അണ്ണാ "സുമേഷിന്റെ അനിയന് സുഖമില്ല കല്ല് ചുമ്മൂന്നതിനു ഇടയില്‍ അവന്റെ കാലേല് പാറ കല്ല് വീണു ഒടിഞ്ഞു.. മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടില്‍ വന്നിട്ടുണ്ട്.." സന്തത സഹാചാരികളില്‍ ഒരുവന് ജങ്ക്ഷനില്‍ വച്ച് പറഞ്ഞു..
ഓര്‍മ്മകള്‍ മെല്ലെ ആകാശ ചരിവില്‍ നിന്നും പറന്നു വന്നു..വെള്ള ചിറകു വീശി ഇളം കാറ്റുപോലെ..പൂത്ത കണിക്കൊന്നയില്‍ ചേക്ക ഇരുന്നു..
സുമേഷും ഞാനും ഒന്നിച്ചു ഒന്നാം ക്ലാസില്‍ വച്ച് കണ്ട ചിത്രം ..പിന്നത്തെ ക്ലാസുകള്‍..
അവന്റെ കാക്കി വള്ളി നിക്കര്‍ മുട്ടോളം നടക്കുമ്പോള്‍ കാലുകള്‍ കൂട്ടി ഉരസുമ്പോള്‍ "ശീ ശേ " എന്നൊരു ശബ്ദം
ആരോ കൊടുത്ത വെള്ള ഉടുപ്പ് നിക്കറിന്റെ അകത്തേയ്ക്ക് കയറ്റി വലിയ ഫാഷനില്‍ കൈകള്‍ തെറുത്തു വച്ച് അങ്ങനെ നിക്കുമ്പോള്‍ ഒരു ഉമ്മര്‍ സ്റ്റയില്..പക്ഷെ ഉടുപ്പിനകത്തു ശരീരം പഞ്ചസാര ചാക്കിലെ സൂചി പോലെ ആയിരുന്നു എന്ന് മാത്രം..പാവം ..സ്ലേറ്റിന്റെ പൊട്ടി പോയ മുറിയില്‍ കടം വാങ്ങിയ കല്ല് പെന്‍സില്‍ കൊണ്ട് ചെമ്പരത്തി പൂവിന്റെ പടം വരയ്ക്കുമായിരുന്നു ..ക്ലാസില്‍ ഒന്നാം പാഠം വായിക്കുന്നതിനിടയില്‍ അതിനു നല്ല കിഴുക്ക് എന്നും പല ആവര്‍ത്തി കിട്ടുമായിരുന്നു..
പക്ഷെ ഇടയ്ക്ക് ഓടി പോയി ടീച്ചേഴ്സ് മുറിയിലെ ഓട്ടു മൊന്തയില്‍ കേശവന് ചേട്ടന്റെ കാപ്പി കടയില്‍ നിന്നും കട്ടന്‍ വാങ്ങി കൊണ്ട് കൊടുത്തു അവന് വലിയ ശിക്ഷാ വിധികളില്‍ നിന്നും വിടുതല്‍ നേടുമായിരുന്നു..സാറന്മാര് കൊടുക്കുന്ന ചെറിയ പടി നിക്കറിന്റെ പോക്കറ്റില്‍ ഇട്ടു കെട്ടും.."അനിയന് അനിയത്തി അമ്മ ഇവര്‍ക്കൊക്കെ കൊടുക്കണം " എന്ന് എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിയ്ക്കും ..ഓടുമ്പോള്‍ ചില്ലറ തുട്ടുകള്‍ കിലുങ്ങാതിരിയ്ക്കാന്‍ കൂട്ടി പിടിക്കും.
വലിയ ധനികന്റെ പത്രാസ് !!
സുമേഷിന്റെ മൂത്ത പെങ്ങള് നാലാം ക്ലാസില്‍ പഠിയ്ക്കുന്ന സുജ ചോദിച്ചാലും അവന് കൊടുക്കില്ല..അനിയത്തി സുധയോടാ അവനു കൂടുതല്‍ ഇഷ്ടം..അനിയനോടും. "സുജെടച്ചന്‍ വേറെയാ.." അവന് പറയും.
"നിന്റെ അച്ഛനോ " ഞാന്‍ ചോദിക്കരുതാത്തത് ചോദിച്ചു..അവന് ഒട്ടും മടിക്കാതെ മറു പടി തന്നു.." ആ ..ആരോ ഒരാള്‍ എനിക്കറിയില്ല..അങ്ങ് ദൂരെ ആണെന്ന് അമ്മ പറഞ്ഞു" എന്നിട്ട് അവന് ഒരു കല്ലെടുത്ത് ഉന്നം നോക്കി മാവിന് കൊമ്പില്‍ ഇരുന്ന കാക്ക തമ്പുരാട്ടിയെ എറിഞ്ഞു.. "സുധ ഉണ്ടായപ്പം പോയതാ..എന്നും പറഞ്ഞു.."
ഞാന്‍ കുഞ്ഞു മനസ്സില്‍ ചിത്രങ്ങള്‍ കോറി നോക്കി ഒന്നും ചേരുന്നില്ല രൂപങ്ങള്‍ മാറിയും മറിഞ്ഞും പോകുന്നു..
ഉച്ചയ്ക്ക് വിടുമ്പോള്‍ പാറ മുകളിലെ അവന്റെ വീട്ടില്‍ പോകാന്‍ ഇഷ്ടമായിരുന്നു..അവിടെ നിന്ന് കൂകിയാല്‍ ആയിരം പേര് ഒന്നിച്ചു തിരിച്ചു കൂകുംപോലെ.. വീടെന്നു പറയാന്‍ നാല് കീര്‍ ഓല മെടഞ്ഞു പറങ്കി മാവിന് കൊമ്പു കൊണ്ട് താങ്ങി നിര്‍ത്തിയ ഒരു പാവം കുടില്‍..മുകളില്‍ പുല്ലും ഓലയും മേഞ്ഞിരിക്കുന്നു..എന്നാല്‍ അകത്തെ മെഴുകിയ തറയുടെ കുളിര്‍മ..പറയാവതല്ല..അതിന്മേല് കിടന്നാല്‍ ഓല പാളികള്‍ക്കിടയില്‍ കൂടി വരുന്ന കാറ്റ് ഏറ്റു അറിയാതെ ഉറങ്ങി പോകും.. മൂലയില്‍ വച്ചിരിക്കുന്ന ഓട്ടു നിലവിളക്കിന് ചോട്ടില് ആവശ്യത്തില്‍ കൂടുതല്‍ ദൈവങ്ങള്‍! അമ്മ എവിടെയോ പണിയ്ക്ക് പോയിരിയ്ക്കുന്നു.
"അങ്ങേ മലയില്‍ നിന്നും എല്ലാ വെള്ളിയാഴ്ചെം രാത്രി ഈ മലയിലേയ്ക്ക് യക്ഷി പറക്കുമെന്ന് അമ്മ പറഞ്ഞു..
ദാ ആ കാണുന്ന പനേലാ താമസം" സുമേഷ് പറഞ്ഞപ്പോള്‍ ഞങ്ങളും ഉച്ചയുടെ നിശബ്ദതയില്‍ ഒരു ഹൂമ്കാരം കേട്ടു... പനം കൈകള്‍ കാറ്റില്‍ താളം ഇടുന്നു..
"അപ്പോള്‍ നിനക്ക് പേടിയില്ലേ.." ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു
"ഞങ്ങള്‍ അമ്മയെ കെട്ടി പിടിച്ചു കെടക്കും.." സുധയുടെ മറു മൊഴി.
വീടിനോട് ചേര്‍ന്ന പറമ്പില്‍ വളര്‍ന്നു നില്ക്കുന്ന കൂറ്റന്‍ ഇലഞ്ഞി മരത്തിന് ചോട്ടില് ഞങ്ങള്‍ സാറ്റ് കളിക്കും..അപ്പോള്‍ സുധയും അനിയനും മറ്റു പിള്ളാരും വരും..സുജയെ കളിപ്പിക്കില്ല..അല്ലെങ്കില്‍ സുമേഷ് പെണങ്ങി പോകും..
സുജ ഇലഞ്ഞി പൂ പെറുക്കി മാല കെട്ടി അവനും കൊടുക്കും അവന് മനസില്ല മനസോടെ അത് വാങ്ങും..മിണ്ടില്ല.
ഉച്ച ഊണ് ഒന്നും പതിവില്ല..തെളി നീര് പാള തൊട്ടിയില്‍ പാറ ചരുവിലെ കിണറ്റില്‍ നിന്നും കോരി കുടിയ്ക്കും..പിന്നെ കണ്ണി മാങ്ങാ ഉണ്ടെങ്കില്‍ അത് പൊട്ടിച്ചു ഉപ്പും ചേര്‍ത്ത്..
വിശപ്പ് മൂക്കുന്നവര്‍ മൂക്കുന്നവര്‍ കളി നിര്‍ത്തി പിരിയും ..അപ്പോള്‍ പാറ മുകളില്‍ സുമേഷ് എല്ലാവരെയും കൈ ആട്ടി യാത്ര അയയ്ക്കും.
" അണ്ണാ പോകുന്നോ അവിടെ വരെ" എന്റെ മറു പടിയ്ക്ക് കാത്തവന് ക്ഷമ കെട്ടപ്പോള്‍ ഉറക്ക ചോദിച്ചു..
അപ്പോളാണ് ഓര്‍മയുടെ പത്തായത്തില് ആയിരുന്നു ഞാന്‍ എന്നറിഞ്ഞത്.. അര മനസ്സോടെ പുറത്തു വന്നു..
അവന്റെ ഓട്ടോ റിക്ഷയില്‍ കേറി .." ശരിയെടാ അവിടെ വരെ പോകാം അവന്റെ അമ്മയെയും ഒന്ന് കാണാം.."
വീണ്ടും ഞാന്‍ ഇലഞ്ഞി മര ചോട്ടില് എത്തി..
നാലാം ക്ലാസ് കഴിഞ്ഞു പോകാറായപ്പോള്‍ വാര്‍ഷിക പരീക്ഷ അടുത്ത ഏതോ ഒരു നാള് ആരോ ക്ലാസില്‍ പറഞ്ഞു "നമ്മുടെ സുമേഷിന്റെ പെങ്ങള് സുജ വെഷം കുടിച്ചു.."
കേട്ട പാതി ഞങ്ങള്‍ ഓടി പാറ മുകളില്‍ എത്തി..നേരിയ വിങ്ങലുമായി തലയില്‍ കൈ കൊടുത്തു സുമേഷിന്റെ അമ്മ ചലനം അറ്റ് കിടക്കുന്ന സുജയെ നോക്കി ഇരിയ്ക്കുന്നു...വാടിയ ഇലഞ്ഞി മാല പോലെ വെറും തറയില്‍ കെടക്കുന്നു സുജ...
മുഖത്ത് ആരെയും തോല്‍പ്പിക്കാന്‍ കഴിയാത്തവള്‍ എന്ന് എഴുതി വച്ചപോലെ ഒരു മന്ദഹാസം.
സുമേഷ് കല്ലെടുത്ത് ഉന്നം പിടിച്ചു കാക്ക തമ്പുരാട്ടിയെ എറിയുന്നു..
നാലാം ക്ലാസില്‍ പിരിഞ്ഞു..പിന്നെ എപ്പോഴോ ആരോ പറഞ്ഞു .." നാലില്‍ തോറ്റപ്പോള്‍ സുമേഷ് നാട് വിട്ടു പോയി..എവിടാന്നു ആര്‍ക്കും അറിയില്ല..."
പാവം അവന്റെ അമ്മയെ വിളറിയ മുഖത്തോടെ വല്ലപ്പോഴും കാണുമായിരുന്നു. എല്ലും തോലും ഒട്ടിയ കവിളും..ജന്മങ്ങള് ഒടുങ്ങയതിനും വിട പറഞ്ഞതിനും മൂക സാക്ഷി..അമ്മ ഭൂമി പോലെ.
" ഇതാ സുമേഷിന്റെ വീട് ..." ഓട്ടോ നിര്‍ത്തി . പാറ മുകളിലെ വീടൊക്കെ ആരോ പാറ തുരന്നു പൊട്ടിച്ചപ്പോള്‍ ചിതറി പോയിരുന്നു..ആ അമ്മയുടെ സ്വപ്നങ്ങള്‍ പോലെ...ഭൂമിയുടെ സ്വപ്നങ്ങള്‍ പോലെ.
കട്ടിലില്‍ കെടക്കുന്ന സുമേഷിന്റെ അനിയന് എഴുന്നേല്ക്കാന് ശ്രമിച്ചത് തടഞ്ഞു..കൈയ്യില്‍ ഉണ്ടായിരുന്ന നൂറു രൂപ അവന്റെ തല കീഴില്‍ വച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. സുമേഷിന്റെ ഓര്‍മ്മകള്‍ ആകാം..ബാല്യം കൈ മോശം വന്ന എത്രയോ സുമേഷും സുജ മാരും ആ കണ്ണിലൂടെ എന്നെ നോക്കി.
തിരിയുമ്പോള്‍ മുന്പില് അവന്റെ അമ്മ ...
"ആരാ കുഞ്ഞേ..എനിക്ക് തിമിരം കാരണം ഒന്നും കാണാന്‍ വയ്യ ..ഈ കട്ടിലില്‍ കെടക്കുന്നവന് പാറ ചുമ്മി വേണം മൂന്നു വയര്‍ കഴിയാന്‍..അതിനിടയില്‍ കണ്ണ് കാഴ്ച ആര് നോക്കാന്‍ ..ഭഗവാനെ"
കൂടെ വന്ന ഓട്ടോ സുഹൃത്ത് എന്നെ പരിചയപ്പെടുത്തി..വേണ്ടിയിരുന്നില്ല എന്നാണു തോന്നിയത്..
ആ അമ്മ അലമുറയിട്ടു കരഞ്ഞു.."നിന്റെ കുഞ്ഞിലെ പോയതല്ലിയോ എന്റെ സുമേഷും സുജയും..വര്‍ഷം മുപ്പത്തേഴു കഴിയുന്നു..എന്റെ മോനെ നീ വന്നപ്പം എനിക്ക് നിന്നെ ശരിക്ക് കാണാനും വയ്യ.."
ചക്ക അരക്കിന്റെ ഒട്ടല് ഉള്ള കൈ എന്റെ കൈ പിടിച്ചു തിരുമ്മി..പാറ മുകളിലെ ഇലഞ്ഞി മരത്തിന്റെ തണലോളം പോന്ന കുളിര്‍മ...ആ മണം.
"ഡാ..സുജേഷേ .." അമ്മ എനിക്കറിയാത്ത ഒരു മൂന്നാം പേര് വിളിച്ചപ്പോള്‍ ..എന്റെ സംശയം തീര്‍ക്കാന്‍ കട്ടിലില്‍ കെടന്ന അനിയന് പറഞ്ഞു.." ഇളയവള്‍ സുധെടെ മോനാ ..രണ്ടു കൊല്ലം മുന്‍പ് അവള് ബോംബയില്‍ ഒരപകടത്തില്‍ പെട്ട് മരിച്ചു പോയി..ഭര്‍ത്താവ് നേരത്തെ പോയിരുന്നു..അന്ന് മുതലേ ഇവനെ ഞങ്ങളാ നോക്കുന്നെ..അവള്‍ക്കു വലിയ വരുമാനം ഒന്നും ഇല്ലായിരുന്നു..മിടുക്കനാ ഇപ്പം എഴാം ക്ലാസില്‍ "
"ഞങ്ങള്‍ അമ്മയെ കെട്ടി പിടിച്ചു കെടക്കും" എന്ന് സുധ പേടിയോടെ പറഞ്ഞത് എന്റെ കാതില്‍ മുഴങ്ങി..
സുജേഷ് വന്നു വലിയ അമ്മയെ കെട്ടി പിടിച്ചു നിന്നു "വല്യ ക്രിക്കറ്റ് കളി കാരനാ മോനെ..നന്നായി പാടും..ഇവനാ ഇപ്പം ഞങ്ങടെ സുമേഷും സുജയും സുധയും എല്ലാം..ഇവനെ എങ്കിലും എനിക്കൊരു കൊള്ളി വയ്ക്കാന്‍ വച്ചേക്കണേ എന്റെ തിരുവാറന്‍ മുളയപ്പാ ...."
അമ്മയുടെ അലറി കരച്ചിലില്‍ ഞാനും ഒലിച്ചിറങ്ങി..പെരു മഴയില്‍ പാറ തകര്‍ന്നു അലറി വരുന്ന മല വെള്ള പാച്ചിലില്‍ നുരയും പതയും ..കട പുഴകിയ ഇലഞ്ഞി മരവും ..യക്ഷി പനയും..ഓല കീറുകള്‍ കുത്തി മറച്ച കുടിലും
അതിനെല്ലാം മുകളില്‍ പൊട്ടിയ ഒരു ഇലഞ്ഞി പൂ മാലയും..