശ്വാസ ഗതി.. ഒരു ചെറിയ ശീല്കാരമായി ആരോഹണം അവരോഹണം..
അടുത്ത മുറിയില്‍ നിശ്ചലനായി   നിലത്തു    കെടക്കുന്ന മകന്റെ മുഖത്തേയ്ക്ക്  ഇടയ്ക്കിടെ   ഒരു  പാളി നോട്ടം ..പിന്നെയും ഭഗവാനോട് എന്തൊക്കെയോ കലംപലുകള്‍.. അടക്കിയ തേങ്ങലുകള്‍ മര്‍മരങ്ങള്‍...

തേങ്ങാ മുറിയില്‍ കൊളുത്തിയ വിളക്കിന്റെ ആളുന്ന നാളം ഇനിയും എന്തിനെയോ എത്തി പിടിയ്ക്കാന്‍ എന്നവണ്ണം..സാംബ്രാണി തിരിയുടെ മണം ..മരണത്തിന്റെ മണമായി മുറി നിറയെ..

ഓര്‍മ ചെപ്പു തുറക്കുമ്പോള്‍ എന്റെ കോളജു കാലം തൂകി വീണു.. പത്തു മുപ്പതു കൊല്ലം കീഴ്മേല്‍ മറിഞ്ഞു..

അന്നൊക്കെ  ഞങ്ങളുടെ നാട്ടിന്‍ പുറത്തു   അപൂര്‍വ്വമായിരുന്ന    ഈ  രണ്ടു നില വീടും   വീടിനു ഓരം ചേര്‍ന്ന്      ശാന്തമായി സ്വച്ഹ സ്ഥായിയില്‍   ഒഴുകുന്ന  പംപയും  ..
ഞങ്ങള്‍ സൊറ പറയാന്‍ ഇരിക്കുന്ന ആറ്റു  വഞ്ചി തണലും...കടമ്പും..
പിന്നെ ഈ അമ്മയും ഇവിടുത്തെ ആണ്‍ കുഞ്ഞുങ്ങളും ...അതില്‍ മൂത്തവനായ എന്റെ സഹ പാഠിയും..ഒരു കറുപ്പും വെളുപ്പും കലര്‍ന്ന ചിത്രമായി തെളിഞ്ഞു..

സംബന്നതയുടെ  ആഖോഷങ്ങള്‍,  ആരവങ്ങള്‍ കാതില്‍ കേട്ടു.... അച്ഛന്‍ പുകള്‍ പെറ്റ കോണ്ട്രാക്ടര്‍  കുബേരന്‍..മക്കളെയും അവരുടെ കൂട്ടുകാരെയും സ്നേഹത്തോടെ പോറ്റുന്നവന്‍..

കോളജില്‍    സ്വന്തമായി സമരം ചെയ്തു കിട്ടുന്ന അവധികള്‍ മിക്കതും ഞങ്ങള്‍ സഖാക്കള്‍ ഈ വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ആഖോഷങ്ങള്‍ ആക്കിയിരുന്നു...ചെഗുവരെയും .. നെരുദയും
സാര്‍ത്രും ..സിമോണും .. പിന്നെ മുകുന്ദനും ..എം ടിയും .. വന്നു വന്ന്  സ്ടണ്ടും  തക്കാളിയും  ..   ഒപ്പം ദിനേശ് ബീഡിയും ..അല്പം ഹെര്‍കുലീസും, അതിനുള്ള പിരിവിന്റെ അംശം ഞങ്ങളുടെ കയ്യില്‍ കുറഞ്ഞാലും ഈ വീടിന്റെ മൂത്തവന്‍ ആ കുറവ് പരിഹരിയ്ക്കുമായിരുന്നു..സുമനസ്  അമ്പോറ്റി..
അച്ഛന്‍  കൊടുക്കുന്ന പോക്കറ്റ് മണി എത്ര വേണമെങ്കിലും..
ചര്‍ച്ചകളില്‍ മാത്രമേ അവനു ലുബ്ധു ഉള്ളായിരുന്നു..വായന അവനു ഫോര്‍ബിഡന്‍ സിറ്റി ആയിരുന്നു..പഠിയ്ക്കാനുള്ള വഹകളും തഥൈവ..  എന്നാല്‍ കാട്ടാളനും  കുറത്തിയും ...കുചേല വൃത്തവും മനപാഠം..
വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ കുചേല വൃത്തം പാടുമ്പോള്‍ ..നാളെ ഈ വൃത്തത്തില്‍ അവന്‍ ആകുമെന്ന് ഞങ്ങള്‍ ഊഹിചിരുന്നില്ല.....

ഹെര്‍കുലീസിനെ നേര്പ്പിയ്ക്കാന്‍ ,  അമ്മയ്ക്ക് അറിയാമെങ്കിലും അമ്മ കാണാതെ  സ്റ്റീല്‍ മൊന്തയില്‍  വെള്ളവുമായി പടി കയറി     പമ്മി പമ്മി വന്നിരുന്നവന്‍  നിക്കറു കാരന്‍..അവന്റെ അനിയന്‍ ...    
ഇന്ന് ഈ തറയില്‍ നിശ്ചലന്‍ .

"ഡാ മോനെ ശകലം   നാരങ്ങ    കറി  അമ്മ കാണാതെ എടുത്തോണ്ട് വാടാ " എന്ന് ജ്യേഷ്ടന്‍ പറയുമ്പോള്‍ ലക്ഷ്മണന്‍ ആയവന്‍..ഞങ്ങളെ ഒക്കെ സാകൂതം നോക്കി തമാശകള്‍ ആസ്വദിച്ചവന്‍...ഏതോ ജന്മ കല്പനകളില്‍ മറു കര തേടി ..ഉറങ്ങുന്നവനെ പോലെ കെടക്കുന്നു...


കോളജു കാലത്ത് ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാ ഇലക്ഷനും മത്സരിച്ചു തോറ്റംപുംപോള്‍   ഇവന്‍  ഞങ്ങളുടെ  സുമനസായവന്‍   ക്ലാസ് റപ്പായി എങ്കിലും ജയിക്കുമായിരുന്നു..പെമ്പിള്ളാരുടെ സോപ്പ്  കുട്ടപ്പന്‍ .. ബെല്‍ ബോട്ടം    പാന്റും ബെല്ടും  പട്ടി നാക്ക്‌ പോലെ കോളറുള്ള  വിലകൂടിയ ഉടുപ്പും..ഒരു ഫയലുമായി എത്ര വേണമെങ്കിലും  അവരുടെ ഇടയില്‍ കൃഷ്ണ ലീല കളിയ്ക്കുമായിരുന്നു ...പാവം ഞങ്ങള്‍ താടി വളര്‍ത്തി വിപ്ലവം മുണ്ടിന്‍ തുമ്പില്‍ കോര്‍ത്ത്‌ പിടിച്ചു നടക്കുന്നത് മിച്ചം...പെമ്പിള്ളാര്‍ പോയിട്ട്  ഒരു പെണ്‍  പട്ടി പോലും തിരിഞ്ഞു നോക്കില്ലായിരുന്നു...

കാമ്പസ് കാലം കഴിഞ്ഞു  ..പക്ഷെ കൂട്ട് മുറിഞ്ഞില്ല ...എല്ലാ കാലത്തും എപ്പോഴെങ്കിലും ഒക്കെ കണ്ടിരുന്നു..ഇപ്പോഴും.

ഒരുവന്‍ പത്ര പ്രവര്‍ത്തനം പഠിച്ചു മുന്തിയ പത്രത്തില്‍ ബോംബെയ്ക്ക് വണ്ടി കയറി.. വേറൊരുത്തന്‍  ഫൈന്‍ ആര്‍ട്സ്  പഠിച്ചു കൊച്ചീക്ക്  ചേക്കേറി...രണ്ടു പേര്‍ ഗുമസ്തന്മാരായി  ആജീവനാന്ത നടു  വേദനയും അല്പം പൈല്സും ടെസ്റ്റ്‌ എഴുതി വാങ്ങി...ഇവന്‍ ഞങ്ങടെ പ്രിയപ്പെട്ടവന്‍ പരീക്ഷ പാസായില്ല  അച്ഛന്റെ തൊഴില്‍ മേഖലകളില്‍ കൈ വച്ചു....പമ്പ ആറ്റില്‍ വെള്ളം ഒത്തിരി ഒഴുകി..ഋതുക്കള്‍ പലതു മാറി..കടമ്പ് വീണ്ടും പൂത്തു..

ഒരു നാള്‍ അറിയുന്നു അവന്റെ അച്ഛന്‍ മരിച്ചു പോയി  ഹൃദയ സ്തംഭനം ആയിരുന്നു..എന്ന്..ഞങ്ങള്‍ അവിടെ എത്തി..അവന്റെ പഴയ പ്രസരിപ്പൊക്കെ എങ്ങോ പോയിരിക്കുന്നു..കൃഷ്ണമണിയുടെ തിളക്കം കുറഞ്ഞിരിക്കുന്നു..
 കര്‍മ്മങ്ങള്‍ കഴിഞ്ഞു നനഞ്ഞ കൈ നീട്ടി പിടിച്ചു അവന്‍ പറഞ്ഞു.."അച്ഛന്റെ ബിസിനസ് അടിയ്ക്കടി പൊളിഞ്ഞു..സര്‍വ്വത്ര കടം..വീടും പറമ്പും പോകും എന്നുള്ള അവസ്ഥയാ..ആ ദുഃഖത്തില്‍ ആയിരിക്കാം അച്ഛന്‍ പെട്ടന്ന് മരിച്ചത്.."
അവന്റെ കണ്ണില്‍ വിഴാന്‍ ആഞ്ഞു നിക്കുന്ന കണ്ണീര്‍ കണങ്ങള്‍..
ചാരെ ഞങ്ങള്‍ക്ക് മൊന്തയില്‍ വെള്ളം തന്നവന്‍ ശൂന്ന്യതയില്‍ കണ്ണും നട്ട്  ...
ഒന്നും പറയാന്‍ കഴിയാതെ ഞങ്ങളും..എന്തെങ്കിലും ചെയ്യാന്‍ പണ്ടേ പോലെ  ഇപ്പോഴും ശക്തി ഹീനര്‍..


അമ്മ ഇപ്പോഴേ പോലെ തേങ്ങുന്നു..ആറിന്റെ തിളങ്ങുന്ന മാറിലെക്കും  നോക്കി ചുമ്മാ ഇരിക്കുന്നു..
ആറ്റു  വഞ്ചിയില്‍  ഇരുന്ന നീല പൊന്മാന്‍ വെള്ളത്തില്‍ ഊളി ഇട്ടു മീനിനെയും കൊത്തി  പറന്നു..

ഞങ്ങളും പിരിഞ്ഞു..
പിന്നെ കുറേകാലം കഴിഞ്ഞു ഓര്‍ക്കാ പുറത്തു അവന്റെ ഒരു കത്ത് കിട്ടി..."എന്റെ കല്യാണമാ ..പെണ്ണിന്റെ രണ്ടാമത്തേതും...ബാങ്ക് കാരന്റെ ജപ്തി ഒഴിവാക്കാന്‍ ഇതേ ഒരു മാര്‍ഗം കണ്ടുള്ളൂ..അവര് കുറെ പണം തരും..നിങ്ങള്‍  വരണം..അതിനു മുന്പ് നമുക്കൊന്ന് കൂടണം..കുചേല വൃത്തം പാടിയിട്ട്  കാലം കുറെ ആയി.."

ഞങ്ങള്‍ എല്ലാത്തിനും കൂടി.  വീണ്ടും പിരിഞ്ഞു..

ഒന്ന് രണ്ടു വര്ഷം കഴിഞ്ഞു ..അവനെ വീണ്ടും കണ്ടപ്പോള്‍ ഭാര്യയും   അവന്റെ കയ്യില്‍ വിരല്‍ കുടിയ്ക്കുന്ന കുഞ്ഞും..
വിളറിയ ചിരിയോടെ അവന്‍ പറഞ്ഞു.." ഇവിടെ അടുത്ത വാടക വീട്ടിലാ താമസം..ഒരു ചെറിയ പണി ഒക്കെ ഉണ്ട്..കുഞ്ഞിനു പോളിയോ എടുക്കാന്‍ വന്നതാ.."

ഒന്നും മനസിലാകാതെ ചോദിച്ചു "അപ്പോള്‍ വീട് ..അമ്മ ..അനിയന്മാര്‍..?"
അവന്‍ ചിരിച്ചോണ്ട്  പറഞ്ഞു   "അതാ കുചേല വൃത്തം..അമ്മ കുറത്തിയായി ..അനിയന്മാര്‍ കാട്ടാളന്‍ മാരും
കടം പിടിച്ചതിലും വലുത് അളയില്‍ എന്ന് പറഞ്ഞത് പോലെ ..പിടിച്ചാല്‍ തീരാതെ  ഉണ്ടായിരുന്നു..
വീടും പറമ്പും ഒരാള്‍ പണയത്തില്‍ എടുത്തു..അനിയന്മാര്‍  ബോംബെയ്ക്കും  ബീഹാറിനുമൊക്കെ ഉള്ള ബന്ധുക്കളെ തേടി നാടു വിട്ടു..അമ്മ  അകന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ ..."

എന്റെ മനസ്സില്‍ മുകളിലെ മുറിയും ...സ്റ്റീല്‍ മൊന്തയും  ..നിക്കറിട്ട അനിയനും പകര്‍ന്നാടി..
" നീ എന്ത് ചിന്തിക്കുവാ..ഇതൊക്കെ ഇത്ര ആലോചിക്കാന്‍ ..മൂക്കോളം മുങ്ങിയാല്‍ ..." അവന്‍ എന്നെ ഉണര്‍ത്തി....
ചായ കുടിച്ചു അവന്റെ വീട്ടില്‍ ചെല്ലാം എന്നാ വാക്കോടെ പിരിഞ്ഞു..

 പിന്നെ ഒരു കത്തില്‍ അവന്‍ അറിയിച്ചു   " മസ്കറ്റില്‍ ആണ്..ഒരു ചെറിയ പണി കിട്ടി ..അമ്മ  തിരികെ വന്ന്   വീട്ടില്‍ ഉണ്ട്..അനിയന്മാര്‍ കൈ വിട്ടു പോയ വീടെങ്കിലും തിരികെ എടുക്കാന്‍ ..അച്ഛന്റെ ചിതയിലെ കായ്ക്കാത്ത തെങ്ങെങ്കിലും  പോകാതിരിക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണ്..മറ്റൊന്നും  വേണ്ട നമ്മുടെ പഴയ മുറി നമുക്ക് തിരികെ വേണ്ടേ?  അവിടെ ഒന്ന് കൂടണ്ടേ ..നാരങ്ങ കറി അമ്മ വയ്ക്കും.."


ആ അശ്രാന്ത പരിശ്രമത്തില്‍ എവിടെയോ ഈ അനിയനെ മഞ്ഞപ്പിത്തം അറിയാതെ പിന്തുടര്‍ന്ന് കീഴ്പ്പെടുത്തി..അടിയറവ്  ...മറു നാട്ടില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ ശരീരമായി വീടകം പൂകി..
ഇനി വിശ്രമം.   പരിശ്രമങ്ങള്‍ക്ക്  വിട.
ചിത കത്തി പടരുമ്പോള്‍ ...
മനസ്സില്‍ പഴയ ഒരു പല്ലവി കണ്ണീരായി ഒഴുകി എത്തി.."ദൂരെ ..ദൂരെ ആയെന്‍ തീരമില്ലയോ.."
തോളില്‍ ഒരു കൈ വന്ന് പതിഞ്ഞു ..തിരിഞ്ഞു നോക്കുമ്പോള്‍ ജ്യേഷ്ടന്‍ രാമനായവന്‍...അനിയനെ യാത്രയാക്കി  കലങ്ങിയ കണ്ണുകളോടെ  നിസ്സഹായനായി..

2011, ജനുവരി 15, ശനിയാഴ്‌ച

കൊച്ചേട്ടന്‍

"തങ്കം..മോ...ശഹെലം  മീഞ്ചാര്‍ ഇവിടെ ഫ്രീ ആയിട്ട്   ഒന്ന്  വെളംപിയെക്കണേ.."
കയറ്റത്തിലെ കടയുടെ കിളിവാതിലിലൂടെ ഇറക്കത്തിലെ വീടിന്റെ അടുക്കളയിലേയ്ക്ക് ഭാര്യ തങ്കമ്മയ്ക്ക്    ഒരു മിസ്‌ കാള്‍..റിപ്ലേ കാത്ത് ഉണ്ണാതെ ഇരിക്കുന്നവന്‍ ചുമ്മാ ഇരിക്കത്തെ ഉള്ളു ...എന്നാല്‍ സ്ഥിരം ഊണ് കാരന് അറിയാം ഇതൊരു പരസ്യം മാത്രം ആണെന്ന്...വിശന്നു വയറു പോപ്‌ കോണ്‍ പോലെ പോരിയുംപോള്‍ പിരിച്ചെടുത്ത ചില്ലറ  എട്ടു  രൂപയുമായി ബെഞ്ചിന്റെ ഒരറ്റത്ത് ഞങ്ങള്‍ മൂന്ന് പേര്‍, സ്ഥിരം നാടക വേദി.. ഒരിലയും..  ഒരൂണും.

വാഴ ഇല വെയിലത്ത്‌ വാട്ടി കഴുകി അതില്‍ പുന്നെല്ലിന്റെ ചോറും നടുക്ക്  വലിയ സ്റ്റീല്‍ ചരുവത്തില്‍ തവി ഇട്ടു മരണ കിണര്‍ പോലെ കറക്കി അവസാനം ഒരു സ്പൂണ്‍ പരിപ്പ് കറി, ഒഴിച്ചതല്ല , എറിഞ്ഞ് പറ്റിച്ചത് ,
കോണില്‍ ഇത്തിരി പയര്‍ തോരന്‍,  കടു മാങ്ങാ ..അര പപ്പടം
നീട്ടി പിടിച്ച ഒരു മീന്‍ കറി..അതിന്റെ കഷണം മുടി വച്ച് മുറിച്ചിരിക്കണം! ആ മീന്‍ തീരുമ്പോള്‍ ഇനിയും  വിളമ്പുമായിരിക്കും  എന്ന് പകല്‍ കിനാവ്‌ കാണുന്നവന് ഒരു കൊളുത്താണ്   ഫ്രീ " മീന്‍ ചാര്‍ പ്രയോഗം. അല്ലെങ്കില്‍ നടക്കാത്ത സ്വപ്നം.
ഞങ്ങള്‍ മുഖം മറച്ചു ചിരിക്കും...ആദ്യം ഞങ്ങള്‍ക്കും പറ്റിയപ്പോള്‍ ആരെങ്കിലും   ഉറപ്പായിട്ടും ചിരിച്ചിരിക്കണം.

ഇത് കൊച്ചേട്ടന്റെ ചായ മക്കാനി..!  ധാബാ ..  അല്ലെങ്കില്‍ പറുദീസാ ഹോട്ടല്‍!!
സിഗരറ്റും നാരങ്ങാ സര്‍ബത്തും പഴവും എന്ന് വേണ്ടാ ചൂട് കട്ടനും ബീഡിയും വടയും...
മൂലധനമോ,  വൈരുദ്ധ്യാത്മക  ഭൌതിക വാദമോ ഇല്ല..എന്നാല്‍ നീണ്ടു നിവര്‍ന്ന് അല്ലെങ്കിലും ഒടിച്ചു കുത്തി കെടക്കാന്‍ ഒരു ബെഞ്ച്‌ തിണ്ണയില്‍ ഉണ്ട്..
പക്ഷെ കെടക്കാന്‍ അനുവാദം ഇല്ല ഒപ്പം രാഷ്ട്രീയം ക,    മാ എന്ന് പോലും മിണ്ടാനും പറ്റില്ല.
പട്ടാള ചിട്ടയാ..അനുസരിച്ചില്ലെങ്കില്‍
" നാളെ ഇതിനകത്ത് കേറാന്‍ നോ..പറ്റു പുസ്തകവും പുരിപ്പിചേച്ചു അങ്ങ് പോയാട്ടെ.." കൊച്ചേട്ടന്റെ ഭാഷ. 
വെഷത്തിനു  പോയിട്ട് വേഷത്തിന് പോലും   പരുങ്ങുന്നവര്‍ ആരും    ഒരിക്കലും ആ  ലക്ഷ്മണ രേഖ മുറിച്ചിട്ടില്ല..അത് കാരണം രാഷ്ട്രീയ ഭേദ ഭാവങ്ങള്‍  കോളജ് ഗേറ്റ് കടന്നാല്‍ വാനിഷ് ചെയ്യുമായിരുന്നു...സ്വത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് ..പറ്റു പുസ്തകം പഠിപ്പിച്ചിരുന്നു..
നാല് പുത്തന്‍ കൈയ്യില്‍ ഉള്ള ഐസ് ക്രീം കുഞ്ഞുങ്ങള്‍ അങ്ങോട്ട്‌ മൂട്ട കടി ഏല്‍ക്കാന്‍ ഒട്ടു കേറി വരികേമില്ല..അവരായി അവരുടെ പാടായി..
വട്ട  കീറി അടുപ്പില്‍ വച്ചതിന്‍റെ പൊകയോ..പഴയ കൂ കൂ തീവണ്ടി പോലെയും..കണ്ണില്‍ മുളക് എഴുതിയ പോലെ..

ഇത്രയും ആമുഖം..കഥ അല്ലിത്.. എന്നാല്‍..കഥയായി മാറി  ഓരോരോ കാലത്തിലും കഥകള്‍ ഉണ്ടായതും  ഇങ്ങനെ ആയിരുന്നിരിക്കണം.
എണ്‍പതുകളില്‍ മുണ്ടും മുറുക്കി ഉടുത്ത് കോളജ് ക്യാമ്പസ്സില്‍  ഒരു കക്ഷത്തില്‍ പുസ്തകവുമായി  എസ് എഫ് ഐ യും, കെ എസ് യു  വും , എ  ബി വി പിയുമൊക്കെ പടുത്ത് ഉയര്‍ത്താന്‍ അന്തരീക്ഷത്തില്‍ കൈയ്യുകള്‍ എറിഞ്ഞ് , പല്ലുകള്‍ കോര്‍ത്ത, ഇത്തിരി പ്രേമവും ഒത്തിരി റൊമാന്‍സും, അതിലേറെ  നൈരാശ്യവും , താടിയും ..ബീഡിയും..ലഖു ലേഖകളും..ജഗ പൊകയും ഒക്കെ കരുതിയ  ഓരോ മലയാളീടെം മനസ്സില്‍ എന്നും എവിടെയും   ഉള്ള ഒരു കൊച്ചേട്ടന്‍  കഥ മെനഞ്ഞത് എത്ര എത്ര..

ഞങ്ങള്‍ക്കും ഉണ്ടായിരുന്നു  ഒരു കൊച്ചേട്ടന്‍..പേരില്‍ മാത്രം.  പ്രായം കൊണ്ടും പറച്ചില്‍ കൊണ്ടും  അമ്പേ   വല്ല്യേട്ടനും..
കിനാവള്ളിയുടെ കൈ കാലുകള്‍ , നടുവേ കീറി പകുത്ത കറുത്ത് വെളുത്ത മുടി ഇഴ..പഴുതാര മീശ , തിളങ്ങുന്ന കണ്ണുകള്‍ , വട്ട ചെവി ,നെഞ്ചിന്റെ പകുതി കാണുന്ന മിലിട്ടറി ബനിയന്‍..ലഡാക്കില്‍ ജോലി ചെയ്ത ഒരു ബാട്ജും  എന്തോ ഒരു മൃഗ തലയുടെ പടവും, അതേല്‍ പിന്നെയും ഒരു സേഫ്ടി പിന്നും..പല്ലിട കുത്താനും ചെവിയില്‍ ഇടാനും  മള്‍ടി പര്‍പസ്.       കളം  കളം ഫോറിന്‍ കൈലി ഇടയ്ക്കിടെ  അഴിയും  അപ്പോള്‍ കൊച്ചേട്ടന്റെ പുക്കിളും വരയന്‍ നിക്കറും കാണാം.
അദ്ദേഹത്തെ ചുറ്റി പറ്റി ഒരു ചായക്കട   മൂന്ന് കാലില്‍ തല എടുപ്പോടെ മൂന്നാം കാലം കൊട്ടുന്ന ഒരു സമോവറും...അതില്‍ പകുതി ചൂടില്‍ അങ്ങനെ കെടക്കുന്ന വെള്ളവും..
പട്ടിക കഷണം തല്ലി കൂട്ടി അതിന്മേല്‍ മുന്ന് ഇഞ്ചിന്റെ ആണികള്‍ ആവശ്യത്തില്‍   അധികം അടിച്ചു കയറ്റി പലക കോണിച്ചു  വച്ച ഡെസ്ക് എന്ന സ്വയം കൃത അനര്‍ധവും.
വെട്ടു കല്ല്‌ പകുതി കെട്ടി പൊക്കി അതിന്മേല്‍ ചാണകം മെഴുകിയ പാതകം..അലുമിനിയം കലത്തില്‍ മുകളിലൂടെ ഒലിച്ചിറങ്ങിയ കരിഞ്ഞ്  ഉണങ്ങിയ  പാല്‍ പതകള്‍..
ചാരം മൂടി കെടക്കുന്ന കനല്‍ കൂന..ബീഡി കത്തിയ്ക്കാന്‍ ഒരു കനല്‍ കഷണം ഗവേഷണം ചെയ്തു കണ്ടെത്തണം. കിട്ടിയാലോ ചാരം പരമശിവന്‍ചൂടിയ പോലാകും!
നെര പലകകള്‍ തങ്കമ്മ ചേടത്തീടെ പാവാട വള്ളി കൊണ്ട് കെട്ടി ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്നു..  തറയില്‍,  മുകളിലെ ഓല ടെലി സ്കൊപ്പിലുടെ വന്നു വീണ       സൂര്യ മുട്ടകള്‍ പല വലിപ്പത്തില്‍  പൊട്ടാതെ ..ബ്ലോക്ക് മുട്ട അല്ലാതിരുന്നതിനാലാകം,   നേരിയ മഞ്ഞ ചുവ മുട്ടകള്‍ക്ക് ഉണ്ടായിരുന്നു.
മണ്‍ ഭിത്തിയില്‍ സോമനും ജയഭാരതിയും  അകന്നു നിന്നു ഉമ്മ കൊടുക്കുന്ന പടം..ആരോ കരികൊണ്ട് യോജിപ്പിച്ചിരിക്കുന്നു....കൊച്ചേട്ടന്‍ കാണാഞ്ഞതല്ല ..പിള്ളാരല്ലേ എന്ന് കരുതി..പിന്നെ കാനത്തിന്റെ കഥയും.
രണ്ടു ബെഞ്ചും ഒരു ഡെസ്കും ....ബീഡി പെട്ടിയുടെ ഒരു മുറിയില്‍ കാജ , ദിനേശ് ബീടികളുടെ ഒഴിഞ്ഞ കവറുകള്‍..ഒരു മുറിയില്‍ പനാമ , വില്‍സ് , ചാര്‍മിനാര്‍ സിഗരറ്റുകളുടെ നിറം മങ്ങിയ കൂടുകള്‍..സിഗരറ്റോ ബീടിയോ ഇല്ലാഞ്ഞല്ല..കൊച്ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍.." ചുമ്മാ വാങ്ങി വലിച്ചു തള്ളിയെച്ചങ്ങു പോഹും..പറ്റുമില്ല പറകേമില്ല..അവനെ ഒക്കെ വലിപ്പിക്കാന്‍ ഞാനാരാ വലിവിന്റെ ഡോക്ടറോ.."
(ഓസില്‍ പൊഹ  വലിക്കുന്നവന്‍ ആരായാലും അവനെ വലിവിന്റെ ദീനക്കാരന്‍ എന്നെ കൊച്ചേട്ടന്‍ വിളിക്കൂ ..പല സുഹ്രതുക്കളെയും ഞങ്ങള്‍ ആ പേര്‍ വിളിച്ചിരുന്നു...)

ചിരിച്ചോണ്ട് പിന്നെ പറയും "നിങ്ങള്‍ക്ക് ഒള്ളത് ഞാന്‍ മേശയ്ക്ക് അഹത്ത് വച്ചിട്ടുണ്ട്..."
ക" എന്നതിന് പഹരം" കൊച്ചേട്ടന്‍  ഹ " കേറ്റും  എഫക്റ്റ് കൂട്ടാന്‍..എല്ലാത്തിനും ഒടുവില്‍ ഒരു നീട്ടും..തങ്കം ..മോ വിളി പോലെ.

ബെഞ്ചില്‍ ഇരുന്ന്  "  വില്‍സ് ഇല്ലേ കൊച്ചേട്ട "എന്നൊരു ചുമ്മാ ചോദ്യം ഇട്ടു...
രണ്ടു കൈയും കൊട്ടി  വള്ളി കാലൊന്നു പിണച്ചു വച്ച്  ഉച്ചത്തില്‍ ചിരിച്ചോണ്ട് കൊച്ചേട്ടന്‍ പറഞ്ഞു " കാശ് കമ്മി ..ആകെ മൂന്ന് പാക്കറ്റ് വില്‍സാ വാങ്ങിയത്..എന്റെ മൂത്ത മഹന്‍ ശഹലം  വലിവിന്റെ ഏനക്കേട് കാരനാ  അവന്‍ ഞാന്‍ കാണാതെ രണ്ടു പാക്കറ്റ് അങ്ങ് മുക്കി..ഒരു പാക്കറ്റ് കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു കാണാതെ പോയതോ എന്തോ മിച്ചം ഉണ്ട്..അതേന്ന് ഒരെണ്ണം പണം അടച്ചു എടുത്താട്ടെ.." ലോഹ്യം എത്ര  കൂടുതല്‍    ആയാലും   പണം അടയ്ക്കാത്ത ഒരു ബന്ധവും കൊച്ചേട്ടന്‍ എടുക്കത്തില്ല. തന്നെയുമല്ല കടേലെ കോഡ്  ഓഫ് കോണ്ടാക്റ്റ് ഏത് വലിയവനും പാലിക്കുകയും വേണം...

ഒരിക്കല്‍ ലോലോലിക്ക" എന്ന് ഞങ്ങള്‍ ഒമാനപേര്‍ വിളിക്കുന്ന  സുമുഖനായ പ്രൊഫസര്‍ നൈജീരിയയില്‍ നിന്നും പിന്നേം വന്നു പണി തുടങ്ങിയ കാലം ...മറ്റു പ്രൊഫസര്‍ മ്മാരും ഒപ്പം ഉണ്ണാന്‍ വന്നു..ചിരി കളി തമാശകള്‍..ബെഞ്ചിന്റെ ഓരം ചാരി ഇരിക്കുന്ന ഞങ്ങള്‍ അറിവില്ലാ പൈതങ്ങളെ ഒന്ന് ഉഴിഞ്ഞു.." അല്ല സാറേ ഇവമ്മാര്‍ എപ്പോഴും  ഇവിടെ  ഈ ഇരിപ്പ്  ആണല്ലോ  ക്ലാസ്സില്‍ ഒന്നും പോകണ്ടായോ  "
എന്ന് മറ്റൊരു സഹ പ്രവര്‍ത്തകനുമായി കുശലം വച്ചു...അപ്പോള്‍ മറുപടി " ഓ അവരൊക്കെ ഹോട്ടല്‍ മാനെജ്മെന്റ് പഠിക്കുകയാ..സാറെ" എന്ന്.       ഞങ്ങള്‍ കേള്‍ക്കാന്‍ വിധിക്ക പെട്ടവര്‍..നിര്മമരായി.

ഇലകള്‍ കൊച്ചേട്ടന്‍ ഭംഗിയായി വിതാനിച്ചു ..ഒരു കോണില്‍ നിന്നും വിളമ്പും തുടങ്ങി..നമ്മുടെ ലോലോലിക്ക സാര്‍ ഇല ഒന്ന് കുനിച്ചു വച്ചു  എന്നിട്ട് ഗ്ലാസില്‍ കുടിക്കാന്‍ കൊടുത്ത വെള്ളം കൈ കുടന്നയില്‍ എടുത്ത് ഇലയിലേക്ക് താളിച്ച്‌  ഒരു വീഴ്തല്‍.. ഒരു മന്ത്ര കര്‍മ്മം പോലെ... എല്ലാം ശുഭം. 

വിളമ്പി വന്ന കൊച്ചേട്ടന്‍  സാറിന്റെ ഇലയില്‍ മാത്രം ഒന്നും എറിഞ്ഞില്ല!   കൂടിരുന്ന പ്രൊഫസര്‍ ഒരു ചോദ്യം " എന്നാ  കൊചേട്ടാ  സാറും നമ്മുടെ ആളാ   വിളംബാന്‍ വിട്ട് പോയോ.."
കൊച്ചേട്ടന്‍ താളത്തില്‍ തിരിഞ്ഞു..എന്നിട്ട്  അശരീരി പോലെ പറഞ്ഞു..."രാവിലെ മുറിച്ച് കഴുകി തൊടച്ച് വയ്ക്കുന്ന എലയാ..അതേല്‍ ഇനി മിനുക്ക്‌ പണി കാണിക്കുന്നവന്‍ ആരായാലും കൊച്ചിന്റെ കടേല്‍ ചോറില്ലാ..."  ലോലോലിക്ക സാര്‍ ഞങ്ങളെ നോക്കിയതും ഒന്നൂടെ തുടുത്ത്‌ ഒരു ചെറി  പഴമായി...ചക്കിനു വച്ചത് ചിക്കന് കൊണ്ടു!
" ഓ പോട്ടെ കൊചേട്ടാ  പുള്ളിക്കാരന് ഇവിടുത്തെ ചിട്ടകള്‍ അറിയത്തില്ലായിരുന്നു."..കൂട്ടുകാരന്‍ പ്രൊഫസര്‍ താങ്ങി  കൊടുത്തു.
" ഏതായാലും ഇന്ന് ചോറിടാം  നാളെ മുതല്‍ ഈ ബുക്കിംഗ് ഇവിടെ വേണ്ടാ..." കൊച്ചേട്ടന്റെ ഉരുളയ്ക്ക് ഉപ്പേരി സാറമ്മാരുടെ ഊണിനു കൊഴുപ്പ് കൂട്ടി പക്ഷെ രുചി കുറഞ്ഞു കാണും..
"കര്‍ക്കശ്യമേ നിന്റെ പേര്‍ കൊച്ചെന്നോ" ..മലയാളം സാര്‍  ഉടന്‍ തടി കവിത ഒരു വരി കാച്ചി   ഉരുള  ഒരെണ്ണം    ഉരുട്ടി അണ്ണാക്കിന്റെ അഗാധതയിലേയ്ക്ക വലിച്ചെറിഞ്ഞു.

പ്രേമിക്കുന്ന ഇണകള്‍ക്ക് ഒരു സിഗ്നല്‍ പോയന്റായിരുന്നു  കൊച്ചേട്ടന്റെ കട തിണ്ണ  അവിടെ നിന്നും പല പല കൈമാറ്റങ്ങളും നിശ്വാസങ്ങളും ..നെടു വീര്‍പ്പുകളും ഇപ്പോഴും ഉയരുന്നുണ്ടാകാം..എത്ര അഗ്നി പര്‍വ്വതങ്ങള്‍ പുകഞ്ഞു...എത്ര എണ്ണം പൊട്ടി..എത്ര  മഞ്ഞിന്‍ പാളികള്‍  ഉരുകി ഒലിച്ച്  എങ്ങോ പോയി...
മിഥുനങ്ങള്‍..കുറുകി നില്‍ക്കുംപോള്‍ കുഞ്ഞേട്ടന്‍ മൃദുവായി പറയും " ഈ വള്ളം അക്കരെ എത്തുമോ? "..എന്നിട്ട് ചിരിച്ചു പിന്‍ വാങ്ങി വെറുതെ നോക്കി നില്‍ക്കും.

ഞങ്ങളുടെ പ്രണയം നട്ടപ്പോളും  നനച്ചപ്പോളും  പടര്‍ന്നു പന്തലിച്ചപ്പോളും  ഗുല്‍മോഹര്‍ പോലെ പൂത്തു ഉലഞ്ഞപ്പോളും കൊച്ചേട്ടന്‍ മൂക സാക്ഷി...പറ്റു പുസ്തകത്തില്‍ രണ്ടു പേരുടെ   പറ്റില്‍     ചിലപ്പോള്‍ ഒരാള്‍ക്ക്‌  ഇത്തിരി കിഴിവ് ഒക്കെ നല്‍കിയിരുന്നു... അപ്പോഴും " ഈ വള്ളം അക്കരെ എത്തുമോ" എന്നുള്ള സ്ഥിരം ചോദ്യവും..

കോളജ് വിട്ട് അധികം കഴിയുന്നതിനു മുന്പ്.. ചെറിയ ഒരു  കല്യാണം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കൊച്ചേട്ടനെ കാണാന്‍ ചെന്നു.."ഹായ്‌....എനിക്കറിയാമായിരുന്നു...ഈ തോണി അക്കര എത്തുമെന്ന്...ഹ ..ഹ..." കൊച്ചേട്ടന്‍ ചിരിച്ചോണ്ട് രണ്ടു ഗ്ലാസ് കട്ടന്‍ വൃത്തിയായി എടുത്തു കൈലിയില്‍ ഗ്ലാസ്സൊക്കെ തൊടച്ച്  മുന്‍പില്‍ വച്ചിട്ട് പറഞ്ഞു.." ഇതിനു പണം അടയ്ക്കണ്ടാ.."
ആത്മ ഗതം പോലെ പറഞ്ഞു.."എനിക്കും കുഞ്ഞിലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..പള്ളീല്‍ പോകുമ്പോളും പെരുന്നാളിനും ഒക്കെ കാണും..ഒരിക്കല്‍ മഞ്ഞ പിത്തം വന്നു അവള്‍ അങ്ങ് പോയി..എന്റെ പ്രേമോം കഴിഞ്ഞു...ഞാന്‍ പട്ടാളത്തില്‍ പോയി  ലഡാക്കില്‍ ആയിരുന്നു...   ങ്ങ്ഹാ ..എല്ലാവര്‍ക്കും ഈ വള്ളം തുഴഞ്ഞു പോകാന്‍ പറ്റില്ലാ.."  അല്ലേലും ഒന്ന് പ്രേമിക്കാത്ത ഒരു   പട്ടീം ഉണ്ടാകില്ലല്ലോ....."    പിന്നെ ഒരു മന്ദഹാസം..അതൊരു ചിരിയായി മാറി.

കൊചേട്ടാ ഇളയ മകന്‍ ..? ചോദ്യം തീരുന്നതിനു മുന്പ് ഉത്തരം വന്നു..." എനിക്ക് ഇളയ മകന്‍ ഉണ്ട് പക്ഷെ അവന്‌ തന്ത ഇല്ല!..' 
ഞങ്ങള്‍ ഇതി കര്‍ത്തവ്യ ...പരസ്പരം നോക്കിയപ്പോള്‍ ..കൊച്ചേട്ടന്‍ പറഞ്ഞു.."ആഹപ്പാടെ ഇതാ ഒരു വരുമാനം ..അതേന്ന് അടിച്ചു മാറ്റി കാണാ കുണാ പരിപാടി പറ്റില്ല എന്നും പറഞ്ഞു ഞാനവനെ ഡിസ്മിസ് ചെയ്തു..." 

കര്കശ്യമേ "..എന്ന് മലയാളം സാര്‍ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു.. യാത്ര പറഞ്ഞിറങ്ങി. "വല്ലപ്പോഴും വരണം പഴയ ആള്‍ക്കാരെ കാണുന്നത് ഒരു രസമാ..പ്രത്യേകിച്ചും ഇങ്ങനെ ഉള്ളവരെ ..." പ്രണയത്തിന്റെ ചിഹ്നം വായുവില്‍ വരഞ്ഞു കാണിച്ചു...

കാലം ഒത്തിരി കഴിഞ്ഞു..പമ്പ ആറ്റില്‍ വെള്ളം ഒരു പാട് ഒഴുകി..കണ്വന്ഷനുകള്‍ പലതു കഴിഞ്ഞു...ജോലി സ്ഥലത്ത് നിന്നും വൈകുന്നേരം ടൌണില്‍ എത്തി സ്കൂട്ടര്‍ സ്ടാര്ട്ട്  ചെയ്യുമ്പോള്‍   വെള്ള താടി വളര്‍ത്തി ഒരു മാതിരി തളര്‍ന്നു..കൊച്ചേട്ടന്‍ മുന്‍പില്‍..കൈയില്‍ ഒരു തുണി സഞ്ചിയും.
ചിരിച്ചു ..വിളറിയ ചിരി...കൈ തന്നു ..തണുത്തിരിക്കുന്നു..."എന്താ കൊച്ചേട്ട ഈ സന്ധ്യക്ക്‌ ഇവിടെ " എന്റെ ചോദ്യം
താഴ്ന്ന സ്ഥായിയില്‍ കൊച്ചേട്ടന്‍" പച്ച മരുന്ന് കട വരെ ഒന്ന് വന്നതാ   വൈദ്യന്‍ ഒരു കഷായം കുറിച്ച് തന്നു...വയ്യ..ആകപ്പാടെ ഒരു തളര്‍ച്ച..ഇതിനിടെ ഇളയ മകള്‍ മരിച്ചു പോയി..."
ഞാന്‍ ഞെട്ടി   മിടു മിടുക്കി...അതിനോടും കൊച്ചേട്ടന്‍ തോറ്റോ  ദൈവമേ.  എന്നെ ഒന്ന് തോണ്ടി എന്നിട്ട് കൊച്ചേട്ടന്‍ പറഞ്ഞു..."മരിച്ചു എന്ന് പറഞ്ഞാല്‍ അവള്‍ ഒരുത്തന്റെ കൂടെ അങ്ങ് പോയി..നമുക്ക് പറ്റാത്ത ബന്ധമാ. ..ആപ്പോള്‍ പിന്നെ മരിച്ചതായി ഞാന്‍ അങ്ങു തീരുമാനിച്ചു..മനസാ മരണ പ്രാര്‍ത്ഥനയും നടത്തി..." വീണ്ടും മലയാളം സാര്‍ കര്‍ക്കശ്യമേ" എന്ന് പറഞ്ഞപോലെ തോന്നി...തോല്‍വി ഇല്ല തന്നെ...

സ്കൂട്ടറില്‍ കയറി എന്റെ കൂടെ വരും വഴി പറഞ്ഞു.."തരക്കേടില്ലാത്ത കചോടമായിരുന്നു...തുടര്‍ന്ന് കൊണ്ടു പോകാന്‍ ആരുമില്ല...എനിക്കാണേല്‍ വയ്യ..തങ്കമ്മ അതിലും വയ്യാതെ ഇരിക്കുന്നു..ഓരോന്നിനും ഓരോ സമയം ..അല്ലാതെന്താ..."
പഴയ ബെഞ്ചും ഡെസ്കും ഒന്നൂടെ കാണാന്‍ ഞാന്‍ കടയുടെ പടിയ്ക്കല്‍ സ്കൂട്ടര്‍ നിര്‍ത്തി. കൊച്ചേട്ടന്‍ ഇറങ്ങി..." ഓ മുടിഞ്ഞു എന്നും സന്ധ്യക്ക്‌ കരണ്ട് പോക്കാ...നിന്നാട്ടെ ഞാന്‍ മെഴുതിരി കത്തിയ്ക്കാം.."

കത്തിച്ച മെഴുതിരി കൊച്ചേട്ടന്‍   ഒരു മൂലയില്‍ കുത്തി നിര്‍ത്തി...അരണ്ട വെളിച്ചത്തില്‍ എന്റെ ഓര്‍മയും മങ്ങി മങ്ങി തെളിഞ്ഞു ...എത്ര മുദ്രാ വാക്യങ്ങള്‍ വെട്ടി തിരുത്തി എഴുതി ഉണ്ടാക്കി..എത്ര ലഖു ലേഖകള്‍ ..എത്ര പ്രേമ ലേഖനങ്ങള്‍ തിരുത്തി ആര്‍ക്കെല്ലാം കൊടുത്തു..എത്ര പേര്‍ക്ക് ഹംസമായി..നളചരിതം എത്ര  ദിവസങ്ങള്‍  ആടി..ഇത് വല്ലോം അറിഞ്ഞിട്ടാണോ പണ്ട് ലോലോലിക്ക സാര്‍ ആ കമന്റു പറഞ്ഞത്..
കടയാകെ ഇരുണ്ടിരിക്കുന്നു...ആളുന്ന നിഴല്‍ കൊച്ചെട്ടന്റെതായിരുന്നു...
തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചേട്ടന്‍ ഇരുളിന്റെ തോണിയില്‍  തനിയെ    തുഴഞ്ഞു പോകുന്നു...അങ്ങു  താഴെ വീട്ടിലേയ്ക്ക്..
ഇനി എന്ന് കാണും എന്നുള്ള ചോദ്യം ബാക്കി...