Powered By Blogger

2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

മോഹം കൊണ്ട് ഞാന്‍..

എണ്പതുകളിലെ  ഒരു കഷ്ടാനുഭവ ആഴ്ച  ആണെന്ന് തോന്നുന്നു..(രണ്ടായിരം കഴിയുമ്പോഴും  എന്റെ ആഴ്ചകളുടെ അനുഭവം അത് തന്നെ)   
ചുമ്മാ ഇരുന്നു മടുത്തപ്പോള്‍ കൊച്ചി ഐലന്റില്‍ പണിയെടുക്കുന്ന ഒരു സുഹ്രത്തിനെ കാണാന്‍ പോയി. 
കാലത്ത് കുളിച് ഒരുങ്ങി ആകെ ഉള്ള ബെല്‍ ബോട്ടം പാന്റും ഫുള്‍ കൈ ചെക്ക് ഉടുപ്പും..ശകലം കൊണ്ഫിടന്‍സ് സെന്റും ഒക്കെ തൂത്ത്..സ്ടെപ്പ്  കട്ട് മുടി ഒന്നുരുട്ടി ചീകി ..    അച്ഛന്റെ കയ്യില്‍ നിന്നും വണ്ടി  കൂലിക്കും മറ്റുമുള്ള വഹ " കൈ പ്പറ്റി  പുലര്‍കാലേ  പുറപ്പെട്ടു..
പത്തു മണിയോടെ സുഹൃത്തിന്റെ ക്വാര്‍ട്ട് ഴ്സില്‍  എത്തി. രണ്ടു കയ്യും നീട്ടി അവന്റെ സ്വീകരണവും ..ഉപചാരങ്ങളും.
അവന്റെ സുഹൃത്തുക്കളുടെ പാനോപചാര  സുഖ  ചികിത്സ കൂടി ആയപ്പോള്‍ ..     ഉറങ്ങിപ്പോയി.
"നിനക്ക് പോകണ്ടായോ.." അവന്‍ ഉണര്‍ത്തി.  
"ഇന്ന് തന്നെ ഇങ്ങു വരത്തില്ലേ  എന്ന  അച്ഛന്റെ ചോദ്യം ചെവിയില്‍ ഒരു വട്ടം കയറി വന്നു.. 
ധൃതിയില്‍ അവനോടു യാത്ര പറഞ്ഞു.
സമയം  വൈകുന്നേരം  ആറരയോടെ അടുക്കുന്നു. ..കൊച്ചീടെ മേലാസകലം ചെങ്കല്‍ നിറം വാരി പൂശി അസ്തമന സൂര്യന്‍ കടലില്‍ മുങ്ങാം കുഴി ഇടാന്‍ തയ്യാറെടുക്കുന്നു..കായലില്‍ ഓളങ്ങള്‍ സ്വര്‍ണ വളയങ്ങളായി ഏതോ ജ്വല്ലറി പരസ്യം പോലെ..ഇളകി മറിയുന്നു..
ആ കാഴ്ച മറയ്ക്കാന്‍ തോന്നിയില്ല..കണ്ണ് തുറന്നു പിടിച്ചു ഇന്ദിരാഗാന്ധി പാര്‍ക്കിന്റെ മൂലയിലെ ഒരു ആളൊഴിഞ്ഞ ബെഞ്ചില്‍ കടലിലേയ്ക്ക് നോക്കി അങ്ങനെ ഇരുന്നു..

മനസ്സില്‍ എത്ര വര്‍ണങ്ങള്‍..  എന്നും പ്രകൃതിയെ വാരി പുണരുന്ന ഈ സൂര്യന് ഒട്ടും മതിയാകാത്ത പോലെ മനസ്സില്ല മനസ്സോടെ  ..പിന്‍ തിരിഞ്ഞു നോക്കി കടലിന്‍ അഗാധതക്ളിലെയ്ക്ക്  ഊളി ഇട്ടു...കാക്ക കൂട്ടങ്ങള്‍ കായലിനു മീതെ അലറി കരഞ്ഞു കൊണ്ട് ചേക്ക തേടി പറന്നു..
പാവം ഭൂമി ചെംപട്ടു പുതച്ചു വിഷാദ മൂകയായി ...
ഭാവന ചിറകു വിരിച്ചപ്പോളെയ്ക്കും  കലൂര്‍" എന്ന വിളിയോടെ ബസ് വന്നു നിന്നു.  സൂര്യന്‍ പകര്‍ന്ന ചുവപ്പോ അതോ ചുവന്ന പെയിന്റോ ..ബസില്‍ കയറി ഒരു സൈഡ്‌ സീറ്റ് പിടിച്ചു. 
വെളിയില്‍നിന്നും അകത്തേയ്ക്ക് തണുത്ത മിനുത്ത മധുരമുള്ള കാറ്റ് ...പിന്നേം സ്വപ്ന തേരേറി..ബ്രിസ്ടോ സായിപ്പും കൂട്ടരും ഈ തുരുത്തില്‍ ഈ  മധുര പതിനേഴിന്റെ  പ്രകൃതിയെ രാവും പകലും അനുഭവിച്ചിരുന്ന കാലങ്ങള്‍ അസൂയയോടെ ഓര്‍ത്തു... കൊച്ചി  വാര്‍ധക്യം തീണ്ടാത്ത ഒരു  മദാലസ തന്നെ..!

ബസ് തീവണ്ടി ലെവല്‍ ക്രോസ്സില്‍ നിര്‍ത്തി. നേരം നന്നേ ഇരുട്ടി കഴിഞ്ഞു.  രാത്രിയില്‍ വണ്ടികളുടെ പ്രകാശം ഒരു നീണ്ട ലാത്തിരി കത്തിച്ചു പിടിച്ചപോലെ..ബസ് മെല്ലെ നീങ്ങിയപ്പോള്‍..

"മോഹം കൊണ്ട് ഞാന്‍ ദൂരെ ഏതോ ഈണം പൂത്ത നാള്‍..." മനോഹരമായ പാട്ടിന്റെ ഈരടികള്‍ ബസിനകത്തു മുഴങ്ങി.." ഹോ  ഇന്നത്തെ ഇറക്കം പൊലിച്ചു.." മനസ്സില്‍ കരുതി .

ഞാന്‍ മെല്ലെ എഴുന്നേറ്റ് അധികം ആരുമില്ലായിരുന്ന ബസില്‍ പാട്ടുകാരുടെ അരികില്‍ ഒരു സീറ്റ് പിടിച്ചു.
കൊലുന്നനെ ഒരു കറുത്ത സുന്ദരി കൊച്ചും അതിന്റെ കൂടെ നിക്കര്‍ ഇട്ട ഒരു പയ്യനും. 
അവള്‍ പാടുന്നു. ഇടയ്ക്കിടെ കൈ നീട്ടി പൈസയും ചോദിക്കുന്നു.  

കുപ്പി വളകള്‍ കൈ മുട്ട് മുതല്‍..നീണ്ട കൈ വിരലുകള്‍ അനക്കുമ്പോള്‍  വളകള്‍ ഇളകി പാട്ടിനു ശ്രുതി ആകുന്നു..
കൈ മുട്ടിനു മുകളില്‍ ചുരുക്കിട്ട കയ്യുള്ള ചുവന്ന നീണ്ട ബ്ലൌസും വെള്ള പാവാടയും..തലയില്‍ മഞ്ഞ മന്ദാര പൂക്കള്‍ കൊരുത്തിട്ട ഒരു മാലയും..
കഴുത്തില്‍ ഏതോ ദൈവത്തിന്റെ ഫോട്ടോ കറുത്ത ചരടില്‍ കുരുക്കി മാലയാക്കി ഇട്ടിരിക്കിന്നു.  

"കണ്ണില്‍ കത്തും ദാഹം.." അടുത്ത വരികള്‍ അവള്‍ ഈണത്തില്‍ പാടി തുടങ്ങിയപ്പോള്‍ ആങ്ങള ആയിരിക്കാം രണ്ടു തടി കഷണങ്ങള്‍ ഉരസി നല്ല താളം ചേര്‍ത്തു.

എന്റെ മനസ് ആ പാട്ടിന്റെ അന്തരാത്മാവിലെയ്ക്ക്  കടന്നു പോയി..എത്ര അര്‍ഥമുള്ള ഈ പാട്ട് തന്നെ എന്തിനു ഈ കുട്ടി തെരഞ്ഞെടുത്തു..അതും ഒരു തമിഴ് പെന്‍ കുട്ടി.. ഇത്ര ഈണം എവിടുന്നു കിട്ടി..
"ദൂരെ കനിവാര്‍ന്നു പൂവനങ്ങള്‍ " ഈശ്വര, ആ കുട്ടിയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ അടര്‍ന്നു വീഴുന്നുവോ?

എനിക്കും വല്ലാതെ വിഷമം തോന്നി..ടിക്കറ്റ് കാശ് കഴിച്ചു  അമ്പത് രൂപ ബസ് സ്ടാന്റിനടുത്തു  ലൂസിയയില്‍ കേറി ഒന്ന് മിനുങ്ങാന്‍ കരുതിയത്‌ അവളുടെ കയ്യില്‍ വച്ച് കൊടുത്തു..ഒരിക്കല്‍ കൂടി ആ പാട്ട് ഒന്ന് പാടാന്‍ പറഞ്ഞു.." 
"ഇത്രയും പൈസ വേണ്ട സാര്‍ .." എന്നും പറഞ്ഞു അവള്‍ മുപ്പതു രൂപ തിരികെ തന്നു. ഞാനാകെ വയ്യാതായി..
"രണ്ട് ഊണിനു ഇരുപതു രൂപ എടുത്തു" എന്റെ പ്രയാസം അറിഞ്ഞ അവള്‍ വീണ്ടും പാട്ടിനു ശ്രുതി ഇട്ടു..
പയ്യന്‍ താളവും.

ഇരുളിന്റെ മനക്കാമ്പില്‍ എവിടെയോ വജ്ര സൂചി പോലെ ആ കദനം പോയി തറച്ചതിന്റെ  ശബ്ദം       പ്രതി ധ്വനിച്ചപോലെ ..മനസിലേക്കും ഒരു മുള്ള് കുത്തി കയറി..
ദൈവമേ നിന്റെ സൃഷ്ടികള്‍ നിനക്ക് പോലും അറിയാ വഴികളില്‍ ഊരു തെണ്ടുന്നല്ലോ..ഒരു നിമിഷം ഞാനും കൂടെ പാടിപ്പോയി..ഒരു പകര്‍ന്നാട്ടം ..
പക്ഷെ ബസിലെ ഒളി നോട്ടങ്ങളും കമന്റുകളും എന്റെ ബോധം തിരിച്ചു തന്നു.. ആദ്യം അമ്പത് രൂപ പിന്നെ കൂടെ പാട്ടും ..അവര്‍ ചിന്തിച്ചതില്‍ തെറ്റില്ല ...നല്ല സന്ധ്യയും.
"രാവിന്റെ മറ പറ്റി ഏതെങ്കിലും ചാലില്‍ കുനിഞ്ഞു നിവരുന്ന മോഹം കൊണ്ടല്ല   ഈ .. ഈണം പൂത്ത  നാള്‍  ഞാന്‍ മധു തേടിയത്.." എന്ന് അവരോടു പറഞ്ഞാല്‍ അവര്‍ക്കും തിരിയില്ല. 
തേവര ജംക്ഷന്‍ ആയി..പാട്ട് നിലച്ചു   ബസ് നിന്നു .  
ആ കുട്ടിയും പയ്യനും കൈ വീശി കാണിച്ചു മെല്ലെ ബസില്‍ നിന്നും ഇറങ്ങി..പിന്‍ നിഴലായി മറയുമ്പോള്‍ എന്റെ മനസു തേങ്ങി..ബസ് വീണ്ടും കലൂര്‍ യാത്രയില്‍..
"നറും പുഞ്ചിരി തേരേറി വര്ണ കുംകുമം ചാര്‍ത്തി..ദൂരെ ആരാരും കാണാത്ത തീരത്ത് സങ്കമ സായൂജ്യം.."
ഒരു തുള്ളി കണ്ണ് നീര്‍ അറിയാതെ ഉരുണ്ടു വീണു..ഇരുളില്‍ എത്ര മോഹങ്ങളുമായി ആ കുട്ടിയും പയ്യനും വിശപ്പിന്റെ പാത്രം നിറയ്ക്കുകയാകാം..പിഞ്ഞി പോയ സ്വപ്‌നങ്ങള്‍ എങ്കിലും അവര്‍ക്ക് തിരികെ കൊടുക്കണേ ദൈവമേ ..എന്ന് പ്രാര്‍ത്ഥിച്ചു.

വീട്ടില്‍ എത്തിയ ശേഷം റേഡിയോ യില്‍ രഞ്ജിനി കേട്ട് കേട്ട് ആ പാട്ട് ഞാന്‍ കാസറ്റില്‍ ആക്കി..
ഓര്‍മകളില്‍ ഒരു ബസും ആ കുട്ടികളും ഞാനും... ഈണം മൂളി  ഇളം കാറ്റില്‍ അസ്തമന സൂര്യന്റെ പൊന്‍ പടം വാരി പൂകി ഇങ്ങനെ ലക്ഷ്യമില്ലാതെ   പോകുമ്പോള്‍...

ഭൂമിയില്‍ എവിടെങ്കിലും അവര്‍   കദനങ്ങള്‍ പാടി  ഉണ്ടാകുമോ എന്ന ഞെട്ടല്‍ എനിക്ക് തോന്നാറെ ഇല്ല..ഇനി ഒരിക്കലും അവര്‍ പാടി ആ പാട്ട് കേള്‍ക്കാന്‍ കഴിയില്ല എന്നുള്ളത് അറിയുംപോളും...കാലം പിച്ചി ചീന്തി ഓടയില്‍ എറിഞ്ഞു കളഞ്ഞിരിക്കുമോ എന്നുള്ളതും..എന്നെ ഞെട്ടിക്കുന്നില്ല..

മോഹം കൊണ്ട് ഞാന്‍..ദൂരെ ഏതോ ഈണം പൂത്ത നാള്‍ മധു തേടി പോയ്ക്കൊണ്ടേ ഇരിക്കുന്നു.

9 അഭിപ്രായങ്ങൾ:

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

വായിച്ചപ്പോൾ വല്ലാത്ത സങ്കടം.... ആ പാട്ട് ഇന്നു വീണ്ടും കേൾക്കുമ്പോൾ വീണ്ടും കണ്ണുനിറയുന്നു.. ജീവിക്കാനുള്ള നിസ്സഹായരുടെ മോഹം നീണ്ടു നീണ്ടു തന്നെ കിടക്കുന്നു...

എനിക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.
‘മോഹം കൊണ്ടു ഞാൻ’ എന്ന സുന്ദരഗാനം എനിക്കും അത്രമേൽ പ്രിയപ്പെട്ടതാണ്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഭാവനയുടെ ചിറകുവിടർത്തി പഴയ കാലത്തിലേക്കും,ഗാനങ്ങളിലേക്കുമൊക്കെ ഒരു മടക്കയാത്ര...
നല്ല സ്മരണ..

പാവപ്പെട്ടവൻ പറഞ്ഞു...

ഇരുളിന്റെ മനക്കാമ്പില്‍ എവിടെയോ വജ്ര സൂചി പോലെ ആ കദനം പോയി തറച്ചതിന്റെ ശബ്ദം പ്രതി ധ്വനിച്ചപോലെ ..മനസിലേക്കും ഒരു മുള്ള് കുത്തി കയറി..

സത്യത്തിൽ മാഷ് എഴുതിയതിൽ ഹൃദയസ്പർശിയായ ഒരു ഒറ്റഓർമ്മകുറിപ്പെ കാണൂള്ളു അത് ഇതാണ് .വളരെ ഹൃദയവേദന അനുഭവപ്പെട്ട ഒരു വായനയാണ് ഇതു നൽകിയതുയെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒരു യാത്രികന്‍ പറഞ്ഞു...

സത്യം...ഒരു നിമിഷം എന്‍റെ മനവും മധു തേടി പോയി ......സസ്നേഹം

രമേശ്‌ അരൂര്‍ പറഞ്ഞു...

ഷാജി വളരെ ഹൃദയ സ്പര്‍ശിയായി ഈ അനുഭവക്കുറിപ്പ് ..ചിരപരിചിതയായ കൊച്ചി എന്റെ ഓര്‍മയില്‍ ആ മധുര സങ്കട ഗാനം പോലെ ഒരിക്കല്‍ കൂടി നിറഞ്ഞു ..

ബെഞ്ചാലി പറഞ്ഞു...

സ്പര്‍ശിയായി ഈ ക്കുറിപ്പ് ...

kpv പറഞ്ഞു...

onnantharam ormakkurippu sakhave....Beediyundo theeppettiyorennamedukkan........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

snehasparshampole hridhyam.......

anitha പറഞ്ഞു...

enikku valere ishtamulla song.eppol a pattu kelkumpol orutharam pain. ido'nt know how to express my feel. congradulation