Powered By Blogger

2014, ഡിസംബർ 29, തിങ്കളാഴ്‌ച

നിലാ കുളിർ പോലെ സാന്ത്വനം - ഒരു കാൻസർ രോഗിയുടെ അനുഭവങ്ങൾ

ഒന്നും എഴുതുവാൻ പോയിട്ട്,  ഒന്നിനെയും പറ്റി ചിന്തിക്കുവാൻ പോലും ആകാതിരുന്ന  കാലം

കൊടും  വറുതിയുടെ തീക്കാറ്റിൽ  നിൽക്കുമിടം പോലും വെന്തുരുകിയ ദിന സരികൾ ...

ഓർമ്മകൾ  നേർത്ത്‌ .   അല്പ മാത്രം  ഉണ്ടായിരുന്ന സ്വപ്നങ്ങളുടെ  എരിയും  ചിതയിലേയ്ക്ക് ഇടറി വീണ ഏതോ ഒരു നിമിഷം കേട്ട  പിൻ വിളിയാകുന്നു  ഈ കുറിപ്പ് ..ഓർക്കാൻ  ഒത്തിരി നിർബന്ധിയ്ക്കുന്ന,  സ്വപ്നം മെനയാൻ ഉത്തേജിപ്പിയ്ക്കുന്ന  സിദ്ധ ഔഷധമായി .......ഒരു പിൻ  വിളി .

മറ്റാരുടെയുമല്ല,  നീണ്ട മുപ്പതു കൊല്ലം  ഇരുളിലും വെളിവിലും  വർഷത്തിലും   വേനലിലും  ഒരു നിഴൽ പോലെ കൂടെയുള്ള പ്രണയിനിയുടെ, ഭാര്യയുടെ   വിളി . 
വീണ്ടും പ്രണയ മഴ നനയാൻ, കരിഞ്ഞ  സ്വപ്നങ്ങളുടെ വിത്തുകൾ ഇനിയും മുള പൊട്ടുമോ എന്ന് പരീക്ഷിയ്ക്കാൻ   നേർത്ത ഓർമ്മകൾക്ക് വീണ്ടും തിടം വയ്ക്കുമോ എന്നറിയാൻ....മന്ദ്രം ഒരു പിൻ  വിളി.

ഏതു ലോകത്തായാലും    അത്തം മുതൽ തിരുവോണം വരെ   ചരൽ മുറ്റത്ത് അത്തപ്പൂവിടാൻ    പ്രായമായെങ്കിലും  ഒരു     പട്ടു പാവാടക്കാരിയായി ഓടി എത്തുന്ന ഒരേയൊരു മകൾ,  അമ്മയുടെ പൂക്കൂടയിൽ നിന്നും പൂ പെറുക്കി പൂക്കളം മെനയുന്ന നിഷ്ക്കളങ്ക   അമ്മ മകൾ  കൂട്ടായ്മ  ഞാനെന്ന അച്ഛൻ പ്രാർഥനാ പൂർവ്വം നോക്കി നില്ക്കും.   ഈ വർഷവും ഓണ പൂ കളം ഗംഭീരമായി .  ദൂരെ  രാജ്യത്ത്  ഗവേഷണം നടത്തുന്ന മകൾ ഓണം കഴിഞ്ഞ് മനസ്സില്ലാ  മനസോടെ  മടങ്ങി   ...
ഓണ തിരക്കിനിടയിലും  അമ്മയുടെ വേദന ഡോക്ടറെ കാണിയ്ക്കാൻ കൊണ്ടു പോയതിനു ശേഷമുള്ള   "തുടർ ചികിത്സ  മുടക്കരുത്" എന്നുള്ള  ശക്തമായ  വാണിംഗ് എനിക്കു നല്കാനും മറന്നില്ല.

അങ്ങനെ  വീണ്ടും  ഭാര്യയുമായി  ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ ..അനവരതം തുടരുന്ന പേരറിയാ   സ്കാനുകൾ..പരിശോധനകൾ ...
നീണ്ടുപോകുന്ന കാത്തിരിപ്പുകൾ ...തുല്യ ദുഖിതരുടെ രോഗാന്വേഷണങ്ങൾ  ..
തളർന്നു വീടണയുമ്പോൾ വെള്ളം പോലും കുടിക്കാതെ കൂട്ടിൽ കിടക്കുന്ന പാവം വളർത്തു നായുടെ മൗന സങ്കടം.

ഒരുനാൾ ഡോക്ടർ പറയുന്നു  "വലത്തെ വൃക്കയിൽ ഒരു അനധികൃത  താമസക്കാരനായി റ്റ്യുമർ വളരുന്നു  എത്രയും വേഗം നീക്കം ചെയ്യണം "    ഞെട്ടിയില്ല    സങ്കടപ്പെട്ടുമില്ല   കാരണം  പരിശോധനകൾ നീണ്ടപ്പോൾ എവിടെയോ ഞങ്ങൾക്ക് ഒരുൾ വിളി തോന്നിയിരുന്നു.   പക്ഷെ ആശങ്ക  ആധിയായി ...  രണ്ടു പക്ഷികളിൽ ഒന്നിന് അമ്പേറ്റ് മുറിഞ്ഞപ്പോൾ   മറു പക്ഷിയുടെ  സങ്കടം,  പിന്നെ   ഉണ്ടായ മുനി വാക്യം ഒക്കെ ഓർത്തു 
പക്ഷെ കാലമെന്ന അഭ്യാസി  നിയതി എന്ന അസ്ത്രം   എന്നേ  എയ്തിരുന്നു  ..കുറിക്കു കൊള്ളുകയും ചെയ്തു.

വൃക്ക  നീക്കം ചെയ്തു ഒപ്പം റ്റ്യുമറും .  വേദനയുടെ  മിഴിനീരും   ഓടി  തളർന്നവളുടെ മനോ രോദനവും ഞാൻ അറിഞ്ഞു...അറിയുന്നു .
 ഓപ്പറേഷന് മാത്രമായി ദൂരങ്ങൾ താണ്ടി വീണ്ടും ഓടി കിതച്ചു വന്ന മകൾ  സാന്ത്വനമായി
സ്വതേയുള്ള  രസികത്വത്തിൽ പറഞ്ഞു..   "ഇത്രയും നല്ലവളായ അമ്മയെ തിരുവാറൻമുള അപ്പൻ സ്വന്തം പേഴ്സണൽ സ്റ്റാഫിലെയ്ക്ക് റെക്കമന്റ്  ചെയ്തു കാണും, പക്ഷെ ഞാൻ ,ശക്തമായി ഇപ്പോഴും പറഞ്ഞു അദ്ദേഹത്തോട്    ഭഗവാനെ  അമ്മയുടെ സർവീസ് ഒരു പത്തു കൊല്ലത്തെയ്ക്കെങ്കിലും ഞങ്ങൾക്ക് ഇവിടെ കിട്ടിയേ തീരൂ , കേന്ദ്ര സർക്കാർ പെൻഷൻ പ്രായം അതാ " എന്ന്.  "പുള്ളി തല കുലുക്കി സമ്മതിച്ചിട്ടുമുണ്ട്"

ലീവ് തീർന്നു മകൾ പോയി,   നിറ കണ്ണുകളോടെ . 

വീണ്ടും അവിശ്രമം തുടരുന്ന  ഞങ്ങളുടെ അലച്ചിലുകൾ ... ഒരു തുണിക്കടയുടെ   ഷോപ്പിംഗ്‌ ബാഗിൽ നിറയെ  പലതരം പരിശോധനാ  ഫലങ്ങളും    ഫിലിമുകളും  ഇടം കയ്യിൽ തൂക്കി  വലം കൈ കൊണ്ട് "വേദന വേദന"  എന്നുരുവിടുന്ന അവളുടെ കൈയ്യും   താങ്ങി നടന്നും ഇരുന്നും ആശുപത്രികൾ തോറും.
ഒത്തിരി നല്ലവരായ നാട്ടുകാരും ,അയൽവാസികളും  ആത്മ സുഹൃത്തുക്കളും എന്തിനും തയ്യാറായി..

വിദഗ്ദ്ധ പരിശോധനയ്ക്കായി  മേഖലാ കാൻസർ പരിശോധന കേന്ദ്രത്തിലും എത്തി  .
ഞെട്ടിപ്പിയ്ക്കുന്ന  കാഴ്ചകളിൽ  കണ്ണല്ല , ജീവിതം തന്നെ പിൻ  വാങ്ങി പോയ ഒരു ദിവസം.
 ഈ ഭൂമിയിൽ  ഒന്നിനും സൗന്ദര്യമില്ല  എല്ലാം കറുപ്പാണ്  മരണം പോലെ  എന്ന്  ഉറപ്പിച്ചു  പോയ  ദിവസം.    ആശുപത്രിയുടെ   ഏതോ ഇടുങ്ങിയ   വായൂ സഞ്ചാരമില്ലാത്ത ഇട നാഴിയിൽ ഇരു വശവും   മനുഷ്യർ  മരണവുമായി മുഖാമുഖത്തിന് തയ്യാറെടുത്തു നില്ക്കുന്ന കാഴ്ച , അല്ലെങ്കിൽ  നിസ്സഹായത  മുഖാവരണം  അണിഞ്ഞു നില്ക്കുന്ന കറുത്ത  വെളിച്ചമുള്ള  കഴുമര ചുവട് .
വൈദ്യന്റെ മരുന്നിലും ഉപരി  സ്നേഹത്തിന്റെ , സാന്ത്വനത്തിന്റെ  ഒരിറക്ക് തീർഥം കുടിക്കുവാൻ സാകൂതം നോക്കുന്നവർ    പരസ്പരം മങ്ങിയ  ചിരിയോടെ  ആശ്വാസമാകുന്ന  കരൾ പറിയ്ക്കുന്ന കാഴ്ച.
അവർക്കിടയിലേക്ക്  ആക്രോശങ്ങളുമായി  ഇടയ്ക്കിടെ എത്തുന്ന നിത്യ തൊഴിൽ അഭ്യാസികളായ ഡോക്ടർമാർ, ജീവനക്കാർ.
ഒരിടത്തും കണ്ടില്ല സാന്ത്വനം  എന്തിന്,   ഒരു ചെറു പുഞ്ചിരിപോലും !.
ചുമന്നു നടക്കുന്നത് ഇതിലും വലിയ മഹാമാരിയൊന്നുമല്ല എന്നോ,  അതോ മരണ സാഗരം കടക്കാൻ ഞങ്ങൾക്ക് തുഴ വഞ്ചി വേറെ ഉണ്ടെന്നോ  ..അതോ നിങ്ങളുടെ വധ ശിക്ഷയ്ക് ഇളവ് ഇവിടെനിന്നു മാത്രമേ ഉള്ളു എന്ന ഭാവമോ, എന്തോ  ആരിലും  സാന്ത്വനമില്ലാത്ത   ഒരിടം.
ആരോടോ ചോദിച്ചപ്പോൾ പറഞ്ഞു "അനുഭവം അവരെ അങ്ങനാക്കി" എന്ന്..!
"അപ്പോൾ  ഇറച്ചി വെട്ടുന്നവർക്ക് കുടുംബ ജീവിതം ഇല്ലേ ...ആരാച്ചാർമാർക്ക്  സ്നേഹം എന്ന വികാരം ഇല്ലേ.."
ഭാര്യയുടെ കാർക്കശ്യമേറിയ  മറുപടി,  ഒപ്പം "ഇനി മേലിൽ എനിക്കിവിടുത്തെ ചികിത്സ വേണ്ടാ..അത് കൊണ്ടു വരാവുന്ന എന്തും ഞാൻ സഹിച്ചോളാം ..മനുഷ്യപ്പറ്റില്ലാതെ കിട്ടുന്ന അമൃതും അമിതമാകാതെ തന്നെ വിഷമാ.."
സ്നേഹ ചോദ്യങ്ങൾ  ചോദിച്ചിട്ട് , ആദ്യം ഉത്തരം എന്നോടും മകളോടും ഞങ്ങൾക്ക് മുൻപേ പറയുന്നവളോട് ഉത്തരം മാറ്റി ഞാൻ ഒരു ചോദ്യമിട്ടു
"നീ പറഞ്ഞതെല്ലാം അപ്പാടെ ശരി , അപ്പോൾ ഇനി എങ്ങോട്ടാ ...?"
"എങ്ങോട്ടെങ്കിലും ..."  മുറുകെ പിടിച്ച കൈയും  പിന്നെ ധാരയായി ഒഴുകി വന്ന കണ്ണീരും ..നിസ്സഹായത അവളെകാട്ടിൽ  കൂടുതൽ എന്നെ ബാധിച്ചുവോ  ആവോ....?
"ജീവനും  മരണത്തിനും ഇടയിലുള്ള   തിരശീല മാറ്റാൻ  എത്ര ചരടുകൾ ഇനി വലിയ്ക്കണം ..ആരുടെയൊക്കെ  മോന്തായം വികൃതമായി കാണണം ?"
അവളുടെ  ആത്മ ഗതം.

"കോഴഞ്ചേരി  സർക്കാർ  ആശുപത്രിയിൽ പോയി  ഡോക്ടറെ കാണും ...ഒന്നുമല്ലെങ്കിൽ നമുക്ക് പരിചയമുള്ള സ്ഥലമല്ലേ "  വീണ്ടും അവൾ തന്നെ ...

പറഞ്ഞത് പോലെ പിറ്റേന്ന് അവിടെ....നിറ  പുഞ്ചിരിയുമായി ഡോക്ടർ  ബിനു . പരിശോധനകൾ  കഴിഞ്ഞ് ഡോക്ടർ പറഞ്ഞു   "ഈ വേദനയ്ക് നമുക്കൊരു എക്സ്  റേ  എടുക്കാം..  മാത്രമല്ല   ജില്ല ആശുപത്രിയിലെ  റേഡിയോളജി  വിദഗ്ദ്ധയെ ഒന്ന് കാണുകയും ചെയ്യാം "   ഞങ്ങൾ പരസ്പരം നോക്കി ...ഇവിടെയും അറുതിയില്ലാത്ത  പരീക്ഷണം! ..
 പക്ഷെ വീണ്ടും ഡോക്ടറുടെ സ്നേഹാർദ്രമായ ഇടപെടൽ "നാളെ ആ ഡോക്ടർ ഇവിടെ വരും ഞാനും കൂടെ വരാം ..എന്താണ് ഈ വേദന എന്ന് അറിയണമല്ലോ .."
ആരോ ഒരാൾ,  ആരുമല്ലാത്ത  രണ്ടു പേരെയും കൊണ്ട് പിറ്റേന്ന്  റേഡിയോളജി ഡോക്ടർ  ഗീതയെ കാണുന്നു.
"എനിക്കൊരു സംശയം  നാളെ  പത്തനംതിട്ട  ജില്ലാ ആശുപത്രിയിൽ ഒന്നു  വരണം"  ഇത്ര മാത്രം അവർ പറഞ്ഞു.

പിറ്റേന്ന്  ജില്ലാ ആശുപത്രിയിൽ .  പകർച്ച പനിയുടെ അലർച്ച ദൂരെ നിന്ന് കേൾക്കാം   ഒരായിരം പേർ നിശ്ശബ്ദരായി ഊഴം നോക്കി നിക്കുന്ന ഡോക്ടർമാരുടെ മുറികൾ കടന്ന് ഞങ്ങൾ ഗീത ഡോക്ടറെ കാണുന്ന മുറിക്കു മമുന്നിൽ ...നീണ്ട  ക്യൂ....ഒരിടം നോക്കി നിന്നു .

മങ്ങിയ ചിരിയോടെ ഭാര്യ എന്നെ നോക്കി പറഞ്ഞു " എത്ര നാളായി നിങ്ങൾ ജോലിക്ക് പോയിട്ട് ..എന്നേം കൊണ്ട് നടന്നാൽ ഒട്ടു ഫലോമില്ല ഞാനൊട്ടു ഇരിക്കാൻ സമ്മതിക്കുകേമില്ല ...എന്തായാലും നിങ്ങടെ നല്ലവരായ  സഹപ്രവർത്തകരും, സംഘടനാ പ്രവർത്തകരും പ്രതേകിച്ച്‌  ഷെരഫ് സർ ..രജിസ്ട്രാർ സാറും..  മേൽ ഉദ്യോഗസ്ഥരും  ഒക്കെ കാണിക്കുന്ന നന്മകൾക്ക്  എന്റെ പ്രാർത്ഥന അറിയിക്കണം."   എനിക്ക്  വല്ലാതെ  സങ്കടം തോന്നി.  അല്പം വിതുമ്മി പോയീ . അവളുടെ കൈ പിടിച്ചു ഞെരിച്ചു ഞാൻ ചോദിച്ചു
"അതിനു നീ ഇനി അവരെ ഒന്നും കാണാതെ പോവുകയാണോ?"
"അല്ല മനുഷ്യാ   ...എത്ര നാളായി നമ്മൾ ഒരിറ്റു ജീവിതം  മിന്നായം പോലെ എങ്കിലും വീണ്ടു കിട്ടുമോ എന്നറിയാൻ അലഞ്ഞു നടക്കുന്നു..ഒരു മറുപടിയും..കിട്ടുന്നില്ലാ...അത് കൊണ്ടു പറഞ്ഞു പോയതാ.. നിങ്ങൾ വിഷമിക്കണ്ടാ ..ഞാനെങ്ങും പോകുവേല്ലാ .."  കൈയ്യിൽ അമർത്തി അവൾ പൊട്ടിച്ചിരിച്ചു..

"അയ്യോ ..ഒരുപാട് പേഷ്യന്റ്സ് ആയിരുന്നു..വാ..ഞാനൊന്നു നോക്കട്ടെ " ഡോക്ടർ ഗീതയുടെ ക്ഷമാപണം .
അവളുടെ കൈ പിടിച്ച്  അവർ അകത്തേയ്ക്ക് പോയി.  ഒരു പഴയ കൂട്ടുകാരിയെപ്പോലെ !
കുറെ കഴിഞ്ഞു വന്ന് എന്നോടു പറഞ്ഞു " ഇത് ഒരു പക്ഷെ കിഡ്നിയിലെ റ്റ്യൂമറുമായി ബന്ധപ്പെട്ട വേദന ആകാം..ആ ഭാഗത്ത് ഒരു റേഡിയേഷൻ കൊടുത്താൽ  ശമനം കിട്ടാം."
അവളും ഞാനും  തോറ്റ കളത്തിൽ  മിഴി നട്ടു നിന്നു . കളം മായുന്നുവോ ..അതോ കണ്ണു നിറയുന്നുവോ..
പത്തു പടി കയറി കഴിയുമ്പോൾ  ഒന്നാം പടിയിലേക്ക് വീഴുന്ന കോണീം  പാമ്പും.

"ഒന്നും പേടിയ്ക്കണ്ടാ  ..ഇതിപ്പം സർവ്വത്രയാ ..എനിക്കിപ്പം എന്താ എന്ന് ആർക്കറിയാം ..എന്റെ അടുത്ത സുഹൃത്തുക്കൾ എത്രയോ പേർ  ഇങ്ങനെ റേഡിയേഷൻ കഴിഞ്ഞ് വേദന മാറി സുഖമായി കഴിയുന്നു...."
ഡോക്ടർ  ഗീതയുടെ തൂവൽ സ്പർശം.!!
യാത്ര പറഞ്ഞു ഞങ്ങൾ മടങ്ങി.  ഇത്തിരി വെട്ടത്തിൽ നിന്നും ഘോരാന്ധകാരത്തിലേയ്ക്ക് .
വീട്ടിൽ വന്നു . ഭാണ്ഡം ഇറക്കി . വെള്ളം കുറെ കുടിച്ചു.
" ഓ ..ഇനി എവിടെപ്പോയി  ഇതൊക്കെ ചെയ്യാനാ ..അതിനൊക്കെ ഒത്തിരി പൈസയും വേണം..ഞാൻ ഈ വേദന തീ പോലെ വിഴുങ്ങി വേഴാമ്പൽ പോലെ ഇവിടെങ്ങാനും കെടക്കാം..നിങ്ങൾ എന്റടുത്തുണ്ടല്ലോ ... നമുക്ക് മദനോത്സവം സിനിമയിലെ  സന്ധ്യേ എന്നുള്ള പാട്ടിടാം "  അവൾ ചിരിച്ചു ..വിളറിയ ചിരി.
 ഒഫീസിൽ പോകാൻ എന്നെ നിർബ്ബന്ധിച്ചവൾ ...കാത്തിരിപ്പിന് കൂട്ട് തേടുന്നു.  "ദൈവമേ"  അറിയാതെ വിളിച്ചു

വിളി കേട്ടെന്നു തോന്നും വണ്ണം  പിറ്റേന്ന് രാവിലെ  ...ഞങ്ങളുടെ പ്രണയ (പ്രളയ) കാലത്തെ  വിഭജനത്തിൽ കൂടെ നിന്ന ഒരാങ്ങളയും ,  മറ്റൊരു സഹോദരനും ,  വീട്ടിലെ  പഴയ സന്ദർശകനുമായ പ്രശസ്ത നടൻ സുരേഷ് കൃഷ്ണയും   ചേച്ചിയുടെ രോഗ അവസ്ഥ തെരക്കി വന്നു.
റേഡിയേഷൻ വേണമെന്നുള്ള  വാർത്തയിൽ സുരേഷ് പറഞ്ഞു "അളിയാ  നമുക്ക് ഗംഗാധരൻ ഡോക്ടറെ ഒന്നു കാണാം ..അദ്ദേഹത്തിന്റെ വാക്ക് കൂടി കേൾക്കാം "
"ഞങ്ങൾക്ക് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു പണ്ടേ ..പക്ഷെ അദ്ദേഹത്തെ കാണാൻ ഒരുപാട് നാൾ ബുക്കിംഗ് വേണം അത് വരെ എനിക്കീ വേദന താങ്ങാൻ വയ്യാ ..." ഭാര്യ നിസ്സഹായയായി .
"ചേച്ചി അതെനിക്ക് വിടൂ" . സുരേഷും അളിയനും പോയി.

രണ്ടാം ദിവസം സുരേഷ് വിളിച്ചു പറഞ്ഞു " അളിയാ  നാളെ രാവിലെ ത്രിപ്പൂണിത്തുറ എത്തണം.  ഗംഗാധരൻ ഡോക്ടറെ കാണണം.. "  അവൻ ഫോണ്‍ വച്ചു .
കേട്ടത് ശരിയോ എന്നറിയാൻ അവനെ തിരിച്ചു വിളിച്ചു.  "ഉറപ്പായും വരണം " അവൻ.
"ഞങ്ങളെപ്പോലെ ഇരുട്ടിൽ തപ്പുന്നവർക്ക് വെളിച്ചം കണ്ടാലും അറിയാതായി അളിയാ "  ഞാൻ പറഞ്ഞു.
"അദ്ദേഹത്തെ കാണാൻ കഴിയുന്നത്‌ ,  അതും  ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വിശ്വാസം വരുന്നില്ല "

പാവം ഭാര്യ രാത്രിയിലെ ഒരുങ്ങി ഇരിപ്പായി.  കുഞ്ഞും നാളിൽ ഉത്സവത്തിന്‌ പോകാൻ ഇരിക്കുംപോലെ.!

രാവിലെ ഡോക്ടറുടെ വീട്ടിലെത്തി.  പുരുഷാരം നിറഞ്ഞു കവിയുന്നു.  ഇതിനിടയിൽ എപ്പോൾ ...ആവോ..
കാത്തിരിപ്പ് ശീലമായിപ്പോയതുകൊണ്ട് മുഷിവു തോന്നിയില്ല.
ഒട്ടും വൈകാതെ സുരേഷെത്തി  ഞങ്ങളെയും കൂട്ടി ..ഡോക്ടറുടെ വീട്ടിലേയ്ക്ക്.

വാതിൽ  തുറന്നു വരുന്നത് ഡോക്ടറോ അതോ പിന്നിൽ കണ്ട ഗുരുവായൂരപ്പ വിഗ്രഹമോ !  ...
ഉമി നീർ കിട്ടാതെ ഒരു നിമിഷം.    അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തെ ശാന്തത!!
" പ്രസന്ന വദനം ധ്യായേദ്  സർവ്വ വിഘ്നോപ ശാന്തയെ "  അറിയാതെ മനസു പറഞ്ഞു.
ഭാര്യ കയ്യിൽ  മുറുകെ പിടിച്ചു പറഞ്ഞു .. "എനിക്ക് വേദന പകുതിയായി  "
"വരൂ "  ഡോക്ടർ അകത്തേയ്ക്ക് വിളിച്ചു.
വിശദമായി പരിശോധിച്ചു , മറ്റെങ്ങും കാണതെവണ്ണം ശാന്തനായി  .
"റേഡിയേഷൻ   വേണം  , പത്തെണ്ണം കഴിയുമ്പോഴേയ്ക്കും വേദന കുറയും.. ബാക്കിയൊക്കെ നമുക്ക് കണ്ട്രോൾ ചെയ്യാം.. അത്യാവശ്യം വരുമ്പോൾ വന്നോളൂ ഒന്നും പേടിക്കണ്ടാ "
ഒരു മന്ദസ്മിതത്തോടെ അവളുടെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു.
ഞങ്ങൾ  വാക്കുകൾ മുറിഞ്ഞവരായി .. തൊണ്ട വരണ്ടു ... ഈശ്വരനെ നേരിൽ കണ്ട പ്രതീതി !!
നിശ്ശബ്ദരായി ഡോക്ടറെ തൊഴുതു മടങ്ങി. ചിരിച്ചു ഡോക്ടറും വിട വാങ്ങി.

വീട്ടിൽ വന്നു .  പിറ്റേന്ന്  അവൾ പറഞ്ഞു  "എനിക്കിപ്പോൾ വേദനയൊക്കെ ഉണ്ട്   പക്ഷെ അതിനും മുകളിൽ ദൈവ തുല്യനായ ഡോക്ടറുടെ മൗന മന്ദഹാസം,  സ്നേഹ സാന്ത്വനം  ഒരു റേഡിയേഷനായി വീഴുന്നു ,ഒരു നിലാ കുളിർ പോലെ ....തണുപ്പ് ..
ഇന്നലെ ഒത്തിരി നാളൂടെ ഞാൻ നമ്മുടെ കോളജ് കാലങ്ങൾ സ്വപ്നം കണ്ടു...വേദനയില്ലാതെ ഉറങ്ങി "


ഇടത്തെ തോളിൽ ചാഞ്ഞ അവളോട്‌ ഞാൻ പറഞ്ഞു..  "ഈ നിലാ കുളിർ എനിക്ക് ഒരു പിൻ  വിളിയായി ... വിശ്വനാഥോ അമര പ്രഭോ..ഗംഗാധരോ മര പ്രഭോ..."








14 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

വേദനകളുടെ നടുവിലും ചില ആശ്വാസത്തുരുത്തുകള്‍ ഉണ്ടെന്നുള്ള അനുഭവങ്ങള്‍ വായിക്കുന്നതും ഒരു അനുഭവം തന്നെ

ഫൈസല്‍ ബാബു പറഞ്ഞു...

എല്ലാം സുഖപ്പെടട്ടെ ,, പ്രാര്‍ത്ഥനയോടെ

Sudheer Das പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന അനുഭവകുറിപ്പുകള്‍... എത്രയും വേഗം സുഖപ്പെടട്ടെ.

അക്ഷരപകര്‍ച്ചകള്‍. പറഞ്ഞു...

അസുഖം വേഗം ഭേദമാവാൻ ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നു. സങ്കടങ്ങളെല്ലാം പാടെയകന്ന് സന്തോഷം നിറഞ്ഞ ദിനങ്ങൾ കൈവരട്ടെ

V P Gangadharan, Sydney പറഞ്ഞു...

ആ ഹൃദയ സ്പന്ദനങ്ങള്‍ എനിക്കു കേള്‍ക്കാം, ആത്മാക്കളുടെ നിശ്ശബ്ദ രോദനങ്ങളും... ഷാജികുമാറിന്റെ പേന കണ്ടറിഞ്ഞ ഈ സുഹൃത്തിന്റെ സാന്ത്വനവാക്കുകള്‍ ആഴിയിലെ വെറും ഒരു തുള്ളി! പ്രാര്‍ത്ഥനയോടെ...

shajkumar പറഞ്ഞു...

ഈ സ്നേഹ വിളികൾ എനിക്കു കേൾക്കാം

Unknown പറഞ്ഞു...

sukhamakum .ente prarthana ningalkkoppamudu .shanthoshamaittirikku. sukhavum dukkavum jeevithathiludallo.ennu mathram karuthuka.

Cv Thankappan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Cv Thankappan പറഞ്ഞു...

ആശ്വസിക്കൂ.
രോഗം മാറി പൂര്‍ണ്ണാരോഗ്യാവരായി കഴിയുന്ന കുറെപ്പേര്‍ എന്‍റെ ചുറ്റുവട്ടത്തിലുണ്ട്......
നന്മനിറഞ്ഞ നവവത്സരാശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇനി 6 മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന് മെഡിക്കൽ കോളേജ്കാർ വിധിയെഴുതിയ എന്റെ മിത്രം വെറ്റിനറി സർജൻ ഡോ: സുനിൽ കുമാറിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് ഡോ: ഗംഗാധരൻ സാറാണ് ...!

ജീവിതം തിരിച്ച് പിടിച്ച ശേഷം സുനിൽ തന്റെ അനുഭവകഥ പല ചാപ്റ്ററുകളായി ആളുടെ ഫേസ് ബുക്കിൽ ‘ജീവിതത്തിലേക്ക് തിരിച്ച് വന്ന വഴി’ എന്ന പേരിൽ ഇട്ടിരുന്നു...തീർച്ചയായും നിങ്ങൾ അത് വായിക്കുമല്ലൊ അല്ലേ (https://www.facebook.com/drsunilkumar.melveettil?fref=ts )

mudiyanaya puthran പറഞ്ഞു...

വേഗം സുഖപെടെട്ടെ

vishakhan പറഞ്ഞു...

ആ വരികളില്‍ ദുഃഖം തിളങ്ങുന്നു. അതു പോലെ തന്നെ ആത്മവിശ്വാസവും ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയെന്ന ബൈബിള്‍ വചനം ഓര്‍ക്കുക.

അനൂപ് വാസു പറഞ്ഞു...

ഹൃദയത്തിൽ തൊട്ട എഴുത്ത്... പ്രാര്‍ത്ഥനയോടെ...

shaj പറഞ്ഞു...

കാരിത്താസ് ആശുപത്രിയും
ഡോക്ടര്‍. മനു ജോണിന്റെ സ്നേഹ പൂര്‍വമുള്ള പെരുമാറ്റങ്ങളും ഇന്നലത്തെ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ ഞാന്‍ മാധുര്യത്തോടെ ഓര്‍ത്തു പോയി. ഉഷാ ഷാജ്കുമാര്‍