Saturday, March 14, 2009

ചാണ്ടിച്ചന്‍.

കൊല്ലം ഏറെയായി.....

എഴുപതുകളില്‍ ഞങ്ങള്‍ വള്ളിനിക്കര്‍ ..അരപ്പാവാട.. പള്ളിക്കൂടം പിള്ളാരുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്കിന്റെ ആണി കല്ലായിരുന്നു ചാണ്ടിച്ചന്‍...

പുസ്തക കെട്ട് കറുത്ത റബ്ബര്‍ ഇലാസ്ടികില് വലിച്ചു മുറുക്കി ഒരു അധിക പറ്റായി തോളില്‍ ചുമ്മി...ഹോം വര്‍കെന്നെ മഹാ മാരിയെ, ഇമ്പോസിഷന്‍ എന്ന നിത്യ ശത്രുവിനെ ..ചൂരലെന്ന ചിരപരിചിതനെ ഒക്കെ മറന്നു ....

വഴിയോര കാഴ്ചകള്‍ നോക്കി നോക്കി ..കണ്ണി മാങ്ങ , ചാമ്പക്ക , പറങ്കിമാവിന്‍ തുമ്പത്തെ ചുവന്ന പറങ്കി പഴം ഒക്കെ ഉന്നം വച്ച്ചെറിഞ്ഞു...അതൊരിക്കലും താഴെ വീഴാതെ വരുമ്പോള്‍ , മുന്‍പില്‍ നടന്നു പോകുന്ന പെണ്‍ കൂട്ടത്തിന്നു നേരെ വഴിയില്‍ കിടന്ന ഒരു ചെറിയ കണ്ണി മാങ്ങാ ഉന്നം പിടിച്ച്..

"എന്തുവാ ചെറുക്കാ " എന്ന് തിരിഞ്ഞു നിന്നുള്ള ചീറ്റല്‍ ഒരു ചെറു പുന്ചിരിയോടെ സ്വീകരിച്ച് ...(കൂട്ടത്തില്‍ പാഴ് ഏതെങ്കിലും ഒരെണ്ണമേ ഇതു ചോദിക്കു...അന്നൊന്നും വിമന്‍സ് ലിബ്ബില്ല..എറിഞ്ഞാല്‍ തിരിച്ച്ചെറിയുന്ന നാടന്‍ ലിബ്ബെ ഉള്ളു. നിഷ്കളങ്കം എന്ന് ഇന്നറിയുന്നു.)

മുന്പേ പോയ സുധയെങ്ങാനും ഒന്നു നോക്കിയെന്കില്‍ എന്ന് നിരീച്ച്.(സുന്ദരികോത ..പുള്ളി ഉടുപ്പ് കാണുമ്പോഴേ പ്രേമം സട കുടയാന്‍ തുടങ്ങും..മുടി നടുവേ പിന്നി രണ്ടു വാലുകള്‍ പോലെയാക്കി കടും നീല റിബ്ബന്‍ കെട്ടി വളച്ച്...ഷീലെടെ വെളുപ്പ് , ജയഭാരതിയുടെ തുടുപ്പ്!)
ചീറിയ ആ പാഴിനെ ഒരു മൂളിപാട്ടില്‍ ഒതുക്കി ..വീണ്ടും മുന്നിലേക്ക് കണ്ണ് പായിച്ച്..നസീറിന്റെ ഒരു സിനിമ പാട്ടിന്റെ ഈരടി പാടി .....

കൂട്ട് മാങ്ങാ ഏറു കാറില്‍ നിന്നൊക്കെ അകന്നു ..നല്ല പിള്ള ചമഞ്ഞു ...മയിലാടും കുന്നിലെ മണിച്ചി കാറ്റിനെ കണ്ട്..ആരോമലുണ്ണി ...തച്ചോളി അമ്പു..ഒക്കെയായി..

ഇങ്ങനെ സ്വപ്ന ചിറകേറി നടക്കുമ്പോള്‍ ...മധുരോദാരമായ സംഗീതം പുറകില്‍ നിന്നും ..പി. ലീല പാടുംബോലെ..! കുട്ടി കൂട്ടങ്ങള്‍ തിരിഞ്ഞു നിക്കും..പുസ്തകം താഴെ വക്കും..സുധയും അടുത്ത് വരും!! റോഡ് നിശ്ചലം!!

പിന്നില്‍ നിന്നും ചാണ്ടിച്ചന്റെ വരവാണ്.."ആതുര ശാലകള്‍ ഈ വിധമായാല്‍ ..സാധു ജനങ്ങള്‍ക്കിനി എന്ത് ഗതി" ഈരടി നാടക ഗാനമോ, നാടന്‍ ശീലോ , ഒന്നുമറിയില്ല...ഈണത്തിനു കാശ് വേറെ കൊടുക്കണം.
ചന്തയിലെ കച്ചവടം കഴിഞ്ഞു ...ഷാപ്പിലെ അന്തി- പുലരി -അന്തി (അതൊരു പ്രത്യേക രസ തന്ത്രമാണ്!) മൂന്നു കുപ്പിയെന്കിലും മിനിമം വിട്ടു ...താറാവിന്‍ മുട്ട രണ്ടെണ്ണം പൊളിച്ചത് അടര്‍ത്തി കുരുമുളകും ഉപ്പും കൂടി ചാലിച്ചതില്‍ മുക്കി ..നുണഞ്ഞു നുണഞ്ഞു ..

നേരിയ പദ വിന്ന്യാസത്തോടെ...അങ്ങനെ..സ്ഥിരം കൂട്ടുകാരുടെ കൂടെ കൂടാനുള്ള വരവ്..

ഫോറിന്‍ കളം കളം കൈലി..അരയില്‍ ആറേഴു പോക്കറ്റുള്ള കടും പച്ച അരപട്ട.. അയ്ഷ കമ്പനിയുടെ മുറിക്കൈയ്യന്‍ ബനിയന്‍ ( കമ്പനി പേരു ഇന്നും ഓര്‍മ..കാരണം ബനിയന്‍ തിരിച്ചു മാത്രമെ ഇട്ടു കണ്ടിട്ടുള്ളു)കഴുത്തില്‍ ഒരു ഈരെഴയന്‍ തോര്‍ത്തും.

നരച്ച തലയില്‍ രണ്ടു കൈയും വച്ചാണ് പാട്ട്..." സാധു ജനങള്‍ക്ക് ഇനി എന്ത് ഗതി പിള്ളാരെ ?"
ചോദ്യം ഞങ്ങളോടാകുമ്പോള്‍ അറിയാം ..
മെല്ലെ അരപട്ടയുടെ പോക്കറ്റ് തുറക്കുമെന്നും..ഇഞ്ചി മുട്ടായി പൊതി എടുക്കുമെന്നും..ഒരെണ്ണം വീതം തരുമെന്നും.(അതിനാണ് സുധയും അടുത്ത് വരുന്നത് എന്നുള്ള ദുഃഖ സത്യവും!)
മുട്ടായി ഓരോന്നായി തിന്നുമ്പോള്‍ ..വീണ്ടും ചാണ്ടിച്ചന്‍ "ആതുര ശാലകള്‍" ...ഈരടി ഇടും..ഞങ്ങള്‍ ഏറ്റു പാടും...നാട് റോഡില്‍ ഒരു" എം ബി എസ് കൊയര്‍!"

മുന്‍പോട്ടു നടന്നോ പിള്ളാരെ എന്നുള്ള സിഗ്നല്‍ കിട്ടുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞങ്ങളും ചുവടു വക്കും..കാരണം കൂടി നിന്നാല്‍ നാളെ മുട്ടായി ഇല്ല. (സുധ അടുത്തും വരില്ല)

ചാണ്ടിച്ചന്‍ അടുത്തുള്ള കുരിശിന്‍ തൊട്ടിയില്‍ കയറും.."സാധു അന്ധനായി തീര്ന്നിടല്ലേ ദൈവമേ "
എന്നുള്ള ക്രിസ്തീയ ഗാനം പാടി അരപട്ട പോക്കറ്റ് തുറക്കും..ഒരു കുഞ്ഞു മെഴുതിരി എടുത്ത് രൂപകൂടിനു മുന്‍പില്‍, അരപട്ടയില്‍ തിരുകിയ തീപെട്ടി ഉരച്ച് കത്തിക്കും..കാറ്റത്ത് അണയാതെ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ച് ..തിരി ഉറപ്പിക്കും..

കുനിഞ്ഞ മുട്ട് കാലില്‍ നിന്നുകൊണ്ട് എന്തൊക്കെയോ മാതാവിനോട് പിറു പിറുക്കുന്നത് ഞങ്ങള്‍ ദൂരെ നിന്നു കാണും..

എല്ലാ ലോകത്തിന്റെയും അല്ലല്‍ തീര്‍ക്കാന്‍ ..ആതുരശാലകള്‍ സാധു ജനങ്ങള്‍കായിരിക്കാന്‍ അപ്പോതികിരിമാര്‍ നല്ലവരാകുവാന്‍ ...കൈക്കൂലി ഇല്ലാതിരിക്കാന്‍ ...നാളെയും ഞങ്ങള്‍ക്ക് ഇഞ്ചി മുട്ടായി തരാന്‍..ഒക്കെത്തിനും...വേണ്ടി ആയിരുന്നിരിക്കാം ആ പിറു പിറുപ്...

പയ്യെ തിരിഞ്ഞിറങ്ങി തോര്‍ത്തെടുത്ത് തലയില്‍ കെട്ടി ...നിറഞ്ഞ കണ്ണുകളോടെ ഞങ്ങളുടെ അടുത്തേക്ക് വീണ്ടും..

"ആരെയും മോട്ടിക്കരുതെടാ പിള്ളാരെ...പറ്റിക്കരുത്..തമ്പുരാന്‍ എല്ലാം തരും.."

തോളിലെ പുസ്തക ചുമടിനോടും...എമ്ബോസിഷനോടും..പുച്ഛം തോന്നിപോയ സമയങ്ങള്‍..
എന്നും പഠിപ്പിക്കുന്നത് എത്ര എഴുതിയാലും, തലയില്‍ കേറിയിട്ടില്ല..
ഇത്ര മനസ്സില്‍ തട്ടിയിട്ടില്ല..
അറിവ് കടലാസില്‍ അല്ല എന്നും..കുറവുകള്‍ അറിവാലെ അല്ല തീരുന്നത് എന്നും..
മനുഷ്യപറ്റ് അറിവാണ്‌ എന്നും...ഇനി ആരും പറയാതെ അറിയാന്‍...അന്നേ പഠിച്ചു.

ജീവിക്കാന്‍ വേണ്ടി .. കണക്കും, രസതന്ത്രവും പിന്നെ ജീവ ശാസ്ത്രവും..കൂട്ടി കുഴച്ച്
പിഴക്കാത്ത കണക്കു കൂട്ടലുകള്‍ക്ക് ഒപ്പം , ചതിയുടെ അര പട്ടയില്‍ തിരുകി ..
ഇന്നും എത്രയോ ചാണ്ടിച്ചന്മാര്‍ ..ഇഞ്ചി മുട്ടായി കൊടുത്ത് മയക്കി നമ്മുടെ പുതു ബാല്യങ്ങളെ ആതുരരാക്കി നാട് റോഡില്‍ ചവിട്ടി തേക്കുമ്പോള്‍ .....

ഉയരങ്ങളിലെ സിംഹാസനത്തില്‍ ദൈവത്തോടൊപ്പം ഇരുന്നു ചാണ്ടിച്ചന്‍ ചിരിക്കുന്നോ?
അതോ കരയുന്നോ?

10 comments:

ullas said...

സുധയും ചാണ്ടിച്ചനും എത്ര മിഴിവോടെ മുന്നില്‍ നില്‍ക്കുന്നു ".തോളിലെ പുസ്തക ചുമടിനോടും...എമ്ബോസിഷനോടും..പുച്ഛം തോന്നിപോയ സമയങ്ങള്‍..
എന്നും പഠിപ്പിക്കുന്നത് എത്ര എഴുതിയാലും, തലയില്‍ കേറിയിട്ടില്ല..
ഇത്ര മനസ്സില്‍ തട്ടിയിട്ടില്ല..
അറിവ് കടലാസില്‍ അല്ല എന്നും..കുറവുകള്‍ അറിവാലെ അല്ല തീരുന്നത് എന്നും..
മനുഷ്യപറ്റ് അറിവാണ്‌ എന്നും...ഇനി ആരും പറയാതെ അറിയാന്‍...അന്നേ പഠിച്ചു."
തിച്ചരിവിന്റെ ബാലപാഠങ്ങള്‍ .....

കുമാരന്‍ said...

മനോഹരമായ എഴുത്ത്. ആശംസകള്‍!!

Patchikutty said...

pinnokkam othiri kondupoi ee varikal.chilathokke amma paranjirunna kuttikkalthe ormak polum eppol ormikkunnu.pinne nattin purathe ente baalyathilekk. nanni.

...പകല്‍കിനാവന്‍...daYdreamEr... said...

ഉയരങ്ങളിലെ സിംഹാസനത്തില്‍ ദൈവത്തോടൊപ്പം ഇരുന്നു ചാണ്ടിച്ചന്‍ ചിരിക്കുന്നോ?
അതോ കരയുന്നോ?

ചാണ്ടിച്ചന്‍ ദേ മുമ്പില്‍ നില്‍ക്കുന്നപോലെ ...! ഇതെന്താ ഇത്... തുടരെ തുടരെ കിടിലന്‍ പോസ്റ്റുകള്‍...
ആശംസകള്‍...

ശ്രീ said...

ശരിയ്ക്കു മനസ്സില്‍ തട്ടുന്ന എഴുത്ത്, മാഷേ... ആ കാലം മനസ്സില്‍ കാണാന്‍ കഴിയുന്നു, ചാണ്ടിച്ചനെയും...

നല്ല പോസ്റ്റ്!

smitha adharsh said...

ഇഷ്ടപ്പെട്ടു..ഒരുപാട്..
സുധയെയും,ചാണ്ടിച്ചനെയും..പഴയ വള്ളി നിക്കറുകാരനെയും കണ്ടു.ഇഞ്ചിമിഠായിയുടെ എരിവുകലര്‍ന്ന മധുരം നുണഞ്ഞു.കൂടെ പഴയ കാലതെയ്ക്കൊരു തിരിച്ചു പോക്കും സാധ്യമായി.
ഞങ്ങളുടെ കാലത്തെ പാട്ടുകള്‍ പക്ഷെ,വ്യത്യസ്തമായിരുന്നു ട്ടോ.

വിജയലക്ഷ്മി said...

നന്നായിരിക്കുന്നു മോനെ .പകല്കിനാവാന്‍ പറഞ്ഞത് ശരിയാ .ചാണ്ടിച്ചന്‍ മുന്നില്‍ വന്നു നില്‍ക്കുന്നത് പോലെ തോന്നി ഈ പോസ്റ്റ് വായിച്ചപ്പോള്‍ .

വേലൂക്കാരൻ said...

വായിച്ചു,നന്നായിരിക്കുന്നു.

ശിവ said...

വര്‍ത്തമാനങ്ങളിലെ ഓരോ കഥാപാത്രവും എന്റെ മുന്നില്‍ സൃഷ്ടിക്കപ്പെടുന്നു....നന്ദി ഈ വായനാ അനുഭവം തരുന്നതിന്...

ബോണ്‍സ് said...

ഉയരങ്ങളിലെ സിംഹാസനത്തില്‍ ദൈവത്തോടൊപ്പം ഇരുന്നു ചാണ്ടിച്ചന്‍ ചിരിക്കുന്നോ?

Yes!!!